Thursday, 22 June 2017

ഗൃഹസ്ഥാശ്രത്തിൻ ഇരുപത്തെട്ടും ഒരു ചരടുകെട്ടും ... ! / Gruhasthashramathhin Irupatthettum Oru Charatukettum ...!

അവനവൻ കാര്യങ്ങളൊ , ഇഷ്ട്ടങ്ങളൊ
കൊട്ടിഘോഷിച്ച് മാലോകരെ അപ്പപ്പോൾ
അറിയിക്കുന്നതിന് വേണ്ടിയാണ് , ഇന്നത്തെ അത്യാധുനിക ലോകത്ത് ഭൂരിഭാഗം സോഷ്യൽ മീഡിയ സൈറ്റുകളും ഉപയോഗിക്കപ്പെടുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത് ...

പണ്ടൊക്കെ മാധ്യമങ്ങളിൽ ഒരു രചന വരണമെങ്കിൽ പത്രാധിപ സമിതി കനിഞ്ഞാലൊ  , പടം  അച്ചടിച്ച് പ്രസിദ്ധീകരിക്കണമെങ്കിൽ  മരണം വരിച്ച് - ചരമ കോളത്തിൽ വരുകയൊ  വേണമെന്നുള്ളിടത്ത് , ഇന്നുള്ള സൈബർ ഇടങ്ങളിലെ നവ മാധ്യമ തട്ടകങ്ങളിൽ , സ്വയം കത്തി വെക്കാത്ത പത്രാധിപരായി - സ്വന്തമൊ, കൂട്ടത്തിലുള്ളവരുടെയൊ  കാഴ്ച്ചപ്പാടുകളും , കലാ-സാഹിത്യ രചനകളും , കായിക അഭിരുചികളും മാത്രമല്ല എന്ത്  ചവറുകളും വാരിക്കോരി നിറക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുകയാണ് ഇത്തരം വിനോദോപാധി വിവര സാങ്കേതിക തട്ടകങ്ങളിലെ ഇടങ്ങളായ 'സോഷ്യൽ മീഡിയ സൈറ്റുകൾ ' ...!
അതുപോലെ തന്നെ ജന്മ വാർഷികങ്ങൾ  , യാത്രാ പൊങ്ങച്ചങ്ങൾ , അപകടം പിടിച്ച വിവാഹ വാർഷിക ദിനങ്ങൾ മുതലായവയുടെ ഓർമ്മപ്പെടുത്തലുകളടക്കം ; വകയിലെ ഏതെങ്കിലും അപ്പാപ്പൻ മരിച്ച പടങ്ങൾ വരെ ഒട്ടിച്ച് , ചുമ്മാ  ഒരു ചിലവും കൂടാതെ പതിച്ചുവെക്കാവുന്ന അസ്സൽ ചുമരുകൾ കൂടിയാണ് ഇന്നത്തെ  'ഇന്റർ-നെറ്റു'നുള്ളിലെ ഇത്തരം 'ഓൺ-ലൈൻ' പ്രസിദ്ധീകരണ ശാലകളായ 'സോഷ്യൽ മീഡിയ' തട്ടകങ്ങൾ ...

ആർക്കും വെറുതെ പ്രസിദ്ധീകരിക്കാവുന്ന ഒരു നവ മാധ്യമം മാത്രമല്ലല്ലൊ , ഏവർക്കും  അതൊക്കെ വെറുതെ വായിക്കുവാനും , കാണുവാനും , കേൾക്കുവാനുമൊക്കെ പറ്റും എന്നുള്ള ഒരു ഗുണമേന്മ കൂടിയുണ്ടല്ലോ ഈ 'ന്യൂ-ജെൻ സോഷ്യൽ മീഡിയ സൈറ്റു'കൾക്ക് അല്ലെ ...

അതുകൊണ്ട് - അറിവ് , ബോധവൽക്കരണം , വെറുപ്പിക്കൽ മുതലായ ഒട്ടനവധി മേഖലകൾ  കൂടിയും , ഇന്നത്തെ  സൈബർ ലോകത്ത് പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റുകൾക്കും അതിന്റെതായ രീതിയിൽ സാധ്യമാകും എന്നുള്ളതും , ആയതൊക്കെ പ്രസിദ്ധീകരിക്കുന്നവർ മനസ്സിലാക്കണമെന്ന് മാത്രം ...!

അടിസ്ഥാന സൗകര്യങ്ങളായ ആഹാരവും , വസ്ത്രവും ,
പാർപ്പിടവും സ്ഥിരമായി കിട്ടിക്കഴിഞ്ഞാൽ , ഒരാൾക്ക്   സ്വന്തമായി
നല്ല - പണി , പണം , പെരുമ , പ്രശസ്‌തി  എന്നിങ്ങനെയുള്ള ആഗ്രഹ സഫലീകരണങ്ങൾക്ക് വേണ്ടി എന്നും പെടാപാട് നടത്തുവാനുള്ള ഒരു ത്വര കാരണം  , ഭൂമിയിൽ  മനുഷ്യർ ഉള്ളിടത്തോളം കാലം , ഇത്തരം കൊട്ടിഘോഷണ വിളംബരങ്ങൾ എന്നും , എവിടേയും ഉണ്ടായിക്കൊണ്ടിരിക്കും  എന്നത് തന്നെയാണ് വാസ്തവം ...

ഇതാ ഇത്തരത്തിലുള്ള ഒരു ഗൃഹിയുടേയും , ഗൃഹിണിയുടേയും ഗൃഹസ്ഥാശ്രമ കാലഘട്ടം നീന്തി കയറുന്ന വെറും ഒരു പൊങ്ങച്ച കഥയാണിത് ...
ഇന്നുള്ള വമ്പൻ മതങ്ങളെല്ലാം ഉടലെടുക്കുന്നതിന് മുമ്പ് , പല പല ജീവിത അറിവുകളും , വിജ്ഞാനങ്ങളും കൈവന്നപ്പോൾ മുതൽ അഖണ്ഡ ഭാരതീയരായ നമ്മുടെയൊക്കെ പൂർവ്വികർ , 'സനാതന ധർമ്മ ശാസ്ത്ര ' പ്രകാരം മനുഷ്യ ജീവിതങ്ങൾ , എങ്ങിനെയൊക്കെ നന്നായി തന്നെ അവരവരുടേതായ   ജീവിതത്തിൽ  പരിപാലിക്കണം എന്നതിന്  വേണ്ടി ചില ചിട്ടവട്ടങ്ങളുണ്ടാക്കിയതാണ് 'ചതുരാശ്രമം' എന്ന ജീവിത ചര്യകൾ ...!
നമ്മുടെ പുരാതനമായ ഷോഡശ സംസ്കാര ശാസ്ത്രങ്ങളിൽ പറയുന്ന  പ്രകാരം ഒരു മനുഷ്യന്റെ ജീവിതം 14 സപ്ത വർഷങ്ങളായി തിരിച്ച , നാല് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു എന്നാണു പറയപ്പെടുന്നത്
21 (7 x 3 ) വർഷമുള്ള ബ്രഹ്മചര്യം ,
28 (7 x 4 ) കൊല്ലം നീണ്ടുനിൽക്കുന്ന ഗൃഹസ്ഥാശ്രമം ,
21 (7 x 3 ) സംവത്സരമുള്ള വാനപ്രസ്ഥം , അവസാനത്തെ
28 (7 x 4 )  വർഷം , നിർവാണം പ്രാപിക്കുന്നതുവരെ സന്യാസം എന്നിങ്ങനെ ചേർന്നുള്ള നാല് ഘട്ടങ്ങൾ ചേർന്നതിനെയാണെത്രെ , ഒരു ഉത്തമ   മനുഷ്യ ജീവിതത്തിന്റെ നാല് ആശ്രമങ്ങൾ എന്ന്  പറയപ്പെടുന്നത് ...!

പിന്നെ ഹിന്ദു മതം ഉടലെടുത്ത ശേഷം എഴുതപ്പെട്ട ഇത്തരം ശാസ്ത്രീയ ഗ്രൻഥങ്ങളിൽ ഷഷ്ഠിപൂർത്തി വരെ , 'വാനപ്രസ്ഥ ഘട്ടം' 'സ്കിപ്പ് ' ചെയ്ത് , 'ഗൃഹസ്ഥാശ്രമ ഘട്ടം' നീട്ടി കൊണ്ടുപോയി - ഷഷ്ഠിപൂർത്തി  മുതൽ സപ്തതി വരെ വാനപ്രസ്ഥം സ്വീകരിച്ചാൽ  മതി എന്ന ഒരു 'ലൂപ്പ് ഹോൾ' കൂടി ആധുനിക ആശ്രമ പർവ്വങ്ങളിൽ  നടപ്പാക്കുന്നതായും  കാണുന്നുണ്ട് ...

ബ്രഹ്മചര്യം  അനുഷ്ടിച്ച് തന്നെയാണ് ഭൂരിഭാഗം ആളുകളും  വലുതായി  വരുന്നത്. മാതാപിതാഗുരുക്കന്മാരാൽ സംരംക്ഷിക്കപ്പെടുന്ന ബാല്യം , കൗമാരം , വിദ്യാ -തൊഴിൽ അഭ്യാസങ്ങൾ കരസ്ഥമാക്കുന്ന ചിട്ടയായ ചില ചര്യകൾ പിന്തുടരുന്ന ഒരു ജീവിത രീതിയാണ് ഇത്.
അവരവരുടെ  ശരീര മനോ ബലങ്ങൾ വർദ്ധിപ്പിക്കാനും , വിജ്ഞാനം വർദ്ധിപ്പിക്കാനും , കാമം,  ക്രോധം , ലോഭം, മതം , മാത്സര്യം എന്നിവയില്‍ നിന്നും മോചനം നേടാനും ബ്രഹ്മചര്യം വളരെ പവിത്രമായ ഒരു അനുഷ്ടാനം തന്നെയാണ് ...

ബ്രഹ്മചര്യ പൂർത്തീകരണത്തിന് ശേഷം പ്രായപൂർത്തിയും , പക്വതയും വന്ന ഒരു സ്ത്രീയും , പുരുഷനും ഒരുമിച്ച് ചേർന്ന് അനുഷ്ടിക്കുന്ന ദാമ്പത്യ ജീവിത രീതിയാണ് ഗൃഹസ്ഥാശ്രമം ...
പരസ്പര വിശ്വാസത്തിലും , സമാധാനത്തിലും അധിഷ്ഠിതമായ , കൂടുമ്പോൾ  ഇമ്പമുണ്ടാകുന്ന ഒരു കുടുംബജീവിതം - സുഖത്തിലും , ദു:ഖത്തിലും ഒത്തൊരുമിച്ച് പങ്ക് ചേർന്ന് നയിക്കുന്ന ഘട്ടമാണ് ഇത് ...
ഗൃഹസ്ഥാശ്രമം അനുഷ്ഠിക്കുന്ന പുതിയ ഗൃഹിയും , ഗൃഹിണിയും  കൂടി , അവരുടെ മാതാപിതാക്കളെ അവർ വാനപ്രസ്ഥത്തിലേക്കൊ , സന്യാസത്തിലേക്കൊ പോയില്ലെങ്കിൽ  ,അവരെ സംരംക്ഷിക്കേണ്ട ചുമതലയും ഉണ്ട്. ഒപ്പം തന്നെ  അശരണരായ മറ്റു സഹോദരി സഹോദരന്മാരെയും പോറ്റുകയൊ  , സഹായിക്കുകയൊ ചെയ്യണമെന്നും പറയുന്നു...

ഗാർഹസ്ഥ്യം അഥവാ ഗൃഹസ്ഥാശ്രമ ഘട്ടങ്ങളിലാണ്  രണ്ട് വ്യക്തികൾക്കൊരുമിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന അതി മനോഹരമായ പല മുഹൂർത്തങ്ങളും , അവരുടെ ഗാർഹിക ജീവിതത്തിൽ ഉണ്ടാകുന്നത് ...!

പ്രഥമ രാത്രിയുടെ നീറുന്ന അനുഭവം മുതൽ അനേകം നിർവൃതിയുണ്ടായ  രാവുകളുടെ ഓർമ്മകൾ , സ്വന്തമായി പുരയിടം മുതൽ രാപാർക്കുവാൻ സ്വഗൃഹം / വാഹനം , ഗർഭധാരണം , കടിഞ്ഞൂൽ സന്താനം , മുലയൂട്ടൽ  മുതലുള്ള മറ്റ് സന്താന ലബ്‌ദികൾ , വീട്ടിൽ അവർക്കോ മറ്റുള്ളവർക്കൊ  ജനിച്ച്  വളരുന്ന കുട്ടികളുടെ പാൽ പുഞ്ചിരി മുതൽ അവരുടെയൊക്കെ ബാല്യ - കൗമാര ലീലകൾ മുതൽ വിദ്യാഭ്യാസം തൊട്ട്  മക്കളുടെ മാംഗല്യം വരെയുള്ള കാഴ്ച്ചവട്ടങ്ങൾ ,
ഗൃഹത്തിലുള്ളവരെല്ലാം കൂടി ഒന്നിച്ചാഘോഷിക്കുന്ന അനേകം ഉത്സവ ലഹരികൾ , ചിലപ്പോൾ  ആയതിൽ ഉറ്റവരാണെങ്കിലും വേർപ്പെട്ട് പോകുമ്പോഴൊ , മാറാ രോഗങ്ങൾക്ക് അടിമപ്പെടുമ്പോഴൊ അനുഭവിക്കുന്ന വിങ്ങി പൊട്ടലുകൾ... അങ്ങിനെയങ്ങിനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭങ്ങളുടെ ഒരു കലവറ തന്നെയായിരിക്കും ഓരോ ഗൃഹസ്ഥാശ്രമിക്കും ചൊല്ലിയാടാനുണ്ടാകുക...അല്ലെ .

ഇത്തരം  പൗരാണികമായ ചതുരശ്രമത്തിലെ എല്ലാം ചിട്ടവട്ടങ്ങളും , ഇന്നുള്ള ആധുനികമായ അണുകുടുംബം നയിക്കുന്ന ഗൃഹസ്ഥാശ്രമികൾക്ക്  കഴിയിലെങ്കിലും , ഏതാണ്ടിതുപോലെയൊക്കെ തന്നെ ഗൃഹസ്ഥാശ്രമ ഘട്ടം സഫലീകരിച്ചു കൊണ്ടിരിക്കുകയാണ്  ഗൃഹിയും , ഗൃഹിണിയുമായ ഞാനും , എന്റെ പെർമനന്റ്  ഗെഡിച്ചിയും ഒന്നിച്ച് കൂടി ...!

28 കൊല്ലം മുമ്പ്  വെറും ഒരു പൂച്ച കുട്ടിയെ പോലെ എന്റെ ജീവിതത്തിലേക്ക് ഞാൻ തന്നെ പിടിച്ച്  കൊണ്ടുവന്നവൾ , പലപ്പോഴും ഒരു തനി പുലിച്ചിയായി എന്റെ മേൽ ചാടിവീഴുമ്പോഴൊക്കെ , ഞനൊരു സാക്ഷാൽ പുലിമുരുകൻ കണക്കെ കുന്തമെറിഞ്ഞ് ഈ പെൺ പുലിയെ വീഴ്ത്തുന്നത് കൊണ്ടവൾ - അന്നും , ഇന്നും ഇണക്കമുള്ള , ഒരു ഇണങ്ങിയ ഇണയായി എന്നോടൊപ്പം എന്തിനുമുണ്ട് ...,  അവളുടെ 'ടെറിട്ടറി' എന്നും കാത്ത് സൂക്ഷിച്ച കൊണ്ട് ...!
പണ്ടുള്ള  കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും , ഗൃഹനാഥൻ മാത്രം പുറത്തു ജോലി ചെയ്ത് വരുമാനം കൊണ്ട് വന്ന് കുടുംബം പുലർത്തുന്ന രീതിയിൽ  നിന്നുമൊക്കെ ഏറെ മാറി - ഗൃഹിണിയും കൂടി പുറത്ത് പണിയെടുത്ത്  വരുമാനമുണ്ടാക്കുന്ന , കൂട്ടുത്തരവാദിത്തത്തോടെ  ഗാർഹസ്ഥ്യമലങ്കരിക്കുന്ന ദമ്പതിന്മാർ ഉള്ള അണു കുടുംബ വ്യവസ്ഥയിലേക്ക്‌ കൂടുമാറ്റം നടത്തിയ ഇന്നത്തെ 'മോഡേൺ ലൈഫി'ൽ ഒട്ടുമിക്ക  കുടുംബങ്ങളിലും  , ഈ പ്രിയപ്പെട്ട ഇണകൾ തമ്മിൽ തമ്മിലുള്ള പല തരത്തിലുള്ള ‘ഇന്റിമേറ്റ്  വൈലൻസ് 'എന്ന ഭീകര പ്രവർത്തനങ്ങൾ ഉടലെടുക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത് ...


മാനസികമായും , ശാരീരികമായും , ലൈംഗികമായുമൊക്കെ കിടക്കപ്പായയിൽ നിന്നും തുടങ്ങുന്ന , ഇത്തരം ഭീകരത പ്രവർത്തനങ്ങൾ , ആ കുടുംബം ശിഥിലമാക്കുക മാത്രമല്ല ചെയ്യുന്നത് - പിന്നീടവർ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് രാഷ്ട്രീയ - മത - വർഗ്ഗീയ മേലങ്കികൾ എടുത്തണിഞ്ഞ് , പല പല ഭീകര വിളയാട്ടങ്ങൾക്കും തുടക്കം കുറിക്കുകയൊ  , അണിചേരുകയൊ  ചെയ്യുമെന്നാണ് -- ഏതാണ്ട് അര നൂറ്റാണ്ടായി ഈ ഇന്റിമേറ്റ് ടെററിസത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ  പറയുന്നത്.. !


അത് കൊണ്ട് ഒട്ടും പിരി മുറുക്കങ്ങളില്ലാത്ത ഒരു സന്തുഷ്ട്ട ജീവിതത്തിലേക്കുള്ള , ഒരു ഇരു കാൽ വെയ്പ്പുകൾ ഇന്നുള്ള ഒരു ഗൃഹസ്ഥാശ്രമികൾക്കും മുന്നോട്ട് വെക്കുവാൻ - പരസ്പരമുള്ള വിട്ട് വീഴ്ചകൾ കൂടിയെ മതിയാകു എന്നുള്ള സത്യം - ഈ കാലഘട്ടത്തിലെ എല്ലാ ദമ്പതികളും മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുത തന്നേയാണ് ..!
ഇത്തരം പലതരം 'അഡ്ജസ്റ്മെന്റു'കൾക്കും പല ദമ്പതിമാരും തയ്യാറാകാത്തത് കൊണ്ടാണ് , പണ്ടത്തെ അപേക്ഷിച്ച് ,  ദിനം പ്രതി അനേകം വിവാഹ മോചനകൾ ഇന്നൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് പോലും...
പണ്ടുള്ളവർ പറഞ്ഞുവെച്ചതാണെങ്കിലും ഗൃഹസ്ഥാശ്ര പർവ്വത്തിലുള്ള പല കാര്യങ്ങളും , സംഗതികളുമൊക്കെ വളരെ അനുനയത്തോടെ ഞങ്ങളുടെ ജീവിതത്തിൽ പരിപാലിക്കപ്പെടുന്നത് മൂലമാണ് , സായിപ്പിന്റെ നാട്ടിൽ വന്നുപ്പെട്ടിട്ടും , ഇവിടെ ചുറ്റുപാടും നടക്കുന്ന ഒട്ടും 'പെർമനന്റല്ലാത്ത' ഗൃഹസ്ഥാശ്രമ ചുറ്റി കളികൾ  കണ്ടിട്ടും , കേട്ടിട്ടുമൊക്കെ - ഒരു കുലുക്കവുമില്ലാതെ ഞങ്ങളിരുവരും കൂടി , ഈ കഴിഞ്ഞ 28 വർഷത്തെ ഗാർഹസ്ഥ്യ ആശ്രമത്തിൽ അടയും ശർക്കരയും പോലെ കഴിഞ്ഞിരുന്നത്  ...!
എന്ത് തന്നെയായാലും എന്തൊ കുരുത്തം കൊണ്ടൊ , മറ്റൊ എന്റെയും , എന്റെ പെർമനന്റ്  ഗെഡിച്ചിയുടെയും ഗൃഹസ്ഥാശ്രമ കാലഘട്ടം ,അതായത് മതാ പിതാ ബന്ധുമിത്രാതി ഗാർഹിക കർമ്മ സംരംക്ഷണങ്ങൾ , രതി ക്രീഡകൾ , സന്താനോൽപാദനം മുതൽ കന്യാദാനം വരെ പൂർത്തീകരിച്ച് നാല് സപ്തവർഷങ്ങൾ വലിയ കോട്ടങ്ങളൊന്നുമില്ലാതെ , അൽപ്പസൽപ്പം തട്ടും മുട്ടുമൊക്കെയായി , ചില്ലറ വെടിക്കെട്ടുകൾ നടത്തി , അനേകം വർണ്ണാമിട്ടുകൾ വിരിയിച്ച് കടന്ന്‌ പോയിരിക്കുകയാണിപ്പോൾ  ..!

എന്തെന്നാൽ ഇനി  അടുത്ത തലമുറക്ക്  ഗൃഹസ്ഥാശ്രമ പട്ടം കൈമാറി വാനപ്രസ്ഥത്തിലേക്ക് കാലുകൾ നീട്ടി ഇരുപ്പായി എന്നർത്ഥം . എന്തായാലും സന്യാസ ഘട്ടം   അനുഷ്ടിച്ച് ഇപ്പോഴുള്ള ജീവിതത്തിൽ നിന്നും നിർവാണം പ്രാപിക്കുവാൻ ഞങ്ങളുടെ ഇപ്പോഴുള്ള ശരീര സ്ഥിതികൾ അനുവദിക്കുമെന്ന് തോന്നുന്നില്ല...

അതുകൊണ്ട്  വാനപ്രസ്ഥ ഘട്ടം  പടി  വാതിലിൽ വന്ന് ശരിക്കും ഒന്ന് മുട്ടി വിളിച്ചാൽ , ആരോഗ്യ കരമായ ചുറുചുറുക്കുകൾ ഉണ്ടെങ്കിൽ പാരീസിലും , ബെർലിനിലും ,ദുബായിലും മറ്റ് എല്ലാ എമിറേറ്റുകളിലെല്ലാം കറങ്ങിയടിച്ച പോലെ  ,
വീണ്ടും നല്ലൊരു  താങ്ങും തണലുമായി എന്റെ ഗെഡിച്ചി
ഒരു ഊന്നുവടിയായി  കൂടെയുണ്ടെങ്കിൽ , അനേകം നാടുകൾ ഇനിയും ചുറ്റിയടിക്കണമെന്നുള്ള ഒരു ദുരാഗ്രഹ മോഹം ഇപ്പോൾ ഉള്ളിലൊളിപ്പിച്ച് - ഈ ഗാർഹസ്ഥ്യ   വാർഷികത്തിന് അവളുടെ അരയിൽ  ഒരു ചരട് കെട്ടി അരക്കിട്ട് ഉറപ്പിക്കുകയാണ് ...!

ഈ മാസം ജൂൺ 25 -ലെ ഞങ്ങളുടെ
28 ആം വാർഷികത്തിന്റെ , ഇരുപത്തെട്ടിന്റെ
ചരട് കെട്ട് ചടങ്ങിലേക്ക് എല്ലാ ബന്ധുമിത്രാധികളേയും ഹൃദയ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നു..

സസ്നേഹം ,

നിങ്ങളുടെ സ്വന്തം
ഗെഡിയും , ഗെഡിച്ചിയും .



ചില മുൻകാല ഗാർഹസ്ഥ്യ കുറിപ്പുകൾ  
ദേ ...തഴേയുള്ള ലിങ്ക് തലക്കെട്ടുകളിൽ ക്ലിക്കിയാൽ വായിക്കാം കേട്ടോ 










17 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ചുമ്മാ ഒരു വിവാഹ വാർഷിക കുറിപ്പ്...

പണ്ടുള്ളവർ പറഞ്ഞുവെച്ചതാണെങ്കിലും

ഗൃഹസ്ഥാശ്രപർവ്വത്തിലുള്ള പല കാര്യങ്ങളും ,

സംഗതികളുമൊക്കെ വളരെ അനുനയത്തോടെ

ഞങ്ങളുടെ ജീവിതത്തിൽ പരിപാലിക്കപ്പെടുന്നത് മൂലമാണ് ,

സായിപ്പിന്റെ നാട്ടിൽ വന്നുപ്പെട്ടിട്ടും , ഇവിടെ ചുറ്റുപാടും നടക്കുന്ന ഒട്ടും

'പെർമനന്റല്ലാത്ത' ഗൃഹസ്ഥാശ്രമ ചുറ്റി കളികൾ കണ്ടിട്ടും , കേട്ടിട്ടുമൊക്കെ

ഒരു കുലുക്കവുമില്ലാതെ ഞങ്ങളിരുവരും കൂടി , ഈ കഴിഞ്ഞ 28 വർഷത്തെ ഗാർഹസ്ഥ്യ

ആശ്രമത്തിൽ അടയും ശർക്കരയും പോലെ കഴിഞ്ഞിരുന്നത് ...!

എന്ത് തന്നെയായാലും എന്തൊ കുരുത്തം കൊണ്ടൊ , മറ്റൊ എന്റെയും , എന്റെ പെർമനന്റ്

ഗെഡിച്ചിയുടെയും ഗൃഹസ്ഥാശ്രമ കാലഘട്ടം ,അതായത് മതാ പിതാ ബന്ധുമിത്രാതി ഗാർഹിക കർമ്മ

സംരംക്ഷണങ്ങൾ , രതി ക്രീഡകൾ , സന്താനോൽപാദനം മുതൽ കന്യാദാനം വരെ പൂർത്തീകരിച്ച് നാല്

സപ്തവർഷങ്ങൾ വലിയ കോട്ടങ്ങളൊന്നുമില്ലാതെ , അൽപ്പസൽപ്പം തട്ടും മുട്ടുമൊക്കെയായി , ചില്ലറ

വെടിക്കെട്ടുകൾ നടത്തി , അനേകം വർണ്ണാമിട്ടുകൾ വിരിയിച്ച് കടന്ന്‌ പോയിരിക്കുകയാണിപ്പോൾ ..!

വിനുവേട്ടന്‍ said...

ആഹാ... ഇന്നലെയായിരുന്നോ‍ മുരളിഭായ്, വിവാഹവാര്‍ഷികം? എല്ലാ വിധ ആശംസകളും ഇരുവര്‍ക്കും... യാത്ര തുടരട്ടെ ഇനിയും വര്‍ഷങ്ങളോളം...

മിനിഞ്ഞാന്നായിരുന്നൂട്ടോ ഞങ്ങളുടെ വിവാഹവാര്‍ഷികം...

vettathan said...

അപ്പോൾ നാളെയാണ് വിവാഹവാർഷികം. എല്ലാ വിധ സന്തോഷ സൗഭാഗ്യങ്ങളും നേരുന്നു. യാത്രകൾ തുടങ്ങട്ടെ.ജീവിതം കൂടുതൽ ആനന്ദപ്രദമാകട്ടെ

സുധി അറയ്ക്കൽ said...

മുരളിച്ചേട്ടാാ.

ആശംസകളും അനുമോദനങ്ങളും.

നല്ല ഒഴുക്കുള്ള എഴുത്തായതുകൊണ്ട്‌ വായനകഴിഞ്ഞിട്ടും അറിഞ്ഞില്ല.എനിക്കിഷ്ടപ്പെട്ട വാചകം ഇതാ.

എന്റെയും , എന്റെ പെർമനന്റ് ഗെഡിച്ചിയുടെയും ഗൃഹസ്ഥാശ്രമ കാലഘട്ടം ,അതായത് മതാ പിതാ ബന്ധുമിത്രാതി ഗാർഹിക കർമ്മ സംരംക്ഷണങ്ങൾ , രതി ക്രീഡകൾ , സന്താനോൽപാദനം മുതൽ കന്യാദാനം വരെ പൂർത്തീകരിച്ച് നാല് സപ്തവർഷങ്ങൾ വലിയ കോട്ടങ്ങളൊന്നുമില്ലാതെ , അൽപ്പസൽപ്പം തട്ടും മുട്ടുമൊക്കെയായി , ചില്ലറ വെടിക്കെട്ടുകൾ നടത്തി , അനേകം വർണ്ണാമിട്ടുകൾ വിരിയിച്ച് കടന്ന്‌ പോയിരിക്കുകയാണിപ്പോൾ ..!

Philip Verghese 'Ariel' said...


എൻ്റെ മുരളീ ഭായ്
നാല് സപ്തവർഷങ്ങളുടെ കഥ രഗ്നച്ചുരുക്കമായി ഇവിടെ കുറിച്ചത് വളരെ രസകരമായി വായിച്ചു തീർത്തു.
പെട്ടന്നു തീർന്നു പോയതുപോലൊരു തോന്നൽ. എന്തായാലും തക്കതായ ഒരു തുണയെ (ഞങ്ങളുടെ ഭാഷയിൽ) അല്ലെങ്കിൽ വേണ്ട, ഗഡിച്ചിയെ ലഭിച്ചത് എത്ര ഭാഗ്യം അല്ലെ!

അന്യനാടിന്റെ സംസ്കാരം തൊട്ടു തീണ്ടാതെ ഭാരത സംസ്കാരം കാത്തു സൂക്ഷിച്ച ഈ ഗഡനും ഗെഡിച്ചിക്കും ഇനിയും ഇനിയും ഒത്തിരി ഒത്തിരി ഇരുപത്തെട്ടു കെട്ടുകൾ കെട്ടാൻ സർവേശ്വരൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ, ഭായിയുടെ സ്വന്തം ഭായ് ഏരിയൽ.

ഒരു ചെറിയ നിർദ്ദേശം:
ഇവിടെ ചിത്രങ്ങൾ വളരെ ചെറുതായി തോന്നുന്നു. മറിച്ചു ഫേസ് ബുക്കിൽ ചിത്രം കൊടുത്തതുപോലെ അതെ വലുപ്പത്തിൽ ചിത്രങ്ങളുടെ വലുപ്പം കൂട്ടി ഒപ്പം അവിടെ കുറിച്ച അടിക്കുറിപ്പുകൾ ചിത്രത്തിനു താഴെ കൊടുക്കുകയും ചെയ്താൽ പോസ്റ്റിനു കുറേക്കൂടി ഭംഗി കൂടും എന്നെനിക്കു തോന്നുന്നു. ഒരു ചെറിയ നിർദ്ദേശം മാത്രം.

ഇരുവർക്കും ഇന്ത്യയിൽ നിന്നും ഏരിയൽസിൻറെ വിവാഹ മംഗള ആശംസകൾ

ഈശ്വരൻ കാക്കട്ടെ!
അന്വേഷണം ഏവർക്കും അറിയിക്കുക.

അക്ഷരപകര്‍ച്ചകള്‍. said...

വളരെ ആസ്വാദ്യകരമായി ജീവിതമുഹൂർത്തങ്ങളെ വായനക്കാർക്കായി പങ്കുവെച്ച താങ്കൾക്കും, സർവ്വപിന്തുണകളോടെ ജീവിതയാത്രയിൽ ഈ നല്ല കുറിപ്പിൽ താങ്കളുടെ ഊന്നുവടിയെന്നു വിശേഷിപ്പിച്ചിരിക്കുന്ന സഹധർമ്മിണിക്കും നന്മകൾ നേരുന്നു. ഈശ്വരാനുഗ്രഹം എന്നുമുണ്ടാവട്ടെ.

ജിമ്മി ജോൺ said...

കമ്പിത്തിരി, പൂത്തിരി, വാണം, അമിട്ടുകളുമൊക്കെയായി വെടിക്കെട്ട് കെങ്കേമം തുടരട്ടെ..!!

സ്നേഹാശംസകളോടെ..

Punaluran(പുനലൂരാൻ) said...

ആശംസകൾ മുരളിഭായ്..ഇനിയും ഒരു നൂറുകൊല്ലം നിങ്ങൾ ഒന്നിച്ചു ജീവിയ്ക്കാൻ ജഗദീശ്വരൻ ഇടവരുത്തട്ടെ..ആശംസകൾ











© Mubi said...

സാധാരണയായി കേൾക്കാറുള്ളതാണ് ഇതൊന്നും എഴുതിയാ തീരില്ലാന്നൊക്കെ. അതിനൊരു അപവാദമാണ് ഈ പോസ്റ്റ്! ആശംസകൾ മുരളിയേട്ടാ..

Typist | എഴുത്തുകാരി said...

ഇനിയും ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ തുടരട്ടെ സന്തോഷകരമായ ഈ യാത്ര. ആശംസകള്‍!

ബൈജു മണിയങ്കാല said...

മുരളിഭായ് 28 വർഷം അനുഭവത്തിനപ്പുറം വിജ്ഞാനപ്രദവും ആക്കി ഈ പോസ്റ്റ്
ദാമ്പത്യം കൃത്യമായി പാലിച്ചാൽ ആത്മീയത തന്നെ എന്ന് തന്നെ മനസ്സിലാവുന്നു
ദാമ്പത്ത്യത്തിലും തികഞ്ഞ മാന്ത്രികൻ
സ്നേഹപൂർവ്വം രണ്ടാൾക്കും ആശംസകൾ

പ്രവീണ്‍ ശേഖര്‍ said...

വൈകിയ വേളയിലെങ്കിലും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ അറിയിക്കുന്നൂ മുരളിയേട്ടാ ..തമ്മിൽ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഏറെ പരിചയമുള്ള മുരളിയേട്ടന്റെ ജീവിത ഗാഥ ഇങ്ങിനെ ഘട്ടം ഘട്ടമായി വായിച്ചറിയാൻ സാധിച്ചതിൽ സന്തോഷം ..ഫോട്ടോകൾ കൂടെ ചേർത്തത് മനോഹരമായി ..ഫോട്ടോകൾക്ക് ജീവിതത്തിൽ വലിയ സ്ഥാനമുണ്ട് എന്ന് തോന്നാറുണ്ട് പലപ്പോഴും ..പഴയ ഫോട്ടോകൾ ഇടയ്ക്കിടെ മറച്ചു നോക്കുമ്പോൾ ആണ് നമ്മൾ എവിടെ നിന്ന് പുറപ്പെട്ട് എവിടെ വരെ എത്തി നിക്കുന്നു എന്നൊക്കെ സ്വയം ഒന്ന് ഓർക്കാൻ സാധിക്കാറുള്ളത് ..ആ നിമിഷങ്ങൾ ഒരു ചിത്രമായി വർഷങ്ങൾക്കിപ്പുറം കാണുമ്പോൾ ആണ് ജീവിതം ഒരു മായ കാഴ്ച ആയി തോന്നുന്നതും ..ഈ പോസ്റ്റ് വായിക്കുമ്പോൾ അങ്ങിനെ പലതും ഇടക്ക് ചിന്തിച്ചു പോയി ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി .വിവാഹ വാർഷികങ്ങൾ പെരുകും തോറും നമ്മുടെയൊക്കെ ജീവിതത്തിൽ ഗാര്ഹസ്ത്ത്യ ചിന്തകളും പെരുകികൊണ്ടിരിക്കുകയാണല്ലോ .ആയതിന്റെ ഗൃഹാതുരത്തങ്ങളാണിതൊക്കെ കേട്ടൊ


പ്രിയമുള്ള വെട്ടത്താണ് ജോർജ്ജ് സാർ,നന്ദി . എല്ലാ വിധ സന്തോഷ സൗഭാഗ്യങ്ങളും ,ദു:ഖങ്ങളും ആനയിച്ച തുടക്കം മുതൽ ഒടുക്കം വരെയുള്ള ഒട്ടുമിക്കവരുടെയും ഇത്തരം ഗാർഹസ്ഥ്യ വാർഷിക യാത്രകൾക്ക് മാത്രം ലോകത്തിൽ ഒരു പഞ്ഞവുമുണ്ടാകില്ലല്ലോ അല്ലെ .


പ്രിയപ്പെട്ട സുധി ഭായ് ,നന്ദി.ഇതെല്ലാം എല്ലാ വീടുകളിലും സംഭവിച്ച കൊണ്ടിരിക്കുന്ന സംഗതികൾ തന്നെയാണ് ...ആദ്യം കുടുംത്തിൽ നിന്നും തുടങ്ങണം നല്ലതുകൾ ...പിന്നീടാണ് സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലേണ്ടത് ...,ആയതിനുള്ള ഒരു പാഴ്‌ശ്രമമാണിതിക്കോ കേട്ടോ ഭായ് .


പ്രിയമുള്ള ഫിലിപ്സ് ഏരിയൽ ഭായ് ,നന്ദി .സ്വന്തം ഇണയായി വരുന്ന ആൾ ,മറ്റേ ഇത്താക്ക് എല്ലാവിധത്തിലും തുണയായിരുന്നാൽ ഏതൊരാളുടേയു കീവിതം ആമോദത്തിലാകും എന്നാണു പറയുന്നത് .അങ്ങനെയുള്ളവരുടെ ജീവിത യാത്രയിൽ ഒരേ ഇണയും തുണയുമായി പല സപ്തവർഷങ്ങളും അവർക്കൊക്കെ താണ്ടുവാൻ സാധിക്കും കേട്ടോ ഭായ് .

പ്രിയപ്പെട്ട അക്ഷര പകർച്ചകൾ ,നന്ദി.പരസ്പരം ഊന്നുവടിയായി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും താങ്ങായാൽ ഓരോരുത്തരുടെയും എല്ലാ ജീവിത മുഹൂർത്തങ്ങളും മധുരസുന്ദരമാക്കുവാൻ പറ്റും കേട്ടോ ഗെഡിച്ചി .


പ്രിയമുള്ള ജിമ്മി ഭായ് ,നന്ദി .ജീവിതം മുഴുവൻ തനി ഒരു വെടിക്കെട്ട് പോലെ കെങ്കേമമായി ആഘോഷിച്ച കൊണ്ടാടുന്നവനെ സംബന്ധിച്ച് ഇത്തരം ചിന്ന ചിന്ന കരിമരുന്നു പ്രയോഗങ്ങൾ എന്തുട്ടാണ് അല്ലെ ഭായ്.


പ്രിയപ്പെട്ട പുനലൂരാൻ സാംസൺ ഭായ്, നന്ദി.ഞങ്ങളുടയോക്കെ ഇപ്പോഴുള്ള ജീവിത രീതി വെച്ച് ഒരു ഹാഫ് സെഞ്ചുറി പോലും തികക്കുവാൻ പറ്റില്ലെങ്കിലും ,ഈ ആശസകൾക്കൊത്തിരി സന്തോഷം കേട്ടോ ഭായ് .


പ്രിയമുള്ള മുബി ,നന്ദി.നമ്മുടെയൊക്കെ ഗാർഹിക ജീവിതത്തിലെ ശുഷ്കമായ കാര്യങ്ങൾ പോലും എഴുതുവാൻ സാധിക്കന്നതിനാലാണല്ലോ ,നമ്മുടെ ചുറ്റുപാടുമുള്ള വളരെയധികം സംഗതികൾ നമുക്ക് എഴുതിയിടുവാൻ സാധിക്കുന്നത് അല്ലെ

കുഞ്ഞൂസ് (Kunjuss) said...

ജീവിതാശ്രമത്തിലെ വെടിക്കെട്ടും വർണ്ണപ്പകിട്ടും സങ്കടങ്ങളും വേദനകളും വായിച്ചു തീർന്നറിഞ്ഞില്ല. ഊന്നുവടിയായ ഇണയ്ക്കും മുരളിഭായിക്കും എന്റെയും സ്നേഹാശംസകൾ ... !

Areekkodan | അരീക്കോടന്‍ said...

28ഉം പിന്നിട്ട് തുടരട്ടെ ഇനിയും കൊല്ലങ്ങളോളം.

Cv Thankappan said...

fbയുടെയും ഗ്രൂപ്പുകളുടെയും ബാഹുല്യംമൂലംബ്ലോഗിലേക്ക് കുറച്ചുനാളായി എത്തിനോക്കാന്‍ കഴിഞ്ഞില്ല.കുറ്റബോധം തോന്നുന്നു.
എന്‍റെ എല്ലാവിധ ആശംസകളും..

Sayuj said...

നമ്മുടെ പുരാതനമായ ഷോഡശ സംസ്കാര ശാസ്ത്രങ്ങളിൽ പറയുന്ന പ്രകാരം ഒരു മനുഷ്യന്റെ ജീവിതം 14 സപ്ത വർഷങ്ങളായി തിരിച്ച , നാല് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു എന്നാണു പറയപ്പെടുന്നത്
21 (7 x 3 ) വർഷമുള്ള ബ്രഹ്മചര്യം ,
28 (7 x 4 ) കൊല്ലം നീണ്ടുനിൽക്കുന്ന ഗൃഹസ്ഥാശ്രമം ,
21 (7 x 3 ) സംവത്സരമുള്ള വാനപ്രസ്ഥം , അവസാനത്തെ
28 (7 x 4 ) വർഷം , നിർവാണം പ്രാപിക്കുന്നതുവരെ സന്യാസം എന്നിങ്ങനെ ചേർന്നുള്ള നാല് ഘട്ടങ്ങൾ ചേർന്നതിനെയാണെത്രെ , ഒരു ഉത്തമ മനുഷ്യ ജീവിതത്തിന്റെ നാല് ആശ്രമങ്ങൾ എന്ന് പറയപ്പെടുന്നത് ...!

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...