
വാചകങ്ങളായൊ , പേജുകളായൊ നിർവചിക്കേണ്ട ചില സംഗതികളൊ , മറ്റോ - ‘മാറ്ററി‘നൊപ്പം തന്നെ ആലേഖനം നടത്തിയോ , ദൃശ്യ - ശ്രാവ്യ പ്രധാന്യമടങ്ങിയ ശൃംഗലകളായൊ , വീഡിയോകളായൊ കുറിപ്പുകളോടൊപ്പം , കൂടി ചേർത്തിട്ടോ അഥവാ ആയതിനെ കുറിച്ചുള്ള ‘ലിങ്കു‘കൾ നൽകിയോ അനുവാചകനെ തൃപ്തനാക്കുവാൻ സാധ്യമാക്കുന്നു എന്നതാണ് വിവര സാങ്കേതികത തട്ടകങ്ങളിലുള്ള മാധ്യമങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണം ...
പിന്നെ നിമിഷങ്ങൾക്കകം ടി സംഗതികളെ ലോകത്തിന്റെ
ഏത് കോണിലുമുള്ള മാലോകർക്ക് മുമ്പിലെത്തിക്കുവാനും സധിക്കുന്നു
എന്നിങ്ങനെയുള്ള നിരവധി 'അഡ്വന്റേജു'കൾ 'ഇന്റെർനെറ്റി'ൽ കൂടിയുള്ള
സോഷ്യൽ മീഡിയകളിലുള്ള ബ്ലോഗ്ഗിങ്ങിന് സാധ്യമാകുന്നുണ്ട് ...
എന്നാലും പല ബ്ലോഗ്ഗിങ്ങ് ഉപഭോക്താക്കളും ഇത്തരം
മെച്ചപ്പെട്ട കാര്യങ്ങളൊന്നും ഉപയോഗിക്കുന്നില്ലാ എന്നതാണ് വാസ്തവം ....
ഈ ബ്ലോഗ്ഗിങ്ങ് എന്നാൽ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽ കുത്തി കുറിച്ചിടുന്ന സംഗതികളാണ് എന്ന് ഏവർക്കും അറിവുള്ള കാര്യങ്ങളാണല്ലോ .
പക്ഷേ ഇന്ന് സോഷ്യൽ മീഡിയകളിൽ രാവും പകലുമെന്നോണം കേളി വിളയാട്ടങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഒട്ടുമിക്കവർക്കും ഇത്തരം ഫേസ് ബുക്ക് , ട്വിറ്റർ , ബ്ലോഗ് പോർട്ടലുകൾ മുതൽ സകലമാന ബ്ലോഗ്ഗിങ്ങ് സൈറ്റുകളിലെ ഇടപെടലുകളൊക്കെ , എങ്ങിനെയാണ് മാനേജ് ചെയ്യേണ്ടത് എന്നറിയാത്തതാണ് - ഈ രംഗങ്ങളിലും , പിന്നീടുള്ള ജീവിത വഴികളിലും , പല പരാജയങ്ങളും അവർക്കൊക്കെ ബാക്കിയുള്ള ജീവിതത്തിൽ ഏറ്റ് വാങ്ങേണ്ടി വരുന്നത് ...
ആംഗലേയ ബ്ലോഗറും ലോക പ്രശസ്തയുമായ
ഹർലീന സിങ്ങിന്റെ ‘ആഹാ ! നൌ ലൈഫ് ബ്ലോഗിങ്ങ് ‘ തട്ടകത്തിലെ ,
പുതിയ പോസ്റ്റായ How to Manage Blogging & Life എന്ന രചനയിൽ പോയി
സന്ദർശിച്ച് നോക്കിയാൽ താല്പര്യമുള്ളവർക്ക് ആയതെല്ലാം വായിച്ച് മനസ്സിലാക്കാവുന്നതാണ് ...
ആഗോളതലത്തിൽ എടുത്ത് നോക്കുകയാണെങ്കിൽ ഇന്ന് ലോക
ജനസംഖ്യയുടെ 40 % ആളുകൾ ഇന്റെർനെറ്റ് ഉപയോഗ്ഗിക്കുന്നവരാണെത്രെ ,
ഇവരിൽ മുക്കാൽ ഭാഗം പേരും സോഷ്യൽ നെറ്റ് വർക്ക് ഉപഭോക്താക്കളും ആണെത്രെ ...
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഏതാണ്ട് 170 ൽ പരം ആക്റ്റീവായ സോഷ്യൽ
മീഡിയ നെറ്റ് വർക്ക് സൈറ്റുകൾ ഉണ്ട് . അവയിൽ ചിലവയെല്ലാം അന്തർദ്ദേശീയമായി വളരെ പേരും പെരുമയും ഉള്ളവയും , മറ്റ് ചിലത് അതാതിടങ്ങളിലെ ദേശീയ പെരുമയിൽ , അവരവരുടെ ഭാഷാ തലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയും ആണെന്ന് മാത്രം ...
ഇതോടൊപ്പം എന്നുമെന്നോണം സൈബർ ലോകത്തേക്ക് കൂടുതൽ കൂടുതൽ ആളുകൾ തിക്കി തിരക്കി വന്നു കൊണ്ടിരിക്കുന്നു എന്നുമാത്രമല്ല , അവരെല്ലാവരും തന്നെ വിവിധ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽ അവരവരുടെ സാനിദ്ധ്യങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു അവസ്ഥാവിശേഷം കൂടിയാണ് ഇപ്പോൾ നടമാടികൊണ്ടിരിക്കുന്നത് ...
ഇന്ന് സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകളിൽ
അഭിരമിക്കുന്ന ഏറെ പേർക്കും ഇമ്മിണിയിമ്മിണി മിത്രങ്ങളുണ്ടായിരിക്കാം ...
ചാറ്റിങ്ങും , ചീറ്റിങ്ങും , സല്ലാപവും , ഒത്തുചേരലുകളുമൊക്കെയായി ഇത്തരം
‘ഫ്രെൻണ്ട് സർക്കിളുകൾ‘ എന്നുമെന്നോണം വർദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു ...
അമേരിക്കൻ സൈക്കോളജി അസോസ്സിയേഷൻ ഈയിടെ കണ്ടെത്തി ,
വ്യക്തമാക്കിയ ഒരു സംഗതിയുണ്ട് - 'ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ് ...
അതായത് അത്തരത്തിലുള്ളവരൊക്കെ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിക്കുമെന്ന് .. !
അന്തർദ്ദേശീയ ആരോഗ്യ സംഘടനയുടെ പുതിയ പ്രബന്ധത്തിലും
പറയുന്നതിതാണ് 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ' മനുഷ്യനെ ‘സോഷ്യൽ ലെസ്സ്’ ആക്കികൊണ്ടിരിക്കുന്നു എന്ന സത്യമാണ് ...
ഇത്തരം ഏകാന്തതയെ കുറിച്ചൊക്കെ വ്യക്തമാക്കിത്തരികയും , പോംവഴികൾ
പറഞ്ഞുതരികയും ചെയ്യുന്ന , M I T യിലെ ‘പ്രൊഫ: ഷെറി ടർക്ലി‘ന്റെ ഈയിടെയായി പ്രസിദ്ധീകരിച്ച വളരെ പ്രസിദ്ധമായ Alone Together എന്ന പുസ്തകകമോ , ‘ടോക് ഷോ‘യൊ താല്പര്യമുള്ളവർക്ക് പോയി എത്തി നോക്കാവുന്നതാണ്...
ഇന്ന് നാം ഓരോരുത്തർക്കും തമ്മിൽ തമ്മിൽ ഇതുവരെ കാണാത്ത ,
ഒന്ന് പരസ്പരം മിണ്ടാത്ത നൂറുകണക്കിന് മിത്രങ്ങൾ , ഇത്തരം പല നെറ്റ് വർക്ക്
തട്ടകങ്ങളിലും , അതിനകത്തുള്ള കൂട്ടായ്മകളിലുമായി അണികളായി എപ്പോഴും കൂടെ ഉണ്ട് ...
ഏതെങ്കിലും അവസരത്തിൽ നേരിട്ട് കണ്ടാൽ പോലും
അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയുവാൻ പോലും പറ്റാത്തവരായ കൂട്ടുകാർ ...
അതായത് ഒരു കാര്യമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതുണ്ട് -

ആശയവിനിമയങ്ങൾ ; പരസ്പരം , സ്ഥിരമായി നടത്തികൊണ്ടു പോകുവാൻ
സാധിക്കില്ല എന്ന വസ്തുത നാം ഒരോരുത്തരും മനസ്സിലാാക്കിയിരിക്കണമെന്ന് മാത്രം ...
ഇനി അല്പസൽപ്പം സ്വന്തം കാര്യങ്ങളിലേക്ക്
ഞാൻ എത്തി നോക്കുവാൻ പോകുകയാണ് കേട്ടോ കൂട്ടരെ ...
ബാല്യകാലങ്ങളിൽ എന്നെ എന്നും പുരാണാതിഹാസ കഥകളാൽ
കോരി തരിപ്പിച്ചിരുന്ന ഒരു സുന്ദരിക്കോതയായ മുത്തശ്ശിയുണ്ടായിരുന്നു .
കാതിൽ ഊഞ്ഞാലുപോലെ ആലോലമായി ആടുന്ന തോടയും സപ്തതി കഴിഞ്ഞിട്ടും പല്ലുകൾക്കൊന്നും ഒരു കേടും കൂടാതെ പാക്ക് കടിച്ച് മുറിച്ച് എപ്പോഴും നാലും കൂട്ടി മുറുക്കി ചുവപ്പിച്ച് തറവാട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്ന എന്റെ അമ്മൂമ്മയായിരുന്നു ആ ദേഹം .

അന്നത്തെ ആ അമ്മൂമ്മ കഥകളിലെ ചില കഥാപാത്രങ്ങളായ കരിംഭൂതവും , ചെംഭൂതവും , കുട്ടിച്ചാത്തനും , രുദിര ഭദ്രകാളിയും , കോമ്പല്ലുകാട്ടി പൊട്ടി പൊട്ടി ചിരിച്ച് വെള്ളയണിഞ്ഞ് വരുന്ന അതി സുന്ദരികളായ യക്ഷികളും മറ്റും എന്നെ ഭയചികിതനാക്കി ഉറങ്ങാൻ അനുവാദിക്കാതെ ശല്ല്യപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ താരാട്ടിയും , തലോലിച്ചും ചാരത്ത് കിടക്കുന്ന എന്റെ അമ്മൂമ്മയെ കെട്ടിപ്പിടിച്ച് കിടന്ന് ഞാൻ ഉറങ്ങാറുണ്ടായിരുന്നു ...
ചെറുപ്പകാലങ്ങളിലുള്ള ശീലം അവരുടെ ചുടലവരെ തുടരുമെന്ന
പോലെ അന്ന് മുതൽ തുടങ്ങിയതാണ് എന്റെ ഈ ‘കെട്ടിപ്പിടിച്ചുറക്കം‘... !
പക്ഷേ ഇപ്പോൾ പണ്ടത്തെ ആ ചെംഭൂതവും , കുട്ടിച്ചാത്തനും ,
ചുടല ഭദ്രകാളിയുമൊക്കെ വീണ്ടും എന്റെ ഉറക്കം കെടുത്തുവാൻ സ്ഥിരം വന്നുകൊണ്ടിരിക്കുകയാണ് ...
എത്രയെത്ര പേരെ മാറി മാറി കെട്ടിപ്പിടിച്ച് കിടന്നിട്ടും ഈ ആധുനിക
ഭൂതഗണാതികളെ പേടിച്ചിട്ട് ഇന്നെന്റെ ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ് ... !

വാട്ട്സാപ് മുതലായ സപ്ത സ്വരൂപങ്ങളാണ് ഈ പുത്തൻ ഭൂതപ്രേത പിശാച്ചുകളായി എന്നെ എന്നുമെന്നോണം വാരിപ്പുണർന്നിരിക്കുന്നത് ...
നീരാളിയുടെ എട്ട് കരങ്ങൾ പോലെ ,
ഏഴ് നീണ്ട കരങ്ങളുള്ളൊരു ‘സപ്താളി ‘ ... !
ഈ ഏഴ് കരങ്ങൾ കൊണ്ടെന്നെ കെട്ടി
വരിഞ്ഞിരിക്കുന്ന ‘ബിലാത്തി പട്ടണ‘മെന്ന സപ്താളി ...
ഇതിനെല്ലാം തുടക്കം കുറിച്ച ആ ബൂലോഗ ഭൂതം
എന്റെ ഉറക്കം കെടുത്തിയിട്ട് ഇതാ ഇപ്പോൾ സപ്ത വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് ...
ബൂലോകത്ത് ഇത്രയധികം തിക്കും തിരക്കും വരുന്നതിനുമുമ്പൊക്കെ ആദ്യകാലങ്ങളിലൊക്കെ വാർഷിക പോസ്റ്റുകളും , ബ്ലോഗ്ഗ്മീറ്റ് പോസ്റ്റ്കളുമൊക്കെ എഴുതി പിടിപ്പിക്കുവാൻ മിക്ക ബൂലോഗ വാസികൾക്കും ഒരു പ്രത്യേക ഹരം തന്നെയായിരുന്നു ...
ഇത്തരം രചനകളിൽ ബൂലോക മിത്ര കൂട്ടായ്മയിലുള്ള ഏവരും വന്ന്
സ്ഥിരം പൊങ്കാലയിട്ട് പോകുന്ന കാഴ്ച്ചകളും മൂനാലുകൊല്ല്ലം മുമ്പ് വരെ പതിവായിരുന്നു...
ഹും..
അതെല്ലാം അന്തകാലം ... !
ഇപ്പോൾ ഇവിടെ കൊടും തണുപ്പ് വിതച്ച് നടമാടികൊണ്ടിരിക്കുന്ന
മഞ്ഞുകാലങ്ങളിലെ പ്രഭാതങ്ങൾക്കിടയിൽ പൊഴിഞ്ഞിറങ്ങുന്ന ഹിമകണങ്ങൾക്കിടയിലൂടെ ഉദയ സൂര്യനോടൊപ്പം , സപ്ത വർണ്ണങ്ങളാൽ അണിഞ്ഞൊരുങ്ങി വരുന്ന മഴവിൽ സുന്ദരിയുടെ ,
ആ അതിമനോഹരമായ ദൃശ്യങ്ങൾ ഒട്ടും വിട്ടു കളയാതെ , മിഴിയടക്കാതെ നോക്കി നിൽക്കുമ്പോഴുള്ള ആനന്ദം പോലെയാണ് എനിക്കിന്ന് ബൂലോഗ പ്രവേശം നടത്തുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതി ...
വേറിട്ട നിറ വത്യാസങ്ങളുടെ ഭംഗികൾ പോലെയാണെനിക്ക്
പിന്നിട്ട് പോയ എന്റെ ബൂലോഗത്തിലെ ആ സപ്ത വർഷങ്ങൾ ... !
വർണ്ണ രാജികളുടെ വിസ്മയത്തിൻ മനോഹാരിതകൾ പോലെയുള്ള ഏഴുവർഷങ്ങൾ ...
അതെ ഈ നവംബർ അവസാനം
സപ്തവർണ്ണാലങ്കാരങ്ങളാൽ എന്റെ ഏഴാം
ബൂലോഗ തിരുനാൾ ചുമ്മാ കൊണ്ടാടുകയാണ് ...
ചിയേഴ്സ് ... !
‘ബിലാത്തി പട്ടണ‘ വീഥികളിൽ കൂടി സഞ്ചാരം നടത്തിയ ഏവർക്കും ,
ഈ അവസരത്തിൽ -
എനിക്ക് നൽകിയ ഉപദേശങ്ങൾക്കും , വിമർശനങ്ങൾക്കും ,
പ്രോത്സാഹനങ്ങൾക്കും കടപ്പാടുകൾ രേഖപ്പെടുത്തികൊള്ളുകയാണിപ്പോൾ ...
ഡൂക്ലി സായിപ്പല്ല ... ഇന്നും തനി നാടൻ ... !
ഏവർക്കും നന്ദി..ഒരുപാടൊരുപാട് നന്ദി .
എന്ന്
സസ്നേഹം ,
ഒരു സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോകന:
പിന്നിട്ട വാർഷിക കുറിപ്പുകൾ : -
- ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30-11-2009
- ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010
- മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
- ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012
- ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013
- ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014
- സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015
article from www.aha-now.com, www.wearesocial.net & google )