Wednesday, 3 December 2008

പ്രഥമ കവിതകള്‍ ...! / Prathama Kavithakal ...!


പച്ച വര്‍ണ്ണ പെണ്‍ തുമ്പി 



തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?

ചേമ്പിന്‍ ചോട്ടിലെ തെളിനീര്‍ വെള്ളത്തിലും ,
ചമ്പ തെങ്ങു വലിച്ചു കെട്ടിയിട്ടുള്ള -
കമ്പിയിലും നിന്നെ കാണാതെ;കേണു ഞാന്‍ .
കൊമ്പന്‍മുശു കുളത്തില്‍ വെച്ചോ ;പച്ചില -

പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ;-നിന്നെ പ്രാതലാക്കിയോ ?ഹാ ...കഷ്ടം !



ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ 
അവസാനത്തില്‍ എനിക്ക് സ്കൂള്‍ യുവജനോല്സവത്തില്‍ ആദ്യമായി പദ്യരചനയില്‍ സമ്മാനം ലഭിച്ച കവിതയാണിത്. 

അടുത്തവര്‍ഷം എന്റെ "മാര്‍ജാരനും, ചുണ്ടെനെലിയും" വീണ്ടും ഒന്നാം സമ്മാനത്തിനര്‍ഹമായി (പദ്യരചനയില്‍ അധികം മത്സരാര്ഥികള്‍ ഇല്ലാത്ത കാരണമാകാം... !) 

അന്നുകിട്ടിയ സമ്മാന പുസ്തകങ്ങളുടെ 
അകംച്ചട്ടകളില്‍ എഴുതിയിട്ടത് , ഭാര്യ ഒരിക്കല്‍ എന്റെ പഴയ സ്മരണകള്‍ തിരയുമ്പോള്‍ കണ്ടെടുത്തു തന്നതുകൊണ്ടു ഈ "ബിലാത്തി പട്ടണത്തില്‍ "ഇപ്പോൾ പോസ്റ്റ്ചെയ്യുവാന്‍ സാധിച്ചു. 


രണ്ടായിരത്തിയാറില്‍ നാട്ടിലെത്തിയപ്പോള്‍ 
ആറുവയസുകാരന്‍ മോനെയും കൊണ്ടു അവനാശ കൊടുത്തിരുന്ന - നേരിട്ടുകാണിച്ചു കൊടുക്കാമെന്നു പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ,ചെലചാട്ടി,ചെമ്പോത്ത് ,കൂമന്‍ ...മുതലുള്ള പറവകള്‍ ;മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......അങ്ങിനെ നിരവധി" കാണാകാഴ്ചകളുടെ "കൂട്ട മായിരുന്നു അന്നത്തെ ഞങ്ങളുടെ ഗ്രാമത്തിലൂടെയുള്ള  യാത്രകൾ  ...!

ഞാന്‍ ജനിച്ചു വളർന്ന കണിമംഗലം  ഗ്രാമത്തിലെ ഇത്തരം മനോഹരമായ കാഴ്ച്ചവട്ടങ്ങളും - ഞങ്ങളെ പോലെ തന്നെ ദൈവത്തിന്റെ  നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടു കടന്നുവോ .....?

മോന് തുമ്പപൂവും, മുക്കുറ്റിയും, 
കോളാമ്പി പൂക്കളും,കുമ്പള്ളവള്ളികളും ...
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന നഷ്ട ബോധവും പേറി ,എന്റെ ഗ്രാമത്തിനു പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലോ എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരിച്ചു പോരലായിരുന്നു അന്നത്തെ ആ സഞ്ചാരങ്ങൾ ... !

മാര്‍ജാരനും ചുണ്ടെനെലിയും


കണ്ടുവോ മക്കളെ ഒരു കാഴ്ചവട്ടം ...
കണ്ടം നിറയെ തേവി വന്ന പണിയാള്‍ 
കണ്ടുണ്ണിയേട്ടന്‍ വിളിച്ചു ചൊല്ലി ;നോക്കൂ ,
ചൂണ്ടുവിരല്‍ ഉരലു പുരയില്‍ ചൂണ്ടി .

കണ്ടന്‍ പൂച്ച പന്തുപോലൊരു എലിയെ
ചുണ്ടുവിറപ്പിച്ചു തട്ടി കളിക്കുന്നു ,
കുണ്ടികുലുക്കിയും കരണം മറിഞ്ഞും ,
ചുണ്ടെനെലിയെ കൊല്ലാതൊരു താളത്തില്‍ .

കണ്ടുഞങ്ങളാ കാഴ്ച ബഹുരസത്താല്‍ .
മണ്ട കുനിച്ചു സ്വരം താഴ്ത്തിയപ്പോള്‍
കണ്ടുണ്ണിയേട്ടന്‍ ചൊല്ലിയിങ്ങനെ ;"ഞാനാ -
ചുണ്ടെലി ;മാര്‍ജാരനീ വീടിന്‍ നാഥനും "...!

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം ...!
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന ..!



ഹൈസ്കൂള്‍ കാലഘട്ടത്തില്‍ സ്നേഹം നിറഞ്ഞ എന്റെ മലയാള അദ്ധ്യാപകന്‍ ശ്രീ:ടി.സി . ജനാര്‍ദ്ദനന്‍ മാഷാണ് എന്നെ കവിതയുടെ ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയത് ... 

മാഷ്‌ എപ്പോഴും വൃത്ത താള വട്ടങ്ങള്‍ക്കും ,അക്ഷര പ്രാസങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ്‌ പ്രോത്സാഹനം നല്‍കിയിരുന്നത് .

ആ സമയത്ത് ഞാന്‍ എഴുതിയ ഒരു കവിത ,മാഷുമുഖാന്തിരം മാതൃഭൂമിയിലെ ബാലപംക്തിയില്‍ അച്ചടിച്ചു വന്നത് ഞാന്‍ ഇപ്പോഴും അനുസ്മരിക്കുന്നു (മാഷ് അന്നതില്‍ തിരുത്തല്‍ വരുത്തിയാണ് അയച്ചു കൊടുത്തത് ).

ഈ കണിമംഗലം സ്കൂളിലെ തന്നെ യു .പി .യില്‍ പഠിപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ലീല ടീച്ചറും ,
നെടുപുഴ ഗവർമെന്റ് എല്‍ .പി .സ്കൂളിലെ നാടന്‍ പാട്ടുകളുടെ ശീലുകളുടെ തലതൊട്ടപ്പന്‍ താണി മാഷും , മടി യില്‍ കിടത്തി പുരാണ കഥകളുടെ കെട്ടഴിച്ചു തന്ന എന്റെ പൊന്നു കല്യാണി മുത്തശ്ശിയും, വീരശൂര നാട്ടുകഥകളും ,ഒപ്പം മറ്റനേകം ചരിത്ര കഥകളും  പറഞ്ഞു തന്ന നാരായണ വല്ല്യച്ഛനുമൊക്കെയാണ്    എന്നെ കഥകളുടെയും ,കവിതകളുടെയും ലോകത്തേക്കു കൈപിടിച്ചു കയറ്റിയ ഏറ്റവും പ്രിയപ്പെട്ടവർ...

പിന്നീട്  സെന്റ് .തോമസില്‍  കോളേജിൽ പഠിക്കുമ്പോൾ മലയാളം അദ്ധ്യാപകരായിരുന്ന, പ്രൊഫസര്മാരയ ശ്രീ .വൈദ്യലിങ്ക ശര്‍മയെയും, ചുമ്മാര്‍ ചൂണ്ടല്‍ മാഷെയും ഈ അവസരത്തില്‍ എനിക്ക് മറക്കുവാൻ ആകില്ല .
ചുമ്മാർ മാഷുടെ കൂടെ നടൻ പാട്ടുകളുടെയും മറ്റും പിന്നാലെ ആയതിന്റെയൊക്കെ ഗവേഷണത്തിനായി പോയിരുന്ന ആ കാലഘട്ടവും ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കാത്ത മുഹൂർത്തങ്ങളാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത് .
അതെ അതൊക്കൊരു കാലം തന്നെയായിരുന്നു ...

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...