Thursday, 23 January 2020

എന്റെ ബൂലോഗ പ്രവേശത്തിന്റെ കഥയില്ലായ്‌മകൾ ... ! / Ente Boologa Praveshatthinte Kathhayillaaymakal ... !


എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബൂലോഗം ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല എന്നത് വാസ്തവമാണ് ...

അന്തർദ്ദേശീയമായി അടിവെച്ചടിവെച്ച്  മുന്നേറുന്ന സൈബർ ഇടങ്ങളിലെ സോഷ്യൽ മീഡിയ സൈറ്റുകളിൽ നവ മാധ്യമ ലോകം കീഴടക്കി കൊണ്ടിരിക്കുന്ന ആഗോള ബൂലോഗ രംഗത്ത് 'ബിലാത്തിപട്ടണം' എന്ന ഒരു കുഞ്ഞ് തട്ടകം എനിക്കുമുണ്ടല്ലോ എന്നത് ഒരു പത്രാസ് തന്നെയാണെന്ന് ഞാൻ കരുതുന്നു...

ലണ്ടനിലെ വെറും മണ്ടനാ'യ ഒരുവൻ  എങ്ങിനെയാണ് മലയാളം ബൂലോകത്തിലെ ഒരു  ബ്ലോഗറായി തീർന്നതെന്ന് പലപ്പോഴായി പലരും  എന്നോട് ചോദിച്ചിരുന്നതിനുള്ള വിശദീകരണങ്ങളാണ്  ഈ കുറിപ്പുകൾ ...

ഒന്നൊര പതിറ്റാണ്ട് മുമ്പ് സൈബർ ലോകത്തിൽ മലയാളം ബ്ലോഗുലകം പൊട്ടിമുളച്ച് , അഞ്ച് കൊല്ലത്തിന് ശേഷമാണ് ബൂലോകത്തിൽ എന്റെ 'ബിലാത്തി പട്ടണ' മെന്ന തട്ടകത്തിൽ കൂടി ഞാൻ സഞ്ചാരം തുടങ്ങിയത് ...!

ജീവിത യാത്രയിലെ പലപല പ്രതിസന്ധികൾ ഉണ്ടായിട്ടുപോലും ,പല ഇഷ്ട്ടങ്ങൾ നടത്തുന്ന ഇടവേളകൾ  വേണ്ടെന്ന് വെച്ച് സമയമുണ്ടാക്കി തുടർച്ചയായി എഴുത്തും വായനയുമായി ഒരു ദശ വർഷക്കാലത്തിലേറെയായി സ്ഥിരമായുള്ള ബൂലോക സഞ്ചാരം പൂർത്തിയാക്കിയ പൂർണ്ണ സംതൃപ്തിയിലാണ് ഞാനിപ്പോൾ ... 

ഒപ്പം തന്നെ ആഗോള ബ്ലോഗ് വലയത്തിലെ വ്യാപകരായി കിടക്കുന്ന  ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്തവരും , അല്ലാതെയുമുള്ള ഒത്തിരി ഉത്തമ ബൂലോഗ മിത്രങ്ങളുമായി സ്ഥിരമായി ഇടപഴകി കൊണ്ട് എന്റെ സൗഹൃദ സാമ്പാദ്യം വർദ്ധിപ്പിച്ചവനെന്ന നിലയിൽ ഏറെ സന്തോഷവാൻ കൂടിയാണ് ഞാൻ ...

തനി തൃശൂർക്കാരനായ ഒരുവൻ മൂന്നാല് പതിറ്റാണ്ട്  മുമ്പ്  മുതൽ  നാട്ടിലെ വായനശാല
കൈയെഴുത്ത് പതിപ്പുകളിലും , സ്‌കൂൾ -കോളേജ് മാഗസിനുകളിലും , പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ വരാന്ത്യ പതിപ്പ് എന്നീ മാദ്ധ്യമങ്ങളിലും  വൃത്തവും , പ്രാസവും ചേർത്ത കവിതകളും , പ്രണയ കഥകളുമൊക്കെ എഴുതിയിട്ട് ഗമയിൽ നടന്നിരുന്ന അന്തകാലത്തിലാണ് എന്റെ വായനകളുടേയും , എഴുത്തിന്റെയും ആരംഭം കുറിക്കുന്നത് ...

പിന്നീട്  സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന കലാസാഹിത്യ പരിപാടികളിൽ  പങ്കെടുത്ത്  , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് - നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്ന വേളയിൽ , ധാരാളം വായിച്ചുതുടങ്ങിയപ്പോൾ , ഒരു കാര്യം മനസ്സിലാക്കി ...!


എന്താണെന്ന് വെച്ചാൽ താൻ എഴുതിയിട്ട കഥകളിലെ കഥയില്ലായ്മയും , കവിതകളിലെ കവിത ഇല്ലായ്മയുമൊക്കെ സ്വയം തിരിച്ചറിഞ്ഞു ...!

ആയതുകൊണ്ട് എഴുത്ത് പരിപാടികളെല്ലാം സ്വയം നിറുത്തി വെച്ച് , വായനയിൽ മാത്രം ഒതുങ്ങി , വെറുമൊരു കള്ള കാമുകനായി മാജിക്കും , കച്ചവടവുമായി രാപ്പകൽ നാടുനീളെ റോന്ത് ചുറ്റി നടന്നു ...

പിന്നീട് എങ്ങിനെയോ പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ
ഒരു മണ്ടനായി തീർന്നു ...!

ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ലണ്ടനിൽ വന്നുപെട്ട ഒരു ശരാശരി മലയാളിയുടെ അവസ്ഥാവിശേഷങ്ങൾ മുഴുവൻ തൊട്ടറിഞ്ഞു കൊണ്ടിരിമ്പോഴാണ് നമ്മുടെ മനോഹരമായ നാടിന്റെ ഗൃഹാതുരതകൾ വന്നെന്നെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നത് ...



മണ്ടനും ലണ്ടനും

മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന ...!

കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം ,
കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും ,
മിണ്ടല്‍-ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം ...!
മണ്ടയുണ്ടെങ്കിലല്ലേയതു മമ ചുണ്ടിലെത്തുകയുള്ളൂ ?
ലണ്ടനില്‍ ബഹുവിധത്തില്‍ നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും ;
വീണ്ടു വിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും ,പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നു ഈ  ലണ്ടനില്‍ ഇക്കാലമത്രയും ...!!

അന്ന് രണ്ട് ദശാബ്ദം മുമ്പ്  ലണ്ടനിൽ കൊല്ലത്തിൽ ഒന്നോരണ്ടോ തവണ പ്രദർശിപ്പിക്കുന്ന മലയാള സിനിമകളും , മലയാളി സമാജങ്ങളിൽ കിട്ടുന്ന വളരെ വൈകി വരുന്ന പത്ര മാസികകളും അല്ലാതെ നാട്ടിൽ പോകുന്നവർ കൊണ്ടുവരുന്ന ഓണപ്പതിപ്പുകളോ ,ചില നല്ല പുസ്തകങ്ങളുമല്ലാതെ മാതൃഭാഷയുമായി അങ്ങിനെ ഒട്ടും കൂട്ടുകെട്ടില്ലാത്ത കുറെ വർഷങ്ങൾങ്ങൾക്കിടയിൽ വായനയുടെ വല്ലാത്ത ദഹനക്കേടുണ്ടായപ്പോഴാണ് എന്നിൽ വീണ്ടും  തനി പൊട്ടത്തരങ്ങളായ എഴുത്തിന്റെ ദഹനക്കേടുണ്ടായത് ... 

അതോടൊപ്പം തന്നെ അക്കാലത്ത് ഇംഗ്ലണ്ടിൽ  സുലഭമായി ലഭിച്ചിരുന്ന ഇന്റർനെറ്റിനുള്ളിലെ പുതുപുത്തനായ  സൈബർ ലോകത്തിലേക്ക് ഇ-മെയിലെന്ന പാസ്പോർട്ട് എടുത്ത് മറ്റുള്ളവരെ പോലെ ഞാനും നുഴഞ്ഞുകയറി .
അത്രവലിയ കമ്പ്യൂട്ടർ പരിജ്ഞാനമില്ലെങ്കിലും ഞാൻ വായനക്ക് വേണ്ടി കുറച്ച് വിവരസാങ്കേതിക വിദ്യകൾ പഠിച്ച് അക്കാലത്ത് പല വിജ്ഞാനപ്രദമായ പല കാര്യങ്ങളും നേടിയെടുത്തത് ഈ നുഴഞ്ഞ് കയറ്റത്തിലൂടെയാണ്‌ ...


അക്കാലത്ത്   ഇന്റര്‍-നെറ്റ് ഉപയോഗിച്ച് കൊണ്ടിരുന്ന  കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും , മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ അവരുടെ പേരുകളിലും മറു പേരുകളിലും പടച്ചു വിട്ടിരുന്നൂ .

ആ കാലഘട്ടങ്ങളിൽ   ഫോട്ടോ സ്റ്റാറ്റ്  കോപ്പികളാല്‍ കുപ്രസിദ്ധി നേടിയ ഭരണി പാട്ടുകള്‍ , മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ പോസ്റ്റുകൾ അന്നത്തെ  മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി വായിച്ചതോർത്ത്  ഇപ്പോഴും അന്നത്തെ സൈബർ ഉപഭോക്താക്കൾ പുളകം കൊള്ളുന്നുണ്ടാകും ....

പിന്നീട് മലയാ‍ളത്തിൽ വന്ന രചനകൾ ,കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽ പോസ്റ്റുകൾ ആയിരുന്നു . ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...അങ്ങിനെയങ്ങിനെ  കുറെയധികം  വളരെ ഹിറ്റായ എഴുത്തുകൾ ....


19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് ....
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന ചെയ്ത അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും ,  സിബു .സി.ജെ  അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍   മലയാളം
രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .

രണ്ടായിരത്തി ആറോടുകൂടി  ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും മലയാളം ബ്ലോഗുലകത്തിലേയ്ക്കു മലയാളത്തിലുള്ള  എഴുത്തുകൾ  വന്നുതുടങ്ങി.

ഗൃഹാതുരത്വത്തിന്‍ സ്മരണകളായും , കഥകളായും, കവിത ചൊല്ലിയും ,
യാത്ര വിവരണം എഴുതിയും, പാട്ട് പാടിയും , ചിത്രങ്ങള്‍ വരച്ചും ,ഫോട്ടോ
പ്രദര്‍ശിപ്പിച്ചും,  വീഡിയോ കാണിച്ചും, അഭിപ്രായങ്ങള്‍ പറഞ്ഞും , ചര്‍ച്ചകള്‍
ചെയ്തും  മലയാള ബ്ലോഗുകള്‍ അങ്ങിനെ ബഹുമുഖ പ്രതിഭകളാല്‍ നിറഞ്ഞു കവിഞ്ഞു..!

ആയിടെ ഗള്‍ഫ് മാധ്യമം , മാതൃഭൂമി മുതലായ പത്രങ്ങളില്‍ ബ്ലോഗുലകത്തെ
കുറിച്ചു സചിത്ര ലേഖനങ്ങള്‍ വന്നു . പിന്നീട് മറ്റുമാധ്യമങ്ങളാലും മലയാളം ബൂലോകം വാഴ്ത്തപ്പെട്ടു..


രണ്ടായിരത്തിനാലിൽ  വായനക്കാരടക്കം വെറും അഞ്ഞൂറു ബുലോഗർ മാത്രമുണ്ടായിരുന്ന
മലയാളം ബ്ലോഗുലകം  പിന്നത്തെ വർഷമായപ്പോഴേക്കും ഇരട്ടിയായി മാറി. പിന്നീടത് മാസം തോറും മൂവായിരവും ,അയ്യായിരവുമൊക്കെയായി മലയാളം ബ്ലോഗുലകം ദിനം തോറും  ഭൂലോകം മുഴുവൻ  പടർന്നു പന്തലിച്ചു !

എല്ലാത്തിനും ഒരു നിമിത്തം എന്ന് പറയാറില്ലേ...
വളരെയധികം വിളയാടി നടന്നതിന് എനിക്ക്  ഒരു ശിക്ഷകിട്ടി  !

അതും തണ്ടലിനുതന്നെ ;ഒരു “എമെര്‍ജെന്‍സി സ്പൈനല്‍ സര്‍ജറി“ !

അങ്ങിനെ“ ഡിസെക്ക്ട്ടമി“ കഴിഞ്ഞ്, 2008  മാര്‍ച്ചില്‍ “റോയല്‍ ലണ്ടന്‍ “ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ,എന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന , നല്ലൊരു വായനക്കാരിയായ നേഴ്സ് മേരിക്കുട്ടി  , അവളുടെ വെബ് പേജിലൂടെ ,രോഗിയുടെ കിടക്കയിലെ കമ്പ്യൂട്ടറിലൂടെ നമ്മുടെ ബുലോഗത്തെ വിശദമായി പരിചയപ്പെടുത്തി തരുന്നു ...

വീണ്ടും മലയാളത്തിന്റെ മണം ,
ഹ ഹാ ..വായനയുടെ സുഖം ..ആത്‌മ സംതൃപ്‌തി ..

വീട്ടിലെത്തി പിന്നീട് മെഡിക്കല്‍ ലീവ് മുഴുവന്‍ , കുടുംബ സുഹൃത്ത് എന്‍ജിനീയര്‍ ആയ അജയ് മാത്യു  എന്‍റെ പേരില്‍ ഉണ്ടാക്കി തന്ന , ഉപയോഗിക്കാതെ , നിര്‍ജീവമായി കിടന്നിരുന്ന 'ഓര്‍ക്കുട്ട് സൈറ്റി'ലൂടെ മലയാളം ബുലോഗത്തെയും , ബുലോകരേയും , സൈബര്‍ ലോകത്തേയും ദിനം തോറും ഞാൻ കൂടുതല്‍ കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ...!

അങ്ങിനെയിരിക്കുന്ന കാലത്താണ്‌ ,വീണ്ടും ഓര്‍ക്കുട്ടില്‍ കൂടി ജയേട്ടനെ കണ്ടുമുട്ടുന്നത് . കലാകാരനും /സിനിമാനടനുമായ ശ്രീരാമന്റെ ചേട്ടനായ മൂന്നാലുബ്ലോഗുകൾ ഉള്ള ഇദ്ദേഹമാണ് നിര്‍ബന്ധിച്ചു ബൂലോഗത്തേക്ക് കൊണ്ടുവന്നതും ,
ബ്ലോഗിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്നയാളും ...

കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ വായനയില്‍ക്കൂടി വീണ്ടും എഴുത്തിന്റെ ജ്വരം....

കള്ളും , കഞ്ചാവും നേദിച്ചപ്പോള്‍ ബുലോഗത്തെ കുറിച്ച്
കൂടുതല്‍ അറിവുപകര്‍ന്നു തന്നത് , ലണ്ടനില്‍ ജനിച്ചുവളര്‍ന്ന
മലയാളിയായ  ആംഗലേയ ബ്ലോഗറായ ഗോവിന്ദരാജ് എന്ന ഗൊവീൺ ആണ്.

ഇവിടെ ‘എം .ആര്‍ .സി .പി.‘പഠിക്കുവാന്‍ വേണ്ടി വന്നു ചേര്‍ന്ന
ഞങ്ങളുടെ ,നാട്ടിലെ ഫാമിലി  ഡോക്ട്ടറുടെ മകന്‍ , നല്ലൊരു ആര്‍ട്ടിസ്റ്റ്
കൂടിയായ ഡോ . അജയ്  ആണ് , ഈ ബ്ലോഗ് ബിലാത്തിപ്പട്ടണം ;എല്ലാതരത്തിലും
രൂപകല്‍പ്പന ചെയ്തുതന്നത്... !

എന്റെ മകള്‍ മയൂഖ ലക്ഷ്‌മി  മലയാളം ലിപികൾ ടൈപ്പുചെയ്തു മലയാളികരിച്ചു തന്നും  ,ടൈപ്പിംഗ് പരിശീലിപ്പിച്ചും വേണ്ടുവോളം സഹായമേകി . പിന്നെ ഇവിടെ ‘എം.ബി.എ. ‘എടുക്കുവാൻ വന്ന  ശ്രീരാഗും, അരുണും ബ്ലോഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പകർന്നു തന്നു.

ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് നമ്മള്‍ പണ്ടേ വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ട് ....
അതിലുള്ള ഏറ്റവും വലിയ പട്ടണം ആകുന്നു ലണ്ടന്‍ .ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ബിലാത്തി പട്ടണം ! 

അങ്ങിനെ  2008 നവംബർ മാസം മുതൽ ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി ,
വെറും മണ്ടനായി തന്നെ ലണ്ടനിലെ സാധാരണക്കാരനായ ഒരു മല്ലു ബ്ലോഗ്ഗർ ആയി ബിലാത്തിപട്ടണം എന്ന ബൂലോക തട്ടകത്തിൽ കൂടി  ...

ഒരു പക്ഷേ  ഈ ബൂലോഗമൊന്നും ഈ ഭൂലോകത്തിൽ പൊട്ടി മുളച്ചില്ലെങ്കിൽ   ലണ്ടനിലെ
ഒരു കൊച്ചു  സർക്കിളിലും  തൃശൂരുള്ള കണിമംഗലത്തും  ഒതുങ്ങി പോകേണ്ട ഒരുവനായിരുന്നു ഞാൻ ...!



ബ്ലോഗെഴുത്ത്  കുറേശ്ശെയായി പുരോഗമിക്കുന്നതിനിടയിൽ  
പഴയ 'ക്ലാസ്സ് മേറ്റു'കൾക്കും , ഇപ്പോഴത്തെ
പുത്തൻ വെറും ‘ഹായ്’ ആയ 'ഗ്ലാസ്സ് മേറ്റു'കൾക്കും പകരം തുടരെ തുടരെ
ലഭിച്ച് കൊണ്ടിരിക്കുന്ന അനേകം ആത്മാർത്ഥതയുള്ള ബ്ലോഗ് മിത്രങ്ങളേയും എനിക്ക് ലഭിച്ച് കൊണ്ടിരുന്നു ...

ഇവിടത്തെ തനി യാന്ത്രികമായ തിരക്ക് പിടിച്ച , അലസമായ സുഖസൌകര്യങ്ങളിൽ നിന്നൊന്നും കിട്ടാത്ത ഒരു സംതൃപ്തി ,  ഇവരൊക്കെയുമായി ഇടപഴകി കൊണ്ടിരിക്കുമ്പോൾ കൈ വരുന്നു എന്ന സത്യവും കൂടി മനസ്സിലാക്കിയപ്പോൾ ,ഈ ബൂലോഗ മിത്രങ്ങളെയെല്ലാം എന്റെ മികച്ച ഒരു ജീവിത സമ്പാദ്യത്തിന്റെ ഭാഗമാക്കി  , ഒരിക്കലും പിൻ വലിക്കാത്ത 'ഫിക്സഡ് ഡെപ്പോസിറ്റ് 'പോലെ കാലാകാലം പുതുക്കിയും , മാറ്റി നിക്ഷേപിച്ചും അന്ന് മുതൽ ഇന്ന് വരെ ഒരു നിധി കുംഭം കണക്കെ കൊണ്ട് നടക്കുകയാണ് ഞാൻ...! 

പിന്നീട് നാട്ടിൽ ചെല്ലുമ്പോഴെക്കെ വലുതും ചെറുതുമയ നാലഞ്ച് ബൂ‍ലോക / സൈബർ  മീറ്റുകൾ / ഈറ്റുകൾ വഴിയൊക്കെ ഈ സൗഹൃദങ്ങൾ വീണ്ടും വീണ്ടും വർദ്ധിപ്പിച്ച് ഊട്ടിയുറപ്പിച്ചു...!

നിങ്ങൾ വായനക്കാരെപ്പോലെ  പോലെ ഇത്രയും സ്നേഹ സമ്പന്നരായ മിത്രങ്ങൾ എനിക്കില്ലായിരുന്നുവെങ്കിൽ വെറും ഒന്ന് രണ്ട്  കൊല്ലം ചുമ്മാ പിടിച്ച് നിന്ന് , എന്റെ  ബൂലോക തട്ടകമായ  ഈ ‘ബിലാത്തി പട്ടണം’ അടച്ച് പൂട്ടി , ഇവിടത്തെ ഏതെങ്കിലും യൂറോപ്പ്യൻ ഗെഡിച്ചികളുമായി ‘ട്ടായം‘ കളിച്ച് ബാക്കിയുണ്ടാകുന്ന ജീവിതം അടിച്ച് പൊളിച്ച് തീർത്തേനെ ...!

ഇപ്പോളെന്തായി ...
ഒഴിവുള്ളപ്പോഴൊക്കെ വീടിനുള്ളിൽ കണികാണാൻ പോലും പറ്റാത്ത എന്നെ ,
കുറ്റിയിൽ കെട്ടിയിട്ട പോലെ സൈബർ ലോക വലയത്തിനുള്ളിൽ പെട്ട് , വീട്ടിനുള്ളിൽ
എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുന്നത് കാണാം ...!

സ്വന്തം പേരിലും , മറു പേരിലും , നേരിട്ടും , മറഞ്ഞിരുന്നും ആത്മാവിഷ്ക്കാരം നടത്തുന്ന അനേകം ബൂലോഗർ...

കഥകളും , കവിതകളും , കാർട്ടൂൺ ക്യാരിക്കേച്ചറുകളും , പാചക കുറിപ്പുകളും , സിനിമാ വിശകലനങ്ങളും , സംഗീത ആവിഷ്കാരങ്ങളും , ഹൈക്കുകളും , ഫോട്ടോഗ്രാഫികളും, വിജ്ഞാന കുറിപ്പുകളും , സാങ്കേതിക വിവരങ്ങളും മുതൽ പല പല പുത്തൻ അറിവിന്റെ സ്രോതസ്സുകളാൽ ..., തങ്ങളുടെ ബൂലോഗ തട്ടകം മോടി പിടിപ്പിച്ച് കൊണ്ടിരിക്കുന്ന ഒന്നോ , അതിലധികമോ ബ്ലോഗുകളുള്ള അനേകർ...


പതിനഞ്ചു കൊല്ലം മുമ്പ് തുടക്കത്തിൽ വെറും അമ്പതോളം ബ്ലോഗുകളുണ്ടായിരുന്ന ‘മലയാള ബ്ലോഗുലകം‘ ,  അമ്പതിനായിരത്തിൽ  മേലെ സജീവ സൈബർ തട്ടകങ്ങളാൽ ഇന്ന് സമ്പന്നമാണ് ...!


കൂടാതെ ഇവരെയെല്ലാം വായിച്ചും കണ്ടും , കേട്ടും , ആസ്വദിച്ചും ഇതിന്റെയൊക്കെ ആയിരം ഇരട്ടി ആളുകൾ വേറേയും ഈ സൈബർ ഇടങ്ങളിൽ മേഞ്ഞു നടക്കുന്നുണ്ട് പോലും...

ദാ ..വന്നൂ...ദേ പോയി എന്ന പോലുളള ബൂലോഗർ തൊട്ട് ,
തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ തൽക്കാലം ബ്ലോഗുലകത്തുനിന്നും
വിട്ടു നിൽക്കുന്നവരടക്കം , ബ്ലോഗ് സൈറ്റുകളിൽ നിന്നും വിട്ടുമാറി , മറ്റ് സോഷ്യൽ
മീഡിയ സൈറ്റുകളിൽ അഭിരമിക്കുന്നവർ വരെ , ബ്ലോഗില്ലെങ്കിലും മറ്റുള്ള സൈബർ
സൈറ്റുകളിൽ അവരവരുടെ പാടവങ്ങൾ തെളിയിക്കുന്ന അനേകായിരം പേർ വിലസി കൊണ്ടിരിക്കുന്ന ഒരു ഇടമായി മാറി കഴിഞ്ഞിരിക്കുകയാണ് ...
ഇന്ന് മലയാളത്തിന്റെ ‘ സ്വന്തം ഡിജിറ്റൽ മാധ്യമ ലോകം...!

 ഗുണത്തേക്കാൾ  ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം  , കഴിഞ്ഞ കുറെ  കൊല്ലങ്ങളായി  സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞു കൊണ്ടിരിക്കുകയാണെന്നുള്ള  ഒരു വസ്തുത തീർത്തും തള്ളിക്കളയാനില്ലാത്ത പരാമർത്ഥമാണ് ...

ഇന്ന് മലയാളികൾ  ഒന്നിച്ച് വെറുതെ കുത്തിയിരുന്ന്, തങ്ങളുടെ  പ്രതികരണ ശേഷികൾ  പ്രകടിപ്പിക്കുന്ന ഒരേ ഒരു ഇടം മാത്രമാണ് മലയാള സൈബർ ഉലകം എന്നും ചിലർ ഇത്തരം സോഷ്യൽ മീഡിയ തട്ടകങ്ങളെ വിശേഷിപ്പിക്കാറുണ്ട് ...!

അപ്പപ്പോൾ മാത്രം പ്രതികരണം ലഭിക്കുന്ന മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ് നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന ഓരോ സൃഷ്ട്ടികളും ...!

അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന് വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ ഉള്ള കാലമാണിത് ..!

പക്ഷേ ബ്ലോഗുകൾ കാലങ്ങളോളം നിലനിൽക്കുമെന്നും , അവയൊക്കെ പാരമ്പര്യമായി വ്യക്തികൾക്കൊ , സ്ഥാപനങ്ങൾക്കോ നിലനിറുത്തി കൊണ്ടുപോകാനാവും എന്നതാണെത്രെ ഈ പോർട്ടലുകളുടെ പ്രത്യേകത ...!

അതായത് എനിക്ക് ശേഷം ഈ  ‘ബിലാത്തി പട്ടണത്തെ‘ എന്റെ മക്കൾക്കോ , മിത്രങ്ങൾക്കോ കാലങ്ങളോളം നിലനിറുത്തികൊണ്ടു പോകുവാൻ പറ്റുമെന്നർത്ഥം ... , എന്റെ ഇൻസ്റ്റഗ്രാം  , ട്വിറ്റർ , ഫേസ് ബുക്ക് മുതലായ എക്കൌണ്ട്കൾക്ക് പറ്റാത്ത ഒരു കാര്യം ...!

ഭാവിയിൽ മാധ്യമ രംഗത്തൊക്കെ ബ്ലോഗേഴ്സിനും ,
വോൾഗേഴ്സിനും (വീഡിയോ ബ്ലോഗേഴ്സ് ‌ ) സ്വയം തൊഴിലായി 
വരുമാനമാർഗ്ഗം ഉണ്ടാക്കാവുന്ന ഏറ്റവും നല്ല സൈബർ തട്ടകങ്ങളാണ് 
അവരവരുടെ ബ്ലോഗ് സൈറ്റുകൾ  എന്നത് ഒരു വാസ്തവമായതുകൊണ്ടാണ് ആഗോളതലത്തിൽ  ദിനം തോറും  2000 ബ്ലോഗുകൾ ഇപ്പോൾ ഉടലെടുത്തുകൊണ്ടിരിക്കുന്നത്  ...
അപ്പോൾ സൈബർ സാഗരത്തിലെ ഒട്ടും 
ചെറിയ മീനുകളല്ല ഈ ബ്ലോഗുകൾ അല്ലേ 
അതുകൊണ്ട്  ഈ  ബ്ലോഗിന്റെ ഉടയോനായ ലണ്ടനിലെ 
മണ്ടന്റെ ബൂലോക പ്രവേശത്തിന്റെ കഥക്ക് തൽക്കാലം വിരാമം ...



ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...