Showing posts with label ലണ്ടൻ കാഴ്ച്ചകൾ .... Show all posts
Showing posts with label ലണ്ടൻ കാഴ്ച്ചകൾ .... Show all posts

Tuesday, 30 August 2016

' നോട്ടിങ്ങ് ഹിൽ കാർണിവൽ ' ... ! / ' Notting Hill Carnival '... !

അനേകമനേകം - വിവിധ തരത്തിൽ  ആമോദത്തോടെ , തിമർത്താടുന്ന ഉത്സവാഘോഷങ്ങളുടെ നാട്ടിൽ നിന്നും , ഈ പാശ്ചാത്യനാട്ടിൽ വന്ന് നങ്കൂര മണിഞ്ഞപ്പോളാണ് മനസ്സിലായത് ,  അത്തരത്തിലുള്ള വളരെ ‘കളർ ഫുള്ളാ‘യ യാതൊരു വിധ ‘ഫെസ്റ്റിവലു‘കളൊന്നും തന്നെ ഇവിടങ്ങളിൽ ഇല്ല എന്നത് ...

ചെണ്ടപ്പുറത്ത് കോലുവെക്കുന്നിടം മുഴുവൻ അടിച്ച് പൊളിച്ച് നടന്നിരുന്ന എന്നെ പോലുള്ളവർക്ക് , ഇവിടെ വല്ലപ്പോഴുമൊക്കെ , പാർക്കുകളിലും ; മറ്റും പൊതുജനങ്ങൾക്ക് വേണ്ടി ഒരുക്കുന്ന , ‘കാർണിവെൽ ഫെസ്റ്റുവലു‘കളിൽ പങ്കെടുക്കുമ്പോഴാണ്  നാട്ടിലെയൊക്കെ ഉത്സവ മഹാത്മ്യങ്ങളുടെ ഗൃഹാതുരത്തം ഒന്ന് മാറി കിട്ടുക ...!

ഇത്തരം കാർണിവലുകളുടെ തലതൊട്ടപ്പൻ  എന്ന് വിശേഷിപ്പിക്കാവുന്ന കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു ‘ഫെസ്റ്റിവൽ‘ ഉണ്ടിവിടെ.
അടിച്ച്  പൊളിച്ച്  വളരെ വർണ്ണ ശബളമായി ലണ്ടനിൽ എല്ലാ കൊല്ലവും അരങ്ങേറുന്ന ഒരു ഉത്സവമാണിത്  ...
അടിക്ക് ചുട്ട തിരിച്ചടി ,  കൂത്തിന് തനി പേക്കൂത്ത് , ആട്ടത്തിന് കിണ്ണങ്കാച്ചി അഴിഞ്ഞാട്ടം , കുടിച്ച് മതിച്ചുള്ള അത്യുഗ്രൻ പാമ്പ്- കൂത്താട്ടം എന്നിങ്ങനെയൊക്കെ എത്ര വിശേഷിപ്പിച്ചാലും അത്ര പൊലിമയുള്ള ഒരു ലണ്ടൻ കാർണിവൽ ആഘോഷം ...!

അതായത് വളരെ പ്രശസ്തിക്കൊപ്പം , ഭയങ്കര കുപ്രസിദ്ധിയും , പെരുമയുമുള്ള യൂറോപ്പിലെ ഏറ്റവും  വലിയ സ്ട്രീറ്റ് കാർണിവലായ '  നോട്ടിങ്ങ് ഹിൽ കാർണിവൽ' ആണിത്...!

ഇന്ന് ഏതാണ്ട് പത്തിരുപത് ലക്ഷത്തോളം കാണികൾ പങ്കെടുക്കുന്ന ഈ കാർണിവൽ ആഘോഷത്തിൽ , ലണ്ടനിലുള്ള അനേകം ‘മ്യൂസിക് ബാന്റു‘കൾ പങ്കെടുക്കുന്നുണ്ട്. ഒപ്പം 60 ‘ട്രൂപ്പു‘കളിലായി രണ്ടായിരത്തോളം രജിസ്റ്റർ ചെയ്ത കലാകാരന്മാരും , അവർ അണിയിച്ചൊരുക്കുന്ന ‘ടാബ്ലൊ‘കളും...

അന്നേ ദിവസം കാർണിവൽ നടത്തുന്ന തെരുവുകളിൽ വെച്ച് ‘പാർട്ടിസിപന്റ്സ് ‘ ഡാൻസിനൊപ്പം നടത്തുന്ന പല കൂത്താട്ടങ്ങൾക്കും നേരെ അധികാരികളും , ഇതിന്റെ നടത്തിപ്പുകാരും പച്ചക്കൊടി കാണിക്കുന്നത് കാരണം , അവിടെ നടമാടീടുന്ന പല ‘സെക്സ് ആക്റ്റു‘ (വീഡിയോ കാണുക )കളും
ഇന്നത്തെ  പല ‘ബ്ലോഗേഴ്സ് / വോൾഗേഴ്സടക്കം’മിക്ക ‘സോഷ്യൽ മീഡിയകൾക്കും ,
മറ്റ് മാധ്യമങ്ങൾക്കുമൊക്കെ ശരിക്കും ഒരു ചാകര തന്നെയാണ്... !
പല ടി .വി ചാനലുകളും ഈ കളർഫുൾ ഇവന്റുകൾ അപ്പപ്പോൾ ഒപ്പിയെടുക്കുവാൻ  കിട മത്സരം നടത്തുന്ന കാഴ്ച്ച തന്നെ ഒരു ഹരമാണ് ...



 2004 - ലെ  ആഗസ്റ്റ് മാസം അവസാനത്തെ ഒരു ബാങ്ക് ഹോളിഡേയ് നാളിലായിരുന്നു , കുറച്ച് ലണ്ടൻ ഗെഡികളുടെ  കൂടെ ഈ ‘ലണ്ടൻ നോട്ടിങ്ങ് ഹിൽ കാർണിവൽ‘ കാണുവാൻ ആദ്യമായി ഞാൻ പോയത് .
അല്പ വസ്ത്രത്താൽ അവരവരുടെ ഗോത്ര വേഷഭൂഷാധികളോടെ
കമനീയമായി ഒരുങ്ങി വന്നിട്ട് വെസ്റ്റ് ലണ്ടനിലെ തെരുവുകൾ മുഴുവൻ കുണ്ടിയും , ഉമ്പായിയുമടക്കം , ശരീരത്തിലെ സകലമാന അവയവങ്ങളുമൊക്കെ ആട്ടി കുലുക്കിയുള്ള
ആ ആട്ടക്കലാശങ്ങൾ കണ്ട് കണ്ണ് ബൾബ്ബായി നിൽക്കുമ്പോഴായിരുന്നു -- ഘോഷയാത്രയിൽ നിന്നും ഒരു കശപിശയും , പിന്നീട് ഒരു കൂട്ടത്തല്ലും , സിനിമാ സ്റ്റൈലിൽ ഒരു വെടി വെപ്പും...!

അപ്പോൾ കൂടെ വന്ന ഗെഡീസിന്റെയൊന്നും പൊടി പോലും കണ്ടുപിടിക്കാനില്ലായിരുന്നു ...!

എന്നെപ്പോലും - പിന്നീട് ഞാൻ കണ്ടത് , മൊബൈയിൽ ഫോൺ നഷ്ട്ടപ്പെട്ട് അങ്ങകലെയുള്ള ഒരു ‘ട്രെയിൻ സ്റ്റേയ്ഷനി‘ ൽ നിന്നും പുറപ്പെട്ട ട്രെയിനിൽ വെച്ചായിരുന്നു...!

അന്ന് നടന്ന കാർണിവലിലെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും , പിന്നീട് അന്ന് നഷ്ട്ടപ്പെട്ട ആ തുക്കട ‘മൊബൈയിൽ ഫോണി‘ന് പകരം ‘ഇൻഷൂറൻസ്‘ കമ്പനിക്കാർ അനുവദിച്ച് തന്ന ഒരു ‘ ബ്രാൻഡ് ന്യൂ ഫോണും‘ കാരണം , എന്റെ ആദ്യ ‘നോട്ടിങ്ങ് ഹിൽ കാർണിവൽ‘ കാഴ്ച്ച , വളരെ നോട്ടബിൾ ആയി എന്റെ സ്മരണയിൽ ഇന്നും മായാതെ ഉണ്ട് ...!

അടിമത്വം അവസാനിച്ചതിന്റെ സന്തോഷ സൂചകമായി പത്തൊമ്പതാം  നൂറ്റാണ്ടിന്റെ തുടക്കത്തിൽ ട്രിനിഡാഡിൽ  തുടക്കം കുറിച്ച ഒരു ഉത്സവമാണ്‘ കരീബിയൻ മാസൈൽ( Masquerade Mass)
ഇതിൽ  നിന്നും ഊർജ്ജം കൈകൊണ്ട് ലോകമെമ്പാടുമുള്ള കരീബിയൻ  വംശജർ , നമ്മൾ മാവേലിയെ വരവേറ്റ് ഓണം ആഘോഷിക്കുന്ന പോലെ അവരവരുടെ സ്വന്തം ഗോത്രങ്ങളിൽ കൊല്ലത്തിൽ ഒരു തവണ ആടിപ്പാടി കൊട്ടിക്കലാശത്തോടെ ആഘോഷിച്ചിരുന്ന ഒരു ഉത്സവമായിരുന്നു പണ്ടെല്ലാം  ഇത്.
ഇപ്പോൾ ഈ ആഘോഷങ്ങൾ  കറമ്പന്മാർ തിങ്ങിപ്പാർക്കുന്ന ലോകത്തിന്റെ
എല്ലാ മുക്കിലും മൂലയിലുമൊക്കെയായി ആട്ടോം ,പാട്ടും, കൂത്തുമൊക്കെയായി കൊണ്ടാടാറുണ്ട്...

അമേരിക്കയിലെ ഹോളിവുഡ് കാർണിവലും ,  കാനഡയിലെ കരീബാന ടോറന്റൊയുമടക്കം ആഗോളപരമായി , വിവിധ മാസങ്ങളിലായി - ഏതാണ്ട് 70 -ൽ പരം പ്രസിദ്ധിയാർജ്ജിച്ച കരീബിയൻ കാർണിവലുകൾ ലോകത്തിന്റെ പല പടിഞ്ഞാറൻ നാടുകളിലെ പട്ടണങ്ങളിലും ഇപ്പോൾ നടന്ന് വരാറുണ്ട് ...

ഇത്തരം ആഘോഷങ്ങളുടെ പിന്നോടിയായി , ഇന്ന് യൂറോപ്പിൽ വെച്ച് നടത്തപ്പെടുന്ന ഏറ്റവും വലിയ ‘സ്ട്രീറ്റ് ഫെസ്റ്റിവെലാണ് , എല്ലാ കൊല്ലവും ആഗസ്റ്റ് മാസവസാനത്തെ വീക്കെന്റിൽ , ലണ്ടനിൽ വെച്ച് കൊണ്ടാടുന്ന  ‘നോട്ടിങ്ങ് ഹിൽ  കാർണിവെൽ...!‘

1959 / 60 -  കാലങ്ങളിൽ ചില ആഡിറ്റോറിയങ്ങളിൽ  കരീബിയക്കാർ  ഒത്ത്  കൂടി , ഈ അടിമ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക്  തുടക്കമിട്ടുവെങ്കിലും , 1964 /66 മുതൽ ബി.ബി.സിയുടെ നോട്ടം ഇതിൽ പതിഞ്ഞപ്പോഴാണ്  -  ഇതൊരു  കാർണിവൽ ഘോഷയാത്രയായി ലണ്ടനിലെ തെരുവിലേക്കിറങ്ങി  വന്ന് അരങ്ങേറ്റം കുറിച്ചത്.

കൂടെക്കൂടെ പല പല ‘സ്പോൺസേഴ്സും‘ ഈ ഉത്സവത്തിന് പണമിറക്കുവാൻ തായ്യാറായപ്പോൾ കൊല്ലം തോറും ഈ കാർണിവലിന്റെ മഹിമയും , പൊലിമയും കൂടിക്കൂടി വന്നു കൊണ്ടിരുന്നു...

തുടക്കകാലങ്ങളിൽ  തൊട്ടേ പല വംശീയ അധിക്ഷേപങ്ങളാലും , മറ്റും അനേകം കോലാഹലങ്ങൾ നേരിട്ടാണെങ്കിലും ഈ കാർണിവെൽ കുറച്ച് അടിയും , പിടിയുമായി എല്ലാ വർഷവും തുടർന്നു പോന്നിരുന്നു ...
പിന്നീട്  ഇതിനിടയിൽ ആഫ്രിക്കൻ വംശജരും , ഈ ഘോഷയാത്രയിൽ
അണിചേർന്ന്  തുടങ്ങിയപ്പോൾ , ഈ ‘നോട്ടിങ്ങ് ഹിൽ കാർണിവൽ ‘ലണ്ടനിലെ
ഒരു ഒന്നാം തരം കളർഫുൾ ഫെസ്റ്റിവെൽ ആയി മെല്ലെ  മെല്ലെ മാറുകയായിരുന്നു ...

കരകൗശല വസ്തുക്കളുടെ പ്രദർശനം , ഫുഡ് ഫെസ്റ്റിവെൽ , പ്ലോട്ടുകൾ ,ചിൽഡ്രൻസ് ഡേയ് , പേര് കേട്ട മ്യൂസിക് ബാന്റുകാരുടെ സംഗീത നിശകൾ എന്നിങ്ങനെ പല ദിനങ്ങളിലായി അനേകം പരിപാടികൾ ഈ ഉത്സാവത്തോടനുബന്ധിച്ച  ഉണ്ടാകാറുണ്ട് .

പണ്ടത്തെ ആഫ്രോ-കരീബിയൻ ഗോത്രങ്ങളുടെ പാരമ്പര്യ സാംസ്കാരിക താള മേളങ്ങളുടെ അകമ്പടിയോടെ അതത് നൃത്ത
 ചുവടുകളോടെ ‘വെസ്റ്റ് ലണ്ടൻ സ്ട്രീറ്റു‘കളിൽ കൂടി നടത്തുന്ന ഘോഷ യാത്രയോട് കൂടിയാണ്
ഈ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കുക...

ഇന്നൊക്കെ കറമ്പൻ വംശജർ മാത്രമല്ല , മിക്ക വെള്ളക്കാരുടെ ബാന്റുകളും കൂടി , ഈ ഫെസ്റിവലിനോടനുബന്ധിച്ച്‌ നടത്തുന്ന എക്സിബിഷനുകളിലും , ഫുഡ് ഫെസ്റ്റിവലുകളിലും ,
മറ്റ് ഘോഷ യാത്രപരിപാടികളിളും  പങ്കെടുത്ത് തുടങ്ങിയപ്പോൾ , കൊല്ലം തോറും ഈ കാർണിവൽ ഫെസ്റ്റിവലിന്റെ മാറ്റും, മഹിമയും കൂടി കൂടി വന്നിരിക്കുകയാണ് ഇപ്പോൾ ...

ആഫ്രോ -വൈറ്റ് , കരീബിയൻ വൈറ്റ് , ആഫ്രോ-ഏഷ്യൻ എന്നിങ്ങനെ അനേകം മിക്സഡ് തലമുറക്കാർ ലണ്ടനിൽ ജാതി-മത- വംശ ഭേദമന്യേ , ജനസംഖ്യയിൽ എന്നുമെന്നോണം ഉയർന്ന് വന്നുകൊണ്ടിക്കുന്നതു കാരണം ഈ കാർണിവൽ പ്രൊസഷനെ ഇന്ന് ഒരു ആഗോള സാംസ്കാരിക ഘോഷയാത്ര എന്ന് കൂടി വിശേഷിപ്പിക്കാം ...!

എന്തായാലും ഇക്കൊല്ലത്തേയും കാർണിവൽ വളരെയധികം നോട്ടബിളായി മാറി .
നാലാഞ്ച് കത്തി കുത്ത് , നാനൂറോളം അറസ്റ്റുകൾ , അനേകമനേകം  ഫുഡ് ഫെസ്റ്റിവൽ
സ്റ്റാളുകൾ , ചിൽഡ്രൻസ് പരേഡുകൾ  , പിന്നെ എല്ലാ കൊല്ലത്തേക്കാളും കൂടുതൽ ബാന്റുകളും ,
 ടീമുകളും  , കാവടിയാട്ടം പോലെ ആടി തിമർക്കുന്ന ഫേഷൻ തോരണങ്ങൾ ചാർത്തിയ  ഉടലുകൾ,,,,, അങ്ങിനെ മനസ്സിനും , കണ്ണിനും കുളിരേകുന്ന ഇമ്പമാർന്ന ഇമ്മിണിയിമ്മിണി കാഴ്ച്ചവട്ടങ്ങളുടെ ഒരു കൂമ്പാരം തന്നെയായിരുന്നു  ഇക്കഴിഞ്ഞ വീക്കെന്റിൽ കഴിഞ്ഞ നോട്ടിങ്ങ് ഹിൽ കാർണിവൽ ...!

വല്ലാ‍ത്ത അലമ്പും പൊല്ലാപ്പുകളും ഉണ്ടാകുമ്പോൾ പെട്ടെന്ന് തന്നെ അവിടെ നിന്നും ‘സ്കൂട്ടാ‘വാൻ  വേണ്ടി ‘വാച്ചും , മൊബൈയിലും , സൺ ഗ്ലാസ്സു‘മൊന്നുമില്ലാതെ ഞാനും , മരുമോൻ ചെക്കനും കൂടിയാണ് ഇക്കൊല്ലം ഈ നോട്ടിങ്ങ് ഹിൽ കാർണിവൽ കാഴ്ച്ചകൾ കാണാൻ പോയത്...

പൂരവും കണ്ടു , താളിയും ഒടിച്ചു എന്ന സ്ഥിതി വിശേഷമാണ്
ഇക്കൊല്ലത്തെ ‘നോട്ടിങ്ങ് ഹിൽ  കാർണിവലി‘നെ കുറിച്ച് എനിക്ക് പറയുവാനുള്ളത്...
നമ്മുടെ നാട്ടിലെ കൊടുങ്ങല്ലൂർ ഭരണിയും , പുലിക്കളി ഘോഷയാത്രയും
മറ്റും ഇതിന്റെ  മുമ്പിൽ ഒന്നും അല്ലാ എന്നാണ് മരുമോൻ പയ്യന്റെ  അഭിപ്രായം ...!

ഒരു പക്ഷെ   നമ്മൾ മലയാളികളുടെ ചെണ്ടമേളവും , പട്ടുകുടയും ,
മോഹിനിയാട്ടവുമൊക്കെയായി , ലണ്ടൻ മല്ലൂസും - ഈ പെരുമയുള്ള നോട്ടിങ്ങ്  ഹിൽ
കാർണിവലിൽ  സമീപ ഭാവിയിലെങ്കിലും  അണിനിരക്കുമെന്ന്  പ്രതീക്ഷിക്കാം..!

തല്ല് കണ്ടാൽ ഓടുമെങ്കിലും ...
നല്ല കിടുകിടു ആട്ടത്തിനും ,  താളത്തിനും , പാട്ടിനുമൊക്കെ
നമ്മെ വെല്ലാൻ ഈ ലോകത്ത് ഏത് കമ്മ്യൂണിറ്റിക്കാണ്  പറ്റുക അല്ലേ ...!

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...