പാരമ്പര്യമായി ഞങ്ങൾ തയ്യിൽ വീട്ടുകാർ നടത്തിപ്പോരുന്ന പഞ്ചാരകമ്പനിയുടെ ഡയറക്ട്ടർ സ്ഥാനമോ,ചെയർമാൻ പദവിയോ ഏറ്റെടുക്കണ്ടായെന്നുവെച്ച് ഇവിടെ അടുത്തുള്ള പാർക്കിൽ നടക്കലും,ജോഗ്ഗിങ്ങും ആരംഭിച്ചകാലം.
ഒപ്പം എന്റെ തൂക്കം സെഞ്ചറിയിലേക്കടുത്ത് ,ഭാര്യയ്ക്കുപോലും താങ്ങാനാവാതെ(എല്ലത്തി കല്ലെടുക്കും എന്നാണല്ലൊ പറയുക - അത് വേറെ കാര്യം ),പ്രഷറും,കൊളസ്റ്റ്ര്രോളും ശരീരത്തിന്റെ പടിവാതിക്കൽ വന്നുമുട്ടിയപ്പോൾ ,ഡോക്ട്ടറുടെ ഉപദേശമനുസരിച്ച് ,കുഴിമടിയനായ ഞാൻ ആരംഭിച്ചു എന്നുപറയുന്നതായിരിക്കും ഉത്തമം !
അങ്ങിനേ എന്നെപ്പോലുള്ള ഏതൊരുസുഖിയനായ പ്രവാസിയുടേയും ദേഹം,എല്ലാരോഗങ്ങൾക്കും സുഖമമായി കടന്നുവരുവാൻ തുറന്നിട്ടുകൊടുത്തിരുന്ന കാലം എന്നും ആ സമയത്തെ വിശേഷിപ്പിക്കാം കേട്ടോ. അതിനന്ന് ഏതെങ്കിലും ഒരുകാര്യത്തിലെങ്കിലും, ഒന്ന് സ്വയം ‘കണ്ട്രോൾ’ ഉണ്ടായിരുന്നിട്ട് വേണ്ടെ !
ആദ്യദിവസം തന്നെ ജോഗ്ഗിങ്ങ് ജോഡികളായ ക്രിസ്ജോണിനേയും,കാമുകിയേയും ആ പാർക്കിൽ വെച്ചാണ് കുറച്ചുകൊല്ലം മുമ്പ് ഞാൻ പരിചയപ്പെട്ടതും,അല്പവസ്ത്രധാരികളായ അവരുടെ സുന്ദരശരീരങ്ങൾക്ക് കണ്ണുപറ്റണ്ടായെന്നുകരുതി അവരോടൊപ്പം കൂടി ഞാനും പരിശീലനം തുടർന്നതും .
ക്രിസ്സാണെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട് ,എന്റെ കുഴിമടി എങ്ങോട്ടു പോയെന്നു ഞാൻ തന്നെയറിഞ്ഞില്ല കേട്ടൊ.
"ഔവ്വ്...ഇവന്മാരുടെയൊക്കെ തലയിൽ വരച്ചത്
നമ്മടെയൊക്കെ' ഡേഷിൽ 'വരച്ചിരുന്നെങ്കിൽ !"
അതിനാൽ അന്നുമുതൽ ക്രിസ്സുമായി നല്ല ചങ്ങാത്തവുമായി.
ഇപ്പോഴും ഞങ്ങൾ നല്ല കുടുംബമിത്രങ്ങൾ തന്നെ...
കഴിഞ്ഞമാസം മദ്ധ്യത്തോടെ പെട്ടെന്ന് ജോലിയിൽ നിന്നും എമർജെൻസി ലീവെടുത്തുപോയപ്പോൾ ക്രിസ്സ്, ഞങ്ങൾ കൂട്ടുകാരോട് യാതൊന്നും പറഞ്ഞിരുന്നില്ല.
ഞങ്ങൾ ചിന്തിച്ചിരുന്നത് ഇപ്പോഴുള്ള നാലാം പാർട്ടണറുമായി ഏതെങ്കിലും രാജ്യത്തേയ്ക്ക് ഹോളിഡേയ്സ് ആഘോഷിക്കുവാൻ പോയിരിക്കും എന്നായിരുന്നു....
സാധാരണ എല്ലാ സായിപ്പുമാരും അനുവർത്തിക്കുന്ന
ഒരു ശീലവുമാണല്ലോ ഈ ‘വിന്റർ എസ്കേപ്പ്‘ അഥവാ മഞ്ഞുകാലമുങ്ങൽ..!
പെട്ടന്നതാ അവൻ ,രണ്ടാഴ്ച്ച മുമ്പ് ഒരു ദിനംവളരെ അവിചാരിതമായി രാത്രിയിൽ ഫോൺചെയ്തുറപ്പുവരുത്തിയശേഷം വളരെ വിവശനായി എന്റെ വീട്ടിലേക്കുകയറിവന്നു.
വീണ്ടും അവൻ മയക്കുമരുന്നുപയോഗിച്ചുതുടങ്ങിയോ
എന്നെനിക്കൊരു സംശയം..?
കഴിഞ്ഞ നവമ്പറിലെ അവന്റെ മുപ്പത്തിയേഴാം ബർത്ത്ഡേയ് പാർട്ടിയിൽ വെച്ചവൻ പ്രഖ്യാപിച്ചതാണ് സിറിഞ്ചും ,പുല്ലും(കഞ്ചാവ്), അതോടൊപ്പം പുകവലിയും കാലാകാലത്തേക്കായി ഉപേഷിക്കുകയാണെന്ന്.
അതിതുവരെ തെറ്റിച്ചിട്ടെല്ലെന്നവൻ സംശയനിവാരണവും നടത്തി കേട്ടൊ.
അവൻ ടെൻഷൻ വന്ന് ലീവെടുത്തതാണെത്രേ !
അവന്റെ പാർട്ട്ണർ, അവനുടെ ഉറ്റമിത്രത്തിന്റെ കൂടെ ഹോളിഡേയ്ക്കുപോയതുകൊണ്ടാണീനൊമ്പരം കേട്ടൊ.
അവളാണെങ്കിൽ സ്ഥിരം മയക്കുമരുന്ന് കുത്തുന്നവൾ,
ഇവൻ അതുപേഷിച്ചപ്പോൾ ഇവനേയും ഉപേഷിച്ചുപോലും!
ഭാരതീയ വിഭവങ്ങളുടെ ആരാധകനായ മൂപ്പർ ഞങ്ങളോടൊപ്പം കുട്ടികൾ വാരി തിന്നുന്നതുപോലെ ചോറും കറികളും,എരിവും പുളിയുംകാരണം കണ്ണുനിറഞ്ഞും,മുഖം ചുകന്നും പലഭാവവത്യാസങ്ങളോടെ അകത്താക്കിയശേഷം ,
പിന്നീടെന്നോട് വന്നകാര്യം പറഞ്ഞു.
അവനൊരു ഇന്ത്യൻ പെണ്ണിനെ വേണമെത്രെ-
കുറച്ചു നാളത്തെ ഡേറ്റിങ്ങ് കഴിഞ്ഞശേഷം പരസ്പരം
എല്ലാംകൊണ്ടും ഇഷ്ട്ടമാകുകയാണെങ്കിൽ ,ശരിക്കും കല്ല്യാണം കഴിച്ച് ,
കുട്ടികളെ വളർത്തി കുടുംബമായി കഴിയാൻ അതിയായ മോഹം തോന്നുന്നുപോലും !
നല്ല ഉയരവും,വിവരവും,ഒപ്പംനല്ലയിന്ത്യൻ കറികൾ വെക്കാൻ
അറിയുന്ന പെണ്ണാണ് അവന്റെ 'കൺസെപ്റ്റിൽ' കേട്ടൊ.
ഞാനത് സംഘടിപ്പിച്ചു കൊടുക്കണം പോലും...
അത്തരം ഒരു ഇന്ത്യൻ പെണ്ണിനെ, ഞാൻ എവിടെ പോയി തിരയാൻ..?
അഥവാ ആരെയെങ്കിലും ആക്കിക്കൊടുത്താൽ ,
പിന്നീട് ഇവനെങ്ങാനും തിരസ്കരിച്ചാൽ
എന്റെ കയ്യിൽ പെടും !
സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...
അയ്യോ..വേണ്ട.. വേണ്ട
ഇനി ഒന്നുകൂടി കൈയ്യിൽ പെട്ടാൽ എന്റെ സ്ഥിതി
ചെകുത്താനും,കടലിനും ഇടയ്ക്ക് പെട്ടപോലെയാകുകയില്ലേ..
എല്ലാം ശരിയാക്കിതരാമെന്നുപറഞ്ഞ് ,
ഒരു ശരാശരി മലയാളി സ്വഭാവത്തോടെ
അവനെയൊരുവിധം സമാധാനിപ്പിച്ചന്ന് പറഞ്ഞുവിട്ടു .
"എന്തുണ്ടായിട്ടും എന്താ കാര്യം ; പാവം സായിപ്പ് !"
സ്വന്തം തിന്മകൾ ഉള്ളിൽ ഒളിപ്പിച്ച് ,
ഞാൻ ഈ സായിപ്പുമാരുടേയും,മദാമമാരുടേയുമൊക്കെ
കാര്യം ആലോചിച്ചിട്ട് വല്ലാതെ സഹതപിച്ചു !
പിന്നീട് രണ്ടുദിവസം കഴിഞ്ഞ് മാതൃദിനത്തിന് അവന്റെ അമ്മയ്ക്ക് സമ്മാനങ്ങൾ
കൊടുക്കുവാന്‍ വേണ്ടി, അവ തെരഞ്ഞെടുക്കുവാന്‍ എന്നെ ക്ഷണിച്ചപ്പോഴും ;
അവന്‍ ഭാരതത്തിന്റെ പൊന്നോമന പുത്രികളെ വാഴ്ത്തികൊണ്ടിരിക്കുകയായിരുന്നൂ...
വെറും ഒരു സിംഗിൾ പാരന്റായി പതിനാറ് വയസ്സുള്ളപ്പോൾ
ആണ് അവന്റെ അമ്മ അവനുജന്മം നൽകിയത് . അവന് ഒരു
വയസ്സാവുമ്പോഴേക്കും ആ അമ്മ പുതിയ കാമുകനൊപ്പം രാജ്യം വിട്ടു.
പിന്നീട് അവന് എട്ടുവയസ്സായപ്പോൾ വേറൊരു കരീബിയൻ പാർട്ടണർക്കൊപ്പമാണ്
അവന്റെ ഈ പ്രിയ മാതാവ് വീണ്ടും ലണ്ടനിലേക്ക് തിരിച്ചുവന്നത്.
ഇപ്പോൾ ഐറിഷുകാരനായ നാലാം കൂട്ടുകാരൻ ഭർത്താവും
മക്കളുമായി ലിവർപൂളിൽ താമസിക്കുന്ന അമ്മക്ക് ,രണ്ടുദിവസം
മുമ്പ് മദേർസ് ഡേയ് ഗ്രീറ്റിങ്ങ് കാർഡുകളും ,സമ്മാനങ്ങളും പൊസ്റ്റ്
ചെയ്തശേഷം, അവനും,ഞാനും പബ്ബിൽ നിന്നും പിരിഞ്ഞപ്പോൾ ഏറെ
വൈകിയിരുന്നു!
അന്നവിടെ വെച്ച് കേട്ട അവന്റെ കഥയിൽ
നിന്നും ഉടലെടുത്ത കുറച്ചുവരികൾ..
ഇതാ അവനുവേണ്ടി സമർപ്പിക്കുന്നു,
എന്റെ മിത്രം ഈ വെള്ളക്കാരനായ ക്രിസ്സിനുവേണ്ടി.....
അമ്മ ദിനം / Mothers Day
അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....
ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !
അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,