Tuesday, 30 September 2014

ഓർക്കുട്ട് - ഇനി ഓർക്കുക വല്ലപ്പോഴും ഓർമ്മയിൽ ... ! / Orkut - Ini Orkkuka Vallappozhum Ormmayil ... !

ഇവിടെയൊരു വിവര സാങ്കേതിക കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അജയ് മാത്യു എന്നൊരു കുടുംബ മിത്രം , 2005 -ൽ എന്റെ പേരിൽ  തുടങ്ങിയിട്ട്  , നിർജ്ജീവമായി കിടന്നിരിന്ന ,  എന്റെ  ആ പ്രഥമമായ  സൈബർ തട്ടകത്തിൽ , മൂനാല് മാസത്തിന് ശേഷം  വന്നൊന്നു നോക്കിയപ്പോൾ ഞാൻ ശരിക്കും  വല്ലാതെ അത്ഭുതപ്പെട്ട് പോയി ... !
ഭൂഗോളത്തിന്റെ പല ഭാഗത്ത് നിന്നും , എതാണ്ട് കാൽ നൂറ്റാണ്ടോളമായി  യാതൊരുവിധ ബന്ധങ്ങളുമില്ലാതെ കിടന്നിരുന്ന അമ്പതോളം വരുന്ന പണ്ടത്തെ  പല ഗെഡികളുടേയും , ഗെഡിച്ചികളുടേയുമൊക്കെ സ്നേഹാനേഷണങ്ങൾ നിറഞ്ഞ കുത്തിക്കുറിക്കലുകൾ ...

പഴയ പ്രണയിനികൾ തൊട്ട് , അന്നത്തെ ശത്രുക്കൾ 
വരെയുള്ളവർ വീണ്ടും എന്നെ  കൂട്ടാളികളാക്കാനുള്ള അപേക്ഷകൾ ...
എനിക്ക് മനം നിറയെ  സന്തോഷം ഉണ്ടാകുവാൻ
ഇതിൽ പരം എന്ത് കാരണമാണ് വേണ്ടത് അല്ലേ  ... ? !
 
വല്ലപ്പോഴും മെയ്ല് നോക്കാനും , അപേക്ഷകൾ അയക്കാനും 
മാത്രം പിള്ളേർക്ക് പഠിക്കുവാൻ  വാങ്ങി കൊടുത്ത ഡെസ്ക്ടോപ്പിൽ എത്തി നോക്കാറുള്ള ഞാൻ , പിന്നീട് ഒഴിവുള്ള സമയമൊക്കെ കമ്പ്യൂട്ടർ ടേയ്ബളിന്റെ
മുന്നിൽ തപസ്സ് ചെയ്യുവാൻ തുടങ്ങി. എന്നെ അന്നൊക്കെ വീട്ടിൽ കയറില്ലാതെ കെട്ടി
പൂട്ടിയിട്ട ആ സൈബർ തട്ടകമായിരുന്നു “ഓർക്കുട്ട് ‘ എന്ന സൌഹൃദക്കൂട്ടായ്മാ വേദി ...!

ഒരു പക്ഷേ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലൊന്നായ
‘ഓർക്കുട്ട്’ ലഹരി ഇല്ലായിരിന്നുവെങ്കിൽ , ഞാനൊക്കെ ഈ ലണ്ടൻ
പട്ടണത്തിലെ ഏതെങ്കിലും  ഒരു മൂലയിൽ ഒതുങ്ങി കൂടി , ടായം കളിച്ച് കൂടുതലാരാലും അറിയപ്പെടാതെ ചുരുങ്ങി പോകേണ്ട ഒരുവനായിരുന്നു..!

ഇത് കേട്ടാൽ  തോന്നും ഞാൻ വല്ല ഡ്യൂപ്ലിക്കേറ്റ് -
എം.ടി യോ , കപിൽ ദേവോ ,  മമ്മൂട്ടിയൊ മറ്റോ ആണെന്ന് ...!
ഇതൊന്നു മല്ലെങ്കിലും സ്വയം കുറെ തിരിച്ചറിവുകൾ നേടാനും ,
പുറമേയുള്ളവർക്ക് എന്നെ അറിയിപ്പിക്കപ്പെടാനും ഈ ഓർക്കുട്ട് തട്ടകമാണ്
ഞാനടക്കം ഒരുപാട് പേർക്ക് വേദിയൊരിക്കി കൊടുത്തിരിക്കുന്നത് ...

പ്രത്യേകിച്ച് മലയാളികൾക്ക്.
എന്തുകൊണ്ടെന്നാൽ  ബ്രസീലുകാർക്ക് ശേഷം ,
ഈ സൈറ്റിൽ രണ്ടാം സ്ഥാനക്കാർ ഇന്ത്യക്കാരായിരുന്നു,

അതിൽ 41  % മലയാളി സമൂഹത്തിന്റെ  ആട്ടക്കലാശങ്ങളായിരുന്നു
മൂനാലുകൊല്ലം മുമ്പ് വരെ , ഈ സൈറ്റിൽ അരങ്ങേറി കൊണ്ടിരുന്നത് ..!

 
വളരെ ഈസിയായി പസ്പരം
ക്ഷണിക്കപ്പെട്ട് ഓർക്കുട്ടിൽ അംഗമാകുന്നതിനും , ഗ്രൂപ്പുകളിൽ ചേരുന്നതിനും പുറമേ എന്ത് വിശേഷങ്ങളും , ഫോട്ടോകൾ സഹിതം ചടുപിടുന്നനെ അന്നത്തെ കാലത്ത്  ഗൂഗിൾ ഒരു ചിലവും കൂടാതെ , മലയാള ഭാഷയിൽ പോലും നടത്താനുള്ള ക്രമീകരണങ്ങൾ ഈ ഓർക്കുട്ടിൽ ഒരുക്കി കൊടുത്തിരുന്നതും ഒരു അഡ്വന്റേജ് തന്നെയായിരുന്നു..

ഒപ്പം തന്നെ അന്ന് മലയാളികൾക്കിടയിൽ കൂണ് പോലെ
മുളച്ച് പൊന്തിയ  ഗൂഗിളിന്റെ ബ്ലോഗ് സ്പോട്ടിലെ തട്ടകങ്ങളുടെ
പരസ്യ പലകകളും , ഈ ഓർക്കുട്ടിൽ  നാട്ടാം പറ്റും എന്നുള്ള മഹിമയും ,
കൂടാതെ കൂടുതലും പ്രവാസ വാസികളായ മലയാളികൾക്കും , അവരവരുടെ
ബന്ധുമിത്രാധികൾക്കും എല്ലാ വിശേഷങ്ങളും അപ്പപ്പോൾ തന്നെ പരസ്പരം
ചിലവേറിയ ഫോൺ വിളിയും, എഴുത്ത് കുത്തുകളുമില്ലാതെ സുഗമമായി നടത്താമെന്ന സൌക്യരവും ഈ സോഷ്യൽ മീഡിയ നെറ്റ് വർക്കിങ്ങിലൂടെ സാധിച്ചതിന് പുറമേ , മറ്റെല്ലാ മലയാള സാഹിത്യ -സാംസ്കാരിക-മത -രാഷ്ട്രീയ-നാട്ട് കൂട്ടങ്ങളുടെ കൂടി ചേരലുകളും ഉണ്ടായതും ഈ ഓർക്കുട്ട് ലഹരി നുണയുവാൻ ഏവരേയും ആകർഷിപ്പിച്ച ഒരു മുഖ്യ കാരണം തന്നെയായിരുന്നൂ ...
.
പക്ഷേ നമ്മ മലയാളീസ് ലോകത്ത് എന്ത് പുത്തൻ സാധനം കണ്ടാലും , അതും പൊക്കി പിടിച്ച് നടുവേ ഓടുമെങ്കിലും , വേറൊന്ന് കണ്ടാൽ അതിനെ താഴെയിട്ട്  , മറ്റേത് പൊക്കി പിടിച്ച് ഓടുന്ന ജന്മ സ്വഭാവമുള്ളവരാണല്ലോ അല്ലേ  ...!

അതുകൊണ്ടിപ്പോൾ സോഷ്യൽ നെറ്റ് വർക്ക് മീഡിയകളിൽ ബാലപാഠങ്ങൾ  പഠിച്ച് , അവയൊക്കെ , എങ്ങിനെ , എവിയൊക്കെ വിന്യസിക്കാമെന്ന് കരസ്ഥമാക്കി തന്ന , ആ ഓർക്കുട്ടിനെ ; ഓർമ്മയിൽ നിന്നും സ്കൂട്ടാക്കി , പുത്തൻ  മേച്ചിൽ പുറങ്ങളിൽ മേഞ്ഞ് നടക്കുകയാണ് അന്നത്തെ ആ ഓർക്കുട്ട് കൂട്ടുകാരെല്ലാവരും തന്നെ...!


പ്രായഭേദമന്യേ കഴിഞ്ഞ നൂറ്റാണ്ടിൽ പിറന്നുവീണ ഒരു ജനതയിലെ
പലരേയും  സൈബർ ഇടങ്ങളിൽ ആദ്യമായി അരങ്ങേറ്റം കുറിപ്പിച്ച ഒരു വേദി
അങ്ങിനെ ഇല്ലാതായിരിക്കുകയാണ്...
അതായത് ഗൂഗിളിന്റെ കടിഞ്ഞൂൽ സന്താനങ്ങളിൽ ഒന്നായ - ഓർക്കൂട്ട് .ഓർത്ത്
വെക്കുവാൻ ഒരു പിടി ഓർമ്മകളുമായി , ആ തലമുറയിലെ പലർക്കും പ്രഥമമായി
സൈബർ വിസ്മയങ്ങൾ ആടി  തകർക്കുവാൻ വേദിയായ ഒരു ഇടം , മറ്റൊരോർമ്മയുടെ മറവിയിലേക്ക് മറഞ്ഞു പോയിരിക്കുയാണ്...

ഏതാണ്ട് പത്ത് കൊല്ലങ്ങൾക്ക് മുമ്പ് ഇന്നത്തെ പോലെയുള്ള സോഷ്യൽ നെറ്റ് വർക്കുകൾ ആരംഭം കുറിച്ച വേളയിൽ , സ്വന്തം തട്ടകത്തേക്ക് , ആളുകളെ ആകർഷിക്കുവാൻ വേണ്ടി അന്നത്തെ പേരെടുത്ത ‘ഫ്രെണ്ട്സ്റ്റർ‘ , ‘മൈ സ്പേയ്സ് ‘ മുതൽ സൈറ്റുകളെ വിലക്കെടുക്കുവാൻ ,  ഗൂഗിൾ ഒന്ന് മുട്ടി നോക്കിയെങ്കിലും , ആയത് കിട്ടാത്ത മുന്തിരിയാണെന്ന് കണ്ടപ്പോൾ ...
‘ഓർക്കുട്ട് ബോയുക്കോക്ട്ടൻ ( Orkut Boyukkokten ) എന്നൊരു  ഐ.ടി .ചുള്ളനെ , ഇത്തരം ഒരു നെറ്റ് വർക്ക് സൈറ്റ് ഉണ്ടാക്കുവാൻ ഗൂഗിൾ ഏല്പിച്ചു..

ഈ ഓർക്കുട്ടേട്ടൻ എന്ന കമ്പ്യൂട്ടർ തലയൻ ...,
അങ്ങിനെ മറ്റുള്ള ഇത്തരം സൈറ്റുകളോട് കോമ്പിറ്റ് ചെയ്യുവാൻ വേണ്ടി , ഗൂഗിളിന് വേണ്ടി ഉണ്ടാക്കി കൊടുത്ത പ്രൊഡ്ക്റ്റാണ് ഇമ്മടെ
ഈ ഓർക്കുട്ട് - ഗൂഗിളിന്റെ ആദ്യത്തെ സോഷ്യൽ നെറ്റ് വർക്ക് മീഡിയാ വേദി...!

അതായത് മറ്റുള്ളവർക്ക് മെയിലയച്ച് ക്ഷണിച്ച് വരുത്തി കൂട്ടുകാരാക്കി  കൊണ്ട് നടക്കാവുന്ന ഈ ഓർക്കുട്ട് എന്ന സോഷ്യൽ നെറ്റ് വർക്ക് തട്ടകം , അങ്ങിനെ 2004 ജനുവരി 24-ന് പബ്ലിക്കിനായി തുറന്നു കൊടുത്തു...
പിന്നീട് മൂനാലഞ്ച് കൊല്ലം സോഷ്യൽ മീഡിയ നെറ്റ് വർക്കുകളിൽ  ലോകം മുഴുവൻ  ഗൂഗ്ഗിൾ  തറവാടിന്റെ അഭിമാനം കാത്ത് ഓർക്കുട്ട് വളരുക തന്നെയായിരുന്നു...!

സഹോദര സ്ഥാനിയരായി എത്തിയ  യു-ട്യൂബും , ബസ്സും , പ്ലസ്സും,
ബ്ലോഗ്ഗറുമെല്ലം - ഈ ഗൂഗിൾ തറവാട്ടിൽ ഏതാണ്ട് ഒറ്റക്കെട്ടായി നിന്ന്
തന്നെ ഈ ഓർക്കുട്ടന്റെ  വളർച്ചക്ക്  സകല വിധ പ്രോത്സാഹനങ്ങളും നൽകി...

പക്ഷേ ന്യൂ -ജെൻ  പ്രാവീണ്യങ്ങളുമായി ‘ഫേസ് ബുക്ക്‘ ,‘ട്വിറ്റർ‘
മുതലായ അനേകം  സൈറ്റുകൾ , ഓർക്കുട്ടെന്ന പഴമുറക്കാരനെ പിൻ തള്ളി -  പരോക്ഷമായി ബ്ലോഗർ , യു-ട്യൂബ്,  മൈ സ്പേയ്സ് മുതലായവയുമായി കൈ കോർത്ത് മുന്നേറിയപ്പോൾ , ഓർക്കുട്ടന് ബലക്ഷയം വന്നു തുടങ്ങിയെങ്കിലും , ബ്രസീലുകാരും , ഭാരതീയരുമൊക്കെ കൂടി അവന് നല്ല സപ്പോർട്ട് കൊടുത്ത് കൊണ്ടിരുന്നൂ...
.പിന്നീട് പല സപ്പോർട്ടേഴ്സും മെല്ലെ മെല്ലെ ഈ ഓർക്കുട്ടനെ പരിഗണിക്കാതായി വന്നപ്പോൾ , തീരെ അവശനായ ഓർക്കുട്ടനെ തറവാട്ടുകാർ തന്നെ ദയാവദത്തിന് വിധേയനാക്കി. അങ്ങിനെ പതിനൊന്നാം പിറന്നാളിന് കാത്ത് നിൽക്കാതെ 2014  സെപ്തംബർ 30 ന് ഈ ഓർക്കുട്ടൻ ഇഹലോകവാസം വെടിഞ്ഞു .!
ഇനി വല്ലവരും ഏതെങ്കിലും ഡാറ്റകൾ അവരുടെ ഓർക്കുട്ടിൽ
വെച്ച് പൂട്ടി പുറത്തെടുക്കുവാൻ  മറന്നിട്ടുണ്ടെങ്കിൽ ഇനി രണ്ട് കൊല്ലത്തിനുള്ളിൽ
കൂടി അവ പുറത്തെടുക്കുവാൻ കൂടിയുള്ള സൌകര്യം ഗൂഗിൾ  ഓർക്കുട്ട് ബ്ലോഗ്ഗിൽ ഒരുക്കിയിട്ടുണ്ട് ..


സൈബർ ലോകത്തിലെ
ഒരു ടിപ്പ് ചുള്ളത്തിയായ , ഇന്ന് മധുരപ്പതിനേഴിന്റെ മുന്നിൽ വന്ന്
നിൽക്കുന്ന ഗൂഗിൾ സുന്ദരിക്ക് പിന്നാലെ അവരുടെ ഫേമിലിയിൽ സോഷ്യൽ മീഡിയാ രംഗത്ത് ആദ്യമായി ജന്മം കൊണ്ട നമ്മുടെയെല്ലാം ,  പ്രിയപ്പെട്ട ഓർക്കൂട്ട് കുട്ടൻ വെറും ബാല്യ ദശ കഴിയും മുമ്പേ നമ്മളെയെല്ലാം വിട്ട് പിരിഞ്ഞ് പോകുമ്പോഴുള്ള സങ്കടം , ഇവനോടൊപ്പം ഈ രംഗത്ത് കളിച്ചു വളർന്ന ഏവർക്കുമുണ്ട് .

ഒരു പതിറ്റാണ്ട് കാലം സോഷ്യൽ നെറ്റ് വർക്ക് മീഡിയ രംഗത്ത്
നിറഞ്ഞാടിയ ശേഷം ,  അരങ്ങൊഴിഞ്ഞ് പോകുന്ന ഞങ്ങളുടെയെല്ലം
പ്രിയപ്പെട്ടവനായ ഈ ഓർക്കുട്ടന് എല്ലാവിധ സ്നേഹവായ്പ്കളുമടങ്ങിയ
ബാഷ്പാജ്ഞലികൾ അർപ്പിച്ച് കൊണ്ട് ഒരു അസ്സലൊരു ഹാറ്റ്സ് ഓഫ് ...
ഗുഡ് ബൈ ... ഓർക്കുട്ട് ... ബൈ ... ബൈ ...
 

33 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

2006 -ന്റെ തുടക്കം മുതൽ ‘ഓർക്കുട്ടി'ൽ
കൂടിയാണ് ഞാൻ ആദ്യമായി സോഷ്യൽ മീഡിയ
നെറ്റ് വർക്കുകളിൽ പണി പഠിക്കുവാൻ തുടങ്ങിയത്...
പിന്നീട് അജയ് എനിക്ക് ‘വരമൊഴി’ കീമാൻ ഡെസ്ക്ടോപ്പിലേക്ക്
ആക്കി തന്നെങ്കിലും മലയാളം അടിച്ച് അഭിപ്രായമൊന്നും കാച്ചാൻ കഴിഞ്ഞീല്ലെങ്കിലും ,ഓർക്കൂട്ട് മുഖാന്തിരം ഒന്നിൽ നിന്നും ഒന്നൊന്നായി
അന്നത്തെ പല ബൂലോഗ പുലിമടകളിൽ കയറിയിറങ്ങിപ്പോൾ ഞാൻ അവരിൽ
ചിലരുടെ ‘ഫാൻ‘ ആയി മാറി..!

ഇവരെയെല്ലാം നന്നായി ഊറ്റികുടിച്ച ശേഷം
പിന്നീട് രണ്ടരകൊല്ലം കഴിഞ്ഞിട്ടാണ് 2008 അവസാനമാണ്
ഞാൻ ബൂലോഗ പ്രവേശം നടത്തിയത്..എന്നിട്ടും അവരുടെയൊന്നും
കഴിവുകളുടെ ഏഴയലക്കത്ത് പോലും എനിക്കെത്താൻ സാധിച്ചിട്ടില്ല ...!

കഴിഞ്ഞ മാസം ആയതിൽ പലരുമായി
നേരിട്ട് നാട്ടിൽ വെച്ച് ഇടപഴകുവാൻ സാധിച്ചു.
ഞാൻ അന്നേ നമിച്ചിരിന്ന ‘നമത്’ ആയിട്ടും, ‘കാളിയംബി’
യായിട്ടും ഇന്ന് പകൽ മുഴുവൻ ഒരുമിച്ചിരുന്ന് സല്ലപിക്കുവാനും സാധിച്ചു...!

ഇവരെയെല്ലാം എന്നിലേക്കടുപ്പിച്ച
എന്റെ പ്രിയപ്പെട്ട ‘ഓർക്കുട്ട്’- ന് നന്ദി.... ഒപ്പം വിട..!

Good Bye ... Orkut... Bye ..Bye ..!

Joselet Joseph said...

അതെ മുരളിയേട്ടാ,
ആദ്യമായി ഓര്‍ക്കുട്ട് എന്ന സംഭവം കാണുകയും അതില്‍ കൂട്ടുകാരെ കണ്ടെത്തുകയും ചെയ്തപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. അതിനുശേഷം പല വമ്പന്മാരും സോഷ്യല്‍ നെറ്റ്വര്‍ക്ക് കീഴടക്കിയെങ്കിലും തറവാടിനോടുള്ള സ്നേഹബഹുമാനങ്ങള്‍ ഉള്ളിലുണ്ട്.

vettathan said...

ഇത് ലോക നീതി.പഴയതെല്ലാം പുതുമയ്ക്ക് വഴിമാറിക്കൊടുക്കേണ്ടി വരുന്നു.ലോകജനതയെ സൌഹൃദക്കൂട്ടായ്മകളുടെ ലഹരി നുണയിച്ച ഓര്‍ക്കൂട്ടിന് ആദരാഞ്ജലികള്‍

മൻസൂർ അബ്ദു ചെറുവാടി said...

എനിക്കിതിൽ അത്ര സുരഭില സുന്ദര ഓർമ്മയൊന്നും ഇല്ലാത്തോണ്ടാവും അത്ര വല്യ സങ്കടൊന്നും ല്ല്യ . ന്നാലും കുറച്ച് സ്ക്രാപുകൾ സ്നേഹമുള്ള പ്രേതങ്ങളായി എന്നെ തേടി വന്നെന്ന് വരും . അവരെ ഞാൻ ഏത് പാലയിൽ കെട്ടിയിടുമോ ആവോ .

പട്ടേപ്പാടം റാംജി said...

ഓർക്കുട്ടേട്ടന്റെ ചരിത്രവും സംഭവങ്ങളും അടക്കം ദയാവധവും കഴിഞ്ഞു അല്ലെ. ഇവിടെ ഈ സംഭവം നിരോധിച്ചിരുന്നതിനാൽ ഇവൻ ആരാണെന്നൊ എന്താണെന്നൊ അറിയാത്തതിനാൽ കേട്ട് പരിചയം വെച്ച് മനസ്സിലാക്കി.

Pradeep Kumar said...

ഈ ഓർക്കൂട്ടു കൂട്ടുകാരനുമായി എനിക്ക് യാതൊരു ഇടപാടും ഉണ്ടായിരുന്നില്ല. ഇതൊക്കെ വായിച്ചപ്പോൾ ആ നല്ല കാലത്ത് ബൂലോകത്ത് വരാതിരുന്നതിൽ ചെറിയൊരു നഷ്ടബോധം .....

© Mubi said...

ഓര്‍ക്കൂട്ടിന് വിട... ഒരു ചെറിയ സങ്കടമൊക്കെയുണ്ട് മുരളിയേട്ടാ...

Sudheer Das said...

ശരിക്കും... എനിക്കൊരു സുഹൃത്താണ് ഓര്‍ക്കുട്ടില്‍ പ്രൊഫൈല്‍ ഉണ്ടാക്കിതന്നത്. ആരും അറിയാതെ ആദ്യം ഞാന്‍ തിരഞ്ഞത് ഒരുകാലത്ത് കണ്ണുകള്‍കൊണ്ടു മാത്രം പ്രണയിച്ചിരുന്ന കോളേജ് ക്ലാസ്സ്‌മേറ്റിനെയായിരുന്നു. കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷെ അധികം വൈകാതെ എനിക്ക് അവളുടെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടി. അവളും ആദ്യം തിരഞ്ഞത് എന്നെയായിരുന്നൂത്രെ. ഞാനിത്രയധികം സന്തോഷിച്ച ഒരു ദിവസം. ആ സൗഹൃദം ഇപ്പോഴും തുടരുന്നു. മറക്കാനാവില്ല മുളിയേട്ടാ ഓര്‍ക്കുട്ടിനെ...

വീകെ said...

ആദ്യം സൈബർ ലോകത്ത് എന്റെ പേര് വന്നത് ഓർക്കൂട്ടിലൂടെയാണ്. പക്ഷേ, പിന്നെ ഞാനത് മറന്നു. അതൊരു കൊടും ചതി ആയിപ്പോയെന്ന് ഇപ്പോൾ നഷ്ടപ്പെട്ടപ്പോഴാണ് അറിയുന്നത്. ആ നന്ദികേടിന് ഞാൻ മാപ്പ് ചോദിക്കുന്നു...

ചന്തു നായർ said...

ഹാറ്റ്സ് ഓഫ് ...
ഗുഡ് ബൈ ... ഓർക്കുട്ട് ... ബൈ ... ബൈ ...

ഫൈസല്‍ ബാബു said...

ഇവിടെ സൌദിയില്‍ ബാന്‍ ആയത് കൊണ്ട് ഓര്‍ക്കൂട്ട് ഇത് വരെ അറിഞ്ഞിട്ടില്ല :) എന്നാല്‍ ഓര്‍കൂട്ടിനെ കുറിച്ച് കൌതുകപൂര്‍വ്വം വായിച്ചിട്ടുണ്ട് ,, കുറെ ഓര്‍മ്മകള്‍ അല്ലെ ,, നല്ല പോസ്റ്റ്‌ .

pravaahiny said...

ഞാനും ഓര്‍ക്കുട്ടില്‍ കൂടിയാണ് സോഷ്യല്‍ സൈറ്റുകളില്‍ എത്തുന്നത്‌ . ഓര്‍ക്കുട്ടിന്‍റെ ആ രാജകീയ കാലം അതൊന്നു വേറെ തന്നെയായിരുന്നു സ്നേഹത്തോടെ പ്രവാഹിനി

ചെറുത്* said...

നാനും നാനും....!

എങ്ങനെ? എപ്പോ? എന്നൊന്നും ഓർമ്മയില്ലെങ്കിലും മെയിൽ ചെക്ക് ചെയ്യാൻ മാത്രം നെറ്റിൽ കയറിയിരുന്നത് മാറി ലെൻസിൻ_റെ പവറ് കൂട്ടേണ്ട അവസ്ഥ വരെ കൊണ്ടു ചെന്നെത്തിച്ചത് ഓർക്കൂട്ട് തന്നെയായിരുന്നു. പിന്നീടത് യു എ ഇ ബ്ലോക്ക് ചെയ്തതോടെ ആ വെടീം പൊകേം തീർന്നു. എന്തായാലും ആദ്യമായി ഓർക്കൂട്ടിൽ ഞാനറിയാത്ത ഒരാൾ സുഹുത്തായി. ഇന്നിപ്പൊ ആ ആദ്യത്തെ ആൾ ഒഴിച്ച് ബാക്കി നാനൂറിലധികം പേരുമായും ഒരു കൂട്ടും ഇല്ലാതായിരിക്കണു ;) 

(സ്വവാവം അന്നും ഇങ്ങനൊക്കെ തന്നായിരുന്നേ ) ലതാണ്!

Sabu Hariharan said...

വന്ന വഴി മറക്കരുത് - അല്ലെ? ..ഈ പോസ്റ്റിന്റെ വില ഇനി ഒരു 10 വർഷം കൂടി കഴിഞ്ഞിട്ടാവും അറിയുക..അപ്പോൾ ഒന്നു കൂടി വായിച്ചു നോക്കുക :)

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യമായി സൈബർ
ലോകത്ത് ഒരു മലയാളി
സൌഹൃദക്കൂട്ടായ്മാ വേദി
ഉടലെടുത്ത , നമ്മുടെയെല്ലം ആ
പ്രിയപ്പെട്ട ഓർക്കുട്ടിന് ബാഷ്പാജ്ഞലികൾ അർപ്പിക്കുവാൻ ഇവിടെ എത്തിച്ചേർന്ന ഏവർക്കും വണക്കം...

പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ്,നന്ദി.അതെ നമ്മൊളൊക്കെ പിച്ചവെച്ച് ഓടിക്കളിച്ച് വളർന്ന ആ തറവാട് മുറ്റത്തെ ഒരു കളിക്കളമാണ് മെല്ലെ ഇല്ലാതായി പോയത്...!

പ്രിയമുള്ള വെട്ടത്താൻ സർ, നന്ദി. അതെ ലോക നീതി എന്തായാലും നടപ്പായെ തീരൂ ..അല്ലേ സർ.

പ്രിയപ്പെട്ട മൻസൂർ ഭായ്, നന്ദി. ആ സ്നേമുള്ള പ്രേതങ്ങളൊക്കെ തനി വേതാളങ്ങളായി ജീവിതകാലം വരെ നമ്മുടെയൊക്കെ തോളിൽ തന്നെയുണ്ടാകും കേട്ടൊ ഭായ്.

പ്രിയമുള്ള റാംജി ഭായ്, നന്ദി.സൌദിയിൽ നിന്നും പണ്ടെ ഈ ഓർക്കുട്ടനെ പടിയടച്ച് പിണ്ഡം വെച്ചത് നന്നായി, അല്ലേങ്കിൽ ഇതിന്റെ നൊസ്റ്റാൾജിയ കൂടി ചുമക്കേണ്ടി വന്നേനെ അല്ലേ ഭായ്.

പ്രിയപ്പെട്ട പ്രദീപ് മാഷെ,നന്ദി.ആ കാലഘട്ടത്തിൽ വിശേഷങ്ങൾ പങ്കുവെക്കുവാൻ , പ്രവാസികളും അവരുടെ ബന്ധുമിത്രാധികളുമാണ് കൂടുതലും ഈ വേദി കീഴടക്കി കൊണ്ടിരുന്നത്...

പ്രിയമുള്ള മുബി,നന്ദി.കാലത്തിന്റെ പുരോഗമനത്തിനനുസരിച്ചുള്ള ഒരു വഴി മാറി കോടുക്കൽ മാത്രമാണല്ലോ ഈ വിട പറയൽ അല്ലേ മുബി.

പ്രിയപ്പെട്ട സുധീർദാസ്,നന്ദി.നമ്മളോക്കെ മറവിയിലേക്കാനയിച്ച പണ്ടത്തെ പല ഉത്തമ മിത്രങ്ങളായിരുന്നവരേയും ,വീണ്ടും ഈ ഓർക്കുട്ട് തട്ടകതിൽ വെച്ച് കണ്ട് മുട്ടി ,ആ സൌഹൃദം പുതുക്കിയെടുക്കുമ്പോഴുണ്ടാകുന്ന സന്തോഷം തന്നെയായിരിന്നു ഓർക്കുട്ടിന്റെ ഏറ്റവും വലിയ അഡ്വന്റേജ് അല്ലേ ഭായ്.

പ്രിയമുള്ള അശോകൻ ഭായ്,നന്ദി.ഏതൊരു സംഗതിയും തീർത്തും നഷ്ട്ടപ്പെടുമ്പോഴാണ് ആ നഷ്ട്ടബോധം നാം ശരിക്കും തിരിച്ചറിയുക അല്ലേ ഭായ്.

Cv Thankappan said...

ഓര്‍ക്കൂട്ട് ഒഴിഞ്ഞു മറഞ്ഞു......
ഇനി എന്നാണാവോ അടുത്തതിന്‍റെ.....
ആശംസകള്‍

തൃശൂര്‍കാരന്‍ ..... said...

ഞാന്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് തുടങ്ങിയ സമയത്ത് തന്നെ ഓര്‍ക്കുട്ടിനെ കൂടെ കൂട്ടിയിരുന്നു. അന്ന് അതൊരു ഹരമായിരുന്നു..ആദ്യപ്രണയവും, ചെറിയ സൌഹൃദങ്ങളും എല്ലാം പടര്‍ന്നു പന്തലിച്ചത് ഓര്‍കുട്ടിലൂടെ ആയിരുന്നു. അന്ന് ചാറ്റ് ഉണ്ടായിരുന്നില്ല എന്നാണു എന്റെ ഓര്‍മ, യാഹൂ ചാറ്റ് ആയിരുന്നു ഉപയോഗിച്ചിരുന്നത്.. പിന്നെ ഓര്‍കുട്ടിലെ സ്ക്രാപ്പുകള്‍ പ്രൈവറ്റ് അല്ലാത്തതുകൊണ്ട് ഓര്‍ക്കുട്ട്നും, പ്രണയത്തിനും വേണ്ടി മാത്രം ഉണ്ടാക്കിയ കോഡ് ഭാഷ, ഒരു സ്ക്രാപ്പ് അയച്ചിട്ട് അതിനു മറുപടി കാത്തിരിക്കുന്ന മണിക്കൂറുകളുടെ ഉള്പുളകങ്ങള്‍... ഓര്‍ക്കുട്ടും, ആദ്യ പ്രണയവും ഇനി ഓര്‍മ്മകള്‍ മാത്രം..ചില സൌഹൃദങ്ങളും..

mini//മിനി said...

അതൊരു സംഭവം തന്നെയായിരുന്നു,, ഓർക്കുട്ട് എന്ന സൈബർ തട്ടകം... അടുക്കളയിൽ ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ട എന്നെപ്പോലുള്ളവർക്ക് വെളിയിൽ പറന്നുനടക്കാനുള്ള തട്ടകം.. ഹോ,, ഒർക്കുട്ട്,, ഓർമ്മയുടെ കൂട്ട്.. ഏതാനും ദിവസം മുൻപ് ഓർക്കുട്ടിൽ കയറിയിട്ട് എന്റെ വകയായി പോസ്റ്റ് ചെയ്ത ഫോട്ടോകളെല്ലാം കോപ്പി ചെയ്ത് സിസ്റ്റത്തിന്റെ ഒരു മൂലയിൽ സൂക്ഷിച്ചു. ഇനി വിടചൊല്ലാം,,, പിന്നെ ഒരു സംശയം,,, ഇനിയെന്നാ ഈ ഫെയ്സ്‌ബുക്കൊക്കെ അടക്കുന്നത്?

ajith said...

ഓര്‍ക്കുട്ട് എന്നൊരു ഓര്‍മ്മക്കൂട്ട്!!

ഫേസ് ബുക്കിന് വില്ലനായിട്ട് “എല്ലോ”ന്ന് ഒരുത്തന്‍ വരണ്ണ്ടത്രെ! നോക്കട്ടെ!!

Aarsha Abhilash said...

Ring out the old,
Ring in the new..... still orkut s a nostalgia :)

Philip Verghese 'Ariel' said...

മുരളീ ഭായ്,
ഒട്ടു മിക്ക സുഹൃത്തുക്കളുടേയും ആദ്യ തട്ടകമായ ഓർക്കുട്ടിനുള്ള
ചരമഗീതം നമ്മുടെ ഭായ് നന്നായി അവതരിപ്പിച്ചു. പലർക്കും
നിരവധി മധുരസ്മരണകൾ അയവിറക്കാൻ ഈ കുറി ഉപകരിക്കും
അതേ നമ്മുടെയെല്ലാം ആദ്യ തട്ടകം. ഗൂഗിൾ ഇതിനു മുൻപും
അവരുടെ പല പ്രോടക്ടുകൾക്കും ഷട്ടർ ഇട്ടിട്ടുണ്ട്, എന്തായാലും
അനേകം സോഷ്യൽ സൈറ്റുകൾ ഉടലെടുത്തതോടെ ലാഭം കൊയ്യാൻ
കഴിയാതെ വന്ന ഗൂഗിൾ അവസാനം ആ തീരുമാനത്തിൽ എത്തി.
ഈ കുറിയിൽ ഓർക്കുട്ടിനെപ്പറ്റി കുറേക്കാര്യങ്ങൾ കൂടി അറിവാൻ ഇടയായി. ഭായ് അതെല്ലാം ചിത്രങ്ങൾ സഹിതം ഭായിയുടെ തനതായ
ശൈലിയിൽ ഇവിടെ അവതരിപ്പിച്ചു, കൂട്ടത്തിൽ ഈയുള്ളവൻറെ കുറിപ്പും
മറക്കാതെ ചേർത്തു കണ്ടതിൽ പെരുത്ത സന്തോഷം. നന്ദി
വീണ്ടും കാണാം
അപ്പോൾ എല്ലാ പറഞ്ഞതുപോലെ അല്ലെ!! യേത്!
നല്ലൊരു വാരാന്ത്യം നേരുന്നു
ആശംസകൾ
ps: @അജിത്‌ ഭായ് ഈ യെല്ലോ ആളൊരു വില്ലനാകാൻ സാദ്ധ്യത ഉണ്ടല്ലേ! പേരുപോലും അത് വിളിച്ചറിയിക്കുന്നു്! പക്ഷെ അവിടെക്കേറിക്കൂടാൻ invitation വേണം പോലും ഇന്നലെ ഞാനോന്നയച്ചു പക്ഷെ ഇതുവരെയവരുടെ മറുപടി കിട്ടിയിട്ടില്ല ! എന്തിനാണോ ആവോ ഈ restrictions!

Philip Verghese 'Ariel' said...

ഭായിയുടെ ഈ കുറിപ്പ് ഇന്നാണ് കണ്ടത്
എന്റെ കഴിഞ്ഞ കുറിപ്പിൽ അനുബന്ധമായി ഈ കുറിപ്പിനെപ്പറ്റി രണ്ടു വരി കുറിച്ചിരിക്കുന്നു, നന്ദി ഈ നോട്ടിനു.

വിനുവേട്ടന്‍ said...

ഞാനും സൌദിയിലായതു കൊണ്ട് ഈ ഓർക്കൂട്ടാന്റെ രുചി അറിയാൻ കഴിഞ്ഞിട്ടില്ല...

എന്തായാലും ഇങ്ങനെയൊരു ഓർമ്മക്കുറിപ്പ് എഴുതിയത് നന്നായി മുരളിഭായ്...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചന്തൂവേട്ടാ,നന്ദി.എത്ര ബൈ ബൈ പറഞ്ഞാലും ഓർക്കുട്ടൊക്കെ നമ്മൾ പലരുടേയും ഉള്ളിൽ നൽകിയ ഒരു സ്പേയ്സ് വളരെ ഉന്നതിയിലുള്ളതാണല്ലോ ..അല്ലേ

പ്രിയമുള്ള ഫൈസൽ ഭായ് ,നന്ദി.അന്ന് കാലത്തൊക്കെ ഓർക്കുട്ട്മൊക്കെയായി ഇടപഴക്കാതിരിക്കുവാൻ നിങ്ങൾ ,സൌദിക്കാർക്ക് പറ്റാതിരുന്നത് ആ കാലഘട്ടത്തിലെ ഒരു സൈബർ ഹാപ്പിനെസ്സിന്റെ നഷ്ട്ടബോധം തന്നെയാണ് കേട്ടോ ഭായ്.

പ്രിയമുള്ള പാർവ്വതി,നന്ദി.അന്നത്തെ ഒരു രാജകീയമായ സോഷ്യൽ മീഡിയാ തട്ടകം കൂടി ഇതാ ഇല്ലാതായി കഴിഞ്ഞിരിക്കുകയാണ്...

പ്രിയപ്പെട്ട ചെറുത് ,നന്ദി.ഈ സ്വവാവം ഇത് വരെ മാറ്റിയില്ലേ എന്റെ പ്രിയപ്പെട്ട ചെരിയ വലിയ കൂട്ടുകാരാ...

പ്രിയമുള്ള സാബു ഭായ്, നന്ദി.ഇത് മാത്രമല്ല ഭായ് നമ്മുടെയൊക്കെ പല പോസ്റ്റ്കളൂം കൊല്ലങ്ങൾക്ക് ശേഷം വായിച്ച് നോക്കിയാൽ പല അനുഭൂതികളും നമ്മൾക്കനുഭവപ്പേടും (അനുഭവം സാക്ഷി )

പ്രിയപ്പെട്ട തങ്കപ്പൻ സാർ, നന്ദി. ഇതുപോലെയുള്ള ഒഴിഞ്ഞുമറയലുകൾ ഇനിയും സൈബർ ലോകത്ത് നടമാടികൊണ്ടിരിക്കും അല്ലേ..

പ്രിയമുള്ള സുജിത്ത്,നന്ദി.‘പ്രണയത്തിനും വേണ്ടി മാത്രം ഉണ്ടാക്കിയ കോഡ് ഭാഷ, ഒരു സ്ക്രാപ്പ് അയച്ചിട്ട് അതിനു മറുപടി കാത്തിരിക്കുന്ന മണിക്കൂറുകളുടെ ഉള്പുളകങ്ങള്‍...‘-ഇതൊക്കെ തന്നെയായിരുന്നു ഓർക്കുട്ടിന്റെ മഹിമകൾ... കേട്ടൊ സുജിത്ത്!

പ്രിയപ്പെട്ട മിനി ടീച്ചർ,നന്ദി. ‘ അടുക്കളയിൽ ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ട പലർക്കും വെളിയിൽ പറന്നുനടക്കാനുള്ള തട്ടകം.. ഹോ,, ഒർക്കുട്ട്,, ഓർമ്മയുടെ കൂട്ട്...!‘ അതെ അതൊരു ഒന്നൊന്നര സംഭവം തന്നെയായിരുന്നു ...അല്ലേ ടീച്ചറെ..

പ്രിയമുള്ള അജിത്ത് ഭായ്,നന്ദി.ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ടായത് പോലെ ഇപ്പോൾ വില്ലനായി വന്ന ‘എല്ലോ’ ഇനി ഏറ്റിനെല്ലാം ചരമ ഗീതം അർപ്പിക്കുമോ..ആവോ..?

ലംബൻ said...

ഞാന്‍ ഈ വയസന്മാരുമായി കൂട്ട് കൂടാറില്ലാത്തോണ്ട് എനിക്ക് ഈ ഓര്‍ക്കുട്ടിനെ അറിയില്ല..
പണ്ടത്തെ ഏതോ പുലി ആണെന്നും ഇപ്പൊ പല്ലൊക്കെ കൊഴിഞ്ഞു വീരചരമം പ്രാപിച്ചു എന്നും കേട്ടിരിക്കുന്നു.

മിനി പി സി said...

ഓർക്കുട്ടില്‍ ഞാന്‍ ഉണ്ടായിരുന്നില്ല.അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല.എങ്കിലും പണ്ട് നല്ലനിലയില്‍ ഉണ്ടായിരുന്ന ഒരു സംഭവം ഇല്ലാതെയാവുന്നു എന്നറിയുമ്പോള്‍ സങ്കടം ഉണ്ട് മുരളിയേട്ടാ .

സീത* said...

പച്ചിലകൾക്ക് ചിരിക്കാൻ പഴുത്തിലകൾ വീഴേണ്ടത് പ്രകൃതി നിയമം വല്യേട്ടാ....വളരെ നാളുകൾക്ക് ശേഷമാണു ബ്ലോഗിലൂടെ യാത്ര...ബിലാത്തിപട്ടണത്തിൽ കയറാതെ സീതയ്ക്കൊരു യാത്രയുണ്ടൊ....
നിരാശയുണ്ടായില്ല..പതിവുപോലെ പിടിച്ചിരുത്തുന്ന വിവരണം...സന്തോഷം :)

ശ്രീ said...

ശരിയാണ്. ഒരു കാലത്ത് 'ഓര്‍ക്കുട്ട്' ആയിരുന്നു ഏവരുടെയും ഇഷ്ട താവളം. ഞാനും ബ്ലോഗില്‍ വന്ന കാലത്ത് ഓര്‍ക്കുട്ടിനെ പറ്റി ഒരു പോസ്റ്റും ഇട്ടിരുന്നു.

ഇന്നിപ്പോ ഫേസ്‌ബുക്കാണ് എല്ലാം. ഇനി അതെത്ര കാലത്തേയ്ക്കാണോ ആവോ...

Mohamed Salahudheen said...

ഗുഡ് ബൈ ... ഓർക്കുട്ട് ... ബൈ ... ബൈ ...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ആർഷ, നന്ദി. പഴുത്തിലകൾ പച്ചിലകൾക്ക് വഴിമാറി കൊടുക്കേണ്ടത് പ്രകൃതി നിയമം തന്നെ..എന്നാലും മരത്തിനൊന്ന് കാതൽ വന്നിട്ടാണെങ്കിൽ കുഴപ്പമില്ലായിരുന്നു ..അല്ലേ...

പ്രിയമുള്ള ഫിലിപ്പ് ഭായ്,നന്ദി.ഇന്റെർനെറ്റ് കളരിയിൽ ആദ്യമായി അങ്കത്തിനിറങ്ങീയ തട്ടകമായിരുന്നു മിക്കവർക്കും ഓർക്കുട്ട്.ആ അങ്കത്തട്ട് ഉടയവർ തന്നെ പൊളിച്ച് കളയുമ്പോഴുള്ള വിഷമം മാത്രമാണ് ഇപ്പോഴുള്ളത്...
പിന്നെ ഭായിയുടെ മധുരപ്പതിനാറ് കാരിയുടെ കൂടെ ഈ ഓർക്കുട്ടേട്ടനെ പ്രണയിക്കുവാൻ അനുവദിച്ചതിലും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട വിനുവേട്ടൻ,നന്ദി.സൌദിയിൽ ഇതില്ലാഞ്ഞത് നാന്നായി.അല്ലെങ്കിൽ അന്ന് തൊട്ടേ എന്റെ be 'ലാത്തി' യടികൾ ശല്ല്യമായേനെ...!

പ്രിയമുള്ള ശ്രീജിത്ത് ഭായ്,നന്ദി. യൌവ്വനത്തിൽ തന്നെ പല്ല് കൊഴിഞ്ഞ് വീരചരമം വരിച്ചവനായിരുന്ന് കേട്ടൊ ഈ ഓർക്കുട്ട് പുലിക്കുട്ടൻ ..!

പ്രിയപ്പെട്ട മിനി ടീച്ചർ,നന്ദി. ഈ ഓർക്കൂട്ടിലില്ലാതിരുന്നത് കൊണ്ടാണ് മിനിയൊന്നും അന്നേ എന്റെ ഫ്രെണ്ട്ലിസ്റ്റിൽ ഇല്ലാതെ പോയത്..!

പ്രിയപ്പെട്ട സീത കുട്ടി,നന്ദി.ഈ ഓർക്കുട്ടന്റെ ചരമ സംസ്കാര വേളയിൽ വീണ്ടും ഓർമ്മ പുതുക്കാൻ വന്നതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ.

പ്രിയമുള്ള ശ്രീശോഭ്,നന്ദി.ഇന്റെർനെറ്റ് യുഗത്തിലെ ആദ്യ തലമുറയിൽ പെട്ട മിക്ക മലയാളികൾക്കും ഒരു ഓർമ്മ കൂട്ട് തന്നെയായിരുന്നു ഈ ഓർക്കുട്ട്...!

പ്രിയപ്പെട്ട മൊഹമദ് സലാഹുധീൻ ഭായ്,നന്ദി. അങ്ങിനെ നമ്മുടെയൊക്കെ സൈബർ തട്ടകത്തിലെ ആദ്യ മിത്ര കൂട്ടായ്മയുടെ കൂട്ടായ ഓർക്കുട്ടിന് വിട..ബൈ..ബൈ.

ബഷീർ said...

>>പക്ഷേ നമ്മ മലയാളീസ് ലോകത്ത് എന്ത് പുത്തൻ സാധനം കണ്ടാലും , അതും പൊക്കി പിടിച്ച് നടുവേ ഓടുമെങ്കിലും , വേറൊന്ന് കണ്ടാൽ അതിനെ താഴെയിട്ട് , മറ്റേത് പൊക്കി പിടിച്ച് ഓടുന്ന ജന്മ സ്വഭാവമുള്ളവരാണല്ലോ അല്ലേ ...<< അത് ശരിയാണ്.. ഓർക്കൂട്ടിനൊരു ചരമഗീതം നന്നായി

പ്രവീണ്‍ ശേഖര്‍ said...

ഓർക്കൂട്ട് ..ഒരു നഷ്ടവസന്തം ല്ലേ മുരളിയേട്ടാ ... ഞാനും ഇപ്പൊ ഓർക്കൂട്ടിനെ മറന്നു ,,

ജീവി കരിവെള്ളൂർ said...

ഇത്രയൊക്കെയൂ ഉള്ളൂ ഒരു നെറ്റായുസ്സ്! പഴുത്താല്‍ വീണല്ലേ പറ്റൂ മുരളിയേട്ടാ...

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...