പ്രിയരെ ,
ഒരു വ്യാഴവട്ടക്കാലം മുമ്പുള്ള കേരളപ്പിറവി കൊണ്ടാടുന്ന വാർഷിക ദിനത്തിനാണ് ഞാൻ ബൂലോക പ്രവേശം നടത്തി ആദ്യമായി ഈ ബ്ലോഗിൽ പ്രഥമമായി ഒരു രചന കുറിച്ചിട്ടത്.
അന്ന് മുതൽ ഇന്നുവരെ ജീവിത യാത്രയിൽ എത്ര തിരക്കുകളുണ്ടായാലും കൃത്യമായ ഇടവേളകളിൽ സമയമുണ്ടാക്കി ബ്ലോഗു വായനകളിലേക്കും, എഴുത്തുകളിലേക്കും എത്തിനോക്കി ആത്മാർത്ഥമായി എന്തെങ്കിലും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ഞാൻ ശ്രദ്ധിച്ചിരുന്നു എന്നതും ഒരു ബ്ലോഗർ എന്ന നിലയിലുള്ള എന്റെ ഒരു പ്രത്യേകത തന്നെയായിരുന്നു ...
ലണ്ടനിൽ വന്നതു മുതൽ അത്യാധുനികമായ പല കാഴ്ച്ചവട്ടങ്ങളും, അതിനോടനുബന്ധിച്ചുള്ള ധാരാളം ആമോദങ്ങളും എപ്പോഴും വിവിധ തരത്തിൽ കിട്ടികൊണ്ടിരുന്നുവെങ്കിലും , ഒരു പാശ്ചാത്യ നാട്ടിൽ കുറ്റിയടിക്കപ്പെട്ട പ്രവാസിയെന്ന നിലയിൽ അനേകം ഗൃഹാതുരതകളാൽ എന്നും വീർപ്പുമുട്ടി കഴിയുകയായിരുന്നു ഞാൻ ...!
മില്ലേനിയം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ആണ്ടിലൊരിക്കൽ മാത്രം മൂന്നാലാഴ്ചകളിൽ കിട്ടുന്ന ഒരു ശുഷ്‌കമായ അവുധിക്കാലമല്ലാതെ, അമ്മ മലയാളവുമായി ബന്ധപ്പെട്ടിരുന്നത് 'ആനുവൽ ലീവ് ' കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന കുറച്ചു പുസ്‌തങ്ങളും, ഓണപ്പതിപ്പുകളുമായി സല്ലപിക്കുമ്പോഴായിരുന്നു.
പിന്നെ കൊല്ലത്തിൽ ഒന്നോരണ്ടോ തവണ കൂടുന്ന മലയാളി സമാജങ്ങളിലൂടെയും ,വാടകക്കെടുക്കുന്ന കാസറ്റ് സിനിമകളിലൂടെയും, ഇടക്ക് മാത്രം വീണുകിട്ടുന്ന മലയാള സിനിമ പ്രദർശനങ്ങളിലൂടെയും മാത്രം .
ആ സമയത്ത് ജോലി സ്ഥലങ്ങളിലും ,സ്‌കൂളുകളിലും വ്യാപകമായുണ്ടായിരുന്ന 'ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറു'കൾ പുതിയ 'വേർഷൻ' ഇറങ്ങിയപ്പോൾ, 'സെക്കന്റ് ഹാന്റാ'യി എവിടെയും വളരെ ചീപ്പായി കിട്ടുവാൻ തുടങ്ങിയപ്പോൾ ; മക്കൾക്ക് പഠിക്കുവാൻ വേണ്ടി ഞാനും ഒന്ന് വാങ്ങി വീട്ടിൽ സ്ഥാപിച്ചിരുന്നു .
പിള്ളേര് രണ്ടുപേരും ഈ 'ഡെസ്ക് ടോപ്പി'ന്റെ മുമ്പിലിരുന്ന് കൊട്ടും പാട്ടും നടത്തുമ്പോൾ , ഈ കുന്ത്രാണ്ടത്തിന്റെ കുണ്ടാമണ്ടികൾ അത്രവലിയ പിടിയില്ലാത്തത് കൊണ്ട് ,കുരങ്ങന്റെ കൈയിൽ പൊതിയാ തേങ്ങ പോലെയാണ് ഞാനിതിനെ നോക്കി കണ്ടിരുന്നത് ...!
2004 ജനുവരിയിൽ ഗൂഗിൾ 'Orkut '- ന് തുടക്കം കുറിച്ചപ്പോൾ ,കൂടെ താമസിക്കുന്ന കമ്പ്യൂട്ടർ എൻജിനീയറായ അജയ് മാത്യുവടക്കം ധാരാളം പേർ ഈ സോഷ്യൽ മീഡിയയിൽ അംഗങ്ങളായി മാറിയിരുന്നു .
പിന്നീടെപ്പോഴൊ അജയ് എനിക്ക് ഒരു 'Orkut ' പ്രൊഫൈൽ ഉണ്ടാക്കി തന്നെങ്കിലും , ഇലക്ട്രോണിക് വിദ്യകളിൽ അത്ര പ്രാവീണ്യം ഇല്ലാത്തതിനാൽ ആയതവിടെ കുറെ മാസങ്ങളോളം നിർജ്ജീവമായി തന്നെ കിടന്നു .
2005 ആയപ്പോഴേക്കും ഓർക്കുട്ടും, മെയിലിൽ കൂടി കിട്ടുന്ന മലയാളം 'വെബ് ലോഗു'കളും മലയാള വായന കുറച്ചുകൂടി എളുപ്പത്തിലാക്കി തുടങ്ങിയിരുന്നു.
ഇതുനുമുമ്പെ തന്നെ മലയാളികളായ പല കമ്പൂട്ടർ തലതൊട്ടപ്പന്മാരും 'യു.എസ്‌സി'ലും ,'യു .കെ' യിലും ,'യു.എ .ഇ 'യിലുമൊക്കെയിരുന്ന് സൈബർ ഇടങ്ങളിൽ മലയാളം ലിപികൾ എഴുതുന്നതിനുള്ള രൂപകല്പനകൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞിരുന്നു .
ഇതിനിടയിൽ മോൾ വിദേശങ്ങളിലുള്ള പല കുടുംബ മിത്രങ്ങളേയും ,എന്റെ പഴയ കൂട്ടുകാരെയും 'Orkut'- ൽ കൂടി പരിചയപ്പെടുത്തി തന്നെങ്കിലും ഇടക്കിടെ ബർത്ത് ഡേയ് , വിവാഹ വാർഷിക ആശംസകളും , ചില ഫോട്ടോകളും ചേർത്ത് വല്ലപ്പോഴും വന്ന് എത്തിനോക്കുന്ന ഒരു തട്ടകമായി അതൊതുങ്ങി .
പിന്നീടൊരിക്കൽ വളരെ നിർജ്ജീവമായി കിടന്നിരിന്ന , എന്റെ ആ പ്രഥമമായ സൈബർ തട്ടകത്തിൽ , മൂനാല് മാസത്തിന് ശേഷം വന്നൊന്നു നോക്കിയപ്പോൾ ഞാൻ ശരിക്കും വല്ലാതെ അത്ഭുതപ്പെട്ട് പോയി ... !
ഭൂഗോളത്തിന്റെ പല ഭാഗത്ത് നിന്നും , എതാണ്ട് കാൽ നൂറ്റാണ്ടോളമായി യാതൊരുവിധ ബന്ധങ്ങളുമില്ലാതെ കിടന്നിരുന്ന അമ്പതോളം വരുന്ന പണ്ടത്തെ പല ഗെഡികളുടേയും , ഗെഡിച്ചികളുടേയുമൊക്കെ സ്നേഹാനേഷണങ്ങൾ നിറഞ്ഞ കുത്തിക്കുറിക്കലുകൾ ...
പഴയ പ്രണയിനികൾ തൊട്ട് , ചില ശത്രുക്കൾ
വരെയുള്ളവർ വീണ്ടും എന്നെ കൂട്ടാളികളാക്കാനുള്ള അപേക്ഷകൾ ...
എനിക്ക് മനം നിറയെ സന്തോഷം ഉണ്ടാകുവാൻ
ഇതിൽ പരം എന്ത് കാരണമാണ് വേണ്ടത് അല്ലേ ... ? !
വല്ലപ്പോഴും മെയ്ല് നോക്കാനും , അപേക്ഷകൾ അയക്കാനും
മാത്രം പിള്ളേർക്ക് പഠിക്കുവാൻ വാങ്ങി കൊടുത്ത 'ഡെസ്ക്ടോപ്പി'ൽ എത്തി നോക്കാറുള്ള ഞാൻ , ഒറ്റ വിരൽ ടൈപ്പിങ്ങിൽ പരിശീലനം നേടി പിന്നീട് ഒഴിവുള്ള സമയമൊക്കെ 'കമ്പ്യൂട്ടർ ടേയ്ബളി'ന്റെ
മുന്നിൽ തപസ്സ് ചെയ്യുവാൻ തുടങ്ങി. എന്നെ അന്നൊക്കെ വീട്ടിൽ കയറില്ലാതെ കെട്ടി
പൂട്ടിയിട്ട ആദ്യ സൈബർ തട്ടകമായിരുന്നു “ഓർക്കുട്ട് ‘ എന്ന ആ സൌഹൃദക്കൂട്ടായ്മാ വേദി ...!
ഒരു പക്ഷേ 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റു'കളിലൊന്നായ
‘ഓർക്കുട്ട്’ ലഹരി ഇല്ലായിരിന്നുവെങ്കിൽ , ഞാനൊക്കെ ഈ ലണ്ടൻ
പട്ടണത്തിലെ ഏതെങ്കിലും ഒരു മൂലയിൽ ഒതുങ്ങി കൂടി , ടായം കളിച്ച് കൂടുതലാരാലും അറിയപ്പെടാതെ ചുരുങ്ങി പോകേണ്ട ഒരുവനായിരുന്നു..!
ഇത് കേട്ടാൽ തോന്നും ഞാൻ വല്ല്യേ എഴുത്തുകാരനൊ, സെലിബിറിറ്റിയോ മറ്റൊയാണൊ എന്നത് ...!
ഇതൊന്നു മല്ലെങ്കിലും സ്വയം കുറെ തിരിച്ചറിവുകൾ നേടാനും ,
പുറമേയുള്ളവർക്ക് എന്നെ അറിയിപ്പിക്കപ്പെടാനും ഈ ഓർക്കുട്ട് ഒരു നവീനമായ സൈബർ തട്ടകം തന്നെയായിരുന്നു ...!
ഞാനടക്കം ഒരുപാട് പേർക്ക് സൈബർ ഇടങ്ങളിലേക്ക് ചേക്കേറുവാൻ വേദിയൊരുക്കിയ പ്രഥമ സോഷ്യൽ മീഡിയ സൈറ്റ് ...!
ഇതിനിടയിൽ ഈ സൈറ്റിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് എഴുതുന്ന മലയാളത്തിലുള്ള പല ബ്ലോഗർമാരുടെയും വേറിട്ട നാമധേയങ്ങളാൽ അറിയപ്പെട്ട ബ്ലോഗുകളും, ആയതിൽ വരുന്ന പുതിയ കുറിപ്പുകളുടെ ലിങ്കുകളും കാണുവാനും ,വായിച്ചു പുളകം കൊള്ളുവാനും സാധിക്കുന്നു എന്നത് ഏറ്റവും സന്തോഷം നൽകുന്ന ഒരു സംഗതി തന്നെയായിരുന്നു ...
ഇത്തരം സൈബർ ഇടങ്ങളിലുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ ഉടലെടുത്ത കഥയ്ക്ക് വേണമെങ്കിൽ എന്നോളം തന്നെ പ്രായമുണ്ട് .
അന്നത്തെ ഈ വിവര സാങ്കേതിക രംഗത്തെ ചരിത്രം ചികഞ്ഞു നോക്കുകയാണെങ്കില്‍ , പണ്ടുകാലത്തുണ്ടായിരുന്ന കൂറ്റന്‍ കമ്പ്യൂട്ടറുകള് കണ്ടുപിടിച്ച ശേഷം ,കുറെ കഴിഞ്ഞ്,
1965 ലെ ഇന്നത്തെ മെയിൽ സന്ദേശം പോലുള്ള രണ്ടുവാക്കുകള്‍ ഒരു കംപ്യുട്ടർ മെഷീനില്‍ നിന്നും മറ്റൊന്നിലേക്ക് ദൂരസഞ്ചാരം നടത്തിയ വിപ്ലവമാണ് ഇന്നീ കാണുന്ന സൈബര്‍ ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും തുടക്കം കുറിച്ച സംഗതി.
ഇവിടെ നിന്നാണ് ഇന്റർ-നെറ്റിന്റെ ഉത്പത്തിയും ,വികാസവും
തുടങ്ങുന്നത് . ഇന്റര്‍ -നെറ്റ് ഉപയോക്താക്കളില്‍ പിന്നീട് അതിവേഗം
പടര്‍ന്നു പിടിച്ച മാധ്യമ തരംഗങ്ങളാണ് ഇ - മെയിൽ എന്ന തലതൊട്ടപ്പനും അതോടൊപ്പം വളർന്ന സൈബർ ലോകത്തിലെ പല പല സേവന ദാതാക്കളും...!
പിന്നീട് ദശകങ്ങൾ കഴിയും തോറും , സൈബർ ലോകത്ത് ധാരാളം വിപ്ലവങ്ങൾ ആഗോളതലത്തിൽ നടന്നുകൊണ്ടിരുന്നു .
1990 കൾക്ക് ശേഷം അവർ ധാരാളം സൈറ്റുകൾ രൂപകല്പനകൾ നടത്തി ഓരൊ ഉപയോക്താക്കൾക്കും സ്വന്തമയി /സൌജന്യമായി സേവനം ചെയ്യുന്ന രീതിയിലേക്ക് പ്രാബല്യത്തിലാക്കി
'ഗൂഗിള്‍ ,യാഹൂ ,അല്ട്ടാവിസ്ട ,റീഡിഫ് ,....'
മുതലായ കംപ്യുട്ടര്‍ ലോകത്തിലെ എല്ലാ സേവന
ദാതാക്കളും ഇപ്പോള്‍ സൌജന്യമായി തന്നെ ബ്ലോഗും
മറ്റും ഫ്രീയായിട്ട് തന്നെ തുടങ്ങാനുള്ള ഇടം നല്‍കുന്നുണ്ട് .
1991 കളില്‍ പ്രമുഖ കംപ്യുട്ടര്‍ /സോഫ്റ്റ് വെയര്‍ കമ്പനികള്‍
ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍ നെറ്റില്‍ കൂടി അനായാസമായി
കൈകാര്യം ചെയ്യുന്നതിനു വേണ്ടി 'യൂണിക്കോഡ് ഫോണ്ട് ' വിപ്ലവം സൃഷ്ടിച്ചതോട് കൂടി വിവരസാങ്കേതിക രംഗത്ത് പല പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു.
അന്നുകാലത്ത് ഡയറികുറിപ്പുകൾ എഴുതിയിടാന്‍ ഉപയോഗിച്ച
'വെബ് ലോഗു'കള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പരിണമിച്ചു
'വീ-ബ്ലോഗ് 'ആയി മാറി ആദ്യകാല ബ്ലോഗുകള്‍ ഉണ്ടായി എന്നാണ് പറയുന്നത് ...!
കാലിഫോര്‍ണിയയിലെ 'പൈര്ര ലാബ്' എന്നകമ്പനിയാണ് www.blogger.com
നിര്‍മ്മിച്ച് ആദ്യമായി പൊതു സേവനത്തിനുവേണ്ടി ഏവര്‍ക്കും തുറന്നു കൊടുത്തത് , പിന്നീടത് സാമ്പത്തിക നഷ്ട്ടം മൂലം അവര്‍ 2002 ഇല്‍ ഗൂഗിളിനുകൈമാറി.
മുഴുവന്‍ കാര്യങ്ങളും സൌജന്യമല്ലാത്ത 2001 ഇല്‍ ആരംഭിച്ച വേൾഡ് പ്രസ്സ്
എന്ന പോര്‍ട്ടലും വളരെ പേരുകേട്ട ഒരു ബ്ലോഗിങ്ങ് പ്രസ്ഥാനം തന്നെയാണിപ്പോള്‍ .
കൂടാതെ ഇപ്പോള്‍ ബ്ലോഗ്ഗർ കോം ,ലൈവ് ജേർനൽ തുടങ്ങി നാല്പതിൽ കൂടുതൽ ലോകപ്പെരുമയുള്ള ബ്ലോഗര്‍ ജാലകങ്ങളുണ്ട്.
ഏവര്‍ക്കും എന്നും ഫ്രീയായിട്ട് ഇഷ്ടം
പോലെ മേഞ്ഞു നടക്കുവാന്‍ പറ്റുന്ന വെബ് തട്ടകങ്ങൾ .
ഇംഗ്ലീഷ് ബ്ലോഗുകൾ തുടങ്ങിയ കാലം തൊട്ടു തന്നെ 'ഇന്റര്‍-നെറ്റ്'
ഉപയോഗിച്ച് കൊണ്ടിരുന്ന കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും, മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ മറു പേരുകളില്‍ ചമച്ചു വിട്ടിരുന്നു ...
പത്തുകൊല്ലം മുമ്പ് ഫോട്ടോ സ്റ്റാറ്റ് കോപ്പികളാല്‍ കുപ്രസിദ്ധി
നേടിയ ഭരണി പാട്ടുകള്‍, മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ
പോസ്റ്റുകൾ അന്നത്തെ മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി
അന്നത്തെയാളുകള്‍ ഇപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നൂ .
പിന്നീട് മലയാളത്തിൽ വന്ന രചനകൾ ,
കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽപോസ്റ്റുകൾ ആയിരുന്നു .
ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...മുതൽ കുറെ ഹിറ്റ് ആയ പോസ്റ്റുകൾ..
19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച്
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് .
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന ചെയ്ത
അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും , സിബു .സി.ജെ
അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍ മലയാളം രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .
അവയൊക്കെ വായിച്ചാസ്വദിച്ചു അവരെ പിന്തുടർന്ന് , ചിലപ്പോഴൊക്കെ വളരെ ക്ലേശിച്ച് ടൈപ്പ് ചെയ്‌ത് അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു .
2006 കാലഘട്ടങ്ങളിൽ വെറും 50 ബ്ലോഗ്ഗർമാരുണ്ടായിരുന്ന ഭൂമി മലയാളത്തിൽ ബ്ലോഗുലകം അടുത്ത ഒരു കൊല്ലത്തിനുള്ളിൽ വളർന്നു വലുതായി ഒരു ബൂലോകം ഉണ്ടാകുന്നതും ധാരാളം ബൂലോഗരും ബ്ലോഗിണിമാരും അവിടെ ഭൂജാതരായിക്കൊണ്ടിരിക്കുന്നതും വളരെ അത്ഭുതപൂർവ്വം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ .
2008 ആയപ്പോഴേക്കും 500 ൽ പരം ബൂലോഗരും ആയതിന്റെ അമ്പതിരട്ടി വായനക്കാരുമായി മലയാളം ബ്ലോഗുലകം ചടുപിടുന്നനെ വളർന്നുകൊണ്ടേയിരുന്നു ...
ആ സമയത്ത് ഉന്നത വിദ്യാഭ്യാസത്തിനും ,ജോലിക്കുമൊക്കെയായി യു.കെയിൽ എത്തിച്ചേർന്നു അപരനാമത്തിൽ ബ്ലോഗെഴുതുന്ന പലരെയും പരിചയപ്പെട്ടപ്പോഴാണ് എനിക്കും ഒരു ബൂലോഗ തട്ടകം ഉണ്ടാക്കിയാലൊ എന്ന ആശയം ഉടലെടുത്തതും ഇത്തരം കൂട്ടുകാരുടെ സഹായത്തോടെ ബിലാത്തിപട്ടണം എന്ന ഈ ബ്ലോഗിന് കുറിച്ചതും
എന്റേതായ കാഴ്ച്ചപ്പാടുകൾ തനി നാടൻ ഭാഷയിൽ ബ്ലോഗിൽ ചേർക്കാവുന്ന ഫോട്ടോകളും ,ലിങ്കുകളും, വീഡോയൊകളും ചേരും പടി ചേർത്തുള്ള തനി അവിയൽ പരുവത്തിലുള്ള രചനകൾ മാത്രമാണ് ഞാൻ ഇവിടെ കഴിഞ്ഞ പന്തീരാണ്ടു കൊല്ലവും എഴുതിയിടാറുള്ളത് .
ഒപ്പം മറ്റു ബ്ലോഗെഴുത്തുകാർക്കൊക്കെ എന്നാലാവും വിധം പ്രോത്സാഹനങ്ങളും മറ്റും നൽകി ആഗോളതലത്തിൽ തന്നെ ബൃഹത്തായ ഒരു മിത്രകൂട്ടായ്‌മ വളർത്തിയെടുക്കുവാൻ സാധിച്ചു എന്നുള്ളതാണ് ഈ ബിലാത്തിപട്ടണം കൊണ്ടുണ്ടായ ഏറ്റവും മെച്ചവും ഗുണകരവുമായ സംഗതികൾ .
ഇന്ന് ഇതിൽ പല മിത്രങ്ങളും ഡെസ്ക് ടോപ്പിൽ നിന്നും ബുക്ക് ഷെൽഫുകളിലേക്കും ഫെയ്സ് ബുക്ക് ,ട്വിട്ടര്‍ ,യു -ട്യൂബ് ...മുതലായ മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലേക്കും കൂട് വിട്ട് കൂടുമാറിയെങ്കിലും എന്റെ ഈ ബ്ലോഗെഴുത്തിന് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വെള്ളവും വളവുമേകി , മറ്റു വായനക്കാരെ പോലെ തന്നെ ഈ 'ബിലാത്തി പട്ടണത്തിന്റെ വളർച്ചയിൽ പങ്കാളികൾ തന്നെയാണവർ
അങ്ങനെ ഒരു വ്യാഴവട്ടക്കാലത്തോളം ഇന്ന് കാലത്ത് ഏവരും കുടുങ്ങിപോകുന്ന ഇന്റർനെറ്റ് വലയിൽ അകപ്പെട്ട് 144 മാസങ്ങളിലായി
ഞാൻ പടച്ചുവിട്ട ആനിവേഴ്‌സറി പോസ്റ്റുകൾ ...
- ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം / 01 - 11 - 2008
- .ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30 -11 -2009.
- ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010.
- മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
- ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012.
- ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013.
- ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014.
- സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015.
- 'സ്‌മൃതി' ഉണർത്തുന്ന 'ഛായ' / 29 -11 -2016
- ആംഗലേയ നാട്ടിലെ ഭാഷാസ്നേഹികളായ മല്ലു വല്ലഭർ / 15 - 11 -2017
- ഒരു ദശകം പിന്നിട്ട ബൂലോക പ്രവേശം / 01 -11 -2018
- പതിനൊന്നിൻ നിറവിൽ ഒരു ബൂലോഗപട്ടണം / 29 - 11 - 2019