Thursday, 18 June 2009

ജൂണാമോദങ്ങൾ ... ! / Joonaamodangal ...!

ചിരകാല സ്മരണകളായി ഓർമ്മയിലെ മണിചെപ്പിൽ കാത്തുസൂക്ഷിക്കുന്ന അനേകം മറക്കാനാകാത്ത അനുഭവങ്ങൾ ഓരോരുത്തർക്കും സ്വന്തമായി ഉണ്ടാകും... അല്ലേ.
എന്നെ സംബന്ധിച്ചുള്ള ഇത്തരം വിസ്മരിയ്ക്കാത്ത ഒട്ടുമിക്ക വിശേഷങ്ങളും , മുഴുവൻ ഉണ്ടായിട്ടുള്ളത് ജൂൺ മാസത്തിലാണ് ...!

അതെ പുതുമഴയും,  പുതു മണ്ണിൻ മണവും, കാല വർഷവുമെല്ലാം മനസ്സിനുള്ളില്‍ എന്നും ഓടി കളിച്ചുകൊണ്ടിരിക്കുന്ന എടവപ്പാതി കാലങ്ങളുള്ള ജൂൺ മാസം ...

ഇപ്പോൾ എന്റെ കണിമംഗലം 
ഗ്രാമത്തിന്റെ പട്ടണ പ്രവേശത്തോടൊപ്പം... പണ്ടവിടെയുണ്ടായിരുന്ന തൊടിയും, കുളങ്ങളും,കാവുകളും ഇപ്പോൾ അപ്രത്യക്ഷമായെങ്കിലും...
ഇപ്പോഴും ആ പഴയ കാല  മനോഹരമായ ഗ്രാമ ഭംഗികളായ മുത്തങ്ങപ്പുല്ലും, തുമ്പപ്പൂവും, കണിക്കൊന്നയും, കോളാമ്പി പൂക്കളും, ചെമ്പരത്തി പൂക്കളുമൊക്കെ നിറഞ്ഞുനിൽക്കുന്ന തൊടികളും ,കോഴിയും ,താറാവും ,ആടും, മാടുമൊക്കെയായുള്ള ഭവനങ്ങൾ  ... 
പോരാത്തതിന്   ചെമ്പക  മരങ്ങളും  , കുടംപുളി മരങ്ങളും , വാളൻ പുളിയും , കശുമാവും , മാമ്പഴക്കാടും , കവുങ്ങിൻ തോപ്പുകളും ,
തെങ്ങിൻ തോട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന പുരയിടങ്ങൾ ...
പിന്നെ പച്ചക്കറി നട്ടുവളർത്തുന്ന ഞാറ്റു 
പാടങ്ങളും ,  നെൽപ്പാടങ്ങളും കുളങ്ങളും, തോടുകളും നിറഞ്ഞ കോൾപ്പടവുകൾ മുതലായ സംഗതികളൊക്കെ ഇന്നും മനസ്സിനുള്ളിൽ തളിരിട്ടു നിൽക്കുകയാണ്...
ആദ്യമായി അച്ഛന്റെ കൈപിടിച്ച്‌ 
കസ്തൂര്‍ബ ബാല ഭവനില്‍ പോയതും...
സൈക്കിളിന്റെ മുന്നിലെ കുട്ടി സീറ്റില്‍ പറ്റി പിടിച്ചിരുന്നു നെടുപുഴ ഗവ:എല്‍.പി .സ്കൂളില്‍
പഠനം ആരംഭിച്ചതും... 
പുള്ളുവത്തിയും പുള്ളുവനും കൂടി  കുടവും- വീണയും മീട്ടി നാവേറു പാടുന്നതും,
തക്കുടത്ത വളപ്പിലെ കാളത്തേക്കിനിടയിലെ ആണി ചാലിലെ കളികളും, കണിമംഗലത്തെ അശ്വതി വേലയിലെ പൂതം കളിയിലെ ഭൂതത്തെ കണ്ട് പേടിച്ചോടിയതും ,..., ...., ...,....
അങ്ങിനെയെത്രയെത്ര ബാല്യകാല സ്മരണകള്‍ മറവിയില്‍ നിന്നും വിട്ടുമാറാതെ മനസിലിങ്ങനെ അലയടിച്ചടിച്ചു കിടക്കുന്നൂ ...!


അതു പോലെ തന്നെ അന്നത്തെ നിറമേറിയ കൌമാര സ്വപ്‌നങ്ങളും , കടിഞ്ഞൂല്‍ പ്രണയവും, തീഷ്ണതയേറിയ യൌവ്വന വീര്യ പരാക്രമങ്ങങ്ങളുമൊക്കെ ...എങ്ങനെ മറക്കും ...?


ഇതെല്ലാം തന്നെ മറക്കാനാകാത്ത ഓര്‍മകള്‍ ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് ...
അതെ ഇത്തരം പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം കുറിച്ചത് എന്തുകൊണ്ടോ ജൂണ്‍ മാസത്തിലാണ് ... !

ജനനം , പഠനം , പ്രണയം , വിവാഹം , ജോലി,. മക്കളുടെ പിറന്നാളുകൾ  മുതൽ വിദേശ വാസം വരെ പരുപാട് കാര്യങ്ങൾ ...

ദി ജനുവിന്‍ ജൂണ്‍ ... !



പാശ്ചാത്യരുടെ റോമൻ ഇതിഹാസങ്ങളിലെ  ദൈവങ്ങളുടെ രാജ്ഞിയായ 'ജൂണൊ ദേവത'യിൽ നിന്നാണ് ഈ മാസത്തിന് ജൂൺ എന്ന പേരുണ്ടായതെന്ന് പറയുന്നു . സാക്ഷാൽ ജൂപിറ്റർ ദേവന്റെ കെട്ട്യോളാണെത്രെ ഈ ജൂണൊ ദേവത... 

കല്യാണങ്ങളുടെ ദേവതയായ ഈ ദൈവ ചക്രവർത്തിനി നമ്മുടെ നാട്ടിലെ ശ്രീമുരുകനെ പോലെ മയിൽ വാഹനത്തിലേറി  പറന്നു വന്നാണ് വധൂവരന്മാരെ ആശീർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുക എന്നാണ് പറയുന്നത് . 
വിവാഹങ്ങൾ മാത്രമല്ല ,കുടുംബം ,ജനനം ,കുട്ടികൾ എന്നീ വിഭാഗങ്ങളുടെ 'ഡിപ്പാർട്ട്മെന്റ് ഹെഡ് 'കൂടിയായിരുന്നു ഈ ദൈവത്തി ...! 
ഗ്രീക്ക് പുരാണത്തിലെ സിയൂസ് ദേവന്റെ പത്‌നിയായിരുന്ന 'ഹേര ' യും ഈ ജൂണൊ ദേവത തന്നെയാണെന്നാണ്  പറയുന്നത് ...


ഇനിപ്പ്യോ മ്ടെ സ്വന്തം കാമദേവന്റെ പെർമനന്റ് ഗെഡിച്ചിയായ രതീദേവിയും  ഈ തമ്പുരാട്ടി തന്നെയായിരിക്കുമൊ എന്നൊരു ഡൗട്ടുണ്ടെനിക്ക് ...?
അല്ലാണ്ട് കാമത്തിന്റെയും പ്രേമത്തിന്റെയും പ്രതീകമായ സൗന്ദര്യ ദേവന് ഇത്തരം സംഗതികളിൽ ഇത്ര നിപുണതകൾ കൈ വരുവാൻ സാധ്യതയില്ലല്ലോ...അല്ലെ ...! 

അതൊക്കെ പോട്ടെ എന്റെ ജൂണാമോദങ്ങൾ എല്ലാം  കൂടി ഒരു പദ്യത്തിലങ്ങട് പെടച്ചാലൊ ...

ഒരു കവിതയായൊന്നും 
ഇതിനെ ഒട്ടും കൂട്ടരുത്...കേട്ടോ.


ജൂണാമോദങ്ങള്‍


ജൂണിലന്നൊരു ഇടവക്കൂറിൽ,  മിഥുനം രാശിയിൽ..
ജുണോദേവനുടെ നാളിൽ,  ഗജ കേസരി യോഗത്തിൽ ,
ജൂണിലന്നാമഴ സന്ധ്യയിൽ പിറന്നു വീണവനീ ഞാൻ 
ജൂണിൽ അമ്മിഞ്ഞിപ്പാലിൻ രുചിയറിഞ്ഞൂ അമൃദു പോൽ...

ജൂണിലാദ്യമായി പുതു വേഷങ്ങളണിഞ്ഞതും,
ജൂണിലാദ്യാക്ഷരം പഠിച്ചു , പുതു കേളികളും ;
ജൂണിൽ പുതു പാഠശാലകള്‍, പുതു ബിരുദങ്ങൾ ;
ജൂണിലാദ്യ പ്രണയമൊപ്പമാ  വേർപ്പാടിൻ നൊമ്പരം..

ജൂണിലാദ്യ ജോലി,  ശമ്പളം,  ജന സേവനങ്ങൾ ,
ജൂണിലെ മഴയും, രാവും ഇണകളുമിഷ്ട വിഭവങ്ങൾ ...
ജൂണിലല്ലയോ മാംഗ്യല്ല്യമാം - ആണിയിൽ തറച്ചതെന്നെ 
ജൂണിൽ അചഛ്നും, അമ്മാവനുമായതിൽ അത്ഭുതം ..!

ജൂണിൽ തന്നെ വിദേശവാസം, സ്വഗൃഹ പ്രവേശം ...
ജൂണിലെ കൂണു പോൽ തഴച്ചു വളർന്നു ഞാനെന്നുമെന്നും..
ജൂണിലെ മകൾ-മകൻ തൻ പിറന്ന നാളുകൾ , ആമോദങ്ങൾ ..
ജൂണഴകിലങ്ങിനെ ജഗജില്ലിയൊരുവനായി  വാഴുന്നിങ്ങനെ ഞാനും ..!







ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...