Thursday, 27 June 2019

🎯30💔തെർട്ടി സ്റ്റിൽ നോട്ട് ഔട്ട് 🎯 ... ! / 🎯30💔Thirty Still Not Out🎯 ... !

30💔Thirty Still Not Out..!✨️🎈


അങ്ങിനെ മൂപ്പെത്തിയ മുരളി മൂപ്പനും മൂപ്പത്തിയും മുട്ടിത്തട്ടി അവരുടെ ദാമ്പത്യം മുപ്പത്തിലെത്തിച്ചതോടുകൂടി ഇക്കൊല്ലത്തെ ജൂൺ ആമോദങ്ങൾ തൽക്കാലം കൊട്ടിക്കലാശിച്ചു എന്ന് പറയാം. 
എന്റെ ആദ്യാനുരാഗം പൊട്ടി പൊളിഞ്ഞു പാളീസായപ്പോൾ മുതൽ ഒന്നിന് പകരം മനസ്സിനിണങ്ങിയ മൂന്നാല് കൂട്ടുകാരികൾക്കിടയിൽ പ്രേമത്തിന്റെ കളിവിളയാട്ടം നടത്തി രസിച്ചിരുന്ന കാലത്താണ് അതിലൊരുത്തിയുമായി കല്യാണക്കുരുക്കിൽ വന്ന് പെട്ടത്   
1989 കാലത്തെ ആ  ചുട്ട പ്രേമത്തിന്
'സഡൻ ബ്രേക്കിട്ട് ' അതിൽ ഒരു പെണ്കുട്ടീം
പ്രേമേട്ടനും കൂടി കൊട്ടപ്പറയോളമുള്ള പ്രണയം 
തട്ടിക്കളഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും
കട്ടക്ക് കട്ടക്ക് കെട്ടി പിടിച്ചുറങ്ങുവാനുള്ള 'കൂട്ടി
കെട്ട് 'നടത്തീട്ട് ഇന്നേക്ക് മുപ്പത് ആണ്ടുകൾ താണ്ടിയെത്രേ...!

അട്ട കടിച്ചപോലെ അന്ന് കെട്ടിപ്പൂട്ടിയ
'മാംഗല്യ സൂത്ര'ത്തിന്റെ കൺകെട്ട് ചരട് പൊട്ടിക്കാതെ - ആയതെല്ലാം കൊട്ടിഘോഷിച്ചു നടക്കുന്ന ഈ കെട്ട്യോളേയും കെട്ട്യോനേയും സമ്മതിക്കണം എന്നാണ് ചുറ്റുവട്ടത്തുമുള്ള ബ്രിട്ടനിലെ വെളുമ്പരും, കറമ്പരുമായ ഒട്ടുമിക്ക ചേട്ടന്മാരും ചേട്ടത്തിമാരും പറയുന്നത്..


ദമ്പതിമാരൊ  പാർട്ടണർമാരോ തമ്മിൽ തമ്മിൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായാലും , നമ്മുടെ നാട്ടിലേത് പോലെ പാവനമായ ഭാര്യാഭർതൃ ബന്ധങ്ങൾ ജാതി മത സാംസ്‌കാരിക ചിട്ടവട്ടങ്ങളാൽ കാലങ്ങളോളം കെട്ടിപ്പൂട്ടി  കൊണ്ടുനടക്കുന്നത് പോലെ ,ഈ പാശ്ചാത്യ നാട്ടിൽ അത്ര  ഇല്ലാത്ത ഒരു സംഗതിയാണ് ഒരേയൊരു ഇണയുടെ കൂടെ ഇമ്മിണി കൊല്ലം ഒരുമിച്ച് ഒരേ കൂരയിൽ വസിക്കുക എന്നുള്ള സാഹസം .

യുവരക്തമോട്ടമുള്ള നല്ല മട്ടും
വീര്യമുള്ള ഈ മൂന്ന് പതിറ്റാണ്ടിനിടയിൽ
മൂന്നാല് കെട്ടെങ്കിലും കെട്ടി എല്ലാം കൊട്ടിക്കലാശിക്കണമെന്നാണ് ഇവരുടെയൊക്കെ കാഴ്ച്ചപ്പാടും പോളിസികളും...
മ്ക്കും ഇതൊന്നും
ആഗ്രഹമില്ലാഞ്ഞിട്ടല്ല...
നാട്ടീന്ന് വിട്ടിട്ടും, നമ്മളൊക്കെ
ഇപ്പോഴും നല്ല പുകഴ്പ്പെട്ട പകിട്ടും,
ഒപ്പം നല്ല വിരട്ടുമുള്ള ജാതി മത കുടുംബ
ജീവിത സംസ്കാരങ്ങൾ ; നാട്ടിലേക്കാളുപരി -
എല്ലാം കുട്ടിച്ചോറാക്കി ഇവിടേയും കൊട്ടേലാക്കി ചോന്ന് നടക്കണോണ്ടാട്ടാ..
അല്ലെങ്യ ഈ ബിലാത്തി പട്ടണത്തിന്റെ സ്ഥിതിവിശേഷം മുതലാക്കി ഈ കെട്ട്യോൻ
ഇതുവരെ അഞ്ചെട്ട് കെട്ടു വരെ കെട്ടിയേനെ
ഇവിടത്തെ ഏത് കെട്ട്യോൾക്കും പറ്റും...ട്ടാ 
എന്തായാലും പ്രണയത്തിൻ
കൂട്ടപ്പൊരികളും, കലഹത്തിൻ
വെടിക്കെട്ടുകളും എട്ട് നിലവരെ പൊട്ടി വിടർന്നിട്ടും ഒരു കോട്ടവും തട്ടാതെ 30 കൊല്ലത്തോളം ഏച്ചുകെട്ടി, കൂട്ടി പിണഞ്ഞ്
ഒരു മാതൃകാ ദമ്പതികളായി വീട്ടുകാരുടേയും, നാട്ടുകാരുടേയും, കൂട്ടുകാരുടേയും ഇടയിൽ ടിപ്പായി നിൽക്കുന്ന അത്ഭുതക്കാഴ്ച്ചകളാണിതൊക്കെ കേട്ടോ കൂട്ടരേ ...
30💔Thirty Still Not Out..!✨️🎈
A Big Hats off 🎩 to Ourself...💐
🙏🎶🤩💝💖💞🤗💞💝💖🤩🎶🙏



30Thirty Still Not Out in facebook

Art of Living with Miserable Life

ഉദ്യാനപാലകയായ
എന്റെ പെർമനന്റ് പ്രണയിനി
വിവിധ പനിനീർ പുഷ്പ്പങ്ങൾക്കൊപ്പം 
ഇപ്പോൾ ചെമ്പരത്തി പൂവുകളും അവളുടെ
കൊച്ചു പൂന്തോട്ടത്തിൽ വെച്ചുപിടിപ്പിച്ച് പരിപാലിച്ച് പോരുകയാണ്..



ഒട്ടുമുക്കാൽ യു. കെ മലയാളികളെ
പോലെ തന്നെ, പ്രവാസിത്തിനൊപ്പം
നാട്ടിലുള്ള സകലമാന ജാതിമത രാഷ്ട്രീയ
കുണ്ടാമണ്ടികളും താലോലിച്ച് കൊണ്ടു നടക്കുന്ന ഒരു തനി ലണ്ടൻ മലയാളി തന്നെയല്ലേ ഈ ആയമ്മയും... 

അപ്പോളിനി ൩൦ കൊല്ലം ഒപ്പം പാർത്തിരുന്ന സ്വന്തം കണവന്റെ
ചെവിയിൽ ചെമ്പരത്തിപ്പൂ ചൂടേണ്ട
സമയം അതിക്രമിച്ചുകഴിഞ്ഞു എന്ന്
കരുതിയാവണം നാട്ടിലുള്ള ചെമ്പരത്തിയും അവളിവിടെ വിരിയിച്ചു കൊണ്ടിരിക്കുന്നത് ...

Art of Living with Miserable Life in facebook

പിറന്നാൾ ഉണ്ണികൾ 
ഒമ്പത് വർഷങ്ങളുടെ
ഇടവേളക്ക് ശേഷം അതേ
മാസത്തിൽ ഒരേ ദിവസം സ്വന്തം 
മക്കൾക്ക് ജന്മം നൽകിയ എമണ്ടത്തിയായ മാതാശ്രീയാണ് ലണ്ടനിലുള്ള ഈ  മണ്ടന്റെ പെർമനന്റ് പ്രണയിനി...


ചിങ്ങമാസത്തിൽ ഉഴുതുമറിച്ച്
വിത്തിട്ട്മൂപ്പെത്തിയശേഷം രണ്ട് തവണകളിലായി , ഇടവമാസത്തിൽ ഒരേ ദിവസങ്ങളിൽ പെറ്റിട്ട് - പോറ്റി വളർത്തിയ ക്ടാങ്ങൾ രണ്ടും ഇപ്പോൾ തള്ളേക്കാളും, തന്തേക്കാളും വളർന്നു വലുതായി കേമത്തിയും കേമനുമായി തീർന്നു...

രണ്ടിന്റെയും പിറന്ന മാസവും,
ദിവസവും , ബ്ലഡ് ഗ്രൂപ്പുമൊക്കെ
ഒന്നാണെങ്കിലും സ്വഭാവവും, നാളും,
നക്ഷത്രവും വ്യത്യസ്ഥങ്ങളാണെങ്കിലും ഞങ്ങളുടെ വിലപ്പെട്ട സമ്പാദ്യങ്ങളാണിവർ .
പിറന്നാളുണ്ണികൾ in facebook


ഇനി  പത്ത് കൊല്ലം മുമ്പ് എഴുതിയിട്ട എന്റെ ബിലാത്തിപട്ടണം ബ്ലോഗിലെ ഒരു  രചനയാണ്‌
20 Twenty Still Not Out
  
അല്ല ഞാൻ പറഞ്ഞുവരുന്നത് ഞങ്ങളുടെ ട്വന്റി -ട്വന്റി യെ കുറിച്ചാണ്.
ചെറുപ്പത്തിലെ പെമ്പിള്ളേരുമായി കുറച്ചുസോഷ്യലായി നടന്നതിന് ;
അത് സയൻസാണെന്നുപറഞ്ഞ് കാരണവന്മാർ ;
എന്റെ നല്ലനടപ്പിനുവേണ്ടിയാണെന്നുംകൂട്ടി ചെറുപ്രായത്തിലെ പിടിച്ചുപെണ്ണ്കെട്ടിപ്പിച്ചു !
എന്റെ പൊന്നെ ,അതിന്റെ ഇരുപതാം ആനിവേഴ്സറിയാ ഇപ്പോൾ
ഞങ്ങടെ Twenty -20 / മത്സരം....പ്രവചനാതീതം !

എനിക്ക് ക്രിക്കറ്റുമായിട്ടുവലിയബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും
എനിക്കും ഒരേദിവസമാണ് ഹാട്ട്രിക് കിട്ടിയെതെന്നു പറയാം ;
പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത്
എന്നുള്ളതും ഒരു പ്രത്യേകതയാണ്....

കളി വേറെയായിരുന്നെന്നുമാത്രം !



20Twenty  Still Not Out 

അവസാനം എന്റെ പ്രഥമാനുരാഗത്തിന്റെ കഥ കൂടി ചുമ്മാ വീണ്ടും ചൊല്ലിയാടുന്നു 
ഒരു കടിഞ്ഞൂൽ 
പ്രണയത്തിന്റെ പുതുപുത്തൻ പഴങ്കഥ 

ഈ കിണ്ണങ്കാച്ചി പ്രണയ കഥ
വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു  സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണ്  ...

ഇതിലെ കഥാപാത്രങ്ങളാണങ്കിലോ മിക്കവാറുമെല്ലാവരും ഇപ്പോൾ ജീവിക്കുന്നവരും..!

ഇതൊക്കെയൊരു കഥയായി പറയാനറിയില്ലെങ്കിലും , അവിടെന്നുമിവിടെന്നുമൊക്കെയായി കുറെ സംഗതികൾ , ലൈംഗികതയുടെ അതിപ്രസരങ്ങൾ ഉണ്ടെങ്കിലും,  ഒട്ടും മസാല കൂട്ടുകളില്ലാതെ , നുള്ളി പറുക്കിയെടുത്ത് വെറുതെ നിരത്തി വെക്കുന്നു എന്നുമാത്രം...

ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ 




ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...