Showing posts with label കണ്ടതും കേട്ടതും. Show all posts
Showing posts with label കണ്ടതും കേട്ടതും. Show all posts

Thursday, 28 February 2013

ഒരു പ്രണയ തീരം ... ! / 0ru Pnanaya Theeram ... !

‘പ്രണയ തീരം‘ എന്നത് , എന്റെ നാടായ
കണിമംഗലത്തുള്ള ഒരു കൊച്ചുവീടിന്റെ പേരാണ്...
ഈ പേര് പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി
കൊണ്ടിരുന്ന  ഒരു അനുരാഗ നദിയുടെ തീരം തന്നെയാണ് ആ പ്രണയ ഗൃഹം ...!

പ്രണയം എന്നും തുളുമ്പി നിൽക്കുന്ന ഈ സ്നേഹതീരത്തുണ്ടായിട്ടുള്ള
സംഭവ വികാസങ്ങളൊക്കെ വെറുതെ ഒന്ന് എഴുതിയിടുവാൻ മോഹം തോന്നിയപ്പോൾ...
ഒരു വക ഏച്ചുകെട്ടലുകളും , കൂട്ടി ചേർക്കലുകളുമില്ലാതെ ആയതൊക്കെ പകർത്തിവെക്കാനുള്ള എന്റെ ഒരു പാഴ് ശ്രമമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ കൂട്ടരെ ...

മൂന്നര പതിറ്റാണ്ട് മുമ്പ് , തൃശൂരുള്ള  ഒരു വമ്പൻ തുണിപ്പീടികയിലെ മൊത്ത കച്ചവടവിഭാഗത്തിൽ കണക്കെഴുത്തുകാരനായിരുന്ന പെരേപ്പാടൻ ജോണ്യേട്ടൻ ,നെല്ലിക്കുന്നിലെ തന്റെ തറവാട് , ഭാഗം വെച്ച്കിട്ടിയ പൈസകൊണ്ട് , കണിമംഗലത്തെ ‘മുണ്ടേപ്പാട്ട് മന‘ക്കാരുടെ കയ്യിൽ നിന്നും ഒരു പത്ത് പറ കണ്ടം വാങ്ങി , പുര വെച്ച് , പുത്തനച്ചിയായ സുന്ദരിയായ സിസിലേടത്തിയുമായി പാർപ്പിടം തുടങ്ങിയ സ്ഥലത്താണ് ഈ ‘പ്രണയ തീരം‘ കുടികൊള്ളുന്നത്...

പണ്ട് ; മനക്കാരിവിടെ ഞാറ് നടാനും, ശേഷം ഇടവിളകളായി
പയറ് , ഉഴുന്ന് , മുതിര, എള്ള് , കൂർക്ക മുതലായ  കൃഷികളൊക്കെ
ചെയ്യുവാൻ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു അത്...

അവിടത്തെയൊക്കെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നവരുടെ
പുതുതലമുറ,  തൊട്ടടുത്ത തൃശൂർ ടൌണിലെ , പീടിക തൊഴിലാളികളും ,
മറ്റുമായി അവരുടെയൊക്കെ തൊഴിൽ മേഖല പറിച്ചു നട്ടപ്പോൾ , മനക്കാരുടെ
തരിശായി കിടന്ന ആ പാട്ട ഭൂമിയാണ് ജോണ്യേട്ടന് , ചുളു വിലക്ക് , അന്ന് കിട്ടിയത്...!

ഈ പരിസരത്തുള്ള കണ്ടങ്ങളിലും മറ്റും , ബാല്യകാലങ്ങളിലൊക്കെ
മഴക്കാലത്ത് തൊട്ടടുത്ത കടാംകുളത്തിൽനിന്നും വെള്ളം ഒഴുകിവരുന്ന
വലിയ തോട്ടിലും , ചെറിയോട്ടിലുമൊക്കെ  ഞങ്ങളൊക്കെ എത്ര തവണ കുത്തിമറിഞ്ഞ് നീന്തിയും, കുളിച്ചും, കളിച്ചും,  മീൻ പിടിച്ചും അടിച്ച് തിമർത്ത്  വിളയാടിയതൊക്കെ ഈ വേളയിലിപ്പോൾ ഓർമ്മയിലേക്ക് ഓളം തല്ലി ഓടിയെത്തികൊണ്ടിരിക്കുകയാണ്...

നമ്മുടെ ജോണ്യേട്ടൻ , പിന്നീട് വീടുപണിയൊക്കെ  തീർന്നതോടെ കടം മൂലം വീർപ്പുമുട്ടിയപ്പോൾ , കണിമംഗലം സ്കൂളിലെ വിശാലാക്ഷി ടീച്ചർക്കും , ഭർത്താവ് മേനേൻ മാഷ്ക്കും , ആ സ്ഥലത്തുനിന്നും , 50 സെന്റ് സ്ഥലം , അപ്പോൾ മുറിച്ച് വിറ്റു.

അവിടെ മേനോൻ മാഷ് പണിതീർത്ത ഒരു ‘ത്രീ ബെഡ്
റൂം ടെറസ്‘ വീടിനിട്ട പേരാണ് കേട്ടൊ ഈ ‘പ്രണയ തീരം‘...

ലീഡർ കരുണാകരന്റെ വാഗ്ദാനത്താൽ  , പോലീസ് ഇൻസ്പെക്ട്ടർ
ഉദ്യോഗം മോഹിച്ച്, അത് കിട്ടാതെ വന്നപ്പോൾ കൊഴകൊടുത്ത് , കണിമംഗലം
എസ്.എൻ ഹൈസ്കൂളിൽ കണക്കദ്ധ്യാപകനായി തീർന്ന ചുള്ളനായ  ഈ മേനോൻ
മാഷിനെ , ആ സ്കൂളിലെ തന്നെ ടിപ്പ് ചുള്ളത്തിയായ വിശാലാക്ഷി ടീച്ചർ,  അനുരാഗ വിലോചനയായി  ; തന്റെ വിശാല മായ അക്ഷികൾ കൊണ്ട് വശീകരിച്ച് , പിന്നീടെപ്പോഴോ കല്ല്യാണത്തിലെത്തിക്കുകയായിരുന്നു...!

അന്യജാതിയിൽ പെട്ട ഒരുവളെ , കെട്ടിയപ്പോൾ മേനോൻ മാഷിന്റെ ,
മാളയിലുള്ള വീട്ടുകാരും , മാഷെ പുറത്താക്കി വാതിൽ കൊട്ടിയടച്ചു. അങ്ങിനെയാണ്
മേനേൻ മാഷ് തന്റെ പ്രണയ തീരം , ഞങ്ങളുടെ കണിമംഗലത്ത്  പണിതുയർത്തിയത്.

നല്ലോരു കൃഷി വല്ലഭർ കൂടിയായ ജോണ്യേട്ടനും , ഭാര്യ
സിസിലേടത്തിക്കും , സ്വന്തം ബന്ധുക്കളേക്കാൾ പ്രിയപ്പെട്ടവർ
തന്നെയായിരുന്നു ഈ വിരുന്നുവന്ന നല്ല അയലക്കക്കാർ , അതുപോലെ
തന്നെയായിരുന്നു ഈ ടീച്ചർ ദമ്പതികൾക്ക് അവരും...

കൃഷി തല്പരനായ മാഷും കൂടി ചേർന്നപ്പോൾ ,വളരെ കുറഞ്ഞസമയം
കൊണ്ട് അവരുടെ  പുരയിടം ഒരു ജൈവ കൃഷിയിടമായി മാറി ...

വീക്കെന്റുകളിലും , മറ്റും ഈ നാല് അദ്ധ്വാനികളേയും ; കളയും,   നനയും
മൊക്കെയായി എപ്പോഴും അവരുടെ പുരയിടങ്ങളിൽ കാണാറുണ്ട്...

പിന്നീട് മാഷ് വളർത്തിയ പശുവും, സിസിലേടത്തിയുടെ ആടുകളും
ആ പരിസരത്തൊക്കെ ശുദ്ധമായ പാലിന്റെ ഒരു ധവള വിപ്ലവം തന്നെ സൃഷ്ട്ടിച്ചു.

ആട്ടുമ്പാല് , നാടൻ കോഴിമുട്ട , നല്ല നാടൻ പച്ചക്കറികൾ
എന്നിവയൊക്കെ വാങ്ങാനും മറ്റും നാട്ടുകാരാരെങ്കിലും എപ്പോഴും
ആ വീടുകളിലുണ്ടാകും ...
കുട്ടിക്കാലത്തൊക്കെ ആ പുരയിടത്തിലുള്ള ‘കാള തേക്കും , കൊട്ട തേക്കു‘
മൊക്കെ കണ്ട് രസിക്കാൻ ഞങ്ങൾ അവിടെ ചിലപ്പോഴൊക്കെ ചേക്കേറാറുണ്ട് . 

അവിടെ വിളയുന്ന മത്തനും , കുമ്പളവും, അമരക്കായും,
ചീരയും, വഴുതനയും , പപ്പായും, വെണ്ടക്ക, മുരിങ്ങക്ക എന്നിവയൊക്കൊ
അപ്പപ്പോൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു...

ജോണ്യേട്ടന്റെ മക്കളായ ഡെന്നീസിനും, ഡെൽബർട്ടിനും മറ്റൊരമ്മയായിരുന്നു വിശാലാക്ഷി ടീച്ചറായ ടീച്ചറമ്മ , ഒപ്പം ഡെൽബർട്ടിന്റെ സമ പ്രായക്കാരിയായി ടീച്ചറമ്മക്കുണ്ടായ ശ്രീദേവിക്കും , പിന്നീടുണ്ടായ ദേവദാസിനും ഈ അയലക്കക്കാർ അമ്മച്ചിയും , അപ്പച്ചനും തന്നെയായിരുന്നു...!

ഓണക്കാലത്തൊക്കെ രണ്ട് വീടിന്റെ തിരുമുറ്റത്ത് വാദിച്ചിടുന്ന പൂക്കളങ്ങൾ,
കൃസ്തുമസ്സിന് രണ്ട് വീട്ടിലും ഉയർത്തുന്ന നക്ഷത്രങ്ങൾ...
പെരുനാളും, പൂരവും, ഓണവും , ഈസ്റ്ററും , വിഷുവും, കൃസ്തുമസ്സുമൊക്കെ
ഒന്നിച്ച്   കൊണ്ടാടുന്ന ഈ രണ്ട് വീട്ടുകാരും , നാട്ടിലെ ഏറ്റവും നല്ല മാതൃകാ
അയൽക്കാർ തന്നെയായിരുന്നു...!

ഇന്നൊക്കെ മഷിയിട്ട് നോക്കിയാൽ കാണാൻ
പറ്റുമോ ഇതുപോലെക്കെയുള്ള നല്ല അയൽക്കാരെ..?

കാലം ഉരുണ്ടുകൊണ്ടിരുന്നൂ...
അവരൊക്കെ ചേർന്ന്,  അന്ന് നട്ട് വളർത്തിയ പ്ലാവുകളും , മാവുകളും , സപ്പോട്ടമരവും , കട ചക്ക പ്ലാവും , ജാതി തൈകളും , പുളിമരവും, ഇരുമ്പൻ പുളി യുമൊക്കെ തഴച്ച് വളർന്ന് , പിന്നീട് ഒരു
ഫല പൂങ്കാവനമായ , അവരുടെ പുരയിടം പോലെ തന്നെ...
അവരുടെ മക്കളും വളർന്ന് വലുതായിട്ട് ബിരുദങ്ങളെടുത്ത് ആ മാതാപിതാക്കൾക്ക് അഭിമാനമായി മാറി ...

ഡെന്നീസ് പോസ്റ്റ് ഗ്രാജുവേഷൻ പാസായി...

ശ്രീദേവി ഇലക്ട്രോണിയ്ക്കൽ എഞ്ചിനീയറായി...

ഡെൽബർട്ട് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയെടുത്തു...

പിന്നെ റാങ്കോടെ പാസായി , ദേവദാസ് മെഡിക്കൽ ബിരുദമെടുത്തു...

തൊട്ടയൽവക്കത്തുള്ള സുന്ദരിയും , സുശീലയുമായ കളിക്കൂട്ടുകാരിയായ ശ്രീദേവിയോട് , ഡെന്നീസിന് ചെറുപ്പം മുതൽ തന്നെ ഒരു പ്രത്യേക തരം ആരാധനയായിരുന്നു.  ഈ ആരാധന വളർന്ന് വലുതായി പുഷ്പിക്കുവാൻ വേണ്ടി മൊട്ടിട്ടെങ്കിലും , ഒരിക്കലും ആയതൊരു പ്രണയ പുഷ്പ്പമായി വിടർന്ന് പ്രണയഗന്ധം ഒട്ടും പരത്തിയില്ല താനും..

കാരണമെന്തെന്നാൽ  ഡെന്നീസിനൊരിക്കലും തന്റെ ഇഷ്ട്ടസഖിയോട്,
അതൊന്ന് തുറന്ന് പറയുവാൻ , ഇഷ്ട്ടന്റെ ചങ്കിടിപ്പും , മുട്ട് കൂട്ടിയിടിക്കലുമൊക്കെ
കാരണം നടന്നില്ല എന്നതാണ് വാസ്തവം ...!

ആ അവസരത്തിൽ ,  ശ്രീദേവി എഞ്ചിനീയറിങ്ങ് കോളേജിലുണ്ടായിരുന്ന
തന്റെ സീനിയറായ ഒരു സഹപഠനം  നടത്തുന്ന ഒരുവനെ ജാതിയൊന്നും
നോക്കാതെ തന്നെ ജീവിത പങ്കാളിയായി തെരെഞ്ഞെടുത്തപ്പോഴാണ് ...
മൂ‍നാലുകൊല്ലം ഡെന്നീസ് തീർത്തും പ്രേമനൈര്യാശത്താൽ വിഷാദ കാമുകനായി
നടന്നതും , പ്ന്നീടെപ്പോഴൊ വെസ്റ്റേൺ റെയിൽവേയിൽ , ഗാർഡ് ഉദ്യോഗം കിട്ടിയപ്പോൾ പൂനയിലേക്ക് നാട് കടന്നതും, ശേഷം അവിടെ സെറ്റിൽചെയ്തതും ..

ഇപ്പോൾ  മൂപ്പർ  മഹാരാഷ്ട്രയിൽ ജനിച്ചുവളർന്ന സൂസിയെ കെട്ട്യോളാക്കി ,
രണ്ട് മുതിർന്ന കുട്ടികളോടൊപ്പം, ഒരു  മറുനാടൻ മലയാളിയായി പൂനയിൽ സ്ഥിര
താമസമാക്കി കഴിഞ്ഞിരിക്കുകയാണ്...

എന്നാലോ ഇദ്ദേഹത്തിനേയും  ഇഷ്ട്ടപ്പെട്ടിരുന്ന , മൂപ്പരുടെ  കടിഞ്ഞൂൽ
വൺവേ പ്രണയ നായികയായ ശ്രീദേവി , ഇന്ന്  തന്റെ മാരനും  , മക്കൾക്കുമൊപ്പം
ഡൽഹിയിൽ നല്ല ഒരു എഞ്ചിനീയർ ദമ്പതികളായി സസുഖം വാഴുന്നു.

ഡെൽബർട്ടാണെങ്കിലോ ,  കുവൈറ്റിൽ പോയ സമയത്ത് അവിടെ ജോലിയുണ്ടായിരുന്ന  ഒരു പെന്തിക്കോസ് കാരി നേഴ്സിനെ ലൈനാക്കി , എട്ട് കൊല്ലം മുമ്പ് അങ്ങോട്ട്  മാർഗം കൂടി , വിവാഹം ചെയ്ത് , രണ്ട് കൊല്ലത്തെ കുവൈറ്റിലെ  പ്രവാസം മതിയാക്കി,  ശേഷം അമേരിക്കയിലേക്ക് കുടിയേറി , ഇപ്പോൾ യു.എസിലുള്ള കാലിഫോർണിയയിലാണ്..
കുട്ടികളെ  പരിചരിക്കുന്നതിനായി ഇഷ്ട്ടന്റെ അമ്മായിയമ്മയും അവരുടെ ഫേമിലിയോടൊപ്പം അവിടെയുണ്ട് കേട്ടൊ

ദേവദാസിന്റെ കഥ , ഞാൻ സങ്കര ചരിതം എന്ന ലേബലിൽ ,
എന്റെ ബിലാത്തിപട്ടണത്തിലെ ഒരു മുൻ പോസ്റ്റിൽ എഴുതിയിട്ടിട്ടുണ്ടായിരുന്നുവല്ലോ . എം.ബി.ബി.എസ് -ന് ശേഷം , നാട്ടിലെ ഒരു അബ്ക്കാരി കോണ്ട്രാക്റ്റർ...
സ്ത്രീധനം കൊണ്ട് , ഈ പയ്യനെ വിലക്ക് വാങ്ങി , യു.കെയിലേക്ക് ഉപരി
പഠനത്തിന്  വിട്ടെങ്കിലും , ആ കല്ല്യാണം മുട്ട തട്ടെത്താതെ പിരിഞ്ഞപ്പോൾ ...

ഇംഗ്ലണ്ടിലുണ്ടായിരുന്ന , ഒരു പാക്കിസ്ഥാനി ഡോക്ട്ടറായ
സൈറയെ  നിക്കാഹ് കഴിച്ച് , ഇപ്പോൾ  യൂ.കെയിലെ ‘ഗ്ലോചെസ്റ്ററി‘ൽ
മകൻ ആദിത്യക്കൊപ്പം കുടുംബമായി സെറ്റിൽ ചെയ്തിരിക്കുകയാണ്

എന്നാൽ ജീവിതത്തിൽ ദുരന്തങ്ങൾ
എപ്പോൾ , എങ്ങിനെ വരുമെന്നാർക്കറിയാം അല്ലേ..?

കഴിഞ്ഞ കൊല്ലം 2012 - ജനുവരിയിൽ മേനോൻ മാഷുടെ , ഗഹനമായി ആഘോഷിച്ച ഷഷ്ട്ടിപൂർത്തിയാഘോഷങ്ങൾക്ക് ശേഷം പിറ്റേന്റെ , പിറ്റേന്ന് കലശലലായ നെഞ്ചുവേദനയെ തുടർന്ന് ജോണ്യേട്ടനെ , എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും , അപ്പോഴേക്കും മൂപ്പരുടെ ആത്മാവ്
നിത്യശാന്തി നേടി ഭൂലോകം വിട്ട് പോയി കഴിഞ്ഞിരുന്നൂ..!

ജീവിതത്തിൽ ഇതുവരെ , ഒരു നീരുവീഴ്ച്ച പനി വന്ന് പോലും , ഒരു ഡോക്ട്ടറേയൊ ,
ആശുപത്രി വാസമോ ഇല്ലാത്ത ആളായിരുന്നു ഈ പെരേപ്പാടൻ ജോണ്യേട്ടൻ...!

അദ്ദേഹത്തിന്റെ ആത്മാവിന് ആദരാജ്ഞലികൾ അർപ്പിച്ചു കൊള്ളുന്നൂ...

അതിന് ശേഷം മൂന്നാല് മാസങ്ങൾക്ക് ശേഷം , ദേവദാസാണെന്നെ
വിളിച്ച് പറഞ്ഞത് ; സ്വന്തം അമ്മയുടെ  രോഗവിവരം - ഗർഭപാത്രത്തിലുണ്ടായ
ഒരു മുഴയെ തുടർന്ന് യൂട്രസ് എടുത്ത് കളയുന്ന സമയത്ത് നടത്തിയ ബയോപ്സിയുടെ
റിപ്പോർട്ടിൽ വിശാലാക്ഷി ടീച്ചറുടെ ശരീരത്തിൽ വ്യാപിച്ച അർബ്ബുദരോഗത്തെ കുറിച്ച് !

അമല ആശുപത്രിയിൽ റേഡിയേഷൻ നടത്തുന്ന
വേളയിലൊക്കെ , ദേവദാസും കുടുംബവും , ഒന്ന് രണ്ട് തവണ
 യൂ.കെയിൽ നിന്നും ടീച്ചറേ കാണുവാൻ നാട്ടിൽ പോയി വന്നിരുന്നു.

ജോണ്യേട്ടന്റെ മരണശേഷം , വീട്ടീലെ വേലക്കാരിയോടൊപ്പം
താമസിച്ചിരുന്ന സിസിലേടത്തി തന്നെയാണ് , ടീച്ചർക്ക് എല്ലാ ആതുരശുശ്രൂഷകളും
ഒരു കോട്ടവും കൂടാതെ അപ്പോഴൊക്കെ നടത്തി പോന്നിരുന്നത് ...

പിള്ളേരുടെ  ടെന്റ്ത്ത് പഠനവും , പ്ലസ്സ് ടൂ പരീക്ഷകളുമൊക്കെ കാരണം ,
മകൾ ശ്രീദേവിക്ക് പോലും , സ്വന്തം അമ്മയെ പൂർണ്ണമായി അടുത്ത് വന്ന് ,
നിന്ന് പരിചരിക്കുവാനോ , ശുശ്രൂഷിക്കുവാനോ സാധിച്ചിരുന്നില്ല.

എന്തിന് പറയുവാൻ കഴിഞ്ഞവർഷം നവമ്പർ മാസത്തിൽ , ഒരു
നവമ്പറിന്റെ നഷ്ട്ടംപോലെ, വിശാലാക്ഷി ടീച്ചറും ഇഹലോകവാസം വെടിഞ്ഞു...

എന്റെ പ്രിയപ്പെട്ട ഈ ടീച്ചറുടെ പുണ്യാത്മാവിന്
എന്നുമൊന്നും നിത്യശാന്തി ലഭിക്കട്ടെ... ബാഷ്പാജ്ഞലികൾ..

അന്യോനം അറിഞ്ഞും സ്നേഹിച്ചും മൂന്ന് പതിറ്റാണ്ടിലേറെ ജീവിച്ച് ,
ഇപ്പോൾ വിരഹത്താൽ വീർപ്പുമുട്ടികൊണ്ടിരിക്കുന്ന എന്റെ നാട്ടുകാരായ
നല്ല അയൽക്കാരായ , ഈ സീനിയർ സിറ്റിസൺസിനെ കാണുവാനും, ദു:ഖം
പങ്കിടുവാനും ഡിസംബറിൽ , ഞാൻ നാട്ടിലെത്തിയപ്പോൾ ഈ പ്രണയ തീരത്ത്
നേരിട്ട് ചെന്നിരുന്നു..
( ഇനിയെങ്ങാനും ഇവർ രണ്ട് പേരും മക്കളുടെയടുത്തേക്ക് ഇനിയുള്ള വാർദ്ധക്യം ,
അടിച്ച് പൊളിക്കുവാൻ സ്കൂട്ടാകുകയാണെങ്കിൽ , ഇവരുടെ സൂപ്പറായ പുരയിടവും ,
ഈ സ്നേഹതീരവും ചീപ്പായി .. ഇസ്കാം എന്നുള്ള ഒരു ദുഷ്ട്ട ബുദ്ധിയും അപ്പോൾ
എന്റെ മനസ്സിൽ ഉണ്ടായിരുന്നു.. കേട്ടൊ )

എന്നാലോ  പിന്നീടുണ്ടായത് എന്താണ്..?

ഇക്കൊല്ലം വാലന്റയിൻ ഡേയ്യുടേ പിറ്റേന്ന്
ഞങ്ങൾ കണിമംഗലത്ത്കാരുടെ ‘വേലാണ്ടി ദിന‘ മായ
കുംഭമാസത്തിലെ വലിയാലയ്ക്കൽ ദേവി ക്ഷേത്രത്തിലെ
അശ്വതി വേലയുടെ അന്ന് , രണ്ട് മതത്തിൽ വിശ്വസിച്ചിരുന്ന
ഒരു  പ്രണയജോഡികൾ ,കൂർക്കഞ്ചേരി അമ്പലത്തിൽ പോയി പരസ്പരം
മാലയിട്ട് ദമ്പതിമാരായി തീർന്നു...!
ശ്രീനാരായണ ഗുരു സ്ഥാപിച്ച ഈ സ്ഥാപനത്തിൽ ...
ജാതിയും , മതവും , കൊതവുമൊന്നും ഒരു പ്രശ്മമില്ലാത്തതിനാലാവം
വളരെ ശുഷ്കമായി കൊണ്ടാടിയ ഈ കല്ല്യാണ കച്ചേരിയിൽ വരന്റേയും ,
വധുവിന്റേയും ഭാഗത്ത് നിന്ന് വെറും രണ്ട് കാറോളം ആളുകൾ മാത്രമേ പങ്കെടുത്തുള്ളൂ.
അതും ഉറ്റ ബന്ധുക്കൾ മാത്രം ..!

വരൻ  :-
തിരുവനന്തപുരം ലോഡ്ജ് എന്ന സിനിമയിലെ 999 ന്റെ വീരവാദം പറഞ്ഞ് നടക്കുന്ന നടന്റെ രൂപഭാവങ്ങളുള്ള ഇമ്മടെ മേനേൻ മാഷ് ...!

വധു  :-
ഇപ്പോഴത്തെ സിനിമാ നടി/അവതാരകയായ  റീന ബഷീറിന്റെ രൂപ സാദൃശ്യ-സംഭാഷങ്ങൾ അതേ പോലെയുള്ള സിസിലേടത്തി , മുടി
രണ്ട് സൈഡിലും ഇത്തിരി നരച്ചിട്ടുണ്ട് എന്ന് മാത്രം...!

ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല ,
പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !

പരസ്പരം പൂവണിയാതെയിരുന്ന പ്രണയം
മക്കളാൽ പൂവണിഞ്ഞത് കണ്ട്  നിവൃതി  നേടിയ ,
രണ്ട് പൂർവ്വകാല കാമുകികാമുകന്മാരുണ്ട് ...ഞങ്ങളുടേ ഈ കണിമംഗലത്ത് ...!

പക്ഷേ മക്കൾക്ക് പറ്റാത്തത് , മാതാപിതാക്കൾ നേടിയ
ഒരു പ്രണയ സാക്ഷാൽക്കാര ചരിത്രം കണിമംഗലത്ത് ആദ്യമാണ്...

അതുകൊണ്ട് കണിമഗലത്തിന്റെ പ്രണയകിരീടത്തിൽ ഞങ്ങൾ ഈ
യഥാർത്ഥ കഥയായ ഈ പ്രണയ തൂവൽ  കൂടി തുന്നിച്ചേർക്കുകയാണ്

വയസ്സുകാലത്ത് ഈ  ഒറ്റപ്പെട്ട മാതാവിനേയും,
പിതാവിനേയും ഒറ്റക്ക്
ഒറ്റക്ക് ജീവിക്കാനുവദിക്കാതെ , ഒന്നിച്ച് ജീവിക്കുവാൻ പ്രേരണയും അനുവാദവും
കൊടുത്ത്, അവരെ ഒന്നാക്കിയ രണ്ട് കുടുംബങ്ങളിലെ ആ മക്കൾക്കും , മരുമക്കൾക്കും , പേരക്കുട്ടികൾക്കും
ഒരു  ലാൽ സലാം...
ഇതെല്ലാം എന്നെ എഴുതിയിടുവാൻ  അനുവദിച്ചതിനും കൂടിയാണിത് കേട്ടൊ

എ ബിഗ് ഹാറ്റ്സ് ഓഫ് ...!

ഏവർക്കും പ്രണയാശംസകൾ ... താങ്ക്യു വെരി മച് ...ബയ്. ബൈ

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...