ലണ്ടനിലെ ആഡംബര കാറുകളുടെ ഒരു പ്രദർശന ശാലയയുടെ ചില്ലു കൂട്ടിൽ
മറെറാരു പ്രദർശന വസ്തുവിനെ പോലെ ഒരു പാറാവുകാരന്റെ വേഷമണിഞ്ഞ് അടയിരിക്കുന്ന സമയത്ത് ,
അയാൾ ആകാശത്തിലേക്ക് നോക്കി . പുലർകാലത്ത് അനേകം പറവയാനങ്ങൾ വാനിൽ ; മിന്നാമിനുങ്ങുകളെ
പോലെ നിലത്തിറങ്ങാനുള്ള ഊഴത്തിനായി വട്ടമിട്ട് കറങ്ങുന്ന , എന്നുമുള്ള - ആ അതി മനോഹര കാഴ്ച്ചകൾ , ഈ
ഏകാന്തതയിൽ അയാൾക്ക് വലിയ ആശ്വാസം നൽകുന്ന ഒരു സംഗതിയായിരുന്നു...
ഒരു പതിറ്റാണ്ട് മുമ്പ് നാട്ടിൽ ലീവിന് ചെന്നപ്പോഴാണ് , കണിമംഗലത്ത് പലചരക്ക് കട
നടത്തുന്ന പെരേപ്പാടൻ ലോനപ്പേട്ടനും , മൂപ്പരുടെ മൂന്നാമത്തെ ചെക്കനും , അവന്റെ മിഷ്യൻ
ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുന്ന ഭാര്യയും കൂടി - യു.കെയിലേക്ക് - ജോലിക്ക് വരുവാൻ
വേണ്ടി സഹായങ്ങൾ ചെയത് തരണമെന്ന് ചോദിച്ച് എന്നെ കാണുവാൻ വന്നത് .
ആ സമയത്ത് നേഴ്‌സുമാരുടെ ജോലിക്ക് ബിലാത്തിയിൽ നല്ല ഡിമാന്റുള്ള സമയമായതിനാൽ
ലണ്ടനിലുള്ള ഒരു ഏജൻസി മുഖാന്തിരം , അവളുടെ 'വർക്ക് പെർമിറ്റി'ന് മൂനാലുലക്ഷം രൂപ മുടക്കിപ്പിച്ചാണെങ്കിലും
എന്നെകൊണ്ട് ശരിയാക്കി കൊടുക്കുവാൻ സാധിച്ചിരുന്നു .
ആയതിന്റെ കടപ്പാട് കുപ്പിയും , പാർട്ടിയും , മറ്റുമൊക്കെയായി ഞാൻ ചുളുവിൽ
കൈ പറ്റിയത് പോലെ തന്നെയാണ് , ആ ഗെഡിയെ ഇക്കഥയിലെ ഒരു നായക കഥാപാത്രമാക്കുന്നതും ...
ഇന്ന് നേരിട്ട് കണ്ടാൽ പോലും വെറുതെ - ഒരു ഗുഡ് മോണിംഗ് പോലും പറയാത്തവനാണെങ്കിലും
പുലർകാലത്തെ വിവിധ തരം സൂര്യോദയങ്ങൾ , പാറി പറക്കുന്ന പറവകൾ , ചായ , ബെഡ് കോഫി ,
പ്രഭാത ഭക്ഷണം മുതലായവയുടെ വർണ്ണ ചിത്രങ്ങൾ എന്നിങ്ങനെ മാറി മാറി എന്നുമെന്നും 'വാട്സ്ആപ് '
സന്ദേശങ്ങളാൽ കുരവയിട്ട് തുയിലുണർത്തി പഴയ കാലത്തുള്ളൊരു പൂവ്വൻ കോഴി സ്മരണ എന്നിലുണർത്തുവാൻ
അയാൾ മൂലം സാധിക്കാറുണ്ട് .
ഇത് മാത്രമല്ല അയാളുടെ മറ്റു സകലമാന സോഷ്യൽ മീഡിയ തട്ടകങ്ങളിലും , ഛായഗ്രഹണത്തിൽ
അഗ്രഗണ്യന്മാരായ
പലരാലും ഒപ്പിയെടുത്ത ശിശിര മനോഹരമായ ശരത് കാലത്ത് , പാശ്ചാത്യ നാടുകളിലെ ചുട്ട വെയിലിലും ,സൂര്യ താപമില്ലാത്ത
മരം കോച്ചുന്ന തണുപ്പിൽ വൃക്ഷലതാതികളെല്ലാം ഇലപൊഴിയും മുമ്പ് , അവയുടെ പച്ചയുടയാടകളെല്ലാം മാറ്റി - വിവിധ
വർണ്ണനിറത്തിലുള്ള
കുപ്പായങ്ങൾ അണിഞ്ഞ് നിൽക്കുന്നതും , മഞ്ഞു കാലത്തുള്ള ഹിമ പുതപ്പിൻ ആവരണം ചെയ്യപ്പെട്ട പ്രകൃതി ഭംഗികളുമൊക്കെ അടങ്ങിയ അനേകം ,
അതി മനോഹര ചിത്രങ്ങളടക്കം കോപ്പി & പേയ്സ്റ്റ് ചെയത് ആളോളെ കൊതിപ്പിക്കാനും അയാൾ നിപുണനാണ്.
ഒന്ന് ഇക്കിളിയിട്ടാൽ പോലും ചിരിക്കാത്ത അയാളുടെ ഫോർവാർഡ് ചെയ്യപ്പെടുന്ന ഫലിത സൂക്തങ്ങളായ ആലേഖനങ്ങൾ കണ്ട് പലരും പൊട്ടിച്ചിരിച്ചു .
എവിടെ നിന്നൊക്കൊയൊ ലഭിച്ച തത്വചിന്താ വചനങ്ങളും , രാഷ്ട്രീയ സാമൂഹ്യ - സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളിലെ സകലമാന സമകാലിക സംഭവ
വികാസങ്ങളും
, അത് തിന്നരുത് , ഇത് കുടിക്കരുത് , അതിൽ വിഷം , ഇതിൽ കലർപ്പ്
എന്നിങ്ങിനെ വാസ്തവമാണോ അല്ലയൊ എന്ന് പോലും നോക്കാതെ , പടച്ചുവിടുന്ന
എഴുത്തുകളും , പടങ്ങളും മറ്റും ഷെയർ ചെയ്തും മറ്റും - ആഗോള തലത്തിൽ പേരും , പെരുമയുമുള്ള പത്രാസുള്ളവനാണെന്ന് സ്വയം അഭിമാനം കൊണ്ട് - അയാൾ എന്നും
ഒറ്റക്ക് ബോറടിച്ചിരിക്കുന്ന തന്റെ സ്ഥിരമുള്ള നൈറ്റ് ഡ്യൂട്ടി ഷിഫ്റ്റുകൾ ആന്ദകരമാക്കി ...
എന്തിന് പറയുവാൻ ഇന്ന് അയാൾ വിവര സാങ്കേതികത വിനോദോപാധി
തട്ടകങ്ങളിലെ മലാളികളുടെയെല്ലാം തല തൊട്ടപ്പനിൽ ഒരുവനായി മാറിയിരിക്കുകയാണ് ..!
ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പു് അയാളുടെ ഭാര്യക്ക് പിന്നാലെ , കൗമാരത്തിലെത്തിയ രണ്ട് കുട്ടികളുമായി
ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ലണ്ടനിൽ പറന്നിറങ്ങിയപ്പോൾ ലോകം കീഴടക്കിയ ഒരു ചക്രവർത്തിയെ
പോലെയിരുന്നു അയാൾ ...
പിന്നീട് , മിക്ക പാശ്ചാത്യ മലയാളികളെ പോലെയും പ്രവാസത്തിന്റെ
പ്രയാസങ്ങൾക്കിടയിൽ കിടന്ന് പോരാടി, പൗണ്ടുകളുടെ
സ്വർണ്ണ തിളക്കത്തിൽ , കണ്ണ്
മഞ്ഞളിച്ച് അയാളുടെ ഭാര്യയും , അയാളും കൂടി വെപ്രാളപ്പെട്ട് , മണിക്കൂറുകൾ ഒട്ടും പാഴാക്കാതെ
പണിയെടുത്ത് എത്രയും
പെട്ടെന്ന് തന്നെ ജീവിതം പച്ചപിടിക്കുവാൻ പെടാപാടു പെടുകയായിരുന്നു.
അയാളുടെ കടിഞ്ഞൂൽ പുത്രിയും ,അവളുടെ അനുജനുമൊക്കെ , സ്ഥിരം പകൽ ജോലിക്കാരിയായ അവരുടെ അമ്മയെയും
എന്നും നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന അയാളെയുമൊക്കെ വളരെ വിരളമായെ അവരുടെ വീട്ടിൽ വെച്ച് ഒരുമിച്ച് കാണാറുണ്ടായിരുന്നുള്ളൂ.
കാലം കഴിയുന്തോറും , 'പൗണ്ടു'കൾ വാരി കൂട്ടുമ്പോഴും, നാട്ടിലൊക്കെ വല്ലപ്പോഴും ഗൃഹാതുരത്തിൻ സ്മരണകളുമായി തനി ഒരു 'ലണ്ടൻ വാല'യായി
വിരുന്ന് ചെല്ലുമ്പോഴുമൊക്കെ അയാളുടെ മനം എന്തിനോ വേണ്ടി കേഴുകയായിരുന്നു ... !
ലണ്ടൻ വാസത്തിന് ഒരു പതിറ്റാണ്ടിന് ശേഷം , ഇന്ന് അയാളെ മറ്റേവർക്കും
നോക്കി കാണാവുന്നത് ഒരു ആഡംബര ജീവിത സൗഭ്യാഗങ്ങൾക്ക് ഉടമ എന്ന നിലയിൽ തന്നെയാണ് .
എന്നിരുന്നാലും , തന്നിഷ്ടക്കാരിയായ സ്ഥിരം ആൺ മിത്രങ്ങളുടെ കൂടെ കറങ്ങി നടക്കുന്ന പാർട്ട് - ടൈമ് ജോലിക്കാരിയായ മകൾ ,
ലഹരി മരുന്നുകൾക്ക് പിന്നാലെ നടന്നും , ന്യു-ജെൻ പാശ്ചാത്യ സംസ്കാരം മാത്രം തലയിലേറ്റി കൊണ്ട് നടക്കുന്ന മകൻ , ജോലി സമയത്തിന്
ശേഷം
, 'ടി.വി. സീരിയലും', ഭക്തിയും തേടിയലയുന്ന അയാളെ എന്നും പുഛിച്ചു
തള്ളുന്ന ഭാര്യ . അയാളുടെ പണത്തെ മാത്രം സ്നേഹിച്ചുകൊണ്ടിരിക്കുന്ന
ബന്ധുമിത്രാദികൾ ...
ഇവരെയൊക്കെ ഓർക്കുവാൻ അയാൾക്കിപ്പോൾ ഒട്ടും സമയമില്ല...
അയാളുടെ കാക്കതൊള്ളാരത്തോളമുള്ള 'സോഷ്യൽ മീഡിയ' തട്ടകങ്ങ'ളിലുള്ള മിത്രങ്ങൾക്ക്
കണ്ടതും കേട്ടതുമായ - സകല കുണ്ടാമണ്ടികളും 'ഫോർവാർഡ്' ചെയ്തും, 'ഷെയർ' ചെയ്തും , മുഖപുസ്തകത്തിലേയും,
അനേകമുള്ള 'വാട്ട് സാപ്പ് ഗ്രൂപ്പു'കളിലേയും , 'ഗൂഗിൾ പ്ലസ്സി'ലെയും , 'ട്വിറ്ററിലെ'യും, 'ഇൻസ്റ്റാഗ്രാമി'ലെയും മിത്രങ്ങളെയൊക്കെ
ഹർഷപുളകിതരാക്കി കൊണ്ട് - അയാൾ തന്റെ 'സോഷ്യൽ മീഡിയ' തട്ടകങ്ങളിലെ പഴയ 'പ്രൊഫൈൽ ചിത്ര'ത്തിന്റെ സ്ഥാനത്ത് ,
പുതിയ മോഹൻലാൽ സിനിമയായ 'പുലി മുരുകന്റെ' ചിത്രം 'അപ്ലോഡ്' നടത്തി , അതിന്റെ അടിയിൽ 'ദി ലണ്ടൻ പുലിമുരുകൻ' എന്ന്
ആലേഖനം ചെയ്ത ശേഷം അയാൾ പകൽ ഡ്യൂട്ടിക്കാരന് , തന്റെ ഡ്യൂട്ടി , 'ഹാന്റ് ഓവർ' ചെയ്യുവാൻ കാത്തിരിക്കുകയാണ്...
ഒപ്പം തന്റെ പുതിയ മുഖചിത്രത്തിന് ഇനി കിട്ടാൻ പോകുന്ന 'ലൈക്കുകളുടെയും , കമന്റു'കളുടെയും മറ്റും കൂമ്പാരത്തെ വരവേൽക്കാൻ വേണ്ടിയും ..!