Saturday, 27 February 2021

എങ്ങനെയൊ പിന്നിട്ട ജീവിത വിജയ വീഥികൾ ...! / Enganeyo Pinnitta Jeevitha Vijaya Veethikal ... !


അപരരുടെ ഇഷ്ടങ്ങളും സുഖങ്ങളുമൊക്കെ വകവെക്കാതെ  അവരവരുടെ  ആത്‌മ സുഖത്തിന് വേണ്ടി മാത്രം സ്വന്തം ജീവിതം  കെട്ടിയാടുന്നവരാണ് പ്രപഞ്ചത്തിലെ എല്ലാ കാലഘട്ടങ്ങളിലേയും ഭൂരിഭാഗം മാനവരും എന്നാണ്  പറയപ്പെടുന്നത് .
അതെ 
അതിൽ പെട്ട ഒരുവൻ തന്നെയല്ലേ ഞാനും...!

അനാഥത്വം ഒട്ടും അറിയാതെയും ,  ഒറ്റപ്പെടലുകളുടെ കടമ്പകൾ  ചാടിക്കടന്നും  , ഏകാന്തതകളിൽ നിന്നും ഒളിച്ചോടിയും ഒരു ജീവിത യാത്ര ...
പലപ്പോഴും ദുഃഖങ്ങളും മറ്റു നൊമ്പരങ്ങളുമൊക്കെ പുറമെ കാണിക്കാതെ,  ആമോദത്തോടെ കൂടെ നിൽക്കുന്നവർക്ക് തന്നാലാവുന്ന അല്ലറചില്ലറ സഹായങ്ങൾ ചെയ്തും , പല പ്രതിസന്ധികൾ മറികടന്നും അത്രയധികം നഷ്ടബോധങ്ങളൊന്നും ഇല്ലാതെ തന്നെ ;  ഇതുവരെ വളർന്നു വലുതാകുവാൻ ഭാഗ്യം സിദ്ധിച്ചവരുടെ ഗണത്തിൽ എങ്ങിനെ കയറി കൂടുവാൻ സാധിച്ചു എന്നത് തന്നെ ഒരു അത്ഭുത പ്രതിഭാസമായി എനിക്ക് തോന്നാറുണ്ട് ...!


പഠിപ്പിലും ,കലാകായിക പ്രവർത്തനങ്ങളിലും  
ഒന്നാമതായി മികവു പുലർത്തിയ സഹപാഠികളെയൊക്കെ മറികടന്ന് വെറും, 'ബിലോ ആവറേജി'ൽ നിന്നിരുന്ന ഞാനൊക്കെ എങ്ങനെയാണ് പല കടമ്പകളും എങ്ങനെയോ ചാടിക്കടന്ന് ഇത്രടം വരെ എത്തിയതെന്നോർക്കുമ്പോൾ ഇപ്പോഴും വല്ലാത്ത ഒരു അതിശയം തോന്നുന്നു ...! 

നല്ല നല്ല ഇന്നലെകളും ,ഇന്നുമൊക്കെ എനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും - നാളെ എങ്ങനെയായി തീരുമെന്ന് ഇപ്പോൾ പ്രവചിക്കുവാൻ സാധിക്കാത്ത ഒരു പ്രഹേളിക തന്നെയാണ് ...! 

എന്തുകൊണ്ടാണ് ഓരൊ  മനുഷ്യജന്മത്തിനും മറ്റും ആഗോളപരമായി ഇത്തരം വേർതിരുവുകൾ  ഉണ്ടാകുന്നതെന്ന് വർഷങ്ങളിയി ഗവേഷണം 
നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ് ...

ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾക്ക് പുറമെ ഒരാളുടെ അല്ലെങ്കിൽ മറ്റൊരു ജീവജാലത്തിന്റെ - ജീവിത പന്ഥാവിൽ  യോഗം ,വിധി ,ഭാഗ്യം എന്നീ ഘടകങ്ങൾ സ്വാധീനിക്കുമോ ഇല്ലയൊ എന്നുള്ളത് ഒരു വസ്തുതയാണൊ ..? 

ആത്മവിശ്വാസവും, കഠിനപ്രയത്നവും കൈ മുതലായിട്ടുണ്ടെങ്കിലും ആയതിനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതിനാലാണ് ഭൂരിഭാഗം ആളുകൾക്കും ഇടിച്ചിടിച്ച് പിടിച്ചുപിടിച്ച്  ജീവിത വിജയങ്ങൾ നേടുവാൻ സാധിക്കാത്തത് എന്നും പറയുന്നു . 

ജന്മം കൊണ്ട് ഒരാളുടെ ജീവിതം മറ്റുള്ളവരിൽ നിന്നും വേർതിരിക്കപ്പെടാനുള്ള (human-classification )സാധ്യതകൾ ഏറെയാണെന്ന് പറയുന്നത് .

അതിൽ തന്നെ എവിടെ ,എങ്ങിനെ ,ആർക്ക് ജനിച്ചു എന്നതും 
വർഗ്ഗം ,ഗോത്രം ,വംശം ,ജാതി ,മതം ,ദേശം ,ഭാഷ ,രാജ്യം എന്നീ ധാരാളം  ഘടകങ്ങളും ഒരാളുടെ ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടാക്കുന്നു എന്നും പറയുന്നു .

അധികാരി, മുതലാളി, തൊഴിലാളി എന്നിങ്ങനെയുള്ള സകലമാന  പ്രവർത്തി മണ്ഡലങ്ങളിലും അവരുടെയൊക്കെ പിന്മുറക്കാർ അതേ അതേ കുലത്തൊഴിലുകളിൽ സ്വീകരിക്കുവാൻ പ്രാവീണ്യം നേടുന്നതും ,നിർബന്ധിക്കപ്പെടുന്നതും ഈ സിദ്ധാന്തങ്ങൾ അടിസ്ഥാനപ്പെടുത്തിയാണെന്നാണ്  കണ്ടെത്തലുകൾ ...

പിന്നെ ഭൂപ്രകൃതി , കാലാവസ്ഥ , ജനിച്ച നാട്ടിലെ മത രാഷ്ട്രീയ അധികാര ശ്രേണികൾ മുതലായവയുടെ ഇടപെടലുകളൊക്കെ - കഴിവും പ്രാപ്തിയും ഉണ്ടെങ്കിലും പലർക്കും ജീവിത വിജയം വെട്ടിപ്പിടിക്കുവാനുള്ള  മുന്നോട്ടുള്ള പ്രയാണത്തിൽ വിഘ്നങ്ങൾ സൃഷ്ടിക്കാറുണ്ട് . 

പ്രകൃതിയേയും  ദൈവത്തേയും മറ്റും ആരാധിക്കുന്നവർക്ക്  വിശ്വാസം അവരെ രക്ഷിച്ചതുകൊണ്ടാണ് എല്ലാ ജീവിത വിജയങ്ങളും  വീണു കിട്ടിയെതെന്ന് വിശദീകരിക്കാം .

ഒപ്പം തന്നെ വിദ്യാഭ്യാസപരമായും ,ശാസ്ത്ര സാങ്കേതിക പരമായും ഉയർന്ന നിലവാരമുള്ള രാജ്യങ്ങളിലെയും, ജനസംഖ്യ കുറവുള്ള  സമൂഹത്തിന് എന്നുമെന്നും മികച്ച 'സോഷ്യൽ സെക്യൂരിറ്റി' പ്രാധാന്യം നൽകുന്ന ദേശങ്ങളിലെയും ജനങ്ങളുമായി ഒത്തു നോക്കുമ്പോൾ - ഇതൊന്നും അത്ര വിപുലമാകാത്ത രാജ്യങ്ങളിലെ ജനങ്ങൾക്ക് കായികമായും,സാമ്പത്തികമായും ഇവരോട് മത്സരിച്ച് മുന്നേറുവാൻ ധാരാളം തടസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്  . 

അന്നും ഇന്നും സ്വന്തക്കാരും ബന്ധുക്കാരുമൊന്നുമില്ലാത്ത അഭയാർത്ഥികളായി പല ക്ലേശങ്ങളും താണ്ടി  ബ്രിട്ടണിൽ എത്തിച്ചേർന്നു ജീവിതം പച്ചപ്പിടിപ്പിച്ച  അനേകം ആളുകളെ ഇവിടെ ഞാൻ കണ്ടുമുട്ടാറുണ്ട് .   

തീവ്രവാദ തേർവാഴ്ച്ചകളും,  പ്രകൃതിക്ഷോപങ്ങളും, ആഭ്യന്തരയുദ്ധങ്ങളുമൊക്കൊ കാരണം അനേകം നരക യാതനകൾ അനുഭവിച്ച്  സ്വന്തം വീടും,  ജനിച്ച നാടും വിട്ട് പാലായനം നടത്തി അന്യദേശങ്ങളിൽ വന്ന് അഭയം തേടുവാൻ ഇടവന്നവരുടെ ജീവിത യാഥാർഥ്യങ്ങൾ അറിയുമ്പോഴാണ് നമ്മുടെ ജീവിതം  എത്ര സന്തോഷം നിറഞ്ഞതാണെന്ന് നാം തിരിച്ചറിയുക. 

ആരും കൂട്ടിനില്ലാത്ത അനാഥത്തിന്റെയും ഒറ്റപ്പെടലിന്റെയും അവസ്‌ഥക്ക് തുല്യം തന്നെയാണ് ആരൊക്കൊയോ ഉണ്ടായിട്ടും അനാഥത്വം പേറി ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ സ്ഥിതിയും .

നാമൊക്കെ അനുഭവിക്കാത്തതും ശീലിക്കാത്തതുമായ ഇത്തരക്കാരുടെയൊക്കെ ജീവിത കഥകൾ കണ്ടും കേട്ടും  മനസ്സിലാക്കുമ്പോഴാണ് അനാഥത്തിന്റെയും പീഡനത്തിന്റെയും , ഒറ്റപ്പെടലിന്റെയുമൊക്കെ ശരിക്കുള്ള തീവ്രതകളുടെ ആഴങ്ങൾ അറിയുവാൻ സാധിക്കുക . 

എന്നാൽ എല്ലാം ഉണ്ടായിട്ടും ആത്മാവിനുള്ളിൽ  അനാഥത്വം  കുടിയേറുമ്പോൾ ഏകാന്തതയിൽ  അഭയം തേടുന്ന ധാരാളം ആളുകൾ ആഗോളതലത്തിൽ അങ്ങോളമുണ്ടെന്നുള്ളതും ഒരു വസ്തുത തന്നെയാണ് .

അത്തരത്തിൽ പെട്ട ഒരാളെ ഞാൻ ഇവിടെ പരിചയപ്പെടുത്തുകയാണ്... 

അഞ്ചെട്ടുകൊല്ലമായി പരിചയമുള്ള എന്റെ ഏരിയ  മാനേജർ 'സ്റ്റീവ് ഹാൻകോക്ക്' ഈ  മാർച്ചു മാസം കഴിഞ്ഞാൽ ജോലിയിൽ നിന്നും 'റിഡണ്ടൻസി' എടുത്ത് ഈ പടിഞ്ഞാറൻ നാട്ടിൽ നിന്നും പൂർവ്വ ദേശങ്ങൾ നേരിട്ട് കാണുവാൻ ഒരു യാത്ര പോകുകയാണ് .


എന്റെ സമപ്രായക്കാരനായ ഇദ്ദേഹം ഒരു ദശകം മുമ്പ് വിവാഹമോചനം നേടി മുൻ ഭാര്യക്കും മക്കൾക്കും വീട് വിറ്റ്  'കോമ്പൻസേഷൻ' കൊടുത്ത് അല്ലലില്ലാതെ കഴിയുകയാണ് . 

കമ്പനി വക കാറും ബെത്തയുമൊക്കെയുണ്ടെങ്കിലും , പിന്നീട് സ്വന്തമായി 'മോർട്ടഗേജ് വീടൊന്നും  എടുക്കാതെ ചെലവും ചേവലും കൊടുത്ത് കുറച്ചുകൊല്ലങ്ങളായി ഒരു 'സിംഗിൾ പേരന്റായ' ഒരു സൗത്ത് ഇന്ത്യൻ പെൺ സുഹൃത്തുമായി ഒന്നിച്ച് അവളുടെ വീട്ടിൽ താമസിക്കുകയാണ്  .

 അതുകൊണ്ട് ഇഷ്ട്ടന് നമ്മുടെ തനതായ എരുവും പുളിയുമുള്ള ഒട്ടു മിക്ക കറികളെ കുറിച്ചും, വിഭവങ്ങളെ കുറിച്ചും , അവർ സന്ദർശിക്കാറുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളെ കുറിച്ചുമൊക്കെ എപ്പോൾ നേരിട്ടു കാണുമ്പോഴും  വാചാലമായി സംസാരിക്കാറുണ്ട് . 

ധാരാളം പിരിമുറുക്കമുള്ള  ജോലിയിൽ നിന്നും ആശ്വാസം നേടുവാൻ വേണ്ടി പരിശീലിച്ച യോഗയും, 'മൈൻഡ് ഫുൾനെസ്' മെഡിറ്റേഷനുമൊക്കെ പുള്ളിയെ  ഭാരതീയ കൾച്ചറുകളിലേക്കും , ഫിലോസഫിയിലേക്കുമൊക്കെ വല്ലാതെ  ആകർഷിപ്പിച്ചു തുടങ്ങി. ശേഷം ബൃഹത്തായ ഫിലോസിഫിക്കൽ വായനയും , ഇന്ത്യൻ ഗുരുക്കന്മാരായ 'ജിദ്ദു കൃഷ്ണമൂർത്തിയുടേയും (Jiddu_Krishnamurti ) ,    മഹർഷി മഹേഷ് യോഗി(Maharishi_Mahesh_Yogi)യുടേയും  , ഓഷൊ  രജനീഷീന്റെ(Rajneesh )യും   പ്രഭാഷണ പരമ്പരകളുമാണ് പുള്ളിയെ ജോലി വേണ്ടെന്നുവെച്ച്  ഈ യാത്രകൾക്ക് പ്രേരിപ്പിച്ച ഘടകം .

മൂന്നാലു മാസം മുമ്പ് ഒരിക്കൽ വിളിച്ചപ്പോൾ ആളുടെ പ്ലാനിങ്  പ്രകാരമുള്ള യാത്ര തയ്യാറെടുപ്പുകളെ  കുറിച്ച് സ്റ്റീവ് എന്നോട് പറഞ്ഞിരുന്നു .

ശ്രീലങ്കയിൽ നിന്നും ആരംഭിച്ച്   ഇന്ത്യയിൽ വന്ന് രണ്ടുമാസത്തോളം അവിടെ കറങ്ങി , പിന്നീട്   ബംഗ്ളാദേശ് ,  തായ്ലാൻഡ്, മലേഷ്യ, ചൈന , ഇന്തോനേഷ്യ - ബാലി , നെപ്പോൾ ,  ഭൂട്ടാൻ  വഴിയുള്ള അഞ്ചുമാസത്തെ സഞ്ചാര ശേഷം ടിബറ്റിൽ വന്ന് ഒരു 'ബുദ്ധ മഠ'ത്തിൽ എത്തിച്ചേർന്ന് - അവിടത്തെ അന്തേവാസിയായി ശിഷ്ട്ട  ജീവിതം കഴിച്ചുകൂട്ടണമെന്നാണ് സ്റ്റീവിന്റെ ആഗ്രഹം...!
നമ്മുടെ നാട്ടിലെ ആളുകൾ പുണ്യം നേടുവാൻ 
അവസാനകാലം ആശ്രമങ്ങളിൽ അഭയം പ്രാപിക്കുന്ന പോലെ... 
ഇതിനൊക്കെയുള്ള തയ്യാറെടുപ്പിനായുള്ള 
എല്ലാ പ്രാരംഭ നടപടികളും മൂപ്പർ തുടങ്ങി കഴിഞ്ഞിട്ടുണ്ട് .


അതെ എല്ലാതരം  സുഖഭോഗങ്ങളും  സൗകര്യങ്ങളും ഉണ്ടായിട്ടുപോലും  ശാരീരീരികമായും മാനസികമായും ഒരു തരം  അനാഥത്വബോധം പലരിലും     ഉണ്ടാകാറുണ്ട് .

ഇത്തരം  ചിന്തകളിൽ നിന്നാണ് ചില 'ട്രാൻസ്ഫോർമേഷനുങ്ങൾ' ഉടലെടുത്ത് സ്വന്തം മാനസിക സംതൃപ്തിക്കായി ഇവർ  കൂട് വിട്ട് കൂറുമാറുന്നത് . 

എന്റെ മിത്രമായ  വെള്ളക്കാരനായ സ്റ്റീവ് ഹാൻകോക്കിനടക്കം  പലർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നതും  ഇത് തന്നെയാണ് ...!
 
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും 
കല്ലിനുമുണ്ടൊരു സൗര്യഭ്യം എന്ന് പറഞ്ഞ പോലെ 
എന്റെ മനസ്സിലും  എന്തെങ്കിലും ട്രാൻഫോർമേഷനുകൾ ഉടലെടുക്കുന്നുണ്ടൊ എന്നുള്ള ഒരു സന്ദേഹവും ഇപ്പോൾ ഇല്ലാതില്ല ...!

 

 


 

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...