Thursday, 31 December 2020

'2020 - ദി ഇയർ ഓഫ് ഫിയർ...! ' / ' 2020 - The Year of Fear ...!'

എല്ലാ കൊല്ലവും വർഷാവസാനമാകുമ്പോൾ ആഗോള തലത്തിലുമുള്ള ദൃശ്യ ശ്രാവ്യ ഓൺ -ലൈൻ മാധ്യമങ്ങളടക്കം ,  ലോകത്തുള്ള സകലമാന ചിന്തകരും ആ വർഷത്തിൽ ഉണ്ടായ പ്രധാനപ്പെട്ട നേട്ടങ്ങളെ പറ്റിയും, കോട്ടങ്ങളെ കുറിച്ചും മൊത്തത്തിൽ ഒരു  വിലയിരുത്തൽ നടത്തുക എന്നത് ഇപ്പോൾ നാട്ടുനടപ്പുള്ള സംഗതിയാണ് ...

ഇക്കൊല്ലം ഇത്തരമുള്ള ഭൂരിഭാഗം വിലയിരുത്തലുകളും '2020'- നെ വിശേഷിപ്പിച്ചത് 'ദി ഇയർ ഓഫ് ഫിയർ ' എന്നതാണ് ...! 

ഇക്കൊല്ലം മാർച്ചു മാസത്തിലെ അവസാന വാരത്തിൽ ഒരു രാത്രി  ഞങ്ങളുടെ തൊട്ടടുത്തു താമസിക്കുന്ന എന്നും രണ്ടുനേരം ചുറുചുറുക്കോടെ നിക്കറിട്ട് നടക്കുവാൻ പോകുന്ന സായിപ്പപ്പൂപ്പനെ ആംബുലൻസ് വന്ന് കൊണ്ടുപോയതാണ് .


പിന്നീട് മൂന്നാഴ്‌ച്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിനെ വെന്റിലേറ്ററിൽ നിന്നും കോവിഡ് കാരണം മരണം കൊണ്ടുപോയപ്പോൾ,  ബോഡി പോലും ആർക്കും കാണാനാവാതെ അടക്കം ചെയ്‌തതായിരുന്നു ഞങ്ങളുടെ തെരുവിലെ ആദ്യത്തെ കൊറോണ മരണം...! 

പിന്നീടിതുവരെ ധാരാളം  പേരെ ഈ മഹാമാരി വന്ന് കെട്ടി പുണർന്നുവെങ്കിലും ,അതിൽ നൂറിൽ പരം നാന ദേശക്കാരായ സ്ഥിരം കണ്ടുകൊണ്ടിരുന്നവരെയാണ് ഈ പരിസരങ്ങളിൽ നിന്നും  കൊറോണ വന്ന് പരലോകത്തേക്ക് കൂട്ടി കൊണ്ടുപോയത്  ...

ഇപ്പോൾ  ഭയവും ഭീതിയുമൊക്കെ ഇല്ലാതായി ഒരു തരം മരവിപ്പു മാത്രമായി   തള്ളി നീക്കുന്ന അവസ്ഥയിലാണ് ഇവിടെ പലരും , പലതരം മാനസിക സംഘർഷങ്ങളിൽ കൂടി ജീവിതം ഒരു തരം വല്ലാത്ത പേടിയോടെ മുന്നോട്ട് കൊണ്ടുപോയികൊണ്ടിരിക്കുന്നത് ...!


കഴിഞ്ഞ കൊല്ലങ്ങളിലും , ദശകങ്ങളിലുമൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചയത്ര  പ്രകൃതി ക്ഷോഭങ്ങളോ ,യുദ്ധങ്ങളോ ,ഭീകര ആക്രമങ്ങളോ ,ശാസ്ത്ര സാങ്കേതിക വിപ്ലവങ്ങളോ മറ്റൊ ഉണ്ടായില്ലെങ്കിലും, ഇതിനെയൊക്കെ കടത്തിവെട്ടുന്ന രീതിയിൽ 'കോവിഡ് 19'  എന്ന ഒരു മഹാമാരി ലോകം മുഴുവൻ പടർന്നു പന്തലിച്ച് , പല ഘട്ടങ്ങളിലായി ലോകം മുഴുവൻ നിശ്ചലമാക്കി ആഗോള ജനതയെ വല്ലാതെ ഭീതിപ്പെടുത്തിയ ഒരു ചരിതമാണ് ഈ '2020' ബാക്കിവെച്ച് ഒഴിഞ്ഞു പോകുന്നത് ...

ആഗോള കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം മുൻകൂട്ടിയറിയാവുന്ന പ്രകൃതി ദുരന്തങ്ങളും , തുടരെതുടരെയുള്ള ഭീകരാക്രങ്ങളും ,യുദ്ധങ്ങളും, പാലായനങ്ങളും മറ്റും ഏതെങ്കിലും രാജ്യങ്ങളിൽ  കുറച്ചു ദിവസങ്ങളിൽ മാത്രം നാശം വിതക്കുമെങ്കിലും  ഇതുപോലെ ലോക വ്യാപകമായി ജനജീവിതം ദുസ്സഹമാക്കിയ ഒരു കാലഘട്ടത്തിലൂടെ നാം ഇതുവരെ  കടന്നുപോയിട്ടില്ല .  

'കോവിഡ് -19'- ന് മുമ്പും ഭൂമിയിൽ അനേകം മഹാമാരികളും ,  വംശീയവും വർഗ്ഗീയവുമായ ലഹളകളും , ലോക മഹായുദ്ധങ്ങളടക്കം മറ്റനേകം ദുരന്തങ്ങളും വന്നുപോയിട്ടുണ്ടെങ്കിലും ആയതെല്ലാം ഒരു നിശ്ചിത പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നവയായിരുന്നു ... 


അതുമൂലം ഉണ്ടായിരുന്ന പട്ടിണിയും  , പാലായനവും , സാമ്പത്തിക മാന്ദ്യങ്ങളുമൊക്കെ അതിജീവിച്ച് അതാതു ജനതകൾ എന്നുമെന്നോണം ശാസ്ത്രീയമായും, സാങ്കേതികമായും പുരോഗതികൾ കൈവരിച്ച് എന്നുമെന്നോണം  ജീവിത നിലവാരം മെച്ചപ്പെടുത്തി വന്നിരുന്നു ...!
  
അവരവർ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് , പ്രകൃതിയെ ഒട്ടും മാനിക്കാതെ ‌ ഏറ്റവും ആധുനികമായ ആഡംബര ജീവിതം  നയിച്ചു വരുന്ന  മാനവ സമൂഹത്തിനിടയിലേക്കാണ് അവിചാരിതമായി ഈ വർഷം തുടക്കം മുതൽ  ഒരു  മഹാമാരിയായി 'കൊറോണ വൈറസു'കൾ കയറി വന്നത് .

ആ സമയത്തൊക്കെ 'കൊറോണ വൈറസ് വ്യാപനം ' തടയുവാൻ വേണ്ടി കരയിലും , കടലിലും ,ആകാശത്തുമുള്ള ഒട്ടുമിക്ക ഗതാഗത സംവിധാനങ്ങളും പല പല രാജ്യങ്ങളിലും തൽക്കാലത്തേക്ക് നിറുത്തി വെച്ചു.

'കോവിഡ്-19 ' പടർന്ന രാജ്യങ്ങളിൽ സ്ഥിരമായി ചലിച്ചുകൊണ്ടിരുന്ന മനുഷ്യ സമൂഹം മുഴുവൻ ഏറ്റവും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുവാൻ പറ്റാത്ത  അവസ്ഥയിലായി മാറി . 

മറുമരുന്നില്ലാത്ത ഒരു പുതിയ രോഗമായതിനാൽ എത്ര ശാസ്ത്രസാങ്കേതികമായി വികസിച്ച നാടുകളിൽ പോലും കൊറോണ പരമാണുക്കൾ താണ്ഡവമാടി ജനങ്ങളെ ഭയചികിതരാക്കി .


ഇപ്പോഴും ജനിതക മാറ്റങ്ങളോടെ വല്ലാത്ത വ്യാപന വ്യാപ്തിയോടെ  പ്രസരിച്ചുകൊണ്ടിരിക്കുന്ന 'കൊറോണ വൈറസി'ന്റെ പിടിയിൽ ആഗോളതലത്തിൽ കോടിക്കണക്കിന് ആളുകൾ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്  ...
ഈ  കോവിഡ് രോഗത്തിൽ  നിന്നും മുക്തി നേടാനാകാതെ ഇപ്പോഴും ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ...! 

ഇന്നത്തെ   തലമുറയിലെ മാത്രമല്ല , ലോകത്തിൽ ഇതുവരെ   ജീവിച്ച ഒരു ജനതയും  ഇങ്ങനെയുള്ളൊരു ആഗോള പരമായ  അടച്ചുപൂട്ടൽ പ്രതിഭാസത്തിൽ കൂടി കടന്നുപോയിട്ടില്ല  എന്നത് ഒരു വാസ്തവമാണ് .

പല രാജ്യങ്ങളിലും ധാരാളം തൊഴിൽ മേഖലകൾ പ്രതിസന്ധിയിലായി , ഒപ്പം അനേകായിരം ആളുകൾക്ക് ജോലികൾ നഷ്ട്ടപ്പെടുകയൊ  താൽക്കാലികമായി ഇല്ലാതാവുകയൊ ചെയ്‌തു .


പല നാടുകളിലും ഭൂരിഭാഗം ജനതയും സാമ്പത്തിക നഷ്ട്ടങ്ങൾ അതിജീവിക്കുവാൻ പെടാപാട് നടത്തുന്ന നൊമ്പരപ്പെടുന്ന കാഴ്ചകൾ... 
പലരും മാനസിക സംഘർഷങ്ങൾക്കും പലതരം  വിഷാദ രോഗങ്ങൾക്കും അടിമപ്പെടുന്ന അവസ്ഥാവിശേഷങ്ങൾ 

ഇപ്പൊൾ ഏതാണ്ട് ഒരു കൊല്ലത്തിന്റെ കാത്തിരിപ്പിന് ശേഷം പല നാടുകളിലുള്ള വമ്പൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളും അനേക നാളത്തെ ഗവേഷണങ്ങൾക്ക് ശേഷം 'കോവിഡ് 19' പരത്തുന്ന വൈറസുകൾക്ക് എതിരെ പ്രവർത്തിക്കുന്ന 'കോവിഡ് വാക്‌സിനു'കൾ പുറത്തിറക്കി പ്രതിരോധ കുത്തിവെപ്പുകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് .
ഒരു പക്ഷെ പുതുവർഷം മുതൽ ഇത്തരം കോവിഡ് വാക്‌സിനുകൾ ഈ മഹാമാരിയുടെ ദുരന്തങ്ങൾക്ക് ശമനം വരുത്തിയേക്കാം . മാറ്റങ്ങളുടെ  ഒരു നവീനമായ ജീവിത രീതികൾക്ക് തുടക്കം കുറിച്ചേക്കാം ...

ഈ കൊറോണക്കാലം പൊട്ടിമുളക്കുന്നതിന് മുമ്പ് വരെ ഓരോരുത്തരും പരിപാലിച്ചുപോന്നിരുന്ന  പല ജീവിത ചിട്ടവട്ടങ്ങൾക്കും  വല്ലാത്ത മാറ്റങ്ങൾ  സംഭവിച്ചിരിക്കുകയാണ് ...

ഇനി  കൊറോണക്കാലത്തിനു ശേഷം പല പുതിയ ശീലങ്ങളും , പുതിയ ചിട്ടകളും  അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിത ശൈലികളായിരിക്കും നാം തുടർന്നും  പിന്തുടരുക .
എല്ലാം കാത്തിരുന്ന് കാണാം ... 

അതെ 
'കൊറോണ വൈറസ്' എന്ന ആഗോള ഭീതി പരത്തിയ '2020'- ന് വിടപറഞ്ഞുകൊണ്ട് പ്രത്യാശയുടെ വലിയൊരു പ്രകാശമേന്തിക്കൊണ്ട് 'കൊറോണ വാക്‌സിനു'മായി എത്തിയ  '2021' - നെ  നമുക്ക് വരവേൽക്കാം...
ഏവർക്കും പുതുവത്സരാശംസകൾ ...  


 


Sunday, 29 November 2020

ഒരു വ്യാഴവട്ടക്കാലം പിന്നിട്ട ബിലാത്തി പട്ടണം ...! / Oru Vyazhavattakkalam Pinnitta Bilatthipattanam ...!


പ്രിയരെ , 

ഒരു വ്യാഴവട്ടക്കാലം മുമ്പുള്ള കേരളപ്പിറവി കൊണ്ടാടുന്ന വാർഷിക ദിനത്തിനാണ് ഞാൻ ബൂലോക പ്രവേശം നടത്തി ആദ്യമായി ഈ ബ്ലോഗിൽ പ്രഥമമായി ഒരു രചന  കുറിച്ചിട്ടത്. 

അന്ന് മുതൽ ഇന്നുവരെ ജീവിത യാത്രയിൽ എത്ര തിരക്കുകളുണ്ടായാലും കൃത്യമായ ഇടവേളകളിൽ സമയമുണ്ടാക്കി ബ്ലോഗു വായനകളിലേക്കും, എഴുത്തുകളിലേക്കും എത്തിനോക്കി ആത്മാർത്ഥമായി എന്തെങ്കിലും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ഞാൻ  ശ്രദ്ധിച്ചിരുന്നു എന്നതും ഒരു ബ്ലോഗർ എന്ന നിലയിലുള്ള എന്റെ ഒരു പ്രത്യേകത തന്നെയായിരുന്നു ...

ലണ്ടനിൽ വന്നതു മുതൽ അത്യാധുനികമായ പല കാഴ്ച്ചവട്ടങ്ങളും, അതിനോടനുബന്ധിച്ചുള്ള ധാരാളം ആമോദങ്ങളും എപ്പോഴും വിവിധ തരത്തിൽ കിട്ടികൊണ്ടിരുന്നുവെങ്കിലും , ഒരു പാശ്ചാത്യ നാട്ടിൽ കുറ്റിയടിക്കപ്പെട്ട പ്രവാസിയെന്ന നിലയിൽ അനേകം ഗൃഹാതുരതകളാൽ  എന്നും വീർപ്പുമുട്ടി കഴിയുകയായിരുന്നു ഞാൻ ...!

മില്ലേനിയം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ആണ്ടിലൊരിക്കൽ മാത്രം മൂന്നാലാഴ്ചകളിൽ കിട്ടുന്ന ഒരു ശുഷ്‌കമായ അവുധിക്കാലമല്ലാതെ,  അമ്മ മലയാളവുമായി ബന്ധപ്പെട്ടിരുന്നത് 'ആനുവൽ ലീവ് ' കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന കുറച്ചു പുസ്‌തങ്ങളും, ഓണപ്പതിപ്പുകളുമായി സല്ലപിക്കുമ്പോഴായിരുന്നു. 

പിന്നെ കൊല്ലത്തിൽ ഒന്നോരണ്ടോ തവണ കൂടുന്ന  മലയാളി സമാജങ്ങളിലൂടെയും ,വാടകക്കെടുക്കുന്ന കാസറ്റ്‌ സിനിമകളിലൂടെയും, ഇടക്ക് മാത്രം വീണുകിട്ടുന്ന മലയാള സിനിമ പ്രദർശനങ്ങളിലൂടെയും മാത്രം .

ആ സമയത്ത് ജോലി സ്ഥലങ്ങളിലും ,സ്‌കൂളുകളിലും  വ്യാപകമായുണ്ടായിരുന്ന  'ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറു'കൾ പുതിയ 'വേർഷൻ' ഇറങ്ങിയപ്പോൾ,  'സെക്കന്റ് ഹാന്റാ'യി എവിടെയും വളരെ ചീപ്പായി  കിട്ടുവാൻ തുടങ്ങിയപ്പോൾ ; മക്കൾക്ക് പഠിക്കുവാൻ വേണ്ടി ഞാനും ഒന്ന് വാങ്ങി വീട്ടിൽ സ്ഥാപിച്ചിരുന്നു .

പിള്ളേര്  രണ്ടുപേരും ഈ 'ഡെസ്ക് ടോപ്പി'ന്റെ മുമ്പിലിരുന്ന് കൊട്ടും പാട്ടും നടത്തുമ്പോൾ , ഈ കുന്ത്രാണ്ടത്തിന്റെ കുണ്ടാമണ്ടികൾ അത്രവലിയ പിടിയില്ലാത്തത് കൊണ്ട്  ,കുരങ്ങന്റെ കൈയിൽ പൊതിയാ തേങ്ങ പോലെയാണ് ഞാനിതിനെ നോക്കി കണ്ടിരുന്നത് ...!

2004 ജനുവരിയിൽ  ഗൂഗിൾ 'Orkut '- ന് തുടക്കം കുറിച്ചപ്പോൾ ,കൂടെ താമസിക്കുന്ന കമ്പ്യൂട്ടർ  എൻജിനീയറായ അജയ് മാത്യുവടക്കം ധാരാളം പേർ ഈ സോഷ്യൽ മീഡിയയിൽ അംഗങ്ങളായി മാറിയിരുന്നു . 


പിന്നീടെപ്പോഴൊ അജയ്  എനിക്ക് ഒരു 'Orkut ' പ്രൊഫൈൽ ഉണ്ടാക്കി തന്നെങ്കിലും , ഇലക്ട്രോണിക് വിദ്യകളിൽ അത്ര പ്രാവീണ്യം ഇല്ലാത്തതിനാൽ ആയതവിടെ കുറെ  മാസങ്ങളോളം നിർജ്ജീവമായി തന്നെ  കിടന്നു . 

 2005 ആയപ്പോഴേക്കും ഓർക്കുട്ടും, മെയിലിൽ കൂടി കിട്ടുന്ന   മലയാളം 'വെബ് ലോഗു'കളും മലയാള വായന കുറച്ചുകൂടി എളുപ്പത്തിലാക്കി  തുടങ്ങിയിരുന്നു. 

ഇതുനുമുമ്പെ തന്നെ  മലയാളികളായ പല കമ്പൂട്ടർ തലതൊട്ടപ്പന്മാരും 'യു.എസ്‌സി'ലും ,'യു .കെ' യിലും ,'യു.എ .ഇ 'യിലുമൊക്കെയിരുന്ന് സൈബർ ഇടങ്ങളിൽ മലയാളം ലിപികൾ എഴുതുന്നതിനുള്ള രൂപകല്പനകൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞിരുന്നു . 

ഇതിനിടയിൽ മോൾ വിദേശങ്ങളിലുള്ള പല കുടുംബ മിത്രങ്ങളേയും ,എന്റെ പഴയ കൂട്ടുകാരെയും 'Orkut'- ൽ കൂടി  പരിചയപ്പെടുത്തി തന്നെങ്കിലും ഇടക്കിടെ ബർത്ത് ഡേയ് , വിവാഹ വാർഷിക ആശംസകളും , ചില ഫോട്ടോകളും ചേർത്ത് വല്ലപ്പോഴും വന്ന് എത്തിനോക്കുന്ന ഒരു തട്ടകമായി അതൊതുങ്ങി .   

പിന്നീടൊരിക്കൽ വളരെ  നിർജ്ജീവമായി കിടന്നിരിന്ന ,  എന്റെ  ആ പ്രഥമമായ  സൈബർ തട്ടകത്തിൽ , മൂനാല് മാസത്തിന് ശേഷം  വന്നൊന്നു നോക്കിയപ്പോൾ ഞാൻ ശരിക്കും  വല്ലാതെ അത്ഭുതപ്പെട്ട് പോയി ... !

ഭൂഗോളത്തിന്റെ പല ഭാഗത്ത് നിന്നും , എതാണ്ട് കാൽ നൂറ്റാണ്ടോളമായി  യാതൊരുവിധ ബന്ധങ്ങളുമില്ലാതെ കിടന്നിരുന്ന അമ്പതോളം വരുന്ന പണ്ടത്തെ  പല ഗെഡികളുടേയും , ഗെഡിച്ചികളുടേയുമൊക്കെ സ്നേഹാനേഷണങ്ങൾ നിറഞ്ഞ കുത്തിക്കുറിക്കലുകൾ ...
പഴയ പ്രണയിനികൾ തൊട്ട് , ചില  ശത്രുക്കൾ 

വരെയുള്ളവർ വീണ്ടും എന്നെ  കൂട്ടാളികളാക്കാനുള്ള അപേക്ഷകൾ ...
എനിക്ക് മനം നിറയെ  സന്തോഷം ഉണ്ടാകുവാൻ
ഇതിൽ പരം എന്ത് കാരണമാണ് വേണ്ടത് അല്ലേ  ... ? !
 

വല്ലപ്പോഴും മെയ്ല് നോക്കാനും , അപേക്ഷകൾ അയക്കാനും 

മാത്രം പിള്ളേർക്ക് പഠിക്കുവാൻ  വാങ്ങി കൊടുത്ത 'ഡെസ്ക്ടോപ്പി'ൽ എത്തി നോക്കാറുള്ള ഞാൻ , ഒറ്റ വിരൽ ടൈപ്പിങ്ങിൽ പരിശീലനം നേടി പിന്നീട് ഒഴിവുള്ള സമയമൊക്കെ 'കമ്പ്യൂട്ടർ ടേയ്ബളി'ന്റെ
മുന്നിൽ തപസ്സ് ചെയ്യുവാൻ തുടങ്ങി. എന്നെ അന്നൊക്കെ വീട്ടിൽ കയറില്ലാതെ കെട്ടി
പൂട്ടിയിട്ട ആദ്യ  സൈബർ തട്ടകമായിരുന്നു “ഓർക്കുട്ട് ‘ എന്ന ആ സൌഹൃദക്കൂട്ടായ്മാ വേദി ...!

ഒരു പക്ഷേ 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റു'കളിലൊന്നായ
‘ഓർക്കുട്ട്’ ലഹരി ഇല്ലായിരിന്നുവെങ്കിൽ , ഞാനൊക്കെ ഈ ലണ്ടൻ
പട്ടണത്തിലെ ഏതെങ്കിലും  ഒരു മൂലയിൽ ഒതുങ്ങി കൂടി , ടായം കളിച്ച് കൂടുതലാരാലും അറിയപ്പെടാതെ ചുരുങ്ങി പോകേണ്ട ഒരുവനായിരുന്നു..!

ഇത് കേട്ടാൽ  തോന്നും ഞാൻ വല്ല്യേ എഴുത്തുകാരനൊ, സെലിബിറിറ്റിയോ മറ്റൊയാണൊ എന്നത്  ...!

ഇതൊന്നു മല്ലെങ്കിലും സ്വയം കുറെ തിരിച്ചറിവുകൾ നേടാനും ,
പുറമേയുള്ളവർക്ക് എന്നെ അറിയിപ്പിക്കപ്പെടാനും ഈ ഓർക്കുട്ട് ഒരു നവീനമായ സൈബർ തട്ടകം തന്നെയായിരുന്നു ...!

ഞാനടക്കം ഒരുപാട് പേർക്ക് സൈബർ ഇടങ്ങളിലേക്ക് ചേക്കേറുവാൻ വേദിയൊരുക്കിയ പ്രഥമ സോഷ്യൽ മീഡിയ സൈറ്റ് ...!

ഇതിനിടയിൽ ഈ സൈറ്റിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് എഴുതുന്ന മലയാളത്തിലുള്ള പല ബ്ലോഗർമാരുടെയും വേറിട്ട നാമധേയങ്ങളാൽ അറിയപ്പെട്ട ബ്ലോഗുകളും,  ആയതിൽ വരുന്ന പുതിയ കുറിപ്പുകളുടെ ലിങ്കുകളും കാണുവാനും ,വായിച്ചു പുളകം കൊള്ളുവാനും സാധിക്കുന്നു എന്നത് ഏറ്റവും സന്തോഷം നൽകുന്ന ഒരു സംഗതി തന്നെയായിരുന്നു ...

ഇത്തരം സൈബർ ഇടങ്ങളിലുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ ഉടലെടുത്ത  കഥയ്ക്ക് വേണമെങ്കിൽ എന്നോളം തന്നെ പ്രായമുണ്ട് .

അന്നത്തെ ഈ വിവര സാങ്കേതിക രംഗത്തെ ചരിത്രം ചികഞ്ഞു നോക്കുകയാണെങ്കില്‍ , പണ്ടുകാലത്തുണ്ടായിരുന്ന കൂറ്റന്‍ കമ്പ്യൂട്ടറുകള് കണ്ടുപിടിച്ച ശേഷം ,കുറെ കഴിഞ്ഞ്,
1965 ലെ  ഇന്നത്തെ മെയിൽ സന്ദേശം  പോലുള്ള രണ്ടുവാക്കുകള്‍ ഒരു കംപ്യുട്ടർ മെഷീനില്‍ നിന്നും മറ്റൊന്നിലേക്ക്‌ ദൂരസഞ്ചാരം നടത്തിയ വിപ്ലവമാണ് ഇന്നീ കാണുന്ന സൈബര്‍ ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും തുടക്കം കുറിച്ച സംഗതി.

ഇവിടെ നിന്നാണ് ഇന്റർ-നെറ്റിന്റെ ഉത്പത്തിയും ,വികാസവും
തുടങ്ങുന്നത് . ഇന്റര്‍ -നെറ്റ് ഉപയോക്താക്കളില്‍ പിന്നീട് അതിവേഗം
പടര്‍ന്നു പിടിച്ച മാധ്യമ തരംഗങ്ങളാണ് ഇ - മെയിൽ എന്ന തലതൊട്ടപ്പനും അതോടൊപ്പം വളർന്ന സൈബർ ലോകത്തിലെ പല പല സേവന ദാതാക്കളും...! 

പിന്നീട് ദശകങ്ങൾ കഴിയും തോറും , സൈബർ ലോകത്ത് ധാരാളം വിപ്ലവങ്ങൾ ആഗോളതലത്തിൽ നടന്നുകൊണ്ടിരുന്നു .

1990 കൾക്ക് ശേഷം അവർ ധാരാളം സൈറ്റുകൾ രൂപകല്പനകൾ നടത്തി ഓരൊ ഉപയോക്താക്കൾക്കും സ്വന്തമയി /സൌജന്യമായി സേവനം ചെയ്യുന്ന രീതിയിലേക്ക് പ്രാബല്യത്തിലാക്കി 

'ഗൂഗിള്‍ ,യാഹൂ ,അല്ട്ടാവിസ്ട ,റീഡിഫ് ,....'
മുതലായ കംപ്യുട്ടര്‍ ലോകത്തിലെ എല്ലാ സേവന
ദാതാക്കളും ഇപ്പോള്‍ സൌജന്യമായി തന്നെ ബ്ലോഗും
മറ്റും ഫ്രീയായിട്ട് തന്നെ തുടങ്ങാനുള്ള ഇടം നല്‍കുന്നുണ്ട് .

1991 കളില്‍ പ്രമുഖ കംപ്യുട്ടര്‍ /സോഫ്റ്റ്‌ വെയര്‍ കമ്പനികള്‍
ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍ നെറ്റില്‍ കൂടി അനായാസമായി
കൈകാര്യം ചെയ്യുന്നതിനു വേണ്ടി  'യൂണിക്കോഡ് ഫോണ്ട് '  വിപ്ലവം സൃഷ്ടിച്ചതോട് കൂടി വിവരസാങ്കേതിക രംഗത്ത് പല പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു.

അന്നുകാലത്ത് ഡയറികുറിപ്പുകൾ എഴുതിയിടാന്‍ ഉപയോഗിച്ച 
'വെബ്‌ ലോഗു'കള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പരിണമിച്ചു
'വീ-ബ്ലോഗ്‌ 'ആയി മാറി ആദ്യകാല ബ്ലോഗുകള്‍ ഉണ്ടായി എന്നാണ് പറയുന്നത് ...!

കാലിഫോര്‍ണിയയിലെ 'പൈര്ര ലാബ്' എന്നകമ്പനിയാണ് www.blogger.com
നിര്‍മ്മിച്ച് ആദ്യമായി പൊതു സേവനത്തിനുവേണ്ടി ഏവര്‍ക്കും തുറന്നു കൊടുത്തത് , പിന്നീടത്‌ സാമ്പത്തിക നഷ്ട്ടം മൂലം അവര്‍ 2002 ഇല്‍ ഗൂഗിളിനുകൈമാറി.
മുഴുവന്‍ കാര്യങ്ങളും സൌജന്യമല്ലാത്ത 2001   ഇല്‍ ആരംഭിച്ച വേൾഡ് പ്രസ്സ്
എന്ന പോര്‍ട്ടലും വളരെ പേരുകേട്ട ഒരു ബ്ലോഗിങ്ങ്‌ പ്രസ്ഥാനം തന്നെയാണിപ്പോള്‍ .

കൂടാതെ ഇപ്പോള്‍ ബ്ലോഗ്ഗർ കോം ,ലൈവ് ജേർനൽ  തുടങ്ങി നാല്പതിൽ  കൂടുതൽ  ലോകപ്പെരുമയുള്ള ബ്ലോഗര്‍ ജാലകങ്ങളുണ്ട്.
ഏവര്‍ക്കും എന്നും ഫ്രീയായിട്ട് ഇഷ്ടം
പോലെ മേഞ്ഞു നടക്കുവാന്‍ പറ്റുന്ന വെബ് തട്ടകങ്ങൾ .

ഇംഗ്ലീഷ് ബ്ലോഗുകൾ ‌ തുടങ്ങിയ കാലം തൊട്ടു തന്നെ 'ഇന്റര്‍-നെറ്റ്'
ഉപയോഗിച്ച് കൊണ്ടിരുന്ന  കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും, മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ മറു പേരുകളില്‍ ചമച്ചു വിട്ടിരുന്നു ...
 
പത്തുകൊല്ലം മുമ്പ് ഫോട്ടോ സ്റ്റാറ്റ്  കോപ്പികളാല്‍ കുപ്രസിദ്ധി
നേടിയ ഭരണി പാട്ടുകള്‍, മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ
പോസ്റ്റുകൾ അന്നത്തെ  മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി
അന്നത്തെയാളുകള്‍ ഇപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നൂ .

പിന്നീട് മലയാ‍ളത്തിൽ വന്ന രചനകൾ ,
കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽപോസ്റ്റുകൾ ആയിരുന്നു .
ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...മുതൽ കുറെ ഹിറ്റ് ആയ പോസ്റ്റുകൾ..

19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് .
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന ചെയ്ത 

അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും ,  സിബു .സി.ജെ 

അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍   മലയാളം രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .

അവയൊക്കെ വായിച്ചാസ്വദിച്ചു അവരെ പിന്തുടർന്ന് , ചിലപ്പോഴൊക്കെ വളരെ ക്ലേശിച്ച് ടൈപ്പ് ചെയ്‌ത്‌  അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു .

2006 കാലഘട്ടങ്ങളിൽ വെറും 50 ബ്ലോഗ്ഗർമാരുണ്ടായിരുന്ന ഭൂമി മലയാളത്തിൽ ബ്ലോഗുലകം അടുത്ത ഒരു കൊല്ലത്തിനുള്ളിൽ വളർന്നു വലുതായി ഒരു ബൂലോകം ഉണ്ടാകുന്നതും ധാരാളം ബൂലോഗരും ബ്ലോഗിണിമാരും അവിടെ ഭൂജാതരായിക്കൊണ്ടിരിക്കുന്നതും വളരെ അത്ഭുതപൂർവ്വം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ .

2008 ആയപ്പോഴേക്കും 500 ൽ പരം ബൂലോഗരും ആയതിന്റെ അമ്പതിരട്ടി വായനക്കാരുമായി മലയാളം ബ്ലോഗുലകം ചടുപിടുന്നനെ വളർന്നുകൊണ്ടേയിരുന്നു ...

ആ സമയത്ത് ഉന്നത വിദ്യാഭ്യാസത്തിനും ,ജോലിക്കുമൊക്കെയായി യു.കെയിൽ എത്തിച്ചേർന്നു അപരനാമത്തിൽ ബ്ലോഗെഴുതുന്ന പലരെയും പരിചയപ്പെട്ടപ്പോഴാണ് എനിക്കും ഒരു ബൂലോഗ തട്ടകം ഉണ്ടാക്കിയാലൊ എന്ന ആശയം ഉടലെടുത്തതും ഇത്തരം കൂട്ടുകാരുടെ സഹായത്തോടെ ബിലാത്തിപട്ടണം എന്ന ഈ ബ്ലോഗിന് കുറിച്ചതും 

എന്റേതായ കാഴ്ച്ചപ്പാടുകൾ തനി നാടൻ ഭാഷയിൽ ബ്ലോഗിൽ ചേർക്കാവുന്ന ഫോട്ടോകളും ,ലിങ്കുകളും, വീഡോയൊകളും ചേരും പടി ചേർത്തുള്ള തനി അവിയൽ പരുവത്തിലുള്ള രചനകൾ മാത്രമാണ് ഞാൻ ഇവിടെ കഴിഞ്ഞ പന്തീരാണ്ടു കൊല്ലവും എഴുതിയിടാറുള്ളത് .

ഒപ്പം മറ്റു ബ്ലോഗെഴുത്തുകാർക്കൊക്കെ എന്നാലാവും വിധം പ്രോത്സാഹനങ്ങളും മറ്റും നൽകി  ആഗോളതലത്തിൽ തന്നെ  ബൃഹത്തായ ഒരു മിത്രകൂട്ടായ്‌മ വളർത്തിയെടുക്കുവാൻ സാധിച്ചു എന്നുള്ളതാണ് ഈ ബിലാത്തിപട്ടണം കൊണ്ടുണ്ടായ ഏറ്റവും മെച്ചവും  ഗുണകരവുമായ സംഗതികൾ . 

ഇന്ന് ഇതിൽ പല മിത്രങ്ങളും ഡെസ്ക് ടോപ്പിൽ നിന്നും ബുക്ക് ഷെൽഫുകളിലേക്കും ഫെയ്സ് ബുക്ക് ,ട്വിട്ടര്‍ ,യു -ട്യൂബ് ...മുതലായ മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലേക്കും കൂട് വിട്ട് കൂടുമാറിയെങ്കിലും എന്റെ ഈ ബ്ലോഗെഴുത്തിന് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വെള്ളവും വളവുമേകി , മറ്റു വായനക്കാരെ പോലെ തന്നെ ഈ 'ബിലാത്തി പട്ടണത്തിന്റെ വളർച്ചയിൽ പങ്കാളികൾ തന്നെയാണവർ 


അങ്ങനെ ഒരു വ്യാഴവട്ടക്കാലത്തോളം ഇന്ന് കാലത്ത് ഏവരും കുടുങ്ങിപോകുന്ന ഇന്റർനെറ്റ് വലയിൽ അകപ്പെട്ട്  144  മാസങ്ങളിലായി  
 
144 രചനകളുമായി ഈ ബിലാത്തി പട്ടണമെന്ന ബ്ലോഗ് തട്ടകത്തിൽ കൂടി എന്റെ എല്ലാ വായനക്കാരുമായി ഇതുവരെ ഒരു കോട്ടവും കൂടാതെ സംവദിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ ...
അതെ ഇനിയൊരിക്കലും പുറത്തുപോകുവാൻ സാധിക്കാത്ത സൈബർ വെബ്ബ് എന്ന സോഷ്യൽ മീഡിയ വലയത്തിൽ ...! 
അതുകൊണ്ട് പതിവ് തെറ്റാതെയുള്ള വാർഷിക കുറിപ്പുകൾ എഴുതിയിടാറുള്ള എന്റെ ബ്ലോഗിന്റെ  പന്ത്രണ്ടാം പിറന്നാൾ കുറിപ്പുകളാണിത് .
ഇതുവരെ നിങ്ങൾ ഓരോരുത്തരും എനിക്ക് നൽകിയ പ്രോത്സാഹനങ്ങൾക്കും പിന്തുണകൾക്കും ഒരുപാടൊരുപാട് നന്ദി .
എന്ന് ,
സസ്നേഹം, 
മുരളീ മുകുന്ദൻ, 
ബിലാത്തിപട്ടണം .

മുൻകാല  വാർഷിക കുറിപ്പുകൾ ...

ദാ ...കഴിഞ്ഞ പന്ത്രണ്ട്  വർഷങ്ങളിലായി  
ഞാൻ പടച്ചുവിട്ട ആനിവേഴ്‌സറി പോസ്റ്റുകൾ ...

  1. ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം / 01 - 11 - 2008 
  2. .ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30 -11 -2009.
  3. ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010.
  4. മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
  5. ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012.
  6. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013.
  7. ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014.
  8. സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015.
  9. 'സ്‌മൃതി' ഉണർത്തുന്ന 'ഛായ' / 29 -11 -201
  10. ആംഗലേയ നാട്ടിലെ ഭാഷാസ്നേഹികളായ മല്ലു വല്ലഭർ / 15 - 11 -2017
  11. ഒരു ദശകം പിന്നിട്ട ബൂലോക പ്രവേശം / 01 -11 -2018 
  12. പതിനൊന്നി നിറവിൽ ഒരു ബൂലോഗപട്ടണം / 29 - 11 - 2019  

Friday, 30 October 2020

വിഷാദ രോഗത്തിൻ വീഥിയിൽ ... ! / Vishada Rogatthin Veethiyil ... !

ഒരിക്കലും വിഷാദരോഗം
 (ഡിപ്രെഷൻ -വിക്കി  )  എന്നെ വന്ന് വശീകരിക്കുകയില്ലെന്ന് കരുതിയിരുന്ന സംഗതി ഇപ്പോൾ വ്യഥാവിലായിരിക്കുന്നു ... 

കടിഞ്ഞൂൽ പുത്രനായ എന്റെ പതിനെട്ടാം വയസ്സിൽ അച്ഛൻ അകാലത്തിൽ മൃത്യവിന് ഇരയായായതു മുതൽ വീട്ടിലെ ചുമതലകൾ മുഴുവൻ തോളിലേറ്റി,  അനേകം പ്രതിസന്ധികൾ തരണം ചെയ്‌ത്‌ സഹോദരങ്ങളേയും , കുടുംബത്തിനേയും ഒരുവിധം പ്രപ്തമാക്കിയ എന്റെ മുന്നിൽ യാതൊരുവിധ ഉൽക്കണ്ഠകൾക്കും മറ്റു മനഃക്ലേശങ്ങൾക്കുമൊന്നും ഒട്ടും സ്ഥാനമില്ലായിരുന്നു... 

അതുകൊണ്ട് ചെറുപ്പം മുതൽ   ഒഴിവുസമയങ്ങളിലെല്ലാം എന്നുമെപ്പോഴും എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുന്ന എന്നിലേക്ക് വിഷാദത്തിന് പരകായപ്രവേശനം നടത്തുവാൻ യാതൊരുവിധ അവസരങ്ങളും കൊടുക്കാത്ത  ഒരുവനായിരുന്നു ഞാൻ ...!

എന്തിനുപറയുവാൻ  കൊറോണക്കാലം തുടക്കം കുറിച്ച നാൾ മുതൽ ഈ വക പകർച്ചവ്യാധികളൊന്നും എന്നെ ഒട്ടും ബാധിക്കുകയില്ല എന്ന ആത്മവിശ്വാസവുമായി മുന്നേറുമ്പോഴാണ്‌ , അടച്ചുപൂട്ടലിൽ വിധേയനായി വീട്ടിലിരിക്കേണ്ടി വന്നത് .

സ്വയം വരുത്തിവെച്ച  അനേകം  അസുഖങ്ങൾക്ക് മരുന്ന് കഴിച്ചുകൊണ്ടിരുന്ന എന്നോട് ഞങ്ങളുടെ ജി.പി.സർജറിയിലെ ഡോക്റ്റർ ആ സമയത്ത് പറഞ്ഞു പുറത്തിറങ്ങി ജോലിക്കും മറ്റും പോകുകയാണേൽ  എനിക്ക് കോവിഡ് വരുവാൻ ചാൻസുകൾ ഏറെയാണെന്ന് ...


അതുകൊണ്ടാണ് മാർച്ച് പകുതി മുതൽ നാല് മാസത്തോളം ജോലിയിൽ നിന്നും ലോങ്ങ് ലീവെടുത്ത് വീട്ടിലിരിപ്പായത് ...!

ഈ കോവിഡ് കാലത്ത് 'അണ്ടർ മെഡിക്കൽ കണ്ടീഷനി'ൽ ഇരിക്കുന്നവർക്കും മറ്റും,  യു.കെ ഗവർമെന്റ് ഫർലോ (furlough ) സ്‌കീമിൽ ജോലിക്ക് പോയില്ലെങ്കിലും , 80 ശതമാനം വേതനം ലഭിക്കും എന്നുള്ള ബെൻഫിറ്റും  നടപ്പിലാക്കിയപ്പോൾ അടച്ചുപൂട്ടി വീട്ടിലിരിക്കാൻ പ്രേരിപ്പിച്ചു എന്നുള്ളതും ഒരു വസ്തുത തന്നെയായിരുന്നു ...!

എന്തായാലും ഈ മൂനാലു മാസത്തിനുള്ളിൽ നാട്ടിൽ നിന്നും പല തവണകളിലായി വാങ്ങികൊണ്ടുവന്ന വായിക്കാത്ത  പുസ്തകങ്ങളും, ഓണപ്പതിപ്പുകളുമൊക്കെ വായിച്ചു തീർക്കണമെന്ന തീരുമാനമാണ് ആദ്യം എടുത്തത്തത് . 

പിന്നെ കാണുവാൻ ബാക്കിവെച്ച പല ഡോക്യുമെന്ററികളടക്കം, ചില കാണാത്ത സിനിമകളും ഇതിനിടയിൽ കണ്ടുതീർക്കണമെന്നും നിശ്ചയിച്ചു .

പക്ഷെ മാർച്ച് മാസം അവസാനമാകുമ്പോഴേക്കും കൊറോണാവ്യാപനം ലണ്ടനിൽ അതിരൂക്ഷമായി പടർന്നു പന്തലിച്ചു . 


അയലക്കക്കാരടക്കം പല ദേശക്കാരെയും കോവിഡ് വന്ന് മരണത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നത്  നേരിട്ടും, വാർത്താമാധ്യമങ്ങളിൽ കൂടി എന്നുമെന്നോണം  കണ്ടു തുടങ്ങി .

പോരാത്തതിന് ഏപ്രിൽ മാസം മുതൽ യു.കെയിലെ കൊറോണ മൂലമുള്ള മരണ സംഖ്യ ദിനംപ്രതി വർദ്ധിച്ച് വർദ്ധിച്ചു വരുന്ന ഒരു സ്ഥിതിവിശേഷവും സംജാതമയാപ്പോൾ എന്നെയും മരണഭയം വല്ലാതെ അലട്ടിക്കൊണ്ടിരുന്നു ....!

വെറുതെ ഒരു ചുമയൊ തൊണ്ടവേദനയൊ  വന്നാലൊ ,  നീരുവീഴ്ച്ച വന്നാലൊ ആയത് കൊറോണയാണൊ എന്നുള്ള സംശയവും ഉടലെടുത്തു ...

ജോലിയില്ലാത്തപ്പോഴും , ഒഴിവുസമയങ്ങളിലും മറ്റും എപ്പോഴും വീട്ടിലിരിക്കാതെ കലാസാഹിത്യ പ്രവർത്തനങ്ങളിലും , മിത്രങ്ങളോടോത്ത് പബ്ബുകളിലും പാർക്കുകളിലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന എനിക്ക് ഒറ്റക്ക് വീട്ടിൽ ആരെയും നേരിൽ കാണാതെ ഇരിക്കുക എന്നത് വല്ലാത്ത ഒരു വെല്ലുവിളി തന്നെയായിരുന്നു ...!

അപ്പോഴാണ് കാലങ്ങളോളം ജയിൽ വാസം അനുഭവിക്കുന്നവരുടെയും, വീട്ടിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെയും മനസികാവസ്‌ഥ ശരിക്കും മനസ്സിലാക്കിയത് .


എന്നാലും വാട്ട്സാപ്പ് മുഖാന്തിരവും,  'സൂമി.ലൂടെയും ,'എഫ് .ബി' .ലൈവിലൂടെയുമൊക്കെ ഇടക്കിടെ  കൂട്ടുകാരുമായും, മറ്റു  കൂട്ടായ്മകളുമായും ഇടക്കിടെ 'വെർച്ചൽ സംഗമ'ങ്ങൾ നടത്താറുണ്ടായിരുന്നെങ്കിലും എന്തോ ഒരു വല്ലാത്ത മാനസികാവസ്ഥയിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയായിരുന്നു ഞാൻ ...

ഒരു പുസ്തകം പോലും മുഴുവനായി വായിച്ചു തീർക്കുവാൻ സാധിക്കുന്നില്ല ...

സിനിമകളൊ ,ഡോക്യുമെന്ററികളോ ,മറ്റു ടി.വി പരിപാടികളൊ മുഴുവനായി  കുത്തിയിരുന്ന് കാണുവാൻ സാധിക്കുന്നില്ല... 

ചെറിയ കാര്യങ്ങൾക്ക് പോലും വീട്ടിലുള്ളവരുമായി വഴക്കുണ്ടാക്കുക , വെറുതെ ഓരോന്ന് ചിന്തിച്ച് ചുമ്മാ ഇരിക്കുക എന്നിങ്ങനെ അനേക പ്രശ്നങ്ങൾ എന്നെ പലവിധത്തിൽ അലട്ടി തുടങ്ങി .

ഇപ്പോഴും എന്റെ വാലറ്റിൽ ഇരിക്കുന്ന നിരോധിച്ച , ഒരു പുത്തൻ ആയിരത്തിന്റെ എവിടെയും ചിലവഴിക്കുവാൻ സാധിക്കാത്ത ഇന്ത്യൻ നോട്ടിന്റെ പോലെയായി എന്റെ അവസ്ഥ...! 

ആ സമയത്താണ് ഓൺ-ലൈനായി ഡോക്റ്ററെ കണ്ട് സംസാരിച്ചതും, അദ്ദേഹം ഇത്തരം കാര്യങ്ങൾക്ക് ഉപദേശവും ചികിത്സയും നൽകുന്ന ഒരു കൺസൾട്ടൻസിയുമായി ബന്ധപ്പെടുവാൻ പറഞ്ഞതും. ( every-mind-matters/low-mood ).

അവരിൽ നിന്നാണ് ഇത് ഒരു വിഷാദ രോഗത്തിന്റെ ആരംഭ ദശയാണെന്ന് എനിക്ക് പിടികിട്ടിയത് . സൈക്കോളജിസ്റ്റായ പുതുതായി ബിരുദമെടുത്ത് പുറത്തിറങ്ങിയ ഒരു ഇറ്റലിക്കാരിയായിരുന്നു എന്റെ ഉപദേശക . .

നമ്മുടെ മാനസിക പിരിമുറുക്കങ്ങൾ മുഴുവനും വ്യക്തമാക്കി കൊടുക്കുന്ന ഒരു 'വെബ് ഫോം' പൂരിപ്പിച്ചയച്ച ശേഷം പിന്നീടവർ നമ്മെ വിളിച്ച് മനസികോർജ്ജം നൽകുന്ന പ്രകിയകളാണ് ഗവർമെന്റ് പൊതുജനാരോഗ്യം സംരക്ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങളിലൂടെ നടത്തത്തി കൊണ്ടിരിക്കുന്നത് .

എന്റെ പ്രശ്നങ്ങൾ മുഴുവൻ പറയുന്നത് ഫോണിലൂടെ, ഇടക്ക് വീഡിയോ കോളിലൂടെ കേട്ടിരിക്കുന്ന ആ സുന്ദരിയെ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു .

ഒപ്പം കളിച്ചു വളർന്ന എന്റെ ഉത്തമ മിത്രങ്ങളായിരുന്ന 2019 ലും , ഇക്കൊല്ലവും മരിച്ചുപോയ സുരേഷിന്റെയും , അശോകന്റെയും  അകാലത്തിലുള്ള വിയോഗങ്ങളും  , കഴിഞ്ഞ വർഷം ഞങ്ങളെ  വിട്ടുപോയ വാത്സല്യ നിധിയായ അമ്മയുടെ വേർപാടും , ഈ കൊറോണക്കാലവും , എന്റെ പ്രായവും , ഇപ്പോഴുള്ള അസുഖങ്ങളുമൊക്കെയാണ് ഈ ഡിപ്രഷൻ എന്നിൽ ഇപ്പോൾ ഉടലെടുക്കുവാൻ കാരണമെന്നാണ് അവൾ പറഞ്ഞു തന്നത് ...! 


ആദ്യമൊക്കെ ആഴ്ച്ചയിൽ ഒന്നോരണ്ടോ തവണയും , ഇപ്പോൾ  ഒരു വട്ടവും ഒരു മണിക്കൂറോളം എന്നെ അവൾ വിളിക്കും . 

അവൾ ചിലപ്പോൾ എന്നോട് ചില നല്ല സിനിമകൾ ചൂണ്ടിക്കാണിച്ച് ആയതൊക്കെ എന്നോട് കാണുവാൻ പറയും .
ഒപ്പം 'യൂട്യൂബി'ലുള്ള മാനസിക ഉല്ലാസം പകരുന്ന പല  ലിങ്കുകളും വീക്ഷിക്കുവാൻ പറഞ്ഞ് അയച്ചുതരും . 
 
ഇതിനിടയിൽ ഓൺ-ലൈനിൽ  കൂടി  'മൈൻഡ് ഫുൾനെസ് മെഡിറ്റേഷൻ' പരിശീലിപ്പിച്ചു . 

വീട്ടിൽ ചുമ്മാ ഇരിക്കുമോഴും , നടക്കുവാൻ പോകുമ്പോഴും  എന്നും കുറെ നേരം ഇഷ്ട്ടപ്പെട്ട പാട്ടുകൾ കേട്ട് നടക്കുവാൻ ഉപദേശിച്ചു . 

ഇടക്കിടെ എന്തെങ്കിലും കുക്ക്  ചെയ്യുവാനും ,മറ്റു വീട്ടുപണികൾ ചെയ്തുകൊണ്ടിരിക്കുവാനും ഉപദേശിച്ചു . 

പിന്നീട്   'ഫർലൊ സ്‌കീം' ഉപേക്ഷിച്ച വീണ്ടും എന്നോട് അവൾ ജോലിക്ക് പോകുവാൻ പറഞ്ഞു .അങ്ങനെ ഞാൻ ആഗസ്റ്റ് പകുതിയോടെ വീണ്ടും ജോലിയിൽ തിരികെ പ്രവേശിച്ചു .

ഇപ്പോൾ എന്റെ മാനസിക  പിരിമുറുക്കങ്ങൾക്ക് കുറച്ച് അയവുകൾ വന്നിട്ടുണ്ടെങ്കിലും അല്ലറചില്ലറ ആധികളും , അന്തഃസംഘർഷങ്ങളുമായി എന്റെ മെന്ററുടെ ഉപദേശങ്ങളുമായി ഞാൻ മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു ... 

ജീവിതത്തിൽ തിരക്കുകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ  ജനങ്ങളെ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. 

ലോകത്തിലെ  പ്രശസ്തരായ പല വ്യക്തികളും വിഷാദ രോഗത്തിന് അടിമപ്പെട്ടവരായിരുന്നു എന്ന് ചരിത്രങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്  .

കൃത്യസമയത്ത് ഡിപ്രഷന് ചികിത്സ നേടിയില്ലെങ്കിൽ ജീവപായം വരെ ഉണ്ടാക്കുന്ന ഒരു പ്രതിഭാസം കൂടിയാണ് ഈ രോഗാവസ്ഥ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാകുന്ന സംഗതി .


ക്ളീനിക്കൽ സൈക്കോളജിസ്റ്റായ എന്റെ ഇറ്റലിക്കാരിയായ ഈ പുതിയ ഗെഡിച്ചി പറയുന്നത് ആധുനിക ജീവിതരീതികൾ കാരണം ഭാവിയിൽ ഏറ്റവും വ്യാപകമായി മനുഷ്യനെ വേട്ടയാടുന്ന ഒരു രോഗാവസ്ഥയായിക്കും വിഷാദം എന്നതാണ് .

ആയതുകൊണ്ട് നമുക്കെല്ലാം ഇപ്പോൾ സന്തോഷവും ,ഇഷ്ടവും നൽകുന്ന കാര്യങ്ങളിലെല്ലാം രണ്ടാഴ്ച്ചയിൽ കൂടുതൽ താല്പര്യം നഷ്ട്ടപ്പെടുകയായാണെങ്കിൽ സൂക്ഷിക്കുക .

ചെറിയ ചെറിയ മാനസിക ക്ലേശങ്ങൾക്കൊപ്പം ഉറക്കക്കുറവ് / കൂടുതൽ ഉറക്കം , വിശപ്പില്ലായ്മ / ഓവർ ഈറ്റിങ്  ,ഒന്നിലും ശ്രദ്ധയില്ലായ്‌മ തുടങ്ങി മറ്റനേകം സംഗതികളും ഇതോടൊപ്പം അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഒരു ക്ളീനിക്കൽ ഉപദേശം തേടേണ്ടതാണ് ... 

ഒരുവിധം സുഖസൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടുപോലും എന്നെപ്പോലുള്ള  ഒരുവന് വിഷാദ രോഗം പിടിപെടാമെങ്കിൽ ഒട്ടനവധി ദുഃഖങ്ങളും, സങ്കടങ്ങളും , മറ്റു ബാധ്യതകളും ഉള്ളവർക്കും വിഷാദ രോഗവും  അതിനോടനുബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടാകുവാൻ സാധ്യതകളേറെയാണ് കേട്ടോ കൂട്ടരെ . 

അതുകൊണ്ട് പ്രശ്നങ്ങളെല്ലാം മാറ്റിവെച്ച് എപ്പോഴും അവരവർക്ക് സന്തോഷമുള്ള കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുക..  


(വിഷാദ രോഗം about-symptoms-of-depression)

Wednesday, 30 September 2020

ഒരു പുതിയ അമ്മൂമ്മയും മുത്തശ്ശനും ...! / Oru Puthiya Ammoommayum Mutthasshanum ...!

ഒരു മഹാമാരിയായ വ്യാപനവ്യാപ്‌തിയോടെ  പടർന്നുപിടിച്ച 'കോവിഡ് -19'  എന്ന കൊറോണ വൈറസുകൾ കാരണം ലോക ജനത മുഴുവൻ  ഇക്കൊല്ലം തുടക്കം മുതൽ ഇന്നുവരേക്കും ആഗോളതലമായി വല്ലാത്ത ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്തിലൂടെയാണ് നാം ഏവരും ഇപ്പോൾ കടന്നുപോയി കൊണ്ടിരിക്കുന്നത് ...

നാഴിക കല്ലുകൾ കണക്കെ  ഓരൊ വർഷവും നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും പിന്നിട്ടുപോകുമ്പോഴും ,  അനേകം ദു:ഖങ്ങൾക്കൊപ്പം ഓർത്തുവെക്കുവാൻ വളരെ കുറച്ച് സന്തോഷം നൽകുന്ന അനുഭവങ്ങളും അക്കൊല്ലം നമ്മൾക്ക് നല്കിയിട്ടുണ്ടാകും ...

ഈ കൊറോണക്കാലം  വരുത്തിവെച്ച ദുരിതങ്ങൾക്കും, വിഷാദ രോഗത്തിനും ഇടയിൽ അത്തരത്തിലുള്ള ആനന്ദം നൽകിയ
ഒരു സംഗതിയെ കുറിച്ച് ചുമ്മാ എഴുതിയിടുകയാണ് ഞാനിവിടെയിപ്പോൾ ...

എന്റെയും ഭാര്യയുടേയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ  ഒന്നിച്ചുള്ള പ്രണയജീവിതം  പിന്നിട്ടപ്പോൾ ഒരു അമ്മൂമ്മ പട്ടവും 
 മുത്തശ്ശൻ സ്ഥാനവും ഈ 
ജീവിതപാന്ഥാവിൽ കരസ്ഥമാക്കിയ   സന്തോഷത്തിലാണ് ഞങ്ങളിപ്പോൾ...!

രണ്ടുമാസങ്ങൾക്ക്  മുമ്പ് ഞങ്ങളെ അമ്മൂമ്മയും മുത്തശ്ശനുമാക്കി പേരകുട്ടിയായി ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം  ആദ്യത്തെ   തിങ്കളാഴ്ച്ച , ആവണി അവിട്ടത്തിന്, കുടുംബത്തിലെ അനന്തരാവകാശിയായി പിറന്നുവീണ സാന്മയി(Sanmayi)ക്ക് സ്നേഹാശംസകൾ നേരുകയാണ് ഈ അവസരത്തിൽ ...


കുഞ്ഞുവായിൽ കരച്ചിലുമായി ഒരു ചോര കുഞ്ഞ് 
മോളുടേയും മരുമോന്റെയും ജീവിതത്തിലേക്ക് അന്ന് കടന്നുവന്നപ്പോൾ ആയതൊരു സന്തോഷത്തിന്റേയും, നിർവൃതിയുടേയും നിമിഷങ്ങൾ തന്നെയായിരുന്നു...!

ഇനി  താണ്ടാനുള്ള വാനപ്രസ്ഥവും, സന്യാസവും പൂർത്തീകരിക്കുവാൻ സാധിക്കുമൊ എന്നൊന്നും നിശ്ചയുമില്ലാത്ത ഒരു അവസ്ഥാവിശേഷം കൂടിയാണ്  ഇപ്പോൾ  കോവിഡ് എന്ന മഹാമാരിയായി താണ്ഡവമാടുന്ന ഈ പരമാണു സൃഷ്ടിച്ചിരിക്കുന്ന പ്രതിഭാസം ...!

ബ്രിട്ടണിൽ വീണ്ടും കൊറോണയുടെ രണ്ടാം തരംഗം അലയടിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തിൽ കൂടിയാണ് ഞങ്ങൾക്ക് ചുറ്റും ഇപ്പോൾ കാണപ്പെടുന്ന വസ്‌തുതകൾ ...
സ്വന്തം വീടും നാടുമൊക്കെ  വിട്ട് എത്ര ഉന്നതമായതൊ , അല്ലാത്തതൊ ആയ പ്രവാസ ജീവിതം അനുഷ്ഠിക്കുമ്പോഴും അവരവരുടേതായ പല ഗൃഹാതുരത്വ സ്മരണകളാൽ സമ്പുഷ്ടമായാണ് ഓരോ പ്രവാസികളും ജീവിതം മുന്നോട്ട് കൊണ്ടുപോകാറുള്ളത് ...!

കഴിഞ്ഞ മാസം ഉത്രാട പാച്ചിലിനിടയിൽ ഈ കൊ'റോണ'ക്കാലത്ത് ഞങ്ങൾ സകുടുംബം മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ആദ്യത്തെ പേരക്കുട്ടിയായ 'സാന്മയി'യുടെ ഇരുപത്തെട്ടിലെ ചരടുകെട്ടും , പേരിടൽ കർമ്മവും ... !

നവാതിഥിയായി  ഞങ്ങളുടെ കുടുംബത്തിൽ ഇടം പിടിച്ച പേരക്ടാവും ,കെങ്കേമമായി വിഭവ സമൃദ്ധമായ സദ്യ വെച്ചുവിളമ്പിയ അവളുടെ അമ്മൂമ്മയും തന്നെയായിരുന്നു അന്നത്തെ ചടങ്ങിലെ  താരങ്ങൾ...  

ജീവിതത്തിൽ കിട്ടുന്ന അമൂല്യമായ സന്തോഷങ്ങളിൽ നിന്നും മാഞ്ഞുപോകാത്ത സ്‌മരണകളായി  അങ്ങനെ ഒരു ആമോദത്തിൻ ദിനം കൂടിയായിരുന്നു ആ പേരകുട്ടിയുടെ ഇരുപത്തെട്ട് കെട്ടും പേരിടൽ ചടങ്ങും .  

ഇപ്പോൾ പാൽ പുഞ്ചിരിയുമായി കൈകാലുകൾ ഇളക്കിയുള്ള ആ പൊന്നോമനയുടെ കളിവിളയാട്ടങ്ങൾ കാണുമ്പോൾ ഞങ്ങളുടെ കുടുംബത്തിൽ ഏവർക്കും അനുഭവപ്പെടുന്ന  ആമോദങ്ങൾ തീർത്തും പറഞ്ഞറിയുക്കുവാൻ സാധിക്കാത്ത ഒരു പ്രത്യേക ആനന്ദങ്ങൾ തന്നെയാണ്...!
ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് മോളും ,
പിന്നീട് മോനും ജനിച്ചു വീണ ശേഷം ഞങ്ങൾക്ക് കിട്ടിയ 
ആ കൊച്ചുകൊച്ചു സന്തോഷങ്ങൾ ഇപ്പോൾ , ആ മോളും മരുമകനും കൂടി പങ്കിടുന്നത്  കണ്ടിരിക്കുമ്പോൾ തന്നെ ഒരു സുഖമുള്ള നിർവൃതിയാണ് ഉണ്ടാകുന്നത് ... 
നമ്മുടെ മക്കൾ ആദ്യമായി പുഞ്ചിരിക്കുന്നത് ,  
കമഴ്ന്നു കിടക്കുന്നത് ,മുട്ടുകുത്തി നടക്കുന്നത്  , ഇരിക്കുന്നത്,  കിന്നരി പല്ലുകൾ മുളച്ചുവരുന്നത് , പിച്ചവെച്ച് നടക്കുന്നത് എന്നിങ്ങനെ എത്രയെത്ര സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ് ഓരൊ ദമ്പതികളുടെ  ജീവിതത്തിലും ഇതുപോലെ 'സൈക്കിളിക്കാ'യി അരങ്ങേറിക്കൊണ്ടിരിക്കുക ..അല്ലെ ..? 

ഞങ്ങളുടെ കഴിഞ്ഞകാല  ജീവിതത്തിൽ 
മക്കളായ കടിഞ്ഞൂൽ പുത്രിയും പിന്നീടുണ്ടായ അവളുടെ കുഞ്ഞനിയനും കൂടി അങ്ങിനെയങ്ങനെ  സുന്ദരമായ എത്ര നിമിഷങ്ങളാണ് അവർ  ഞങ്ങൾക്ക് സമ്മാനിച്ചിട്ടുള്ളത് ...!

കൊച്ചായിരിക്കുമ്പോളവരെ താരാട്ടുപാടിയും 
നെഞ്ചിൽ കിടത്തിയും ഉറക്കുവാനും  കൊഞ്ചിക്കുവാനും കൊതിക്കുന്ന  മാതാപിതാക്കളുടേയും അമ്മൂമ്മമാരുടേയും  മുത്തശ്ശന്മാരുടേയുമൊക്കെ ഇടയിലേക്കാണ് ലോകത്തിലെ ഭൂരിഭാഗം പിഞ്ചോമനകളും എന്നുമെന്നോണം പിറന്നു വീണുകൊണ്ടിരിക്കുന്നത് ...

കുഞ്ഞായിരിക്കുമ്പോൾ അവർ നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ , കുട്ടികൾ  അടിതെറ്റി 
വീഴുമ്പോൾ ,അവർക്കൊക്കെ കൊച്ചപകടങ്ങൾ പറ്റുമ്പോൾ എന്നിങ്ങനെ മക്കൾക്കൊക്കെ വല്ല അസുഖങ്ങളൊക്കെ
വരുമ്പോഴായിരിക്കും നമ്മൾ ദു:ഖങ്ങൾ ശരിക്കും ഉള്ളിൽ തട്ടിയറിയുക.

അതെ ഓരൊ കുട്ടികളുടേയും  വളർച്ചയുടെ ഓരൊ കാല ഘട്ടങ്ങളിലും,
ജീവിതത്തിന്റെ പല പല സന്തോഷങ്ങളും  ദു:ഖങ്ങളും നമ്മളെല്ലാം നേരിട്ട് തൊട്ടറിയുക തന്നെയാണല്ലൊ എന്നുള്ള ഒരു യാഥാർത്ഥ്യവും ഏവരുടെയും ജീവിത പന്ഥാവിൽ അനുഭവിക്കേണ്ട വസ്തുതകൾ തന്നെയാണ്...

ഈ താരാട്ടിനും കൊഞ്ചിക്കലിനും ,വളർത്തി വലുതാക്കുന്നതിനുമൊക്കെ ഉപകാരമായി , അവർ വളർന്ന 
ശേഷം മാതാപിതാക്കൾക്കും മറ്റും ബഹുമനോഹരമായ ആട്ടുകളും അവഗണനയും കിട്ടുന്ന സ്ഥിതിവിശേഷങ്ങളും നാട്ടുനടപ്പായ ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം ഇപ്പോൾ പ്രയാണം നടത്തികൊണ്ടിരിക്കുന്നത് . 

ഇത്തരം സംഗതികൾ  ചിലരുടെയെല്ലാം ജീവിതത്തിൽ 
ഒരു വിരോധപസമായി തീരുകയും ചെയ്യാറുണ്ട് എന്നതും വാസ്തവമാണ് .

ചുള്ളാനിറ്റി നഷ്ട്ടപ്പെട്ട ഒരു പുതിയ
അമ്മൂമ്മയും മുത്തശ്ശനും
💔 !
എന്തായാലും ഉടുക്കുവാനും ,പുതക്കുവാനും 
അനേകം രോഗപീഠകളുള്ള അമ്മൂമ്മക്കും മുത്തശ്ശനും കൊറോണക്കാലത്തെ ഒരു സന്തോഷമായി ഒരു പേരക്കുട്ടിയെ സമ്മാനിച്ച മോൾ മയൂഖക്കും, മരുമോൻ സായുജിനും അഭിനന്ദനങ്ങൾ... 

വേണമെങ്കിൽ നാലഞ്ചുകൊല്ലം മുമ്പ് തന്നെ തകർത്തെറിയാമായിരുന്ന ഞങ്ങളുടെ 'ചുള്ളാനിറ്റി' ഇത്രയും നീട്ടി തന്നതിനും കൂടിയാണ് മക്കൾക്കുള്ള ഈ ആശംസകൾ ... 




 





Monday, 31 August 2020

കൊ'റോണ'ക്കാലത്ത് അമ്മയില്ലാതെ ഒരോണം ...! / Koronakkaalaatthu Ammayillathe Oronam ...!

അമ്മയില്ലാത്ത ആദ്യത്തെ ഓണമാണ് ഈ കൊ'റോണ'ക്കാലത്ത് വളരെ ദു:ഖകരമായി ഞങ്ങൾക്കിടയിലേക്ക് ഇത്തവണ കയറി വന്നിരിക്കുന്നത് ...
അമ്മയുടെ ഓണത്തിന്
മാധുര്യം ഏറെയായിരുന്നു...!
അര നൂറ്റാണ്ടിലേറെയായി വീട്ടമ്മയായും തറവാട്ടമ്മയായും ഒരുമയുടെയും ഒത്തു ചേരലിന്റെയും പൊന്നോണ നാളുകൾ കൊണ്ടാടിയിരുന്ന അമ്മക്ക് എട്ട് പതിറ്റാണ്ടിൽ മേലെയുള്ള ഓണം ഓർമ്മകൾ ഉണ്ടായിരുന്നു...
സന്തോഷവും, ദു:ഖവും, സങ്കടവുമൊക്കെ ഇഴപിരിഞ്ഞുള്ള എത്രയെത്ര ഓണക്കഥകളാണ് അമ്മ ഞങ്ങളെയൊക്കെ ചൊല്ലി കേൾപ്പിച്ചിട്ടുള്ളത്...
അതെ
ഓണത്തിനെന്നും അമ്മയുടെ മുഖവും, രുചിയുമാണ് എപ്പോഴും അനുഭവപ്പെടാറുള്ളത് ...
ഓരൊ വീടുകളിലും ഓണം വിപുലമാകുന്നതും ,
നിറപ്പകിട്ടാർന്നതും ആകുന്നത് ആ വീട്ടിലുള്ള പെണ്ണുങ്ങളുടെ പ്രയത്നമാണെന്നു പറഞ്ഞാൽ , ആയത് ഒട്ടും അതിശയോക്തിയില്ലാത്ത സംഗതിയാണ് ...
അതുകൊണ്ട് ഓരൊ
ഓണങ്ങളും പെണ്ണോണങ്ങളാണ്...

അതെ ഏത് വീട്ടിലെ എന്ത്  ആഘോഷങ്ങളും കെങ്കേമമാകണമെങ്കിൽ  പെണ്ണൊരുമ്പെട്ടാൽ മാത്രമെ പൂർണ്ണമാകൂ ...!

മേടമാസത്തിലെ കൊയ്‌ത്തുകഴിഞ്ഞാൽ മുതൽ അമ്മയെന്നും ഓണത്തിനുള്ള ഒരുക്കൂട്ടലുകൾ നടത്തി തുടങ്ങും .അതിന് മുന്നെ തന്നെ  ഞാറ്റുകണ്ടകളിൽ മുതിരയും, എള്ളും , കൂർക്കയും മറ്റുമൊക്കെ നട്ടുകഴിഞ്ഞിരിക്കും . 


ഒപ്പം തന്നെ അമ്മയും അയൽക്കൂട്ടത്തെ പെണ്ണുങ്ങളെല്ലാം കൂടി അവരവരുടെ പറമ്പുകളിൽ  ഓണക്കാലത്തേക്കുള്ള നാനാതരം വാഴകളും , ചേനയും ,കാച്ചിലും ,ചേമ്പും ,മഞ്ഞളും ,ഇഞ്ചിയുമടക്കം ,പടവലം ,അമര ,പാവയ്ക്ക പന്തലുകളും അതിനടിയിൽ മത്തനും കുമ്പളവും നട്ടുനനച്ച് വളർത്തി തുടങ്ങിയിട്ടുണ്ടാകും ...

ഇതിനിടയിൽ  വിറകുപുര മേഞ്ഞു വിറകുകൊള്ളികൾ അടക്കിവെക്കലും  പാടത്തുനിന്നും കൊയ്തെടുത്ത നെല്ലുണക്കി പുഴുങ്ങിയുണക്കി പത്തായം നിറച്ചിട്ടുണ്ടാകും . 

പിന്നീട് മാമ്പഴക്കാലമായാൽ  ചക്ക വരട്ടലും ,പച്ചമാങ്ങ അരിഞ്ഞു ഉണക്കി വെക്കലും ,കൊണ്ടാട്ടം വറുക്കുവാനുള്ള പാവക്ക ,ചേന ,പയർ ,തൈര് മുളക് എന്നിവയൊക്കെ ഉണക്കിയെടുത്ത വറവ് വിഭവങ്ങളും   ,കടുമാങ്ങ ,ചെത്തുമാങ്ങ,നാരങ്ങ ,നെല്ലിക്ക എന്നീ അച്ചാറുകൾക്കൊപ്പം അടച്ചുറപ്പുള്ള ഭരണകളിൽ ഇടം പിടിച്ചിട്ടുണ്ടാകും. 

അമ്മയുടെ മേൽനോട്ടത്തിൽ ഉണ്ടാക്കുന്ന ഇത്തരം കൃഷി വിഭവങ്ങൾ  വീട്ടിലേക്ക് മാത്രമല്ല, അയലക്കങ്ങളിലേക്കും, പണിക്കാർക്കും മറ്റു ആശ്രിതർക്കും കൂടി വിതരണം  ചെയ്‌ത്‌ കഴിയുമ്പോൾ മാത്രമെ അമ്മക്ക് പൂർണ്ണസംതൃപ്തി വരികയുള്ളൂ ... 


ഇത്തരത്തിലുള്ള  പുഴുങ്ങലരിയും  തൊടിയിലെ പച്ചക്കറിത്തോട്ടങ്ങളിൽ നിന്നും പറിച്ചെടുത്ത വിഭങ്ങളാൽ വെച്ചുവിളമ്പുന്ന സമൃദ്ധമായ ഓണ സദ്യകൾക്ക് അമ്മൂമ്മയുടെയും അച്ഛമ്മയുടെയും അമ്മയുടെയും  വലിയമ്മമാരുടെയും ഇളയമ്മമാരുടെയും അമ്മായിമാരുടെയുമൊക്കെ ആ കൈ പുണ്യം പെൺമക്കൾക്കും പുത്രവധുക്കൾക്കുമൊക്കെ ഒട്ടും രുചിഭേദങ്ങളില്ലാതെ പകർന്നുകിട്ടിയതിനാലാവാം വീട്ടിലുണ്ടാക്കുന്ന ഓരൊ ആഘോഷ പരിപാടികൾക്കും ഒരുക്കുന്ന സദ്യകൾക്കുമൊക്കെ അന്നും ഇന്നും അതെ സ്വാദും രുചിയും ചിട്ടവട്ടങ്ങളുമൊക്കെ  തുടിച്ചുനിൽക്കുന്നത്  ... 


ഇടവപ്പാതി മുതൽ കണിമംഗലത്തുള്ള  ഒട്ടുമിക്ക വീടുകളിലും വീട്ടമ്മമാരുടെ അടുക്കളത്തോട്ടങ്ങൾ മുഴുവൻ ശരിക്കും ഒരു ഹരിത വൃന്ദാവനമായി മാറുന്ന കാഴ്ച്ചകൾ കണ്ടാണ് ഞങ്ങൾ  ബാല്യം  മുതൽ കൗമാരകാലം വരെ വളർന്നു വന്നത്...

അന്നൊക്കെ  ആടുമാടുകളും, തൊഴുത്തും ,ആട്ടിൻ കൂടും ,കോഴിയും, കോഴിക്കൂടും താറാവുമൊക്കെ മേഞ്ഞുനടക്കുന്ന കൊച്ചുകൊച്ചു പുരയിടങ്ങളുമുള്ള നാടായിരുന്നു ഞങ്ങളുടെ ഗ്രാമം ...

മൂന്ന് ദശാബ്‌ദം മുമ്പ് തൃശ്ശൂർ കോർപ്പറേഷന്റെ ഭാഗമായി, പട്ടണത്തിന്റെ കുപ്പായം അണിഞ്ഞതോടുകൂടി ഇത്തരം കഴ്ചവട്ടങ്ങളൊക്കെ മെല്ലെമെല്ലെ അവിടെനിന്നും ഇല്ലാതായി തുടങ്ങി ... 

പക്ഷെ നാലഞ്ചുകൊല്ലമായി കണിമംഗലത്തും പരിസര പ്രദേശങ്ങളിലും വീണ്ടും മുറ്റത്തും ,ടെറസ്സിലുമൊക്കെയായി ധാരാളം അടുക്കള തോട്ടങ്ങളും ,വളർത്തുമൃഗപരിപാലനവുമൊക്കെ കുറേശ്ശെയായി തിരിച്ചുവന്നുകൊണ്ടിരിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നുണ്ട് ...

ഇങ്ങനെ വീണ്ടും സ്വയം പര്യാപ്തത കൈവരിച്ചു നമ്മുടെ നാട്ടിലെ ഓരൊ ദേശങ്ങളും മലയാള നാടിന്റെ അഭിമാനങ്ങളായി വളർന്നുവരുന്നത് തന്നെയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ഐശ്വര്യം ...!

  


ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...