ഒപ്പം എന്റെ ബ്ലോഗായ "ബിലാത്തിപട്ടണ‘ത്തിൻറെ പത്താം ജന്മദിനവുമാണ് ..!
എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബൂലോഗം
ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും
കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല എന്നത് വാസ്തവമാണ് ...
തനി തൃശൂർക്കാരനായ ഒരുവൻ
കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിലെ വായനശാല കൈയെഴുത്ത് പതിപ്പുകളിലും , കോളേജ് മാഗസിനുകളിലും , പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ വരാന്ത്യ പതിപ്പ് എന്നീ മാദ്ധ്യമങ്ങളിൽ വൃത്തവും , പ്രാസവും ചേർത്ത കവിതകളും , പ്രണയ കഥകളുമൊക്കെ എഴുതി ഗമയിൽ നടന്നിരുന്ന അന്തകാലം ....
ഒപ്പം സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന പരിപാടികളിലും പങ്കെടുത്തും , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്ന വേളയിൽ , ധാരാളം വായിച്ചു തുടങ്ങിയപ്പോൾ , ഒരു കാര്യം മനസ്സിലാക്കി .
എന്താണെന്ന് വെച്ചാൽ താൻ എഴുതിയിട്ട കഥകളിലെ കഥയില്ലായ്മയും ,
കവിതകളിലെ കവിത ഇല്ലായ്മയുമൊക്കെ സ്വയം തിരിച്ചറിഞ്ഞു ...!
ആയതുകൊണ്ട് എഴുത്ത് പരിപാടികളെല്ലാം സ്വയം നിറുത്തി വെച്ച് , വെറുമൊരു കള്ള കാമുകനായി മാജിക്കും , കച്ചവടവുമായി രാപ്പകൽ നാടുനീളെ റോന്ത് ചുറ്റി നടന്നു ...
പിന്നീട് എങ്ങിനെയോ പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ ഒരു മണ്ടനായി തീർന്ന കഥ എല്ലാവർക്കും അറിവുള്ള സംഗതിയാണല്ലൊ ...
അനേകം ആഗോള വ്യാപകരായ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്തവരും
, അല്ലാതെയുമുള്ള ഒത്തിരി ഉത്തമ മിത്രങ്ങളുമായി സ്ഥിരമായി ഇടപഴകി
കൊണ്ട് എന്റെ സൗഹൃദ സാമ്പാദ്യം വർദ്ധിപ്പിച്ചവാനാണ് ഞാൻ ...!
ഒന്നൊര
പതിറ്റാണ്ട് മുമ്പ് സൈബർ ലോകത്തിൽ മലയാളം ബ്ലോഗുലകം പൊട്ടിമുളച്ച് അഞ്ച്
കൊല്ലത്തിന് ശേഷമാണ് ബൂലോകത്തിൽ എന്റെ 'ബിലാത്തിപട്ടണ' മെന്ന തട്ടകത്തിൽ
കൂടി സഞ്ചാരം തുടങ്ങിയത് ...!
ജീവിത യാത്രയിലെ പലപല പ്രതിസന്ധികൾ
ഉണ്ടായിട്ടുപോലും , പല ഇഷ്ട്ടങ്ങൾ നടത്തുന്ന സമയം വേണ്ടെന്ന് വെച്ച്
സമയമുണ്ടാക്കി തുടർച്ചയായി എഴുത്തും വായനയുമായി ഒരു ദശ വർഷക്കാലം
സഞ്ചാരം പൂർത്തിയാക്കിയ പൂർണ്ണ സംതൃപ്തിയിലാണ് ഞാനിപ്പോൾ ...
ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക
തലസ്ഥാനത്തുനിന്നും , ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെക്കുള്ള പറിച്ചുനടല്‍ ...
പല പല കാര്യങ്ങള്‍ പഠിക്കാനും, അനുഭവിക്കാനും ഇടവരുത്തിയെന്കിലും ...
ആ പഴയ ബാല്യ ചാപല്ല്യങ്ങള്‍, കൗമാര സ്വപ്‌നങ്ങള്‍ പങ്കുവെച്ച ജനിച്ച നാടും , നാട്ടുകാരും ഇന്നും ഒരു ഗൃഹാതുരത്വമായി എന്നെ പിന്തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ഒരു നിഴലുപോലെ എന്നുമെന്നും...
ജനിച്ചു വളര്‍ന്നതും , പറിച്ചു നട്ടതുമായ ഈ രണ്ടു പട്ടണങ്ങളും തമ്മില്‍ അജഗജാന്തര വത്യാസങ്ങള്‍ ആയിരുന്നു...!
സമയം , കാലാവസ്ഥ , സംസ്കാരം .....
മുതല്‍ പെരുമാറ്റചട്ടങ്ങള്‍ വരെ ...!
ഇവയൊക്കെയുമായി ഇണങ്ങി
ചേരുവാന്‍ കുറച്ചു സമയം എടുത്തെങ്കിലും, മലയാളിയുടെ സ്വത സിദ്ധമായ ഗുണങ്ങളായ നാടോടുമ്പോള്‍ നടുവേ ഓടുക , ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു തുണ്ടം തിന്നുകയെന്നൊതൊക്കെയായ ശീലങ്ങൾ കുറച്ചെല്ലാം ഉള്ളത് കൊണ്ട് പിന്നീടെല്ലാം ശരിയായെന്നു വേണമെങ്കിൽ നിഗമിക്കാം...
ഇതിനിടയിൽ പലരും എന്നോട് ചോദിച്ചിരുന്നു
'ലണ്ടനിലെ വെറും മണ്ടനാ'യ ഞാൻ എങ്ങിനെയാണ് ഈ ബൂലോകം പൂകിയതെന്ന് ?
അതുകൊണ്ട് മുമ്പ് ചൊല്ലിയാടിയിരുന്ന അക്കഥ ഞാൻ കണ്ടുമുട്ടിയ ചില
ബൂലോഗമിത്രങ്ങളുടെ ചിത്രങ്ങൾ സഹിതം വീണ്ടും ആവർത്തിക്കുയാണിവിടെ...
പഴഞ്ചൊല്ലില്‍ പതിരില്ല എന്ന പോലെയാണ് , എന്നെ പോലെ ഉള്ളവരുടെ ലണ്ടന്‍ കഥകള്‍ 'മണ്ടന്മാര്‍ ലണ്ടനില്‍' എന്നത്..!
ലണ്ടനിൽ എത്തപ്പെട്ട ശേഷം പിന്നീടെപ്പോഴോ യു.കെ മലയാളി സംഘടനകളുടെ വാർഷിക പതിപ്പുകളിലും ,
അലക്സ് കണിയാംപറമ്പിൽ നടത്തുന്ന 'ബിലാത്തി മലയാളി'യിലും - അദ്ദേഹം
എന്നെ കുത്തിപ്പൊക്കി എഴുതിക്കുന്ന ആർട്ടിക്കിളുകളുമായി 'ടായം; കളിച്ചു നടക്കുകയായിരുന്ന ഞാൻ എങ്ങിനെയാണ് എന്റെ മണ്ടത്തരങ്ങളെല്ലാം കൂട്ടിപ്പറുക്കി എഴുതിയിട്ട് ഒരു ബ്ലോഗ് തുടങ്ങി വെച്ചത് എന്നുള്ള ഇക്കഥ ഞാൻ ഈ ബിലാത്തിപട്ടണത്തിൽ പ്രാരംഭകാലത്ത് എഴുതിയിട്ടിരുന്നത് ഏച്ചുകെട്ടി വീണ്ടും അവതരിപ്പിക്കുകയാണ് ...!
'അതെങ്ങനെയെന്ന് വെച്ചാൽ 2008 -ലെ ഓണഘോഷ പരിപാടികള്‍ക്കുശേഷം , പകലിന്റെ വെട്ടമുള്ള ഒരു രാത്രിയില്‍
'മദ്യ' കേരളീയരായ കൂട്ടുകാർക്കൊപ്പം തിമർത്താഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്
അവർ ഒരു വിളംബരം നടത്തിയത് ...
അതായത് 'പൊട്ടക്കവിതകളും , പൊട്ടക്കഥകളുമായി ലണ്ടന്‍ മലയാളികളെ വല്ലാതെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ സാക്ഷാൽ മണ്ടനെ ; ലണ്ടനില്‍ നിന്നും ബുലോഗത്തേക്ക് കയറ്റി വിടാമെന്ന് , ആയിടെ ഇന്ത്യ നടത്തിയ ഒരു ഭാരത ചന്ദ്രയാനം പോലെ ..!'
ഇതുകേട്ട് ഇളം മഞ്ഞു പെയ്യുന്ന ആ രാത്രിയിലും ഞാനൊന്നു വിയര്‍ത്തുപോയി ;
വിവര സാങ്കേതിക വിദ്യയില്‍ ഒട്ടും ജഞാനമില്ലാത്ത ഞാനെങ്ങിനെ ബുലോഗം പൂകും ?
അപ്പോള്‍ 'പാംപാലാസ് ഹോട്ടലി'ലെ ചീഫ് കുക്കര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എടമുട്ടംകാരന്‍ ബഷീറിക്ക പറഞ്ഞു...
"നീ ബേജാറാവാണ്ടിരി ഒരു മലയാളി കമ്പ്യുട്ടർ കണിയാരെ മ്മള് പരിചയപ്പെടുത്തി തരാം "
അങ്ങിനെയാണ് ഞാനും , ഒല്ലൂക്കാരന്‍ ജീസനും കൂടി , കംപ്യുട്ടര്‍ തലതൊട്ടപ്പനും ,
ആംഗലേയ ബ്ലോഗറുമായ ഗോവീണ്‍നെ കാണുവാന്‍ പുറപ്പെട്ടത് .
ഈ കശ്മലന്‍ ലണ്ടനില്‍ ജനിച്ചു വളര്‍ന്ന മല്ലുവാണെങ്കിലും, മലയാളത്തിൽ വലിയ എഴുത്തും വായനയും വശമില്ലത്തവനാണ് - ശരിയായ മലയാളം പേര് ഗോവിന്ദ രാജ് ...
പണ്ട് എന്റെ അമ്മ എന്ത് കാര്യത്തിനും കണിമംഗലത്തെ ചാത്തുക്കുട്ടി പണിക്കരുടെ
അടുത്തു പ്രശ്നം വെപ്പിച്ചു നോക്കുവാന്‍ പോകുന്ന പോലെ , അടുത്ത വീക്കെന്റില് ശുഭമുഹൂര്‍ത്തം നോക്കി , രാവിലെ എട്ടരക്കുള്ള സൂര്യോദയം ദര്‍ശിച്ച് , പാതാള തീവണ്ടിയില്‍ കൃത്യസമയത്ത് തന്നെ കണിയാർ ഗോവിന്റെ വസതിയില്‍ ബഷീറിക്ക പറഞ്ഞത് പോലെ എത്തി ചേര്‍ന്നു ...
കണിയാര്‍ : "മാണിംഗ് ....വോട്ട്സ് .. യുവർ ആഗമനോദ്ദേശം..?"
ജീസന്‍ : "ചേട്ടനൊരു ബ്ലോഗു തുടങ്ങണം ....മലയാളത്തില് .."
കണിയാര്‍ : "ദക്ഷിണ കൊണ്ടുവന്നിട്ടുണ്ടോ ...?"
ഞാന്‍ : "ഉവ്വ് ... '{ഒരു വെട്ടിരിമ്പും (ജാക്ക് ഡാനിഅല്‍), പുല്ലും (സോമാലിയന്‍ കഞ്ചാവും }
കണിയാര്‍ : "ട്യാന്ക്യൂ ...വെരിമച്ച് ...മച്ചാന്‍സ് "
ഗോവീൺ കണിയാര്‍ , പണിക്കര്‍ കവടി നിരത്തുന്നത് പോലെ കമ്പ്യുട്ടറില്‍
കൈ പരത്തി ഓടിച്ചിട്ട് , മലയാളം ബുലോഗം മുഴുവന്‍ തപ്പി നോക്കി , എന്നിട്ട് പറഞ്ഞു
- ഏതാണ്ട് രണ്ടായിരത്തോളം ബ്ലോഗര്‍ മാരുണ്ട് ഈ ഭൂമിമലയാളത്തില് , ബ്ലോഗുന്നവര്‍ ഇത്ര , തീരെ ബ്ലോഗാത്തവര്‍ ഇത്ര ...
അങ്ങിനെ കുറെ കണക്കുകള്‍ .
ഇതിനിടക്ക് നടന്ന സംഭാഷണങ്ങളില്‍ നിന്നും കുറച്ചു ശകലങ്ങള്‍ ....
കണിയാര്‍ : "ആരു പറഞ്ഞിട്ടാ...ബ്ലോഗാന്‍ പോകുന്നത് .....Who is ur master ?"
ഞാന്‍ : "ജെ .പി .ആണെന്റെ മാഷ് ;നമ്മുടെ കഥകളൊക്കെ എഴുതീര്‍ന്ന ശ്രീരാമനില്ലേ,
മൂപ്പരുടെ കസിനാ..."
കണിയാര്‍ : "I know ; ഇന്ത്യന്‍ പുരാണാസിലെ സ്രീരാമാനെല്ലേ , One of our God ?"
ജീസന്‍ : "ഏയ് അത് BJP ക്കാരുടെ രാമനെല്ലേ ; ഇതു വേർറാള് - തനി കേരളന്‍ "
കണിയാര്‍ : "I know ; ഒരു Axe എറിഞ്ഞു കേരളത്തെ പ്രൊഡ്യൂസ് ചെയ്ത രാമന്‍ ...ഓ പറസുറാമ് ..ല്ലേ "
ഞാന്‍ : "J.P ന്നു പറയുന്ന ആള് ഇവരോന്നുമല്ല ;സിനിമേലൊക്കെ അഭിനയിക്കണ ശ്രീരാമനില്ലേ മൂപ്പരുടെ ബ്രദറാ.....ആളാ എന്റെ മാഷ് - ഗുരു ..., മൂപ്പർക്ക് അഞ്ച് മലയാളം ബ്ലോഗുകൾ ഉണ്ട് "
കണിയാര്‍ : "അപ്പോള്‍ ഈ ജെ .പി. രാമന്റെ ഹെല്‍പ്പ് കിട്ടും അല്ലേ..?
Okay ; All right ..ബൈ ദ ബൈ എന്താ സൈറ്റിന് പേര് കൊടുക്കേണ്ടേ ? "
ഞാന്‍ : "ബിലാത്തി പട്ടണം / Bilatthipattanam "
കണിയാര്‍ : "വോട്ട്സ് ദാറ്റ് ..? Please spell it for me.."
ഞാന്‍ : "ബിലാത്തി മീന്‍സ് ഇംഗ്ലണ്ട് അതായത് ശീമ ; പട്ടണം മീന്‍സ് സിറ്റി .
ഇംഗ്ലണ്ടിലെ സിറ്റി മീന്‍സ് ലണ്ടന്‍ ......അതാണീ ..... ബിലാത്തിപട്ടണം .."
അങ്ങിനെയാണ് ഈ ബ്ലോഗ് ഉണ്ടായെന്ന് പറയ്യാ ..എന്റെ കൂട്ടരേ ...
രണ്ടായിരത്തിയെട്ട് നവംബര്‍ ഒന്നാം തീയതി കേരളപ്പിറവി
ദിനത്തിന് മോളുടെ ടൈപ്പിംഗ് സഹായവും , ഡോ : അജയിന്റെ
ബ്ലോഗുമോടിപിടിപ്പിക്കലും ഒക്കെയായി ....ഇവിടത്തെ മലയാളി മിത്രങ്ങൾ
എല്ലാവരും കൂടി എന്നെ ഈ ബുലോഗത്തേക്ക് ഉന്തിയിട്ടു എന്ന് പറയുകയായിരിക്കും ഉത്തമം !
അന്നൊക്കെ ശരിക്ക്
പറയുകയാണെങ്കില്‍
പണ്ടത്തെ പുരാണത്തിലെ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്ന പോലെ , ഞാനപ്പോള്‍ ലണ്ടനിലും ഇല്ലാ..., ബുലോഗത്തുമില്ല എന്ന അവസ്ഥയിലായിരുന്നു ...!
ഏതാണ്ടൊരു കൊല്ലത്തിന് ശേഷം മലയാള ബൂലോഗത്ത് ഇടിച്ചിടിച്ച് നിന്ന് കുറേശ്ശെ കുറേശ്ശയായി പിടിച്ചുപിടിച്ച് കയറി വന്നു ഞാൻ ...
എന്നെക്കാൾ മുമ്പും , ഒപ്പവും , പിന്നീടും കയറിവന്ന
അസ്സൽ ബൂലോകരായ പല ബഹുകേമന്മാരും , കേമത്തികളുമൊക്കെ
പല പല തിരക്കുകൾ കാരണം ബ്ലോഗുലകത്തിൽ അധികം മേഞ്ഞുനടക്കാത്തതിനാലും ,
മറ്റു പല മേച്ചിൽപ്പുറങ്ങൾ തേടി പോയതിനാലും , കഴിഞ്ഞ ഒരു ദശ വർഷക്കാലം ഒരു കോട്ടവും കൂടാതെ തുടർച്ചയായി ഈ വിസ്താരമായ ബൂലോഗ പ്രദേശം മുഴുവൻ മാറി മാറി ഞാൻ ഇന്നും മേഞ്ഞുനടക്കുന്നു എന്ന് മാത്രം ...!
ഇപ്പോൾ ബ്ലോഗുലകത്തിൽ എന്റെ ബാല്യം
വിട്ട് കൗമാരത്തിലേക്ക് പ്രവേശിക്കുകയാണ് ഞാൻ ...!
ഇനി ഒരു നല്ലൊരു യൗവ്വനമോ , വാർദ്ധ്യകമോ കൊണ്ടാടുവാൻ എനിക്കാവില്ല എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് തന്നെ -
തനി കൗമാര ലീലകളുമായി ഞാൻ ചുമ്മാ മുന്നോട്ട് ഗമിക്കുവാൻ ശ്രമിക്കുകയാണ് ...
ഇതുവരെ സ്നേഹനിധികളായ നിങ്ങൾ ഓരോ മിത്രങ്ങളും എനിക്ക് തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദി ...
മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ്
നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന
ഓരോ സൃഷ്ട്ടികളും ...!
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ്
നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന
ഓരോ സൃഷ്ട്ടികളും ...!
അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന്
വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ
റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ
ഉള്ള കാലമാണിത് ..!
വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ
റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ
ഉള്ള കാലമാണിത് ..!
ഇന്ന് പല പഴയ കാല ബൂലോക മിത്രങ്ങളും അപ്പപ്പോൾ മാത്രം പ്രതികരണം കിട്ടുന്ന 'മുഖപുസ്തക ബ്ലോഗുകളിലും , ഇൻസ്റ്റാഗ്രാമിലും , ടംബ്ലറിലും , ട്വിറ്ററിലു'മൊക്കെ റോന്ത് ചുറ്റുന്നത് കാണം . ആയതിൽ കുറിച്ചിടുന്ന രചനകളൊക്കെ - അവരവരുടെ ബ്ലോഗുകളിൽ കൂടി പതിച്ചിട്ടാൽ അവയെല്ലാം കാലാകാലം നിലനിൽക്കുകതന്നെ ചെയ്യും ...കേട്ടോ .
ഇതോടൊപ്പം എല്ലാ വായനക്കാരേയും ഒരു പുതിയ
ബൂലോഗ പ്രവേശം നടത്തുവാൻ വേണ്ടി സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് ,
ഒപ്പം പഴയ ബ്ലോഗേഴ്‌സിന് അവരുടെ ബ്ലോഗുകളിലേക്ക് വീണ്ടും ഊർജ്‌ജസ്വലതയോടെ തിരിച്ചുവരുവാനും സാധിക്കുന്ന ഒരു ബ്ലോഗ് ദിനം സമാഗതമായിരിക്കുകയാണ് ഈ നവമ്പർ പത്താം തീയതി മുതൽ
നമ്മുടെ പ്രിയ ബ്ലോഗ്ഗർ 'രമേശ് അരൂർ 'പറഞ്ഞത് പോലെ
'എന്താ ഈ ബ്ലോഗ് ചാലഞ്ച് ഏറ്റെടുക്കുകയല്ലേ...നമ്മൾ
നവംബര്‍ 10ന് നാം ബ്ലോഗുകള്‍ വീണ്ടെടുക്കുന്നു..
ഭൂഖണ്ഡങ്ങളുടെ പോലും അതിരുകള്‍ ഭേദിക്കുന്ന വായനയുടെയും എഴുത്തിന്റെയും, സൗഹൃദങ്ങളുടേയും , പൂക്കാലങ്ങള്‍ വീണ്ടെടുക്കുന്നു..
മുന്‍ ബ്ലോഗര്‍മാരും പുതു ബ്ലാഗര്‍മാരും ഈ വീണ്ടടുപ്പില്‍ പങ്കാളികളാകട്ടെ..അറിയാവുന്
പങ്കാളികളാക്കുക..ടാഗ് ചെയ്യുക..നവംബര്‍ പത്തിന് ബ്ലോഗ് വസന്തം വിരിയട്ടെ..<3
പിന്നാമ്പുറം :-
ദാ ...തുടക്കം മുതൽ ഒരു ദശകം പിന്നിട്ട
ഈ 'ബിലാത്തിപട്ടണ'മെന്ന ബൂലോഗ തട്ടകത്തിലെ
കഴിഞ്ഞ വർഷം വരെയുള്ള പത്ത് വാർഷിക കുറിപ്പുകളാണ്
താഴെയുള്ള ലിങ്കുകളിൽ ഉള്ളത് കേട്ടോ കൂട്ടരേ .
നന്ദി ...നമസ്കാരം ...
- ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം / 01 - 11 - 2008 .
- ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30 -11 -2009.
- ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010.
- മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011.
- ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012.
- ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013.
- ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014.
- സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015.
- 'സ്‌മൃതി' ഉണർത്തുന്ന 'ഛായ' / 29 -11 -2016.
- ആംഗലേയ നാട്ടിലെ ഭാഷാസ്നേഹികളായ മല്ലു വല്ലഭർ / 15 - 11 -2017 .