Thursday, 23 July 2015

സെൽ മി ദി ഏൻസർ ... ! / Sell Me the Answer ... !

ഒരു രാജ്യത്തിന്റെ സാംസ്കാരിക തനിമകൾ തൊട്ടറിയുവാൻ അവരുടെ ടി.വി പ്രോഗ്രാമുകൾ ഒരാഴ്ച്ച വീക്ഷിച്ച് നോക്കിയാൽ മതിയെന്നാണ് പറയുന്നത് ...
ആ നാട്ടിലെ ടി.വി ചാനലുകളിൽ കൂടി അവതരിപ്പിക്കുന്ന വാർത്താ പത്രികകളിലൂടെ , ഡോക്യുമെന്ററികളിലൂടെ , ചരിത്ര - വർത്തമാന - രാഷ്ട്രീയ - സിനിമാ - കായിക വിനോദ കാഴ്ച്ചകളിലൂടെ ആ നാടിന്റേയും , നാട്ടുകാരുടേയും സ്പന്ദനങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുമത്രെ ...!

എന്നെപ്പോലെയൊക്കെയുള്ള ഇന്നത്തെ ഒരു ശരാശരി
സാധാരണക്കാർ , ഇത്തരം സ്ഥിരം കാണാറുള്ള ചാനലുകളിലെയൊക്കെ
നല്ലതും , ചീത്തയും , വാർത്താ പ്രാധാന്യമുള്ളതുമൊക്കെയായ കാര്യങ്ങൾ മിക്കതും ഊറ്റിയെടുത്താണ് അവരുടെയൊക്കെ സ്വന്തം ബ്ലോഗുകളിലടക്കം , പല സോഷ്യൽ
മീഡിയ സൈറ്റുകളിലും  , മറ്റ് പല വെബ് തട്ടകങ്ങളിലും ...
ആയതൊക്കെ കുറച്ച് പൊടിപ്പും , തൊങ്ങലും വെച്ച് പ്രദർശിപ്പിച്ച് അഭിപ്രായങ്ങളും , ലൈക്കുകളും , ഡിസ് ലൈക്കുകളും , ഷെയറുകളുമൊക്കെയായാണ് ഈ കാലഘട്ടത്തിൽ എന്നുമെന്നോണം അഭിരമിച്ചുകൊണ്ടിരിക്കുന്നു , എന്നത് ആർക്കാണ് അറിയുവാൻ പാടില്ല്യാത്തത് ..അല്ലേ.


അതായത് യാതൊരു വിധ പൊതു താല്പര്യ പ്രശ്നങ്ങളിലും നേരിട്ടിറങ്ങിച്ചെല്ലാതെ , തനി സോഫാ ഗ്ലൂ കുട്ടപ്പന്മാരും , കുട്ടപ്പികളുമായി മുറിയിൽ അടച്ചിരുന്ന് രാഷ്ട്രീയത്തേയും , സാഹിത്യത്തേയും, മതത്തേയും, സേവനങ്ങളേയുമൊക്കെ പറ്റി ഘീർവാണം പോലെ , ഘോരഘോരം വാചക കസർത്തുക്കൾ മാത്രം നടത്തുന്നവർ ...!


അതൊക്കെ പോട്ടെ
ഇനി നമുക്ക് പറയുവാൻ പോകുന്ന
ടി.വി പ്രോഗ്രാമുകളിലേക്ക് കടന്ന് ചെല്ലാം...

അലങ്കാരങ്ങളായി കൈയ്യിലും , കാലിലും , കഴുത്തിലും , കാതിലും
മൂക്കിലുമൊക്കെ ആഭരണങ്ങളാൽ അണിയിച്ചൊരുക്കി, ആഡംബര ജീവിതം
നയിച്ച് പോരുന്ന അമ്മായിയമ്മ കം മരുമകൾ കുടുംബങ്ങളെ ചിത്രീകരിച്ച് , അവർ
തമ്മിലുള്ള പോരുകളും , ചേരി തിരിവുകളും , കോന്തൻ ഭർത്താവുദ്യോഗസ്ഥന്മാരെയുമൊക്കെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റി മാറ്റിയിട്ടിട്ടുള്ള തനി മിഴിനീർ പ്രവാഹമൊഴുകുന്ന  കാക്ക തൊള്ളായിരം സോപ്പ് സീരിയലുകൾക്കിടയിൽ , വല്ലപ്പോഴും കാണിക്കാറുള്ള ഗെയിം / ടാലന്റ് റിയാലിറ്റി ഷോകളാണ് , ഇന്നത്തെ ടി.വി പരിപാടികളിൽ ചിലതൊക്കെ പ്രേഷകർക്ക് ശരിക്കും വിനോദവും വിജ്ഞാനവും വിളമ്പി കൊടുക്കുവാറുള്ളത് എന്നത് ഒരു സത്യം തന്നേയാണല്ലോ ...




ഇതിപ്പോൾ പറയുവാൻ കാരണം മിനിഞ്ഞാന്ന് ,  ഏഷ്യാനെറ്റിൽ അവതരിപ്പിച്ച
സെൽ മി ദി ഏൻസർ ‘ എന്നൊരു ടാലന്റ് ഷോ കാണാൻ ഇടയായി. 10 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകിയാൽ , ആയതിൽ പങ്കെടുക്കുന്ന ആൾക്ക് , പരിപാടിയിൽ പടി പടിയായി 50 ലക്ഷം രൂപയിൽ മേലെ സ്വന്തമാക്കാവുന്ന , പൈസ സ്വരൂപിക്കാവുന്ന മത്സര പരിപാടിയാണിത്.
അഥവാ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ , ഉത്തരങ്ങൾ വിലക്ക്
വിൽക്കുവാൻ അവിടെ ആ സദസ്സിൽ സന്നിഹിതരായിരിക്കുന്ന 42 ട്രേയ്ഡേയ്സിൽ
നിന്നും വിലകൊടുത്ത് ഉത്തരങ്ങൾ വാങ്ങാവുന്ന ഒരു ഏർപ്പാടും ഈ പരിപാടിയിൽ ഉണ്ട്.

അതായത് പങ്കെടുക്കുന്ന 'കണ്ടസ്റ്റെൻസി'നേക്കാൾ പൈസ , ശരിയായ
ഉത്തരം വിപണനം ചെയ്യുന്നവർക്ക് വിറ്റ് , വിറ്റ് ഉണ്ടാക്കാം എന്നർത്ഥം , അഥവാ ശരിയുത്തരമല്ലെങ്കിൽ പോലും വിപണനം ചെയ്യുന്ന ആളടക്കം വാങ്ങുന്ന ആളും പരിപാടിയിൽ നിന്നും പുറത്തായാലും  , വിറ്റു കിട്ടിയ കാശ് സ്വന്തമാക്കുവാൻ  പറ്റുന്ന അവസ്ഥ ... !

അന്നത്തെ പരിപാടിയിലെ കണ്ടസ്റ്റന്റ് ഉത്തരങ്ങൾ വില പേശി വാങ്ങി വാങ്ങി പങ്കെടുത്ത 5 ചോദ്യങ്ങൾ വരെ താണ്ടി , പിന്നത്തെ 2ലക്ഷത്തിന്റെ ചോദ്യം ... 'വയലാർ അവാർഡ്'നേടിയ മലയാളത്തിലെ ഒരു കൃതിയുടെ പേര് പറഞ്ഞ്  അതിന്റെ രചയിതാവ് ആരായിരുന്നു എന്നാണ് ഉത്തരം പറയേണ്ടത് ...

 കോളേജുകളിൽ മലയാളം അദ്ധ്യാപികമാരായവർ തൊട്ട് , ഡോക്ട്ടറും ,
പി.എസി.സി ട്യൂട്ടറും , എഞ്ചിനീയറുമൊക്കെയുള്ള ഉത്തരം വിപണനം ചെയ്യുന്ന
സദസ്സിൽ നിന്നും , ഈ ചോദ്യത്തിന് ഉത്തരം പറയുവാൻ , ആകെ ഒരാൾ മാത്രമാണ്
മുന്നോട്ട് വന്നത് . എന്നിട്ടോ തെറ്റായ ഉത്തരം, വിലപേശി വിറ്റിട്ട് ,  ഒരു ലക്ഷം പക്കലാക്കി ഒരു ഉളുപ്പുമില്ലാതെ മൂപ്പരും , പങ്കെടുക്കുന്ന ആളും പുറത്തായി പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത വിഷമം തോന്നി ...

മലയാള സാഹിത്യത്തിലെ പലതിനെ കുറിച്ചും കാര്യമായൊന്നും
അറിവില്ലാത്ത നമ്മുടെയെല്ലാം , തനി പ്രതിനിധികൾ തന്നെയായിരുന്നു
‘സെൽ മി ഏൻസർ ‘ വിൽക്കുവാൻ വന്ന ആ വമ്പൻ വില്പനക്കാരെല്ലാം...!

തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ കഥകളും , അനുഭവങ്ങളുമൊക്കെയായി ,
വളരെ നല്ല രീതിയിൽ തന്നെ ഈ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന മുകേഷ് ,
അന്നത്തെ പരിപാടിക്ക് ശേഷം സൂചിപ്പിച്ചത് ഇതാണ് ...

‘മലയാള ഭാഷ സാഹിത്യത്തോടുള്ള മലയാളിയുടെ
ഇന്നത്തെ അവഗണന മനോഭാവം മാറ്റിയെ മതിയാവു എന്നതാണ് ..”

എത്രമാത്രം സാങ്കേതിക വിദ്യ ഉന്നതിയിലെത്തിയെങ്കിലും
മലയാള ഭാഷ സാഹിത്യത്തിലൊന്നും ഇന്ന് ഒട്ടുമിക്ക മലയാളിക്കും
പരിജ്ഞാനമില്ലാതായി കൊണ്ടിരിക്കുന്നു എന്ന ദു:ഖകരമായ വാസ്തവം ... !

കഷ്ട്ടം  തന്നെ അല്ലേ

അതെങ്ങിനെ വായനയെ തഴഞ്ഞ് , സോഷ്യൽ നെറ്റ് വർക്ക്
സൈറ്റുകളിലും , ടി.വി പരിപാടികളിലേക്കും മാത്രം ഒതുങ്ങി കൂടിയിരിക്കുകയാണല്ലോ
ഇന്നത്തെ പുത്തൻ മലയാളി സമൂഹം ..അല്ല്ലേ

പിന്നെ ഏത് ആഘോഷ വേളകളിലും അല്ലായ്ത്തപ്പോഴും
ഒട്ടുമിക്ക ടി.വി. പരിപാടികളിലെല്ലം  പങ്കെടുക്കുന്നത് സിനിമാ
- സീരിയൽ - രാഷ്ട്രീയ തലതൊട്ടപ്പന്മാരല്ലാതെ മേമ്പൊടിക്ക് പോലും
ഒരു കവിയേയോ , സാഹിത്യകാരനെയോ , സാംസ്കാരിക നായകനേയോ
കാണിച്ചാൽ ചാനലിന്റെയൊക്കെ വ്യൂവർഷിപ്പ് റേറ്റ് കുറഞ്ഞ് പോകില്ലേ..!


നമ്മുടെ നാട്ടിൽ ഇന്ന് സമ്പ്രേഷണം നടത്തി കൊണ്ടിരിക്കുന്ന  ഏതൊരു നല്ല കണ്ണീർ സീരിയലായാലും , ടാലന്റ് / ഗെയിം റിയാലിറ്റി ഷോയായാലും , ആയതിലെ  ഭൂരിഭാഗവും അന്യ നാടുകളിൽ / ഭാഷകളിൽ ഹിറ്റായവയായിരിക്കും...!

ഇനി എന്നാണാവോ നമ്മൾ സ്വന്തമായി ക്രിയേറ്റ് ചെയ്ത ഇത്തരം
ഒരു കിണ്ണങ്കാച്ചി പരിപാടി അന്യദേശക്കാർ / ഭാഷക്കാർ പകർത്തിയെടുത്ത്
അവരുടെ നാട്ടിൽ അവതരിപ്പിക്കുക..?
ചുമ്മാ ഒരു പകൽക്കിനാവ് കാണാമെന്ന് മാത്രം .. !



ഈ പരിപാടിയും ഇതുപോലെ തന്നെ 2010 കാലഘട്ടങ്ങളിൽ
സ്കൈ ചാനൽ  ഒന്നിൽ അവതരിപ്പിച്ചിരുന്ന ബ്രിട്ടീഷ് ഗെയിം ഷോ ആയ
‘Sell Me the Answer 'എന്ന പരിപാടിയുടെ സ്വതന്ത്ര ആവിഷ്കാരമാണ്,
എങ്കിലും  അതിലെ ഉത്തരം വിൽക്കുന്ന ട്രേയ്ഡേയ്സെല്ലാം , ‘വലിയ‘ സംഖ്യയെങ്ങാനും
ഒരു തെറ്റുത്തരത്തിന് കൈപറ്റിയെങ്കിൽ , പിന്നീട് ആ തുകയൊക്കെ വല്ല ചാരിറ്റിക്കുമൊക്കെ കൈ മാറിയ ചരിത്രമാണുള്ളത് ...

അല്ലാതെ എന്നെ പോലെയുള്ള ഒരു തനി മലയാളിയെ
പോലെ കിട്ടിയത് കീശേലാക്കി ,  ഒരു ഉളുപ്പു മില്ലാതെ മുങ്ങുന്ന
ഇത്തരം ഇടപാടുകൾ യൂറോപ്പ്യൻസിന്റെയിടയിൽ അങ്ങിനെ ഇല്ല കേട്ടൊ

എന്തിന് പറയുവാൻ ...

എന്നുമെന്നോണം നമ്മുടെ മത പുരോഹിത
രാഷ്ട്രീയ മേലാളുകളെല്ലാവരും കൂടി  , നമ്മുടെ മുന്നിലിട്ട്
കാട്ടിക്കൂട്ടുന്നതും ഇത്തരം വേണ്ടാത്ത കുണ്ടാമണ്ടികൾ തന്നെയല്ലേ ...
മുമ്പേ നടക്കും ഗോവുതൻ പിമ്പേ നടക്കും ... ബഹുഗോക്കളെല്ലാം ... !




കടപ്പാട് :- 
ഈ കുറിപ്പുകളിൽ ചേർത്തിട്ടുള്ള ചിത്രങ്ങളും , 
വീഡിയോകളുമൊക്കെ  Asianet TV &Sky TV
ചാനലുകളുടെ Sell Me the Answer  പരിപാടികളുടെ 
ബ്ലോഗ് സൈറ്റുകളിൽ നിന്നും എടുത്തിട്ടുള്ളതാണ്

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...