ഏതാണ്ട് ഒന്നേ കാൽ കിന്റലോളം തൂക്കമുള്ള തനി വീപ്പകുറ്റി പോലുള്ള
മാർക്ക് ഹിഗ്ഗിൻസ് എന്ന സായിപ്പ് ചുള്ളൻ ഞങ്ങളുടെ സൂപ്പർ വൈസറാണ്.
ആട് ചവയ്ക്കുന്ന പോലെ വായിൽ എപ്പോഴും എന്തെങ്കിലുമിട്ട് ചവച്ചരച്ച് വിഴുങ്ങി കൊണ്ടിരുന്ന , ഈ ഗെഡിയോടൊപ്പം ഒളിമ്പിക്സിന് മുന്നോടിയായി സി.സി.ടി.വി കണ്ട്രോൾ റൂമി‘ൽ വർക്ക് ചെയ്യുന്ന അവസരങ്ങളിലെല്ലാം , ഞാൻ വീട്ടിൽ നിന്നും കൊണ്ട് പോകുന്ന ഉണക്ക ചപ്പാത്തിയും , ചോറും , വളിച്ച് പോകാറായ ഫ്രീസർ കറികളടക്കം പലതും മൂപ്പർക്ക് തിന്നാൻ കൊടുത്തിട്ട് - ആൾ ഓർഡർ ചെയ്യുന്ന പിസ, ബർഗ്ഗർ , ചിക്കൻ & ചിപ്പ്സ് മുതലായവയിൽ നിന്നും ഷെയറ് വാങ്ങി പള്ള നിറച്ചിരുന്നതൊക്കെ ഇപ്പോൾ ഓർക്കൻ ഒരു കാരണമുണ്ട്.
അന്ന് ഡ്യൂട്ടി റൂമിൽ വെച്ച് ഇഷ്ട്ടന്റെ നാലഞ്ച് മുൻ
പാർട്ട്ണേഴ്സ് - ആളുടെ പൊണ്ണത്തടി കാരണം പിരിഞ്ഞ്
പോയ കഥയും , കൊളസ്ട്രോളിനും , രക്ത സമ്മർദ്ദത്തിനും സ്ഥിരം കഴിക്കുന്ന മരുന്നുകളെ കുറിച്ചുമൊക്കെ പറയാറുള്ളപ്പോൾ ...ഞാൻ ചുമ്മാ മൂപ്പരോട് പറയാറുണ്ട് ..
“ നീ ഇന്ത്യയിൽ പോയി വല്ല ആയുർവേദമോ , പ്രകൃതി
ചികിത്സയോ നടത്തി ശരീരം ഇളതാക്കിയിട്ട് , ഉഗ്രൻ ‘സ്റ്റാമിന‘ ഉണ്ടാക്കെന്റെ ഗെഡീന്ന് ...!“
പ്രകൃതി ചികിത്സയെ കുറിച്ചൊക്കെ
ഈ സായിപ്പൻ ആദ്യം കേൾക്കുകയാണ്.
ഞാനപ്പോൾ പറയും ഈ പ്രകൃതി ചികിത്സയും, ആയുർവേദവുമൊക്കെ
പണ്ട് ഭാരതീയർ കണ്ടുപിടിച്ചതാണെന്നും , എന്റെ നാടായ കണിമംഗലത്ത് ,
അന്നത്തെ പ്രകൃതി ചികിത്സാ ആചാര്യന്മാരായ പ്രൊ: ഉൽപ്പലാക്ഷൻ മാഷും,
വർമ്മസാറു മൊക്കെ കേരളത്തിലെ ആദ്യത്തെ പ്രകൃതി ചികിത്സാലയം തുടങ്ങിയെന്നും ,
പല മാറാ രോഗങ്ങളും മാറ്റി , തടി കുറപ്പിച്ച് അനേകരെ ടിപ്പ് ചുള്ളന്മാരും , ചുള്ളത്തികളും ആക്കിയിട്ടുണ്ടെന്നുമൊക്കെ ...!
പിന്നീടെപ്പോഴൊ ഞങ്ങളുടെ നാട്ടിലെ
തന്നെ ഒരു പ്രകൃതി ചികിത്സാല‘യത്തിൽ ജോലി ചെയ്തതിന് ശേഷം , പൂനയിൽ പോയി ‘നാച്ച്യുറോപതി‘യിൽ ‘ഡിപ്ലോമ പ്ലസ് ഡിഗ്രി‘യെടുത്ത് ജില്ലയിലെ തന്നെ വേറൊരു പ്രകൃതി ചികിത്സാലയത്തിൽ , ജോലി നോക്കുന്ന ഡോ: രാജിയുടെ മൊബൈൽ നമ്പറും ഇതിനെയൊക്കെ കുറിച്ച് വിശദമായി ചോദിച്ചറിയുവാൻ വേണ്ടി മൂപ്പർക്ക് , ഞാൻ അന്ന് കൊടുത്തിരുന്നു...
ഒളിമ്പിക്സിന് ശേഷം , എന്നെ , ഞങ്ങളുടെ കമ്പനി നോർത്ത് വെസ്റ്റ് ലണ്ടനിലെ
‘നെറ്റ് വർക്ക് റെയിൽ കമ്പനി‘യുടെ ‘സി.സി.ടി.വി വിങ്ങി‘ലേക്ക് മാറ്റിയത് കൊണ്ട്
പിന്നീട് , ആ ഗുണ്ടപ്പനായ ആ ‘മാർക്കേട്ട‘നുമായി വലിയ കോണ്ടാക്റ്റൊന്നുമില്ലായിരിന്നു...
പക്ഷെ ഞാൻ അന്ന് ‘ഓസി‘ക്ക് തിന്നാൻ കിട്ടുന്നതിന് പകരം , പറഞ്ഞ് കൊടുത്ത പ്രകൃതി ചികിത്സ , തേടി - ആ സായിപ്പ് ചുള്ളൻ , നമ്മുടെ നാട്ടിൽ പോയി അവിടെ ഒന്നര മാസം നിന്ന് , വെറും 79 കിലോ തൂക്കം ശരീരത്തിന് വരുത്തി , സകല വിധ രോഗങ്ങളിൽ നിന്നും വിമുക്തനായി കഴിഞ്ഞ കൊല്ലം ലണ്ടനിൽ തിരിച്ചെത്തിയപ്പോൾ , എനിക്ക് വേണ്ടി , ‘ദുബായ് ഡ്യൂട്ടി ഫ്രീയി‘ൽ നിന്നും ജോണി വാക്കറിന്റെ , രണ്ട് ‘ബ്ലാക്ക് ലേബൽ‘ കുപ്പികൾ സമ്മാനവുമായ് വന്നപ്പോഴാണ് - മാർക്കിനെ ഞാൻ പിന്നീട് കാണുന്നത് ...!
ഒപ്പം തന്നെ എനിക്ക് ഒരു സർപ്രൈസും അടുത്ത കൊല്ലം
കാട്ടി തരാമെന്നും പറഞ്ഞാണ് ഇഷ്ട്ടൻ അന്ന് സ്ഥലം കാലിയാക്കിയത് ...?
പിന്നീട് ഇക്കഴിഞ്ഞ ജൂലായ് മാസം മാർക്ക് എന്നെ , ഒരു ഇന്ത്യൻ
വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക് ക്ഷണിച്ച് വിളിച്ച് വരുത്തി ആ അത്ഭുതവും കാട്ടി തന്നു..!
ഞാൻ അന്ന് പരിചയപ്പെടുത്തിയ പ്രകൃതി ചികിത്സ സെന്ററിലെ അപ്പോത്തിക്കിരിയായ ഡോ: മിസ് .രാജി , അവിടെ മിസ്സിസ് രാജി ഹിഗ്ഗിൻസായി ഇരിക്കുന്നു...!
കഴിഞ്ഞ കൊല്ലം അവളുടെ കീഴിൽ യോഗാഭ്യാസവും , ചികിത്സയും നേടി കൊണ്ടിരുന്ന സമയത്ത് , ഇവനോട് സഹതാപം തോന്നി , പ്രണയ വല്ലരിയായി അവളീ സായിപ്പിൽ പടർന്ന് കയറിയിട്ട് , മാർക്ക് തിരിച്ച് പോരുന്നതിന് മുമ്പ് , നാട്ടിലെ ഒരു അമ്പലത്തിൽ പോയി മാലയിട്ട് , പിന്നീട് കല്ല്യാണം റെജിസ്റ്റർ ചെയ്ത് പോലും...!
ഇപ്പോൾ മാർക്ക് അവന്റെ പുത്തൻ കെട്ട്യോളെ അങ്ങിനെ
ലണ്ടനിലും എത്തിച്ചു .ഇനി ഇപ്പോൾ രണ്ട് പേരും ചേർന്ന് ഔട്ടർ ലണ്ടനിൽ
ഒരു പ്രകൃതി ചികിത്സാലയം തുടങ്ങുവാൻ പരിപാടിയിട്ടിരിക്കുകയാണ് പോലും..!
പുര നിറഞ്ഞ് നിന്നിട്ടും, ഒറ്റ പൈസ സ്ത്രീധനം കൊടുക്കാതെ ഒരു സായിപ്പിനെ കല്ല്യാണിക്കാൻ പറ്റിയതിലും,ഫ്രീ വിസായിൽ ‘യു.കെയിൽ എത്തിപ്പെടുകയും ചെയ്ത എന്റെ നാട്ടു കാരിയായ ഡോ: രാജിയുടെ മിടുക്ക് കണ്ടും, കേട്ടും ഞാൻ വായ പൊളിച്ച് -‘ഡാഷ് ‘പോയ അണ്ണാനെ പോലെ , ഇത്തിരി കുഞ്ഞി കുശുമ്പുമായി അവിടെ തന്നെ കുറെ നേരം തരിച്ചിരുന്നു പോയി ...!
നമ്മുടെ നാട്ടിലെ എത്ര ഗുണ ഗണങ്ങളുള്ള സംഗതികളേയും ചവിട്ടി കൂട്ടി കുപ്പയിലിട്ട് , നാം എന്നും പാശ്ചാത്യരുടെ എന്ത് ഗുണ്ട് പരിപാടികളേയും ഫോളൊ ചെയ്യുക എന്നത് നമ്മുടെ ഒരു ‘ഡ്രോബാക്ക്സ്‘ തന്നെയാണല്ലോ ...
അതുപോലെ സായിപ്പ് നമ്മുടെ നാട്ടിലെ ഇത്തരം സംഗതികളൊക്കെ,
വാനോളം പുകഴ്ത്തി കഴിഞ്ഞാലെ നമ്മളും ഇത് കൊള്ളാലോ എന്ന് ചിന്തിച്ച്
അതിനെയൊക്കെ വീണ്ടും മാന്തിയെടുത്ത് തലയിലേറ്റിയില്ലെങ്കിലും , കൈ പിടിച്ചെങ്കിലും
കൊണ്ടു നടക്കൂ എന്നുള്ളത് നമ്മുടെയൊക്കെ ഒരു ജന്മ സ്വഭാവവുമാണല്ലോ അല്ലേ..
ഞാനും അങ്ങനെത്തെ ഒരു സ്വഭാവ ഗുണമുള്ളവനായതുകൊണ്ടാകാം ..
എന്റെ മോളുടെ കല്ല്യാണവും , വിരുത്തൂണുമൊക്കെ കഴിഞ്ഞ് ആകെ ഒന്ന് കൊഴുത്തുരുണ്ടപ്പോഴാണ് എനിക്ക് മാർക്ക് സായിപ്പിന്റെ ആ വിളി തോന്നിയത്...!
പോരാത്തതിന് എന്റെ ശരീരത്തിന്റെ വരമ്പത്ത് വന്ന് നില്ക്കുന്ന ‘ഡയബറ്റീസി‘നേയും, ‘പ്രഷറിനേ‘യുമൊക്കെ ആട്ടിയോടിക്കുവാൻ മരുന്ന് സേവയും തുടങ്ങി കഴിഞ്ഞിരുന്നതും ഒരു കാരണമാണെന്ന് കൂട്ടിക്കൊ
അങ്ങിനെ ഞാൻ തൃപ്പയാറുള്ള ‘സ്നേഹ‘ ആയുർ നാച്ചുറോപ്പതി സെന്ററി‘ൽ ’പോയി രണ്ടാഴ്ച്ചത്തെ ചികിത്സക്ക് അഡ്മിറ്റായി...
എന്നെ ഭയങ്കര വിശ്വാസമുള്ളതു
കൊണ്ട് ഭാര്യയും എന്നോടൊപ്പം വന്നിരുന്നു...!
പാവം കഴിഞ്ഞ 25 കൊല്ലത്തോളം സ്ഥിരമായി എന്റെ കൂടെ കിടക്കുന്നത്
കൊണ്ടാകാം തല്ലിക്കളഞ്ഞാൽ പോകാത്ത നടു വേദന , ‘നെക്ക് പെയിൻ‘ മുതലായവയും അവൾക്കും കൂട്ടുണ്ടായിരുന്നു...!
തൃശ്ശൂർ ജില്ലയിലുള്ള തൃപ്പയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിന്റെ നേരെ
എതിർ വശത്ത് പുഴയുടെ ഇക്കരെ മൂന്ന് ചുറ്റും തോട് കീറി , ഒരു വശത്ത്
പുഴയൊഴുകുന്ന തീരമുള്ള ഒരു മനോഹരമായ കുഞ്ഞു ദ്വീപിലാണ് ഈ ‘സ്നേഹ
എന്ന ആയുർ നാച്ചുറോപ്പതി ചികിത്സാലയം.‘.
മണ്ണിഷ്ട്ടികകളാൽ നിലം വിരിച്ചിട്ടുള്ള 10 ബാത്ത് റൂം അറ്റാച്ച്ഡ് മുറികളും ,
വരാന്തയും, സിറ്റൌട്ടും അടക്കളയുമുള്ള വലിയ ഒരു തറവാട് , ഒപ്പം ഷീറ്റ് മേഞ്ഞ
ടെറസ്സിൽ യോഗാസന പരിശീലന ഇടവുമുള്ള പ്രകൃതിയെ ശരിക്കും തൊട്ടറിയുന്ന ഫല
വൃക്ഷങ്ങൾ നിറഞ്ഞ നല്ല ഒരു തെങ്ങിൻ തോപ്പ് അടക്കം ഒട്ടുമിക്ക പച്ചക്കറികളും വിളയിച്ചെടുക്കുന്ന നല്ല ഒരു കൃഷിയിടം ...
പത്ത് പതിനഞ്ച് കൊല്ലത്തിന് ശേഷം നാട്ടിലിപ്പോൾ വീണ്ടും ഒട്ടുമിക്ക പുരയിടങ്ങളിലും, ടെറസ്സിലുമൊക്കെ മലക്കറികൾ വിളഞ്ഞ് നിൽക്കുന്നതും , കോഴി , താറാവ് , ആട് , പശു എന്നിവയൊക്കെ വീടുകളിലെ തൊടികളിലേക്ക് മടങ്ങി വന്നതും ഇത്തവണ നാട്ടിൽ ചെന്നപ്പോഴുണ്ടായ ഒരു ഇമ്പമായ കാഴ്ച്ച തന്നെയായിരുന്നു..!
ആ സ്നേഹാലയത്തിൽ പുലർച്ചെ വയറിളക്കാനുള്ള ഒരു പച്ചമരുന്ന്
കുടിച്ച് കണ്ണൂം , മൂക്കും ക്ലീൻ ചെയ്ത് മറ്റ് ശൌച്യങ്ങളെല്ലം വരുത്തി , ഒരു മല്ലി
കാപ്പി കുടിച്ച് രാവിലെ ഏഴര മുതൽ ഒമ്പതരവരെ യോഗയും , പ്രാണായാമവും കഴിഞ്ഞാൽ ; അവരവർക്ക് വേണ്ടതായ ക്യാരറ്റ് /പടവല / പേരക്ക / പൈനാപ്പിൾ / നെല്ലിക്ക ജ്യൂസുകൾ മാത്രം കിട്ടും. പിന്നെ ഓരോരുത്തർക്കും വേണ്ടതായ പച്ചമരുന്നുകളിട്ട ചൂടു വെള്ളമുപയോഗിച്ചുള്ള തുണി നനച്ച് മേലാസകലമുള്ള തിരുമ്പലുകളും , കിഴിവെപ്പും മറ്റും, ശേഷം ഓരോരുത്തർക്കും വേണ്ട , വത്യസ്തമായ കുഴമ്പിട്ട് ഉഴിച്ചിൽ , പിന്നീട് കാൽ / കൈ / തല / മേലാസകലം പല തരം മണ്ണ് തേപ്പലുകളാണ് .അത് കഴിഞ്ഞ് അര മണിക്കൂറിൽ മേലെ , മണ്ണ് ശരീരവുമായി നന്നായി വലിയുന്ന വരെ വെയിലത്ത് /ഇരിക്കുക .
അവസാനം തണുത്ത പുഴ /വെള്ളത്തിൽ തേച്ച് നീന്തിക്കുളി
കഴിഞ്ഞ് ഉച്ചക്കെത്തിയാൽ അവരവർക്ക് വേണ്ടതായ അവിയൽ /
ചപ്പാത്തി /നെല്ലിക്ക ചമ്മന്തി /ചീരക്കറി/ കുക്കുമ്പർ / ആപ്പിൾ / റോബസ്റ്റ്
പഴം തുടങ്ങിയ ഏതെങ്കിലും വെജിറ്റബൾ ഭക്ഷണങ്ങൾ അടങ്ങിയ ലഞ്ച്.
പിന്നീട് ആണും പെണ്ണുമ്മായ എല്ലാ അന്തേവാസികളും കൂടി ഒരു മണിക്കൂർ വാചകമടി, ചീട്ടുകളി എന്നീ വിനോദ പരിപാടികൾ.
വൈകീട്ട് മൂന്ന് മണിക്ക് മുഖത്തും , വയറ്റിലുമൊക്കെ പച്ചക്കറികൾ അരച്ചിട്ട് കിടക്കലും , ശേഷം വെള്ളത്തിൽ ഇരിപ്പും , കിടപ്പുമൊക്കെ.വീണ്ടും ഒരു മല്ലി /ചുക്ക് കാപ്പി.
പിന്നെ നടക്കുവാൻ പോകൽ /വ്യായാമം. വൈകുന്നേരം ഏഴരക്ക് റാഗി /ചപ്പാത്തി / സലാഡ് /ഫ്രൂട്ട്സ് എന്നിവയിലേതെങ്കിലുമുള്ള ഡിന്നർ.
പിന്നെ എല്ലാവരും കൂടി ഒരു ‘ക്യാമ്പ് ഫയർ...’!
രാത്രി വീണ്ടും ചില പച്ചമരുന്നുകൾ അരച്ച് കലക്കിയുള്ള ഔഷധ സേവ.
മൂന്നാലു ദിനത്തിനുള്ളിൽ അവിടത്തെ വന്നും പോയികൊണ്ടിരിക്കുന്ന എല്ലാ
അന്തേവാസികളുമായി നല്ലൊരു മിത്ര കൂട്ടായ്മ പടുത്തുയർത്തുവാൻ...സാധിക്കും...
ഞങ്ങളെ സംബന്ധിച്ച് ഇവിടെ താമസിച്ചിരുന്ന രണ്ടാഴ്ച്ചക്കാലം
തീർത്തും അവിസ്മരണീയമായിരിരുന്നു എന്ന് വേണമെങ്കിൽ പറയാം
ബന്ധുമിത്രാധികളിൽ നിന്നകന്ന് , സൈബർ ലോകമായുള്ള ബന്ധം തൽക്കാലം വേർപ്പെടുത്തി പത്രപാരായണം പോലുമില്ലാതിരുന്ന ഈ കൊച്ച് കാലഘട്ടത്തിൽ , പരസ്പരം ഒന്ന് മിണ്ടിപ്പറഞ്ഞിരിക്കുവാൻ പോലും നേരം കിട്ടാതിരുന്ന ഞാനും , എന്റെ പെണ്ണും തമ്മിൽ എത്രയെത്ര കാര്യങ്ങൾ ഉരിയാടി , പരസ്പരം സ്നേഹ കട്ടകൾ അടുക്കി വെച്ച് , ഞങ്ങൾ വീണ്ടും ഒരു പ്രണയ കൊട്ടാരം കൂടി പണിത് തീർത്തു...!
അവിടെ വെച്ച് ഒറ്റ ഇംഗ്ലീഷ് മരുന്ന് പോലും കഴിക്കാതെ
പോലും എന്റെ പഞ്ചാരയും , പ്രഷറുമൊക്കെ നോർമ്മൽ ..!
ദിനം പ്രതി ഏതാണ്ട് അഞ്ച് നേരം ഭക്ഷണം കഴിച്ചിരുന്ന ഞാൻ ,
രണ്ട് നേരം മാത്രം ശരീരത്തിന് വേണ്ട പ്രോട്ടീൻ ഫുഡ് മാത്രം കഴിച്ച്
വിശപ്പടക്കി. ഒപ്പം എന്റെ ശരീരത്തിൽ നിന്നും പല ദുർമേദസുകളും ഒഴുകി
പോയപ്പോൾ എട്ട് കിലോ തൂക്കവും കുറഞ്ഞു .!
( ലണ്ടനിൽ വീണ്ടും തിരിച്ച് വന്നപ്പോൾ ആയത് കോമ്പൻസേറ്റ് ചെയ്തത് കാര്യം വേറെ )
എന്റെ അനുഭവം കൊണ്ട്
പറയുകയാണെങ്കിൽ നമ്മൾ ജങ്ക്
ഫുഡടിച്ച് ,ശരിയായ വ്യായാമവുമൊന്നും ചെയ്യാതെ പ്രവാസ ജീവിതത്തിൽ അടിമപ്പെട്ട് കഴിയുന്നവരാണെങ്കിൽ , ഓരൊ അവധി കാലത്തും , ഒരാഴ്ച്ചയെങ്കിലും ഇത്തരം ഒരു സ്ഥാപനത്തിൽ വന്ന് ഉപവസിക്കേണ്ടതാണ് ..
ജസ്റ്റ് മനസ്സിനും , ശരീരത്തിനും
ഒരു സുഖ വാസമെങ്കിലും കിട്ടുവാൻ വേണ്ടിയെങ്കിലും...!
അതാണ് പ്രകൃതി ജീവനത്തിന്റെ പ്രസക്തി.
മനുഷ്യ ജീവിതത്തിന് നില നില്‍ക്കാനും സുഖമായി കഴിയാനുമുള്ളത്
പ്രകൃതിയിലുണ്ട്. എന്നാല്‍ അതു തിരിച്ചറിയാനുള്ള കഴിവ് ; പരിഷ്കാരത്തിലേക്ക്
കുതിക്കുന്നതിനിടെ നാം നഷ്ടപ്പെടുത്തി. ഇതു തിരിച്ചറിയുന്നവരാണ് പ്രകൃതി ജീവനത്തിലേക്ക് തിരിച്ചു വരുന്നത്...!
ഇന്ന് നമ്മുടെ കേരളത്തിനേക്കാൾ ഉപരി വടക്കെയിന്ത്യയടക്കം ,
ഭാരതത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആയുർ നാച്യുറോപതിക് യോഗ ആശ്രമങ്ങൾ
ധാരാളം യൂറോപ്പ്യൻസിനെ സോഷ്യൽ മീഡിയകളിലൂടെയും , മറ്റു പരസ്യങ്ങളിലൂടേയും ആകർഷിപ്പിച്ച് , വിനോദ സഞ്ചാര പാക്കേജിനൊപ്പം - യോഗ പരിശീലനം / തടി കുറയ്ക്കൽ / ആയുർവേദ ചികിത്സ / ഉഴിച്ചൽ / പിഴിച്ചൽ / രതി ഉന്മേഷമാക്കൽ മുതലായവയൊക്കെ വാഗ്ദാനം ചെയ്ത് ആയതെല്ലാം ആ ടൂറിസ്റ്റ്കൾക്ക് തീർത്തും ശരിയായ സംഗതികൾ തന്നെയാണെന്ന് തെളിയിച്ച് കൊടുക്കുന്നതുകൊണ്ടാണ് , ഇപ്പോൾ ഈ മേഖലകൾ തേടിയുള്ള പാശ്ചാത്യ നാടുകളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രവാഹം , നമ്മുടെ നാട്ടിലേക്കൊക്കെ പത്തിരട്ടിയിൽ മേലെയായി വർദ്ധിച്ചതിന് കാരണമായത് ..!
പണ്ട് പുരാതന കാലം തൊട്ടെ നമ്മൾ ഭാരതീയർ
ഗണിത / ശാസ്ത്ര -സാങ്കേതിക /ആരോഗ്യ മേഖലകളിലെല്ലാം
ലോകത്തിലെ ഏറ്റവും വിഞ്ജാന സമ്പന്നരായിരുന്നുവല്ലോ ...
പക്ഷേ പിന്നീട് പല പല അധിനിവേശങ്ങളിലൂടെ നമ്മുടെ പൌരാണിക
സമ്പത്തുകളായ പല അപൂർവമായ വിജ്ഞാന സ്രോതസുകളും , ഒപ്പം ചില
താളിയോല ഗ്രന്ഥങ്ങളും , ഒട്ടു മിക്ക അധിനിവേശക്കാരും നമ്മുടെ നാട്ടിൽ നിന്നും
കടത്തി കൊണ്ട് പോയി അറിവുകൾ നേടിയിട്ട് , എല്ലാം അവരുടേതായ കണ്ട് പിടുത്തങ്ങളാണെന്ന് സ്ഥാപിക്കുകയായിരുന്നു...!
ഇപ്പോഴും ഇത്തരം സംഗതികൾ തന്നെയാണ് നടന്ന് കൊണ്ടിരിക്കുന്നത്.
സമീപ ഭാവിയിൽ നമ്മുടെ ആയുർവേദവ്വും , യോഗയും , പ്രകൃതി ജീവനവുമൊക്കെ
ഇനി പാശ്ചാത്യ സർവ്വകശാലകളിലോ, അവരുടെ നാടുകളിലോ വന്ന് അഭ്യസിക്കേണ്ട
ഒരു സ്ഥിതി വിശേഷം ചിലപ്പോൾ ഉണ്ടായി കൂടെന്നും ഇല്ല...
നമ്മുടെ നാടിന്റേതായ നന്മ നിറഞ്ഞ സകലമാന സംഗതികളും
ഇപ്പോൾ പാശ്ചാത്യർ അനുകരിച്ച് ജീവിത വ്രതമാക്കികൊണ്ടിരിക്കുമ്പോൾ ,
ഇവരുടെ ഒന്നിനും കൊള്ളാത്ത തട്ട് പൊളിപ്പൻ സംഗതികളൊക്കെ സ്വയം വാരി
വലിച്ച് എല്ലാ ജീവിത ദൂഷ്യങ്ങളും പേറി നടക്കുന്ന ഒരു വല്ലാത്ത ജനതയായി മാറി കൊണ്ടിരിക്കുന്ന
ഒരു അവസ്ഥാ വിശേഷമാണ് നമ്മുടെ പുത്തൻ ആർഷഭാരതത്തിൽ ഇന്ന് കാണാൻ കഴിയുന്നത്...!
ദേ..താഴെയുള്ള ലിങ്കുകളൊന്ന് കണ്ട് നോക്കൂ ..
യൂറൊപ്പിലെ വെജിറ്റേറിയൻ സിറ്റികൾ
യൂറോപ്പിലെ ഒരു ആയുർവേദ ഇൻസ്റ്റിറ്ട്യൂട്ട്
2014 -ലെ യൂറോപ്പിലെ 10 ബെസ്റ്റ് യോഗാ കേന്ദ്രങ്ങൾ
യൂറൊപ്പിൽ ആരംഭിച്ച പ്രകൃതി ചികിത്സാ ഡിഗ്രി ബിരുദങ്ങൾ
എന്തൊക്കെ പറഞ്ഞാലും ...
ഇപ്പോൾ സായിപ്പിന്റെയൊക്കെ
ഗോഷ്ട്ടികളായ ; പരസ്യ ചുംബനങ്ങൾ
വരെ നേടിയെടുക്കാനുള്ള ആവിഷ്കാര സമരങ്ങൾ നടത്തുന്ന , നമ്മുടെ പുത്തൻ തലമുറയുടെ ഗതികേടോർത്ത് , കാമശാസ്ത്ര കലയെ വരെ , അരച്ച് കലക്കി കുടിച്ചിട്ടുള്ള നമ്മുടെ
യൊക്കെ ആ പുണ്യ പുരാതന പൂർവികരുണ്ടല്ലോ...
ഇതൊക്കെ കണ്ട് പര ലോകത്തിരുന്ന് ലജ്ജിക്കുന്നുണ്ടാവും ..അല്ല്ലേ ... !
45 comments:
എന്റെ മിത്രം ദീപാ സന്തോഷിന്റെ കഴിഞ്ഞ ദിവസത്തെ ഒരു ഫേസ് ബുക്ക് സ്റ്റാറ്റസ്...
ദേ..നോക്കൂ
ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു ...
അവൻ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന് വേണ്ടി
അവന് കഴിക്കാൻ കാരെറ്റും , ചീരയും , മുരിങ്ങക്കായും എന്ന്
വേണ്ട സകല പച്ചക്കറിയും സൃഷ്ടിച്ചു .
ചെകുത്താൻ മാക് ഡോണൽഡും , കെ എഫ് സി യും , സൃഷ്ടിച്ചു .
ഇവരെല്ലാം കൂടെ ചിക്കൻ ഫ്രൈ ചെയ്ത് മനുഷ്യനെ തീറ്റിച്ചു .
ദൈവം ദോശയും ചമ്മന്തിയും ,ഇഡലിയും ചപ്പാത്തിയും സൃഷ്ടിച്ചു .
ആവശ്യത്തിനു മാത്രം തിന്നാൻ മനുഷ്യനോട് പറഞ്ഞു .
ചെകുത്താൻ പൊറോട്ട സൃഷ്ടിച്ചു . മനുഷ്യന്റെ ഇടയിൽ ധാരാളം വിൽക്കാൻ തട്ട്കടക്കാരെയും സൃഷ്ടിച്ചു . അവർ ചിക്കൻ ഒരേ എണ്ണ ദിവസങ്ങളോളം ഉപയോഗിച്ചു മനുഷ്യന് കൊളസ്ട്രോളിനു പുറമേ കാൻസറും സമ്മാനിച്ചു.
ദൈവം സലാഡ് സൃഷ്ടിച്ചു .
ചെകുത്താൻ മയോനൈസ് സൃഷ്ടിച്ചു . മനുഷ്യന്റെ വെയ്റ്റ് വീണ്ടും കൂടി .
ദൈവം സ്പോര്‍ട്സ് ഷൂ കൊടുത്തു മനുഷ്യനോട് ഓടാൻ പറഞ്ഞു .
ചെകുത്താൻ കേബിൾ ടി വി മനുഷ്യന് കൊടുത്തു. എണീറ്റ് ചാനൽ
മാറ്റേണ്ടി വരാതിരിക്കാൻ റിമോട്ട് കണ്ട്രോളും .മനുഷ്യന്റെ വെയ്റ്റ് കൂടി വന്നു .
ദൈവം ഉരുളക്കിഴങ്ങ് മനുഷ്യന് കൊടുത്തു - ആരോഗ്യകരമായ ഭക്ഷണം !
ചെകുത്താൻ അത് സ്ലൈസ് ചെയ്തു എണ്ണയിൽ
വറത്തു ഉപ്പും മുളകും ഇട്ട് പാക്കറ്റിൽ ആക്കി മനുഷ്യന് കൊടുത്തു .
ഒടുവിൽ മനുഷ്യന് ഹാർട്ട് അറ്റാക്ക് വന്നു .
ദൈവം ബൈ പാസ് സര്‍ജറി സൃഷ്ടിച്ചു .
ചെകുത്താൻ മൾട്ടി സ്പെഷ്യാലിടി ആശുപത്രികൾ സൃഷ്ടിച്ചു .
അതിനൊക്കെ ദൈവത്തിന്റേയും ദൈവത്തിന്റെ ശിങ്കിടികളുടെയും പേരിട്ടു ...!
###എന്നെ ഭയങ്കര വിശ്വാസമുള്ളതു
കൊണ്ട് ഭാര്യയും എന്നോടൊപ്പം വന്നിരുന്നു...!###
ഹ ഹ ഹ :)
പോസ്റ്റിലൂടെ പങ്കുവെച്ച വിവരങ്ങൾക്ക് നന്ദി മാഷേ...
ഒരിക്കൽ അവിടെ പോകണമെന്ന് തീർമാനമെടുത്തു.
naturopathy.. the way of life...
എഴുത്ത് ഭംഗിയായി... :)
പ്രകൃതി ചികില്‍സ കൊണ്ട് തടി കുറയും, ഒട്ടുമിക്ക രോഗങ്ങളും മാറിക്കിട്ടുകയും ചെയ്യും.പക്ഷേ നിത്യജീവിതത്തില്‍ തുടരാന്‍ പറ്റാത്തതിനാല്‍ വീണ്ടും പഴയതൊക്കെ തിരിച്ചു വരും.അതിനൊരു പരിഹാരം കണ്ടാല്‍ എളുപ്പമായേനെ
അറിവുപകരാന്‍ ഉതകുന്ന കുറെയേറെ വിവരങ്ങള്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് മുരളി സാര്‍.
"മുറ്റത്തെമുല്ലയ്ക്ക് മണമില്ല"എന്നാണല്ലോ ചൊല്ല്.മഹത്വം കേട്ടറിഞ്ഞ് തേടിയെത്തുമ്പോള്‍ മിടുക്കന്മാര് അതിന്റെ സത്തൊക്കെ കൈവശപ്പെടുത്തിയിരിക്കും.പിന്നെ.......................
ആശംസകള്‍
കൂട്ടുകാരനു പ്രകൃതിയിലേക്ക് കാണിച്ചുകൊടുത്ത വഴിയിലൂടെ ആശാന് ഒരു കല്യാണവുമൊപ്പിച്ചല്ലേ :)
ചിക്കനും ബര്ഗ്ഗറുമൊക്കെ ആവോളം കഴിച്ച് അടുത്ത അവധിക്കാലം വീണ്ടും ഉത്സവമാക്കൂ.....
മുരളിയേട്ടന് ലണ്ടനില്‍ താമസിക്കുന്നോണ്ട് ഞങ്ങ നാട്ടുകാരുടെ വിഷമം അറിയണ്ടല്ലോ! ഒന്നു മനസ്സറിഞ്ഞ് ചുംബിക്കാന്‍ ഇവിടെ ആകെയുള്ള ഒരു വഴി കല്യാണം കഴിച്ച് വാതിലടക്കലല്ലേ, അതോണ്ടല്ലെ ഞങ്ങ ചുംബനസമരത്തിന്റെ വഴിയെ പോകുന്നെ. എന്തായാലും തല്ലിത്തകര്ക്കുന്നത്ര ഭീകരമൊന്നുമല്ലല്ലോ പരസ്പരമിഷ്ടത്താലുള്ള ഒരു ചുംബനം ...
മാർക്ക് സായിപ്പ് “മാർഗ്ഗം“ കൂടിയ കാര്യം ഭാര്യാവതി അറിഞ്ഞിരുന്നു അല്ലേ.. വെറുതെയല്ല കൂടെപ്പോന്നത്.. ;)
ബിലാത്തിക്കാരന്റെ പതിവുശൈലിയിൽ, നമ്മുടെ സ്വന്തം പ്രകൃതിചികിത്സയുടെ ഗുണഗണങ്ങളും കൂടെ കുറെ പുതിയ അറിവുകളും പകർന്ന ഒരു പോസ്റ്റ്..
മനുഷ്യ ജീവിതത്തിന് നില നില്‍ക്കാനും സുഖമായി കഴിയാനുമുള്ളത്
പ്രകൃതിയിലുണ്ട്. എന്നാല്‍ അതു തിരിച്ചറിയാനുള്ള കഴിവ് ; പരിഷ്കാരത്തിലേക്ക്
കുതിക്കുന്നതിനിടെ നാം നഷ്ടപ്പെടുത്തി. ഇതു തിരിച്ചറിയുന്നവരാണ് പ്രകൃതി ജീവനത്തിലേക്ക് തിരിച്ചു വരുന്നത്.
പ്രകൃതി ചികിത്സ വെട്ടാത്താന് ചേട്ടന് പറഞ്ഞത് പോലെ തല്ക്കാലത്തെക്ക് മാത്രമേ പറ്റു എന്നിടത്തെക്ക് നമ്മള് ഇഷ്ടപ്പെട്ടല്ലെങ്കിലും എത്തിച്ചേര്‍ന്നിരിക്കുന്നു.
പ്രകൃതിയെ നമ്മള് കയ്യൊഴിയാന്‍ തുടങ്ങിയത് മുതല്‍ എല്ലാം യാന്ത്രികമായി കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും ഇപ്പോഴും ആശ്വാസം ലഭിക്കുന്നത് ഇത്തരം ചികിത്സകള്‍ തന്നെയാണ്.
സരസമായിത്തന്നെ ഒരുപാട് കാര്യങ്ങള്‍...
നര്‍മ്മം നിറഞ്ഞ ശൈലിയില്‍ എല്ലാവര്ക്കും ഉപകാരപ്രദമായ കുറേ വിവരങ്ങള്‍ പങ്കുവെച്ചു...
സായിപ്പന്മാര് പരസ്പരം ഉപദേശിക്കുന്നത് കേള്‍ക്കാം "യോഗ ചെയ്യൂ, മനസ്സിനും ശരീരത്തിനും ആരോഗ്യം ഉണ്ടാകട്ടെ" എന്നൊക്കെ... നമ്മള് അത് കേട്ട് "ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്നോര്‍ത്ത് ഫാസ്റ്റ് ഫുഡ് അന്വേഷിച്ച് പോകും ആരോഗ്യം നിലനിര്‍ത്താന്‍...." നമ്മുടെ പാരമ്പര്യങ്ങളൊക്കെ ഇനി ഇവരില്‍ നിന്ന് പഠിക്കേണ്ടി വരുന്നാണ് തോന്നുന്നത്. നല്ല പോസ്റ്റ് മുരളിയേട്ടാ
ആഹാ, ത്രിപ്രയാര്‍ അങിനെ ഒരു സ്ഥലമുണ്ടായിട്ടു ഞങള്‍ അറിഞില്ലല്ലൊ?
കല്യാണത്തിനു വരാന്‍ പറ്റിയില്ല ബിലാത്തിചേട്ടാ, അടുത്ത പ്രാവശ്യം ലണ്ടനില്‍ വരുമ്ബോള്‍ കാണാം .
ബിലാത്തിയിലെ വായന വല്ലാത്തൊരു അനുഭവമാണ്. ഈ പോസ്റ്റ് തന്നെ നോക്കൂ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വായനക്കാരനെ കൂടെകൂട്ടി ഈ മനുഷ്യന് എങ്ങോട്ടെല്ലാം നടത്തുന്നു.
ഇന്ന് കാശുള്ളവന് കാശു കൊടുത്തു രോഗം വാങ്ങുന്നു. പിന്നെ ഇരട്ടി കാശ് കൊടുത്ത് രോഗത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ തേടി അലയുന്നു. ഏതായാലും ഈ വിവരണം നന്നായി എന്ന് പറയാതെ വയ്യ മുരളി മാഷേ.
Super post :)..
btb, I am not a robot.. it is asking me to prove that :(
നമ്മുടെ നാടിന്റേതായ നന്മ നിറഞ്ഞ സകലമാന സംഗതികളും
ഇപ്പോൾ പാശ്ചാത്യർ അനുകരിച്ച് ജീവിത വ്രതമാക്കികൊണ്ടിരിക്കുമ്പോൾ ,
ഇവരുടെ ഒന്നിനും കൊള്ളാത്ത തട്ട് പൊളിപ്പൻ സംഗതികളൊക്കെ സ്വയം വാരി
വലിച്ച് എല്ലാ ജീവിത ദൂഷ്യങ്ങളും പേറി നടക്കുന്ന ഒരു വല്ലാത്ത ജനതയായി മാറി കൊണ്ടിരിക്കുന്ന
ഒരു അവസ്ഥാ വിശേഷമാണ് നമ്മുടെ പുത്തൻ ആർഷഭാരതത്തിൽ ഇന്ന് കാണാൻ കഴിയുന്നത്...!
100% ശരി...
അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍.
സായിപ്പ് നന്നായി. നമ്മള് പിന്നെയും കോമ്പന്‍സേറ്റ് ചെയ്ത് ലണ്ടന്കാരനായി.
മോള് ഒക്കെ സുഖമായിരിക്കുന്നുവോ?
അറിവുള്ളവർ അധികാരത്തിൽ വരുമ്പോൾ
സായിപ്പന്മാർ കേരളത്തിൽ വന്ന് നാട്ടുകാരുടെ ആരുടെയെങ്കിലും പേരിൽ സ്ഥലം വാങ്ങി നടത്തുന്ന ധാരാളം പ്രകൃതി ചികിത്സാ കേന്ദ്രങ്ങളും ഉണ്ട്. കോവളം ആണ് ഇവരുടെ മെയിൻ ആസ്ഥാനം. ആയുവേദം എന്ന പേര് മാത്രം.
ഒരു genuine സെന്ററിന്റെ പേര് തരാം. www.ayurashram.com
ഏതായാലും കല്യാണം കഴിയ്ക്കാത്ത പെണ്ണുങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾ സായിപ്പന്മാർക്ക് പറഞ്ഞു കൊടുക്കല്ലേ ഇനിയെങ്കിലും.
സായിപ്പ് പറഞ്ഞാലേ സത്യമാകൂ എന്ന് നമ്മൾ ധരിച്ചു വച്ചിരിക്കുന്നോ എന്തോ... !
വെട്ടത്താൻ ചേട്ടൻ പറഞ്ഞ പോലെ രണ്ടാഴ്ചത്തെ പ്രകൃതി ചികിത്സയും കഴിഞ്ഞു വന്നിട്ട് അത് തുടർന്നു പോകാനുള്ള മാർഗമാണ് ഇല്ലാത്തത്... :(
(അനുഭവത്തിൽ നിന്ന്.... )
ബിലാത്തിയിലെ പോസ്റ്റ് കണ്ടിട്ടു നമ്മുടെ കണ്ണ് ഇത്തിരിയെങ്കിലും തുറന്നെങ്കിൽ ...!!
പ്രിയപ്പെട്ട ഭായ്, നന്ദി.അടുത്ത തവണ ഇത്തരം സെന്ററുകളിൽ മിനിമ, 10 ദിവസമെങ്കിലും പോയി ചിലവഴിക്കുക . പിന്നെ ദിപ്പോ..ദെവ്യടെന്റെ ഭായ്..?
പ്രിയമുള്ള ഡോ:മനോജ് ഭായ്,നന്ദി.
ന്യാച്ചുറോപ്പതി നല്ലതിൽ നല്ല ചികിത്സ തന്നെ.പക്ഷേ ഫോളോ ചെയ്യാനാണ് വിഷമം..!
പ്രിയ വെട്ടത്താൻ സാർ,നന്ദി.പ്രകൃതി ചികിത്സ നിത്യജീവിതത്തിൽ പ്രാബല്ല്യത്തിൽ വരുത്തുക എന്നത് തന്നെയാണ് ഇതിന്റെ ഡ്രോബാക്ക്സ്, പ്രത്യേകിച്ച് പ്രവാസ ജീവിതവും ജോലിയും ഒന്നിച്ച് കൊണ്ട് പോകുന്നവർക്ക്...
പ്രിയമുള്ള തങ്കപ്പൻ സാർ,നന്ദി.നമ്മൾക്ക് മണം തോന്നാത്ത മുറ്റത്തെ മുല്ലകൾ മറ്റുൾലവർ ചൂടി നടക്കുന്നത് കണ്ടപ്പോഴാണ് ആയതിന്റെ മഹത്വങ്ങൾ നാം ശരിക്കും മനസ്സിലാക്കുന്നത്.. !
പ്രിയപ്പെട്ട ഗോവിന്ദ രാജ്,നന്ദി.ഇനി അടുത്ത തവണ പ്രകൃതി ചികിത്സയ്ക്ക് വരാൻ വേണ്ടിയാണ് വീണ്ടും പഴയ പടിയായത്.പിന്നെ മ്മ്ടെ നാട്ടുകാർ ഇനി ചുംബനത്തിലെങ്കിലും സ്വാശ്രയത വരുത്തട്ടേ..അല്ലേ..!
പ്രിയമുള്ള ജിമ്മി ഭായ് ,നന്ദി. അതറിഞ്ഞോണ്ടതല്ലേ അവൾ കെട്ടും പൂട്ടി എന്നോടൊപ്പം വന്നത്..!
പ്രിയപ്പെട്ട റാംജി ഭായ്,നന്ദി. നമ്മൾ പ്രവാസികൾക്ക് തൽക്കാലത്തേക്ക് പറ്റുകയുള്ളൂ എങ്കിലും , മാറരോഗങ്ങൾ വന്ന് അത് മാറി, സ്ഥിരമായി ന്യാച്ചുറോപ്പതി ഫോളൊ ചെയ്യുന്നവരും ഇപ്പോൾ ധാരളം നാട്ടിലുണ്ട്.
വളരെ ഉപകാരപ്രദവും സമകാലികപ്രാധാന്യമുള്ളതുമായ പോസ്റ്റ്.
ആശംസകൾ...
ദീപാ സന്തോഷിന്റെ പോസ്റ്റ് എത്രശരിയാണ്. പ്രകൃതിയാണ് ദൈവമെന്നും എല്ലാ മഹാന്മാരും പ്രകൃതിയോടൊത്ത് ജീവിച്ചവരാണെന്നും സുഖസൗകര്യങ്ങൾക്കുവേണ്ടി ഒരിഞ്ചുപോലും ‘വികസനത്തെ’ പിന്നോട്ടാക്കുന്ന പ്രശ്നമില്ലെന്നും മതനേതാക്കന്മാർ മാറിമാറിപറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെ രസകരമായി അവതരിപ്പിച്ചു.
പ്രകൃതി ചികിത്സയൊക്കെ കൊള്ളാം - പിന്നീട് പത്തിരട്ടിയായി കോമ്പൺസേറ്റ് ചെയ്യുന്നതാണ് കഷ്ടം.....
സരസമയ ഭാഷയിൽ പറഞ്ഞത് ഭാരതത്തിന്റെ മഹത്വം. ഈ നാടിന്റെ മഹത്വം തിരിച്ചറിയാതെ നാം അതിലും ചെറുതിനെ നമ്മുടേതാക്കാൻ ശ്രമിക്കുന്നു. ഈ നാടിന്റെ മഹത്വമറിഞ്ഞ അവർ അത് വേണ്ടവിധം ഉപയോഗപ്പെടുത്തുന്നു.
ഒരു നാടിന്റെ സംസ്കാരത്തെ വിളംബരം ചെയ്യുന്ന നല്ല പോസ്റ്റ്
പ്രിയപ്പെട്ട സുധീർദാസ്, നന്ദി.ഇതൊക്കെ മ്മ്ടെ നാട്ട് ഭാഷാ ശൈലിയല്ലേ ന്റെഭായ്.
പ്രിയമുള്ള മുബി,നന്ദി. യോഗയും, മെഡിറ്റേഷനും പിന്നെനമ്മുടെ രസവും, അവിയലും ,സാമ്പാറും ,ചുക്ക് കാപ്പിയും, കസ്തൂരാതി ഗുളികയും, ആസവങ്ങളുമൊക്കെയാണ്.. ലണ്ടൻ സായിപ്പന്മാരുടെ ഇന്ത്യൻസിന്റെ ഇഷ്ട്ടപ്പെട്ട സാധനങ്ങൾ കേട്ടൊ മുബി.
പ്രിയപ്പെട്ട സീമാ മേനോൻട,നന്ദി.ശരിക്ക് ചെമ്മാപ്പിള്ളിയാണ് ഈ ‘സ്നേഹ’ സ്ഥിതിചെയ്യുന്നത് കേട്ടൊ.അപ്പോളിനി ലണ്ടനിൽ കാണാം അല്ലേ സീമാട്ടി.
പ്രിയമുള്ള വേണുഗോപാൽ മാഷെ,നന്ദി. ഇന്ന് കാശുള്ളവന് കാശു കൊടുത്തു രോഗം വാങ്ങുന്നു. പിന്നെ ഇരട്ടി കാശ് കൊടുത്ത് രോഗത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ തേടി അലയുന്നു എന്നത് തീർത്തും വാസ്തവമായ കാര്യം തന്നെയാണ് കേട്ടൊ മാഷെ.
പ്രിയപ്പെട്ട സാബു ഭായ്,നന്ദി.
അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയമുള്ള ഋതു ,നന്ദി. നമ്മുടെ നല്ല കാര്യങ്ങളെല്ലാം അവർ ഏടുത്ത് കൊണ്ട് പോകുമ്പോൾ പകരത്തിന് നാം അവരുടെ ചീത്ത കാര്യങ്ങൾ മാത്രം ഏറ്റെടുക്കുന്നൂ...!
പ്രിയപ്പെട്ട സുകന്യാജി,നന്ദി.കോമ്പൻസേറ്റ് ചെയ്യ്യാതെ മ്ക്കൊന്നും ഒരിക്കലും ലണ്ടങ്കാരനാവാൻ പറ്റില്ലല്ലോ അല്ലേ.
പ്രിയമുള്ള ബിപിൻ,നന്ദി.സായിപ്പ് എന്നും ബുദ്ധി ഉപയോഗിച്ച് കാശുണ്ടാക്കാൻ മിടുമിടുക്കന്മാർ തന്നെയാണല്ലോ.കുറച്ച് കാലം കഴിഞ്ഞാൽ ആയുർവേദ മരുന്നുകൾ ഉല്പാദിപ്പിക്കുന്ന സകലതിന്റേയും ‘പാറ്റന്റ്‘ സായിപ്പന്മാർ കൈവശത്താക്കും ..അല്ലേ ഭായ്.
കാശിനു മുട്ടില്ലാത്ത സായിപ്പന്മാര്ക്ക് യോഗയും യോഗവുംമോക്കെയുണ്ട്.. പാവപെട്ട മലയാളികള്‍ക്ക് എന്ത് യോഗ.. ഉള്ള സമയത്ത് വല്ലതും തിന്നണം പത്തു കാശുണ്ടാക്കണം.. അത്ര തന്നെ..
തടി കൂടി കൂടി വരുന്നു.. വയര്‍ എന്നെ ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്ന് പറഞ്ഞാണ് നടപ്പ്.. ഇവിടെ ഒന്ന് പോയാല്‍ കൊള്ളാം എന്നുണ്ട്. സാമ്പത്തിക നില തകരാറില്‍ ആകുമോ എന്തോ..
അല്ല മുരളിഭായ്... നമ്മുടെ ജാക്ക് ഹിഗ്ഗിൻസിന്റെ ആരായിട്ട് വരും ഈ മാർക്ക് ഹിഗ്ഗിൻസ്...? :) ആള് കൊള്ളാമല്ലോ...
എനിക്കിപ്പോഴും വിശ്വാസം വന്നിട്ടില്ല, മുരളിഭായിക്ക് ഇത്രയും ക്ഷമയൊക്കെ ഉണ്ടോ എന്ന്... യോഗയും പ്രകൃതി ജീവനവും നടത്താനേ...
മേലനങ്ങി പണിയെടുക്കാൻ ദൈവം വിഭവങ്ങൾ തന്നു. ചെകുത്താൻ ബംഗാളികളെ തീവണ്ടി കയറ്റി കേരളത്തിലേക്ക് വിട്ടു.... :) ബൈ ദ വേ, പ്രകൃതി ജീവനം ജീവിതരീതിയാണോ അതോ ചികിത്സയാണോ? അതോ, രണ്ടാഴ്ചത്തെ ജീവിതരീതിയോ!?
വളരെ വിഞ്ജാനപ്രദം.
അതിലേറെ രസകരം.
തുടങ്ങിയാൽ അവസാനം കാണാതെ നിറുത്താൻ പറ്റില്ല. എന്നാലും ‘ശ്ശോ..’ ഇത്രവേഗം തീർന്നു പോയോന്നൊരു തോന്നലും..! ഇതെങ്ങ്നെ സാധിക്കുണൂന്റെഷ്ടാ...?
ഞാനും ഒരു പ്രകൃതി ചികിത്സയൊക്കെ ആയാലോയെന്ന് ചിന്തിക്കുകയാ...
ആശംസകൾ...
കാണാന്‍ വൈകി :)
---------------
ഒരു അസുഖം പോലും ഇല്ലങ്കിലും ഈ തിരക്കുള്ള ജീവിതത്തില്‍ ഇത്തിരി നേരം കുറെ ചീട്ടും കളിച്ചു ചുമ്മാ വെടിയും പറഞ്ഞിരിക്കാന്‍ ഒരു രസം അല്ലെ !! ഉപകരപ്രദമായ ഒരു പോസ്റ്റ് കളിയില്‍ കൂടി പറഞ്ഞതെല്ലാം കാര്യം തന്നെ ! നല്ല പോസ്റ്റ് .
ഉവ്വ്. ബിലാത്തിക്കാർക്കൊക്കെ എന്തും ആവാലോ.
ഇതൊക്കെ വായിച്ചിട്ട് മ്മള് പാവങ്ങള്‍ അങ്ങനൊക്കെ ആഗ്രഹിക്കാവൊ
വല്ലാണ്ടങ്ട് കൊളൊസ്ട്രോളിയാൽ ആ തൂമ്പായെടുത്ത് പറമ്പിലിറങ്ങി നാല് തെങ്ങുംകുഴിയങ്ങ്ട് വെട്ടും
ഹല്ല പിന്നെ ;)
പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി. അപ്പോൾ എന്റെ ഭാര്യയെ പോലെ ,കുഞ്ഞൂസ് മേമും ന്യാച്ചുറോപ്പതി പരീക്ഷിച്ച് തടികുറച്ച് ചുള്ളത്തിയായി തുടരാൻ സാധിക്കാതെ ഇരിക്കുകയാണല്ലേ...!
പ്രിയമുള്ള ഹരിനാഥ്,നന്ദി.നമ്മളാരും തന്നെ ഇപ്പോൾ പ്രകൃതിയെ തൊട്ടറിയുന്നില്ല ,അത് തന്നെയാണ് ഭായ് ഇന്നെല്ലാ പ്രശ്നങ്ങൾക്കും കാരണങ്ങൾ...!
പ്രിയപ്പെട്ട പ്രദീപ് മാഷെ,നന്ദി.നമ്മുടെ നന്മകൾ അനുകരിക്കുന്ന മിക്ക യൂറൊപ്പ്യൻസും പറയും നിന്റെ നാടും സംസ്കാരവും മഹത്തരം തന്നെയെന്ന്..പിന്നെ കൊമ്പൻസേറ്റ് ചെയ്തിലെങ്കിൽ ഞാൻ ഞാനല്ലാതാകില്ലെ ഭായ്..!
പ്രിയമുള്ള ശ്രീജിത്ത് ഭായ്,നന്ദി.രണ്ട് പേർക്ക് താമസമടക്കം സകലമാന ചികിത്സാ ചിലവുകൾക്കും 1000 രൂപയാണ് ചിലവ്. മറ്റ് ചികിത്സാ ചിലവുകളെ അപേക്ഷിച്ച് ഇത് വളരെ തുച്ഛം മാത്രം..!
പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി. ജാക്ക് ഹിഗ്ഗിൻസിന്റെ അപ്പാപ്പന്റെ മൂന്നാം പാർട്ടണറിലെ കടിഞ്ഞൂൽ സന്താനത്തിന്റെ രണ്ടാം ഭാര്യയിലെ മോനാണ് ഈ മാർക്കേട്ടൻ എന്ന എന്റെ ഗെഡി.
പിന്നെ ‘സ്റ്റാമിന‘ കുറഞ്ഞാൽ എന്നെ പോലെയുള്ളവർ എന്ത് കുന്ത്രാണ്ടങ്ങളും ചെയ്ത് അതിനെ തിരിച്ച് പിടിക്കില്ലേ എന്റെ ഭായ്..!
പ്രിയമുള്ള കൊച്ചുഗോവിന്ദൻ ,നന്ദി. പ്രകൃതി ജീവനം എന്നത് ശരിക്ക് പറഞ്ഞാൽ ഒരു ജീവിത രീതിയാണ്.മേലനങ്ങി പണിയെടുക്കാത്തവർ അനുഷ്ട്ടിക്കുന്ന ഒരു ചികിത്സാ സമ്പ്രദായമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ ഭായ്.
ഹ..ഹ. നല്ല വിവരണം. പിന്നെ നല്ല ചില വിവരങ്ങളും.. ദീപാ സന്തോഷിന്റെ ഫേസ് ബുക്ക് സ്റ്റാറ്റസും കലക്കി..
അപ്പൊ പത്തു ദിവസംകൊണ്ട് പത്തുവയസ് എളപ്പമായെന്നു പറ.
ഭാര്യ കൂടെയുണ്ടായത്ലതിന്റെ നഷ്ടം ലണ്ടന്‍കാര്‍ക്ക് തന്നെ. അല്ലേല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ മറ്റൊരു ആയുര്‍വേദ ആശുപത്രി ഉദയം ചെയ്തേനെ..
മുരളി. കുറെ നാള്‍ക്കു ശേഷമാണ് ഭൂലോകത്തെക്ക് ഒന്നെത്തി നോക്കുന്നത്. വളരെ നല്ല പോസ്റ്റ്. ഞാന്‍ ചെറിയ തോതില്‍ ടൂറിസവും മെഡിക്കല്‍ ടൂറിസവും ഒക്കെ തുടങ്ങിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ മെയില്‍ ചെയ്യാം.
hmmm... back to the nature!!
naturepothi seri pakshe dr. rajiyude kalyanakkaryam viswasikkuvan antho oru prayasm thonni. biriyaniyil kallukadichathu pole. thirontharam siliyil chothichal,seri thannade....
നല്ല രസകരമായി ഉപകാരപ്രദമായത് വിവരിച്ചു.നാട്ടില്‍ സെറ്റില്‍ ചെയ്യുംബോള് ഒന്നു പരീക്ഷിക്കണം.
വെട്ടത്താൻ കമന്റിൽ പറഞ്ഞത് പോലെ നമുക്ക് ജീവിത ശൈലി മാറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ്
പ്രകൃതി ജീവനത്തിനു തടസ്സം
പടിഞ്ഞാട്ട് പോയി പോയി ഒടുവില്‍ കിഴക്കു തന്നെ എത്തുന്നു....
രാജി ഡോക്ടറെ സമ്മതിച്ചു,,സായിപ്പിനെയും...
ഒരു നമ്പര്‍ കൊടുത്തപ്പോള്‍ ഇങ്ങനൊരു സര്‍പ്രൈസ് കൃതി കാണില്ല.ചിന്തകള്‍ക്കും അതിരുണ്ടല്ലേ
പറഞ്ഞതെല്ലാം വളരെ കൃത്യമായ നിരീക്ഷണങ്ങളാണ്
പ്രകൃതിയിലേയ്ക്കു കണ്ണ് തുറന്നെ പറ്റൂ
അത് സായിപ്പു തന്നെ കാണിച്ചു തരണം അതാ നമ്മുടെ കുഴപ്പം
പക്ഷെ സായിപ്പു വന്നാ അടിച്ചോണ്ടേ പോകൂ അത് സായിപ്പിന്റെ കുഴപ്പം
അവനങ്ങനെ തന്നെ വരണം
അല്ല പ്പിന്നെ രസകരമാണ് മുരളിഭായിയുടെ അവതരണം പച്ചപ്പ് പ്രകൃതി ജീവനത്തിന്റെ സുഖം എഴുത്തിലും മനസ്സിലും നിറച്ചു
ഞാനിവിടെ വന്നിട്ടു കുറേ നാളായി. വേറെ ചില ആക്ടിവിറ്റി കൂടി ഉള്ളതുകൊണ്ടാണെ ക്ഷമിക്കുക.പിന്നെ പോസ്റ്റിന്റ ലിങ്കും കിട്ടാറില്ല. ആയുര്‍വ്വേദമൊക്കെ ഇപ്പോള്‍ നല്ല ചെലവേറിയ ചികിത്സയാണ്. നല്ലവണ്ണം അറിയാത്തവരാണേല് ഒന്നിനുപകരം ഒന്നായി പോകും. അതുകൊണ്ട് വല്ല ഉളുക്കോ ഒടിവോ ഒക്കെ വന്നാല്‍ ആയുര്വ്വേദത്തിലോട്ട് പോണതും പേടിയാണേ.
നല്ല ലേഖനം.
പ്രിയപ്പെട്ട അശോക് ഭായ്,നന്ദി.രസകരമായ് വായിച്ചതിൽ സന്തോഷം, അല്ലാ പ്രകൃതി ചികിത്സയാണോ അതൊ ചികിത്സാലയമാണോ തുടങ്ങുവാൻ പോകുന്നത് ഭായ് ?
പ്രിയമുള്ള ഫൈസൽ ഭായ്, നന്ദി. അസുഖങ്ങളൊക്കെയും വരമ്പത്ത് വന്ന് നിൽക്കുകയാണ് ഭായ്,അപ്പോൾ പിന്നെ പ്രകൃതി ചികിത്സ തന്നെ ശരണം.
പ്രിയപ്പെട്ട ചെറുതേ , നന്ദി.കൈക്കോട്ടും ,പിക്കാസുമൊക്കെ ഇപ്പോൾ സ്റ്റാറ്റസ്കോ നഷ്ട്ട പെടുത്തുന്ന കാര്യങ്ങളാണല്ലോ ഇന്ന് അല്ലെ ഭായ്.
പ്രിയമുള്ള ബഷീർ ഭായ്,നന്ദി.വിവരണവും സ്റ്റാറ്റസ്സും ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം കേട്ടോ ഭായ്.
പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ്,നന്ദി.തിരിച്ച് വന്ന് ഒരു മാസം കൊണ്ട് ആ ചുള്ളാനിറ്റി വീണ്ടും പോയി കിട്ടി ഭായ്.
പ്രിയമുള്ള അശോക് സദൻ ഭായ്,നന്ദി. മെഡികൽ ടൂറിസം ഏറ്റവും ലാഭകരമായ സംഗതിയാണ് കേട്ടൊ ഭായ്
പ്രിയപ്പെട്ട അജിത് ഭായ്,നന്ദി.
പ്രകൃതിയിലേക്ക് വീണ്ടും തിരിച്ച് പോകുന്നു ഭായ്.
പ്രിയമുള്ള തിലകൻ,നന്ദി.അതാണ് ഭാഗ്യമുള്ള ആളോള് കേട്ടൊ ഭായ്.
പ്രിയപ്പെട്ട ജോയ് മേം,നന്ദി. നാട്ടിൽ ലീവിന് വരുമ്പോഴും വേണമെങ്കിൽ പ്രകൃതി ജീവനം നടത്താം കേട്ടൊ മേം.
മുരളി,അവിടെ നേരത്തേ ബുക്ക്ചെയ്യേണ്ടതുണ്ടോ?നെറ്റ് മുഖേനയാണൊ ബുക്ക് ചെയ്തത്? രണ്ടാഴ്ച മിനിമം താമസ്സിക്കണമെന്നുണ്ടോ? എത്രയാണ് രണ്ടു പേർക്ക് ചെലവായത്? ബുദ്ധിമുട്ടില്ലെങ്കിൽ എനിക്കൊന്നു വിശദവിവരങ്ങൾ മെയിൽ ചെയ്യാമോ?
jyo.mds@gmail.com
വളരെ രസകരമായി ഒത്തിരി അറിവുകൾ തന്നതിന് നന്ദി
അടുത്ത പ്രാവശ്യം ഒരാഴ്ചയെങ്കിലും അവിടെ തങ്ങണം.
നല്ല പോസ്റ്റ്.യോഗയും പ്രകൃതി ചികിത്സയും തിരക്കുകളിൽ എന്നും മാറ്റി വയ്ക്കപ്പെടുന്ന ഒന്നാണ്
മാരകമായ അസുഗങ്ങളിൽ നിന്നും അലോപതിയുടെ കരാള ഹസ്തങ്ങളിൽ നിന്നും ഉള്ള മോചനമാണ് പ്രകൃതി ചികിത്സ .വളരെ ഉപകാരം ഉള്ള വിവരണം തന്നതിന് നന്ദി ..
ഈ വിഷയ സംബന്ധമായി ഇനിയും എഴുതണം എന്ന് അപേക്ഷിക്കുന്നു ...
മാരകമായ അസുഗങ്ങളിൽ നിന്നും അലോപതിയുടെ കരാള ഹസ്തങ്ങളിൽ നിന്നും ഉള്ള മോചനമാണ് പ്രകൃതി ചികിത്സ .വളരെ ഉപകാരം ഉള്ള വിവരണം തന്നതിന് നന്ദി ..
ഈ വിഷയ സംബന്ധമായി ഇനിയും എഴുതണം എന്ന് അപേക്ഷിക്കുന്നു ...
Post a Comment