Wednesday, 30 September 2020

ഒരു പുതിയ അമ്മൂമ്മയും മുത്തശ്ശനും ...! / Oru Puthiya Ammoommayum Mutthasshanum ...!

ഒരു മഹാമാരിയായ വ്യാപനവ്യാപ്‌തിയോടെ  പടർന്നുപിടിച്ച 'കോവിഡ് -19'  എന്ന കൊറോണ വൈറസുകൾ കാരണം ലോക ജനത മുഴുവൻ  ഇക്കൊല്ലം തുടക്കം മുതൽ ഇന്നുവരേക്കും ആഗോളതലമായി വല്ലാത്ത ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്തിലൂടെയാണ് നാം ഏവരും ഇപ്പോൾ കടന്നുപോയി കൊണ്ടിരിക്കുന്നത് ...

നാഴിക കല്ലുകൾ കണക്കെ  ഓരൊ വർഷവും നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും പിന്നിട്ടുപോകുമ്പോഴും ,  അനേകം ദു:ഖങ്ങൾക്കൊപ്പം ഓർത്തുവെക്കുവാൻ വളരെ കുറച്ച് സന്തോഷം നൽകുന്ന അനുഭവങ്ങളും അക്കൊല്ലം നമ്മൾക്ക് നല്കിയിട്ടുണ്ടാകും ...

ഈ കൊറോണക്കാലം  വരുത്തിവെച്ച ദുരിതങ്ങൾക്കും, വിഷാദ രോഗത്തിനും ഇടയിൽ അത്തരത്തിലുള്ള ആനന്ദം നൽകിയ
ഒരു സംഗതിയെ കുറിച്ച് ചുമ്മാ എഴുതിയിടുകയാണ് ഞാനിവിടെയിപ്പോൾ ...

എന്റെയും ഭാര്യയുടേയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ  ഒന്നിച്ചുള്ള പ്രണയജീവിതം  പിന്നിട്ടപ്പോൾ ഒരു അമ്മൂമ്മ പട്ടവും 
 മുത്തശ്ശൻ സ്ഥാനവും ഈ 
ജീവിതപാന്ഥാവിൽ കരസ്ഥമാക്കിയ   സന്തോഷത്തിലാണ് ഞങ്ങളിപ്പോൾ...!

രണ്ടുമാസങ്ങൾക്ക്  മുമ്പ് ഞങ്ങളെ അമ്മൂമ്മയും മുത്തശ്ശനുമാക്കി പേരകുട്ടിയായി ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം  ആദ്യത്തെ   തിങ്കളാഴ്ച്ച , ആവണി അവിട്ടത്തിന്, കുടുംബത്തിലെ അനന്തരാവകാശിയായി പിറന്നുവീണ സാന്മയി(Sanmayi)ക്ക് സ്നേഹാശംസകൾ നേരുകയാണ് ഈ അവസരത്തിൽ ...


കുഞ്ഞുവായിൽ കരച്ചിലുമായി ഒരു ചോര കുഞ്ഞ് 
മോളുടേയും മരുമോന്റെയും ജീവിതത്തിലേക്ക് അന്ന് കടന്നുവന്നപ്പോൾ ആയതൊരു സന്തോഷത്തിന്റേയും, നിർവൃതിയുടേയും നിമിഷങ്ങൾ തന്നെയായിരുന്നു...!

ഇനി  താണ്ടാനുള്ള വാനപ്രസ്ഥവും, സന്യാസവും പൂർത്തീകരിക്കുവാൻ സാധിക്കുമൊ എന്നൊന്നും നിശ്ചയുമില്ലാത്ത ഒരു അവസ്ഥാവിശേഷം കൂടിയാണ്  ഇപ്പോൾ  കോവിഡ് എന്ന മഹാമാരിയായി താണ്ഡവമാടുന്ന ഈ പരമാണു സൃഷ്ടിച്ചിരിക്കുന്ന പ്രതിഭാസം ...!

ബ്രിട്ടണിൽ വീണ്ടും കൊറോണയുടെ രണ്ടാം തരംഗം അലയടിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തിൽ കൂടിയാണ് ഞങ്ങൾക്ക് ചുറ്റും ഇപ്പോൾ കാണപ്പെടുന്ന വസ്‌തുതകൾ ...
സ്വന്തം വീടും നാടുമൊക്കെ  വിട്ട് എത്ര ഉന്നതമായതൊ , അല്ലാത്തതൊ ആയ പ്രവാസ ജീവിതം അനുഷ്ഠിക്കുമ്പോഴും അവരവരുടേതായ പല ഗൃഹാതുരത്വ സ്മരണകളാൽ സമ്പുഷ്ടമായാണ് ഓരോ പ്രവാസികളും ജീവിതം മുന്നോട്ട് കൊണ്ടുപോകാറുള്ളത് ...!

കഴിഞ്ഞ മാസം ഉത്രാട പാച്ചിലിനിടയിൽ ഈ കൊ'റോണ'ക്കാലത്ത് ഞങ്ങൾ സകുടുംബം മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ആദ്യത്തെ പേരക്കുട്ടിയായ 'സാന്മയി'യുടെ ഇരുപത്തെട്ടിലെ ചരടുകെട്ടും , പേരിടൽ കർമ്മവും ... !

നവാതിഥിയായി  ഞങ്ങളുടെ കുടുംബത്തിൽ ഇടം പിടിച്ച പേരക്ടാവും ,കെങ്കേമമായി വിഭവ സമൃദ്ധമായ സദ്യ വെച്ചുവിളമ്പിയ അവളുടെ അമ്മൂമ്മയും തന്നെയായിരുന്നു അന്നത്തെ ചടങ്ങിലെ  താരങ്ങൾ...  

ജീവിതത്തിൽ കിട്ടുന്ന അമൂല്യമായ സന്തോഷങ്ങളിൽ നിന്നും മാഞ്ഞുപോകാത്ത സ്‌മരണകളായി  അങ്ങനെ ഒരു ആമോദത്തിൻ ദിനം കൂടിയായിരുന്നു ആ പേരകുട്ടിയുടെ ഇരുപത്തെട്ട് കെട്ടും പേരിടൽ ചടങ്ങും .  

ഇപ്പോൾ പാൽ പുഞ്ചിരിയുമായി കൈകാലുകൾ ഇളക്കിയുള്ള ആ പൊന്നോമനയുടെ കളിവിളയാട്ടങ്ങൾ കാണുമ്പോൾ ഞങ്ങളുടെ കുടുംബത്തിൽ ഏവർക്കും അനുഭവപ്പെടുന്ന  ആമോദങ്ങൾ തീർത്തും പറഞ്ഞറിയുക്കുവാൻ സാധിക്കാത്ത ഒരു പ്രത്യേക ആനന്ദങ്ങൾ തന്നെയാണ്...!
ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് മോളും ,
പിന്നീട് മോനും ജനിച്ചു വീണ ശേഷം ഞങ്ങൾക്ക് കിട്ടിയ 
ആ കൊച്ചുകൊച്ചു സന്തോഷങ്ങൾ ഇപ്പോൾ , ആ മോളും മരുമകനും കൂടി പങ്കിടുന്നത്  കണ്ടിരിക്കുമ്പോൾ തന്നെ ഒരു സുഖമുള്ള നിർവൃതിയാണ് ഉണ്ടാകുന്നത് ... 
നമ്മുടെ മക്കൾ ആദ്യമായി പുഞ്ചിരിക്കുന്നത് ,  
കമഴ്ന്നു കിടക്കുന്നത് ,മുട്ടുകുത്തി നടക്കുന്നത്  , ഇരിക്കുന്നത്,  കിന്നരി പല്ലുകൾ മുളച്ചുവരുന്നത് , പിച്ചവെച്ച് നടക്കുന്നത് എന്നിങ്ങനെ എത്രയെത്ര സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ് ഓരൊ ദമ്പതികളുടെ  ജീവിതത്തിലും ഇതുപോലെ 'സൈക്കിളിക്കാ'യി അരങ്ങേറിക്കൊണ്ടിരിക്കുക ..അല്ലെ ..? 

ഞങ്ങളുടെ കഴിഞ്ഞകാല  ജീവിതത്തിൽ 
മക്കളായ കടിഞ്ഞൂൽ പുത്രിയും പിന്നീടുണ്ടായ അവളുടെ കുഞ്ഞനിയനും കൂടി അങ്ങിനെയങ്ങനെ  സുന്ദരമായ എത്ര നിമിഷങ്ങളാണ് അവർ  ഞങ്ങൾക്ക് സമ്മാനിച്ചിട്ടുള്ളത് ...!

കൊച്ചായിരിക്കുമ്പോളവരെ താരാട്ടുപാടിയും 
നെഞ്ചിൽ കിടത്തിയും ഉറക്കുവാനും  കൊഞ്ചിക്കുവാനും കൊതിക്കുന്ന  മാതാപിതാക്കളുടേയും അമ്മൂമ്മമാരുടേയും  മുത്തശ്ശന്മാരുടേയുമൊക്കെ ഇടയിലേക്കാണ് ലോകത്തിലെ ഭൂരിഭാഗം പിഞ്ചോമനകളും എന്നുമെന്നോണം പിറന്നു വീണുകൊണ്ടിരിക്കുന്നത് ...

കുഞ്ഞായിരിക്കുമ്പോൾ അവർ നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ , കുട്ടികൾ  അടിതെറ്റി 
വീഴുമ്പോൾ ,അവർക്കൊക്കെ കൊച്ചപകടങ്ങൾ പറ്റുമ്പോൾ എന്നിങ്ങനെ മക്കൾക്കൊക്കെ വല്ല അസുഖങ്ങളൊക്കെ
വരുമ്പോഴായിരിക്കും നമ്മൾ ദു:ഖങ്ങൾ ശരിക്കും ഉള്ളിൽ തട്ടിയറിയുക.

അതെ ഓരൊ കുട്ടികളുടേയും  വളർച്ചയുടെ ഓരൊ കാല ഘട്ടങ്ങളിലും,
ജീവിതത്തിന്റെ പല പല സന്തോഷങ്ങളും  ദു:ഖങ്ങളും നമ്മളെല്ലാം നേരിട്ട് തൊട്ടറിയുക തന്നെയാണല്ലൊ എന്നുള്ള ഒരു യാഥാർത്ഥ്യവും ഏവരുടെയും ജീവിത പന്ഥാവിൽ അനുഭവിക്കേണ്ട വസ്തുതകൾ തന്നെയാണ്...

ഈ താരാട്ടിനും കൊഞ്ചിക്കലിനും ,വളർത്തി വലുതാക്കുന്നതിനുമൊക്കെ ഉപകാരമായി , അവർ വളർന്ന 
ശേഷം മാതാപിതാക്കൾക്കും മറ്റും ബഹുമനോഹരമായ ആട്ടുകളും അവഗണനയും കിട്ടുന്ന സ്ഥിതിവിശേഷങ്ങളും നാട്ടുനടപ്പായ ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം ഇപ്പോൾ പ്രയാണം നടത്തികൊണ്ടിരിക്കുന്നത് . 

ഇത്തരം സംഗതികൾ  ചിലരുടെയെല്ലാം ജീവിതത്തിൽ 
ഒരു വിരോധപസമായി തീരുകയും ചെയ്യാറുണ്ട് എന്നതും വാസ്തവമാണ് .

ചുള്ളാനിറ്റി നഷ്ട്ടപ്പെട്ട ഒരു പുതിയ
അമ്മൂമ്മയും മുത്തശ്ശനും
💔 !
എന്തായാലും ഉടുക്കുവാനും ,പുതക്കുവാനും 
അനേകം രോഗപീഠകളുള്ള അമ്മൂമ്മക്കും മുത്തശ്ശനും കൊറോണക്കാലത്തെ ഒരു സന്തോഷമായി ഒരു പേരക്കുട്ടിയെ സമ്മാനിച്ച മോൾ മയൂഖക്കും, മരുമോൻ സായുജിനും അഭിനന്ദനങ്ങൾ... 

വേണമെങ്കിൽ നാലഞ്ചുകൊല്ലം മുമ്പ് തന്നെ തകർത്തെറിയാമായിരുന്ന ഞങ്ങളുടെ 'ചുള്ളാനിറ്റി' ഇത്രയും നീട്ടി തന്നതിനും കൂടിയാണ് മക്കൾക്കുള്ള ഈ ആശംസകൾ ... 




 





6 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെയും ഭാര്യയുടേയും കഴിഞ്ഞ
മൂന്നു പതിറ്റാണ്ടിന്റെ ഒന്നിച്ചുള്ള പ്രണയജീവിതം
പിന്നിട്ടപ്പോൾ ഒരു അമ്മൂമ്മ പട്ടവും മുത്തശ്ശൻ സ്ഥാനവും
ഈ ജീവിതപാന്ഥാവിൽ കരസ്ഥമാക്കിയ സന്തോഷത്തിലാണ്
ഞങ്ങളിപ്പോൾ...!
രണ്ടുമാസങ്ങൾക്ക് മുമ്പ് ഞങ്ങളെ
അമ്മൂമ്മയും മുത്തശ്ശനുമാക്കി പേരകുട്ടിയായി
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം ആദ്യത്തെ തിങ്കളാഴ്ച്ച,
ആവണി അവിട്ടത്തിന്, കുടുംബത്തിലെ അനന്തരാവകാശിയായി
പിറന്നുവീണ സാന്മയി(Sanmayi)ക്ക് സ്നേഹാശംസകൾ നേരുകയാണ്
ഈ അവസരത്തിൽ ...


Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ മക്കൾ ആദ്യമായി പുഞ്ചിരിക്കുന്നത് ,
കമഴ്ന്നുകിടക്കുന്നത് മുട്ടുകുത്തി നടക്കുന്നത് ,
ഇരിക്കുന്നത്, കിന്നരി പല്ലുകൾ മുളച്ചുവരുന്നത് ,
പിച്ചവെച്ച് നടക്കുന്നത് എന്നിങ്ങനെ എത്രയെത്ര സന്തോഷത്തിന്റെ
മുഹൂർത്തങ്ങളാണ് ഓരൊ ദാമ്പത്യ ജീവിതത്തിലും ഇതുപോലെ 'സൈക്കിളിക്കാ'യി അരങ്ങേറിക്കൊണ്ടിരിക്കുക ..അല്ലെ ..?
ഞങ്ങളുടെ കഴിഞ്ഞകാല ജീവിതത്തിൽ മക്കളായ
കടിഞ്ഞൂൽ പുത്രിയും പിന്നീടുണ്ടായ അവളുടെ കുഞ്ഞനിയനും
കൂടി അങ്ങിനെ സുന്ദരമായ എത്ര നിമിഷങ്ങളാണ് അവർ ഞങ്ങൾക്ക്
സമ്മാനിച്ചിട്ടുള്ളത് .

കൊച്ചായിരിക്കുമ്പോളവരെ താരാട്ടുപാടിയും
നെഞ്ചിൽ കിടത്തിയും ഉറക്കുവാനും കൊഞ്ചിക്കുവാനും കൊതിക്കുന്ന മാതാപിതാക്കളുടേയും അമ്മൂമ്മമാരുടേയും മുത്തശ്ശന്മാരുടേയുമൊക്കെ ഇടയിലേക്കാണ് ലോകത്തിലെ ഭൂരിഭാഗം പിഞ്ചോമനകളും എന്നുമെന്നോണം പിറന്നു വീണുകൊണ്ടിരിക്കുന്നത് .

കൊച്ചുകുട്ടികൾ അടിതെറ്റി വീഴുമ്പോൾ ,
കൊച്ചപകടങ്ങൾ പറ്റുമ്പോൾ എന്നിങ്ങനെ മക്കൾക്കൊക്കെ
വല്ല അസുഖങ്ങളൊക്കെ വരുമ്പോഴായിരിക്കും നമ്മൾ ദു:ഖങ്ങൾ
ശരിക്കും ഉള്ളിൽ തട്ടിയറിയുക.

അതെ ഓരൊ കുട്ടികളുടേയും വളർച്ചയുടെ
ഓരൊ കാല ഘട്ടങ്ങളിലും ,ജീവിതത്തിന്റെ പല പല
സന്തോഷങ്ങളും ദു:ഖങ്ങളും നമ്മളെല്ലാം നേരിട്ട് തൊട്ടറിയുക
തന്നെയാണല്ലൊ എന്നുള്ള ഒരു യാഥാർത്ഥ്യവും ഏവരുടെയും ജീവിത
പന്ഥാവിൽ അനുഭവിക്കേണ്ട വസ്തുതകൾ തന്നെയാണ്...!

© Mubi said...

സാൻമയിക്കും അവിടെയെല്ലാവർക്കും ആശംസകൾ :) ചുള്ളാനിറ്റി ഒന്ന് കൂടിയിട്ടുണ്ട് മുരളിയേട്ടാ :)

Harilal said...

ആശംസകൾ നേരുന്നു എല്ലാപേർക്കും

Harilal said...

ആശംസകൾ നേരുന്നു എല്ലാപേർക്കും

Pyari said...

"ചുള്ളാനിറ്റി" - പ്രയോഗം കൊള്ളാലോ! ഞാൻ ഓൾഡ് സ്കൂൾ ആയീന്നു തോന്നുന്നു. ഇപ്പോഴാണ് കേൾക്കുന്നത് ഇങ്ങനെയൊരു പ്രയോഗം. :)

പിന്നെ ഒരു കാര്യം: ആ വീഡിയോ എഫ്. ബി. യിൽ കണ്ടതോർക്കുന്നു.

ചുള്ളാണിറ്റി ഒന്ന് കൂടി നീട്ടി വലിച്ചെടുത്തു ഒരു പുതുവര്ഷപ്പോസ്റ്റ് ഇറക്കും എന്ന് കരുതുന്നു. എന്റെ ഓര്മ ശരിയാണെങ്കിൽ ഞാൻ ബിലാത്തിപ്പട്ടണത്തിൽ ആദ്യം വായിച്ചത് ഒരു പുതുവര്ഷപോസ്റ്റ് ആണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഒരു പുതിയ പോസ്റ്റ് ഉണ്ടാവും എന്നും വിശ്വസിക്കുന്നു. 2014 ലെ പോസ്റ്റ് എഫ്. ബി. യിൽ ഇട്ടു ആളെ പറ്റിക്കുന്ന ഏർപ്പാട് ശരിയാവില്ല. :)

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...