Tuesday, 30 September 2014

ഓർക്കുട്ട് - ഇനി ഓർക്കുക വല്ലപ്പോഴും ഓർമ്മയിൽ ... ! / Orkut - Ini Orkkuka Vallappozhum Ormmayil ... !

ഇവിടെയൊരു വിവര സാങ്കേതിക കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അജയ് മാത്യു എന്നൊരു കുടുംബ മിത്രം , 2005 -ൽ എന്റെ പേരിൽ  തുടങ്ങിയിട്ട്  , നിർജ്ജീവമായി കിടന്നിരിന്ന ,  എന്റെ  ആ പ്രഥമമായ  സൈബർ തട്ടകത്തിൽ , മൂനാല് മാസത്തിന് ശേഷം  വന്നൊന്നു നോക്കിയപ്പോൾ ഞാൻ ശരിക്കും  വല്ലാതെ അത്ഭുതപ്പെട്ട് പോയി ... !
ഭൂഗോളത്തിന്റെ പല ഭാഗത്ത് നിന്നും , എതാണ്ട് കാൽ നൂറ്റാണ്ടോളമായി  യാതൊരുവിധ ബന്ധങ്ങളുമില്ലാതെ കിടന്നിരുന്ന അമ്പതോളം വരുന്ന പണ്ടത്തെ  പല ഗെഡികളുടേയും , ഗെഡിച്ചികളുടേയുമൊക്കെ സ്നേഹാനേഷണങ്ങൾ നിറഞ്ഞ കുത്തിക്കുറിക്കലുകൾ ...

പഴയ പ്രണയിനികൾ തൊട്ട് , അന്നത്തെ ശത്രുക്കൾ 
വരെയുള്ളവർ വീണ്ടും എന്നെ  കൂട്ടാളികളാക്കാനുള്ള അപേക്ഷകൾ ...
എനിക്ക് മനം നിറയെ  സന്തോഷം ഉണ്ടാകുവാൻ
ഇതിൽ പരം എന്ത് കാരണമാണ് വേണ്ടത് അല്ലേ  ... ? !
 
വല്ലപ്പോഴും മെയ്ല് നോക്കാനും , അപേക്ഷകൾ അയക്കാനും 
മാത്രം പിള്ളേർക്ക് പഠിക്കുവാൻ  വാങ്ങി കൊടുത്ത ഡെസ്ക്ടോപ്പിൽ എത്തി നോക്കാറുള്ള ഞാൻ , പിന്നീട് ഒഴിവുള്ള സമയമൊക്കെ കമ്പ്യൂട്ടർ ടേയ്ബളിന്റെ
മുന്നിൽ തപസ്സ് ചെയ്യുവാൻ തുടങ്ങി. എന്നെ അന്നൊക്കെ വീട്ടിൽ കയറില്ലാതെ കെട്ടി
പൂട്ടിയിട്ട ആ സൈബർ തട്ടകമായിരുന്നു “ഓർക്കുട്ട് ‘ എന്ന സൌഹൃദക്കൂട്ടായ്മാ വേദി ...!

ഒരു പക്ഷേ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലൊന്നായ
‘ഓർക്കുട്ട്’ ലഹരി ഇല്ലായിരിന്നുവെങ്കിൽ , ഞാനൊക്കെ ഈ ലണ്ടൻ
പട്ടണത്തിലെ ഏതെങ്കിലും  ഒരു മൂലയിൽ ഒതുങ്ങി കൂടി , ടായം കളിച്ച് കൂടുതലാരാലും അറിയപ്പെടാതെ ചുരുങ്ങി പോകേണ്ട ഒരുവനായിരുന്നു..!

ഇത് കേട്ടാൽ  തോന്നും ഞാൻ വല്ല ഡ്യൂപ്ലിക്കേറ്റ് -
എം.ടി യോ , കപിൽ ദേവോ ,  മമ്മൂട്ടിയൊ മറ്റോ ആണെന്ന് ...!
ഇതൊന്നു മല്ലെങ്കിലും സ്വയം കുറെ തിരിച്ചറിവുകൾ നേടാനും ,
പുറമേയുള്ളവർക്ക് എന്നെ അറിയിപ്പിക്കപ്പെടാനും ഈ ഓർക്കുട്ട് തട്ടകമാണ്
ഞാനടക്കം ഒരുപാട് പേർക്ക് വേദിയൊരിക്കി കൊടുത്തിരിക്കുന്നത് ...

പ്രത്യേകിച്ച് മലയാളികൾക്ക്.
എന്തുകൊണ്ടെന്നാൽ  ബ്രസീലുകാർക്ക് ശേഷം ,
ഈ സൈറ്റിൽ രണ്ടാം സ്ഥാനക്കാർ ഇന്ത്യക്കാരായിരുന്നു,

അതിൽ 41  % മലയാളി സമൂഹത്തിന്റെ  ആട്ടക്കലാശങ്ങളായിരുന്നു
മൂനാലുകൊല്ലം മുമ്പ് വരെ , ഈ സൈറ്റിൽ അരങ്ങേറി കൊണ്ടിരുന്നത് ..!

 
വളരെ ഈസിയായി പസ്പരം
ക്ഷണിക്കപ്പെട്ട് ഓർക്കുട്ടിൽ അംഗമാകുന്നതിനും , ഗ്രൂപ്പുകളിൽ ചേരുന്നതിനും പുറമേ എന്ത് വിശേഷങ്ങളും , ഫോട്ടോകൾ സഹിതം ചടുപിടുന്നനെ അന്നത്തെ കാലത്ത്  ഗൂഗിൾ ഒരു ചിലവും കൂടാതെ , മലയാള ഭാഷയിൽ പോലും നടത്താനുള്ള ക്രമീകരണങ്ങൾ ഈ ഓർക്കുട്ടിൽ ഒരുക്കി കൊടുത്തിരുന്നതും ഒരു അഡ്വന്റേജ് തന്നെയായിരുന്നു..

ഒപ്പം തന്നെ അന്ന് മലയാളികൾക്കിടയിൽ കൂണ് പോലെ
മുളച്ച് പൊന്തിയ  ഗൂഗിളിന്റെ ബ്ലോഗ് സ്പോട്ടിലെ തട്ടകങ്ങളുടെ
പരസ്യ പലകകളും , ഈ ഓർക്കുട്ടിൽ  നാട്ടാം പറ്റും എന്നുള്ള മഹിമയും ,
കൂടാതെ കൂടുതലും പ്രവാസ വാസികളായ മലയാളികൾക്കും , അവരവരുടെ
ബന്ധുമിത്രാധികൾക്കും എല്ലാ വിശേഷങ്ങളും അപ്പപ്പോൾ തന്നെ പരസ്പരം
ചിലവേറിയ ഫോൺ വിളിയും, എഴുത്ത് കുത്തുകളുമില്ലാതെ സുഗമമായി നടത്താമെന്ന സൌക്യരവും ഈ സോഷ്യൽ മീഡിയ നെറ്റ് വർക്കിങ്ങിലൂടെ സാധിച്ചതിന് പുറമേ , മറ്റെല്ലാ മലയാള സാഹിത്യ -സാംസ്കാരിക-മത -രാഷ്ട്രീയ-നാട്ട് കൂട്ടങ്ങളുടെ കൂടി ചേരലുകളും ഉണ്ടായതും ഈ ഓർക്കുട്ട് ലഹരി നുണയുവാൻ ഏവരേയും ആകർഷിപ്പിച്ച ഒരു മുഖ്യ കാരണം തന്നെയായിരുന്നൂ ...
.
പക്ഷേ നമ്മ മലയാളീസ് ലോകത്ത് എന്ത് പുത്തൻ സാധനം കണ്ടാലും , അതും പൊക്കി പിടിച്ച് നടുവേ ഓടുമെങ്കിലും , വേറൊന്ന് കണ്ടാൽ അതിനെ താഴെയിട്ട്  , മറ്റേത് പൊക്കി പിടിച്ച് ഓടുന്ന ജന്മ സ്വഭാവമുള്ളവരാണല്ലോ അല്ലേ  ...!

അതുകൊണ്ടിപ്പോൾ സോഷ്യൽ നെറ്റ് വർക്ക് മീഡിയകളിൽ ബാലപാഠങ്ങൾ  പഠിച്ച് , അവയൊക്കെ , എങ്ങിനെ , എവിയൊക്കെ വിന്യസിക്കാമെന്ന് കരസ്ഥമാക്കി തന്ന , ആ ഓർക്കുട്ടിനെ ; ഓർമ്മയിൽ നിന്നും സ്കൂട്ടാക്കി , പുത്തൻ  മേച്ചിൽ പുറങ്ങളിൽ മേഞ്ഞ് നടക്കുകയാണ് അന്നത്തെ ആ ഓർക്കുട്ട് കൂട്ടുകാരെല്ലാവരും തന്നെ...!


പ്രായഭേദമന്യേ കഴിഞ്ഞ നൂറ്റാണ്ടിൽ പിറന്നുവീണ ഒരു ജനതയിലെ
പലരേയും  സൈബർ ഇടങ്ങളിൽ ആദ്യമായി അരങ്ങേറ്റം കുറിപ്പിച്ച ഒരു വേദി
അങ്ങിനെ ഇല്ലാതായിരിക്കുകയാണ്...
അതായത് ഗൂഗിളിന്റെ കടിഞ്ഞൂൽ സന്താനങ്ങളിൽ ഒന്നായ - ഓർക്കൂട്ട് .ഓർത്ത്
വെക്കുവാൻ ഒരു പിടി ഓർമ്മകളുമായി , ആ തലമുറയിലെ പലർക്കും പ്രഥമമായി
സൈബർ വിസ്മയങ്ങൾ ആടി  തകർക്കുവാൻ വേദിയായ ഒരു ഇടം , മറ്റൊരോർമ്മയുടെ മറവിയിലേക്ക് മറഞ്ഞു പോയിരിക്കുയാണ്...

ഏതാണ്ട് പത്ത് കൊല്ലങ്ങൾക്ക് മുമ്പ് ഇന്നത്തെ പോലെയുള്ള സോഷ്യൽ നെറ്റ് വർക്കുകൾ ആരംഭം കുറിച്ച വേളയിൽ , സ്വന്തം തട്ടകത്തേക്ക് , ആളുകളെ ആകർഷിക്കുവാൻ വേണ്ടി അന്നത്തെ പേരെടുത്ത ‘ഫ്രെണ്ട്സ്റ്റർ‘ , ‘മൈ സ്പേയ്സ് ‘ മുതൽ സൈറ്റുകളെ വിലക്കെടുക്കുവാൻ ,  ഗൂഗിൾ ഒന്ന് മുട്ടി നോക്കിയെങ്കിലും , ആയത് കിട്ടാത്ത മുന്തിരിയാണെന്ന് കണ്ടപ്പോൾ ...
‘ഓർക്കുട്ട് ബോയുക്കോക്ട്ടൻ ( Orkut Boyukkokten ) എന്നൊരു  ഐ.ടി .ചുള്ളനെ , ഇത്തരം ഒരു നെറ്റ് വർക്ക് സൈറ്റ് ഉണ്ടാക്കുവാൻ ഗൂഗിൾ ഏല്പിച്ചു..

ഈ ഓർക്കുട്ടേട്ടൻ എന്ന കമ്പ്യൂട്ടർ തലയൻ ...,
അങ്ങിനെ മറ്റുള്ള ഇത്തരം സൈറ്റുകളോട് കോമ്പിറ്റ് ചെയ്യുവാൻ വേണ്ടി , ഗൂഗിളിന് വേണ്ടി ഉണ്ടാക്കി കൊടുത്ത പ്രൊഡ്ക്റ്റാണ് ഇമ്മടെ
ഈ ഓർക്കുട്ട് - ഗൂഗിളിന്റെ ആദ്യത്തെ സോഷ്യൽ നെറ്റ് വർക്ക് മീഡിയാ വേദി...!

അതായത് മറ്റുള്ളവർക്ക് മെയിലയച്ച് ക്ഷണിച്ച് വരുത്തി കൂട്ടുകാരാക്കി  കൊണ്ട് നടക്കാവുന്ന ഈ ഓർക്കുട്ട് എന്ന സോഷ്യൽ നെറ്റ് വർക്ക് തട്ടകം , അങ്ങിനെ 2004 ജനുവരി 24-ന് പബ്ലിക്കിനായി തുറന്നു കൊടുത്തു...
പിന്നീട് മൂനാലഞ്ച് കൊല്ലം സോഷ്യൽ മീഡിയ നെറ്റ് വർക്കുകളിൽ  ലോകം മുഴുവൻ  ഗൂഗ്ഗിൾ  തറവാടിന്റെ അഭിമാനം കാത്ത് ഓർക്കുട്ട് വളരുക തന്നെയായിരുന്നു...!

സഹോദര സ്ഥാനിയരായി എത്തിയ  യു-ട്യൂബും , ബസ്സും , പ്ലസ്സും,
ബ്ലോഗ്ഗറുമെല്ലം - ഈ ഗൂഗിൾ തറവാട്ടിൽ ഏതാണ്ട് ഒറ്റക്കെട്ടായി നിന്ന്
തന്നെ ഈ ഓർക്കുട്ടന്റെ  വളർച്ചക്ക്  സകല വിധ പ്രോത്സാഹനങ്ങളും നൽകി...

പക്ഷേ ന്യൂ -ജെൻ  പ്രാവീണ്യങ്ങളുമായി ‘ഫേസ് ബുക്ക്‘ ,‘ട്വിറ്റർ‘
മുതലായ അനേകം  സൈറ്റുകൾ , ഓർക്കുട്ടെന്ന പഴമുറക്കാരനെ പിൻ തള്ളി -  പരോക്ഷമായി ബ്ലോഗർ , യു-ട്യൂബ്,  മൈ സ്പേയ്സ് മുതലായവയുമായി കൈ കോർത്ത് മുന്നേറിയപ്പോൾ , ഓർക്കുട്ടന് ബലക്ഷയം വന്നു തുടങ്ങിയെങ്കിലും , ബ്രസീലുകാരും , ഭാരതീയരുമൊക്കെ കൂടി അവന് നല്ല സപ്പോർട്ട് കൊടുത്ത് കൊണ്ടിരുന്നൂ...
.പിന്നീട് പല സപ്പോർട്ടേഴ്സും മെല്ലെ മെല്ലെ ഈ ഓർക്കുട്ടനെ പരിഗണിക്കാതായി വന്നപ്പോൾ , തീരെ അവശനായ ഓർക്കുട്ടനെ തറവാട്ടുകാർ തന്നെ ദയാവദത്തിന് വിധേയനാക്കി. അങ്ങിനെ പതിനൊന്നാം പിറന്നാളിന് കാത്ത് നിൽക്കാതെ 2014  സെപ്തംബർ 30 ന് ഈ ഓർക്കുട്ടൻ ഇഹലോകവാസം വെടിഞ്ഞു .!
ഇനി വല്ലവരും ഏതെങ്കിലും ഡാറ്റകൾ അവരുടെ ഓർക്കുട്ടിൽ
വെച്ച് പൂട്ടി പുറത്തെടുക്കുവാൻ  മറന്നിട്ടുണ്ടെങ്കിൽ ഇനി രണ്ട് കൊല്ലത്തിനുള്ളിൽ
കൂടി അവ പുറത്തെടുക്കുവാൻ കൂടിയുള്ള സൌകര്യം ഗൂഗിൾ  ഓർക്കുട്ട് ബ്ലോഗ്ഗിൽ ഒരുക്കിയിട്ടുണ്ട് ..


സൈബർ ലോകത്തിലെ
ഒരു ടിപ്പ് ചുള്ളത്തിയായ , ഇന്ന് മധുരപ്പതിനേഴിന്റെ മുന്നിൽ വന്ന്
നിൽക്കുന്ന ഗൂഗിൾ സുന്ദരിക്ക് പിന്നാലെ അവരുടെ ഫേമിലിയിൽ സോഷ്യൽ മീഡിയാ രംഗത്ത് ആദ്യമായി ജന്മം കൊണ്ട നമ്മുടെയെല്ലാം ,  പ്രിയപ്പെട്ട ഓർക്കൂട്ട് കുട്ടൻ വെറും ബാല്യ ദശ കഴിയും മുമ്പേ നമ്മളെയെല്ലാം വിട്ട് പിരിഞ്ഞ് പോകുമ്പോഴുള്ള സങ്കടം , ഇവനോടൊപ്പം ഈ രംഗത്ത് കളിച്ചു വളർന്ന ഏവർക്കുമുണ്ട് .

ഒരു പതിറ്റാണ്ട് കാലം സോഷ്യൽ നെറ്റ് വർക്ക് മീഡിയ രംഗത്ത്
നിറഞ്ഞാടിയ ശേഷം ,  അരങ്ങൊഴിഞ്ഞ് പോകുന്ന ഞങ്ങളുടെയെല്ലം
പ്രിയപ്പെട്ടവനായ ഈ ഓർക്കുട്ടന് എല്ലാവിധ സ്നേഹവായ്പ്കളുമടങ്ങിയ
ബാഷ്പാജ്ഞലികൾ അർപ്പിച്ച് കൊണ്ട് ഒരു അസ്സലൊരു ഹാറ്റ്സ് ഓഫ് ...
ഗുഡ് ബൈ ... ഓർക്കുട്ട് ... ബൈ ... ബൈ ...
 

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...