Showing posts with label ഡിജിറ്റൽ ഡയറി കുറിപ്പുകൾ .... Show all posts
Showing posts with label ഡിജിറ്റൽ ഡയറി കുറിപ്പുകൾ .... Show all posts

Thursday, 10 January 2013

ബൂലോക അരമന രഹസ്യം അങ്ങാടി പാട്ട് ... ! / Booloka Aramana Rahasyam Angati Pattu ... !

Thursday 10 th January 2013 , 21.50 p.m

1978 -ൽ എട്ടാംക്ലാസ്സിലായിക്കുമ്പോഴാണ് ,
അന്ന് ബോമ്പെയിലുണ്ടായിരുന്ന വലിയമ്മാവൻ
ശബരിമലക്ക്പോകുവാൻ നാട്ടിലെത്തിയപ്പോൾ , അന്നന്നത്തെ
കാര്യങ്ങളും, മറ്റും കുറിച്ചുവെക്കുവാൻ നിർദ്ദേശിച്ച്  , എനിക്ക്
1979 - ലെ ഒരു പുത്തൻ ഡയറി സമ്മനിച്ചത്...
അങ്ങിനെ 79 -ൽ , തുടക്കം കുറിച്ച എന്റെ
ഡയറി കുറിപ്പുകൾ ഞാൻ ഇപ്പോഴും തുടർന്ന്
കൊണ്ടിരിക്കുകയാണ്...

തുടക്കത്തിലെ പത്ത് പതിനഞ്ച് കൊല്ലം ,
ഒരു ദിനചര്യയെന്നോണം തുടർന്ന എഴുത്തുകളെല്ലാം
പിന്നീട് വാരങ്ങളിലാക്കിയെങ്കിലും , ഇന്നുവരേയും ഓരൊ പുതുവർഷങ്ങളിലും , പുത്തൻ ഡയറികളിൽ എന്റെ സകലമാന ലീലാവിലാസങ്ങളും ...
 കാക്ക കോറുന്നപോലെയാണെങ്കിലും ഞാനെഴുതിയിടാറുണ്ട്...

കല്ല്യ്യാണ ശേഷം എന്റെ പെണ്ണൊരുത്തി , ഞങ്ങളുടെ മധുവിധു
പിരിയീഡിൽ എന്റെ ചില ഡയറികൾ എടുത്ത് വായിച്ച് തലചുറ്റി വീണതും,
പിന്നീട് ഒരു മാസത്തോളം അവളുടെ മോന്തായം കടന്നലുകുത്തിയ പോലെ ചീർത്തിരുന്നതും മാത്രമാണ് , ഈ ഡയറിക്കുറിപ്പുകൾ കൊണ്ടെനിക്ക് നേരിട്ട  ഒരു വിരോധാപാസം ...
അതുകൊണ്ടെന്തായി ...
അവളുടെ പിരീഡ്സ് പെട്ടൊന്നൊന്നും ,
തെറ്റിക്കുവാൻ എനിക്കൊട്ടും സാധിച്ചുമില്ല ...!

പക്ഷേ ഇക്കൊല്ലം ഞാൻ ഡയറി ഉപേക്ഷിച്ച് , ഡിജിറ്റലായി
‘ടാബലെറ്റി‘ലാണ് എന്റെ ഡയറി കുറിപ്പുകൾ ‘കീ-ഡൌൺ‘ ചെയ്യുന്നത്... 

ഒരുപാട് വർഷങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴിതാ 2012 ഉം 
അങ്ങിനെ നമ്മെളെയൊക്കെ വിട്ടുപിരിഞ്ഞ് പോയെങ്കിലും , 
പുത്തൻ പ്രതീക്ഷകളുമായി 2013 പടിവാതിൽ തുറന്ന് മുമ്പിൽ വന്ന് 
ാ പളിച്ച് നിൽക്കുകണ്

അത് എനിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന്പ്രതീക്ഷിക്കാം ..അല്ലേ

ഈ പുതുവർഷം പിന്നിട്ട് 10 ദിനങ്ങൾക്ക്
ശേഷം , ഒന്നിച്ച് ഓഫ് കിട്ടിയ , ഇന്ന് തൊട്ട്..
ആർമാദിച്ചടിച്ചുപൊളിച്ച 2013-ലെ ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ മുതൽ , അല്ലറ ചില്ലറ ചാര കളിയാട്ടങ്ങൾ
വരെ എഴുതിയിടുന്നതിന് മുമ്പ് ...

ഇനി ഈ ‘ടാബലെറ്റിനെ‘പറ്റിയൊക്കെ രണ്ട് മാസം
മുമ്പ് ഡ്രാഫ്റ്റായി  എഴുതിയിട്ടിരുന്ന ‘ഗുളികവിജ്ഞാനങ്ങൾ‘ ,
കുറച്ച് മോമ്പോടിയെല്ലാം ചേർത്ത് ബ്ലോഗിലെഴുതിയിട്ട് പബ്ലിഷ് ചെയ്യാൻ നോക്കട്ടേ...

Saturday 12 th January 2013 , 19.35 p.m

കഴിഞ്ഞ വർഷം 2012 മെയ് മാസാവസാനം തൊട്ട് ,
ഇനി മുതൽ ഏറ്റെടുക്കുവാൻ പോകുന്ന ജോലികളുടെ  നൂലാമാലകൾ
കാരണം , ‘അൺ ഓഫീഷ്യ‘ലായി ബൂലോഗത്ത് നിന്നും ലീവെടുത്ത് , ഈ
ബിലാത്തിപട്ടണത്തിന്റെ പടി വാതിൽ മെല്ലെ ചാരിയിട്ട് , ഡയമണ്ട് ജൂബിലി , ഒളിമ്പിക്സ്
മുതൽ ലണ്ടനുത്സവങ്ങൾക്കിടയിലേക്ക് സ്കൂട്ടായി പോയിട്ട് , ആയതിന്റെ തിരക്കൊക്കെയൊതുങ്ങി വീണ്ടും ആറ് മാസങ്ങൾക്ക് ശേഷം , എന്റെ ഈ ബൂലോഗ തിരു മുറ്റമായ ‘ബിലാത്തിപട്ടണ‘ത്തിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി...

ഏതോ ‘പോ-ഡാഡിക്കാർ‘ എന്റെ സൈറ്റ്
കൈയ്യേറി  അവിടെ കുടിയിരിപ്പ് തുടങ്ങിയിരിക്കുന്നു...!

അതായത് തീർത്തും ഫ്രീയായി മേഞ്ഞു നടക്കുവാൻ
ഗൂഗിളനുവദിച്ച എന്റെ തട്ടകതിന്റെ അവകാശം അവർ തട്ടിയെടുത്തിരിക്കുന്നു എന്ന് ...

എന്റെ ബൂലോഗ വിലാസവും മറ്റും ,
ജി-മെയിലിലേക്കും ,ജി-പ്ലസ്സിലേക്കും ഒതുങ്ങിക്കൂടി ...

ബിലാത്തിപട്ടണം സെർച്ച് ചെയ്താൽ
ഈ സൈറ്റ്  നിലവിലില്ലാ എന്ന വിജ്ഞാപനം... മാത്രം !

എന്ത് ചെയ്യാം
ഏഴ് ഡോളറോളം കൊടുത്ത് , അവരുടെ കൈയ്യിൽ നിന്നും
‘ബിലാത്തിപട്ടണം‘ വീണ്ടും എന്റെ പേരിലാക്കിയിട്ട്  , ലീവെടുത്ത
കാലങ്ങളിലെ , ലീലാ വിലാസങ്ങളൊക്കെ , നല്ല ലയ ലാവണ്യത്തോടെ തന്നെ
എഴുതിയിട്ടുവെങ്കിലും , എന്റെ ഒട്ടുമിക്ക ബൂലോഗ മിത്രങ്ങൾക്കും ,  വായനക്കാർക്കുമൊന്നും
പഴയ പോലെ നേരിട്ട് എന്റെ തട്ടകത്തിലേക്ക് , നേരെ ‘ഡയറക്റ്റാ‘യി കാലെടുത്ത് വെക്കുവാൻ സാധിക്കുന്നില്ല..?

അഗ്രിഗേറ്ററുകളിൽ നിന്നും , ഡേഷ് ബോർഡുകളിൽ നിന്നും
തീർത്തും അപ്രത്യക്ഷമായ ബിലാത്തി പട്ടണത്തിന്റെ  ഫേസ് ബുക്ക് ,
ഗൂഗ്ല് പ്ലസ് മുതലായവയിലെ , പരസ്യ വിളംബരങ്ങൾ കണ്ട് , ഈ പട്ടണത്തിന്റെ
പടിവാതിൽ ഉന്തിത്തള്ളി തുറന്ന് പ്രവേശിക്കുന്നവർ മാത്രം വായനക്കാരായി എത്തി എന്ന് മാത്രം ..!

എന്റെ തികച്ചും അജ്ഞാതമല്ലാത്ത ,
ഈ ബൂലോക കാടാറുമാസത്തിനുള്ളിൽ ,
എന്റെ മാത്രമല്ല , ഭൂമിമലയാളത്തിലെ പല
ബൂലോകരുടേയും തട്ടകങ്ങൾ  ബ്ലോഗ്ഗർ കോമിൽ
നിന്നും ചാടിപ്പോയി , ഗൂഗിൽ പ്ലസ്സിൽ ചേക്കേറിയപ്പോൾ...

ചില ബൂലോഗമിത്രങ്ങൾ
ബ്ലോഗർ കോമിലേക്ക് മടങ്ങി വരാതെ...
 അപ്പപ്പോൾ ഫലം കിട്ടിക്കൊണ്ടിരിക്കുന്ന
വിക്കിയിലും , ഗൂഗിൾ പ്ലസ്സിലും , മുഖ പുസ്തകത്തിലും  ചാറ്റിയും , ചീറ്റിയും
ഫണമുയർത്തി കളിച്ചുതിമർക്കുന്ന കാഴ്ച്ചകളാണ് ,  ഇമ്മിണി മാറ്റങ്ങൾ വന്ന ,
ഈ ഭൂമി മലയാളത്തിലെ സൈബർ ലോകത്തൊന്ന് , ആകെ വിശദമായൊന്ന് മുങ്ങി
തപ്പി നോക്കിയപ്പോൾ എനിക്ക് ദർശിക്കുവാൻ  കഴിഞ്ഞത്..!

എന്തുകാര്യവും പന്തുകളിയെ ഉപമിച്ച് , ഇവിടങ്ങളിൽ
സായിപ്പ് പറയുന്ന പോലെ, പല ബൂലോഗ ഇന്റെർനാഷ്ണൽ പ്ലേയേഴ്സും ...
ഫേമസ് ക്ലബ്ബുകളായ ഫേയ്സ് ബുക്ക് , ജി-പ്ലസ്സ് , വിക്കി ,... ,..മുതലായ ക്ലബ്ബുകളിലേക്ക്
ചേക്കേറി അവിടെ മാത്രം കളിച്ചുകൊണ്ടിരിക്കുന്ന സൂപ്പർ കാ‍ഴ്ച്ചകൾ..!

‘ന് ന്തേയ് കെട്ക്ക്ണില്ല്യേ...’
ദേ...മുകുന്ദേട്ടന്റെ സുമിത്ര വിളിക്കുന്നൂ ...? !
അപ്പോൾ ഇന്നത്തെ ഇനിയുള്ള എഴുത്തൊക്കെ സ്വാഹ :
ശുഭരാത്രി ..!

Monday  14 th January 2013 , 22.05 p.m 

1973 കാലഘട്ടങ്ങളിൽ സിംഗപ്പൂർ മലായാളിയായി
ലണ്ടനിലേക്ക് കുടിയേറിയ പീജി അങ്കിളിന്റെയും (പി.ജി.ഭാസ്കരൻ ) ,
ദമയന്തിയാന്റിയുടേയും കടിഞ്ഞൂൽ പുത്രൻ , അമേരിക്കൻ മലയാളി മങ്കയെ വേളി കഴിച്ച് , ഗ്രീൻ കാർഡ് സഹിതം , യു.എസിൽ  ഗൂഗിളിൽ വർക്ക് ചെയ്യുന്ന , യൂ.കെ ബോൺ & ബോട്ട് അപ്പ് ആയ 
ജോളി ഭാസ്കർ ആയിരുന്നു ഇന്നത്തെ എന്റെ വിശിഷ്ട്ടാതിഥി.

ലണ്ടനിലേക്ക് മാതാപിതാക്കളെ സന്ദർശിക്കുവാൻ
വന്ന വേളയിൽ , ലണ്ടനിൽ നിന്നും ലാത്തിയടിക്കുന്ന
ബൂലോഗനായ ബിലാത്തിപട്ടണത്തിന്റെ , അധിപനെ നേരിട്ട് പരിചയപ്പെടാമെന്നുള്ള ഉദ്ദേശശുദ്ധിയോടെ,  മലായാളി അസോസിയേഷനിലെ എന്റെ ഇടവകയിലുള്ള , ജോളിയുടെ പിതാവ് പീ.ജി അങ്കിൾ മുഖാന്തിരമാണ് ഈ മുഖാമുഖ കൂടിക്കാഴ്ച്ച തരപ്പെട്ടത്.

ഗൂഗിളിൽ മലയാള ഭാഷയടക്കം , ബൂലോഗകാര്യങ്ങളുടെ
വരെയുള്ള , പണിപ്പുരയിൽ പണിയെടുക്കുന്ന ജോളിയുമായി ; നല്ല
ജോളിയോടെയുള്ള ഒരു ഇടപെടലിന് അങ്ങിനെ ഈ ഉള്ളവന് തരപ്പെടുകയും ചെയ്തു..


ഇപ്പോൾ സജീവമായി രംഗത്തില്ലെങ്കിലും , മലയാളത്തിൽ
ഗൂഗിളിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ കരസ്ഥമാക്കിയ സജീവ് എടത്താടനേയും , ബൂലോഗത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ശ്രീശോഭിനേയും , ഇപ്പോൾ കമ്മന്റുകൾ ഏറ്റവും കൂടുതൽ എഴുതുന്ന പട്ടേപ്പാടം റാംജി ഭായിയേയും , തൊട്ടു പുറകെ രണ്ടാം സ്ഥാ‍നം അലങ്കരിക്കുന്ന അജിത്ത് ഭായിയേയുമൊക്കെ കുറിച്ചുള്ള അറിവുകൾ എനിക്ക് കൌതുകമുളവാക്കുന്ന കാര്യങ്ങൾ തന്നെയായിരുന്നൂ...

പിന്നെ ഒരേ ഐ.പി .അദ്രസ്സിനിന്നു കന്ന്റ്റമാനം ലാത്തിയറ്റിക്കുഅം പലരേഔ അവരുറ്റെ അതിക്രമൺഗലേയും വിക്രിയകലെയും കൌരിച്ചൊക്കെ വേണ്ടതിലധികം കാര്യൺഗൽ അങ്ങിനെയങ്ങിനെ നമ്മളൊക്കെ ഭൂരിഭാഗവും മേഞ്ഞുനടക്കുന്ന മേച്ചിൽ പുറത്തെ പറ്റിയുള്ള കുറെ പുത്തനറിവുകൾ , ആ  അതിഥി ,  ഈ ആതിഥേയന് വിളമ്പി തന്നു.

കള്ള് വല്ലാതെ തലക്ക് പിടിച്ചെന്ന് തോന്നുന്നു..!
ഇന്നത്തെ ഒത്തുകൂടൽ പാർട്ടിയിൽ കണ്ടമാനം വാരി
വലിച്ച് തിന്നതിന്റെ പുളിച്ച് തികട്ടലും , ഒരു വല്ലായ്മയും വരുന്നുണ്ട്..
ഒന്ന് ശർദ്ദിച്ചുകളയണോ..അതോ പോയി കിടക്കണോ..?

Saturday 19 th January 2013 , 20.15 p.m

ഇന്ന് ബൂലോക സഞ്ചാരങ്ങൾക്കിടയിലാണ് , വളരെ സന്തോഷം
ഉളവാക്കുന്ന സാബു കൊണ്ടോട്ടിയുടേയും, ജയൻ ഡോക്ട്ടറുടേയും ...
ഈ വരുന്ന ഏപ്രിലിൽ അരങ്ങേറുവാൻ പോകുന്ന തിരൂർ ബൂലോക സംഗമത്തെ
കുറിച്ചുള്ള പോസ്റ്റുകൾ വായിക്കുന്നത്.
വളരെ വളരെ നല്ല കാര്യങ്ങൾ...


ലണ്ടനിലൊക്കെ എല്ലാ കൊല്ലവും നടക്കുന്ന
പല ഭാഷക്കാരുടെയും സൈബർ മീറ്റുകൾ പോലെ  ,
നമ്മുടെ നാട്ടിലും സ്ഥിരമായി,  ഈ  ഇ-എഴുത്തുക്കാർക്കൊക്കെ
ഒത്തുകൂടി അവരുടെയൊക്കെ സൗഹൃദങ്ങൾ കൂടെ കൂടെ ഊട്ടിയുറപ്പിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ..അല്ലേ.


നമ്മൾ എഴുതിയിടുന്ന വാക്കുകളാൽ
തുടക്കം കുറിക്കുന്ന ഇത്തരം വളരെ അകലങ്ങളിൽ
നിന്നുള്ള അജ്ഞാത സൗഹൃദങ്ങൾ വരെ  , ഇത്തരം മീറ്റുകളിലൂടെ നേരിട്ട് കണ്ടും കേട്ടും അറിയുമ്പോഴുള്ള കെട്ടുറപ്പുകളൊക്കെ , നമ്മുടെയൊക്കെ ബാല്യ കാല കൂട്ടുകരേക്കാളും , ഒപ്പം ഒന്നിച്ചിരുന്നു പഠിച്ചിരുന്ന സഹപാഠികളായ ക്ലാസ്സ് മേറ്റുകളേക്കാളും,  മറ്റു ഗ്ലാസ്സ് മേറ്റ്കളേക്കാളുമൊക്കെ ഈടുറ്റതാണെന്ന് , എന്റെ ഇത്തരം മീറ്റനുഭവങ്ങളുടെ അനുഭവം വെച്ച് നിസ്സംശയം പറയാം...!

ചാ‍രപ്പണിയിൽ കയറുന്നതിന്  മുമ്പ്  , ഒരു ബൂലോക ചാരനായാണ്
ഞാനെന്റെ പ്രഥമ ബൂലോഗ സംഗമത്തിൽ പങ്കെടുത്തത് , 2009-ലെ ‘ചെറായി മീറ്റിൽ‘..
.
ബ്ലോഗ് തുടങ്ങി പലതും എഴുതിയിട്ടിട്ടും എന്റെ ബിലാത്തിപട്ടണത്തിൽ
ഈച്ചയെ ആട്ടികൊണ്ടിരിക്കുന്ന കാലത്ത്, നാട്ടിലെത്തിയത് ചെറായി ബൂലോക
സംഗമത്തിൽ പങ്കെടുക്കാനാണ് , ഒപ്പം  കുറെ ബൂലോകരെയൊക്കെ  നേരിട്ട് കണ്ട് എന്നെ
സ്വയം പരിചയപ്പെടുത്താമെന്ന ഉദ്ദേശവും മനസ്സിലുണ്ടായിരുന്നൂ..


എന്നാൽ  ആ മീറ്റിന് മുന്നോടിയായി
ഞാൻ ,ഒരു ബൂലോഗ പുലിമടയിൽ ചെന്ന് പെട്ടു...

പല മാധ്യമങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട് ബൂലോക തലതൊട്ടപ്പന്മാരയ അവരെന്നോട് പറഞ്ഞത് , മലയാള ബ്ലോഗിങ്ങിനെ തച്ചുതകർത്ത് , സ്വന്തം പെരുമ വർദ്ധിപ്പിക്കുവാൻ ഉത്സാഹിക്കുന്ന ചിലരൊക്കെ കൂടി നടത്തുന്ന ആ ചെറായി മീറ്റിൽ പങ്കെടുക്കരുത് എന്നാണ്...!

മീറ്റ് കൂടുവാൻ വന്നിട്ട് അതിൽ പങ്കെടുത്ത്
ഈറ്റ് നടത്താതെ പോകിലെന്ന എന്റെ വാശിക്ക് മുമ്പിൽ അവർ വെച്ച മറ്റ് ഒരു ഉപാധി  , അവർക്കൊക്കെ വേണ്ടി ഒരു ചാരനായി , മീറ്റിൽ പങ്കെടുത്തിട്ട് , അന്നവിടെയുണ്ടായ സംഭവ വികാസങ്ങൾ മുഴുവൻ അവരെ ധരിപ്പിക്കണമെന്നായിരുന്നൂ...

മീറ്റിന് ശേഷം ,പിന്നീട് ആ ചെറായി ബീച്ചിൽ വെച്ച് തന്നെ ,
ഈ തലതൊട്ടപ്പന്മാർ ഞാൻ ബിലാത്തിയിൽ നിന്നും കൊണ്ടു വന്ന
കുപ്പിയും , പുകയുമൊക്കെ കാലിയാക്കി തന്ന് , എന്റെ തല തിന്ന് തീർത്തത് മെച്ചം ...!

അന്നത്തെ ചെറായി മീറ്റിനുശേഷം ഒന്നെനിക്ക് മനസ്സിലായകാര്യം...
ബൂലോക നന്മ കാംക്ഷിക്കുന്ന ഒരു പാട് മിത്രങ്ങളുടെ , ഒരു കൂട്ടായ്മയുടെ
വിജയം തന്നെയായിരുന്നു അന്നത്തെ , ആ ആഗോള ബൂലോഗ സംഗമം എന്നതാണ്..!

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത എത്രയെത്ര
ബൂലോക മിത്രങ്ങളെയാണ്  അന്നെനിക്ക് സമ്പാദിക്കുവാൻ പറ്റിയത്..!

ഇന്ന് ഇൻഡയറക്റ്റായിട്ടായും , നേരിട്ടും ബൂലോക
രംഗത്തൊക്കെ  പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന , അന്നത്തെ
ആ ബൂലോഗ പുലി മടയിലുണ്ടായിരുന്നവരേയും , അവരുടെ കൂട്ടാളികളേയും
കുറിച്ചൊക്കെ , അന്ന് ചെറായി മീറ്റ് നടത്തിയ സംഘാടകർക്കും ,  മറ്റും വ്യക്തമായും
അറിയാവുന്ന കാര്യങ്ങളാണുതാനും...!


മലയാളിയുടെ രക്തത്തിൽ അലിഞ്ഞ്
ചേർന്നിട്ടുള്ള വെവ്വേറെ ഗ്രൂപ്പ് ചേർന്നുള്ള
എല്ലാ രംഗങ്ങളിലുമുള്ള , ഇത്തരം  ‘പൊളിറ്റിക്സ്
ആക്റ്റിവിറ്റീസൊ‘ക്കെ തൽക്കാലം മറവിയിലേക്ക് എഴുതി
 തള്ളിയാൽ മാത്രമേ , മലയാളത്തിൽ നാളെയുടെ നല്ല
ഒരു ബൂലോകയുലകം കെട്ടിപ്പടുക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ ഭാഷയേയും , സംസ്കാരത്തേയും,  സാഹിത്യത്തേയുമെല്ലാം  ; നമുക്കെല്ലാം ചേർന്ന് , ഈ തരത്തിലുള്ള കൂട്ടായ്മകളിൽ കൂടി എന്നുമെന്നും ഉയർത്തി കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ...

Sunday 20 th January 2013 , 17.05 p.m 

ജാക്ക് ഡാനിയേലേട്ടനു’മായി സല്ലപിച്ച് പുതുതായി എഴുതിയിട്ട
‘സർവ്വവിജ്ഞാന ഗുളികകളുടെ’ , അഭിപ്രായപ്പെട്ടിയിലെ കിലുകിലുക്കാരവങ്ങളിൽ മുങ്ങിത്തപ്പിയിരുന്നുകൊണ്ടിരുന്നപ്പോഴാണ് , ജഗജില്ലിയായ പാശ്ചാത്യ ബൂലോഗനായിരുന്ന, ഇപ്പോൾ നാട്ടിലുള്ള  ണു ജിഷ്വിന്റെ  ഫോൺ കോൾ വന്നത് .

ഏപ്രിലിൽ നടക്കുന്ന തുഞ്ചൻ പറമ്പ് ബൂലോക സംഗമത്തിൽ പങ്കെടുത്ത് ,
തൃശ്ശൂർ  പൂരം കണ്ട് ...ഈ വരുന്ന സമ്മർ എല്ലാവർക്കും കൂടി , ഒന്ന് കൂടി അടിച്ചുപൊളിക്കാം
എന്ന് പറഞ്ഞാണവൻ വിളിച്ചത്..
ഈ വിദ്വാനും , പ്രദീപ് ജെയിംസും , സമദ് വക്കീലും , മേരികുട്ടിയും , ഞാനുമടക്കം ,  ഇവിടെയൊക്കെ ഞങ്ങൾ  , കുറെകാലം പലതവണ , ഒരുമിച്ച്  ആർമാദിച്ചിരുന്നതാണല്ലോ..

മൂന്ന് കൊല്ലം മുമ്പ് സ്വന്തം ബ്ലോഗ്ഗിൽ വിസിറ്റേഴ്സ് കുറഞ്ഞപ്പോൾ...
ഒരു പെൺ നാമത്തിൽ ഒട്ടുമിക്ക ബൂലോഗ
സൈറ്റുകളിൽ പോയി ഫോളോ ചെയ്തിട്ട് ,
അഭിപ്രായങ്ങൾ എഴുതി , തന്റെ പെൺ തട്ടകത്തിലേക്ക് സകലമാന ബൂലോകരേയും ആകർഷിച്ച് ഞങ്ങളെയൊക്കെ വിസ്മയിച്ചവനാണ് ഈ മാന്യദേഹം .

എന്തിന് പറയാൻ അതിപ്രശസ്തരായവർ അടക്കം , വെള്ളമിറക്കി .. സ്ഥിരമായി , ഈ പെൺ വിലാസക്കാരനുമായി ചാറ്റിയതിന്റെ തിരുശേഷിപ്പുകൾ കണ്ട് ഞങ്ങളൊക്കെ അന്ന് ധാരാളം പൊട്ടി ചിരിച്ചിട്ടുണ്ട്..

ഇന്ന് ബൂലോകത്ത് ഇഷ്ട്ടത്തിയുടെ (ഇഷ്ട്ടന്റെ )
തട്ടകം സജീവമല്ലെങ്കിൽ പോലും , പലരും വന്ന് വീണ്ടും
വീണ്ടും എത്തി നോക്കി ഹിറ്റടിച്ചു പോകുന്നതും ഒരു ബൂലോഗ പ്രതിഭാസം ..തന്നെ..!

പിൻ മൊഴികൾ :-

ബൂലോകത്തെ സൂപ്പറായ പല കഥകളും വായിച്ച് ...
ബ്ലോഗിനെ ആസ്പദമാക്കി  ഞാനും ഒരു കഥയെഴുതിയാലോ
എന്നാലോചിച്ച് , ഒരു കഥായനുഭവം ഗർഭത്തിലിട്ട് നടന്നിട്ടൊരുപാട്
നാളായെങ്കിലും , പേറ്റ് നോവൊന്ന് വന്ന് ഒന്ന് പെറ്റ് കിട്ടണ്ടേ ഈ കഥാ കൺമണിയെ..!

രണ്ടുമൂന്ന് കൊല്ലം മുമ്പ് നാട്ടിൽ വെച്ച് പരിചപ്പെട്ട
ഒരു ബ്ലോഗിണിയുമായുള്ള അടുപ്പം വളർന്ന് വലുതായപ്പോൾ ,
ആയതിനെ ഒരു കഥയാക്കി ചമച്ചാലോ എന്ന് കരുതി കുറെ നാളുകളായി
ഞെളിപിരി കൊണ്ട് നടക്കുകയായിരുന്നു ഞാൻ...

പത്ത് മുപ്പത് വയസ്സുകഴിഞ്ഞ
ഇതിലെ നായിക , അത്ര ചെമ്പ്- ചരക്കൊന്നുമല്ല ...
പക്ഷേ അവളുടെ എഴുത്തുകളോടെനിക്ക് വല്ലാത്തൊരു പ്രണയമാണ്..

ചാറ്റിങ്ങിൽ മുന്നിട്ടിറങ്ങിവന്നിരുന്ന അവളുടെ
ചോദ്യോത്തരങ്ങൾക്കൊക്കെ ചാറ്റിങ്ങിലും , ശേഷമുള്ള
ചീറ്റിങ്ങിലും താല്പര്യമില്ലാത്ത ഞാൻ മെയിലിലൂടെയാണ് കൂടുതൽ സംവാദിക്കാറുള്ളത് മൊബൈയിലിൽ വല്ലപ്പോഴും കിന്നരിച്ചെങ്കിലായി എന്ന് മാത്രം .
പിന്നെ നാട്ടിൽ ചെല്ലുമ്പോൾ ഞങ്ങൾ തമ്മിൽ മിണ്ടാറും , കാണാറും ഉണ്ട്  കേട്ടൊ.

ഈ അനുഭങ്ങളെയൊക്കെ എങ്ങിനെ ഒരു കഥയാക്കി
ഡെവലപ്  ചെയ്യാമെന്നറിയാതെ ഉഴലുകയായിരുന്നു ഞാൻ . ..
പിന്നീട് മിത്ത് ചേർത്തെഴുതിയപ്പോൾ  മൊത്തത്തിൽ ഒരു കോത്താഴത്ത്
കാരന്റെ കഥപോലെയായി... ശേഷം ചരിത്രവും, മോഡേണുമൊക്കെയാക്കി
നോക്കിയപ്പോൾ കഥയുടെ ചാരിത്ര്യവും , മൂഡും ,ത്രെഡുമൊക്കെ എങ്ങോ പോയി മറഞ്ഞു...

ഈ കഥകളക്കെ ഇത്ര സൂപ്പറായി എഴുതുന്നവരെ സമ്മതിക്കണം .. അല്ലേ

ഇതുകൊണ്ടൊക്കെ തന്നെ ,  ഈ കഥയെഴുത്ത്
എനിക്ക് പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കിയപ്പോൾ ..
എന്റെ ഡിജിറ്റൽ ഡയറിക്കുറിപ്പുകളിൽ നിന്നും,  ബൂലോഗത്തെയൊക്കെ
മെൻഷൻ ചെയ്തിരുന്ന  2013 ജനുവരി 10 മുതൽ 20 വരെയുള്ള ദിനങ്ങളിലെ
5 ദിവസങ്ങളുടെ  നേർക്കാഴ്ച്ചകൾ പകർത്തിവെച്ചതാണ് ,  ഈ വെടിക്കെട്ടുകൾ..
ആയ ഈ അരിമണിയുടെ രഹസ്യങ്ങളുള്ള അരിയങ്ങാടിലെ പട്ടും പാട്ടങ്ങളും...കേട്ടൊ

ഇതിന് വേണ്ടി വന്നത് വെറും  15 മിനിട്ടിന്റെ  പണി മാത്രം...
അതീ കോപ്പി & പേയ്സ്റ്റ് നടത്തുവാനും , ലോഗോകൾ അപ്ല്ലോഡ് ചെയ്യാനും
വെറുതേ മറ്റേ കഥാസാരം  തലയിലിട്ട് മൂപ്പിച്ച് പെരുപ്പിച്ച് എന്റെ  കുറേ  ദിവസങ്ങൾ ഇല്ലാത്തയൊരു പേറ്റ് നോവായി  , കഥയെ പെറാതെ പോയി കിട്ടിയെന്ന് മാത്രം...

ഇനി ഈ അങ്ങാടി പാട്ടാക്കിയ രഹസ്യങ്ങളുടെ
പരസ്യത്തിന് പണി എങ്ങിനെ കിട്ടുമോ..ആവോ..?

മന്ത്രം പാട്ടായാൽ മണ്ണാൻ പുറത്ത് എന്നാണല്ലോ പറയുക ..

കണ്ടവന്മാർ കണ്ടറിയുമ്പോൾ ... മണ്ടൻ കൊണ്ട് തന്നെ അറിയും ... അല്ലേ !

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...