Friday, 28 December 2018

ബിലാത്തിയിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ...! / Bilatthiyile Kocchukocchu Santhoshangal ...!

ഓരോവർഷവും - നാഴിക കല്ലുകൾ കണക്കെ  നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും പിന്നിട്ടുപോകുമ്പോഴും ,  അനേകം ദു:ഖങ്ങൾക്കൊപ്പം ഓർത്തുവെക്കുവാൻ വളരെ കുറച്ച് സന്തോഷം നൽകുന്ന അനുഭവങ്ങളും അക്കൊല്ലം നമ്മൾക്ക് നല്കിയിട്ടുണ്ടാകും...അല്ലെ .

അത്തരത്തിലുള്ള ആനന്ദം നൽകിയ
ഒരു സംഗതിയെ കുറിച്ച് ചുമ്മാ എഴുതിയിടുകയാണ് ഞാനിവിടെയിപ്പോൾ ...

സ്വന്തം വീടും നാട്ടുമൊക്കെ വിട്ട് എത്ര ഉന്നതമായതൊ , അല്ലാത്തതൊ ആയ പ്രവാസജീവിതം അനുഷ്ഠിക്കുമ്പോഴും അവരവരുടേതായ പല ഗൃഹാതുരത്വ സ്മരണകളാൽ സമ്പുഷ്ടമായാണ് ഓരോ പ്രവാസികളും ജീവിതം മുന്നോട്ട് കൊണ്ടുപോകാറുള്ളത് ...!


അതുപോലെതന്നെയാണ് ഈ ആംഗലേയ നാട്ടിലുള്ള  ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ലണ്ടനിൽ  വന്നു ചേർന്നിട്ടും , നമ്മുടെ നാട്ടിലെ സാംസ്കാരിക തലസ്ഥാനത്തുനിന്നും വന്നു പെട്ട എനിക്കും അത്തരം കൊച്ചുകൊച്ചു സന്തോഷങ്ങൾ അയവിറക്കികൊണ്ടിരിക്കുമ്പോൾ   അനുഭവപ്പെടുന്ന ആമോദങ്ങൾ ...

മൂന്ന് പതിറ്റാണ്ടോളം വളർന്നു പഠിച്ചു ശീലമാക്കിയ സമയം , രുചി , ഭക്ഷണം , ഭാഷ , സംസ്കാരം , കാലാവസ്ഥ മുതൽ സകലമാന ജീവിതരീതികളും തനി വിപരീത അവസ്ഥകളിലേക്ക് മാറിമറിയുകയായിരുന്നു ഈ ബിലാത്തി പട്ടണത്തിലേക്ക് ഒരു പറിച്ചു നടീൽ സംഭവിച്ചപ്പോൾ  എനിക്കുണ്ടായത് ...!


മണിക്കൂറുകൾ അടിസ്ഥാനമാക്കി വളരെ ഉത്തരവാദിത്തത്തോടെ ചെയ്തു  തീർക്കേണ്ട ജോലികൾ , എന്നുമെന്നും സന്തോഷം നല്കികൊണ്ടിരുന്ന പുസ്തക വായനയെ അകറ്റിമാറ്റുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയുള്ള പാഴാക്കുന്ന സ്ഥിരം ഓടിപ്പാച്ചിലുകൾ .
ഇതിനിടയിൽ കിട്ടുന്ന യാന്ത്രികമായി കൊണ്ടാടപ്പെടുന്ന കുടുംബ ബന്ധങ്ങളും ,സൗഹൃദ കൂട്ടായ്മകളും ...
ഇതിൽ നിന്നെല്ലാം തികച്ചും വേറിട്ട , വീടിന്റെ പിന്നാമ്പുറത്തുള്ള ഇത്തിരിപ്പോന്ന  ഒരു അടുക്കളത്തോട്ടത്തിൽ നമ്മുടെ സ്വന്തം നാട്ടിലുള്ള പച്ചക്കറിച്ചെടികളും , അതിൽ വിളഞ്ഞുവരുന്ന കായ്കളും നാൾക്കുനാൾ കണ്ടിരിക്കുംപോഴുള്ള ഒരു ആനന്ദം , അവിടെ അവക്കെല്ലാം നനച്ചും ,
വളം നൽകിയും , പടർത്തി വലുതാക്കുമ്പോഴുള്ള ആമോദം.  
വേനൽ ചൂടിൽ  ആയതിന്റെയൊക്കെ തണലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും, കുടിക്കുമ്പോഴും ,  പ്രണയം പങ്കിടുമ്പോഴും അനുഭവപ്പെടുന്ന സൗഖ്യം ...

ആ സുഖമാണിത് .... ആസന്തോഷമാണിത് ....

മഞ്ഞുകാലം വരും മുമ്പേ ഇലപൊഴിച്ച്  പോയ ചെടികളും മരങ്ങളുമൊക്കെ വസന്ത കാലത്ത് മൊട്ടിട്ട് വിരിയുന്ന പൂക്കളെല്ലാം, കായ് കനികളായ ഫലങ്ങകളായി വിളഞ്ഞ് നിൽക്കുന്ന അതി മനോഹര കാഴ്ച്ചകളാണ് പാശ്ചാത്യ നാടുകളിൽ അതുകഴിഞ്ഞുവരുന്ന വസന്തകാലത്ത്  കാണുവാൻ പറ്റുക .

പിന്നീട് വരുന്ന ഗ്രീഷ്മ കാലം കഴിയുന്നതുവരെയാണ് പുഷ്പങ്ങളും ഫലങ്ങളുമായുള്ള കാർഷിക സമൃദ്ധിയുടെ വിളവെടുപ്പ് കാലം ഇവിടെ കൊണ്ടാടുക ...


ലോകത്തിലെ ഏതാണ്ടൊരു വിധം പഴവർഗ്ഗങ്ങളെല്ലം ഇവിടെ ലഭ്യമായതിനാൽ വസന്തവും വേനലും ഒരുവിധം ആളുകളൊക്കെ എന്തെങ്കിലും പഴവർഗ്ഗങ്ങളോ , പച്ചക്കറികളോ അവരവരുടെ തൊടികളിൽ വിളയിച്ച്ചെടുക്കാറുമുണ്ട് ...

വിവിധ തരം ആപ്പിളുകളും, പെയേഴ്സുകളും ,പ്ലമ്മുകളും, നാരങ്ങകളും മിനി ' ഡ്വാർഫ് 'ചെടികളായി കിട്ടുന്നത് കൊച്ചു തൊടികളിലൊ മറ്റൊ നട്ട് വളർത്തിയാൽ മതി...

കൂടാതെ സ്ട്രോബറി, റാസ്ബറി, ബ്ലാക്ക്ബെറി ,ബ്ലൂബെറി മുതലായ സകലമാന ബെറികളും , പിന്നെ പലതരം മുന്തിരി ചെടികളടക്കം 25 ൽ പരം പഴവർഗ്ഗ ചെടികളും വീട്ടിലൊ, പരിസരത്തൊ വളർത്തി പരിപാലിക്കാവുന്നതാണ്...


അങ്ങിനെ ചുറ്റുപാടും വസിക്കുന്നവർ ചെയ്യുന്നത് കണ്ടപ്പോൾ ഞങ്ങളും വീടിന്റെ പിന്നിലെ ചെറിയ തൊടിയിൽ ഒന്നര പതിറ്റാണ്ട്  മുമ്പ് ആപ്പിൾ , ചെറി , പ്ലം , പെയേഴ്‌സ് മുതൽ ചെടികൾ വെച്ചുപിടിപ്പിച്ചു .

ഒപ്പം കൃഷീവല്ലഭയായ ഭാര്യ ചീരയും , ഉരുളക്കിഴങ്ങും,  സ്ട്രോബെറിയുമൊക്കെ പരിപാലിച്ച് വളർത്തി വന്നിരുന്നു ...

ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞു ആപ്പിളും , പ്ലസും ,ചെറിപ്പഴങ്ങളും പറിച്ച് തിന്നുമ്പോൾ
തോന്നും ; നാട്ടിൽ പുരയിടത്തിൽ , ഇമ്മിണി സ്ഥലമുണ്ടായിട്ടും ഞാനടക്കം പലരും ഒരു പഴ് ച്ചെടിയൊ, ഒരു പുതുമരമൊ എന്താ അവിടെ വെച്ച് പിടിപ്പിക്കാത്തത് എന്ന് ...?

ഇതിനിടയിൽ എന്റെ പെണ്ണൊരുത്തി എല്ലാ വേനലിലും നാട്ടിൽ നിന്നും പോരുമ്പോൾ കൊണ്ടുപോന്നിരുന്ന നമ്മുടെ മലക്കറി വിത്തുകൾ പാകി അടുക്കള തോട്ടം വിപുലീകരിച്ചു വളർത്തിയെങ്കിലും അവയിൽ ഒട്ടുമിക്കതും ഫലങ്ങൾ തന്നിരുന്നില്ല...

ഒരു 'ഹോബി'യെന്ന നിലയിൽ നാട്ടിൽ നിന്നും കൊണ്ടുവന്ന കറിവേപ്പിൻ തൈ ,  ചൂന്യൻ മുളക് എന്നിവയെ മഞ്ഞുകാലത്ത് അകത്ത് എടുത്തുവെച്ചും, സൂര്യപ്രകാശം കാണിപ്പിച്ചും കുട്ടികളെ പോലെ താലോലിച്ച്  എന്റെ പെണ്ണൊരുത്തി വളർത്തി വന്നു ...

പക്ഷെ ഇക്കൊല്ലം  അടുക്കള തോട്ടത്തിൽ ആദ്യമായിട്ടാണ് നമ്മുടെ നാട്ടിലെ ചില മലക്കറികൾ, എന്റെ പെർമനന്റ് ഗെഡിച്ചി  ഈ ഗ്രീഷ്മകാലത്ത് നട്ടു നനച്ച് വളർത്തി വിളയിച്ചെടുത്തത്...



റോസിനും, ഗന്ധരാജനും, കറ്റാർ വാഴക്കുമൊപ്പം - നമ്മുടെ നാട്ടിലെ സ്വന്തം കറിവേപ്പിലയും , പച്ചമുളകും , തക്കാളിയും , വെള്ളരിയും , ഇളവനും , അമരയ്ക്കയും , പാവയ്ക്കയും , ബീൻസുമൊക്കെ വിളഞ്ഞു നിൽക്കുന്ന - എന്നും എപ്പോഴും സന്തോഷം നൽകുന്ന - ഒരു ഉറവിടമായി മാറിയിരിക്കുകയാണ് ഞങ്ങളുടെ ലണ്ടനിലുള്ള വീടിനു പിന്നിലെ തൊടിയിലെ ഈ കൊച്ചു പച്ചക്കറി തോട്ടം... !

അവൾ എല്ലാ വർഷവും ഇത്തിരി പോന്ന പിന്നാമ്പുറത്ത് കൃഷി ചെയ്യാറുള്ള 'പൊട്ടറ്റൊ, ബീറ്റ്റൂട്ട് , ചീര, സ്ട്രോബറി'  ചെടികൾക്കൊപ്പം - ഇക്കൊല്ലം അമരക്കായ,കുമ്പളങ്ങ , വെള്ളരിക്ക , ബീൻസ് എന്നിവയുടെ വള്ളികളാണ് ഇത്തവണ ഒരു പച്ച പന്തലായി തൊടിയിലെ ആപ്പിൾ, പെയേഴ്‌സ് , പ്ലം എന്നീ മരച്ചെടികളിൽ പടർന്നുകയറി പന്തലിച്ചത്...!


ആ സമയത്തൊക്കെ പെണ്ണൊരുത്തി ഒഴിവുദിനങ്ങളിലും, മറ്റും അടുക്കളക്കുള്ളിൽ ചിലവഴിക്കുന്ന സമയം പോലും - അടുക്കള തോട്ടത്തിൽ പണിയെടുക്കുന്നതുകൊണ്ട്, ചിലപ്പോൾ 'കിച്ചൺ ഡ്യൂട്ടി'വരെ എനിക്കും, മോനുമൊക്കെ ഏറ്റെടുത്ത് ആയതൊക്കെ കുളമാക്കേണ്ടി വന്നു എന്ന ഒരു ഗതികേടും അപ്പോഴൊക്കെ സംജാതമായി എന്ന് പറയുകയായിരിക്കും ഉത്തമം ...

നാട്ടിലുള്ള ഞങ്ങളുടെ കുടുംബമിത്രം സന്ധ്യ ടീച്ചറിൽ   നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുവൾ ഈ കലക്കൻ ജൈവ പച്ചക്കറി തോട്ടം ഇക്കൊല്ലം പടുത്തുയർത്തിയിട്ട് , അയലക്കകാരെ വരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുന്നത് ...!

അയലക്കകാരായ ഇംഗ്ളീഷ്  , ബംഗാളി , ശ്രീലങ്ക, റൊമാനിയൻ  , ബ്രസീലിയൻ  കുടുംബങ്ങൾക്കും , ധാരാളം മലയാളി കുടുംബ മിത്രങ്ങൾക്കും നമ്മുടെ സ്വന്തം ജൈവ പച്ചക്കറികൾ പങ്കുവെക്കുമ്പോഴുണ്ടാകുന്ന ആമോദവും ,    ആയവയൊക്കെ വിതരണം ചെയ്ത ആ അവസരത്തിൽ ഞങ്ങൾക്ക് കിട്ടുന്ന സന്തോഷവും ഒന്ന് വേറെ തന്നെയായിരുന്നു  ...!

എന്തിന് പറയുവാൻ  ദാനം നൽകിയ 'ഇളവൻ'  ഉപയോഗിച്ച്  'മോരുകറി' വെക്കേണ്ടത് എങ്ങിനെയാണെന്ന് വരെ വീടിന്റെ 'നെക്സ്റ്റ് ഡോറി'ൽ താമസിക്കുന്ന റൊമാനിയക്കാരിയുടെ അടുക്കളയിൽ കയറി എനിക്ക്  പഠിപ്പിക്കേണ്ടി വന്നു എന്ന് മാത്രം ...!


പോരാത്തതിന് ' ബ്രിട്ടീഷ് മലയാളി '   പത്രത്തിൽ പോലും ഞങ്ങളുടെ പച്ചക്കറി തോട്ടം ഒരു സചിത്ര ലേഖനമായി വന്ന സന്തോഷവും ആ സമയുത്തുണ്ടായി  ...!

ഈ ലണ്ടനിൽ വന്നിട്ടും നമ്മുടെ ഗൃഹാതുരത്വം ഉണർത്തുന്ന സ്വന്തം മലക്കറികൾ ഇവിടത്തെ കൊച്ചു തൊടികളിൽ വിളയിച്ച്ചെടുക്കുവാനും  മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനും സാധിച്ചതിലുള്ള സന്തോഷത്തിൽ പരം ആനന്ദം  മറ്റൊരു സംഗതിയും ഇക്കൊല്ലം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നതൊരു വാസ്തവമാണ് ...!

തല്ല് വാങ്ങുവാൻ ചെണ്ടയും കാശ് വാങ്ങുവാൻ മാരാരും എന്ന് പറഞ്ഞ പോലെ അവൾ നട്ടുവളർത്തി വിളയിച്ച്ചെടുത്ത ലാഭം മുഴുവൻ ഞാൻ വാങ്ങിയെടുത്തു എന്നൊരു കുറ്റപ്പെടുത്തലും എന്റെ പേർമനന്റ്  ഗെഡിച്ചി പ്രകടിപ്പിക്കുന്നുണ്ട്  കേട്ടോ ...

അല്ലാ ..
ഏത് കണവത്തിയാണ്  സ്വന്തം കണവനെ
കുറ്റം പറയാത്തതായി ഈ ലോകത്തിൽ ഉള്ളത് അല്ലെ ...!!

 







പിന്നാമ്പുറം :-

7 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മണിക്കൂറുകൾ അടിസ്ഥാനമാക്കി

വളരെ ഉത്തരവാദിത്തത്തോടെ ചെയ്തു

തീർക്കേണ്ട ജോലികൾ , എന്നുമെന്നും സന്തോഷം

നല്കികൊണ്ടിരുന്ന പുസ്തക വായനയെ അകറ്റിമാറ്റുന്ന

സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയുള്ള പാഴാക്കുന്ന

സ്ഥിരം ഓടിപ്പാച്ചിലുകൾ .

ഇതിനിടയിൽ കിട്ടുന്ന യാന്ത്രികമായി

കൊണ്ടാടപ്പെടുന്ന കുടുംബ ബന്ധങ്ങളും ,

സൗഹൃദ കൂട്ടായ്മകളും ...

ഇതിൽ നിന്നെല്ലാം തികച്ചും വേറിട്ട , വീടിന്റെ

പിന്നാമ്പുറത്തുള്ള ഇത്തിരിപ്പോന്ന ഒരു അടുക്കള

തോട്ടത്തിൽ നമ്മുടെ സ്വന്തം നാട്ടിലുള്ള പച്ചക്കറിച്ചെടികളും ,

അതിൽ വിളഞ്ഞുവരുന്ന കായ്കളും നാൾക്കുനാൾ കണ്ടിരിക്കുംപോഴുള്ള

ഒരു ആനന്ദം , അവിടെ അവക്കെല്ലാം നനച്ചും , വളം നൽകിയും , പടർത്തി

വലുതാക്കുമ്പോഴുള്ള ആമോദം . വേനൽ ചൂടിൽ ആയതിന്റെയൊക്കെ തണലിരുന്ന്

ഭക്ഷണം കഴിക്കുമ്പോഴും ,കുടിക്കുമ്പോഴും , പ്രണയം പങ്കിടുമ്പോഴും അനുഭവപ്പെടുന്ന സൗഖ്യം ...



ആ സുഖമാണിത് .... ആസന്തോഷമാണിത് ....

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ലണ്ടനിൽ വന്നിട്ടും

നമ്മുടെ ഗൃഹാതുരതത്വം ഉണർത്തുന്ന

സ്വന്തം മലക്കറികൾ ഇവിടത്തെ കൊച്ചു

തൊടികളിൽ വിളയിച്ച്ചെടുക്കുവാനും മറ്റുള്ളവർക്ക്

വിതരണം ചെയ്യുവാനും സാധിച്ചതിലുള്ള സന്തോഷത്തിൽ

പരം ആനന്ദം മറ്റൊരു സംഗതിയും ഇക്കൊല്ലം ഞങ്ങൾക്ക്

ലഭിച്ചിട്ടില്ല എന്നതൊരു വാസ്തവമാണ് ...!

അയലക്കകാരായ ഇംഗ്ളീഷ് ,ബംഗാളി ,ശ്രീലങ്ക, റൊമാനിയ ,

ബ്രസീൽ കുടുംബങ്ങൾക്കും , ധാരാളം മലയാളി കുടുംബ മിത്രങ്ങൾക്കും

നമ്മുടെ സ്വന്തം ജൈവ പച്ചക്കറികൾ പങ്കുവെച്ച സന്തോഷത്തിലായിരുന്നു

ആയവയൊക്കെ വിതരണം ചെയ്ത ആ അവസരത്തിൽ ഞങ്ങൾ .



എന്തിന് പറയുവാൻ ദാനം നൽകിയ 'ഇളവൻ' ഉപയോഗിച്ച്

'മോരുകറി' വെക്കേണ്ടത് എങ്ങിനെയാണെന്ന് വരെ വീടിന്റെ

'നെക്സ്റ്റ് ഡോറി'ൽ താമസിക്കുന്ന റൊമാനിയക്കാരിയുടെ അടുക്കളയിൽ

കയറി എനിക്ക് പഠിപ്പിക്കേണ്ടി വന്നു എന്ന് മാത്രം ...!



തല്ല് വാങ്ങുവാൻ ചെണ്ടയും കാശ് വാങ്ങുവാൻ മാരാരും എന്ന് പറഞ്ഞ

പോലെ അവൾ നട്ടുവളർത്തി വിളയിച്ച്ചെടുത്ത ലാഭം മുഴുവൻ ഞാൻ വാങ്ങിയെടുത്തു

എന്നൊരു കുറ്റപ്പെടുത്തലും എന്റെ പേർമനന്റ് ഗെഡിച്ചി പ്രകടിപ്പിക്കുന്നുണ്ട് കേട്ടോ ...



അല്ലാ ..

ഏത് കണവത്തിയാണ് സ്വന്തം കണവനെ

കുറ്റം പറയാത്തതായി ഈ ലോകത്തിൽ ഉള്ളത് അല്ലെ ...!!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... പച്ചക്കറിത്തോട്ടവും വിവരണവും അസ്സലായിട്ടാ.... അഭിനന്ദനങ്ങൾ
പുതുവത്സരാശംസകൾ

വീകെ. said...

പച്ചക്കറിത്തോട്ടം കലക്കീട്ടാ...!
"ലണ്ടൻ കർഷകശ്രീ" ഇത്തവണ ലണ്ടനിലെ മണ്ടൻ കൊണ്ടു പോകുമോ അതോ അതിനായി മണ്ടിയുമായിട്ടുള്ള അങ്കം നടക്കുമോന്ന് കാത്തിരിക്കുകയാണ് ഞങ്ങൾ...
(അതോ അടുത്ത മുറിയിലെ റൊമേനിയക്കാരി അടിച്ചുമാറ്റാനുള്ള സാദ്ധ്യത കാണുന്നുണ്ട്...!!)

© Mubi said...

മുരളിയേട്ടാ, പച്ചക്കറി തോട്ടം ഉഷാറായി, രണ്ടാൾക്കും അഭിനന്ദനങ്ങൾ!! ബിലാത്തിയിലെ ഒരു ex-കർഷകശ്രീയെ കൂടി കണ്ടോളൂ,

https://mubidaily.blogspot.com/2013/11/blog-post_24.html

Punaluran(പുനലൂരാൻ) said...

ഗൾഫിലെ ഫ്ലാറ്റിൽ ഇരുന്നു ഇത് കണ്ടു സന്തോഷിക്കുക അല്ലാതെ എന്താ ചെയ്കാ.. വളരെ സന്തോഷം മുരളിഭായ്.. ആശംസകൾ

Sayuj said...

ലണ്ടനിൽ വന്നിട്ടും നമ്മുടെ ഗൃഹാതുരതത്വം ഉണർത്തുന്ന സ്വന്തം മലക്കറികൾ ഇവിടത്തെ കൊച്ചു തൊടികളിൽ വിളയിച്ച്ചെടുക്കുവാനും മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനും സാധിച്ചതിലുള്ള സന്തോഷത്തിൽ പരം ആനന്ദം മറ്റൊരു സംഗതിയും ഇക്കൊല്ലം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നതൊരു വാസ്തവമാണ് ...!

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...