Saturday, 30 October 2010

ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Kocchu Kocchu Parichayappetutthalukal !

തെരെഞ്ഞെടുപ്പിന് ശേഷം നാട്ടിലെ ത്രിതല പഞ്ചായത്തുകളിൽ ത്രിവർണ്ണപതാകകൾ പാറിപറന്നപ്പോൾ അതിനെ പുകഴ്ത്തിപ്പറയാനും,ഇകഴ്ത്തി പറയാനും,വിലയിരുത്താനും അങ്ങകലെ ഇവിടെ ലണ്ടനിലും രാഷ്ട്രീയബോധമുള്ള മലയാളികൾ ഒത്തുകൂടി ചർച്ചകൾ സംഘടിപ്പിച്ചു ...!

മലയാള ഭാഷയ്ക്ക് വീണ്ടും ജ്ഞാനപീഠം  പുരസ്കാരം  നേടിതന്ന ഒ.എൻ.വി.കുറിപ്പിനെ അനുമോദിക്കുവാനും,അദ്ദേഹത്തിന്റെ കവിതകളും,പാട്ടുകളും ആലപിച്ച് ചർച്ചകൾ നടത്താനും വിവിധ സ്ഥലങ്ങളിലായി ഏഴുപരിപാടികളാണ് ഈയിടെ ലണ്ടനിൽ തന്നെ നടന്നത്..!

അത്പോലെ കവി അയ്യപ്പേട്ടൻ, തന്റെ വിഖ്യാതമായ അയ്യപ്പൻപ്പാട്ട് നിറുത്തി നമ്മേ വിട്ട് വേർപ്പെട്ട് പോയപ്പോഴും അദ്ദേഹത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാൻ ലണ്ടൻ മലയാളികൾ ഒത്തുകൂടി..കേട്ടൊ
 ലണ്ടനിലെ ചില കൊച്ച് കൊച്ചു സാഹിത്യസദസ്സുകൾ ...
നാഷ് റാവുത്തർ,ഫ്രാൻസീസ്  ആഞ്ചലോസ്,സിസിലി,ഗിരിജ,വക്കം സുരേഷ്,സുധീർ&സുഗതൻ
നിങ്ങളെല്ലാം കരുതുന്നുണ്ടാവും  ഇവന്മാർക്കും, ഇവളുമാർക്കുമൊക്കെ
ഇതെങ്ങെനെ പറ്റ്ന്ടമ്മാ‍..എന്ന്  ?

അതാണ്...
ദി  ലണ്ടൻ മല്ലൂസ് മാജിക് ..!

ഈ ബൂലോഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഈ ഭൂലോകത്തിൽ ലണ്ടൻ
എന്ന ഈ ബിലാത്തിപട്ടണം ഉണ്ടായിരുന്നു....
കഴിഞ്ഞ പത്തെഴുപത്  കൊല്ലമായി മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് കുടിയേറിയെങ്കിലും അവർ തമ്മിലുള്ള കൂട്ടായ്മകൾ ഉണ്ടായത് പിന്നീട് കുറെ വർഷങ്ങൾക്ക്  ശേഷമാണ് ....
പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി....
അതിൽ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ....

അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മനുഷ്യർ....!

ജീവിത വണ്ടിയിൽ പ്രരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും,നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടിവന്നിട്ടും അവർ ജനിച്ചനാടിന്റെ നന്മകളും,സംസ്കാരങ്ങളും,മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച് , അവർ ആ വിഹ്വലതകൾ മുഴുവൻ കലാസാഹിത്യരൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ...

ഓരൊ പ്രവാസസമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ
ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , മറ്റുഎല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ
തന്നാലയവിധം കാഴ്ച്ചവെച്ച്  ഗൃഹതുരത്വസ്മരണകൾ എന്നും അന്യനാട്ടിലും നിലനിർത്തികൊണ്ടിരിക്കുന്നത്...

അതെ ലോകത്തിന്റെ , സാംസ്കാരിക പട്ടണമായ ഈ ബിലാത്തിപട്ടണത്തിലും അത്തരം മലയാളത്തിനെ സ്നേഹിക്കുന്ന ഇത്തരം കൊച്ചുകൊച്ചുകൂട്ടായ്മകൾ, അന്ന് തൊട്ടേയുണ്ടായിരുന്നൂ‍.
ആയത് കൊല്ലം തോറും തഴച്ചുവളർന്നു പന്തലിച്ചു.

ഈ തണലിൽ സ്വന്തം തട്ടകങ്ങളിൽ പേരെടുത്ത് പല പല ഉസ്താദുകളുംവളർന്നുവന്നു...
 മുൻ നിരക്കാർ..
പാർവ്വതീപുരം മീര,മണമ്പൂർ സുരേഷ്,ഫ്രാൻസീസ് ആഞ്ചലോസ് & ഫിലിപ്പ് എബ്രഹാം
കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ നമ്മുടെ ടീ.വി.ചാനലുകളും, ഓൺ-ലൈൻ പത്രങ്ങളും നാട്ടറിവുകൾ മുഴുവൻ അപ്-ടു-ഡേറ്റ് ചെയ്യുന്നുണ്ടെങ്കിലും, ഒപ്പം തന്നെ  ഇവിടെയുള്ള മലയാളികൾക്ക് നാടിന്റേയും , ഇവിടെത്തേയും അപ്പപ്പോഴുള്ള ഓരൊ സ്പന്ദനങ്ങളും കാട്ടികൊടുത്തുകൊണ്ടിരിക്കുന്ന വളരെ സ്വതന്ത്രമായ / സ്വന്തമായ പത്രപ്രവർത്തനങ്ങളിലൂടെ മറ്റുരക്കുന്ന ചിലരേയും ഈ വേളയിൽ പരിചയപ്പെടുത്തേണ്ടതുണ്ട്...
സാഹിത്യത്തിന് എന്നും ഊന്നൽ നൽകുന്ന അലക്സ് കണിയാമ്പറമ്പിലിന്റെ ബിലാത്തി മലയാളി ,
ലണ്ടനിലെ ഏതൊരു പരിപാടിയിലും നേരിട്ട് വന്ന് പിന്നീടതിനെ കുറിച്ച് സുന്ദര വാർത്തകളാക്കി മാറ്റുന്ന  ഫിലിപ്പ് എബ്രഹാമിന്റെ കേരള ലിങ്ക് ,
പത്രപ്രവർത്തന രംഗത്ത് പരിചയ സമ്പന്നനായ ,യു.കെയിൽ നിന്നുപോലും ആയതിൽ അംഗീകാരം കരസ്ഥമാക്കിയ രാജഗോപാലിന്റെ യു.കെ.മലയാളി കോം  ,
കേരള കൌമുദി ലേഖകൻ മണമ്പൂർ സുരേഷിന്റെ വാർത്താപത്രികകൾ  ,
ജോജു ഉണ്ണി അണിയിച്ചൊരുക്കുന്ന  യു.കെ.മലയാളി,
കുറച്ച് പൊടിപ്പും ,തൊങ്ങലുമൊക്കെയായി രംഗത്തിറക്കുന്ന നല്ല വായനക്കാരുള്ള ഷാജൻ സ്കറിയയുടെ  ബ്രിട്ടീഷ് മലയാളീ എന്നീ പത്രങ്ങളും ഈ മാജിക് സംരംഭത്തിന് അണിയറയൊരുക്കുന്നവർ തന്നെയാണ്.....
 പ്രസന്നേട്ടൻ,പ്രദീപ്,മനോജ്,റെജി,വക്കം സുരേഷ്കുമാർ 
പിന്നിൽ മീരയും,അശോക് സദനും,ശശിയും
ഒപ്പം ലണ്ടൻ മലയാളസാഹിത്യവേദിയിലൂടെ റെജി നന്തികാട്ട് നടത്തുന്ന കലാസാഹിത്യ സദസ്സുകളിലൂടെയും...
ബിലാത്തി മല്ലു ബ്ലോഗേഴ്സ്സെല്ലാമുള്ള ബിലാത്തി ബൂലോഗർ  മുഖാന്തിരവും
ലണ്ടൻ മലയാളികളെല്ലാം എന്നും നാട്ടിലെപ്പോലെ തന്നെ എല്ലാ മലയാളി വിശേഷങ്ങളും , വാർത്തകളും അപ്പപ്പോൾ തന്നെ തൊട്ടറിഞ്ഞുകൊണ്ടിരിക്കുകയാണ് ഇവിടെ !

അതേ പോലെ തന്നെ കലാ-സാംസ്കാരികരംഗത്തും ഇവിടെ  കുറെപേർ ഉണ്ട് കേട്ടൊ..
 വെട്ടൂർ ജി.കൃഷ്ണകുട്ടിയങ്കിൾ
അമ്പതുകൊല്ലത്തോളമായി ലണ്ടനിലുള്ള കവിയും,നാടകക്കാരനും,കലാകാരനുമായ ആയിരം പൂർണ്ണചന്ദ്രമാരെ നേരിൽ കണ്ട വെട്ടൂർ കൃഷ്ണന്‍കുട്ടിയങ്കിളാണ് ഇവിടെയിപ്പോഴുള്ള അത്തരത്തിലുള്ള ഒരു  കാരണവർ.എല്ലാത്തിനും ഞങ്ങളെക്കാളേറെ യൌവ്വനമുള്ള ഒരു മനസ്സുമായ് മുന്നിട്ടിറങ്ങുന്ന ഒരു സാക്ഷാൽ കലാകാരൻ...!
പൊതുപ്രവർത്തകയും ആദ്യത്തെ മലയാളി ലണ്ടൻ കൌൺസിലറും, ഒരിക്കൽ  സിവിക് അംബാസിഡർ പദവികൂടിയലങ്കരിച്ച ഡോ: ഓമന ഗംഗാധരൻ,
നാടക സവിധായകനും,എഴുത്തുകാരനും,കലാകാരനുമായ കേളിയുടെ അധിപൻ ശശി കുളമട,
 പ്രൊ: ആർ.ഇ.ആഷറോടൊത്ത്
മലയാളത്തിൽ നിന്നും പ്രമുഖ ഗ്രന്ഥങ്ങൾ ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്ത വെള്ളക്കാരനായ പ്രൊ: ആർ.ഇ.ആഷർ ,
 4M's വിദ്യാരംഭം ചടങ്ങ് ..!
സൌദിയിൽ നിന്നും വന്ന് ലണ്ടനിൽ കുടിയേറിയ പ്രവാസി എഴുത്തുകാരനായ കാരൂർ സോമൻ, മലയാളികളുടെ സാംസ്കാരികനായകത്വം വഹിക്കുന്ന 4M കോർഡിനേറ്റർ പ്രസന്നേട്ടൻ,
പ്രാസംഗികരും,എഴുത്തുകാരുമായ ഹാരീസും,മുരളി വെട്ടത്തും,വിജയകുമാർ പിള്ളയും,
എഴുത്തുകാരനും ,കോളേജദ്ധ്യാപകനുമായ ഫ്രാൻസിസ് ആഞ്ചലോസ്,
 ആലാപനം/സംഗീതം ബൈ പ്രിയൻ പ്രിയവ്രതൻ
സംഗീതതിന്റെ ഉപാസകരായ ആൽബർട്ട് വിജയൻ, വക്കം സുരേഷ്കുമാർ,പ്രിയൻ പ്രിയവ്രതൻ ,
നല്ലലേഖനങ്ങളാൽ പേരെടുത്ത ഡോ: ആസാദ്,ഡോ:അജയ് ,
കഥകളെഴുതുന്ന ഷാജി,സുബാഷ്,മനോജ് ശിവ,പ്രിയ,സാബു,...,..,..
കവിതകളുടെ തമ്പുരാട്ടി പാർവ്വതീപുരം മീര,ധന്യാവർഗ്ഗീസ്,സുജനൻ ,...,..
സാഹിത്യത്തിന്റെ ഭാവിയിലെ വാഗ്ദാനമായ പതിമൂന്നു വയസ്സുകാരിയായ അമ്മു...അങ്ങിനെനിരവധി പേർ....
നമുക്ക് അവരെ ചിലരെയൊക്കെ ഒന്ന് പരിചയപ്പെട്ടാലോ..

എഴുത്തുകാരിയും ഗാനഗന്ധർവ്വനും 
ആദ്യം ഡോ: ഓമന ഗംഗാധരനിൽ നിന്നും തുടങ്ങാം ..അല്ലേ
ഇതിൽ തീരെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരാളാണ് കഴിഞ്ഞ മുപ്പത്തിയെട്ടുവർഷമായി ലണ്ടനിലുള്ള ഡോ: ഓമന ഗംഗാധരൻ...
കവിതകൾക്കും,ലേഖനങ്ങൾക്കും പുറമേ ഒരു യാത്രവിവരണം കൂടി എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ, പതിനാലോളം നോവലുകൾ എഴുതിയ ഈ സാഹിത്യകാരി..എന്നും പ്രണയം ചാലിച്ചെഴുതുന്നവൾ !
മഴ പെയ്തുതോർന്നപ്പോൾ പാതവക്കത്തിരിക്കുന്ന തണുത്തുമരവിച്ച പറക്കാൻ കഴിയാത്ത പക്ഷിയേപ്പോലെയാണ്, ഡോക്ട്ടറുടെ കഥാപാത്രങ്ങൾ, തന്റെ പ്രണയിയുടെ അടുത്തെത്താൻ കഴിയാതെ  ഭാരമുള്ള ചിറകുകളുമായി അത് നിശബ്ദം കേഴുന്നു ..
ആ പക്ഷിയേ പോലെ വിരഹാതുരമായ കരച്ചിലുള്ള കഥാപാത്രങ്ങളാണ് സിന്ധുഭൈരവി പോലെ ഒഴുകിപ്പടരുന്നത് .
മണിവത്തൂരിലെ ആയിരം ശിവരാത്രികളിലൂടേയും(സിനിമയും ആയിട്ടുണ്ട്),ഇലപൊഴിയും കാലത്തിലൂടേയുമെല്ലാം മലയാളനോവൽ സാഹിത്യത്തിൽ കൂടി വായനക്കാർ ഉന്നതങ്ങളിലെത്തിച്ച എഴുത്തുകാരി.
ലണ്ടനിലെ പൊതുപ്രവർത്തകയും, ലേബർ പാർട്ടിയുടെ കൌൺസിലറുമായ  ഓമനേച്ചിയുടെ പുതിയ നോവലായ ‘പാർവ്വതീപുരത്തെ സ്വപ്നങ്ങളുടെ’ കൈയ്യെഴുത്തുപ്രതി എനിക്ക് വായിക്കുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് കേട്ടൊ
 കാരൂർ സോമനും ഒരു സാഹിത്യചർച്ചയും
 ഇനി കാരൂരിനെ പറ്റിയാവാം..
അതുപോലെ തന്നെ ഈ പ്രവാസിസഹിത്യകാരനായ കാരൂർ സോമനും , സൌദിവിട്ട ശേഷം കഴിഞ്ഞ ഏഴുവർഷമായി താവളമുറപ്പിച്ചിരിക്കുന്ന തട്ടകവും ഈ ബിലാത്തിപട്ടണം തന്നെയാണ് കേട്ടൊ.
സാഹിത്യത്തിന്റെ എല്ലാമേഖലകളിലും കൈവെച്ചിട്ടുള്ള ഈ ഫുൾടൈം എഴുത്തുകാരനായ ഞങ്ങളെല്ലം ഡാനിയൽ ഭായ് എന്നുവിളിക്കുന്ന ഇദ്ദേഹത്തെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി.
 മീരയും കൃഷ്ണകുട്ടിയങ്കിളും ശശി കുളമടയും
അടുത്ത താരം പാർവ്വതീപുരം മീരയാണ്...
മീരയുടെ കവിമനസ്സിലൊരു ത്രിവേണി സംഗമമുണ്ട് -മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലെ കാവ്യ സംസ്കാരസമന്വയമാണത്. അതിന്റെ അന്തർലാവണ്യംകൊണ്ട് ധന്യമാണ് മീരയുടെ കവിതകൾ.

“മാനം കാണാപ്പെൺപൂവ്
മാരൻ കാവിലിളം പൂവ്
നാടൻ പാട്ടിന്നല്ലികൾ നുള്ളി-
ത്താനെ പൂത്തൊരകം പൂവ് “

‘പെൺ ചില്ല’ എന്ന കവിതയിലെതാണീ വരികൾ. മലയാളവും, തമിഴും ഒപ്പം പുലർത്തുന്ന ദ്രാവിഡത്തനിമയുടെ താളവും ശൈലികളും ഈ കവിതയിലുണ്ട്.
ഹൃദയ  സാഗരം എന്ന കവിതയിലെ വരികൾക്ക് സംസ്കൃതമലിഞ്ഞുചേര്‍ന്ന മലയാളത്തിന്റെ കാന്തിയുണ്ട്... നോക്കു

‘പാടുന്നിതെൻ സാഗരം മധുര വിരഹം...
...ശാന്തം നിസാന്ത നിമിഷം പ്രണയഗന്ധം’

അതേസമയം’ജിബ്രാന്റെ മണിയറയിൽ’ എന്ന കവിതയിലെ ബിംബങ്ങളുടെ പാരസികകാന്തിയാവട്ടെ ഇംഗ്ലീഷ് കവിതകളിലൂടെ നമ്മുടെ ആസ്വാദന തലത്തിലേക്ക് പെയ്തിറങ്ങിയതാണ്...

‘അവനുമുന്നിൽ സ്നേഹത്താൽ നീ
വിവസ്ത്രയാകൂ !
അവനുമുന്നിൽ ദാഹത്താൽ നീ
യോർദാൻ തിരയാകൂ...’

എന്നുവായിക്കുമ്പോൾ,നിങ്ങൾ ലെബനനിലെ ഏതോമുന്തിരിത്തോപ്പിലിരുന്ന് സോളമന്റെ ഗീതങ്ങൾ കേൾക്കുമ്പോഴുള്ള അനുഭൂതിക്കു അവകാശിയാകുന്നു.

ഹൃദയത്തിന്റെ  കിളിവാതിലുകളെല്ലാം തുറന്നിട്ട്,അതുവഴി വന്നെത്തുന്ന കാലത്തിന്റെ സംവേദനങ്ങളും,സന്ദേശങ്ങളുമെല്ലാം ഏറ്റുവാങ്ങി,പ്രത്യക്ഷത്തിൽ വെളിച്ചം വെണ്മയാണെങ്കിലും അതിൽ നിർലീനമായിരിക്കുന്ന വർണ്ണരാജിയെ കണ്ടെത്താനും,കാട്ടിക്കൊടുക്കുവാനും തന്റെ കവിതയ്ക്ക് ആകുമെന്ന് തെളിയിച്ചുകൊണ്ട്, മീര ഇനിയുമിനിയും നമ്മളോടൊപ്പം നിന്നു പാടട്ടെ !

ആ പാട്ടിൽ പൊങ്കലിന്റേയും,പൊന്നോണത്തിന്റേയും നാടുകളിലെ മാത്രമല്ല,ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഹർഷ വിഷാദങ്ങളും,ഉന്മേഷങ്ങളും ,ഉത്കണ്ഠകളും ,ആത്മദാഹങ്ങളും മൌലികശൊഭയോടെ പൂത്തുലയട്ടെ!

ഈ പറഞ്ഞതെല്ലാം നമ്മുടെ പ്രിയ കവി ഒ.എൻ.വി.സാർ,
മീരയെ ആശീർവദിച്ച് എഴുതിയതാണ് കേട്ടൊ .

തമിഴിൽ നിന്നും പ്രസിദ്ധകവി  ബാലയുടെ ‘ഇന്നൊരു മനിതർക്ക് ‘എന്ന ബുക്ക് , പിന്നെ നീല പത്മനാഭന്റെ എതാനും കവിതകൾ എന്നിവ മലയാളത്തിലേക്കും, നമ്മുടെ ‘ജ്ഞാനപ്പാന‘ തമിഴിലേക്കും പരിഭാഷപ്പെടുത്തിയതും ഈ പാർവ്വതീപുരം കാരിതന്നെയാണ് കേട്ടൊ.
ഇപ്പോൾ ഒ.എൻ.വി യുടെ ചില പുസ്തകങ്ങൾ തമിഴിലേക്കും, ഇംഗ്ലീഷിലേക്കും മൊഴിമാറ്റം നടത്തി കൊണ്ടിരിക്കുന്നു.
പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച മീരയുടെ 32 കവിതകളുടെ സമാഹാരമാണ്
‘സ്നേഹപൂർവ്വം കടൽ’ എന്ന പുസ്തകം .
ഏതാണ്ടൊരു ദശകമായി ലണ്ടനിലെ ഏതൊരു മലയാളി സാംസ്കാരിക പരിപാടികളിലും അവതാരകയായും,പ്രഭാഷകയായും, കവിതയാലപിച്ചുമെല്ലാം സദസ്സിനെ മുഴുവൻ കൈയ്യിലെടുത്ത് അമ്മാനമാടുന്ന പുത്തൻ സാഹിത്യപ്രതിഭയാണ് പാർവ്വതീപുരം മീര എന്ന എന്റെ മിത്രം....
കൂട്ടുകാരനായ തബലിസ്റ്റും,സംഗീതജ്ഞനും,കഥാകാരനും,ബ്ലോഗറുമായ മനോജ് ശിവയുടെ പ്രിയ സഖിയാണീ പാർവ്വതീപുരം മീര   കേട്ടൊ
 ലണ്ടൻ സാഹിതീസഖ്യങ്ങൾ
ഇനിയിത്തിരി മനോജ് ശിവയെ കുറിച്ച് ...
ലണ്ടനിലെ ഏതൊരു കലാസാഹിത്യവേദികളിലും തന്റെ നിറസാനിദ്ധ്യമായി പ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഈ മനോജ്  ഇവിടെ ചുക്കില്ലാത്ത കഷായം പോലെയാണ് !
സംഗീതം തപസ്യയാക്കിയ ഈ  യുവതുർക്കി , മലയാളികൾക്ക് മാത്രമല്ല എല്ലാ ഏഷ്യൻ സംഗീതപരിപാടികളിലും സുപരിചിതനാണ്.എല്ലാതരത്തിലും ഒരു സകലകലാവല്ലഭൻ തന്നെയായ ഈ കലാകാരൻ കൊടിയേറ്റം ഗോപിയുടേയും,കരമന ജനാർദന നായരുടേയും ബന്ധു കൂടിയാണ്. ഈ മനോജും നന്നാ‍യി തന്നെ കവിതയും,കഥയുമൊക്കെ എഴുതിയിട്ട് ലണ്ടനിലെ എല്ലാമല്ലു മാധ്യമങ്ങളിലും പ്രസിദ്ധനാണ് കേട്ടൊ.

ഈ മണ്ടൻ , ലണ്ടങ്കാരെ കുറിച്ചെഴുതി വല്ലാതെ ബോറടിപ്പിച്ചു അല്ലേ ...

എന്നാൽ ഇനി തൽക്കാലം നിറുത്താം ....അല്ലേ !




ലേ :‌-
ക .

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...