Tuesday, 31 January 2017

കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... ! / Katinjan Kalanju Poya Oru Katinjool Kathal Kathha ... !

ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു...
ഇതിഹാസ ചരിതങ്ങൾ മുതൽ ഇന്നത്തെ 
ആധുനിക സാഹിത്യം വരെ ചികഞ്ഞ് നോക്കിയാൽ 
ഒന്ന് മനസ്സിലാക്കുവാൻ സാധിക്കും - അതായത് പ്രണയാഭിലാക്ഷങ്ങൾ സാക്ഷാത്കാരം നേടാനാകാതെ പോയ അനേകമനേകം പ്രേമ ഭാജനങ്ങൾ തിങ്ങി നിറഞ്ഞ കാവ്യങ്ങളും , കഥകളും തന്നെയാണ് അന്നും , ഇന്നും , എന്നും  ലോകത്താകമാനം വായിക്കപ്പെട്ടിട്ടുള്ള കൃതികൾ എന്നുള്ളത്...
ആദ്യ നോട്ടത്തിൽ തന്നെ തന്റെ പ്രേമഭാജനത്തിന്റെ 
ആകാര വടിവുകളിൽ ആകൃഷ്ടനായൊ , പ്രത്യേകതയുള്ള അവയവ ഭംഗികളിൽ മോഹിച്ചൊ , കലാ - സാഹിത്യ- കായിക വൈഭങ്ങളിലുള്ള നിപുണതകൾ കണ്ടിട്ടൊ , പെരുമാറ്റ ഗുണങ്ങളിൽ തൽപ്പരരായൊ മറെറാ ആണല്ലൊ സാധാരണ ഗതിയിൽ രണ്ട് പേർ തമ്മിലുള്ള അനുരാഗം പൊട്ടി മുളക്കാറുള്ളത് ...

പുറംമോടിയിലെ സൗന്ദര്യത്തേക്കാൾ അകം മോടി കണ്ട് പരസ്പരം ഇഷ്ടപ്പെടുന്നവരും ഇല്ലാതില്ല എന്നല്ല പറഞ്ഞ് വരുന്നത്...


പ്രണയത്തിനും , വീഞ്ഞിനും പഴകും തോറും വീര്യം കൂടുമെന്നാണ് പറയുക . 
മറ്റുള്ളവരുടെ അനുരാഗ കഥകളൊക്കെ ചടുപിടുന്നനെ  വളരെ ഈസിയായി എഴുതിയിടാവുന്ന  സംഗതികളാണ് ...  
എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
എന്തുകൊണ്ടെന്നാൽ ഒരിക്കലും വറ്റി വരണ്ട് 
പോകാത്ത എന്റെ സ്വന്തം കടിഞ്ഞൂൽ കാതൽ കഥയുടെ 
അല്പസൽപ്പം  പിന്നാമ്പുറ ചരിതങ്ങൾ വീണ്ടും കുറച്ച് ചിക്കി മാന്തിയെടുത്ത് 
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ 
നായികയായ പ്രിയയെ പരിചയപ്പെടുത്തുകയാണ്.

കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട് തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേരക്കുട്ടിയാണിവൾ ...
പ്രിയയുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ് മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചു അവധിക്കാലത്ത് പോലും നാട്ടിൽ മുത്തശ്ശിയോടൊപ്പം വെക്കേഷൻ ചിലവഴിക്കുവാൻ വരുമ്പോഴാണ്, ഒരു നല്ല അയലക്കകാരനായ ,ഞാനുമായുള്ള  സൌഹൃദം   തുടങ്ങിയത്...

കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,  സമപ്രായക്കാരിയുമായിരുന്നു
അന്നത്തെ പ്രിയപ്പെട്ട കൂട്ടുകാരി പ്രിയ.
അതായത് എന്റെ പ്രഥമ പ്രണയ സഖി.. !

അന്നൊക്കെ ഒരു പച്ചപ്പട്ടുടുത്ത ലാസ്യലാവണ്യവതിയായ അഴകുള്ള സുന്ദരിയെ പോലെയായിരുന്നു എന്റെ നാടായ കണിമംഗലം ഗ്രാമം ... 
നീണ്ടു പരന്നു കിടക്കുന്ന നെൽ വയലുകളാലും , കോൾ നിലങ്ങളാലും , തോടുകളാലും , കുളങ്ങളാലും , കാവുകളാലുമൊക്കെ ചുറ്റപ്പെട്ട - തെങ്ങും , കവുങ്ങും , മാവും , പ്ലാവുമൊക്കെ നിറഞ്ഞ് നിൽക്കുന്ന പുരയിടങ്ങളും  - എള്ളും , കൂർക്കയും, മുതിരയും , പച്ചക്കറികളും മാറി മാറി വിളയുന്ന ഞാറു പാടങ്ങളാലും നിറഞ്ഞ  തനി കേരളീയ പ്രകൃതി ഭംഗികൾ മുഴുവൻ വാരിക്കോരി വരദാനമായി കിട്ടിയ ഗ്രാമം ... !

തൊടികളിൽ തൊഴുത്തും , വൈക്കോൽ 
തുറുകളും , ഓലപ്പുരയും , ആട്ടിൻ കൂടും , കോഴി കൂടും ,അടുക്കള തോട്ടങ്ങളുമുള്ള കൊച്ചു കൊച്ച് ഓടിട്ട വീടുകളുള്ള  , തമ്മിൽ തമ്മിൽ ജാതിമത വത്യാസങ്ങളില്ലാതെ ഏവരെയും ബന്ധുജനങ്ങളെ പോലെ പരസ്പരം അറിയാവുന്ന നാട്ടുമ്പുറക്കാരായ , കൂടുതലും ഇടത്തരക്കാരായവർ   വസിക്കുന്ന നാട് ...

അവിടെ തലമുറകളായി കണിമംഗലം തമ്പുരാക്കന്മാർ നാട് വാണിരുന്ന കാലം തൊട്ടേ ഉണ്ടായിരുന്ന ഒരു തായ് വഴി കുടുംബമായിരുന്നു കല്ല്യാണി മുത്തശ്ശിയുടെ തറവാട് ...



പക്ഷെ കാൽ നൂറ്റാണ്ടിന് മുമ്പ് മുതൽ തൃശൂർ പട്ടണം കുറേശ്ശെക്കുറേശെയായി ഞങ്ങളുടെ ഗ്രാമത്തിലേക്ക് അധിനിവേശം നടത്തി തുടങ്ങിയത് മുതൽ ആ ഗ്രാമ്യ ഭംഗികൾ മുഴുവൻ എന്നെന്നേക്കുമായി നഷ്ട്ട പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു...

അതുപോലെ തന്നെ അമ്പാട്ട് തറവാടും പുരയിടവും ഒന്നും ഇന്നില്ല ,അവിടെയുള്ളത് ഇപ്പോൾ എട്ടും ,പത്തും സെന്റും വീതമുള്ള കൊച്ച്  പ്ലോട്ടുകളിൽ മാളികളും  , കോൺഗ്രീറ്റ് വീടുകളും  കെട്ടി താമസിക്കുന്ന മുല്ലയ്ക്കൽ റെസിഡന്റ് അസോസ്സി യേഷനിൽ ( M.R.A )പെട്ട വിവിധ കുടുബങ്ങളാണ് ...!
 
പ്രിയയുടെ തറവാട്ടു പുരയിടത്തിലെ കിഴക്കെ 

തൊടിയിലുള്ള മൂവാണ്ട മാവിന്റെ തണലിൽ ഓലമടലുകളും ,ശീമക്കൊന്ന തറികളും വെച്ച് കളി വീടുണ്ടാക്കിയിട്ട് ഒരു ആറാം ക്ലാസ്സുകാരൻ അച്ഛനായും, രണ്ടാം ക്ലാസുകാരി അമ്മയായും , മറ്റ് കളി കൂട്ടുകാർക്കൊത്ത് കുഞ്ഞിക്കഞ്ഞിയും , മണ്ണപ്പവും ചുട്ടുകളിക്കുമ്പോൾ ഒരു സാക്ഷാൽ പ്രണയത്തിന്റെ  ബാലപാഠങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് ഞങ്ങൾക്കന്നറിയില്ലായിരുന്നു...

അവരുടെ പറമ്പിൽ കാളത്തേക്ക് നടക്കുമ്പോൾ  ഞങ്ങളൊക്കെ കൂടി ആ ആണിച്ചാലിലെ വെള്ളമൊഴുകുമ്പോൾ , അതിൽ കുത്തി മറിഞ്ഞ്‍ കളിച്ചതും , മറ്റുള്ള അന്നത്തെ  കളി വിളയാട്ടങ്ങളുമൊക്കെ  ഇന്നലെ എന്നോണം ഇപ്പോൾ ഇടക്കിടെ എന്റെ ഓർമ്മയിലേക്ക് ഒഴുകിയെത്താറുണ്ട്...
അന്നത്തെ കുട്ടിപ്പട്ടാളമൊത്ത് അവരുടെ പത്തായപ്പുരക്കടുത്തുള്ള കുളത്തിൽ ചാടി കുളിക്കുന്നതും ,വാഴപ്പിണ്ടിയിട്ട് അവരെയൊക്കെ നീന്തല് പഠിപ്പിച്ചതും , തിരുവാതിര രാവുകളിലെ നീരാട്ടിന്  കൂട്ടിരിക്കുന്നതും , ആദ്യ ചുംബനവുമൊക്കെയായി മധുരമുള്ള ഇമ്മിണിയിമ്മിണി ഓർമ്മകൾ ഇതുപോലെ മനസ്സിനുള്ളിലേക്ക് ഓളം തള്ളി വരുമ്പോൾ കിട്ടുന്ന നിർവൃതികൾ തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ളത്തിൽ വെച്ച് ഏറ്റവും നല്ല പ്രണയോപഹാരങ്ങൾ എന്നിപ്പോൾ തോന്നാറുണ്ട് ...

പിന്നീട് കൗമാരം കാലം തൊട്ടേ ആരുടെയും കണ്ണിൽ പെടാതെ പകലിന്റെ അന്ത്യയാമങ്ങളിലും ,നിലാവുള്ള രാവുകളിലും - എത്രയെത്ര കിന്നാരങ്ങളാണ് ഞാനും പ്രിയയും  
കൂടി ആ മുവാണ്ടൻ  മാവിൻ ചോട്ടിലിരുന്ന് ചൊല്ലിയാടിയിട്ടുള്ളത് ... !


'ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും - കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ; ഒരു മാവുയരത്തിൽ എന്നുമെപ്പോഴും ...

കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ്  ... ?
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ 
അവിടെയിപ്പോഴും ..? !'


പ്രിയ അവരുടെ അടുക്കളക്കിണറിനോടനുബന്ധിച്ച കൊട്ടത്തളത്തിൽ  നിന്നും വെള്ളം കോരി പാത്രങ്ങൾ നിറക്കുന്നതിനടയിൽ ,ചെണ്ട പോലുള്ള മരത്തുടി താളങ്ങൾക്കൊപ്പം ആ കിണറു മതിലിൽ ഇരുന്നുകൊണ്ട് എന്തെല്ലാം കിന്നാര സല്ലാപങ്ങളാണ് ഞങ്ങൾ നടത്തിയിട്ടുള്ളത്...!

'വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ ഒപ്പമാ വള കിലുക്കങ്ങളും.. ! '



എന്തിന് പറയുവാൻ  സ്നേഹോജ്ജ്വലമായി അലയടിച്ച് ഒഴുകിക്കൊണ്ടിരുന്ന, ഞങ്ങളുടെ അനുരാഗനദിക്ക് കുറുകെ വിഘ്‌നങ്ങളായി  ജാതീയതയായും, സാമ്പത്തികമായും ,തറവാടിത്ത ഘോഷണങ്ങളായും  അനേകം തടയണകൾ  കെട്ടിപ്പൊക്കിയപ്പോൾ  രണ്ടായി വേറിട്ടൊഴുകേണ്ടതായി  വന്ന പരിണാമഗുപ്തിയാണ്  ഈ കന്നി പ്രണയ നദിക്കന്നുണ്ടായത്  ...!  

പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലോ 
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...

പിന്നീട് എല്ലാം അറിയാവുന്ന എന്റെ മിത്രം,  പ്രിയയുടെ മുറച്ചെറുക്കനായ ഹരിദാസ് ,അവരുടെ തറവാടിന്റെ മാനം കാക്കുവാൻ ,വീട്ടുകാരുടെ പ്രേരണയാൽ അവളെ വിവാഹം ചെയത് 
 'യു .എ.ഇ' യിലേക്ക് കൊണ്ട് പോയി.

ഞാനാണെങ്കിലോ കുറെ നാൾ നിരാശ 
കാമുകനായി നടന്ന ശേഷം , മറ്റു പല പ്രേമ 
ലീലകളും കളിച്ച് , ഇക്കഥകളെല്ലാം അറിയാവുന്ന 
എന്നെ പ്രണയിച്ചവരിൽ മറ്റൊരുവൾക്ക് മുമ്പിൽ എന്റെ തലവെച്ചു കൊടുക്കുകയും ചെയ്‌തു...

ആ വിശാല മനസ്‌കയാണിന്ന് , 
എന്റെ സ്ഥിരം പ്രണയിനിയായ സ്വന്തം ഭാര്യ ...!


( കഥകളൊന്നും എഴുതുവാൻ അറിയില്ലെങ്കിലും , ആറുകൊല്ലം മുമ്പ് ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ   എന്ന പേരിൽ ഈ അനുഭവ കഥാവിഷ്‌കാരങ്ങൾ ഞാനിവിടെ കുറിച്ചിട്ടത് വായിച്ച് നോക്കിയാലെ എന്റെ  പ്രഥമാനുരാഗത്തിന്റെ ആഴം തിരിച്ചറിയുകയുള്ളൂ ).


ശേഷം നാലഞ്ച് കൊല്ലത്തിനിടയിൽ  പ്രിയ - രണ്ട്  പെണ്മക്കളുടെ അമ്മയായി . കല്യാണി മുത്തശ്ശിയുടെ മരണ ശേഷം , പ്രിയയുടെ അമ്മക്കായിരുന്നു ആ തറവാട് വീട് കൈ വന്നത്.

ഇതിനിടയിൽ പ്രിയയുടെ അമ്മക്ക് വാത സംബന്ധമായി ചില അസുഖങ്ങൾ വന്നപ്പോൾ അമ്മയെ നോക്കുവാൻ പ്രിയയും കുട്ടികളും നാട്ടിലേക്ക് വരികയും , ഹരി അവളെ  'ടി.ടി.സി' പഠിപ്പിച്ച  ശേഷം , അടുത്തുള്ള 'എൽ .പി' സ്‌കൂളിൽ കോഴ കൊടുത്ത് അവിടത്തെ ടീച്ചറാക്കുകയും ,  മക്കളെ രണ്ട് പേരെയും 'സെന്റ് : പോൾസ് കോൺവെന്റ് സ്‌കൂളി'ൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്തു. 
ആ സമയത്തൊക്കെ  പ്രിയയുമായുള്ള അടുപ്പം പിന്നീടൊക്കെ  , ഹരി നാട്ടിലെത്തുമ്പോൾ മാത്രമായി  ഞാൻ ചുരുക്കുകയും ചെയ്തിരുന്നു.

കാലം നിരങ്ങി നീങ്ങുന്നതിനിടയിൽ 
ഞാനും കുടുംബവും ലണ്ടനിൽ വന്നടിഞ്ഞു...

അവരുടെ മക്കൾ കൗമാരത്തിലെത്തിയപ്പോൾ ഹരി ഗൾഫ് ഉപേഷിച്ച് വന്ന് ഒരു 'മിനി സൂപ്പർ മാർക്കറ്റ്'  തുടങ്ങി ,ഒരു ചിട്ടിക്കമ്പനിയിൽ ഷെയർ എടുത്തു ...

 പക്ഷെ ഏഴ് കൊല്ലം മുമ്പ് ഹരിയുടെ പിതാവിന്റെ മരണത്തിന്  മാസങ്ങൾക്ക് പിന്നാലെ തന്നെ , മരണം ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ വന്നവനെയും കൊണ്ട് പോയി ...
ഭർത്താവിന്റെയും ,മകന്റെയും മരണ ശേഷം , 
ഹരിയുടെ അമ്മ , തറവാട്ട് ഭാഗം കിട്ടിയ സ്ഥലം വിറ്റ് - പങ്ക് വെച്ച് , മകന്റെ  കുടുംബത്തിന്റെ കൂടെ താമസിക്കുവാൻ 'ബറോഡ'യിലേക്ക് പോയി...
 
അമ്മക്ക്  പ്രണയം മുട്ടത്തട്ടെത്തിക്കുവാൻ  
പറ്റിയില്ലെങ്കിലും , പ്രിയയുടെ രണ്ട് പെണ്മക്കൾക്കും 
ആയത് സാധിച്ചു. 
മൂത്തവൾ 'വെറ്റിനറി'ക്ക് പഠിക്കുമ്പോൾ , ക്ലാസ്മേറ്റായിരുന്ന ഒരു പഞ്ചാബി പയ്യനുമായി ഗാഢ പ്രണയിത്തിലാകുകുകയും , പിന്നീട്  അവർ വിവാഹിതരായ ശേഷം 'ലുധിയാന'യിൽ അല്ലലില്ലാതെ സകുടുംബം വസിക്കുകയും  ചെയ്യുകയാണിപ്പോൾ ...

രണ്ടാമത്തവൾ അവളുടെ എൻജിനിയറിങ് ബിരുദത്തിന് ശേഷം മദ്രാസ്സിൽ വെച്ച് ,ഒരു അന്തർദ്ദേശീയ കമ്പനിയുടെ 
ജോലിസ്ഥലത്ത് വെച്ച്  കണ്ട്  മുട്ടിയ സഹപ്രവർത്തകനായ ഒരു മുസ്‌ലീം പയ്യനുമൊത്ത് അനുരാഗവിലോചനയായി  നടന്ന ശേഷം,
ജാതിയും , മതവുമൊക്കെ മറികടന്ന് , അവർ ഒന്നാവുകയും ചെയ്‌തു...

2016- ൽ  ദുബായിൽ കുടുംബമായി കഴിയുന്ന ഈ യുവമിഥുനങ്ങളുടെ   കടിഞ്ഞൂൽ സന്താനത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന് ഞാനും ഭാര്യയും ലണ്ടനിൽ നിന്നും അവരുടെ ക്ഷണം സ്വീകരിച്ച് യു.എ.യിൽ പോയിരുന്നു .

അവളുടെ അമ്മയായ  പ്രിയ ടീച്ചറും  , ലുധിയാനയിൽ നിന്നും മൂത്തമോളും , കുടുംബവും കുറച്ച് ദിവസത്തേക്ക് ഈ ചടങ്ങിൽ പങ്കെടുക്കുവാനും , ദുബായ് കാണുവാനുമായി 
അന്നവിടെ എത്തി ചേർന്നിരുന്നു  
പ്രിയയുടെ  മക്കളുടേയും , എന്റെ ഭാര്യയുടേയും 
മറ്റും സാന്നിദ്ധ്യത്തിൽ - പണ്ടത്തെ ആ പ്രണയ ഭാജനങ്ങൾ , അവരുടെ അപ്പോഴുള്ള ദിവ്യാനുരാഗം എങ്ങിനെ ചിലവഴിക്കുന്നു  എന്നുള്ള ആകാംക്ഷയോടെ നോക്കിക്കാണുന്ന രണ്ട് ഫേമിലി മെമ്പേഴ്‌സിന്റെയും മുഖങ്ങൾ ഇപ്പോഴും എന്റെയും പ്രിയയുടെയും  സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്    ...!
അന്നത്തെ ആ പിറന്നാളാഘോഷ  ശേഷം ആ കൊല്ലാവസാനം പ്രിയയുടെ രണ്ടാമത്തെ മോൾ  കുടുംബസമേതം 'ന്യൂസിലാന്റി'ലേക്ക് പോയി, പിന്നീടവിടെ കുടിയേറി പാർത്തു.


കുശുമ്പത്തി പാറുവായ എന്റെ ഭാര്യ 
ചിലപ്പോഴൊക്കെ പറയുന്ന പോലെ എനിക്ക് 
ജനിക്കാതെ പോയ മക്കൾ തന്നെയാണല്ലോ അവർ ...!
അതുപോലെ തന്നെയാണ് പ്രിയക്കും എന്റെ മക്കളോടുള്ള ആറ്റിറ്റ്യൂഡും ...! 
 2018 ജനുവരി മാസം  , തറവാട് പുരയെല്ലാം 
നല്ല  വിലയിൽ വിറ്റിട്ട് , മക്കൾക്കെല്ലാം ഷെയർ കൊടുത്ത ശേഷം ,ഒന്നൊര കൊല്ലമായി , പ്രിയ ടീച്ചർ  ടൗണിനടുത്ത്,  കണ്ണംകുളങ്ങരയിൽ ഒരു ഫ്‌ളാറ്റ് വാങ്ങി , ഏകാന്തപഥികയായി  ജീവിക്കുകയാണ് . 
ഈ ടീച്ചർക്കിന്ന് കൂട്ടിന് അതീവ കൃഷ്ണഭക്തിക്ക് പുറമെ ധാരാളം രോഗങ്ങളും , കണ്ണീരൊലിപ്പിക്കുന്ന ടി.വി.സീരിയലുകളും മാത്രം ...!

എന്ത് പറയാം എന്റെ ജീവിത തുലാസിൽ 
ലാഭങ്ങളുടെ നിറവിൽ ഒരു തട്ട് നിറഞ്ഞാടുമ്പോഴും , ഇത്തിരി മാത്രമുള്ള നഷ്ടങ്ങളായ - കടിഞ്ഞൂൽ പ്രണയം , ജന്മനാടിന്റെ മനോഹാരിതകൾ എന്നിങ്ങനെയുള്ള  തട്ട് എന്നും താഴ്ന്ന് തന്നെ കിടക്കുകയാണ് ...!  

ഞാനിതൊക്കെ തുറന്നെഴുത്തുന്നത് 
എന്തുകൊണ്ടെന്നാൽ, നമ്മുടെയൊക്കെ 
തുച്ഛമായ ജീവിതത്തിനിടയിൽ - എന്തൊക്കെ 
ഉണ്ടായാലും ,ഇല്ലെങ്കിലും  പ്രായഭേദമന്യേ പലരീതിയിലും 
ഒറ്റപ്പെട്ട്  പോകുന്നവർ ഇന്ന് ധാരാളമാണ് . അവരുടെയൊക്കെ 
ദു:ഖവും , സങ്കടവും വളരെ ദയനീയമാണെന്ന് പറയാനാണ് ...


സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ സ്നേഹവും ,സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 

പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും മറ്റും 
ഇന്നില്ല . ഇന്ന് എല്ലായിടത്തും ചെറിയ അണു കുടുംബങ്ങൾ  മാത്രം ...!

നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും  
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി ചിന്തിക്കാനാണ് ...!











ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന രണ്ട് മുൻ പ്രണയ കഥകൾ 
  • ഈ കടിഞ്ഞൂൽ പ്രണയ കഥയുടെ  ഒന്നാം ഭാഗം 

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...