Thursday, 8 October 2009

ആദരാഞ്ജലികള്‍ ! / Adaraanjalikal !

രണ്ടുമരണങ്ങള്‍ ഈയിടെ എന്നെ വല്ലാതെ അലട്ടി കൊണ്ടിരിക്കുകയായിരുന്നു .

ഒന്ന് ; അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞുപോയ ഒരിക്കലും കണ്ടിട്ടില്ലാത്ത ,അക്ഷരങ്ങള്‍ കൊണ്ട് മനസ്സിനുള്ളില്‍ വല്ലാത്ത കോറലുകള്‍ ഏല്‍പ്പിച്ചു തീരാത്ത മുറിവായി മാറിയ പ്രിയ ജ്യോനവന്‍ .....

രണ്ട് ; മരണം പ്രതീക്ഷിച്ചുകിടന്നിരുന്ന ,കണ്ടും ,കേട്ടും,ഇടപഴകിയും നടന്നിരുന്ന കാരണവര്‍ സ്ഥാനം കല്‍പ്പിച്ചു പോന്നിരുന്ന ,ജീവിതത്തില്‍ ഒന്നും ആകാതിരുന്ന ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട കണ്ടുണ്ണി ചേട്ടന്‍ ....



ഞാൻ നവീന്‍ ജോര്‍ജ് എന്ന  ജ്യോനവന്റെ പൊട്ടക്കലത്തില്‍ ഇടയ്ക്കുവന്നു
തപ്പി നോക്കി പോകുന്ന , അവനെ നേരിട്ട് പരിചയമില്ലാത്ത വെറും ഒരു ബുലോഗമിത്രം.

പക്ഷെ അവന്‌ കാറപകടത്തില്‍ അപായം പറ്റിയത് മുതലുള്ള ഓരോ  ബുലോഗ വാര്‍ത്തകളും ,
എല്ലാവരെയും പോലെ എന്നെയും വളരെ ദു:ഖത്തിലാക്കി .എന്തു ചെയ്യാം എല്ലാം വിധി .
ഇനി അവന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി നമ്മുക്കെല്ലാവര്‍ക്കും
ഒരുമിച്ചുപ്രാര്‍ത്ഥിക്കാം അല്ലേ .....

പൊട്ടക്കലത്തില്‍ കൂടി ജ്യോനവനും, ലാപുട യിൽ കൂടി ടി .പി.വിനോദും ബുലോഗത്തില്‍ കവിതയുടെ കടങ്കഥകള്‍ സൃഷ്ടിച്ചവരാണ് ,ഒപ്പം മലയാള സാഹിത്യത്തിലും .

കൂരിരുട്ടിലെ ദന്തഗോപുരങ്ങളും , ഇടത്തോട്ടു ചിന്തിക്കുന്ന ഘടികാരവും
ഇനിയാരാലാണ്  എഴുതപ്പെടുക ....എന്‍റെ കൂട്ടരേ.

സ്വന്തം  വരികളില്‍ കൂടി അറം പറ്റി ,
അരിയെത്താതെ അരിയെത്തിയ (മാന്‍ ഹോള് )
ഇതുവരെ കാണാത്ത , കേള്‍ക്കാത്ത  എത്രയെത്ര  സുഹൃത്തുക്കളാണ്
ജ്യോനവന്‍ നിനക്കുവേണ്ടി  പ്രാര്‍ത്ഥിച്ചത്‌ ;
പിന്നീട് നിനക്കുവേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് ....

ഇതാണ് മിത്രമേ ബുലോഗത്തിലെ കൂട്ടായ്മ ,കാരുണ്യം ....

നീ എന്നും വാഴ്ത്തപ്പെടും സുഹൃത്തെ ...

ഈ ബുലോഗത്തിലും മലയാളസാഹിത്യത്തിലും!


എന്തുകൊണ്ടെന്നാല്‍ നിന്റെ വാക്കുകളില്‍ തന്നെ പറയുകയാണെങ്കില്‍ ..
".ഉരച്ചുകളഞ്ഞ ജീവിതത്തിന്‍റെ മുന" നിന്റെ വരികളില്‍ എപ്പോഴും മുഴങ്ങിനില്‍ക്കുകയാണല്ലോ


 ജ്യോനവൻ പേരെടുത്ത ഒരു  കവി മാത്രമായിരുന്നില്ല,നല്ലൊരു  കഥാകൃത്തും,
എല്ലാതരത്തിലും ഒരു നല്ലൊരു മനുഷ്യസ്നേഹിയും ,  കലാകാരനും കൂടിയായിരുന്നൂ
എന്നാണ് ഇതുവരെയുള്ള കുറിപ്പുകളും , അഭിപ്രായങ്ങളും കൂട്ടിവായിച്ചുനോക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകുന്നത്‌ .

ജ്യോനവൻ എന്ന നവീൻ ജോർജിന്റെ വീട്ടുകാരോടൊപ്പം ,
ഞങ്ങള്‍ ഈ ബുലോഗ  സുഹൃത്തുകളും തീര്‍ത്താല്‍ തീരാത്ത ആ വേര്‍പ്പാടില്‍ ,
ഈ ദുഃഖത്തിൽ പങ്കുചേര്‍ന്നു കൊള്ളുന്നു .


 പൊട്ടിപ്പോയ ഒരു കലം



ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്‌.
വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ... 

ഒരു കടമോ രണ്ടുകടമോയുള്ള നിന്‍ കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ  ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു   വീര   വീര     സഹജനായി     മമ   ഹൃദയങ്ങളില്‍ ........!




പ്രിയപ്പെട്ട ജ്യോനവ നിനക്ക്
ഞങ്ങളുടെയെല്ലാം പേരില്‍ ഹൃദയം
നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊള്ളുന്നൂ ....



പ്രിയ കണ്ടുണ്ണി ചേട്ടന്‍



An Old Photo
നാട്ടില്‍ പോയപ്പോള്‍ രോഗശയ്യയില്‍ കിടക്കുന്ന തൊണ്ണൂറു വയസ്സുകാരനായ ,
കീടായി കണ്ടുണ്ണി കൃഷ്ണന്‍ ചേട്ടനെ കാണുവാന്‍ ചെങ്ങാലൂരുള്ള മൂപ്പരുടെ വീട്ടില്‍
പോയപ്പോള്‍ ,നിറ മിഴികളോടെ ഇനിയൊരു കൂടിക്കാഴ്ച്ചാവേള ഉണ്ടാകില്ലായെന്ന്
പറഞ്ഞുയെന്നേ അനുഗ്രഹിച്ചു വിട്ടപ്പോള്‍ ; ഇത്രവേഗം മരണം അദ്ദേഹത്തെ തട്ടിയെടുക്കുമെന്ന്
ഞാനും കരുതിയിരുന്നില്ല ....

മുത്തശ്ശനുള്ളകാലം തൊട്ടേ ഈ കണ്ടുന്ന്യേട്ടന്‍ ചെറുപ്രായത്തിലെ തറവാട്ടില്‍
വന്നുകൂടിയതാണ് , ഭാഗത്തിന് ശേഷം മൂപ്പര്‍ അച്ഛന്റെ കൂടെ കൂടി , ഞങ്ങളുടെ വീട്ടിലെ
കന്നുകാലി പരിപാലകനായി  വീട്ടിലെ ഒരു മൂപ്പനായി , ഒപ്പം മറ്റു പണിക്കാരുടെയും .

അതേപോലെ നാട്ടില്‍ എന്താവശ്യത്തിനും ഈ കണ്ടുണ്ണിയേട്ടന്‍ മുന്‍പന്തിയില്‍ ഉണ്ട് കേട്ടോ..
നാട്ടില്‍ ഒരു മരണമോ,കല്യാണമോ ,മറ്റെന്തെങ്കിലും വിശേഷങ്ങളോ ഉണ്ടെങ്കില്‍ ആയതിന്റെ യൊക്കെ ആലസ്യങ്ങള്‍ക്ക് ശേഷമേ കണ്ടുന്ന്യേട്ടന്‍ തെക്കേ പുറത്തുള്ള പത്തായ പുറത്ത്‌ വന്നുകിടക്കുകയുള്ളൂ.

ഒരു ഒറ്റമുണ്ടും ,തോര്‍ത്തുമാണ്‌  ടിയാന്റെ വേഷം !

കല്ല്യാണ വീട്ടിലും , മരണദൂതിനുപോകുമ്പോഴും (അന്നുകാലത്ത്  നാട്ടിലാരെന്കിലും
മരിച്ചാല്‍ അകലങ്ങളിലെ ബന്ധുജനങ്ങളെ വിവരം അറിയിക്കുന്ന ചടങ്ങ് /കണ്ടുണ്ണി ചേട്ടന്‍ ഈരംഗത്തിന്റെ ഉസ്താതായിരുന്നു ),ടൌണില്‍ പോകുന്നതിനും ,പൂരത്തിനും ,വേലയ്ക്കും , തിരുവോണത്തിനും,....,...,
ഇതെന്നെ വേഷം !

തോര്‍ത്തിനെ മുണ്ടിനുമുകളില്‍ വേഷ്ടിയാക്കിയും, ചുരുട്ടിയരയില്‍ ചുറ്റിയും,
തോളില്‍ ഇട്ടും ,കഴുത്തില്‍ ചുറ്റിയും ,തലയില്‍ കെട്ടിയും , തോളില്‍ പുതച്ചും ,
തലയില്‍ തട്ടമിട്ടും,ചുരുട്ടി കക്ഷത്ത്‌ വെച്ചും  ......
ധാരാളം വേഷ പകര്‍ച്ചകള്‍ ഇദ്ദേഹം കാഴ്ച്ച വെച്ചിരുന്നതില്‍ നിന്നുമാണ് ,
ഞങ്ങള്‍ ബഹുമാനം ,ഭക്തി , വിനയം ,ധീരത ,കൂസായ്മ ,....തുടങ്ങി
പല പെരുമാറ്റചട്ടങ്ങളും സ്വായത്തമാക്കിയത് ..

ഇദ്ദേഹം സ്കൂളിന്റെ പടി ചവിട്ടിയത് ,ഞങ്ങളെ ചെറുപ്പത്തില്‍
സ്കൂളിൽ കൊണ്ടുവിടാനും/വരാനും വന്നപ്പോഴാണ് !

അമ്പലത്തില്‍  പോയിരുന്നത് അവിടെ
പുല്ലുചെത്തി വെടുപ്പാക്കാനാണ് !

എങ്കിലും കണ്ടുണ്ണിയേട്ടന്റെ  അറിവിനെയും ,ഭക്തിയെയുമൊക്കെ ഞങ്ങള്‍ എന്നും വിലമതിച്ചിരുന്നു.എന്തൊക്കെയായാലും കൃത്യമായ മൂപ്പരുടെ  ഒരിക്കലും തെറ്റാത്ത
കാലാവസ്ഥ പ്രവചനം ! ,
ഓരോ ഞാറ്റുവേല ആരംഭങ്ങളെ കുറിച്ചുള്ള അറിവും പ്രത്യേകതകളും , സൂര്യനെ നോക്കി കൃത്യസമയം പറയല്‍ ! , 
ഓരോ ഔഷധ സസ്യങ്ങളെ കുറിച്ചുള്ളയറിവും അവകൊണ്ട് മനുഷ്യനും ,മാടുകള്‍ക്കുമുള്ള ഫലപ്രദമാകുന്ന ഒറ്റമൂലി ചികിത്സാരീതികളും ...

നമ്മള്‍ കണക്കുകൂട്ടുന്നതിനു മുമ്പ് മന:കണക്കാള്‍  കൂട്ടിപറയുന്ന രീതികള്‍ ,....
അങ്ങിനെ എത്രയെത്ര കഴിവുകള്‍ ഉണ്ടായിട്ടും അന്നത്തെ സാഹചര്യങ്ങള്‍ കൊണ്ട് ;

നട്ടപ്പോഴും ,പറിച്ചപ്പോഴും ഒരു കുട്ട എന്ന കണക്കെ
ജീവിച്ചു മരിച്ച ഒരു മനുഷ്യന്‍ !

പലകാര്യത്തിലും എന്‍റെ ആദ്യഗുരുവായിരുന്നു ഇദ്ദേഹം .
മാവിലകൊണ്ട് പടക്കം , കുരുത്തോലകൊന്ടു പൈങ്കിളി , കടലാസുകൊണ്ട് വഞ്ചി /പട്ടം ..അങ്ങിനെയെത്ര കളികളും ,പഠിപ്പിക്കലുകളും .......!

വാമൊഴികളായി കേട്ട് മന:പാഠം ആക്കിയ വടക്കന്‍ പാട്ടുകളുടെയും , രമണന്റെയും ,
നാടന്‍ പാട്ടുകളുടെയും ചൊല്ലിയാടലുകള്‍,പുരാണ കഥകള്‍ ......!

വലുതാവും തോറും പുതിയ പാഠങ്ങള്‍ പ്രസവം ,പ്രണയം ,പെണ്ണ് ...!
എന്നിവയെ  കുറിച്ചുള്ള പുത്തനറിവുകള്‍ ,
കള്ളുകുടി,ഭരണി പാട്ട് , ......മുതലായവയിലുള്ള അരങ്ങേറ്റങ്ങള്‍!

ഒരുപാടുനന്ദിയെന്റെ ഗുരുപുണ്ണ്യവാ ....

ഒരിക്കല്‍ വിഷു വേലയുടെ അന്ന് നാട്ടില്‍ "സിന്ദൂര ചെപ്പ്‌"എന്ന
സിനിമയുടെ ഷൂട്ടിംഗ് കണ്ടുണ്ണിയേട്ടന്റെ തോളില്‍ കയറി  ഇരുന്നുകണ്ടത്
ഇപ്പോഴും സ്മരിക്കുന്നൂ . ജീവിതത്തില്‍ ആദ്യമായി കണ്ട കാണാ കാഴ്ചകള്‍
ആയിരുന്നു അന്നത്തെ ആ സിനിമാപിടുത്തം !

ഒരുകാര്യം കൂടി പറയാതെ കണ്ടുണ്ണി ചേട്ടന്റെ ചരിത്രം പൂര്‍ത്തിയാകില്ല കേട്ടോ .
മുഖ്യമന്ത്രി ശ്രീ: നയനാരോടോപ്പം പത്രങ്ങളില്‍ സ്ഥാനം പിടിച്ചത് !
ജില്ലയുടെ സമ്പൂര്‍ണ്ണ സാക്ഷരത ദിനം ഉല്‍ഘാടന വേള.
വയോജന വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുത്ത
ത്രേസ്യ ചേടത്തി ,കണ്ടുണ്ണി ചേട്ടന്‍ ,മൊയ്തീന്‍ സായിവ്‌ എന്നിവര്‍
വേദിയില്‍ ഉന്നതരോടൊപ്പം ഇരിപ്പുറപ്പിച്ചു . നീണ്ട പ്രസംഗങ്ങള്‍ക്ക്‌ ശേഷം
സ്റ്റേജില്‍ വെച്ചിരുന്ന ബ്ലാക്ക്‌ ബോര്‍ഡില്‍ ഇവരോട്
അമ്മ ,അരി,മണ്ണെണ്ണ  എന്നീ വാക്കുകള്‍ വന്നെഴുതാന്‍ പറഞ്ഞു .
ആദ്യത്തെ ഊഴം കണ്ടുണ്ണി ചേട്ടന്റെ .....
ആള്‍ വന്നു അമ്മ ,അരി എന്നവാക്കുകള്‍ തെറ്റില്ലാതെ എഴുതി ,
പിന്നെ "മ" എന്നെഴുതി നിര്‍ത്തി .....
."കണ്ഫൂഷ്യ്ന്‍ "....! !

കണ്ടുന്ന്യേട്ടന്‍ ആരാ മോന്‍ ...... ഉടനെ മൈക്കിനടുത്തുവന്നു ഉറക്കെ വിളിച്ചു ചോദിച്ചു

"മായ്ഷേ ..മണ്ണെണ്ണന്നു എഴ്ത്ത്ന്ന... ണ ... കു (- )ന്നേഴുതന്ന ..( ണ്ണ).. യല്ലേ  ? "


അതിനുശേഷം  കണ്ടുണ്ണിയേട്ടന്‍ നാട്ടിലെ സ്റ്റാര്‍ ആയി കേട്ടോ ..

മുഖ്യമന്ത്രിയോടൊപ്പം പത്രത്തിലൊക്കെ പേര് വരികയും ചെയ്തു!

അതെ ഈ കണ്ടുണ്ണിയേട്ടനെ കുറിച്ച് എഴുതിയ ഒരു കവിതയ്ക്ക്  ആണ് എനിക്ക്
ഫൈനല്‍ സ്കൂളില്‍ വെച്ച് പദ്യരചനയില്‍ ഒന്നാം സമ്മാനം കിട്ടിയത് കേട്ടോ ... ,

പിന്നീടത്‌ കൈയ്യെഴുത്തുമാസികകളിലും ,പൂരം സോവനീറിലും  അച്ചടിച്ച് വന്നു ...
ഇതാ ഇപ്പോള്‍ ബുലോഗത്തിലും, ദാ...ഇവിടെ

Kantunni Chentante Naatu

കണ്ടന്‍ പൂച്ചയും ചുണ്ടനെലിയും

കണ്ടുവോ മക്കളെ ഒരു കാഴ്ചവട്ടം .....
കണ്ടം നിറയെ തേവി വന്ന പണിയാള്‍ ;
കണ്ടുണ്ണിചേട്ടന്‍ വിളിച്ചു ചൊല്ലി ;നോക്കൂ ,
ചൂണ്ടുവിരല്‍ ഉരലുപുരയില്‍ ചൂണ്ടി .

കണ്ടന്‍ പൂച്ച പന്തുപോലൊരു എലിയെ
ചുണ്ടുവിറപ്പിച്ചു തട്ടി കളിക്കുന്നു ,
കുണ്ടികുലുക്കിയും കരണം മറിഞ്ഞും ,
ചുണ്ടെനെലിയെ കൊല്ലാതൊരു താളത്തില്‍ .

കണ്ടുഞങ്ങളാ കാഴ്ച ബഹുരസത്താല്‍ ......
മണ്ട കുനിച്ചു സ്വരം താഴ്ത്തിയപ്പോള്‍
കണ്ടുണ്ണിചേട്ടന്‍ ചൊല്ലിയിങ്ങനെ ;"ഞാനാ -
ചുണ്ടെലി ;മാര്‍ജാരനീ വീടിന്‍ നാഥനും "!

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !




സ്നേഹം നിറഞ്ഞ കീടായി കൃഷ്ണന്‍ കണ്ടുണ്ണി ചേട്ടന് എന്‍റെ
ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ ......






  എന്തെങ്കിലും അഭിപ്രായം
എഴുതുമല്ലോ ?

സ്മരണകള്‍ /
ആദരാഞ്ജലികള്‍ .

36 comments:

സതി മേനോന്‍ said...

ദു:ഖത്തില്‍ പങ്ക് ചേരുന്നു. ബാഷ്പാഞ്ജലികള്‍.

സന്തോഷ്‌ പല്ലശ്ശന said...

ഒരു സംശയവും വേണ്ടാ കവിതയുടെ സാമ്പ്രദായിക രീതിയകളെ വലിച്ചെറിഞ്ഞ്‌ സ്വന്തം വഴികളിലൂടെ നടന്ന ജ്യോനവനും, ഒറ്റമുണ്ടും വേഷ്ടിയുമായി മുരളിച്ചേട്ടന്‍റെ ഗ്രാമത്തിലെ എല്ലാമായ കണ്ടുണ്ണിച്ചേട്ടനും ഒന്നല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ സ്വന്തം കൈയ്യൊപ്പ്‌ ഹൃദയത്തില്‍ ഉള്ളവരാണ്‌. ജ്യോനവന്‌ കവിതയെങ്കില്‍ കണ്ടുണ്ണിയേട്ടന്‌ നാട്ടിന്‍പുറത്തെ ജീവിത വൈവിധ്യമായിരുന്നു മാധ്യമം രണ്ടുപേരും അവരുടെ തലത്തില്‍ ശോഭിച്ചവര്‍ ആയിരുന്നു... അതറിയുന്നതു കൊണ്ട്‌ തന്നെ മുരളിച്ചെട്ടന്‍റെ ഈ പോസ്റ്റ്‌ വേദനയുണ്ടാക്കുന്നതാണ്‌. മരണം ഓര്‍ക്കാപ്പുറത്ത്‌ ജീവിതങ്ങളി പതിപ്പിക്കുന്ന അനാഥത്വം അതുണ്ടാക്കുന്ന മുറിവുകള്‍ ഒക്കെ ഒന്നു പൊറുത്തുകിട്ടാന്‍ സമയമെടുക്കും...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ സതി മേനോൻ ;കന്നി അഭിപ്രായം ഇട്ടതിനു നന്ദി കേട്ടൊ...
സന്തോഷിന്റെ ബുലോഗത്തിലെ നല്ലകവിതകൾ പോലെതന്നെ നല്ലയഭിപ്രായവും .വളരെ നന്ദി ...

Sabu Kottotty said...

(മരണം അനിവാര്യമാണ്, അതു പലവിധത്തില്‍ വരും. അതിനെ അംഗീകരിയ്ക്കുക...)
കവിതകള്‍ അവനവനെ മാത്രം അനുസരിയ്ക്കുന്നതു തന്നെയാണു നല്ലത്. സന്തോഷ് പറഞ്ഞപോലെ ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞവര്‍ക്കേ അത്തരം കവിതകള്‍ കുറിയ്ക്കാന്‍ പറ്റൂ... അല്‍പ്പം ചിന്തയ്ക്കു വകനല്‍കിയ ഈ പോസ്റ്റിനും ബിലാത്തിപ്പട്ടണത്തിനും ആശംസകള്‍...

Unknown said...

അമ്പൊ..കണ്ടുണ്ണി യേട്ടൻ മണ്ണണ്ണാന്നു എഴുതിയ രംഗം കലക്കി
മരണങ്ങൾ ആർക്കും തടുക്കാൻ പറ്റില്ലല്ലൊ?

Patchikutty said...

DUKHATHIL PANKU CHERUNNU

keraleeyen said...

ജ്യോനവന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ കൊട്ടോട്ടിക്കാരൻ ,വളരെ വിലയേറിയ ഒരു അഭിപ്രായമായി ഇതിനെ ഞാൻ പരിഗണിക്കുന്നൂ. നന്ദി.
പ്രിയ ജെയ്സൺ,പാട്ചികുട്ടി &കേരളീയൻ വീണ്ടും വന്നുമിണ്ടിപ്പറഞ്ഞതിനിനുള്ള ക്യ് തജ്ഞതകൾ രേഖപ്പെടുത്തുന്നു

വശംവദൻ said...

വേർപാടുകൾ എപ്പോഴും വേദനയുളവാക്കുന്നത് തന്നെയാണ്.

എഴുത്ത് വളരെ നന്നായി.

താങ്കളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു.

Areekkodan | അരീക്കോടന്‍ said...

ദു:ഖത്തില്‍ പങ്ക് ചേരുന്നു.

ശ്രീ said...

ദുഃഖത്തില്‍ പങ്കു ചേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ വശംവദൻ,അരീക്കോടൻ &ശ്രീ,
വേർപ്പാടുകൾ എന്നും ദു:ഖത്തിലേയ്ക്കുള്ള നടപ്പാതകളാണല്ലൊ....
ദു:ഖത്തിൽ പങ്കുചേർന്നതിന് എല്ലാവർക്കും നന്ദി..കേട്ടൊ.

khader patteppadam said...

കണ്ണീരോടെ....

വയനാടന്‍ said...

ദുഃഖത്തിൽ പങ്കു ചേരുന്നു.
'തൊണ്ണൂറു' വയസ്സുള്ള കണ്ടുണ്ണ്യേട്ടനെ
ഇത്ര വേഗം മരണം തട്ടിയെറ്റുക്കുമെന്നു കരുതിയില്ല എന്നു താങ്കളെഴുതിയതു കാണുമ്പോൾ ഓർത്തു പോകുന്നു; 'ഇവർ ഒരിക്കലും മരിക്കില്ല എന്നു തോന്നിപ്പിക്കുന്ന പല മുഖങ്ങളേയും"
നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ഖാദർ ഭായി &വയനാടൻ വന്നു കണ്ണീരോടെ ദു:ഖത്തിൽ പങ്കുചേർന്നതിന് നന്ദി ചൊല്ലിടുന്നൂ

bijil krishnan said...

ഗദ്യവും,പദ്യവും കൂട്ടികുഴച്ച് ആകസ്മികമരണങ്ങളെ ദുഖത്തിന്റെ കൊടുമുടിയിൽ എത്തിച്ചിട്ട് അവസാനം കണ്ടുണ്ണി എട്ടൻ ചരിതത്തിൽ ഒരുഗ്രൻ തമാശയും അല്ലേ?
നല്ല വിവരണങ്ങൾ
ആദരാജ്ഞലികൾ..

ഗീത said...

ജ്യോനവന്റേയും കണ്ടുണ്ണിച്ചേട്ടന്റേയും മിഴിവാര്‍ന്ന ചിത്രങ്ങള്‍ മനസ്സില്‍ പതിപ്പിച്ചു തന്നിരിക്കുന്നു. ആ പ്രാസമൊപ്പിച്ചുള്ള കവിത നന്നായിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ബിജിൽ & ഗീത വീണ്ടുംവന്നതിനും,നല്ലയഭിപ്രായങ്ങൾ പ്രകടിപ്പിച്ചുയെന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിപ്പിക്കുന്നതിലും അതിയായ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നൂ

Mahesh Cheruthana/മഹി said...

രംഗ ബോധമില്ലാത്ത ആ കോമാളി യുടെ വരവു വേദനയുടെ നിമിഷങ്ങള്‍ ആണു സമ്മാനിക്കുന്നതു!

Typist | എഴുത്തുകാരി said...

ഒരിക്കലും കാണാത്ത ആ സുഹൃത്ത് നമുക്കെത്രയോ പ്രിയപ്പെട്ടവനായി മാറി. ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴേക്കും പക്ഷേ പോയില്ലേ?

കണ്ടുണ്ണിയേട്ടന്‍ നാട്ടിന്‍പുറത്തെ ജീവിതത്തിന്റെ (പണ്ടത്തെ) ഒരു നേര്‍ക്കാഴ്ചയും.

കണ്ടുണ്ണിയേട്ടന്റെ നാടിന്റെ പുഴ കടന്നാല്‍ എന്റെ നാടായീട്ടോ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മഹി,പറഞ്ഞതുതീർച്ചയായിട്ടും ശരിയാണ്,രംഗബോധമില്ലാത്ത ആ കോമാളി വരുന്നത് നമ്മളെ ചിരിപ്പിക്കാനല്ല...കരയിപ്പിക്കാനാണ്!
പ്രിയ എഴുത്തുകാരി,നമ്മൾ ബൂലോഗർക്ക് - ബൂലോഗത്തെ വേർപ്പാടുകൾ സ്വന്തക്കാരുടെ വിട്ടുപിരിയലുകൾ കണക്കെതന്നെയായി! കുറുമാലിപ്പുഴയുടെ തീരങ്ങൾ എന്റെ കളിവീടുകളുടെ താവളം കൂടിയായിരുന്നു കേട്ടൊ...
അഭിപ്രായങ്ങൾക്ക് വളരെയേറെ നന്ദിയുണ്ട്ട്ടാ..

നരിക്കുന്നൻ said...

ഈ ബൂലോഗം ഇത്രമാത്രം പ്രാർത്ഥനാനിരതരായി ഇരുന്നത് ഒരുപക്ഷേ ജ്യോനവൻ എന്ന പ്രിയ കവിക്ക് വേണ്ടിയാവും. ബൂലോഗത്തിന്റെ അപരിചിതത്വത്തിലേക്ക് തന്റെ മുനയുള്ള അക്ഷരങ്ങൾകൊണ്ട് തോണ്ടി വിളിച്ച ആ മഹാകവിയുടെ അകാല നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. മുരളിച്ചേട്ടന്റെ കണ്ടുണ്ണിയേ ഞാൻ ഈ വരികളിലൂടെ വ്യക്തമായി കാണുന്നുണ്ട്. ആ വലിയ മനുഷ്യന്റെ ഓർമ്മകളിലും ഒരു മിഴിനീരെങ്കിലും പൊഴിക്കാതെ പോകാൻ കഴിയില്ല.

ഈ എഴുത്ത് എനിക്കേറെ ഇഷ്ടമായി.

Anonymous said...

കണ്ടുണ്ണിയെട്ടന്‍ എന്തായാലും ഭാഗ്യവാന്‍ തന്നെ.മാഷ് ഇപ്പഴും അദ്ദേഹത്തെ ഓര്‍ക്കുന്നുണ്ടല്ലോ.......

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ നരിക്കുന്നൻ & ബിജ്ലി എന്റെ കൂടെ ഈ വേർപ്പാടുകളിൽ ദു:ഖങ്ങൾ രേഖപ്പെടുത്തിയതിനും,നല്ലയഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നൂ...

kallyanapennu said...

അയ്യ്യ്യോ..രണ്ടും വായിച്ചപ്പോൾ വളരെവിഷമമായി..
എന്താചെയ്യാ ജ്യോനവൻ കവിതാലോകത്തിന് ഒരു വല്ലാത്ത നഷ്ട്ടം തന്നെ
ബാഷ്പാഞ്ജലികള്‍.

Unknown said...

ദു:ഖങ്ങളിൽ പങ്കുചേരുന്നൂ..
കവിതകൾ രണ്ടും നന്നായിരുന്നു
ആ മണ്ണെണ്ണപ്രയോഗം അസ്സലായിട്ടുണ്ട്

ARUN said...

നല്ല എഴുത്ത്, നല്ല കവിത

shibin said...

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

Unknown said...

സ്നേഹം നിറഞ്ഞ കീടായി കൃഷ്ണന്‍ കണ്ടുണ്ണി ചേട്ടന് എന്‍റെ
ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ ......

നിതിന്‍‌ said...

ജ്യോനവന്‍റെ അനുഭവക്കുറിപ്പുകള്‍

http://www.jyonavan.blogspot.com/

Unknown said...

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

ഷിബു said...

വളരെ നല്ല എഴുത്തും,കവിതയും....

Unknown said...

ഒരിക്കലും കാണാത്ത ആ സുഹൃത്ത് നമുക്കെത്രയോ പ്രിയപ്പെട്ടവനായി മാറി. ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴേക്കും പക്ഷേ പോയില്ലേ?

കണ്ടുണ്ണിയേട്ടന്‍ നാട്ടിന്‍പുറത്തെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ചയും....

Unknown said...

ഒരു കടമോ രണ്ടുകടമോയുള്ള നിന്‍ കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !

Unknown said...

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

Anonymous said...

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...