Thursday, 22 March 2018

ആനക്കമ്പം ... ! / Aanakkampam ... !

അക്ഷരം പഠിക്കുമ്പോൾ അമ്മയെന്ന വാക്കിനൊപ്പം ,
നാം ഹൃദയത്തിൽ ഏറ്റുന്ന ഒരു പദമാണ് ആന . നമ്മുടെ മലയാളം ഭാഷ ഇമ്മിണിയിമ്മിണി ആനക്കാര്യങ്ങൾ കൊണ്ട് സമൃദ്ധമാണ് . ധാരാളം ആന പഴഞ്ചൊല്ലുകളും , ആന വാക്കുകളും നിറഞ്ഞ ഒരു മലയാളമാണ് നമുക്ക് ഉള്ളത് . നമ്മുടെ രാജ്യത്തിന്റെ ദേശ മൃഗവും ആന തന്നെ ...!

ആന കഥാപാത്രമായി വരുന്ന അനേകം കഥകളും , ആനയെ പറ്റിയുള്ള ധാരാളം പുസ്തകങ്ങളും നമുക്കുണ്ട് . അതുപോലെ തന്നെ കണ്ടമാനം ആന സിനിമകളും ,ആനപ്പാട്ടുകളും മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട് .അപ്പോൾ എന്തായാലും ആനയെ കുറിച്ച് , കുറച്ച് ആനക്കാര്യങ്ങൾ ചൊല്ലിയാടാം ... അല്ലെ .

എല്ലാ ആനപ്രേമികളെയും ദു:ഖത്തിലാഴ്ത്തികൊണ്ട് ഈ മാസം , അപൂർവ്വ ലക്ഷണത്തികവുള്ള തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു കഴിഞ്ഞപ്പോഴാണ് , എന്റെ ആനക്കമ്പത്തെ കുറിച്ച് എന്തെങ്കിലും  കുറിക്കാം  എന്ന് ഇവിടെ വന്നിരുന്നത് ...
ഞാൻ ബിലാത്തിയിൽ വന്ന ശേഷം തിരുവമ്പാടി ദേവസ്വത്തിന്റെ  ആന തറവാട്ടിലേക്ക് വന്നവനാണെങ്കിലും , ഓരോ തവണയും നാട്ടിലെത്തുമ്പോൾ ശിവസുന്ദറിന്റെ (ശിവസുന്ദർ കഥ -വീഡിയോ )  കാണുവാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചിട്ടുണ്ടായിരുന്നു.
ശിവസുന്ദറിന് പ്രണാമം... 🙏


എന്തോ ഈ ആനകളോടുള്ള ഇഷ്ട്ടം ചെറുബാല്യം മുതലെ എന്നിൽ അലിഞ്ഞു ചേർന്നിരുന്നു എന്നതാണ് വാസ്തവം . ഭ്രാന്ത്‌ വിഭാഗത്തിൽ പെട്ട ആനപ്രാന്തുണ്ടായിരുന്ന എന്റെ അച്ഛനിൽ നിന്നും കിട്ടിയതാണ് എനിക്കുള്ള ഈ ആനക്കമ്പം, ഇപ്പോൾ എന്റെ മകനും ആനപ്രേമം തുടങ്ങിയിട്ടുണ്ട്...


ചെറുപ്പക്കാരനായിരുന്നപ്പോൾ കണിമംഗലത്തിന്റെ തിടമ്പേറ്റുവാൻ ആനപ്പുറമേറി, അരയിൽ രണ്ടുകയ്യും കുത്തി ഗജരാജ നടത്തത്തിനൊപ്പം, ആടിയാടി പോകുമ്പോൾ കിട്ടിയിരുന്ന ഒരു ഗമയുണ്ടല്ലൊ, ആയതൊന്നും പിന്നീടെവിടെനിന്നും ഇതുവരേക്കും എനിക്ക് കിട്ടിയിട്ടില്ല...!



ഒട്ടുമിക്ക തൃശ്ശൂർകാർക്കും എന്നുമെന്നും ഗൃഹാതുരത്വം ഓർമ്മപ്പെടുത്തുന്ന
ഒരു പ്രധാന സംഗതി തന്നെയാണ് ആനയോളം പോന്ന ആനക്കാര്യങ്ങൾ...
ഒന്ന് മുതൽ 70 വരെയുള്ള ആനകളെകൂട്ടി എഴുന്നുള്ളിച്ചുള്ള 300 - ൽ പരം
കലക്കൻ ഉത്സവങ്ങളുള്ള ഏതാണ്ട് 200 -ൽ പരം നാട്ടാനകളുള്ള നാട്...
പറയ്ക്കും, പാറാവിനും,തിടമ്പേറ്റാനും, വരുമാനം ഉണ്ടാക്കുവാനും വരെ സ്വന്തം ആന കൊട്ടിലുകളും, അനേകം ആനകളുമുള്ള ദേവസ്വങ്ങളുള്ള ജില്ലയാണ് തൃശ്ശൂർ...

ആന വ്യവസായം കൊണ്ട് ജീവിക്കുന്ന അനേകം ആളുകളും, ആയതിന്റെയൊക്കെ ആയിരം ഇരട്ടി ആനപ്രേമികളുമുള്ള ഒരു നാട്...
ആനക്കട വരെയുള്ള നാട് ...
ആനയൂട്ടും, ആനയോട്ടവും, ആനച്ചമയ പ്രദർശനങ്ങളും, ഗജമേളകളും കണ്ടുവളർന്ന, ആനകളെ കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കുകയും, പരിചരിക്കുകയും ചെയ്യുന്ന ആനപ്രേമികൾ തിങ്ങിനിറഞ്ഞ സാക്ഷാൽ ഗജപോക്കിരികളുടെ നാട്... !



ഏതാണ്ട് അയ്യായിരം കൊല്ലത്തോളമായി ചരിത്രങ്ങളിൽ , ആനകൾ  മനുഷ്യന്റെയൊപ്പം സഹജീവികളായി അവന് വേണ്ടി യുദ്ധ മുഖത്തും , മറ്റും പണിയെടുത്തും ജീവിതം ഹോമിച്ചിട്ടുണ്ടെന്നുള്ളത് ഒരു വാസ്തവമാണ്...!

ആനക്ക് പുറമെ പശു/മൂരി , എരുമ/പോത്ത്  , ആട് , കുതിര , കഴുത , നായ  , പൂച്ച മുതൽ നാൽക്കാലികളും അന്നു മുതലെ ഇന്ന് വരെ മനുഷ്യന്റെ സന്തതസഹചാരികളായി സ്നേഹവും,  പീഡനവും ഏറ്റുവാങ്ങി കാലം കഴിച്ചു കൂട്ടുന്നത് എന്നതും ഒരു സത്യം തന്നെയാണ് ...!

മനുഷ്യനാൽ ഏറ്റവും കൂടുതൽ സ്നേഹവും , പീഢനവും അനുഭവിക്കുന്നത് ഇരുകാലി മൃഗങ്ങളായ അവന്റെ സ്വന്തം സഹജീവികളായ മനുഷ്യർ തന്നെയാണെന്നാണ് ഈയിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ വാസ്തവം എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട ഒരു സംഗതിയാണ് ...!
  

അവരവരുടെ അനുവാദമില്ലാതെ, സമ്മതമില്ലാതെ ജന്മനാൽ
തന്നെ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ ചാർത്തിക്കിട്ടുന്ന
ചിലതാണ് ജാതി , മതം , ഗോത്രം മുതലായ സംഗതികൾ . പിന്നെ ജനിച്ച നാട് ,
കാലാവസ്ഥ , ഭാഷ , സാഹചര്യം എന്നീ അനേകം കാര്യങ്ങളിലൂടെ  ഓരോരുത്തരുടെയും
ഭാഷയും , ഭക്ഷണക്രമങ്ങളും , ഇഷ്ടങ്ങളും , സ്വഭാവ രൂപീകരണങ്ങളും മെല്ലെ മെല്ലെ അവരുടെയൊക്കെ ജീവിതത്തിൽ നടപ്പായിക്കൊണ്ടിരിക്കുകയും ചെയ്യപ്പെടുന്നു ...

ഇതുപോലെ  എന്റെ ഇഷ്ടങ്ങളിൽ ഞാനറിഞ്ഞൊ ,അറിയാതെയൊ കയറിക്കൂടിയ ഒരു സംഗതിയാണ് ആനക്കമ്പം . ഒരു പക്ഷെ ചെണ്ടപ്പുറത്ത് കോലുവെക്കുന്നിടം മുഴുവൻ ഓടിയെത്താറുണ്ടായിരുന്ന  ഒരാളുടെ മകനായി ജനിച്ചത് കൊണ്ടാവാം ഈ സ്വഭാവം എന്നിലേക്ക് പകർന്ന് കിട്ടിയത് ...

ബാല്യകാലത്ത് നാട്ടിലെ വിഷുവേലയോടനുബന്ധിച്ച് 'സിന്ദൂര ചെപ്പ് ' എന്ന സിനിമയുടെ ഷൂട്ടിങ്ങ് , അച്ഛനോടൊപ്പം കണ്ട നാൾ മുതൽ തുടങ്ങിയ ആനക്കമ്പം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രം .
ഞങ്ങളുടെ നാടിനുചുറ്റും കൊല്ലത്തിലെ ഒട്ടുമിക്ക മാസങ്ങളിലും അരങ്ങേറാറുള്ള പൂരങ്ങളിലും ,വേലകളിലും ആനകളുടെ നിറ സാന്നിദ്ധ്യം കാരണം , പിന്നീട് പല നാട്ടാനകളെയും , അവയുടെ  പാപ്പാന്മാരെയും , ഉടമകളെയുമൊക്കെ ചെറുപ്പം മുതലെ തിരിച്ചറിയുവാൻ പറ്റിയെന്നുള്ളതും എന്റെ ആന പ്രേമം , ഒരു പന പോലെ വളരുവാൻ സഹായിച്ചു എന്നുള്ളതും ഒരു പ്രത്യകതയാണ്  .
ചിങ്ങമാസത്തിലെ നാട്ടിലുള്ള ശ്രീധരമംഗലം  അമ്പലത്തിലെ എഴുന്നള്ളിപ്പ് , തുലാമാസത്തിലെ ഭഗവതിപ്പറ , വൃശ്ചികത്തിലെ അയ്യപ്പൻ കാവിലെ ആറാട്ട് , മകരമാസത്തിലെ കൂർക്കഞ്ചേരി തൈപ്പൂയം , കുംഭമാസത്തത്തിലെ വലിയാലക്കൽ അശ്വതി വേല , പനമുക്ക് ശിവരാത്രിയുത്സവം , നെടുപുഴ പൂരം , മേടത്തിലെ വട്ടപ്പൊന്നി വിഷുവേല മുതൽ പരിസരങ്ങളിലുള്ള പാറമേക്കാവ് വേലയും , തിരുവമ്പാടി ഉത്സവവും , തൃശൂർ പൂരവും , ആറാട്ടുപുഴ പൂരവുമൊക്കെ ആനകളെ കെട്ടിയെഴുന്നുള്ളിച്ചുള്ള മേളപ്പെരുക്കങ്ങളായതിനാൽ എന്റെ ആന സ്നേഹം ഒരു ആനപ്പറയോളം എന്നുമെന്നോണം വളർന്നു വന്നു ...!

ചെറുപ്പത്തിലൊക്കെ ഞങ്ങളുടെ നാട്ടിൽ മദപ്പാടും  , നീരും വന്ന ആനകളെ തളച്ചിടാറുള്ള വട്ടപ്പൊന്നി അമ്പല പരിസരത്തെ ആൽച്ചുവട്ടിലും , ഊട്ടിപ്പറമ്പിലെ തടിയൻ പുളിയൻ ,പേരക്ക മാവുകളുടെ  ഇടയിലും , ചങ്ങലകൊണ്ട് കൂച്ചുവിലങ്ങിട്ട് തളച്ചിട്ടിരിക്കുന്ന ആനകളുടെ ഗോഷ്ടികൾ കണ്ടിരിക്കാനും , കൊല്ലം തോറും നടക്കാറുള്ള ആനയൂട്ടുകൾ , ഗജ മേളകൾ മുതലായ സംഗതികളും ,മറ്റും അകലം ദേശങ്ങളിൽ നിന്നും ബന്ധുക്കളും , മിത്രങ്ങളും വരുമ്പോൾ  അവരെയൊക്കെ കൂട്ടി  ഗുരുവായൂർ (പുന്നത്തൂർ കോട്ട ), ശങ്കരംകുളം , തിരുവമ്പാടി , പാറമേക്കാവ് ,കുട്ടൻകുളങ്ങര ദേവസ്വങ്ങളിലെ ആനത്താവളങ്ങൾ കൊണ്ട് കാട്ടികൊടുക്കുക , 82 -ൽ ഡൽഹി ഏഷ്യാഡിലേക്ക് തൃശൂർ നിന്നും തീവണ്ടിയിൽ ആനകളെ കയറ്റി വിടുമ്പോഴുമൊക്കെ എത്രയെത്ര സമയമാണ് , ഈ ആനക്കമ്പം കാരണം എനിക്ക് പോയി കിട്ടിയിട്ടുള്ളത് ...!

പൂരങ്ങളും , ഉത്സവങ്ങളും , വേലകളൊന്നുമില്ലാത്തപ്പോൾ ഉണ്ടാകാറുള്ള ആനയൂട്ടിലും  , ഗജമേളയിലുമൊക്കെ പങ്കെടുക്കുമ്പോഴുള്ള ഒരു സായൂജ്യം ഒന്ന് വേറെ തന്നെയായിരുന്നു എനിക്ക് .
അതുപോലെ തന്നെ ഇടഞ്ഞോടിയ ആനയെയും , മദം   പൊട്ടി കലിപ്പുണ്ടാക്കുന്ന ആനയെയും മയക്കുവെടി വെച്ച് തളക്കുന്ന ആൾക്കൂട്ടത്തിനിടയിൽ , എത്രയും പെട്ടെന്ന് എത്തിപ്പെട്ട് , അതെല്ലാം കാത്ത് കണ്ടു നിൽക്കുന്നതും എന്തോ വിരോധാഭാസം പോലെ എനിക്ക് ഒരു ഹരമുള്ള കാഴ്ച്ച തന്നെയായിരുന്നു ...!

ഗുരുവായൂർ കേശവൻ , കൗണ്ടൻ , തിരുവമ്പാടി  ചന്ദ്രശേഖരൻ , തിരുവമ്പാടി ശിവസുന്ദർ , തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ , പാമ്പാടി രാജൻ മുതൽ ചിറക്കൽ കാളിദാസൻ ( ഗജം -ആനപ്പാട്ട് -വീഡിയോ) വരെയുള്ള  എത്രയെത്ര ലക്ഷണമൊത്ത ആനകൾ ഗജരാജ നടത്തം താണ്ടിയ വഴികളാണ് നമ്മുടെ നാട്ടിൽ അങ്ങോളമിങ്ങോളമുള്ളത് അല്ലെ ... !

ഇന്ന് കേരളത്തിൽ പല ആന പ്രേമികളായ ഉടമകളുടെയും  , പ്രതാപമുള്ള തറവാട്ടുകാരുടെയും  , അമ്പലങ്ങളുടെയും ഒന്നൊ , രണ്ടോ ആനകൾ അടക്കം പല വമ്പൻ ദേവസ്വങ്ങളുടെയും ,ഗവർ മെന്റിന്റെയും വകയുള്ള പതിനഞ്ചോളമുള്ള ആനത്തറവാടുകളിലും (കൊട്ടിലുകൾ) കൂടി എണ്ണൂറോളം നാട്ടാനകൾ നമ്മുടെ ദേശങ്ങളിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത് ...
ആയതിലെ ഏറ്റവും തലയെടുപ്പുള്ള
ഇപ്പോഴുള്ള 20 കൊമ്പന്മാർ താഴെ കാണുന്നവരാണെത്രെ ...!



ഭൂമദ്ധ്യരേഖ പ്രദേശങ്ങളായ ആഫ്രിക്ക , തെക്കനേഷ്യ രാജ്യങ്ങളിലെ കാടുകളിലും , നാടുകളിലും മാത്രം കണ്ടുവരുന്ന ആകാരവടിവുകൊണ്ടും ,
ഭംഗികൊണ്ടും ലോകത്തിലെ  ഏറ്റവും മനോഹരമായ ജീവികളിൽ പെട്ട ഒന്നായ  ആളുകൾക്കെല്ലാം എന്നും കൗതുകം ജനിപ്പിക്കുന്ന ആനയെ ഒന്ന് നേരിട്ട് കാണുവാൻ വേണ്ടി മാത്രം ആഗോള തലത്തിലുള്ള വിനോദ സഞ്ചാരികൾ  എത്ര പണം ചിലവാക്കുന്നുണ്ടെന്നറിഞ്ഞാൽ മാത്രം മതി ആനയുടെ മതിപ്പ് അറിയുവാൻ ...!

ഇന്ന്  ലോകത്തുള്ള ഒട്ടുമിക്ക വമ്പൻ സിറ്റികളിലുള്ള മൃഗശാലകളിലും , സഫാരി പാർക്കുകളിലും സന്ദർശകർക്ക് ഏറ്റവും പ്രിയപ്പെട്ട  കാഴ്‍ച്ച സമ്മാനിക്കുന്നതും ആനയെന്ന കരയിലെ ഏറ്റവും വലിയ ജീവി തന്നെയാണെന്ന് പറയപ്പെടുന്നു ...

നാട്ടാനകളും , കാട്ടാനകളും , ആന പൂരങ്ങളും ,
ആനക്കാടുകളും ,ആനപ്പാട്ടുകളും , ആന സിനിമകളും ,
ആനയെ കുറിച്ചുള്ള പുസ്തകങ്ങളും ,ഡോക്യുമെന്ററികളും ഉള്ളിടത്തോളം
കാലം ഞങ്ങളെപ്പോലുള്ള ആനക്കമ്പക്കാരും , ആന പ്രേമികളും  , ആന സംരക്ഷകരും
എന്നും എപ്പോഴും ഉണ്ടായികൊണ്ടിരിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ ആനക്കാര്യം ...!


ഇനി ആനക്കാര്യത്തിനിടക്ക് അൽപ്പം ചേനക്കാര്യം ..
 
ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ ...

Read more at: http://www.manoramaonline.com/environment/indepth/world-elephant-day/what-we-know/elephants.html
ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ...

Read more at: http://www.manoramaonline.com/environment/indepth/world-elephant-day/what-we-know/elephants.html
ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ...

Read more at: http://www.manoramaonline.com/environment/indepth/world-elephant-day/what-we-know/elephants.html

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...