Monday, 22 June 2009

ട്വന്റി - 20 സ്റ്റില്‍ നോട്ട് ഔട്ട് ...! / Twenty- 20 Still Not Out ...!

ഇംഗ്ലണ്ടിൽ നടക്കുന്ന 2009 ലോക കപ്പ്  ക്രിക്കറ്റിലെ ട്വന്റി -20 മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പു തന്നെ ഇവിടത്തെ
വാതുവെപ്പു ക്ലബ്ബുകളിൽ  ഇത്തവണ കറുത്ത കുതിരകളായി വന്നത് അയർലണ്ടും, പാകിസ്ഥാനുമാണ് ...
സെമിയിലെത്തുമെന്ന് പ്രതീക്ഷിച്ച് വാതു വെച്ചവർ ഭൂരിഭാഗം തെരെഞ്ഞെടുത്ത ഇന്ത്യ, ശ്രീലങ്ക, ആസ്ത്രേലിയ, ദ:ആഫ്രിക്ക മുതൽ ടീമുകൾ തോറ്റു പോകുന്ന കളികളാണ് നാം കണ്ടത് . 
യഥാർത്ഥ  കളികളെക്കാള്‍ 
കെങ്കേമമായ കളിച്ചു തോൽക്കലുകൾ ...!
അതാണ് വാത് വെപ്പ് പന്തയക്കാരുടെ   കളിപ്പിക്കലുകൾ....
കോടികൾ കൊണ്ട് വമ്പൻ മാഫിയകളായ ബെറ്റിങ്ങ് ക്ലബ്ബുകൾ നടത്തുന്ന കള്ള കളികൾ...!


പണം, പെണ്ണ്, വിരട്ടൽ, .. ..അങ്ങിനെ കുറെയേറെ പിന്നാമ്പുറ കളികളിലൂടെ ആരു ഗോളടിക്കണം, ആർക്ക് ഹാട്രിക് കിട്ടണം  , സ്വെഞ്ചറി നേടണം വിക്കറ്റ് വീഴ്ത്തണം , പുറത്താവണം എന്ന് വരെ എല്ലാം നിയന്ത്രിക്കുന്ന ഇത്തരം മുന്തിയ പന്തയ കമ്പനികൾ - ആഗോള കളിക്കളങ്ങളിലെ ലോക തമ്പുരാക്കന്മാരാണ്...!

കളിക്കളങ്ങളിൽ മാത്രമല്ലല്ലൊ ഇത്തരം പിന്നാമ്പുറ കളികൾ ഉള്ളത് ,നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇത്തരം ജീവിത ലീലകൾ ധാരാളം നടന്നുകൊണ്ടിരിക്കുന്നുണ്ടല്ലൊ ..അല്ലെ .

അതായത്  ഞാൻ പറഞ്ഞുവരുന്നത് ഞങ്ങളുടെ ജീവിതത്തിലെ ഒരു ട്വന്റി -ട്വന്റി കളിയെ കുറിച്ചാണ്...
ചെറുപ്പത്തിലെ പെമ്പിള്ളേരുമായി കുറച്ചു സോഷ്യലായി നടന്നതിന് ;
അത് സയൻസാണെന്നു പറഞ്ഞ് കാരണവന്മാർ ;
എന്റെ നല്ല നടപ്പിനുവേണ്ടിയാണെന്നും കൂട്ടി , ചെറു പ്രായത്തിലെ പിടിച്ചു പെണ്ണ്  കെട്ടിപ്പിച്ചു... !


എന്റെ പൊന്നെ , അതിന്റെ ഇരുപതാം ആനിവേഴ്സറിയാ ഇപ്പോൾ പ്രവചനാതീതമായ ഞങ്ങടെ ഈ ജൂൺ 25 നുള്ള Twenty -20 മത്സരം....

എനിക്ക് ക്രിക്കറ്റുമായിട്ടു വലിയ ബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും എനിക്കും ഒരേദിവസമാണ് ഹാട്രിക്  കിട്ടിയെതെന്നു പറയാം ; പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത് എന്നുള്ളതും ഒരു പ്രത്യേകതയാണ്....
കളി വേറെയായിരുന്നെന്നുമാത്രം ...!


എന്റെ സുന്ദരിയായ ഭാര്യയ്ക്കാണെങ്കിൽ കുറച്ചു കായിക കമ്പം കൂടുതലായകാരണം വാർഷിക  സമ്മാനമായി അവള്‍ ആവശ്യ"പ്പെട്ടത് Twenty -20 കളിയിവിടെ നടന്നു കൊണ്ടിരിക്കുന്ന 'ഓവലി'ല്‍ നേരിട്ടു പോയൊന്നുകാണണം .
വളരെ നല്ലൊരു പതിയായ ഞാനത് സാധിപ്പിച്ചു കൊടുക്കുകയും ചെയ്തു കേട്ടോ ....

കഴിഞ്ഞ വാര്‍ഷികത്തിന് അവള്‍ Wimbeldon ടെന്നീസ് കളി  കാണണമെന്നു പറഞ്ഞതനുസരിച്ച് ഞങ്ങള്‍ പട്ടിയും നായയും  പൂരം കാണാന്‍ പോയ പോലെ വിംബിൾഡൺ ടെന്നീസ് കളി കാണാൻ പോയി , ആ കളിക്കളത്തിന്റെ പുറത്ത് ചുറ്റിത്തിരിഞ്ഞു  മടങ്ങിവന്നതും ഒരു  വാർഷികക ചരിതം തന്നെയായിരുന്നു ...!

ഔ...വമ്പന്മാരുടെ ആ കളി കാണാന്‍ ടിക്കെറ്റെടുക്കുവാൻ വീടും ,പറമ്പും വിൽക്കണ്ടി വരും !
എന്തുചെയ്യാം കിട്ടാത്ത മുന്തിരി ഈ ലണ്ടനിലും  പുളിയ്ക്കും എന്ന് മനസ്സിലാക്കി എന്ന് മാത്രം ...

ദേ.. എന്റെ പെണ്ണൊരുത്തി അപ്പുറത്തിരുന്ന് 
ഫോണില്‍ കൂടി നാട്ടിലുള്ള അമ്മായിയമ്മയോട് പുന്നാര ഭാര്‍ത്താവിന്റെ
ഗുണഗ ണങ്ങള്‍ വര്‍ണിക്കുകയാണ്...

"അമ്മേ..പ്പൊരു  പുത്യേ സൂക്കേട് തൊടങ്ങീട്ട്ണ്ട്  ....എപ്പളും കമ്പ്യുട്ട്ര്‍ന്റെ മുംപിലങ്ട്  കുന്തം  പോലിരുന്ന്  ഒരു ബ്ലോഗല് .....ബിലാത്തിപ്പട്ട്നാത്രേ ...ബിലാത്തി പട്ടണം ...!"

"ഒരു മണിക്കൂറ് പോയാല് .... എത്ര പൌണ്ടാപ്പുവ്വാന്നറിയോ ..?
ഇതിന്റെ മുമ്പിലിരുന്ന് കുത്ത്യാ എന്തുട്ട്  ത്യേങ്ങ്യ്യാ ..കിട്ടാ ന്നെനിക്കറിഞ്ഞൂ...ടാ  ? "
ഭാഗ്യം... !

നാട്ടിലുള്ള ചൂല് , ഉലക്ക , ചെരമുട്ടി ....മുതലായ പെണ്ണുങ്ങള്‍ ഉപയോഗിക്കുന്ന
മാരകായുധങ്ങള്‍ ഒന്നും ഇവിടെയില്ലത്തത് ..
പക്ഷെയൊന്നു മനസ്സു വെച്ചാല്‍ 'എ.ക്കെ.ഫോർട്ടി സെവൻ' മുതല്‍ ഏത് സൈസ്സിലുള്ള കുഞ്ഞി തുപ്പാക്കി വരെയിവടെകിട്ടും ......എന്റമ്മോ ...!

ഫോണ്‍ വിളിയിനിയിങ്ങനെ ഏതാണ്ട് ഒരുമണിക്കൂര്‍ മേലെ
തുടരാൻ സാധ്യയാണ് കാണുന്നത്..


ഇതെല്ലാം കേട്ടില്ലെന്നു നടിച്ച് ,ഇവിടെ എല്ലാ പെട്ടിക്കടകളിൽ നിന്നും ഓഫറിൽ വാങ്ങിച്ചു നിറച്ചു വെച്ച , സ്വന്തം ബാറു തുറന്ന്
രണ്ടു നിപ്പന്‍ പിടിപ്പിച്ച്  സുഖായിട്ട് പത്മാസനത്തില്‍ , ഒന്നു ധ്യാനിക്കാന്‍ ഇരുന്നു ....

ഇതൊക്കെയാണ് ഇരുപത് കൊല്ലം ഞങ്ങൾ ഒന്നിച്ചുവാണപ്പോൾ കിട്ടിയ Art of Living with Miserable Life എന്ന ബാല പാഠങ്ങൾ കേട്ടോ കൂട്ടരെ 


മെഡിറ്റേഷൻ ചെയ്‌തപ്പ്യോ ഹായ്‌ ....ദാ ഒരുഗ്രന്‍ ശ്ലോകം തലയിൽ മുള പൊട്ടി വരുന്നു ...
അതിങ്ങട് എട്ത്തിവിടെ   കാച്ചാല്യോ ...
എന്നാൽ പൂശാം ...ദാ നോക്ക് 



ഇരുപാതാണ്ടുകൾ പിന്നിട്ട ദാമ്പത്യം 


ഇരുപാതാണ്ടു മുമ്പുചൊല്ലിയേവരും തികക്കില്ലയിവർ ,
ഇരുപതുമാസമ്പോലു മീദാമ്പത്യം നേരാംവഴിയിലും .
ഇരുത്തമില്ലാ യുവമിഥുനങ്ങളായി തിമർത്തു ഞങ്ങൾ-
ഇരുനൂറുദിനങ്ങൾ മധുവിധു രാവുകളായി മാത്രം !

ഇരുപതുവർഷങ്ങൾ വെറും മധ്യലഹരി തൻ കുപ്പികൾ ,
ഇരുന്നും,നിന്നും,കിടന്നും,നടന്നുമോടിയും കുടിച്ചിട്ടാ -
ഇരുപതെണ്ണം മത്തുപിടിപ്പിച്ചിട്ടൊഴിഞ്ഞ പോൽ തീർന്നല്ലോ ;
ഇരുവരും പ്രണയത്താൽ മോഹന സ്വപ്നങ്ങൾ നെയ്തുവല്ലോ !

ഇര മൃഗത്തിനെന്ന പോലെ നായാടി നറും പ്രണയത്തെ ;
ഇരന്നു വാങ്ങി-മോഹങ്ങൾ , നിമിഷ ലഹരി സുഖങ്ങളാൽ !
ഇരുണ്ട പകലിലും, രാവിലും, പൂവണിഞ്ഞില്ലാ മോഹങ്ങൾ ;
ഇരുട്ടിൽ വെളിച്ചംതേടും കണക്കെ പാഴായി പോയീടുന്നൂ...


ഇരിക്കാനുത്തമ ജോലികൾ,  വാസത്തിനായി ഒരു വീടും
ഇരുവരും ഇണകളായി മദിച്ചു ജീവിച്ചു  ഇരുപതാണ്ടുകൾ  ...
ഇരുണ്ട സ്വപ്നങ്ങൾ മദ്യം പോൽ കയ്പ്പേറിയതു തന്നെയാണ്,
ഇരുണ്ട ഈ ഭാവിയിലും ,പുതു സ്വപ്നങ്ങൾക്കെന്നും കടും ലഹരി.


ഇരുമക്കൾതൻ പാല്പുഞ്ചിരി-ശൈശവ ലീലവിലാസങ്ങൾ ;
ഇരുമക്കളുടെ ബാല്യകൌമാര വളർച്ചകൽ...ലഹരി !
ഇരുപതുകളിലെ യൌവ്വനമെന്നപോൽ ഞങ്ങളിരുവർ
ഇരുത്തത്തോടെ കാമിച്ചു ബഹുകേമമായി വാഴുന്നിതാ...


ദേ ..അവള്‍ എന്റെയൊരെയൊരു ഭാര്യ ; കുളിച്ചുകുട്ടപ്പിയായി സുഗന്ധ ലേപനം പൂശി ,ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്നപോലെ എന്നെ മുട്ടിയുരുമി ഈ കസേര കൈയി ലിരുന്ന് 
'ടി .വി'യിലെ പരിപാടി ചുമ്മാ നോക്കികൊണ്ടിരിക്കുകയാണ് ...

അല്ലാ ...ഞങ്ങളുടെ ഇരുപതാം വിവാഹ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ഇന്നു മുതലുള്ള മൂന്നാല് അവധി ദിനങ്ങൾ 

എല്ലാം 'ട്വന്റി -ട്വന്റി' കളികൾ ...
എന്നാ ശരി ; പിന്നെ കാണാം ; ശുഭരാത്രി .

ബൈ ......ബൈ ......




എനിക്ക് ഉത്തേജന മരുന്നായി കുറച്ചഭിപ്രായങ്ങൾ തരുമല്ലൊ ...അല്ലെ ..

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...