ആഗോളപരമായി ഇതുവരെ മാനവർ അനുഷ്ഠിച്ചുപോന്നിരുന്ന ധാരാളം ജീവിത ചിട്ടവട്ടങ്ങൾ കഠിനമായ കോവിഡ് വൈറസിന്റെ വ്യാപനത്താൽ അടച്ചുപൂട്ടലിലും ,യാത്രാപരിമിതികളിലും അകപ്പെട്ട് തടസ്സങ്ങൾ നേരിട്ടു.
ലോക ജനതക്ക് ഇത്തരം പല തിക്താനുഭവങ്ങളിൽ കൂടി കടന്നുപോകേണ്ടി വന്നു .
ആയതിനാൽ എത്രയും പെട്ടെന്ന് ആയതിനുള്ള പോംവഴികൾ കണ്ടെത്തുവാൻ അവർ നിർബന്ധിതരായി .
എഴുത്ത് ,വായന, കല, സാഹിത്യം,വിദ്യാഭ്യാസം , ജോലി ,ചികിത്സ , കച്ചവടം മുതൽ ധാരാളം സംഗതികൾ വിവര സാങ്കേതിക മേഖലകളിൽ കൂടി പ്രചുരപ്രചാരം നേടി.
ഇത്തരം റീട്ടയിൽ ചെയിനുകൾ മാത്രമല്ല , പല ബാങ്ക് ശാഖകളടക്കം, ധാരാളം റെസ്റ്റോറന്റ് കം കോഫി ഷോപ്പ് ചെയിനുകളും ഇല്ലാതായി കൊണ്ടിരിക്കുകയാണ് .
ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്കൊക്കെ 'റിഡന്റൻസി' കിട്ടി വീട്ടിലിരിപ്പായെങ്കിലും - ഈ സ്ഥാപനങ്ങളിലെ സേവനങ്ങളും വസ്‌തു വകകളുടെ കച്ചവടങ്ങളുമൊക്കെ ഇപ്പോഴും സുഖമമായി നടന്നുകൊണ്ടിരിക്കുന്നുണ്ട് ...
എല്ലാം 'ഓൺ-ലൈൻ' വിപണങ്ങളിൽ കൂടിയാണെന്ന് മാത്രം ...!
വമ്പൻ സൂപ്പർ മാളുകളിലും ,വിവിധോപകരണങ്ങളുടെ സ്റ്റോറുകളിലും ,'ഫുഡ് ചെയിനു'കളിലും മറ്റും നേരിട്ടുപോയി കണ്ട് സംതൃപ്തിയോടെ വാങ്ങിയും ഓർഡർ കൊടുത്തും വാങ്ങിയിരുന്ന ജംഗമ വസ്‌തുക്കളെല്ലാം എവിടെയിരുന്നും 'വെർച്ച്യൽ' ദൃശ്യങ്ങളിലൂടെ കണ്ട് , വാങ്ങാമെന്ന സ്ഥിതിയിലായി മാറിയ അവസ്ഥാ വിശേഷങ്ങൾ ...
'കമ്പനി - വെയർ ഹൌസ് - ഡെലിവറി ഏജൻസി - ട്രാൻപോർട്ട് - കസ്റ്റമർ' എന്നീനിലകളിലേക്ക് ഏതാണ്ട് എല്ലാ ഉപഭോഗ വസ്തുക്കളുടെയും വിപണങ്ങളിൽ മാറിക്കഴിഞ്ഞു ...!
വിൽക്കാനുള്ള ഏത് പ്രൊഡക്റ്റും പൈസയുണ്ടെങ്കിൽ ആവശ്യക്കാരന് ഇന്റർനെറ്റ് എന്ന ഇടനിലക്കാരനിലൂടെ വിരൽ തുമ്പിലൂടെ പ്രാപ്തമാക്കുവാൻ പറ്റുന്ന സ്ഥിതിയിലേക്ക് ആധുനിക ലോകം എത്തപ്പെട്ടു ...!
അനേകമനേകം പുതിയ ജീവിത രീതികളും പുത്തൻ ചിട്ടവട്ടങ്ങളുമായി ലോകജനത വെറും ഒരു വർഷത്തിനിടയിൽ ഇത്രയധികം മാറിയ ഒരു കാലഘട്ടം മാനവ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വാസ്‌തവം...
അതാതുസമയങ്ങളിൽ ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനടയിൽ ഇത്തരം മാറ്റങ്ങൾ മനുഷ്യജീവിതത്തെ ക്രമേണയായി മാറ്റങ്ങൾക്ക് വിധേയമാക്കി കൊണ്ടിരുന്നുവെങ്കിലും ,ലോകം മുഴുവൻ വല്ലാത്ത വ്യാപന വ്യാപ്‌തിയോടെ പടർന്നു പിടിച്ച കൊറോണയെന്ന ഒരു പരമാണു കാരണമാണ് ആഗോളതലത്തിൽ എല്ലാ മേഖലകളിലും ഇത്രയും വേഗത്തിൽ മാറ്റങ്ങൾ സംഭവിച്ചത് .
അതെ മുതൽ മുടക്കി സ്ഥാപനങ്ങളോ കട മുറികളോ എടുക്കാതെ തന്നെ ,അധികം ജോലിക്കാരില്ലാതെ തന്നെ എന്തും ഏതും വിപണനം ചെയ്യുവാനുള്ള ധാരാളം 'ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമു'കൾ ഇപ്പോൾ ലോകം മുഴുവനായും പ്രാബല്യത്തിൽ വന്നു കഴിഞ്ഞു .
അവരവരുടെ മേഖലകളിൽ സ്വയം തൊഴിൽ കണ്ടെത്തി നല്ല ജീവിത നിലവാരം കെട്ടിപ്പടുക്കുവാനുള്ള സാദ്ധ്യതകൾ ഇന്റർനെറ്റിൽ ചുമ്മാ ഒന്ന് പരതി നോക്കിയാൽ ഏവർക്കും ഇപ്പോൾ സ്വായത്തമാക്കാവുന്നതാണ് .
എത്ര തിക്താനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും ഏവരുടെയും ജീവിതത്തിൽ ഓർക്കുവാൻ ചില മധുരസ്മരണകൾ ഉണ്ടാകും . ആയത് മനസ്സിന് വല്ലാത്ത ഊർജ്ജവും , ഉന്മേഷവും നൽകുന്ന സംഗതികളാണ് ...
കഴിഞ്ഞ ജൂലായിൽ മകൾക്ക് കുഞ്ഞ് ജനിച്ചപ്പോൾ ഞങ്ങൾ അമ്മൂമ്മയും മുത്തശ്ശനുമായി മാറിയത്...
അനേകം നാളുകളായി പലപല ജോലികളിൽ വ്യാപൃതനായ ശേഷം ഇപ്പോഴുള്ള ജോലി 'റിഡന്റൻസി'യിൽ ഇല്ലാതായപ്പോൾ വീട്ടിലിരുന്ന് ഇഷ്ട്ട വിനോദങ്ങളുമായി സമയം പങ്കിടുവാൻ സാധിക്കുന്നത്...
ഒന്നൊര ലക്ഷത്തിൽ മേലെയുള്ള ബ്രിട്ടണിലെ പ്രവാസി മലയാളികളിൽ നിന്നും ഇവിടെയുള്ളവരെ ഏറെ സ്വാധീനിച്ച നൂറു വ്യക്തികളിൽ ഇപ്പോൾ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടത് ...
ഒപ്പം ഇപ്പോൾ വെറും 'സോഫാ ഗ്‌ളൂ ആക്ടിവിസ്റ്റു'കളായി മാത്രം മാറിയിരിക്കുന്ന ജനതക്കൊപ്പമിരുന്ന് സോഷ്യൽ മീഡിയ തട്ടകങ്ങൾ വഴിയും ,ദൃശ്യ മാധ്യമങ്ങളിൽ കൂടിയും കിട്ടുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളിൽ കൂടി കിട്ടുന്ന അല്പസൽപ്പം ആശ്വാസങ്ങളും മനസ്സിന് വല്ലാത്ത ഊർജ്ജവും , ഉന്മേഷവും നൽകുന്ന സംഗതികളാണ് ...!