അതെ ഏത് വീട്ടിലെ എന്ത് ആഘോഷങ്ങളും കെങ്കേമമാകണമെങ്കിൽ പെണ്ണൊരുമ്പെട്ടാൽ മാത്രമെ പൂർണ്ണമാകൂ ...!
മേടമാസത്തിലെ കൊയ്‌ത്തുകഴിഞ്ഞാൽ മുതൽ അമ്മയെന്നും ഓണത്തിനുള്ള ഒരുക്കൂട്ടലുകൾ നടത്തി തുടങ്ങും .അതിന് മുന്നെ തന്നെ ഞാറ്റുകണ്ടകളിൽ മുതിരയും, എള്ളും , കൂർക്കയും മറ്റുമൊക്കെ നട്ടുകഴിഞ്ഞിരിക്കും .
ഒപ്പം തന്നെ അമ്മയും അയൽക്കൂട്ടത്തെ പെണ്ണുങ്ങളെല്ലാം കൂടി അവരവരുടെ പറമ്പുകളിൽ ഓണക്കാലത്തേക്കുള്ള നാനാതരം വാഴകളും , ചേനയും ,കാച്ചിലും ,ചേമ്പും ,മഞ്ഞളും ,ഇഞ്ചിയുമടക്കം ,പടവലം ,അമര ,പാവയ്ക്ക പന്തലുകളും അതിനടിയിൽ മത്തനും കുമ്പളവും നട്ടുനനച്ച് വളർത്തി തുടങ്ങിയിട്ടുണ്ടാകും ...
ഇതിനിടയിൽ വിറകുപുര മേഞ്ഞു വിറകുകൊള്ളികൾ അടക്കിവെക്കലും പാടത്തുനിന്നും കൊയ്തെടുത്ത നെല്ലുണക്കി പുഴുങ്ങിയുണക്കി പത്തായം നിറച്ചിട്ടുണ്ടാകും .
പിന്നീട് മാമ്പഴക്കാലമായാൽ ചക്ക വരട്ടലും ,പച്ചമാങ്ങ അരിഞ്ഞു ഉണക്കി വെക്കലും ,കൊണ്ടാട്ടം വറുക്കുവാനുള്ള പാവക്ക ,ചേന ,പയർ ,തൈര് മുളക് എന്നിവയൊക്കെ ഉണക്കിയെടുത്ത വറവ് വിഭവങ്ങളും ,കടുമാങ്ങ ,ചെത്തുമാങ്ങ,നാരങ്ങ ,നെല്ലിക്ക എന്നീ അച്ചാറുകൾക്കൊപ്പം അടച്ചുറപ്പുള്ള ഭരണകളിൽ ഇടം പിടിച്ചിട്ടുണ്ടാകും.
അമ്മയുടെ മേൽനോട്ടത്തിൽ ഉണ്ടാക്കുന്ന ഇത്തരം കൃഷി വിഭവങ്ങൾ വീട്ടിലേക്ക് മാത്രമല്ല, അയലക്കങ്ങളിലേക്കും, പണിക്കാർക്കും മറ്റു ആശ്രിതർക്കും കൂടി വിതരണം ചെയ്‌ത് കഴിയുമ്പോൾ മാത്രമെ അമ്മക്ക് പൂർണ്ണസംതൃപ്തി വരികയുള്ളൂ ...
ഇത്തരത്തിലുള്ള പുഴുങ്ങലരിയും തൊടിയിലെ പച്ചക്കറിത്തോട്ടങ്ങളിൽ നിന്നും പറിച്ചെടുത്ത വിഭങ്ങളാൽ വെച്ചുവിളമ്പുന്ന സമൃദ്ധമായ ഓണ സദ്യകൾക്ക് അമ്മൂമ്മയുടെയും അച്ഛമ്മയുടെയും അമ്മയുടെയും വലിയമ്മമാരുടെയും ഇളയമ്മമാരുടെയും അമ്മായിമാരുടെയുമൊക്കെ ആ കൈ പുണ്യം പെൺമക്കൾക്കും പുത്രവധുക്കൾക്കുമൊക്കെ ഒട്ടും രുചിഭേദങ്ങളില്ലാതെ പകർന്നുകിട്ടിയതിനാലാവാം വീട്ടിലുണ്ടാക്കുന്ന ഓരൊ ആഘോഷ പരിപാടികൾക്കും ഒരുക്കുന്ന സദ്യകൾക്കുമൊക്കെ അന്നും ഇന്നും അതെ സ്വാദും രുചിയും ചിട്ടവട്ടങ്ങളുമൊക്കെ തുടിച്ചുനിൽക്കുന്നത് ...
ഇടവപ്പാതി മുതൽ കണിമംഗലത്തുള്ള ഒട്ടുമിക്ക വീടുകളിലും വീട്ടമ്മമാരുടെ അടുക്കളത്തോട്ടങ്ങൾ മുഴുവൻ ശരിക്കും ഒരു ഹരിത വൃന്ദാവനമായി മാറുന്ന കാഴ്ച്ചകൾ കണ്ടാണ് ഞങ്ങൾ ബാല്യം മുതൽ കൗമാരകാലം വരെ വളർന്നു വന്നത്...
അന്നൊക്കെ ആടുമാടുകളും, തൊഴുത്തും ,ആട്ടിൻ കൂടും ,കോഴിയും, കോഴിക്കൂടും താറാവുമൊക്കെ മേഞ്ഞുനടക്കുന്ന കൊച്ചുകൊച്ചു പുരയിടങ്ങളുമുള്ള നാടായിരുന്നു ഞങ്ങളുടെ ഗ്രാമം ...
മൂന്ന് ദശാബ്‌ദം മുമ്പ് തൃശ്ശൂർ കോർപ്പറേഷന്റെ ഭാഗമായി, പട്ടണത്തിന്റെ കുപ്പായം അണിഞ്ഞതോടുകൂടി ഇത്തരം കഴ്ചവട്ടങ്ങളൊക്കെ മെല്ലെമെല്ലെ അവിടെനിന്നും ഇല്ലാതായി തുടങ്ങി ...
പക്ഷെ നാലഞ്ചുകൊല്ലമായി കണിമംഗലത്തും പരിസര പ്രദേശങ്ങളിലും വീണ്ടും മുറ്റത്തും ,ടെറസ്സിലുമൊക്കെയായി ധാരാളം അടുക്കള തോട്ടങ്ങളും ,വളർത്തുമൃഗപരിപാലനവുമൊക്കെ കുറേശ്ശെയായി തിരിച്ചുവന്നുകൊണ്ടിരിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നുണ്ട് ...
ഇങ്ങനെ വീണ്ടും സ്വയം പര്യാപ്തത കൈവരിച്ചു നമ്മുടെ നാട്ടിലെ ഓരൊ ദേശങ്ങളും മലയാള നാടിന്റെ അഭിമാനങ്ങളായി വളർന്നുവരുന്നത് തന്നെയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ഐശ്വര്യം ...!
4 comments:
അന്നൊക്കെ ആടുമാടുകളും, തൊഴുത്തും ,
ആട്ടിൻ കൂടും ,കോഴിയും, കോഴിക്കൂടും താറാവുമൊക്കെ
മേഞ്ഞുനടക്കുന്ന കൊച്ചുകൊച്ചു പുരയിടങ്ങളുമുള്ള നാടായിരുന്നു
ഞങ്ങളുടെ ഗ്രാമം ...
മൂന്ന് ദശാബ്‌ദം മുമ്പ് തൃശ്ശൂർ കോർപ്പറേഷന്റെ ഭാഗമായി,
പട്ടണത്തിന്റെ കുപ്പായം അണിഞ്ഞതോടുകൂടി ഇത്തരം കഴ്ചവട്ടങ്ങളൊക്കെ
മെല്ലെമെല്ലെ അവിടെനിന്നും ഇല്ലാതായി തുടങ്ങി ...
പക്ഷെ നാലഞ്ചുകൊല്ലമായി കണിമംഗലത്തും പരിസര
പ്രദേശങ്ങളിലും വീണ്ടും മുറ്റത്തും ,ടെറസ്സിലുമൊക്കെയായി
ധാരാളം അടുക്കള തോട്ടങ്ങളും ,വളർത്തുമൃഗപരിപാലനവുമൊക്കെ
കുറേശ്ശെയായി തിരിച്ചുവന്നുകൊണ്ടിരിക്കുന്നത് കാണുമ്പോൾ വളരെയധികം
സന്തോഷം തോന്നുന്നുണ്ട് ...
ഇങ്ങനെ വീണ്ടും സ്വയം പര്യാപ്തത കൈവരിച്ചു
നമ്മുടെ നാട്ടിലെ ഓരൊ ദേശങ്ങളും മലയാള നാടിന്റെ
അഭിമാനങ്ങളായി വളർന്നുവരുന്നത് തന്നെയാണ് രാജ്യത്തിന്റെ
ഏറ്റവും വലിയ ഐശ്വര്യം ...!
അമ്മയുടെ ഓണത്തിന്
മാധുര്യം ഏറെയായിരുന്നു...!
അര നൂറ്റാണ്ടിലേറെയായി വീട്ടമ്മയായും
തറവാട്ടമ്മയായും ഒരുമയുടെയും ഒത്തു ചേരലിന്റെയും
പൊന്നോണ നാളുകൾ കൊണ്ടാടിയിരുന്ന അമ്മക്ക് എട്ട് പതിറ്റാണ്ടിൽ
മേലെയുള്ള ഓണം ഓർമ്മകൾ ഉണ്ടായിരുന്നു...
സന്തോഷവും, ദു:ഖവും, സങ്കടവുമൊക്കെ ഇഴപിരിഞ്ഞുള്ള
എത്രയെത്ര ഓണക്കഥകളാണ് അമ്മ ഞങ്ങളെയൊക്കെ ചൊല്ലി
കേൾപ്പിച്ചിട്ടുള്ളത്...
അതെ
ഓണത്തിനെന്നും അമ്മയുടെ മുഖവും,
രുചിയുമാണ് എപ്പോഴും അനുഭവപ്പെടാറുള്ളത് ...
ഓരൊ വീടുകളിലും ഓണം വിപുലമാകുന്നതും ,
നിറപ്പകിട്ടാർന്നതും ആകുന്നത് ആ വീട്ടിലുള്ള പെണ്ണുങ്ങളുടെ
പ്രയത്നമാണെന്നു പറഞ്ഞാൽ , ആയത് ഒട്ടും അതിശയോക്തിയില്ലാത്ത
സംഗതിയാണ് ...
അതുകൊണ്ട് ഓരൊ
ഓണങ്ങളും പെണ്ണോണങ്ങളാണ്...!
അമ്മ പവിത്രമായ സ്നേഹം അമ്മ
ജീവിതത്തിൽ മക്കളുടെ രണ്ടു കണ്ണുകളാണ് മാതാപിതാക്കൾ. അവർ നമ്മുടെ ജീവിതത്തിൽ നിന്ന് നഷ്ട്ടപ്പെടുമ്പോളാണ് ആ കാഴ്ചയുടെ കുറവ് നാം അറിയുക അനുഭവിക്കുക. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. കൊറോണ തട്ടിയെടുത്ത നമ്മുടെ സന്തോഷങ്ങളും, ആഘോഷങ്ങളും അതിലേറെ നമ്മുടെ ജീവിതവും വേഗം തന്നെ തിരിച്ചു പിടിക്കുവാൻ കഴിയേണമേ എന്ന ആഗ്രഹവും പ്രാർത്ഥനയും മാത്രമേ ഒള്ളൂ...
Post a Comment