Friday, 15 May 2009

ലോക കുടുംബ ദിന ചിന്തകൾ ... / Loka Kutumbadina Chinthakal ...

അന്തര്‍ ദേശീയമായി നൂറ്റമ്പതോളം ദിവസങ്ങളെ പലകാര്യങ്ങൾക്കും വേണ്ടി  ഓരൊ  കൊല്ലത്തിലും  പ്രത്യേക ദിനങ്ങളായി കൊണ്ടാടി കൊണ്ടിരിക്കുന്ന കലമാണല്ലോ ഇപ്പോൾ ഉള്ളത് .

അമ്മ ദിനം  , പ്രണയ ദിനം , ഭൗമ ദിനം , പരിസ്ഥിതി ദിനം  എന്നിങ്ങനെ അന്തർദ്ദേശീയമായി ഒരു കുടുംബ ദിനവും എല്ലാ മെയ് മാസം 15 ന് (International_Day_of_Families ) നാം ആഗോളതലത്തിൽ ആചരിക്കുകയാണ് .
അണു കുടുംബം , കൂട്ടു കുടുംബം , ദമ്പതി കുടുംബം , സ്വവര്‍ഗാനുരാഗ  കുടുംബം , സമ്പന്ന കുടുംബം , ദരിദ്ര കുടുംബം , രാജ്യ കുടുംബം ,രാഷ്ട്രീയ കുടുബം , സിനിമാ കുടുംബം , മാതൃകാ കുടുംബം എന്നിങ്ങനെ കണ്ടമാനം രീതിയിൽ ഓരൊ കുടുംബങ്ങളെയും വേർതിരിച്ചു കണ്ടുകൊണ്ടിരിക്കുന്ന സമൂഹമാണ് നമുക്കുള്ളത് .  
കൂട്ടുകുടുംബത്തിൽ നിന്നും 
അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം ഒരുതരം 
അനാഥത്വമാണ് പലര്‍ക്കും നേടിക്കൊടുത്തത്.
മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി , അടിച്ചമര്‍ത്തപ്പെട്ട , പൂര്‍ത്തീകരിക്കപ്പെടാത്ത പല പല അഭിലാക്ഷങ്ങളുടെയും  ബാക്കിപത്രങ്ങളായി മാറിയിരിക്കുകയാണ് ഇന്നുള്ള ഒട്ടുമിക്ക കുടുംബങ്ങളും എന്നാണ് ആധുനിക പഠനങ്ങൾ കണ്ടെത്തുന്ന വസ്‌തുതകൾ .(.Modern Family research-topics )

വളര്‍ച്ചകളാലും,തളര്‍ച്ചകളാലും പ്രണയവും സ്നേഹവുമൊക്കെ  മുരടിച്ചു നിൽക്കുന്ന അവസ്ഥകളും , പരസ്പരം കുറ്റംപറഞ്ഞും ,വിമര്‍ശിച്ചും, തരം താഴ്ത്തിയുമൊക്കെയുള്ള ഇഴയുന്ന ദാമ്പത്യങ്ങളും , പണം പോയാലും പെരുമവരട്ടെ എന്ന തത്വം  പരിപാലിക്കുന്ന ചുറ്റുപാടുമായി മാറിയിരിക്കുകയാണ് ഇന്നത്തെ ഭൂരിഭാഗം ആധുനിക കുടുംബങ്ങൾ എന്നും  ഇത്തരം പഠനങ്ങൾ പറയുന്നു.

വരുമാനം ചിലവഴിക്കാനും , കൂടുതല്‍ ചിലവഴിക്കാന്‍ വേണ്ടി
ഏറെ കടം വാങ്ങുക എന്ന പ്രവണതയാണ് സമൂഹത്തെ
ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .

ഈ രീതി കുടുംബജീവിതത്തില്‍ ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു . ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ കയങ്ങളില്‍ നിന്നും എത്ര പരിശ്രമച്ചാലും  നീന്തി കരപറ്റുവാന്‍ സാധിക്കാതെ ഉഴലുകയാണ് ഏവരും ...

എങ്കിലും പ്രതീക്ഷ കൈവിടാതെ ഏതെങ്കിലും രക്ഷാപ്രവര്‍ത്തകരാല്‍
കരപറ്റിപ്പെടും എന്ന ആശയോടെ ഓരൊ കുടുംബാംഗങ്ങളും 
അനന്തമായി കാത്തിരിക്കുകയാണ് ...!


പണ്ട് ഞങ്ങളുടെ നാടായ കണിമംഗലത്തുള്ള മീശ മത്തായേട്ടൻ   പറയുമായിരുന്നു - അനേകം "പ്പാട്" കള്‍ നല്ലരീതിയില്‍ അടുക്കിവെച്ച ഒരു മേല്‍കൂരയാണെത്രേ ഓരൊ കുടുംബവും ....

ആ രസികന്‍ രസമായി ചൊല്ലിയാടിയിരുന്ന  "പ്പാട'വതരണം " നോക്കൂ ...

കടം തന്നവന്‍ തിരികെ ചോദിച്ചപ്പോള്‍ എന്‍റെ കൈയില്‍ 
ഇല്ലെന്നു പറഞ്ഞതിന് അയാള്‍ ചെകിടത്തു തന്ന പാടാണ് - "കടപ്പാട്."

തിരികെ ഒരെണ്ണം കൊടുത്തപ്പോള്‍ അയാള്‍ മറിഞ്ഞു വീണ് 
തലപൊട്ടിയതിന് പോലീസുകാര്‍ ആവോളം തന്ന പാടാണ് - " ഊപ്പാട്."

കേസ് കോടതിയിലെത്തി, കോടതി 
കയറിയിറങ്ങി മടുത്തപ്പോള്‍ ഉണ്ടായ പാടാണ് - " ബദ്ധപ്പാട്."

ശിക്ഷ കിട്ടി കോടതിയില്‍നിന്നും 
ജയിലിലേക്ക് പോകാന്‍നേരം ഉണ്ടായ പാടാണ് - " പങ്കപ്പാട്."

ജയില്‍ശിക്ഷ അനുഭവിച്ചു
വരുമ്പോള്‍ ഉണ്ടായ പാടാണ് - "കഷ്ടപ്പാട്."

ചെയ്തതു തെറ്റാണെന്നു ബോധ്യം 
വന്നപ്പോള്‍ ഉണ്ടായ പാടാണ് - " കാഴ്ചപ്പാട്."

അനുഭവത്തില്‍നിന്നും ദൈവം നല്ല പാഠം പഠിപ്പിച്ച് കാരാ
ഗൃഹത്തിന് പുറത്തേക്കു പോകാന്‍ നേരം ഉണ്ടായ പാടാണ് - " പുറപ്പാട്."

ഇതെല്ലാം കേട്ടാല്‍ തോന്നും കുടുംബം 
എന്ന് പറഞ്ഞാല്‍ ഒരു 'പെടാപ്പാടു' തന്നെയാണെന്ന് ...!
അല്ല കേട്ടോ
കുടുംബത്തിന്റെ സുരഭില സുന്ദരമായ നിമിഷങ്ങള്‍
ഒരു കുടുംബമായി തന്നെ അനുഭവിച്ചുതന്നെ അറിയണം !


പണ്ടത്തെ ആ പുരയിടം , കൂട്ടുകുടുംബം , 
പരസ്പരമുള്ള ആ സ്നേഹബന്ധങ്ങള്‍ ..ഹായ്‌


'പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു ,
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു ,
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു ,
പത്തിരിയും പച്ചരിച്ചോറും പച്ചക്കറിയും പശുവും ,
പച്ചചാണകവും പിച്ചിപൂക്കളും പച്ചപ്പുല്ലുകളും ,
പുരയിലും പുരയിടത്തിലും പരന്നു കിടന്നിരുന്നു ...



പക്ഷെ ഇന്നത്തെ അണുകുടുംബങ്ങള്‍ ,യാതൊന്നിനും നേരമില്ലാതെ ,
പരസ്പരം സ്നേഹം പ്രകടിപ്പിക്കാതെ ഫ്ലാറ്റുകളിലും ,മറ്റും കിടന്നു ഞെരിപിരി കൊള്ളുകയാണ് .....ഹൌ ....


'പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....'

എന്തൊക്കെയായാലും ഒരു ദിനമെങ്കിലും 
ഒരു നല്ല കുടുംബമായി ,നമുക്ക് വിശ്വം മുഴുവന്‍ ഈ പ്രത്യേക ദിവസമെങ്കിലും  ശരിക്കും വളരെ നല്ലൊരു കുടുംബ ദിനമായി ആഘോഷത്തോടെ , സന്തോഷത്തോടെ ,സ്നേഹത്തോടെ ,പ്രണയത്തോടെ കൊണ്ടാടാം !

Happy Family Day !


നാല്പത്തിനാലാം വയസ് പിന്നിട്ടപ്പോൾ ,ഇതുവരെ പിന്നിട്ട ജീവിതത്തിലേക്ക് വെറുതെ ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോൾ കിട്ടിയ കുറച്ചു വരികൾ കയറിവന്നത് കൂടി ഇവിടെ പകർത്തി വെക്കുന്നു ...

സഫലമീയാത്ര / Saphalameeyaathra.


പാതയില്‍ തടസം നേരിട്ടൊരു ദീര്‍ഘദൂര തീവണ്ടിപോല്‍

പതിവായുള്ളയീ  ക്ലേശം നിറഞ്ഞൊരു ജീവിത യാത്രയില്‍ ,

പതിനാറായിരം ദിനങ്ങള്‍ പിന്നിട്ടു ഞാനിതാ നില്‍ക്കുന്നൂ ...!

പതിനായിരം ഇനികിട്ടിയലതു മഹാഭാഗ്യം ...,പിന്നെ

പതിവു തെറ്റില്ല -"പാപി"യിവനുള്ളിടം  പാതാളം തന്നെ ...!

പതുക്കെയൊന്നു പിന്‍തിരിഞ്ഞു നോക്കികണ്ടു ഞാനെന്‍ ജീവിതം.


പതറിപ്പോയി, പകുതി ദിനങ്ങൾ  വെറും ഉറക്കത്തിന്‌ ,

പതിവായി ചെയ്യുന്ന കാര്യങ്ങള്‍ക്കായി കാല്‍ പകുതിയും,

പദവിയും, പണവും നേടാന്‍ മറുകാല്‍ പാതി ഓടിയോടി ,

പതവന്നൂ പകച്ചീ പാതിയില്‍ അന്തിച്ചു നില്‍ക്കുന്നു ഞാനീ -

പാതയില്‍ വഴിമുടക്കിയിതാ -കൂടെയുണ്ടെൻ  ദു:ഖങ്ങള്‍ മാത്രം 

പതിവു തെറ്റാതെ കഴിഞ്ഞയോരോ ദിനങ്ങളിലും;...കഷ്ടം


പദം ചൊല്ലിയാടി ഒരല്‍പം മദിച്ചും,കളിച്ചും,രസിച്ചും...

പാദങ്ങള്‍ നീങ്ങുന്നില്ല മറ്റോരിടതീത്തേക്കും ,മറു ജീവിത-

പാതി താണ്ടുവാന്‍ ;വെറും പാഴാക്കികളഞ്ഞല്ലൊ  ഇപ്പാതി ഞാന്‍ 

പതറാതെ വരിക നീ മമ സഖീ ,അരികത്ത് ചേര്‍ന്നു

പദമൂന്നിയൊരു ഊന്നുവടിയായി പരസ്‌പരം  തുടരാം -

പതാക വീശി വിജയം വരിച്ചീ സഫലമീയത്ര .നിനക്കൊപ്പം ...!

വാല്‍കഷ്ണം :-

ഏതാണ്ട് മൂന്നുകൊല്ലം മുമ്പ് ബ്രിട്ടീഷ്‌ 
ബേക്കറിയില്‍ (Hovis Bread Company ) പണിയെടുക്കുന്ന 
കാലത്ത് ,ഒരു ഇടവേളസമയം ....
വെള്ളക്കാരനായ മിത്രം ക്രിസ്ജോണുമായി ,
കുടുംബത്തെ പറ്റിചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ....
മൂപ്പര്‍ നാലാം dating ലെ girlfriend നെകുറിച്ചും,
അമ്മയുടെ അഞ്ചാം partner റെ കുറിച്ചും ,
38 വയസ്സിലും കുട്ടികള്‍ ഇല്ലാത്തതിന്റെ ചാരിതാര്ഥ്യത്തെ കുറിച്ചും,
വെറും greeting card കളിലൊതുങ്ങുന്ന കുടുംബ ബന്ധങ്ങളെ
കുറിച്ചുമൊക്കെ ....വാചാലനായി .

എന്റെകുടുംബകാര്യം പറഞ്ഞപ്പോള്‍ ....
15 വര്‍ഷമായി ഒരേയൊരു ഭാര്യസമേധം , കുട്ടികള്‍ 
സഹിതം ,മറ്റു ബന്ധുജനങ്ങളുമായി സസ്നേഹം,സസുഖം 
സുന്ദരമായി വാഴുകയാണെന്ന് കേട്ടപ്പോള്‍ അവന്‍ വാ പൊളിച്ചു പോയി !

Cris John :" isn"t it ? ....
How Can ....15 years with One wife ? "


Me :"Yeah ....
That"s an Indian Magic Trick.....!"


(ആത്മാഗതം :-
 "എന്തുട്ട്  ... പറയാനാ ....ഗെഡീ ...
ഇമ്പ്ട വീട്ടിലെ വെടിക്കെട്ട് ...ഇമ്മ് ക്കല്ലേ  അറിയൊള്ളോ ...
ഒരു കുട്‌ംമ്പം .......തേങ്ങേരെ......മൂട്..." )




written on May 15th 2009 .

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...