Sunday, 31 May 2009

ഒരു ലണ്ടന്‍ ഡയറി ...! / Oru London Dairy ...!


ഈ  ഭൂലോകത്ത് ബൂലോഗം ഉണ്ടാകുന്നതിന്  കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് , ലണ്ടനിൽ എത്തിപ്പെട്ട ഒരു  'എ‘മണ്ടൻ ' എഴുതിയ ഡയറി കുറിപ്പുകളിലെ കുറച്ച് ഭാഗങ്ങളാണ് ഇത്തവണ ഞാനിവിടെ കട്ട് - പേസ്റ്റ് ചെയ്ത് വെക്കുന്നത് കേട്ടൊ.

എല്ലാം കൊണ്ടും വിഭിന്നമായ ഒരു അന്യദേശത്ത് ആദ്യമായി എത്തിപ്പെടുമ്പോൾ ഏതൊരാൾക്കും ഉണ്ടാകാവുന്ന അല്ലറ ചില്ലറ പ്രശ്നങ്ങൾ തന്നെയാണിത് 


ബോറഡിച്ചാലും ഇല്ലെങ്കിലും  
ഇതങ്ങട് ജസ്റ്റ് ഒന്ന് വായിച്ചുനോക്കിയാലും ...


ഒരു ലണ്ടന്‍ ഡയറി 

ലണ്ടനിൽ 2012 ൽ നടന്ന ഒളിമ്പിക്സിന്റെ സ്റ്റേഡിയങ്ങളിലൊന്ന്...

അന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു.. ശനിയാഴ്ച്ചയുടെ പിറ്റേ ദിവസം ..
ജെറ്റിന്റെ ഒരു  ബോയിങ്ങ് വീമാനം ...
ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ ഹീത്രൂ എയർ പോർട്ടിൽ
ഓരോ മൂന്നുമിനിട്ട് കൂടുമ്പോഴും , ലോകത്തിലെ എല്ലാ പറവയാന കമ്പനികളുടെയും ജെറ്റുകള്‍ താഴുകയും , പൊന്തുകയും ചെയ്തുകൊണ്ടിരിക്കുന്നയിടത്ത്...
റണ്‍വ്വേയില്‍ , കിഴക്കേലെ കണ്ടന്‍ പൂച്ചയേ പോലെ
നാലുകാലില്‍ നിലത്തു ചാടി ഇറങ്ങിയിട്ട് ഓടിവന്ന് നിന്നു ...
സമയം പുലര്‍ച്ചെ നാലുമണി കാണിക്കുന്നുണ്ടെങ്കിലും എങ്ങും പകലിന്റെ വെട്ടം ..
ഓ.. ഇതാണല്ലേ സൂര്യന്‍ അസ്തമിക്കാത്ത രാജ്യം ...!
ശനിയാഴ്ചായുടെ ഹാങ്ങ്‌ ഓവറില്‍ നിന്നും ഈ മഹാ നഗരം ഉണര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ..
ആകെ ഒരു നിശ്ശബ്ദത ...
അനേകം കൌണ്ടറുകള്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് ഔട്ട് കളില്‍ കൂടി അര മണിക്കുറിനുള്ളില്‍ പുറത്ത്‌ ...


ലണ്ടൻ ഹീത്രോ എയർപോർട്ട്
വളരെ ഔപചാരികതയോടെ ട്രാവലേഴ്‌സ് ഹെൽപ്പ് ഡെസ്കിൽ ഇരുന്നിരുന്ന ഒരു ചൈനീസ് സുന്ദരി ഏര്‍പ്പാടാക്കി തന്ന ടാക്സിയില്‍
പായുമ്പോള്‍ ഉള്ളില്‍ ചെറിയൊരു ഭയം ...?
ഡ്രൈവര്‍ തൊപ്പിയും, കൂളിങ്ങ്ഗ്ലാസും ധരിച്ച ഒരു ആഫ്രിക്ക കാരനാണെന്നുതോന്നുന്നു ?
കമ്പ്യൂട്ടറും , ബ്ലൂചിപ്പും കൊണ്ടു അമ്മാനമാടുന്ന മോഹന്‍ തോമസിന്റെ
ഡല്‍ഹിയില്‍ നിന്നും വന്ന ഞാനെന്തിനു പേടിക്കണം അല്ലേ ..?

തനി സായിപ്പു സ്റ്റൈലില്‍ ഇംഗ്ലീഷില്‍ ഒരു ശരാശരി 
മലയാളിയുടെ സ്ഥിരം കത്തികള്‍ ഞാനവനുമേല്‍ പ്രയോഗിച്ചു ...
സ്ഥലത്തെത്തിച്ചു വാടക കൊടുത്തപ്പോള്‍
അടിവയറ് തൊട്ടൊരാളല് ‍..(നാല്‍പ്പതു പൌണ്ട് -മൂവ്വയിരത്തില്‍ മേലെ രൂപ ).

"ശരി എന്നാല്‍ ....പിന്നെ കാണാം ...ഭായ്"

ഡ്രൈവറുടെ വക ഒരു യാത്രാമൊഴി !
എടാ മഹാപാപി ...!

"മലയാളിക്ക് മലയാളി പാര" എന്നു പറയുന്നത് ഇതിനെയാണ് ..അല്ലേ

ഇവിടെ വന്നിട്ട് ആദ്യ ദിവസങ്ങളില്‍ 'ബെഡ് & ബ്രേക്ക് ഫാസ്റ്റ്'  
തരുന്ന ഹോട്ടലിൽ നിന്നായിരുന്നു പ്രഭാത ഭക്ഷണം  ...

ഫുള്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് --- ഒരു പ്ലേറ്റ് നിറയെ വേവിച്ച പന്നിയും ,മുട്ടയും ,കോഴിയും ,ഫ്രൂട്സും ,ജ്യൂസുമൊക്കെയായി കുറെ വിഭവങ്ങള്‍ ...
ചിലതിനു ഭയങ്കര പുളി മാത്രം , ചിലതിനു എരിവും,  മറ്റു ചിലതിനു ഉപ്പും ഒക്കെ ...
ഞാന്‍ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും  ഓരോന്നായി കഴിച്ചു .
ഇങ്ങനെ മൂന്നാലു ദിവസങ്ങൾ   കഴിച്ചു കുഴഞ്ഞു  ...

പിറ്റേന്ന്  ഒരു മദാമ്മ കഴിക്കുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് ......
അത് ഓരോന്നായി കുറേശ്ശെ എടുത്തു , കത്തിയും ഫോര്‍ക്കും
ഉപയോഗിച്ചു ശബ്ദം പുറപ്പെടുവിക്കാതെ "മിക്സ് " ചെയ്താണ് കഴിക്കേണ്ടിയിരുന്നത് എന്ന് !
പിറ്റേ ദിവസം അങ്ങിനെ കഴിച്ചു നോക്കി ...
ഹാ... നല്ല ടേസ്റ്റ് ..!
അഞ്ചാം ദിനം മുതൽ താമസിക്കുവാൻ ഒരു മുറിയും , ജോലി ചെയ്‌യുവാനുള്ള  സ്ഥലവും  വർക് പെര്മിറ്റിന്റെ ആളുകൾ വന്ന് ഏർപ്പാടാക്കി തന്നു...
ഇതിനിടയിൽ നാട്ടിൽ നിന്നും മാറ്റികൊണ്ടുവന്ന അമ്പതിനായിരം 
രൂപയുടെ പൗണ്ട് നോട്ടുകൾ ചട് പിടുന്നനെ കാലിയായി കൊണ്ടിരുന്നു  ...!

അങ്ങിനെ ദിവസങ്ങള്‍ കഴിയും തോറും
പലകാര്യങ്ങളും പഠിക്കുവാന്‍ തുടങ്ങി ...
കൂട്ടത്തില്‍ എന്റെ മണ്ടത്തരങ്ങളുടെ എണ്ണവും കൂടാന്‍ തുടങ്ങി ....

ഒരുദിവസം" ലഞ്ച്‌ ടൈം "ആകാറായപ്പോള്‍ഒരു സഹപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു

"Are you coming to Barbeque ?"

"No... No... am not coming" ഞാന്‍ പറഞ്ഞു .
ഛെ...
അത്തരം വൃത്തികെട്ട പരിപാടിക്കൊന്നും 
എന്നെ കിട്ടില്ല ...ഞാന്‍ മനസ്സില്‍ പറഞ്ഞു ...

ഓഫീസിലുള്ള എല്ലാവരും പോകുന്ന 
കണ്ടപ്പോള്‍ ...ഞാന്‍ dictionery എടുത്തു നോക്കി .

ബാര്‍ബിക്ക്യൂ ഒരു ഭക്ഷണം കൊടുക്കുന്ന പരിപാടി ആണെന്ന് അപ്പോള്‍ ആണ് മനസ്സില്‍ ആയത്‌ . പിന്നീട് കുറച്ചു ചമ്മിയിട്ടാനെങ്കിലും , ഞാനും പതുക്കെ പോയി കേട്ടോ ....

ഓഫീസിലെ സായിപ്പുമാര്‍ പല തമാശകളും 
എന്നോടു പറഞ്ഞിട്ട് ...ചിരിക്കും .
ഇവിടെ ഉള്ള സായിപ്പുമാര്‍ക്ക് നമ്മുടെ പോലെ ഇംഗ്ലീഷ് ശരിക്കും അറിയാത്തത് കൊണ്ട്  എനിക്കത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ...!

ഒന്നും മനസ്സില്‍ ആയില്ലെങ്കിലും ഞാനും കൂടെ ചിരിക്കും ...
അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് ...
പക്ഷെ ഞാന്‍ മറുപടി പറയേണ്ട തമാശകളോ മറ്റോ ആണെങ്കില്‍ ഞാന്‍ പെടും !
അപ്പോള്‍ എന്റെ ചിരി പതുക്കെ ,
മോഹന്‍ലാലിന്റെ മാതിരി ചമ്മിയ ചിരിയായി മാറും ..!

ഞാന്‍ ജോലി ചെയ്യുന്ന കെട്ടിടത്തിലെ റിസപ്ഷിനിസ്റ്റ്‌
എന്നെ കാണുമ്പോള്‍ എന്നും ഒരു വല്ലാത്ത ചിരി ...
ആദ്യം ഞാന്‍ കരുതി ആ മദാമ്മ കുട്ടിക്ക് എന്നോട് എന്തോ ഇത് തോന്നിയിട്ടാണ് എന്ന് ...
പിന്നീടാണ് മനസ്സിലായത് ഞാന്‍ ചെയ്ത ഒരു ബഹു മണ്ടത്തരം
ഓര്‍ത്താണ് ആ കുട്ടി ചിരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ....

(തല്ക്കാലം അത് ഇവിടെ പറയുന്നില്ല - എന്റെ മാനം പൂവും !)

പിന്നെ മിക്കവാറും ദിവസങ്ങളില്‍ എനിക്ക് ഇവിടെ
ആരുടെയെങ്കിലുംകൈയ്യില്‍ നിന്നും എന്തെങ്കിലും കിട്ടും !

ആദ്യദിവസം തന്നെ ഭൂമിക്കടിയില്‍ കൂടി പോകുന്ന ‘ട്യുബ് ‘ട്രെയിനില്‍
നമ്മുടെ നാട്ടിലെ ബസ്സിലെ പോലെ ചവിട്ടിക്കൂട്ടി നടന്നതിനു ഒരു മദാമ്മ എന്റെ കാലില്‍ ആഞ്ഞുചവിട്ടി.
നമ്മുടെ ഗാന്ധിജിക്ക് സൌത്ത് ആഫ്രിക്കയില്‍ വച്ചു കിട്ടിയ പോലെ... !

ഒരു ട്യൂബ് ട്രെയിൻ  / അണ്ടർ ഗ്രൌണ്ട് തീവണ്ടി

പിന്നെ ഒരു ദിവസം "ടേക്ക് അവേയ് " ഭക്ഷണം വാങ്ങിയിട്ട് ...
തുക , നമ്മുടെ നാട്ടിലെ ചായക്കടയിലെ പോലെ മേശയില്‍ എറിഞ്ഞു കൊടുത്തതിന്,
ഇവിടെ എമൌണ്ട് കൈയ്യില്‍ കൊടുക്കണമത്രെ !

എന്തിന് പറയുന്നു ...
ഇവിടെ  ടോയിലെറ്റ്  വൃത്തിയാക്കുവാൻ വന്ന ക്ളീനർ കറുമ്പി വരെ എന്നെ തെറി വിളിച്ചു !
അവര്‍ ടോയിലെറ്റ് കഴുകികൊണ്ടിരുന്നപ്പോള്‍ , ഞാന്‍ ആയത്‌ ഉപയോഗിച്ചത് തെറ്റാണത്രെ  !
ഓ ..എത്രയെത്ര ആചാരങ്ങളും , നിയമങ്ങളും ....

പിന്നെ എന്ത് തെറ്റിനും ഇവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള
'സോറി' എന്ന രണ്ടക്ഷരങ്ങള്‍ തല്ലിക്കൂട്ടി പറഞ്ഞു എല്ലാത്തില്‍ നിന്നും ഒരുവിധം തടി തപ്പുന്നു ...!

സോറി യുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ...
ഇവിടെ എന്തിനും , ഏതിനും    സോറി പറയണം . തുമ്മുന്നതിന് ,ചുമക്കുന്നതിന്,...,...
എന്തിന് ഒന്നു കോട്ടുവായ ഇടുന്നതിനു വരെ സോറി പറയണം ...
സോറി പറയാനുള്ള ബുദ്ധിമുട്ട്‌ കാരണം കോട്ടുവായ വന്നാലും ഞാന്‍ പിടിച്ചിരിക്കും ..!

അതുപോലെ ഇവിടെ ഞാന്‍ അഭിമുഖികരിക്കുന്ന മറ്റൊരു പ്രശ്നമാണ് "ട്യാങ്ക്യു" ...
ആരും ഒരു സഹായവും ചെയ്തിലെങ്കിലും ട്യാങ്ക്യു പറയണം !

എന്തെങ്കിലും സഹായം ചെയ്തവരെ തെറി വിളിച്ചു 
ശീലിച്ച നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് ...!

സായിപ്പുമാരുടെ ഇംഗ്ലീഷ് ആക്ക്സന്റ്  രസകരമാണ് ...
ഞാനും അതുപോലെ പറയാന്‍ ശ്രമിച്ചു നോക്കി ...
നടക്കുന്നില്ല , ചെറുപ്പം മുതല്‍ നാക്ക് വടിക്കല്‍ ശീലം തുടര്‍ന്നത്
മണ്ടത്തരമായെന്ന് ഇപ്പോള്‍ തോന്നുന്നു !

അതുപോലെ ഇവിടെയുള്ള മീശയില്ലാത്ത സുന്ദര കുട്ടപ്പന്മാരായ ആണുങ്ങളെ കണ്ടപ്പോള്‍ ...
അവരെ പോലെയാകാന്‍ ആഗ്രഹം തോന്നിയിട്ട് ...
ഞാനും എന്റെ മീശ വടിച്ചു കളഞ്ഞു ...
പക്ഷെ ..മറ്റുള്ളവരെപോലെ സുന്ദരനായില്ല ...
പകരം ഒരു "സോമാലിയന്‍ " ലുക്ക് ആയിപ്പോയി...
ഇപ്പോള്‍ തോന്നുന്നു ഒരു പഴുതാരെയേ പോലെ ഇരുന്നതാണെങ്കിലും ,
ആ മീശ ഉണ്ടായിരുന്നെങ്കില്‍ ഒരു മലയാളി ഗമയെങ്കിലും ഉണ്ടായിരുന്നേനെ എന്ന് ...!


ഇനി വഴിയോര കാഴ്ചകളെ കുറിച്ച്.....
ഒറ്റവാക്കില്‍ പറഞ്ഞാല്‍ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല ...

നടുറോഡില്‍ ഉമ്മവെച്ചു കളിക്കുന്നവര്‍ ...

പാര്‍ക്കുകള്‍ ബെഡ് റൂം ആണെന്ന് കരുതുന്നവര്‍ ...

ആണും , പെണ്ണും പ്രകോപനപരമായ രീതികളിലാണ്‌
പ്രത്യേകച്ച് ഈ സമ്മറിൽ വസ്ത്രധാരണം ....

മറ്റൊരു പ്രത്യേകത നമുക്ക് അണ്ടര്‍ വെയേര്‍സ്  ഇട്ടവരെയും ,
ഇടാത്തവരെയും തിരിച്ചറിയാന്‍ പറ്റും എന്നുള്ളതാണ് ...
ഇട്ടിട്ടുള്ളവര്‍ അത് പുറത്തു കാട്ടാതിരിക്കില്ല ....!

പിന്നെ 'പൌണ്ട്' കള്‍ വിളഞ്ഞുനില്ക്കുന്ന മനോഹരമായ പാടങ്ങള്‍ ...
അവിടെ കൊയ്ത്തിനു വന്നിരിക്കുന്ന വിവിധ ദേശക്കാരും ,
ഭാഷക്കാരുമായ യോഗ്യരുമായ പലതരം ജനങ്ങള്‍ ....
അങ്ങിനെ ലോകത്തിന്റെ സാസ്കാരിക തലസ്ഥാനമായ ഈ പട്ടണത്തിന്റെ
മായക്കാഴ്ചകളില്‍ , മായാത്ത സ്മരണകളുമായി ഞാനും , ഒരു തനി മലയാളിയായി ഇപ്പോള്‍ ഒഴുകി നടക്കുകയാണ് ...

ഒഴിവുസമയങ്ങളില്‍ ഞാൻ ചിലപ്പോള്‍
ഓരോ ലണ്ടന്‍  ജങ്ഷനുകളിലും പോയി നിൽക്കും...

ഇവിടെ ജിമ്മിച്ചേട്ടന്റെ തയ്യൽക്കടയോ , ഗംഗേട്ടന്റെ ബാര്‍ബര്‍
ഷാപ്പോ , ഹാജിയാരുടെ കാപ്പിക്കടയോ ഇല്ലാ...കേട്ടൊ

പകരം നിറയെ ചായയെക്കാൾ വില കുറവിന് കിട്ടുന്ന ബിയറുകളും
മറ്റും നിറയെ ഉള്ള പബ്ബുകള്‍ ആണ് , പിന്നെ വാതു വെപ്പ് കേന്ദ്രങ്ങളായ ക്ലബ്ബുകളും ,..,..

മലപോലെ നിരന്നു കിടക്കുന്ന ഓട്ടോകളോ , ഡോറില്‍ അടിച്ചു ശബ്ദമുണ്ടാക്കി ചീറി പാഞ്ഞു വരുന്ന ബസ്സുകളോ  , ബൈക്കുകളില്‍ ചെത്തി വരുന്ന പയ്യന്മാരൊ  ഇല്ലാ ....

പകരം നിലത്തുമുട്ടിപ്പോകുന്ന ട്രാമുകളും ,ഡബ്ബിള്‍ ഡക്കര്‍ ബസ്സുകളും ,ഡ്രൈവര്‍ ഇല്ലാതെ മുകളില്‍ കൂടി പോകുന്ന ട്രെയിനുകളും (DLR) , ഭൂമിക്കടിയില്‍ക്കൂടി തുരങ്കങ്ങളില്‍ കൂടി ഊളിയിട്ടു പായുന്ന തീവണ്ടികളും /അണ്ടര്‍ ഗ്രൌണ്ട് സ്റ്റെയ്ഷനുകളും.....
പിന്നെ കൈയ്യില്‍ മടക്കി പിടിച്ചു കൊണ്ട് നടക്കാവുന്ന പാവം, പാവം സൈക്കിളുകളും ...


ട്രാം

ഇവിടുത്തെ ട്രാഫിക് നിയമങ്ങളും രസകരമാണ് .
വഴിയാത്രക്കാര്‍ സീബ്രല്യ്നില്‍ കാലെടുത്തുവെച്ചാല്‍ പിന്നെ
വാഹനങ്ങള്‍ എല്ലാം നിറുത്തിത്തരും ...!
ഇത് അറിയാതെ ഞാന്‍ ഒരുദിവസം സീബ്രലയിനില്‍ 
നിന്നുകൊണ്ട്  എന്തോ ആലോചിച്ചു കൊണ്ടുനില്‍ക്കുകയായിരുന്നൂ ...

എന്റെ നാലുവശത്തും വാഹനങ്ങള്‍ നിറുത്തിയിടുവാന്‍ തുടങ്ങി .
ഇവയെല്ലാം നിറുത്തിയിട്ടിരുന്നത് , ഞാന്‍ സീബ്രലയിന്‍  ക്രോസ്  ചെയ്തിട്ട് കടന്നുപോകാന്‍ വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും ആ ലണ്ടന്‍ റോഡ്  മുഴുവന്‍ ഒരു വലിയ ട്രാഫിക് ജാം ആയി കഴിഞ്ഞിരുന്നു...

വേറെയൊന്നുള്ളത് ഭക്ഷണം കഴിക്കുമ്പോഴുള്ള ഏറെ പ്രശ്നങ്ങളാണ്...
ഫോര്‍ക്കു കൊണ്ടു കോര്‍ത്തിട്ടു കിട്ടാതെ വരുമ്പോള്‍ കൈക്കൂട്ടി കോര്‍ക്കുന്നത്  കാണുമ്പോള്‍ മറുനാട്ടുകാര്‍ കുടുകുടെ ചിരിക്കും ....

ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ മഞ്ഞപ്പിത്തം
പിടിച്ചവര്‍ക്ക് കഴിക്കാവുന്ന ഫുഡ് ആണ് ഇവിടെ കിട്ടുന്നത് .
കറിമസാലകള്‍ (ഉപ്പുമു   ളകുമ ല്ലിമഞ്ഞ  ....) തൊട്ടുതീണ്ടാത്തവ ....

ആട് തിന്നുന്നപോലെ കുറെ
ഇലകളും  മറ്റും ചവച്ചരച്ചു തിന്നണം ...
ഇതൊക്കെ തിന്നാല്‍ സായിപ്പ് ആകുമെങ്കില്‍ 
ആവട്ടെ എന്ന് കരുതി ഞാനും ഇവയെല്ലാം തിന്നു തീർക്കും  ...

ഇന്ത്യന്‍ രൂപയില്‍ എല്ലാ‍സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ...
പഴത്തിന്റെ വില ഓര്‍ക്കുമ്പോള്‍ തൊണ്ട് കൂടി തിന്നാലോ എന്നാലോചിക്കും.... !

ആകെ വില കുറവുള്ളത് കള്ളിന് മാത്രം !
അതിനു പിന്നെ ബീവറെജില്‍ പോയി നീണ്ട വരിയില്‍
നില്‍ക്കേണ്ട ആവശ്യവും ഇല്ല....
ഏത് പെട്ടിക്കടയിലും കിട്ടും ...!

അത് കൊണ്ട് ഞങ്ങള്‍ മലയാളികള്‍ ഇവിടത്തെ വെട്ടിരിമ്പുകളായ
(പത്തു പൌണ്ടിനും ഇരുപതു പൌണ്ടിനും ഇടക്ക് വിലയുള്ളവ ) Vat  69,
Martel, Smirnoff, Captain morgan, Chivas regal, Red  label,...
മുതലായവയുമായി സല്ലപിച്ചു ആശ്വാസം കൊണ്ടു കൊണ്ടിരിക്കുന്നു ...!

പിന്നെ ഇവിടെ ഗേള്‍ ഫ്രണ്ട്സ് നെ കിട്ടാന്‍
വളരെ എളുപ്പമാണെന്ന് പറയുന്നു ...
വെറുതെ കേറി മുട്ടിയാല്‍ മതി ..കിട്ടുമത്രേ !

എന്റെ അടുത്ത മുറിയില്‍ താമസിക്കുന്ന ഒരു
ഇറ്റാലിയന്‍ സുന്ദരിയെ ഞാന്‍ ഒന്നു മുട്ടി നോക്കി .
വാതിലിനു പുറത്തു നിന്നുംകൊണ്ടു അവളോടു വലിയ ഡയലോഗൊക്കെ വിടും...
അവസാനം ഒരു ദിവസം എന്നെ അവള്‍ പിസ കഴിക്കുവാന്‍ അകത്തേക്ക് ക്ഷണിച്ചു ...

സൂചി കടത്താന്‍ ഇടം നോക്കി നിന്ന ഞാന്‍ അവസരം പാഴാക്കിയില്ല ...!
അകത്ത് കടന്നപ്പോള്‍ ഒരു എരപ്പാളി കറപ്പന്‍ , ഘാനക്കാരന്‍ കിടയ്ക്കയിലിതാ
നീണ്ടു നിവര്‍ന്നു പഴയ "പവര്‍ മാള്‍ട്ട് "പരസ്യത്തിലെ ആണിനെ പോലെ കിടക്കുന്നു !

അവള്‍ അപ്പോഴേക്കും വൈന്‍ ഗ്ലാസ് നിറച്ചു എനിക്ക്
നീട്ടിയെങ്കിലും , ഞാന്‍ കഴിക്കാറില്ല എന്ന് പറഞ്ഞു...
അരമണിക്കൂര്‍ കൊണ്ടു കഴിക്കുന്ന പിസ അഞ്ചു മിനിട്ട്കൊണ്ട്
അവസാനിപ്പിച്ചു സ്ഥലം കാലിയാക്കി കൊടുത്തു ...
ഭാഗ്യം...

ഘാനക്കാരന്റെ കൈയ്യില്‍ നിന്നും
മുട്ടാന്‍ പോയെങ്കില്‍എനിക്കും കിട്ടിയേനെ ...
ഇന്ത്യയെ ഓര്‍ത്തു മാത്രം ഞാൻ വിട്ട്കൊടുത്തതാണ് കേട്ടൊ 


ആഫ്രിക്കകാരന്റെ കൈയിൽ  നിന്നും ഇടി 

കിട്ടിയാല്‍ നാണക്കേട് ഇന്ത്യക്കല്ലേ ..അല്ലേ ...?

എന്നാലും ഈ എല്ലാ പെണ്ണുങ്ങളും ഈ കറമ്പന്‍ 

മാരുടെ പിന്നാലെ പോകുന്നതിന്റെ ഗുട്ടൻസ് എന്താണ് ...ആവൊ ! ?

ഇവിടെ ജീവിക്കുമ്പോള്‍ സത്യത്തില്‍ 
എന്തൊക്കെയോ മിസ് ചെയ്യുന്ന പ്രതീതിയാണ് ...

സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ ...
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...

തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍ ....

അട്ടക്ക് പൊട്ടക്കുളം തന്നെ എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും !


ശരിയാണ് ...


ഒരു അട്ടക്ക് പട്ടുമെത്തയില്‍ എന്ത് കാര്യം ?

കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പൊട്ടക്കുളത്തില്‍ അല്ലെ ...


ഒരു നാള്‍ ഞാനും തിരിച്ചു വരും .....

കൊയ്തെടുത്ത പൌണ്ടുകളുമായി .....

നെയ്തെടുത്ത സ്വപ്നങ്ങളുമായി ....

വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....

കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....

NOooooooooooooooooooooo.......


ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......





"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി

ഗ്രാമം കൊതിക്കാറില്ലെങ്കിലുംതിരികെ മടങ്ങുവാന്‍ .....

തീരത്തടുക്കുവാന്‍ ....ഞാന്‍ കൊതിക്കാറുണ്ടെന്നും...."


എന്ന്

സസ്നേഹം ,


ഡിന്‍ .






Friday, 15 May 2009

ലോക കുടുംബ ദിന ചിന്തകൾ ... / Loka Kutumbadina Chinthakal ...

അന്തര്‍ ദേശീയമായി നൂറ്റമ്പതോളം ദിവസങ്ങളെ പലകാര്യങ്ങൾക്കും വേണ്ടി  ഓരൊ  കൊല്ലത്തിലും  പ്രത്യേക ദിനങ്ങളായി കൊണ്ടാടി കൊണ്ടിരിക്കുന്ന കലമാണല്ലോ ഇപ്പോൾ ഉള്ളത് .

അമ്മ ദിനം  , പ്രണയ ദിനം , ഭൗമ ദിനം , പരിസ്ഥിതി ദിനം  എന്നിങ്ങനെ അന്തർദ്ദേശീയമായി ഒരു കുടുംബ ദിനവും എല്ലാ മെയ് മാസം 15 ന് (International_Day_of_Families ) നാം ആഗോളതലത്തിൽ ആചരിക്കുകയാണ് .
അണു കുടുംബം , കൂട്ടു കുടുംബം , ദമ്പതി കുടുംബം , സ്വവര്‍ഗാനുരാഗ  കുടുംബം , സമ്പന്ന കുടുംബം , ദരിദ്ര കുടുംബം , രാജ്യ കുടുംബം ,രാഷ്ട്രീയ കുടുബം , സിനിമാ കുടുംബം , മാതൃകാ കുടുംബം എന്നിങ്ങനെ കണ്ടമാനം രീതിയിൽ ഓരൊ കുടുംബങ്ങളെയും വേർതിരിച്ചു കണ്ടുകൊണ്ടിരിക്കുന്ന സമൂഹമാണ് നമുക്കുള്ളത് .  
കൂട്ടുകുടുംബത്തിൽ നിന്നും 
അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം ഒരുതരം 
അനാഥത്വമാണ് പലര്‍ക്കും നേടിക്കൊടുത്തത്.
മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി , അടിച്ചമര്‍ത്തപ്പെട്ട , പൂര്‍ത്തീകരിക്കപ്പെടാത്ത പല പല അഭിലാക്ഷങ്ങളുടെയും  ബാക്കിപത്രങ്ങളായി മാറിയിരിക്കുകയാണ് ഇന്നുള്ള ഒട്ടുമിക്ക കുടുംബങ്ങളും എന്നാണ് ആധുനിക പഠനങ്ങൾ കണ്ടെത്തുന്ന വസ്‌തുതകൾ .(.Modern Family research-topics )

വളര്‍ച്ചകളാലും,തളര്‍ച്ചകളാലും പ്രണയവും സ്നേഹവുമൊക്കെ  മുരടിച്ചു നിൽക്കുന്ന അവസ്ഥകളും , പരസ്പരം കുറ്റംപറഞ്ഞും ,വിമര്‍ശിച്ചും, തരം താഴ്ത്തിയുമൊക്കെയുള്ള ഇഴയുന്ന ദാമ്പത്യങ്ങളും , പണം പോയാലും പെരുമവരട്ടെ എന്ന തത്വം  പരിപാലിക്കുന്ന ചുറ്റുപാടുമായി മാറിയിരിക്കുകയാണ് ഇന്നത്തെ ഭൂരിഭാഗം ആധുനിക കുടുംബങ്ങൾ എന്നും  ഇത്തരം പഠനങ്ങൾ പറയുന്നു.

വരുമാനം ചിലവഴിക്കാനും , കൂടുതല്‍ ചിലവഴിക്കാന്‍ വേണ്ടി
ഏറെ കടം വാങ്ങുക എന്ന പ്രവണതയാണ് സമൂഹത്തെ
ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .

ഈ രീതി കുടുംബജീവിതത്തില്‍ ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു . ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ കയങ്ങളില്‍ നിന്നും എത്ര പരിശ്രമച്ചാലും  നീന്തി കരപറ്റുവാന്‍ സാധിക്കാതെ ഉഴലുകയാണ് ഏവരും ...

എങ്കിലും പ്രതീക്ഷ കൈവിടാതെ ഏതെങ്കിലും രക്ഷാപ്രവര്‍ത്തകരാല്‍
കരപറ്റിപ്പെടും എന്ന ആശയോടെ ഓരൊ കുടുംബാംഗങ്ങളും 
അനന്തമായി കാത്തിരിക്കുകയാണ് ...!


പണ്ട് ഞങ്ങളുടെ നാടായ കണിമംഗലത്തുള്ള മീശ മത്തായേട്ടൻ   പറയുമായിരുന്നു - അനേകം "പ്പാട്" കള്‍ നല്ലരീതിയില്‍ അടുക്കിവെച്ച ഒരു മേല്‍കൂരയാണെത്രേ ഓരൊ കുടുംബവും ....

ആ രസികന്‍ രസമായി ചൊല്ലിയാടിയിരുന്ന  "പ്പാട'വതരണം " നോക്കൂ ...

കടം തന്നവന്‍ തിരികെ ചോദിച്ചപ്പോള്‍ എന്‍റെ കൈയില്‍ 
ഇല്ലെന്നു പറഞ്ഞതിന് അയാള്‍ ചെകിടത്തു തന്ന പാടാണ് - "കടപ്പാട്."

തിരികെ ഒരെണ്ണം കൊടുത്തപ്പോള്‍ അയാള്‍ മറിഞ്ഞു വീണ് 
തലപൊട്ടിയതിന് പോലീസുകാര്‍ ആവോളം തന്ന പാടാണ് - " ഊപ്പാട്."

കേസ് കോടതിയിലെത്തി, കോടതി 
കയറിയിറങ്ങി മടുത്തപ്പോള്‍ ഉണ്ടായ പാടാണ് - " ബദ്ധപ്പാട്."

ശിക്ഷ കിട്ടി കോടതിയില്‍നിന്നും 
ജയിലിലേക്ക് പോകാന്‍നേരം ഉണ്ടായ പാടാണ് - " പങ്കപ്പാട്."

ജയില്‍ശിക്ഷ അനുഭവിച്ചു
വരുമ്പോള്‍ ഉണ്ടായ പാടാണ് - "കഷ്ടപ്പാട്."

ചെയ്തതു തെറ്റാണെന്നു ബോധ്യം 
വന്നപ്പോള്‍ ഉണ്ടായ പാടാണ് - " കാഴ്ചപ്പാട്."

അനുഭവത്തില്‍നിന്നും ദൈവം നല്ല പാഠം പഠിപ്പിച്ച് കാരാ
ഗൃഹത്തിന് പുറത്തേക്കു പോകാന്‍ നേരം ഉണ്ടായ പാടാണ് - " പുറപ്പാട്."

ഇതെല്ലാം കേട്ടാല്‍ തോന്നും കുടുംബം 
എന്ന് പറഞ്ഞാല്‍ ഒരു 'പെടാപ്പാടു' തന്നെയാണെന്ന് ...!
അല്ല കേട്ടോ
കുടുംബത്തിന്റെ സുരഭില സുന്ദരമായ നിമിഷങ്ങള്‍
ഒരു കുടുംബമായി തന്നെ അനുഭവിച്ചുതന്നെ അറിയണം !


പണ്ടത്തെ ആ പുരയിടം , കൂട്ടുകുടുംബം , 
പരസ്പരമുള്ള ആ സ്നേഹബന്ധങ്ങള്‍ ..ഹായ്‌


'പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു ,
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു ,
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു ,
പത്തിരിയും പച്ചരിച്ചോറും പച്ചക്കറിയും പശുവും ,
പച്ചചാണകവും പിച്ചിപൂക്കളും പച്ചപ്പുല്ലുകളും ,
പുരയിലും പുരയിടത്തിലും പരന്നു കിടന്നിരുന്നു ...



പക്ഷെ ഇന്നത്തെ അണുകുടുംബങ്ങള്‍ ,യാതൊന്നിനും നേരമില്ലാതെ ,
പരസ്പരം സ്നേഹം പ്രകടിപ്പിക്കാതെ ഫ്ലാറ്റുകളിലും ,മറ്റും കിടന്നു ഞെരിപിരി കൊള്ളുകയാണ് .....ഹൌ ....


'പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....'

എന്തൊക്കെയായാലും ഒരു ദിനമെങ്കിലും 
ഒരു നല്ല കുടുംബമായി ,നമുക്ക് വിശ്വം മുഴുവന്‍ ഈ പ്രത്യേക ദിവസമെങ്കിലും  ശരിക്കും വളരെ നല്ലൊരു കുടുംബ ദിനമായി ആഘോഷത്തോടെ , സന്തോഷത്തോടെ ,സ്നേഹത്തോടെ ,പ്രണയത്തോടെ കൊണ്ടാടാം !

Happy Family Day !


നാല്പത്തിനാലാം വയസ് പിന്നിട്ടപ്പോൾ ,ഇതുവരെ പിന്നിട്ട ജീവിതത്തിലേക്ക് വെറുതെ ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോൾ കിട്ടിയ കുറച്ചു വരികൾ കയറിവന്നത് കൂടി ഇവിടെ പകർത്തി വെക്കുന്നു ...

സഫലമീയാത്ര / Saphalameeyaathra.


പാതയില്‍ തടസം നേരിട്ടൊരു ദീര്‍ഘദൂര തീവണ്ടിപോല്‍

പതിവായുള്ളയീ  ക്ലേശം നിറഞ്ഞൊരു ജീവിത യാത്രയില്‍ ,

പതിനാറായിരം ദിനങ്ങള്‍ പിന്നിട്ടു ഞാനിതാ നില്‍ക്കുന്നൂ ...!

പതിനായിരം ഇനികിട്ടിയലതു മഹാഭാഗ്യം ...,പിന്നെ

പതിവു തെറ്റില്ല -"പാപി"യിവനുള്ളിടം  പാതാളം തന്നെ ...!

പതുക്കെയൊന്നു പിന്‍തിരിഞ്ഞു നോക്കികണ്ടു ഞാനെന്‍ ജീവിതം.


പതറിപ്പോയി, പകുതി ദിനങ്ങൾ  വെറും ഉറക്കത്തിന്‌ ,

പതിവായി ചെയ്യുന്ന കാര്യങ്ങള്‍ക്കായി കാല്‍ പകുതിയും,

പദവിയും, പണവും നേടാന്‍ മറുകാല്‍ പാതി ഓടിയോടി ,

പതവന്നൂ പകച്ചീ പാതിയില്‍ അന്തിച്ചു നില്‍ക്കുന്നു ഞാനീ -

പാതയില്‍ വഴിമുടക്കിയിതാ -കൂടെയുണ്ടെൻ  ദു:ഖങ്ങള്‍ മാത്രം 

പതിവു തെറ്റാതെ കഴിഞ്ഞയോരോ ദിനങ്ങളിലും;...കഷ്ടം


പദം ചൊല്ലിയാടി ഒരല്‍പം മദിച്ചും,കളിച്ചും,രസിച്ചും...

പാദങ്ങള്‍ നീങ്ങുന്നില്ല മറ്റോരിടതീത്തേക്കും ,മറു ജീവിത-

പാതി താണ്ടുവാന്‍ ;വെറും പാഴാക്കികളഞ്ഞല്ലൊ  ഇപ്പാതി ഞാന്‍ 

പതറാതെ വരിക നീ മമ സഖീ ,അരികത്ത് ചേര്‍ന്നു

പദമൂന്നിയൊരു ഊന്നുവടിയായി പരസ്‌പരം  തുടരാം -

പതാക വീശി വിജയം വരിച്ചീ സഫലമീയത്ര .നിനക്കൊപ്പം ...!

വാല്‍കഷ്ണം :-

ഏതാണ്ട് മൂന്നുകൊല്ലം മുമ്പ് ബ്രിട്ടീഷ്‌ 
ബേക്കറിയില്‍ (Hovis Bread Company ) പണിയെടുക്കുന്ന 
കാലത്ത് ,ഒരു ഇടവേളസമയം ....
വെള്ളക്കാരനായ മിത്രം ക്രിസ്ജോണുമായി ,
കുടുംബത്തെ പറ്റിചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ....
മൂപ്പര്‍ നാലാം dating ലെ girlfriend നെകുറിച്ചും,
അമ്മയുടെ അഞ്ചാം partner റെ കുറിച്ചും ,
38 വയസ്സിലും കുട്ടികള്‍ ഇല്ലാത്തതിന്റെ ചാരിതാര്ഥ്യത്തെ കുറിച്ചും,
വെറും greeting card കളിലൊതുങ്ങുന്ന കുടുംബ ബന്ധങ്ങളെ
കുറിച്ചുമൊക്കെ ....വാചാലനായി .

എന്റെകുടുംബകാര്യം പറഞ്ഞപ്പോള്‍ ....
15 വര്‍ഷമായി ഒരേയൊരു ഭാര്യസമേധം , കുട്ടികള്‍ 
സഹിതം ,മറ്റു ബന്ധുജനങ്ങളുമായി സസ്നേഹം,സസുഖം 
സുന്ദരമായി വാഴുകയാണെന്ന് കേട്ടപ്പോള്‍ അവന്‍ വാ പൊളിച്ചു പോയി !

Cris John :" isn"t it ? ....
How Can ....15 years with One wife ? "


Me :"Yeah ....
That"s an Indian Magic Trick.....!"


(ആത്മാഗതം :-
 "എന്തുട്ട്  ... പറയാനാ ....ഗെഡീ ...
ഇമ്പ്ട വീട്ടിലെ വെടിക്കെട്ട് ...ഇമ്മ് ക്കല്ലേ  അറിയൊള്ളോ ...
ഒരു കുട്‌ംമ്പം .......തേങ്ങേരെ......മൂട്..." )




written on May 15th 2009 .

Thursday, 7 May 2009

മംഗള പത്ര സ്‌മരണകൾ ... / Mangala Pathra Smaranakal ...


അച്ഛന്റെ തറവാടിന്റെ വടക്കെ പറമ്പിൽ ഞാൻ പിറന്ന് , മൂന്നു  വർഷത്തിന് ശേഷമാണ്  ഞങ്ങൾ  ഇപ്പോൾ താമസിക്കുന്ന തറവാട് വീട് അച്ഛൻ പണികഴിപ്പിച്ചത് .

അമ്മയുടെ രണ്ടാമത്തെ പ്രസവത്തിനു ശേഷം ,അമ്മയുടെ വീട്ടിൽ നിന്നും എന്റെ  അനുജത്തിയേയും കൊണ്ട് വന്ന ദിവസം  തന്നെയായിരുന്നു ഞങ്ങളുടെ പുതിയ തറവാടിന്റെ വീടു പാർക്കലായ   'ഹൌസ്  വാമിങ് 'ചടങ്ങുകളും മറ്റും  ഒരു ചെറിയ സദ്യയും ആഘോഷങ്ങളുമായി നടന്നത്തിയത് .

ഈ വീട്ടിൽ വെച്ചാണ് എനിക്ക് മൂന്നുകൊല്ലം ഇടവിട്ട് 
ഒരു  അനുജനും ,പിന്നീട് വേറൊരു കൂടിയും അനുജത്തിയും ഉണ്ടായത്. പണ്ടത്തെ വീട്ടിൽ അമ്മ നിധിപോലെ സൂക്ഷിച്ച് വെച്ചിരുന്ന  ഒരു ട്രങ്ക് പെട്ടിയും , അച്ഛന്റേയും അമ്മയുടേയും കല്യാണപ്പെട്ടികളുടെയും മോളിലായിരുന്നു  പഴയകിടക്കകൾ  ,പുൽപ്പായ/ പായകൾ  , തലയണ മുതലായ സാമഗ്രികളും മറ്റും കയറ്റിവെച്ചിരുന്നത് .


ഏതാണ്ട് മൂന്ന് പതിറ്റാണ്ട്  മുമ്പ് അകാലത്തിൽ 
അച്ഛൻ ഞങ്ങളെ വിട്ട് പോയതിന് ശേഷമാണ് , പണി തീരാതിരുന്ന   ഞങ്ങളുടെ ഈ തറവാട് വീട് വീണ്ടും പുതുക്കി പണിതത് . 

അപ്പോൾ  പഴയ കുറെ സാധനങ്ങളെല്ലാം ഒതുക്കി 
വെക്കുന്ന സമയത്താണ് മാതാപിതാക്കളുടെ പഴയ പെട്ടികൾ 
തുറന്ന് നോക്കിയത് . 

അവരുടെ വലിയ ഇഷ്ടിക കളറുള്ള തുകലിൽ 
തീർത്ത കല്യാണ  പെട്ടികളിൽ താളിയോല ജാതകങ്ങളും ,SSLC 
ബുക്കുകളും , കോളേജ് സർട്ടിഫിക്കറ്റുകളടക്കം ,അമ്മയുടെ 
കല്യാണ മന്ത്രകോടികള്‍ ഉൾപ്പെടെ , അച്ഛൻറെ കല്യാണ വേഷ്ടികളുമൊക്കെയായി ഒരു പെട്ടി  .
മറ്റൊന്നിൽ  ചില്ലിട്ട് പണ്ടത്തെ വീടിന്റെ ചുമരിൽ കുറേകാലം തൂക്കിയിട്ടിരുന്ന കല്യാണ ഫോട്ടോകളും , സ്റ്റുഡിയോവിൽ പോയി കുടുബ സമേധം എടുത്ത ബ്ലാക്ക്  & വൈറ്റ് ഫോട്ടോകളും ഉണ്ടായിരുന്നു . 


ഇതൊന്നും കൂടാതെ  ചില്ലിട്ട കുറച്ചു
"മംഗള പത്രങ്ങള്‍ " അതിൽ നിന്നും കണ്ടെടുക്കുവാൻ കഴിഞ്ഞു.
ആദ്യം ഈ കുന്ത്രാണ്ടം എന്താണെന്ന് എനിക്ക് പിടി കിട്ടിയില്ല ;
പിന്നീട് ഗഹനമായി അന്വേഷിച്ചപ്പോഴാണ് ,
പഴയ കാലത്ത് കല്യാണ സമയത്ത് - പന്തലില്‍ വെച്ചു വരനേയും,
വധുവിനേയും പ്രകീര്‍ത്തിച്ചു വേണ്ടപ്പെട്ടവര്‍ നടത്തുന്ന
സ്ഥുതി വചനങ്ങളാണ് അവയെന്നു മനസ്സിലായത് ...!


നല്ല വടിവൊത്ത കൈയെഴുത്തുകളാലും , അച്ചടിച്ചും മറ്റും വിവാഹങ്ങൾക്ക് മാത്രമല്ല , ജോലിയിൽ നിന്നും വിരമിക്കുമ്പോഴും ,മറ്റു നല്ല സേവനങ്ങൾക്കും ,പിറന്നാൾ ,സപ്‌തതി മുതലായ ആഘോഷങ്ങൾക്കും വേണ്ടിയും  ആ കാലങ്ങളിൽ വിവിധ തരത്തിലുള്ള മംഗള പത്രങ്ങൾ പാരായണം ചെയ്‌ത്‌ സമർപ്പിച്ചിരുന്നു..!

ശ്ലോകമായും , പദ്യമായും, കവിതയായും ,കഥയായും  മറ്റും തങ്ക ലിപികളിലോ , സ്വര്‍ണ ലിപികളിലോ വര്‍ണ്ണ കടലാസുകളില്‍
അച്ചടിച്ച്  ,ഫ്രെയിം ചെയ്ത "മംഗള പത്രങ്ങള്‍ " അന്നത്തെ കല്യാണ സദസിൽ വായിച്ച ശേഷം വധൂവരന്മാര്‍ക്ക് കൈമാറുന്ന വിവാഹ സമ്മാനങ്ങളായിരുന്നു ...
അന്നുകാലത്തൊക്കെ  ദിനങ്ങളും , മാസങ്ങളും താണ്ടി വിവാഹ മംഗളപത്രങ്ങള്‍ പുതു ദമ്പതികളെ തേടി എത്താറുണ്ട് എന്നാണ് 'അമ്മ പറഞ്ഞു തന്നത് .
അന്ന് കിട്ടിയ ഒരു വിവാഹ മംഗള 
പത്രത്തിലെ വരികളാണ് ഇനി താഴെയുള്ളത് ...

മംഗള പത്രം

വിനായകനെ പോല്‍ , വിഘ്നങ്ങള്‍ മാറ്റിയിതാ യിവര്‍ ;
വിനോദ ദമ്പതിമാരായി  മാംഗല്യം ചാര്‍ത്തി നിന്നിട്ട്   ,
വിനോദ സൌമ്യമായാരംഭിക്കുന്നീ   ദാമ്പത്യ ജീവിതം
വിനയമതു പരസ്പരമെപ്പോഴും  ഇനിമേല്‍ ഉണ്ടാകണം 

വിനോദവും വിശ്വാസവും ‌ഒരുമയാൽ  വിട്ടുവീഴ്ച്ചയും
വിനാശം വിതയ്ക്കാതെ നന്മതന്‍ വിത്തിട്ടു കൊയ്യുക.
വാനത്തോളം   പ്രണയിക്കണം ; ഒട്ടുമരുത് വിദ്വേഷം .
വിനയ പ്രസന്നമായി നേരുന്നിതാ സർവ്വ മംഗളങ്ങള്‍ ...!!


അന്നത്തെ ആ വിവാഹ മംഗള പത്രങ്ങൾക്ക് പകരം , 
പിന്നീട് അകലങ്ങളിലുള്ള ബന്ധുമിത്രാദികളുടെ  വിവാഹ 
മംഗള ആശംസ കാർഡുകളും , കമ്പി തപാൽ ആശംസകളും   കല്യാണ ദിവസങ്ങളിൽ നവ ദമ്പതിമാരെ തേടിയെത്തിയിരുന്നു .

അതിന് ശേഷം ഈ കാലഘട്ടത്തിൽ  
ഇ - മെയിലുകളായും , സൈബർ എഴുത്തുകളായും വിവാഹ ദിങ്ങളിൽ വധൂവരന്മാരെ തേടി വിവാഹ മംഗളാശംസകൾ ഇന്റർനെറ്റ് മുഖാന്തിരം പ്രചാരത്തിലാകുന്ന കലാത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് ...
പണ്ടൊക്കെ ഒന്നൊ രണ്ടോ ഫോട്ടോകൾ മാത്രം ചില്ലിട്ടു വീടിന്റെ ഉമ്മറത്തുള്ള ചുമരുകളിൽ ആണിയടിച്ച് വെക്കുന്നതിന് പകരം , ഇന്ന് എല്ലാവരുടെയും സോഷ്യൽ മീഡിയ ചുമരുകളിലാണ് എല്ലാത്തരത്തിലുള്ള ചിത്രങ്ങളും നാം ആലേഖനം ചെയ്‌ത്‌ വെക്കുന്നത് ...
ഇപ്പോൾ വിവാഹ ദിവസത്തിൽ 
മാത്രമല്ല ,ഓരൊ കല്യാണ വാർഷികങ്ങൾക്കു പോലും ഇത്തരം ആശംസകളുടെ നിരന്തര പ്രവാഹമാണ് എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടിയും അരങ്ങേറിക്കൊണ്ടിരിക്കുന്നത് . വിവാഹാഘോഷങ്ങൾ മാത്രമല്ല ,പിറന്നാളുകളടക്കം സകലമാന ആഘോഷങ്ങളും ആയതിന്റെയൊക്കെ പ്രദർശനങ്ങളും നടത്തുന്നത് സോഷ്യൽ മീഡിയയിൽ ഒരു പ്രവണതയായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് ...
ഇപ്പോൾ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി ഒട്ടുമിക്ക ബന്ധുമിത്രാധികൾക്കും സ്ഥിരമായി മാംഗല്യ ,വിവാഹ വാർഷിക ആശംസകൾ പടച്ചു വിടുന്ന ഒരുവനായി മാറിയിരിക്കുകയാണ് ഞാൻ .
എന്ത് ചെയ്യാം .
പണ്ടത്തെ നാലാം ക്ളാസ് പഠനം പൂർത്തിയാക്കി മംഗള പത്ര കവികളായിരുന്ന കണിമംഗലത്തെ മാമക്കുട്ടി , ഉണിക്കൻ  മുത്തശ്ശന്മാരുടെയും , നാരാണ വല്ല്യച്ഛന്റെയുമൊക്കെ പേരുകളയുവാൻ വേണ്ടി ജന്മമെടുത്ത ഒരു തിരുമണ്ടൻ തന്നെയാണ് ഞാൻ ഇപ്പോൾ ..അല്ലെ  

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...