Saturday, 30 April 2016

ഉത്സവ ലഹരികൾ .... ! / Ulsava Laharikal ... !

അലയാഴികളിലെ തിരമാലകളെ
പോലെ ഓളം തള്ളിയും തിരയടിച്ചും
അമ്പത് കൊല്ലം ജീവിതത്തിൽ നിന്ന് ഇത്രവേഗം കൊഴിഞ്ഞ് പോയല്ലൊ എന്ന നഷ്ട്ടബോധമൊന്നും , ആ പിന്നിട്ട വഴികളിലേക്ക്  തിരിഞ്ഞ് നോക്കുമ്പോൾ  എന്നെയൊന്നും ഒട്ടും അലട്ടാറില്ല ...

പലപ്പോഴും ബന്ധു മിത്രാധികൾക്കൊപ്പം ആർമാദിച്ചാടിയ സന്തോഷങ്ങളാണ് , പല ദു:ഖങ്ങളേക്കാളും , സന്താപങ്ങളേക്കാളും എന്നെ സംബന്ധിച്ചിടത്തോളം ; എന്നും മധുര സ്മരണകളിൽ മുന്നിട്ട് നിൽക്കാറുള്ളത് ...

ഇത്തരത്തിലുള്ള പിന്നിട്ടുപോയ  മധുരമൂറുന്ന പല  സ്മരണകളും വീണ്ടും അയവിറക്കുവാൻ വേണ്ടിയാണ് ഞാൻ ഇത്തവണ , ഒരു ഒറ്റയാൾ പട്ടാളമായി നാട് താണ്ടാൻ പോയത് ...
അതോടൊപ്പം സ്വന്തം ജീവിത രീതികളാ‍ൽ സ്വയം കേടുവരുത്തിയ ചില ശാരീരിക ആന്തരിക അവയവങ്ങളുടെ അറ്റകുറ്റ പണികൾ  നാട്ടിൽ വെച്ച് നടത്തുവാനൊ , പ്രതിവിധിക്കൊ  വല്ല മാർഗ്ഗവും ഉണ്ടോ‍ എന്നന്വേഷിക്കുകയും വേണമായിരുന്നു... !

ഇതിനെല്ലാത്തിനേക്കാളും  ഉപരി ; ജോലി , കുടുംബം മുതലായ ബന്ധനങ്ങളിൽ നിന്നും തൽക്കാലം ഒരു മോചനം നേടി നാട്ടിലെ പണ്ടത്തെ കൂട്ടുകാർക്കും , കൂട്ടുകാരികൾക്കുമൊപ്പം ഒത്ത് കൂടി വീണ്ടും ചില കളി വിളയാട്ടങ്ങൾ നടത്തണമെന്നുള്ള ഒരു കലശലായ മോഹവും ഉണ്ടായിരുന്നു ... !

"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും 
ബന്ധനം ബന്ധനം തന്നെ പാരില്‍ " 
എന്നാണല്ലോ പറയുക അല്ലേ ...

അങ്ങിനെ നാലാഴ്ച്ചക്കാലം നാട്ടിൽ ചിലവഴിച്ച , അടിച്ചു പൊളിച്ചടക്കിയുള്ള ഒരു പരോൾ കാലം കഴിഞ്ഞ് വീണ്ടും ലണ്ടനിലെ വീട്ട് തടവറയിൽ എത്തിയപ്പോൾ , ഏതാണ്ട് ഒരു മാസത്തോളം പിന്നിട്ട  കിടിലനായ ഒരു  ‘ഡിജിറ്റൽ ഡൈറ്റ് ‘ കാരണം ,
വല്ലാതെ ശോഷിച്ചു പോയ എന്റെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ  ഒരു ആർത്തി പണ്ടാരത്തെ പോലെ ഓടിനടന്ന് വല്ലാതെ വിവശനായിരിക്കുമ്പോഴാണ് , ആ നാട്ടു കാഴ്ച്ചകളെ കുറിച്ച് എന്തെങ്കിലും കുറിച്ചിടാമെന്ന് കരുതി ഈ ബിലാത്തി പട്ടണത്തിന്റെ ഉമ്മറത്ത് ഇപ്പോൾ വന്നത് ...

വിദേശ  വാസത്തിൽ നീണ്ടകാലം ജീവിതം തള്ളി നിൽക്കുന്ന ഒരാളെ സംബന്ധിച്ച്  സ്വന്തം ജന്മനാട്ടിൽ ആർമാദിച്ചാടിയിട്ടുള്ള  പണ്ട്  ബാല്യകാലത്തും , ചോര തിളപ്പാർന്ന അന്നത്തെ യൌവ്വന കാലത്തുമൊക്കെ ഉണ്ടായിരുന്ന മിത്രങ്ങളും -  അവരോടൊന്നിച്ച് കഴിച്ച് കൂട്ടിയ , ആ നല്ല നാളുകളും ജീവിതത്തിൽ നിന്നും ഒരിക്കലും മായ്ച്ചുകളയാത്ത സ്മരണകൾ തന്നെയാണ് ...!

വർഷങ്ങൾക്ക് ശേഷം ആയവയിൽ ചിലതൊക്കെ അന്നുണ്ടായിരുന്ന ആ മിത്ര കൂട്ടായ്മയുമായി വീണ്ടും കൊണ്ടാടുമ്പോഴുള്ള ചില കൊച്ചുകൊച്ച് മധുര സ്മരണകളുടെ കൂമ്പാരമായിരുന്നു ഈ അവുധിക്കാലം എനിക്ക് സമ്മാനിച്ചത് ...
പരസ്പരം സ്നേഹിച്ചും കലഹിച്ചും ഓരോരുത്തരുടെയും സന്തോഷങ്ങളും , ദു:ഖങ്ങളും ഒരുമിച്ച് പങ്കുവെച്ച് , ബന്ധുക്കളോടൊന്നും ചൊല്ലിയാടാത്ത പല രഹസ്യങ്ങളുടേയും കെട്ടുകളഴിച്ച് , പ്രണയങ്ങൾക്ക് കാവലിരുന്നും , കൂട്ടുപോയും നാട്ടിലും പരിസരങ്ങളിലുമുള്ള എന്ത് കുണ്ടാമണ്ടികളിലും ചെന്ന് തലയിട്ട് എന്തിനും , ഏതിനും പോന്ന ഒരു കൂട്ട്കെട്ട് തന്നെയായിരുന്നു അന്ന് ഞങ്ങൾക്കുണ്ടായിരുന്നത്...
ആയതിന്റെയൊക്കെ പഴങ്കഥകൾ അയവിറക്കിയുള്ള ഒത്ത് ചേരലുകളുടെ ആഹ്ലാദങ്ങളാണ് ഞങ്ങൾ വീണ്ടും പങ്കിട്ടെടുത്തത്...

കൂടാതെ അഞ്ചെട്ട് കൊല്ലമായി എന്നുമെന്നോണം എന്റെ  സൗഹൃദ  വലയത്തിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന നാട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക ഓൺ-ലൈൻ മിത്രങ്ങളുമായിട്ട് ചില കണ്ടുമുട്ടലുകളും , അല്പസൽപ്പം സൊറ പറച്ചിലുകളും നടത്തുവാൻ പറ്റി എന്നുള്ള  സന്തോഷം കൂടി ഒരു ഇരട്ടി മധുരം പോലെ ഇത്തവണത്തെ നാട്ടിൽ പോക്കിൽ എടുത്ത് പറയാവുന്ന സംഗതികൾ തന്നെയായിരുന്നു ...
 നാട്ടിലെത്തിയതിന്റെ പിറ്റേന്ന് പ്രഥമമായി നെന്മാറ വല്ലങ്കി വേല കാണുവാനാണ് ആദ്യകാലത്തുള്ള ഒരു വനിതാ ബ്ലോഗ്ഗറടക്കം ഞങ്ങളഞ്ച് പേർ പാലക്കാടൻ കൊടുംചൂടിലേക്ക് വണ്ടി വിട്ടത് . വല്ലങ്കിക്കാരുടെ വെടിക്കെട്ടിന്റെ കൊട്ടിക്കലാശത്തിനിടയിൽ ഒരു ഗുണ്ട് മുകളിൽ പോകാതെ താഴെ ഞങ്ങളുടെ മുമ്പിൽ വന്ന് ചേറിൽ വീണ് പൊട്ടി അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടത് എന്തോ കുരുത്തം കൊണ്ടാണെന്ന് തോന്നുന്നു ...

അതിന് ശേഷം സ്വന്തം ഇടവകയിലെ വട്ടപ്പൊന്നി വിഷു വേലയും അതോടോപ്പമുള്ള നാടൻ കലാരൂപങ്ങളുടെ ആട്ടവും പാട്ടും ജയരാജ് വാര്യരും , ശില്പി രാജനുമടക്കം നാട്ടിലെ അനേകം പഴയ കൂട്ടുകാർക്കൊപ്പം രണ്ട് ദിവസമാണ് ആർമാദിച്ച് കൊണ്ടാടിയത് ...

അതേ പോലെ തന്നെയായിരുന്നു നെടുപുഴ ഹെർബട്ട് നഗർ പൂരവും , കാവടിയാട്ടവും കണ്ടാസ്വദിച്ചത് ...
പിന്നെ കൊടുങ്ങല്ലൂർ ഭരണിക്ക് പോയത് നാൽവർ സംഘമായ പഴയ ബൂലോകരുടെ കൂടെയാണ്. ന്യൂ-ജെനറേഷൻ ടീംസിന്റെ കുമ്മിയടിച്ചുള്ള ഭരണിപ്പാട്ടുകളുടെ ആവിഷ്കാരമാണ് അവിടെ ഇപ്പോൾ ഒരു പ്രത്യേകതയായി കണ്ടത് . ജനങ്ങൾക്കൊക്കെ പണ്ടുള്ളതിനേക്കാൾ ഭക്തിയും വിഭക്തിയും ഇത്തിരി കൂടി പോയൊ എന്നാണ് അവിടത്തെയൊക്കെ കാട്ടിക്കൂട്ടലുകൾ കണ്ടപ്പോൾ ശരിക്കും തോന്നി പോയത് ...

കൊല്ലത്തുണ്ടായ നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം മാധ്യമങ്ങൾക്ക് ചാകരയായപ്പോഴൊക്കെ ഞാൻ ചികിത്സാ വിധികളുടെ തീർപ്പിൽ പെട്ട് കിടക്കുകയായിരുന്നൂ ... !

ആയതിന്റെയൊക്കെ തുടർ നടപടികൾ ഇവിടെ ലണ്ടനിൽ വന്നിട്ടാകാമെന്ന് പിന്നീട് തീരുമാനിക്കുകയും ചെയ്തു ... !

ഇതിന്റെയൊക്കെ പിന്നാലെ സാമ്പിൾ വെടിക്കെട്ട്  മുതൽ നാല് ദിവസം മുഴുവൻ സാക്ഷാൽ തൃശ്ശൂർ  പൂ‍രത്തിന്റെ ലഹരികളിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയായിരുന്നു . ഏതാണ്ട് കാൽ നൂറ്റാണ്ട് മുമ്പ് വരെ ഞങ്ങളൊക്കെ ചുക്കാൻ പിടിച്ച് നടത്തിയിരുന്ന പൂരാഘോഷങ്ങളുടെയൊക്കെ പ്രൌഡി അതുക്കും മേലെയായി പുത്തൻ തലമുറ ഏറ്റെടുത്ത് അതി ഗംഭീരമായി നടത്തുന്നത് കണ്ടപ്പോൾ തീർത്തും അഭിമാനം തോന്നി ... (ദാ...2016 ലെ ഒരു പൂരം ഹൈലൈറ്റ്സ് )


ഒപ്പം തന്നെ പാവറട്ടി പള്ളിപ്പെരുന്നാളും , നാടൻ കലാമേളകളുമൊക്കെ - പണ്ടുള്ള പല ഉത്തമ മിത്രങ്ങളുമായി ഒത്തൊരുമിച്ച് വീണ്ടും നേരിട്ട്  പോയി കണ്ടും കേട്ടും ആസ്വദിച്ചപ്പോഴുള്ള ആ നിർവൃതി  ഒന്ന് വേറെ തന്നെയായിരുന്നു ...
 പിന്നെ ഇന്ന് രൂപ ഭാവങ്ങൾ മാറിപ്പോയ  , പണ്ടത്തെ എസ്. എസ്.എൽ.സി ബാച്ചുകാർ ഞങ്ങളെല്ലാവരും ഒത്ത് കൂടി ഒരു ദിവസം മുഴുവൻ് ആ പഴങ്കഥകൾ പറഞ്ഞ് രസിച്ചത് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ...!

ചെണ്ടപ്പുറത്ത് കോലുവെക്കുന്ന ഇന്ന് നാട്ടിലുള്ള ഉത്സവ പറമ്പുകളിലെ വാണിഭമടക്കം , നാട്ടിലെ തൊഴിൽ മേഖലകൾ മുഴുവൻ കൈയ്യേറിയ അന്യ ദേശക്കാർക്കൊപ്പം ഇഴചേർന്ന് , ഗ്രാമീണ സൌന്ദര്യങ്ങൾ വല്ലാതെ ശുഷ്കിച്ച് പോയ നമ്മുടെ നാട്ടിലെ കൊച്ച് കൊച്ച് പട്ടണത്തിന്റെ കുപ്പായമണിഞ്ഞ ഗ്രാമങ്ങൾ താണ്ടി , മോഡേൺ കള്ള്ഷാപ്പുകളിൽ  കയറിയിറങ്ങി  , നാടൻ വിഭവങ്ങളുടെ രുചിയറിഞ്ഞ് , പഴയ കാലത്തെ പോലെ വീറും വാശിയും ആളോളുമൊന്നുമില്ലാത്ത ഇക്കൊല്ലത്തെ തിരെഞ്ഞെടുപ്പ് ജ്വരങ്ങളുടെ ചൂടും ചൂരും തൊട്ടറിഞ്ഞുള്ള അനേകം സഞ്ചാരങ്ങൾ തന്നെയായിരുന്നു എന്റെ ഇത്തവണയുണ്ടായ നാട്ടിലെ ഓരൊ  യാത്രകളും ...

യു.കെയിൽ മെയ് മാസം നടക്കാൻ പോകുന്ന കൌൺസിൽ തിരെഞ്ഞെടുപ്പുകളിലേക്ക് ജാതി -മത -ദേശീയ- വംശീയതകളൊന്നും നോക്കാതെ പൊതുജനത്തിന് സ്വീകാര്യരാ‍യ സ്ഥാനാർത്ഥികളെ അഭിപ്രായ വോട്ടെടുപ്പുകൾക്ക് ശേഷം നിർണ്ണയിച്ചാണ് പാർട്ടികൾ മത്സരിപ്പിക്കുന്നത് . രണ്ടോ , മാക്സിമം മൂന്ന് ടേമിൽ കൂ‍ടുതൽ ഒരു പാർട്ടിയും - ഒരു കാൻഡിഡേറ്റിനും ചാൻസ് കൊടുക്കുന്നില്ല ...!
ഇതെല്ലാം കണ്ട് നാട്ടിൽ അധികാര കസേരകൾ പിടിവിടാതെ , ജീവിതാന്ത്യം വരെ മത്സരിച്ച് - ജാതി മത പ്രീണനങ്ങളിൽ കൂപ്പ് കൂത്തിയുള്ള പാർട്ടിക്കാരെയും , സ്ഥാനാർത്ഥികളെയുമൊക്കെ കാണുമ്പോൾ എന്തോ‍ ഒരു തരം പുഛം തോന്നുന്നു ...!

ഹും.. അതൊക്കെ പോ‍ട്ടെ
ഈ എഴുതിവന്നത് തൽക്കാലം അവസാനിപ്പിക്കാം ...
ലണ്ടനിലെ നാല് ഡിഗ്രി കാലാവസ്ഥയിൽ നിന്നും ഇപ്പോൾ നാട്ടിലുള്ള നാല്പത് ഡിഗ്രി ചൂടിലേക്ക് ഇറങ്ങി ചെന്നപ്പോൾ ശരീരത്തിൽ അടഞ്ഞ് കിടന്നിരുന്ന ശ്വേഥ ഗ്രന്ഥികളെല്ലാം തുറന്ന് അനേകം വിയർപ്പ് കണങ്ങൾ ഒഴുകി പോയി ...

പാഞ്ചാരി മേളത്തിന്റെ ശീലിമയും , ഇലഞ്ഞിത്തറ മേളത്തിന്റെ രൌദ്രവും , പഞ്ചവാദ്യത്തിന്റെ താളങ്ങളും മനസ്സിലേക്ക് ആവാഹിച്ച് , വെടിക്കെട്ടുകളുടെ കൂട്ടപ്പൊരിച്ചിലുകളുടെ ഗാംഭീര്യത്തിൽ സകലമാന ആകുലതകളും അലിയിച്ച് കളഞ്ഞ് എല്ലാ ആഘോഷ ലഹരികളുമായി ശരിക്കും മനം നിറഞ്ഞ കുറെ ഉത്സവ ലഹരികളുടെ ദിനങ്ങളുടെ ശേഷിപ്പുകൾ വാരി നിറച്ചുള്ള ഒരു  വലിയ ഭാണ്ഡം മുറുക്കി വളരെ ശുഭമായ ഒരു തിരിച്ച് യാത്രയോടെ എന്റെ സുന്ദരമായ ഒരു പരോൾ കാലം എത്ര പെട്ടെന്നാണ് തീർന്ന്പോയത് ... !

എന്റെ ഓർമ്മയുടെ മണിവർണ്ണച്ചെപ്പിൽ
കാത്ത്  സൂക്ഷിച്ച്  വെക്കുവാൻ ഇത് തന്നെ ധാരാളം ...
അല്ലെ  കൂട്ടരേ ...

26 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നാലാഴ്ച്ച നാ‍ട്ടിൽ ചിലവഴിച്ച ആ

നല്ല നാളുകളെ കുറിച്ച് നാല് വാചകം എഴുതിയിടാന്നാണ്

എന്റെ ആ അവുധിക്കാലത്തുള്ള ‘ഡിജിറ്റൽ ഡൈറ്റി‘ന് ശേഷം

ഇവിടെയെത്തിയതിന്റെ പിറ്റേന്ന് ഇതെഴുതിയിട്ടത്....മൊബൈയിൽ അപ്

ലോഡുകളുടെ അതിപ്രസരം കാരണമാണെന്ന് തോന്നുന്നു ..അന്നിത് പ്രസിദ്ധമായില്ല...

ആയതിൽ ഖേദം പറഞ്ഞുകൊള്ളട്ടേ...



ഇപ്പോളിതാ യു.കെ കൌൺസിലുകളുടേയും ,‘സ്കോട്ട്ലാന്റ്‘,

‘വെയിത്സ്‘ മുതൽ സ്ഥലങ്ങളിലേയും ജനറൽ ഇലക്ഷൻ കഴിഞ്ഞ്

റിസൽട്ടടക്കം വന്നു...!

പ്രവചിച്ച പോലെ തന്നെ ലേബർ പാർട്ടിക്ക്

വലിയ നേട്ടമൊന്നും കൊയ്യാറായില്ല. എന്നിരുന്നാലും

പക്ഷേ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥികളായ ഏഷ്യൻ

വംശജനായ ‘സാദിഖ് ഖാൻ‘ ' ലണ്ടൻ‘ മേയറും , ആഫ്രിക്കൻ വംശജനായ

‘മെർവിൻ റീക്ക് ‘, ‘ബ്രിസ്റ്റോൾ‘ മേയറുമായി ‘ഡയറക്റ്റാ‘യി തിരെഞ്ഞെടുക്കപ്പെട്ടു....!

ചരിത്രത്തിലാദ്യമായി വെള്ളക്കാരുടെ പ്രധാന പട്ടണങ്ങളിൽ കറുത്ത വർഗ്ഗക്കാർ ഭരണത്തിലേറി...

ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതലുള്ള വിദേശ വംശീയരായ ഇന്ത്യക്കാരൊക്കെ കൂടി പാക്കിസ്ഥാനി വംശീയനേയും ,

കരീബിയൻ വംശീയനേയും ഭരണത്തിലേറ്റി എന്നാണിവരുടെ ഭാഷ്യം..

keraladasanunni said...

വേല, പൂരങ്ങള്‍ ഒരു പ്രായത്തില്‍ ഒഴിവാക്കാനാവാത്തവയായിരുന്നു. ഇന്ന് അതൊക്കെ ഓര്‍ത്ത് വീട്ടിലിരിക്കുമ്പോഴും മുമ്പ് ആസ്വദിച്ച രംഗങ്ങള്‍ മനസ്സില്‍ ഓടിയെത്താറുണ്ട്. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ രംഗങ്ങള്‍ ഒന്നുകൂടി മനസ്സിലൂടെ കടന്നുപോയി. വളരെ നന്ദി, ആ സന്തോഷത്തിലേക്ക് എത്തിച്ചതിന്ന്. ( 68 വയസ്സും ഒത്തിരി ആരോഗ്യപ്രശ്നങ്ങളും കാരണം ഇപ്പോള്‍ എങ്ങോട്ടും ചെല്ലാറില്ല).

ശിഹാബ് മദാരി said...

കഴിഞ്ഞു പോയ നല്ല കാലങ്ങളെ കുറിച്ച് നല്ലോർമ്മകൾ തന്നെ ഒരു ലഹരിയാണ്. നിങ്ങൾ ഇപ്പോഴും എന്നെ അതിശയിപ്പിച്ച ഒരാളാണ്. പരിചയമില്ലാത്ത ഓരോ ബ്ലോഗ്ഗിലും പോയി വായിച്ചു അഭിപ്രായം കുറിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് തന്നെ നിങ്ങളിൽ ഊർജ്ജ്സ്സ്വലാനയി ഇരിക്കുന്ന ഒരു ബിലാത്തിക്കാരനെ കാണിച്ചു തരുന്നുണ്ട്. സന്തോഷം
വീണ്ടും എല്ലാവരെയും കാണാൻ കഴിയുക / ഉലസവങ്ങളിൽ തിമർക്കുക / സന്തോഷിക്കുക ചെറിയ കാര്യങ്ങളല്ല.
വായിച്ചപ്പോൾ ഒരു പ്രവാസി എന്നാ നിലക്ക് നഷ്ടബോധം തോന്നി . ഗോ ഓൺ ബിലാത്തിക്കാരൻ ചേട്ടാ (Y )

കൊച്ചു ഗോവിന്ദൻ said...

മുരളിയേട്ടൻ അവധിക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഇങ്ങനെ ഒരു പോസ്റ്റ്‌ പ്രതീക്ഷിച്ചതാണ്. പക്ഷേ, ഒന്നൊഴിയാതെ എല്ലാ വേല-പൂര-സമാഗമ-ചികിത്സാ-എലക്ഷൻ മാമാങ്കങ്ങളും കൊണ്ടാടി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. പഴയ 'നഷ്ടോൾജിയ'കളിൽ അഭിരമിച്ച് വെറുതെ ഡയലോഗ് അടിക്കുന്ന പോലെ എളുപ്പമല്ലല്ലോ ഇങ്ങനെ ഉത്സാഹത്തോടെ കറങ്ങി നടക്കാൻ. ആ ഊർജത്തിനും മനസിനും നല്ല നമസ്കാരം!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ ഇവിടെ നാട്ടിലൊക്കെ ഒന്നു കറങ്ങിയടിച്ച് ആഘോഷിച്ചു അല്ലെ
നന്നായി :)

ഫൈസല്‍ ബാബു said...

ഈ തവണയും എനിക്ക് കാണാന്‍ പറ്റിയില്ല ല്ലോ മുരളിയേട്ടാ ..അടുത്ത തവണ ഒരല്‍പം നീട്ടി പിടിച്ചു ജൂണ്‍ ജൂലൈ മാസത്തിലാക്കണമെന്നു ഒരു അപേക്ഷ തന്നാല്‍ പരിഗണിക്കാമോ :)

Shahid Ibrahim said...

ചുരുക്കി പറഞ്ഞാൽ ആർമാധിച്ചു തീർന്ന ഒരു അവധിക്കാല സ്മരണകൾ

ENTE KUTHTHTIKKURIPPUKAL said...

നമസ്കാരം ചേട്ടായി.....നന്നായിരിക്കുന്നു... കൂട്ടത്തില്‍ കൂടനമെന്നുണ്ടായിരുന്നു....ദൂരയത്രയും ദീര്‍ഖ നേരം നില്‍പ്പും കുറച്ചു ബുദ്ധിമുട്ടായതിനാല്‍ ആണ് പൂരം കൂടാന്‍ വരാതിരുന്നത്, പക്ഷെ ഇപ്പോള്‍ പൂരവും വിഷു വേലയുമെക്കെ കണ്ടതുപോലെയുണ്ടേ.... നന്ദി.....

വിനുവേട്ടന്‍ said...

അപ്പോൾ ശരിക്കും പൊളിച്ചു... ഫോട്ടോകൾ എല്ലാം കണ്ടു... സന്തോഷായി...

നാൽപ്പത് ഡിഗ്രിയുടെ സുഖത്തിൽ നിന്നും നാലു ഡിഗ്രിയുടെ കഷ്ടപ്പാടിലേക്കെത്തിയപ്പോൾ ഉള്ള വിഷമം മനസ്സിലാവുന്നു മുരളിഭായ്... :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട പാലക്കാട്ടേട്ടൻ, നന്ദി. വേലയും, പൂരവും. ആനയും ,മേളവുമൊക്കെ എന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ്. ഇനി ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് ആ പഴയ കാലങ്ങളിലെ ഉത്സവ തിമർപ്പുകൾ വീണ്ടും ഒന്ന് ആഘോഷിച്ചു എന്ന് മാത്രം..

പ്രിയമുള്ള ശിഹാബ് ഭായ്, നന്ദി. കഴിഞ്ഞു പോയ നല്ല കാലങ്ങളെ കുറിച്ച് നല്ലോർമ്മകൾ ത്ന്നേയാണു ഏറ്റവും ഉത്തമമായ ലഹരി.അപ്പോൾ ഈ ലഹരിയോടെ വീണ്ടും എല്ലാവരെയും കാണാൻ കഴിയുക / ഉലസവങ്ങളിൽ തിമർക്കുക / സന്തോഷിക്കുക എന്നതൊക്കെ ഒട്ടും ചെറിയ കാര്യങ്ങളല്ലല്ലോ അല്ലെ ഭായ

പ്രിയപ്പെട്ട കൊച്ചു ഗോവിന്ദൻ ഭായ്, നന്ദി.കൊച്ചുവിനെ നാട്ടിൽ വെച്ച് ഒന്ന് ചികഞ്ഞ് നോക്കിയെങ്കിലും കോണ്ടാക്റ്റ് ചെയ്യുവാൻ പറ്റാത്ത വിഷമമുണ്ടായിരുന്നു..പിന്നെ എന്തായാലും ആ പഴയ 'നഷ്ടോൾജിയ'കളിൽ അഭിരമിച്ച് വീണ്ടും ആയതൊക്കെ അടിച്ച് പൊളിക്കുവാൻ സാധിക്കുക എന്നത് ഒരു സൌഭാഗ്യം തന്നെയല്ലേ ഭായ്

പ്രിയമുള്ള ഇന്‍ഡ്യാഹെറിറ്റേജ്‌ പണീക്കർ ഭായ് , നന്ദി .പഴയ ടീംസൊക്കെയായി നാട്ടിലൊക്കെ ഒന്നു കറങ്ങിയടിച്ച് പണ്ടത്തെപ്പോൽ ആയതൊക്കെ ആഘോഷിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ് ന്റെ ഡോക്ട്ടർ ഭായ്

പ്രിയപ്പെട്ട ഫൈസല്‍ ബാബു ഭായ് , നന്ദി. കോയ മുറുക്കുമ്പോൾ കേളൻ അയക്കുക , കേളൻ മുറുക്കുമ്പോൾ കോയ അയക്കുക എന്ന പോലെയാണ് നമ്മുടെ നാട്ടിലേക്ക് വരവുകൾ ,അടുത്ത തവണ എന്തായാലും ഈ മാസങ്ങൾ ഒന്ന് പരിഗണിക്കുവാൻ പറ്റുമോ എന്ന് നോക്കട്ടെ കേട്ടൊ ഭായ്.

പ്രിയമുള്ള ഷാഹിദ് ഭായ്, നന്ദി.കുടുംബമില്ലാതെ ഒറ്റക്ക് വന്നത്കൊണ്ടാണ് ഈ ആർമാധിക്കലുകൾക്ക് ഏറ്റവും വലിയ വളമായി തീർന്നത് കേട്ടോ

പ്രിയപ്പെട്ട ഹരികുമാർ, നന്ദി. ഹരിയുടെ നാട്ടിലെ നമ്പർ എനിക്ക് കിട്ടിയിരുന്നില്ല, അതുകൊണ്ടാണ് കോണ്ടാക്റ്റ് ചെയ്യുവാൻ പറ്റാതിരുന്നത് കേട്ടൊ ഭായ്

Manoj Vellanad said...

വരിക.. അറുമാധിക്കുക.. തിരിച്ചുപോകുക..
അമ്പതുകഴിഞ്ഞാ പിന്നെ എന്തുമാകാമല്ലോ.. :)

mini//മിനി said...

അപ്പോൾ മാജിക്കൊന്നും കാണിച്ചില്ലെ? ഇനിയെപ്പോഴാണ് കാണുക?

Sabu Hariharan said...

നാട്ടിലേക്കുള്ള യാത്ര ശരിക്കും ആസ്വദിച്ചു അല്ലെ?
(എനിക്ക് കുറച്ച് അസൂയ തോന്നുന്നുണ്ട്)

Yasmin NK said...

എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെ.

Geetha said...

അങ്ങനെ വളരെക്കുറച്ചു ദിവസങ്ങൾക്കൊണ്ട്‌ നാട്ടിലാകെ ഒന്ന് കറങ്ങി അല്ലെ സർ. പഴയകാലമിത്രങ്ങളെ കാണുക, പരസ്പരം ഓർമ്മകൾ പങ്കുവക്കുക അതൊക്കെ എത്ര സന്തോഷകരമായ കാര്യങ്ങളാണ്. അതൊക്കെ ഇവിടെ ഞങ്ങൾക്ക് പങ്കു വച്ചതിൽ നന്ദി.എത്ര തിരക്കുകൾക്കിടയിലും മിക്ക ബ്ലോഗുകളിലും ഒന്ന് കറങ്ങി രണ്ടു വരി കുറിക്കാൻ സർ സമയം കണ്ടെത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ആശംസകൾ

vettathan said...

ഞാന്‍ രണ്ടു മൂന്നു പ്രാവശ്യം വിളിക്കാന്‍ ശ്രമിച്ചു. സിഗ്നല്‍ പ്രശ്നം കൊണ്ടാവാം സംസാരിക്കാന്‍ പറ്റിയില്ല,പിന്നീട് മറ്റു തിരക്കുകളിലേക്ക് ഊര്‍ന്നു പോകുകയും ചെയ്തു. ഏതായാലും വെക്കേഷന്‍ ഗുണകരമായല്ലോ,സന്തോഷം

Bipin said...

പൂര വിശേഷം കേൾക്കാൻ കാത്തിരുന്നു മടുത്തു പിന്നെ മറന്നു പോയി. ഒരു അവധിക്കാലത്തിന്റെ മധുരിക്കുന്ന ഓർമകളുമായി അടുത്ത അവധി കാത്തിരിക്കുന്ന മനസ്സ്. വല്ലപ്പോഴും കാണുമ്പോഴാണ് മുരളീ ആസ്വാദ്യത കൂടുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...


പ്രിയപ്പെട്ട വിനുവേട്ടൻ നന്ദി.എന്നാലും നാലു ഡിഗ്രിയിൽ നിന്നും നാല്പത് ഡിഗ്രിയിലേക്ക് വരുമ്പോഴുള്ള ആ ഇത് ഉണ്ടല്ലോ ...അതെന്നെയിത്...!

പ്രിയമുള്ള ഡോ: മനോജ് ഭായ്, നന്ദി.അതെ അമ്പത് കഴിഞ്ഞാൽ കാരണവർ പട്ടം കിട്ടിയില്ലേ , അപ്പോൾ പിന്നെ എന്തുമാകാമല്ലോ ..അല്ലേ ഭായ്.

പ്രിയപ്പെട്ട മിനി ടീച്ചർ,നന്ദി.മാജിക്കില്ലാത്ത പരിപാടിയില്ലല്ലോ എനിക്ക്, അതും അതിന്റേതായ സൈഡ് വഴിയിൽ നടന്നിരുന്നു കേട്ടൊ ടീച്ചറെ.

പ്രിയമുള്ള സാബു ഭായ്, നന്ദി. നമ്മൾ കുറെ വിളിച്ച് സംസാരിച്ചെങ്കിലും ,ഭായിയുടെ പുസ്തകം എനിക്ക് സംഘടിപ്പീക്കാൻ കഴിയാത്ത വിഷമമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട യാസ്മിൻ, നന്ദി. ദു:ഖങ്ങളെല്ലാം മറച്ച് വെച്ചുകൊണ്ടാണ് ,ഈ സന്തോഷങ്ങൾ വാരിക്കോരി പുണരുന്നത് കേട്ടൊ ഗെഡിച്ചി.

പ്രിയമുള്ള ഗീത , നന്ദി.ഉള്ള ദിവസങ്ങൾ കൊണ്ട് പഴയകാലമിത്രങ്ങളെ കാണുക, പരസ്പരം ഓർമ്മകൾ പങ്കുവക്കുക അതൊക്കെ എത്ര സന്തോഷകരമായ കാര്യങ്ങളാണ് എന്നത് ശരിക്കും പറഞ്ഞറിയിക്കുവാൻ പറ്റാത്ത കാര്യങ്ങൾ തന്നെയാണ് കേട്ടൊ ഗീതാജി.

പ്രിയമുള്ള ജോർജ്ജ് സർ, നന്ദി. ചികിത്സക്കും മറ്റും തീരക്കുകളിലും പെട്ട് എനിക്കും ഭായിയെ വിളിക്കാൻ പറ്റാത്തതിൽ വല്ലാത്ത ഖേദമുണ്ട് കേട്ടൊ

പ്രിയപ്പെട്ട ബിപിൻ സർ, നന്ദി.നാട്ടിൽ വരുമ്പോഴൊക്കെയുള്ള അവധിക്കാലത്തിന്റെ മധുരിക്കുന്ന ഓർമകളുമായി തന്നെയാണ് അടുത്ത അവധിക്കാലം വരെ ഞങ്ങൾ പ്രവാസികളുടെ മനസ്സ് കാത്തിരിക്കാറ് കേട്ടൊ ഭായി.

Cv Thankappan said...

നെന്മാറ വല്ലങ്ങി വേല,തൃശൂര്‍ പൂരം,കൊടുങ്ങല്ലൂര്‍ ഭരണി,വട്ടപ്പൊന്നി വിഷുവേല.
പാവറട്ടി പെരുന്നാള്‍,നെടുപുഴ ഹെര്‍ബര്‍ട്ട്നഗര്‍ പൂരം അപ്പോള്‍ ഇത്തിരിനാള്‍ ഒത്തിരി
ആഘോഷം തന്നെയായിരുന്നു.........
എന്നാലും നെന്മാറ വല്ലങ്ങി സംഭവം ഇങ്ങനെ സംഭവിച്ചത് യു.കെ യിലുള്ള കുടുംബത്തിന്‍റെ പ്രാര്‍ത്ഥനകൊണ്ടുത്തന്നെ....
സുഖവിവരങ്ങള്‍ എന്തൊക്കെയാണ്........
ആശംസകള്‍

Anonymous said...

വിദേശ വാസത്തിൽ നീണ്ടകാലം ജീവിതം തള്ളി നിൽക്കുന്ന ഒരാളെ സംബന്ധിച്ച് സ്വന്തം ജന്മനാട്ടിൽ ആർമാദിച്ചാടിയിട്ടുള്ള പണ്ട് ബാല്യകാലത്തും , ചോര തിളപ്പാർന്ന അന്നത്തെ യൌവ്വന കാലത്തുമൊക്കെ ഉണ്ടായിരുന്ന മിത്രങ്ങളും - അവരോടൊന്നിച്ച് കഴിച്ച് കൂട്ടിയ , ആ നല്ല നാളുകളും ജീവിതത്തിൽ നിന്നും ഒരിക്കലും മായ്ച്ചുകളയാത്ത സ്മരണകൾ തന്നെയാണ് ..

yes indeed


By

K P Ragulal

സുധി അറയ്ക്കൽ said...

മുരളിച്ചേട്ടാ!!!



ഗംഭീരമെന്ന് പറഞ്ഞാൽപ്പോരാ അതിഗംഭീരം തന്നെ.പോയകാലത്തെ ഓർമ്മകൾ അയവിറക്കാൻ മുരളിയെട്ടനേക്കഴിഞ്ഞേ ആളുള്ളൂയെന്ന് ഈപോസ്റ്റ്‌ കൊണ്ട്‌ തെളിയിച്ചു...

(ലണ്ടനിലെ നാല് ഡിഗ്രി കാലാവസ്ഥയിൽ നിന്നും ഇപ്പോൾ നാട്ടിലുള്ള നാല്പത് ഡിഗ്രി ചൂടിലേക്ക് ഇറങ്ങി ചെന്നപ്പോൾ ശരീരത്തിൽ അടഞ്ഞ് കിടന്നിരുന്ന ശ്വേഥ ഗ്രന്ഥികളെല്ലാം തുറന്ന് അനേകം വിയർപ്പ് കണങ്ങൾ ഒഴുകി പോയി ...)അപാരമായ വാചകശക്തി..

എന്നെന്നും ബൂലോഗത്തെ നിറസാന്നിധ്യമായി ആടിത്തിമിർക്കാനിട വരട്ടെ.

ദാ രണ്ട്‌ ബ്ലോഗർ ദമ്പതിമാർ എന്ന അടിക്കുറിപ്പോടെ ഞാനും ദിവ്യയുമൊന്നിച്ച്‌ നിൽക്കുന്ന ഫോട്ടോ കൂടി വരേണ്ടതായിരുന്നു അല്ലേ??ഓട്ടപ്പാച്ചിലിനിടയിൽ വരാൻ കഴിഞ്ഞില്ല.ക്ഷമിക്കൂ.!!!

Rakesh KR said...

നാട്ടിലെ ചൂടിനെ കുറിച്ച് ഇത്രയും നല്ല ഒരു എഴുത്ത് ഞാന്‍ വേറെ കണ്ടിട്ടില്ല.

നാല് ഡിഗ്രീയില്‍ നിന്നും നാല്പതില്‍ വന്നപ്പോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയ ദുര്‍മേദസ്സ് എല്ലാം ഒഴുകി പോയി പോലും. ഇത് ബിലാത്തിയിലെ സായിപ്പന്മാരെ പറഞ്ഞു വിശ്വസിപ്പിച്ചാല്‍ നാട്ടിലേക്ക് കുറച്ച് വിദേശ നാണ്യം കൂടുതല്‍ കിട്ടിയേനെ...

ഷാജി കെ എസ് said...

ചുരുക്കിപ്പറഞ്ഞാൽ; വീട്ടിലിരിക്കാൻ സമയം കിട്ടിയില്ലെന്നു ചുരുക്കം.
എന്തായാലും ആസ്വാദകരമായ വായന സമ്മാനിച്ചു.

ഷാജി കെ എസ് said...

ചുരുക്കിപ്പറഞ്ഞാൽ; വീട്ടിലിരിക്കാൻ സമയം കിട്ടിയില്ലെന്നു ചുരുക്കം.
എന്തായാലും ആസ്വാദകരമായ വായന സമ്മാനിച്ചു.

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഈ വഴിക്കൊന്നും വരാറില്ല,ഇനി വരാന്‍ ശ്രമിക്കാം.

Sayuj said...

പാഞ്ചാരി മേളത്തിന്റെ ശീലിമയും , ഇലഞ്ഞിത്തറ മേളത്തിന്റെ രൌദ്രവും , പഞ്ചവാദ്യത്തിന്റെ താളങ്ങളും മനസ്സിലേക്ക് ആവാഹിച്ച് , വെടിക്കെട്ടുകളുടെ കൂട്ടപ്പൊരിച്ചിലുകളുടെ ഗാംഭീര്യത്തിൽ
സകലമാന ആകുലതകളും അലിയിച്ച് കളഞ്ഞ് എല്ലാ ആഘോഷ ലഹരികളുമായി ശരിക്കും മനം നിറഞ്ഞ കുറെ ഉത്സവ ലഹരികളുടെ ദിനങ്ങളുടെ ശേഷിപ്പുകൾ വാരി നിറച്ചുള്ള ഒരു വലിയ ഭാണ്ഡം മുറുക്കി വളരെ ശുഭമായ ഒരു തിരിച്ച് യാത്രയോടെ എന്റെ സുന്ദരമായ ഒരു പരോൾ കാലം എത്ര പെട്ടെന്നാണ് തീർന്ന്പോയത് ... !

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...