Thursday, 29 August 2019

സൈബർ ഉലകത്തിൽ വാഴും മിത്രങ്ങൾ ...! / Cyber Ulakatthil Vazhum Mithrangal ...!

ഇന്ന്  ഇത്തിരി വായനയും എഴുത്തും അറിയാവുന്ന ഒരാൾക്ക് ആയിരത്തിലധികം  സൈബർ മിത്രങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത് .
ആഗോളതലത്തിൽ എടുത്ത് നോക്കുകയാണെങ്കിൽ ഇന്ന് ലോക
ജനസംഖ്യയുടെ 43% ആളുകൾ ഇന്റെർനെറ്റ് ഉപയോഗിക്കുന്നവരും,  
ഇവരിൽ മുക്കാൽ ഭാഗം പേരും സോഷ്യൽ നെറ്റ് വർക്ക് ഉപഭോക്താക്കളും ആണെത്രെ ...

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഏതാണ്ട് 170 ൽ പരം ആക്റ്റീവായ സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകൾ ഉണ്ട് . അവയിൽ ചിലവയെല്ലാം അന്തർദ്ദേശീയമായി വളരെ പേരും പെരുമയും  ഉള്ളവയും , മറ്റ് ചിലത് അതാതിടങ്ങളിലെ ദേശീയ പെരുമയിൽ , അവരവരുടെ ഭാഷാ തലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയും ആ‍ണെന്ന്  മാത്രം ...

ഇതോടൊപ്പം എന്നുമെന്നോണം സൈബർ ലോകത്തേക്ക് കൂടുതൽ കൂടുതൽ ആളുകൾ തിക്കി തിരക്കി വന്നു കൊണ്ടിരിക്കുന്നു എന്നുമാത്രമല്ല , അവരെല്ലാവരും തന്നെ വിവിധ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽഅവരവരുടെ സാനിദ്ധ്യങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു അവസ്ഥാവിശേഷം കൂടിയാണ്  ഇപ്പോൾ നടമാടികൊണ്ടിരിക്കുന്നത് ...

ഇന്ന് സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകളിൽ
അഭിരമിക്കുന്ന ഏറെ പേർക്കും ഇമ്മിണിയിമ്മിണി മിത്രങ്ങളുണ്ടായിരിക്കാം ...

ചാറ്റിങ്ങും , ചീറ്റിങ്ങും , സല്ലാപവും , ഒത്തുചേരലുകളുമൊക്കെയായി ഇത്തരം ‘ഫ്രെൻണ്ട് സർക്കിളുകൾ‘ എന്നുമെന്നോണം  വർദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു ...
അമേരിക്കൻ സൈക്കോളജി അസോസ്സിയേഷൻ ഈയിടെ കണ്ടെത്തി ,
വ്യക്തമാക്കിയ ഒരു സംഗതിയുണ്ട് - 'ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ്  ...
അതായത് അത്തരത്തിലുള്ളവരൊക്കെ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിക്കുമെന്ന് .. !

അന്തർദ്ദേശീയ ആരോഗ്യ സംഘടനയുടെ പുതിയ പ്രബന്ധത്തിലും
പറയുന്നതിതാണ് 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ' മനുഷ്യനെ ‘സോഷ്യൽ ലെസ്സ്’ ആക്കികൊണ്ടിരിക്കുന്നു എന്ന സത്യമാണ് ...!

വിവര വിജ്ഞാന മേഖലയിലെ മേന്മകൾക്കൊപ്പം മനുഷ്യനുണ്ടാകുന്ന
 ഇത്തരം ഏകാന്തതയെ കുറിച്ചൊക്കെ വ്യക്തമാക്കിത്തരികയും , പോംവഴികൾ പറഞ്ഞുതരികയും ചെയ്യുന്ന , M I T യിലെ ‘പ്രൊഫ: ഷെറി ടർക്ലി‘ന്റെ ഈയിടെയായി പ്രസിദ്ധീകരിച്ച വളരെ പ്രസിദ്ധമായ  Alone Together  എന്ന പുസ്തകകമോ , ‘ടോക് ഷോ‘യൊ താല്പര്യമുള്ളവർക്ക് പോയി എത്തി നോക്കാവുന്നതാണ്...


ഇന്ന് നാം ഓരോ‍രുത്തർക്കും തമ്മിൽ തമ്മിൽ ഇതുവരെ കാണാത്ത ,
ഒന്ന് പരസ്പരം  മിണ്ടാത്ത നൂറുകണക്കിന് മിത്രങ്ങൾ , ഇത്തരം പല നെറ്റ് വർക്ക് തട്ടകങ്ങളിലും , അതിനകത്തുള്ള കൂട്ടായ്മകളിലുമായി  അണികളായി എപ്പോഴും കൂടെ ഉണ്ട് ...

ഏതെങ്കിലും അവസരത്തിൽ നേരിട്ട് കണ്ടാൽ പോലും
അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയുവാൻ പോലും പറ്റാത്തവരായ കൂട്ടുകാർ ...!

അതായത് ഒരു കാര്യമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതുണ്ട് - 


ശരാശരി ഒരു മനുഷ്യന് ഒരേ സമയം മാക്സിമം  500 ൽ പരം ആളുകളുമായി

ആശയവിനിമയങ്ങൾ ; പരസ്പരം , സ്ഥിരമായി നടത്തികൊണ്ടു പോകുവാൻ
സാധിക്കില്ല എന്ന വസ്തുത നാം ഒരോരുത്തരും മനസ്സിലാ‍ാക്കിയിരിക്കണമെന്ന് മാത്രം ...

പക്ഷെ എന്റെ കഴിഞ്ഞ ഒന്നൊരപതിറ്റാണ്ടിനിടയിലുള്ള സൈബർ കൂട്ടാളികളിൽ ഇന്നും ഉത്തമമിത്രങ്ങളായിട്ടുള്ള  അഞ്ഞൂറോളം പേരുമായി ഇപ്പോഴും സൗഹൃദം പങ്കിട്ടുകൊണ്ടിരിക്കുന്നത് ബ്ലോഗ് എന്ന നവ  മാധ്യമം കാരണമാണ് .
ഓർക്കുട്ട് മുതൽ ഇൻസ്റ്റഗ്രാം വരെയുള്ള പത്തോളം സോഷ്യൽ  മീഡിയ സൈറ്റുകളിൽ കൂടി  എനിക്ക് ആഗോളതലത്തിലുള്ള അനേകം മിത്രങ്ങളെ സമ്പാദിക്കുവാൻ  കഴിഞ്ഞെങ്കിലും ഇന്നും ഏറ്റവും അടുത്ത സൗഹൃദമുള്ളവർ ഈ ബ്ലോഗ് മിത്രങ്ങൾ തന്നെയാണ് ...!
ആയതിന്റെ ഉത്തമ ഉദാഹരണമാണ് താഴെ എഴുതിയിട്ടിരിക്കുന്ന എന്റെ ഒരു പഴയകാല ബ്ലോഗ് കുറിപ്പുകളായ 'ചില  കൊച്ചുകൊച്ച്  ബൂലോക  സഞ്ചാരങ്ങൾ'





ചില  കൊച്ചുകൊച്ച്  ബൂലോക  സഞ്ചാരങ്ങൾ  


ചക്ക ഉപ്പേരി മുതൽ കൂർക്ക വരെയുള്ള പലചരക്കുകൾ, ‘ഇട്ടിക്കോര‘ മുതൽ ‘കുമാരസംഭവങ്ങൾ‘ വരെയുള്ള ഒരടുക്ക് പുസ്തകങ്ങൾ , ഓണപ്പതിപ്പുകൾ തൊട്ട് തീണ്ടാരിക്കോണം വരെയുള്ള ലൊട്ട് ലൊടുക്ക് സാധനങ്ങൾ,..,..ഇങ്ങിനെ ഏതാണ്ട് ഒരു ടിക്കറ്റിൽ കൊണ്ടുപോകവുന്നതിനിരട്ടി  സാധനങ്ങളുമായി മടക്കയാത്രക്കൊരുങ്ങുമ്പോൾ , എയർപോർട്ടിൽ വെച്ച് എത്രസാധനങ്ങൾ മടക്കും /എത്ര പിഴയടക്കേണ്ടി വരും എന്ന ചിന്തയിലായിരുന്നു ഞാൻ...
ബോർഡിങ്ങ് പാസ് കിട്ടുവാൻ ചെക്കിങ്ങ് ചെയ്തിരുന്ന
പയ്യൻസ് പാസ്പോർട്ടും, ടിക്കറ്റുമെല്ലാം പരിശോധിച്ച്
“ബിലാത്തി പട്ടണം... മുരളിയേട്ടനാണോ.. സാർ..? “  എന്നൊരു ചോദ്യം.
എന്തിന് പറയാൻ എന്റെ ഹാന്റ് ക്യാരിയടക്കം 4 പെട്ടിയും ആ പയ്യൻസ് ലഗ്ഗേജിൽ വിട്ടു..
എക്കണോമി ക്ലാസ്  ടിക്കറ്റ് , ദുബ്ബായ് വരെ അപ്ഗ്രേഡ് ചെയ്ത് ബിസിനസ്സ് ക്ലാസാക്കി തന്നു..!
ലണ്ടൻ ഡ്രീമുമായി നടക്കുന്ന സോണി എന്ന ആ പയ്യൻ  ,
ബ്ലോഗ്ഗിങ്ങ് രംഗത്തേക്ക് കാലെടുത്ത് വെച്ചശേഷം,  എന്റെ
ബ്ലോഗിലെ പല പോസ്റ്റ്കളും വായിച്ചിട്ടുള്ളവനാണേത്രെ..! ! ? ?


നമ്പറുകളും, മെയ്ലയിഡിയും കൈമാറിയ ശേഷം , സോണിയെ ; ഞാനിതുവരെ നേരിട്ട് പരിചയപ്പെട്ട നാനൂറ്റിനാലാം  നമ്പർ ബൂലോകനായി എഴുതിച്ചേർത്തു...!

എന്നാലും ബൂലോഗരെകൊണ്ടുള്ള
ഓരോരൊ ഉപകാരങ്ങൾ നോക്കണേ ... !

ബൂലോഗരോടുള്ള പ്രണയാവേശം മൂത്തുമൂത്ത് ആയതൊന്ന് ആറിത്തണുപ്പിക്കുവാൻ പത്തിരുപത് ദിവസം നാട്ടിൽ‌പ്പോയി വന്നിട്ട് അതിലും വലിയ ആവേശത്തോടെ നാട്ടിൽ വെച്ചുണ്ടായ
ബൂലോഗസംഗമങ്ങളായ  കണ്ണൂർ സൈബർ മീറ്റിനേയും , ഒരു കൊച്ചു വലിയ തൃശ്ശൂര്‍  മീറ്റിനേയും  ഓണത്തേയും, പുലിക്കളിയേയും, തോരാത്ത മഴയേയുമൊക്കെ ഒന്ന് വർണ്ണിക്കാമെന്ന് ചിന്തിച്ച് ബിലാത്തിപട്ടണത്തിൽ വന്ന് എല്ലാമൊന്ന് പൊടിതട്ടിക്കളഞ്ഞ് എഴുതാനിരുന്നപ്പോഴുണ്ട്...
ഈ സംഭവവികാസങ്ങളെ കുറിച്ചെല്ലാം , എന്നേക്കാളും വിവരമുള്ളവർ അസ്സലായിട്ട് ഫോട്ടോകൾ സഹിതം ഉഗ്രൻ കിണ്ണങ്കാച്ചിയായി പോസ്റ്റുകൾ ചമച്ച് , അഭിപ്രായവലകൾ വിരിച്ച് കാത്തിരിക്കുന്ന കാഴ്ച്ചകളാണെനിക്കിപ്പോൾ കാണാൻ പറ്റുന്നത്..!

പശുവും ചത്തു... മോരിലെ പുളിയും പോയി എന്ന് പറഞ്ഞ പോലെ ഞാനിതിനെ കുറിച്ചൊക്കെ ഇനി ഉന്തുട്ട് എഴുതാനാ അല്ലേ..?

എന്തൊക്കെ പറഞ്ഞാലും കുറെ കൊല്ലങ്ങളായുള്ള ലണ്ടനിലെ യാന്ത്രികജീവിതത്തിനിടയിൽ ബൂലോകപ്രവേശം നടത്തിയതിന്  ശേഷം നേരിട്ട് കണ്ടിട്ടും , കേട്ടിട്ടും ഇല്ലാതെ വളർന്നു വന്ന നല്ലൊരു മിത്രകൂട്ടായ്മയാണ് ,  ഈ ബൂലോകത്തിൽ മറ്റുള്ള ബ്ലോഗ്ഗേഴ്സിനേപ്പോലെ എനിക്കും ഈ ഭൂലോകത്തിൽ ഇന്നുള്ളത് ...!

ഓൺ-ലൈൻ ബന്ധങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സൌഹൃദങ്ങള്‍ക്ക്  വളരെയധികം മാറ്റും ഉറപ്പും കൈവരുമെന്ന് ബിലാത്തിയിലെ പ്രഥമ ബൂലോകസംഗമത്തിലൂടെ ആയത് മനസ്സിലാക്കുവാനും മറ്റും , അന്നുമുതൽക്കേ  ഞങ്ങൾക്ക്  സാധിച്ചിരുന്നൂ..

ഇവിടെ നിന്നും അന്നത്തെ പല ബൂലോഗരും പലവഴിക്കും പിരിഞ്ഞുപോയെങ്കിലും ഇന്നും പ്രായ-ലിംഗ ഭേദമന്യേ ആ സ്നേഹബന്ധങ്ങൾ   ഞങ്ങളോരോരുത്തരുടേയും ഉള്ളിന്റെയുള്ളിൽ ആഴത്തിലിപ്പോഴും വേരോടിയിരിക്കുകയാണെന്ന് നിസംശയം പറയാം കേട്ടൊ.
അതുകൊണ്ടാണല്ലോ നാട്ടിലെത്തിയപ്പോൾ ബ്ലോഗർ അരുണിന്റെ പ്രണയസാക്ഷ്ക്കാരമായി നടന്ന കല്ല്യാണ തലേന്ന് ഒരു ബ്ലോഗ്മീറ്റായാതും ...!

വേറൊരു ദിനം കോട്ടയം കരിമ്പിങ്കാല ഷാപ്പിൽ വെച്ച് പ്രദീപ്,വിഷ്ണു,സമദ്,മേരി കുട്ടി ,അശോക്,ഷിഗിൻ,ബാലു,..,...,..., എന്നിവരൊക്കെയായി ബ്ലോഗീറ്റ് നടത്തിയതുമൊക്കെ...!

ഇത് ബിലാത്തിയിലുണ്ടായിരുന്ന ബൂലോഗരുടെ മാത്രം സ്ഥിതിയല്ലല്ലോ...
ഭൂലോകം മുഴുവനുമുള്ള പരസ്പരം നേരിട്ട് പരിചയം പുതുക്കിയ ഒട്ടുമിക്ക ബൂലോഗർക്കും അനുഭവജ്ഞാനം ഉണ്ടായിട്ടുള്ള  കാര്യങ്ങൾ  തന്നെയാണല്ലോ..അല്ലേ !

ബൂലോകത്തിലൂടെ മാത്രം പരിചയമുണ്ടായിരുന്ന പലരേയും
കണ്ടും, കേട്ടും അറിയുമ്പോഴുള്ള ആ സന്തോഷം ഒന്ന് വേറെ തന്നെ...!

ഏതാണ്ടൊരു മൂന്നുകൊല്ലത്തോളമായി എനിക്ക് ഏറ്റവും കൂടുതൽ
സന്തോഷം നൽകുന്ന സംഗതികളായി പരിണമിച്ചിരിക്കുന്ന വസ്തുതകൾ
എന്തെന്ന് വെച്ചാൽ ഇതുവരേയുണ്ടായിരുന്ന മറ്റു പല കൂട്ടുകെട്ടുകളേക്കാളും ,
മാനസികമായി പ്രത്യേകമായി ഒരു നല്ലൊരുരീതിയിലുള്ള ഒരടുപ്പമാണ് ഇത്തരം
പുത്തൻ ബൂലോഗകൂട്ടായ്മകൾ മൂലം കൈവന്നിരിക്കുന്നെതെന്ന് , ഇതുവരെയുള്ള
അനുഭവങ്ങൾ വെച്ച് എനിക്ക് വളരെ വ്യക്തമായി തന്നെ  ഉറപ്പിച്ചു പറയാൻ കഴിയും.

അതുകൊണ്ട് അന്നുമുതൽ ഇന്നുവരെ കണ്ടും കേട്ടും പരിചയപ്പെടുന്ന എല്ലാബൂലോഗമിത്രങ്ങളുടേയും ഡാറ്റകൾ എന്റേതായ രീതിയിൽ ഞാൻ ഒരു ഡയറിയിൽ കുറിച്ചിടുന്നൂ...
ഇപ്പോൾ അതിൽ 404 പേരുകളായി..!

ബൂലോഗത്ത് എന്നും സജീവമായിട്ടുള്ളവർ തൊട്ട് , പഴയ കാല ബൂലോക തലതൊട്ടപ്പന്മാർ വരെ ഈ ലിസ്റ്റിലുണ്ട് കേട്ടൊ.

മറുപേരുള്ള ബ്ലോഗ് നാമധേയങ്ങളാൽ മാത്രം അറിയപ്പെടുന്ന  അതി പ്രശസ്തരായ തിലകൻ , നസുറുദീൻ, ഡോ: സുജിത്ത്, ബാലൻ, സുനിൽ , ഡാലി ജോസഫ്, സുനിൽ,..മുതൽ വിമർശനങ്ങളാലും,ആക്ഷേപ ഹാസ്യങ്ങളാലും പേരെടുത്ത ഗവർമേന്റ് ഉദ്യോഗസ്ഥർ തൊട്ട് , ഇന്നും ബൂലോകത്ത് നിന്നും സ്വയം മറഞ്ഞുനിൽക്കുന്ന ചേർക്കോണം സ്വാമികൾ, കൊല്ലേരി തറവാടി (പാവം എന്നെ പേടിച്ചിട്ടാണേന്ന് തോന്നുന്നു, എന്നെ തറവാട്ടിൽ കയറ്റിയില്ല ), കാർമേഘം, നന്ദന, ഇടിവാൾ...വരെയുള്ളവർ  ഇത്തവണ ഞാൻ നേരിട്ട് പോയി മീറ്റിയീറ്റിയവരാണ് കേട്ടൊ.

ഇതേപോൽ  സ്വന്തം പേര്  പുറത്തറിയിക്കാത്ത
കുറെ യുവതുർക്കികളായ ബ്ലോഗേഴ്സും , ബ്ലോഗിണിമാരും തൊട്ട്

എന്റെ കളികൂട്ടുകാരിയായ ഈയിടെ പേരെടുത്ത ബ്ലോഗിണിയടക്കം ,  നാട്ടിൽ പരിസരങ്ങളിലുള്ള പല പ്രശസ്ത ബ്ലോഗിണിമാരുമൊക്കെയായി ഞാനിത്തിവണ നാട്ടിൽ പോയപ്പോൾ  കണ്ടും, കേട്ടും പരിചയം പുതുക്കി.
ഒപ്പം നമ്മുടെ ഗീതാജിക്കും,സുകന്യാജിക്കുമൊക്കെ ഞാനവരുടെ വീ‍ട്ടിൽ വിരുന്നെത്താത്തതിന്റെ പരിഭവവും എനിക്ക് കൈകൊള്ളേണ്ടി വന്നു.

രാത്രിയിലും , പകലുമൊക്കെയായി മഴയും വെയിലും വകവെക്കാതെ  ,തട്ടുകടകളിലും മറ്റും നാടൻ രുചികൾ തൊട്ടറിഞ്ഞ് ,വിരുന്നുണ്ട് ,വിരുന്നിന് വിളിച്ച് കണ്ടും , കേട്ടും , സല്ലപിച്ചും കുറെ ബൂലോഗരുമായുള്ള  നല്ലൊരു അവുധിക്കാലമായിരുന്നു ഇത്തവണത്തെ എന്റെ നാട്ടുപര്യടനം...

മലായാളത്തിൽ ഇ-എഴുത്തുകൾക്ക് തുടക്കം കുറിച്ച് ഇപ്പോൾ വിക്കിപീഡിയയിൽ എത്തിനിൽക്കുന്ന വിശ്വപ്രഭയും , ശീഷ്യനായ 11 വയസ്സുകാരൻ വിഷ്ണു എന്ന സബ്ജൂനിയർ ബ്ലോഗറും , ഭൂലോകത്തെ സകലമാന സംഗതികളിലും കൈവെച്ച് ബൂലോകത്തെത്തിക്കുന്ന സുകുമാരൻ  സാറും, നാട്ടിലെ ഒരു സിറ്റിസൺ ജേർണലിസ്റ്റിനേപ്പോലെ പലകാര്യങ്ങളും വിമർശിച്ചെഴുതുന്ന ചിത്രകാരനും, വളരെ ആഴത്തിൽ പലകാര്യങ്ങളും ചിന്തിച്ചെഴുതുന്ന നാമൂസും , വർത്തമാനം പത്രത്തിന്റെ അധിപൻ മുക്താറും, സിനിമാലോകം കൈയ്യടക്കാൻ പോകുന്ന മുരളീമേനോൻ,മാർജാരൻ,അംജിത് മുതൽ പേരും, കഥകളുടെ തമ്പുരാക്കന്മാരായ ഘനഗാംഭീര്യ ശബ്ദത്തിൽ സംസാരിക്കുന്ന റാംജിയും , പിന്നെ  മഹേഷ് വിജയനും,കുട്ടന്മേനോനും,
 ഉള്ളുപൊരിയുന്ന എഴുത്തുകളോടെ കഥകൾ ചമക്കുന്ന കിളികൊഞ്ചലാൽ ഉരിയാടുന്ന എച്ച്മുകുട്ടിയും, ഏത് വിഷയവും ബ്ലോഗ്ഗിൽ ആവാഹിക്കുന്ന ജെ.പിയും , ഭാവിയിലെ ഒരു മന്ത്രിയാകുവാൻ സാധ്യതയുള്ള സമദ് വക്കീലും ,
ഒട്ടും കൂതറയല്ലത്ത ഹഷീമും , ക്യാമറ കൊണ്ട് മാജിക് കാണിക്കുന്നനൌഷാദും, റെജിയും,ബ്ലോഗ് മീറ്റുകളിലെ സ്ഥിരം ഡെലിഗേറ്റുകളായ സജിമാഷും,പൊന്മളക്കാരനും,ഷെറിഫ് ഭായിയും, മർമ്മം നോക്കി നർമ്മം കാച്ചുന്ന ചേലേരിമാണിക്യമായ അനിൽകുമാരനും,മിനിടീച്ചറും,പ്രസാധകയായ ലീല ടീച്ചറും, ബൂലോഗത്താൽ ജന്മസുഹൃതം  നേടിയ ശാന്ത ടീച്ചറും, മലയാളം ഗാനരചനാരംഗത്തെ വാഗ്ദാനമായ ഖാദർ പട്ടേപ്പാടം ഭായിയും , ബ്ലോഗക്കാദമികളിൽ എന്നും സജീവ സാനിദ്ധ്യം പുലർത്തുന്ന ആകാശവാണി ഡയറക്റ്റർ പ്രദീപ് ഭായിയും, വിനുവേട്ടനേയും,നീലത്താമരയേയും പോലെ യുവമിഥുനങ്ങളായ ബൂലോഗ ദമ്പതികളും...,...,...,..
ഒക്കെ അവരവരുടെ ഫീൽഡിൽ മാത്രമല്ല കേട്ടൊ മികവ് തെളിയിക്കുന്നത് , മറ്റുപല കാര്യങ്ങളിലും മികവുറ്റ പ്രതിഭകൾ തന്നെയാണെന്ന് ഇവരെയെല്ലാം കണ്ടും , കേട്ടും കഴിഞ്ഞപ്പോൾ മനസ്സിലായ സംഗതികളാണ്...!

നല്ലൊരു ബ്ലോഗ് പ്രണയകാലം വീണ്ടും എനിക്ക് സമ്മാനിച്ച
എന്റെ  എല്ലാ നല്ലവരായ ബൂലോഗ മിത്രങ്ങൾക്കും  ഒരുപാട് നന്ദി കേട്ടൊ.

കണിമംഗലവും , ലണ്ടനുമായി വെറും രണ്ട് ചെറിയ സർക്കിളുകളിൽ ഒതുങ്ങികൂടേണ്ടിയിരുന്ന ഞാനിപ്പോൾ  അമേരിക്കയിലും, ആഫ്രിക്കയിലും, ആസ്ത്രേലിയയിലും, കാനഡയിലും, ന്യൂസിലാന്റിലും , ചൈനയിലും , ജപ്പാനിലും, ഗൾഫ് രാജ്യങ്ങളിലും,ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും, അങ്ങിനെയങ്ങിനെ ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന  പല ബൂലോകമിത്രങ്ങളുടെ അടുത്തും മിക്കവാറും ദിവസങ്ങളിൽ  പോയിവരാറുണ്ട്...
അതേപോൽ അവർ തിരിച്ചും എന്നേയും സന്ദർശിച്ചുകൊണ്ടിരിക്കുന്നു..



ബൂലോഗ പ്രണയത്തിന്റെ, സ്നേഹത്തിന്റെ,  മാധുര്യത്തിന്റെ ഓളം
തള്ളുന്ന ആഗോള  ഭൂലോക ബൂലോക സഞ്ചാരങ്ങൾ എന്നുമെന്നും നടത്തുവാൻ വളരെ ഈസിയായി സാധിക്കുന്നതുകൊണ്ട്...
അതെ..
ലോകത്തുള്ള ഓരോരൊ ബ്ലോഗേഴ്സും
ഭാഗ്യം ചെയ്തവർ തന്നെ ...!

എന്തുകൊണ്ടെന്നാൽ അവരവരുടെ ഭാഷയുള്ളിടത്തോളം ബ്ലോഗുകൾ കാലാകാലം നിലനിൽക്കും ,എന്നാൽ മറ്റുള്ള സോഷ്യൽ മീഡിയ തട്ടകങ്ങൾ അവരവരുടെ കാലശേഷം നിലനിൽക്കില്ല എന്ന സംഗതിയാണിതിന് കാരണം...!

അതായത് ഇന്ന് സോഷ്യൽ അല്ലാതാകുകയാണ് ഇപ്പോൾ ഒരുവിധം സോഷ്യൽ മീഡിയ തട്ടകങ്ങൾ എന്നാണ് പുതിയ റിസേർച്ചുകൾ കണ്ടെത്തുന്നത് ...!

ഒരു സാമൂഹ്യ ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ 
അധഃപതനത്തിന്റെ പുത്തൻ കാഴ്ച്ചകളാണിതൊക്കെ ... !

അധികമായാൽ അമൃതും വിഷം എന്നാണല്ലൊ 
ചൊല്ല് അത് കൊണ്ട് സൂക്ഷിച്ചാൽ നാം ദുഃഖിക്കേണ്ട ...!


അതിനാൽ ആർക്കുമെപ്പോഴും ഇന്നിപ്പോൾ എന്നുമെവിടേയും 
ഏറെ സുലഭമായി കിട്ടിക്കൊണ്ടിരിക്കുന്ന ഇന്റർനെറ്റും ഉളം കൈയിൽ കൊണ്ടുനടക്കാവുന്ന അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും അവരവരുടെ നിഴൽ  പോലെ കൂടെയുണ്ട് ...

ആയവ മുഖാന്തിരം  സോഷ്യൽ മീഡിയ സൈറ്റുകൾ മാത്രം അല്ലാതെ  ആമസോണിലെ നല്ല ഹോട്ട് മൂവികളും , നെറ്റ്‌സ്‌ഫിക്‌സിലെ പുതുപുത്തൻ ആഗോള സിനിമകളും , ബി.ബി.സി ഐ-പ്ളേയറിലെയും ,ഐ .ടി .വി. ഹബ്ബിലേയും ആനിമൽ  പ്ലാനറ്റടക്കമുള്ള കിണ്ണൻങ്കാച്ചി ഡോക്യമെന്ററികളും , യൂ ട്യൂബിലെ ഇഷ്ട്ടകാഴ്ച്ചകളും ഉള്ളിടത്തോളം കാലം മ്മ് ..ക്കൊക്കെ എന്തൂട്ട് പ്രശ്നം ...ല്ലേ ....






ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...