Showing posts with label ഗൃഹാതുരത്വ സ്മരണകൾ .... Show all posts
Showing posts with label ഗൃഹാതുരത്വ സ്മരണകൾ .... Show all posts

Monday, 28 January 2019

വീണ്ടും ഗൃഹാതുരത്വ സ്മരണകൾ ... ! / Veendum Grihathurathwa Smaranakal ... !

അനേകമനേകം ഗൃഹാതുരത്വ
സ്മരണകൾ പുതുക്കുവാനാണ് ഓരോ
തവണയും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണകളായി രണ്ടാഴ്‌ച്ചക്കൊ , മൂന്നാഴ്‌ച്ചക്കൊ മറ്റോ  നാട്ടിലെത്തിച്ചേരാറുള്ളത്.
പക്ഷെ  മൂന്നാലു തവണകളായി എന്നെയും ഭാര്യയെയും സംബന്ധിച്ച് ആയത് ആയുർവേദ അലോപ്പതി  ചികിത്സാർത്ഥം എന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം ...
ഞാനാണെങ്കിൽ തിന്നും കുടിച്ചും ആർമാദിച്ച് ആധുനിക രോഗങ്ങളെ സ്വശരീരത്തിലേക്ക് ക്ഷണിച്ചു വരുത്തിയതാണെങ്കിൽ പെണ്ണൊരുത്തിക്ക് വാദ സംബന്ധമായ ചില അസുഖങ്ങളാണെന്നുള്ള വ്യത്യാസം മാത്രം ...

ഇങ്ങനെ പോകുകയാണെങ്കിൽ ഷഷ്ടിപൂർത്തിയും ,സപ്തതിയും ഇനി സ്വപ്നങ്ങളിൽ മാത്രമെന്നാണ് എനിക്കിത്തവണ കിട്ടിയ ഏറ്റവും കിണ്ണങ്കാച്ചിയായ വൈദ്യോപദേശം ...!

കുറെ കൊല്ലങ്ങൾക്ക് മുമ്പ് മഴയുടെ
നിറമാർന്ന നിറവുകളും , വെയിലിന്റെ
ചൂടും ചൂരും വിട്ട് പച്ചപ്പാടങ്ങളുടേയും , തെങ്ങിന്തോപ്പുകളുടെയുമൊക്കെ  തൊട്ടുതലോടലുകളുടെയെല്ലാം സുഖമുപേഷിച്ച് ; മലനിരകളുടേയും , കാനന ഭംഗികളുടേയും മനോഹാരിതകൾ വിസ്മരിച്ച് ;കായലുകളുടേയും, പുഴകളുടേയും, പൂരങ്ങളുടെയുമൊക്കെ ഓളങ്ങളും , താള മേളങ്ങളും മറവിയിലേക്കാനയിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക നഗരത്തിൽ നിന്നും ഈ ബിലാത്തിപട്ടണമെന്ന ലോകത്തിന്റെ സംസ്കാരിക നഗരമായ ലണ്ടനിലേക്ക് കാലെടുത്തുവെച്ചപ്പോഴുണ്ടായ നഷ്ട്ടബോധങ്ങളൊക്കെ ഒന്ന് വേറെ തന്നെയായിരുന്നൂ...!
നാനാതരത്തിലുള്ള നമ്മുടെ നാവിലും , മനസ്സിലും, ശരീരത്തിലും രസമുളവാക്കുന്ന ഭക്ഷണ ശീലങ്ങളുടെ രുചി ഭേദങ്ങൾ തൊട്ട് , വസ്ത്രം, യാത്ര, പാർപ്പിടം, വാഹനം മുതലായവയൊന്നും കൂടാതെ കാലാവസ്ഥ വരെ - വളരെ വിഭിന്നമായ  രീതികളുള്ള ഒരു ലോകപ്പെരുമയുള്ള ഈ ബല്ലാത്ത ബിലാത്തിപട്ടണത്തിലെ ശീലങ്ങളുമൊക്കെയായി പിന്നീട് ഇണങ്ങിച്ചേർന്നെങ്കിലും ഒരു വല്ലാത്ത ‘ഇത് ‘ മനസ്സിൽ എപ്പോഴും മുഴച്ചുനിൽക്കുന്നുണ്ടായിരുന്നൂ...!
 ലണ്ടനിൽ എന്തൊക്കെയുണ്ടെങ്കിലും  ജനിച്ചുവളർന്ന സ്വന്തം നാട്ടിലെ മനോഹാരിതകളാണ് ഓരോ കിനാവുകളിലും ഞാൻ കാണാറുള്ള കാഴ്ച്ചകൾ ...
സ്വർണ്ണ വർണ്ണങ്ങളാൽ അണിനിരന്നു കിടക്കുന്ന നെൽ‌പ്പാടങ്ങളുടെ ഭംഗികൾ തെങ്ങിന്തോപ്പുകളിൽ നിന്നും പാറിപ്പറന്നുവരുന്ന മന്ദ മാരുതന്റെ ഇളം തലോടൽ , ‘കോടന്നൂർ കള്ള് ഷാപ്പി‘നരികിലുള്ള മാന്തോപ്പിലെ വള്ളിക്കുടിലിലിരുന്നുള്ള  പഴയ മിത്ര കൂട്ടായ്മയുമായി സുര പാനത്തോടൊപ്പം നടത്തുന്ന പഴമ്പുരാണങ്ങളുടെ കെട്ടഴിക്കലുകൾ  ,...,... എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ...
ഒരു പക്ഷെ ഇതൊക്കെ എന്റെ മാത്രം
പ്രശ്നമാകുവാൻ സാധ്യതയില്ല - നാടിനെ സ്നേഹിക്കുന്ന ഓരോ പ്രവാസികളുടെയു അനുഭവമായിരിക്കും ..!

ആയതുകൊണ്ട് ഇത്തവണ നാട്ടിലെത്തിയപ്പോൾ വീട്ടിൽ നിന്നും അതിരപ്പള്ളി , വാഴച്ചാൽ ,വാൽപ്പാറ, ഷോളയാർ മുതൽ മലക്കപ്പാറ വരെയുള്ള രണ്ട് ദിനത്തെ വന യാത്രയിൽ കാട്ടാനക്കൂട്ടത്തെയും, കാട്ടുമൃഗങ്ങളെയും ദർശിച്ച് , വീണ്ടും വാഴച്ചാൽ വെള്ളച്ചട്ടത്തിലെ പാറമടയിൽ മതിവരുവോളം കുളിച്ചും , കാട്ടിൽ വെച്ച് ഭക്ഷണങ്ങൾ കഴിച്ചും ഒരു അത്യുഗ്രൻ വനയാത്ര തന്നെയായിരുന്നു വീട്ടിലെ മറ്റു കുടുംബാഗങ്ങളോടൊപ്പം നടത്തിയത് ...

ജീവിതത്തിൽ പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരുവിധ നഷ്ടബോധവും ഇല്ലാതെ തന്നെ മരുന്നും മന്ത്രവും കുടിയും തീറ്റയുമായി ബാക്കിയുള്ള ജീവിതം കൂടി എന്നുമെന്നും സന്തോഷത്തോടുകൂടി മുട്ടത്തട്ടത്തിക്കണമെന്നാണ് എന്റെ ആഗ്രഹം ...!
എന്നാൽ വാമഭാഗത്തിനാണെങ്കിൽ അടുത്ത
തലമുറയെ കൂടി മണ്ണടിയുന്നതിന് മുമ്പ്  പരമാവധി
കണ്ട് തീർക്കണമെന്നുള്ള ഒരു വല്ലാത്ത ആശയുമുണ്ട് ...!

അതൊക്കെ എന്ത് തന്നെയായായാലും
വീട്ടുകാരും നാട്ടുകാരുമായി അടിച്ച് പൊളിച്ചുള്ള ഒരു കുഞ്ഞവധിക്കാലം കൂടി കൊട്ടിക്കലാശിച്ചത് കഴിഞ്ഞ നാല്പതുകൊല്ലമായിട്ടുള്ള എന്റെ ഉത്തമ മിത്രങ്ങളെ കൂടി ഒത്ത് കൂട്ടിയായിരുന്നു .
നാട്ടിലുള്ള പള്ളിപെരുനാളുകളും , ഉത്സവങ്ങളും , കൂർക്കഞ്ചേരി തൈപ്പൂയവും ഏവരുമായി വീണ്ടും  അടിച്ചു പൊളിച്ചു കൊണ്ടാടിയ ഒരു ഉത്സവകാലം കൂടിയായിരുന്നു ഈ 'ഷോർട്ട് ഹോളിഡേയ് പിരീഡ് ' ...!
ഇത്തവണ കൂർക്കഞ്ചേരി തൈപ്പൂയത്തിന് ആദ്യമായി പെണ്ണുങ്ങൾ കാവടിയാട്ടം നടത്തി ആണുങ്ങളുടെ ഒരു കുത്തകാവകാശം കൂടി കൈവശത്താക്കി എന്നൊരു ചരിത്ര നേട്ടം കൂടി നാട്ടിലെ പെമ്പിളേർ കൈവരിച്ചു എന്നുള്ളതാണ് ഏറ്റവും മേന്മയുള്ള ഒരു നേട്ടം എന്നത് എടുത്തുപറയുവാവുന്ന സംഗതി തന്നെയാണ് ...!
 ഇനി ആചാരം ലംഘിച്ചു എന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും ഇതിനെതിരെ രംഗത്തിറങ്ങാതിരുന്നാൽ മതിയായിരുന്നു . നാട്ടിലൊക്കെ മതങ്ങൾ അനുയായികളെ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ തമ്മിൽ പറഞ്ഞു ധരിപ്പിച്ച് വിഘടിപ്പിച്ച് രാഷ്ട്രീയം കളിക്കുന്ന ഒരു വർത്തമാന കാലത്തിലൂടെയാണല്ലൊ നാമൊക്കെ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്  അല്ലെ...
അതും പഴയ കൂട്ടുകാരൊക്കെ വീണ്ടും ഒന്നിച്ചുകൂടിയുള്ള ഒരു ആർമാദിക്കൽ
Forty Years Challenge with
Forty Thick Friends in Kerala...💞
ഒട്ടും കോട്ടം തട്ടാതെ
കട്ടയ്ക്ക് കട്ടയ്ക്ക് ചേരുന്ന
കട്ട കൂട്ടുകാരുമായി ഇന്നും സൗഹൃദം
കെട്ടിപ്പൂട്ടി കൊണ്ടാടുന്നാണ് യഥാർത്ഥ
ചുട്ട വെല്ലുവിളി... അല്ലെ...കൂട്ടരെ... !💥😋

അതെ ഒട്ടും പ്രവചിക്കാനാകാത്ത ജന്മങ്ങളാണ് മനുഷ്യന്റേതെന്ന് അടിവരയിട്ടു പറയുന്ന സംഗതികൾ തന്നെയാണ് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഞങ്ങൾ കൂട്ടുകാരുടെ ജന്മങ്ങൾ ഞങ്ങൾക്കൊക്കെ ഇതുവരെ കാണിച്ചു തന്നത് ...
സ്‌കൂൾ  ഫൈനൽ ക്‌ളാസ്സുകളിൽ ഞങ്ങൾ ഭൂരിഭാഗം പേരും ആഗ്രഹിച്ചിരുന്നത്  ഭാവിയിൽ ഒരു ഡോക്ട്ടറോ ,എഞ്ചിനീയറോ ആകണമെന്നായിരുന്നു ...
അതിൽ ഒരാൾ മാത്രം വെറ്റിനറി
സർജനായി മാറി .
ചേട്ടന്മാരെ പോലെ ഗൾഫിൽ പോയി പണം സമ്പാധിക്കണമെന്ന് കരുതിയിരുന്നവൻ ഹെൽത്ത് ഇൻസ്പെക്റ്ററായി .
പോലീസ് ഓഫീസറാകണമെന്ന് മോഹിച്ചവൻ വില്ലേജോഫിസറായി ,അധ്യാപനാകുവാൻ ആഗ്രഹിച്ചവൻ അമേരിക്കയിലേക്ക് കുടിയേറ്റം നടത്തി.
നാട്ടിൽ നിന്നും വിട്ടുപോകില്ലെന്ന് വീമ്പടിച്ചവർ പൂനയിലും ,സിംഗപ്പൂരും ,ദുബായിലും നങ്കൂരമിട്ടു .
വലിയ ഉദ്യോഗസ്ഥന്മാരായി ഏവരെയും വിറപ്പിക്കണമെന്ന് ചിന്തിച്ചവർ അസ്സൽ ബിസിനസുകാർ ആയി മാറി .
എന്തിന്  പറയുവാൻ 'സായ്പ് പോയിട്ട് നാൽപ്പത് വർഷത്തിലേറെ കഴിഞ്ഞല്ലോ ..എന്നിട്ടാ സായിപ്പിൻ  ഭാഷയിൽ ...' എന്ന് പുച്ച്‌ഛിച്ചു പാടി നടന്നവൻ ഇപ്പോൾ സായിപ്പിന്റെ 'ഡേഷ്' താങ്ങി ലണ്ടനിലെ ഒരു മണ്ടൻ വരെയായി തീർന്നു ...!
അങ്ങനെ ഇപ്പോൾ  സിനിമാനടനും , പേഴ്‌സണാലിറ്റി ട്രെയിനറും , പെയിന്ററും, സെയിൽസ്മാനും, കൂലിപ്പണിക്കാരനും  ,ഷെയർമാർക്കറ്റധിപനും, റിയൽ എസ്‌റ്റേസ്റ്റുകാരനുമൊക്കെയായി ഒരു വല്ലാത്ത കെട്ടു പിരിയാത്ത കൂട്ടുകെട്ട് തന്നെയാണ് ഞങ്ങൾ ഇപ്പോഴും കോട്ടം കൂടാതെ കൊണ്ട് നടക്കുന്നത് ...!
ഇന്ന് അവരിൽ പലരും ഉന്നത ഉദ്യോഗസ്ഥരായി ബാങ്കുകളിലും , കേരള/ കേന്ദ്ര സർക്കാർ വകുപ്പുകളിലും  'ഗസറ്റഡ് റാങ്കി'ൽ സേവനമനുഷ്ട്ടിച്ച് ഭാവിയിൽ അടുത്തടുത്ത കൊല്ലങ്ങളിൽ വിരമിക്കുവാൻ കാത്തിരിക്കുകയാണ് ...
ഇതിനിടയിൽ നാലഞ്ചുപേർക്ക് അമ്മാനപ്പൻ പട്ടവും , അതിൽ ഒന്നു രണ്ട് പേർക്ക് മുത്തച്ഛൻ പട്ടവും കാലം കനിവോടെ നൽകിക്കഴിഞ്ഞു ...!

ഇക്കാലങ്ങൾക്കിടയിൽ നാല് പതിറ്റാണ്ടിനുള്ളിൽ നാല് ഉത്തമ മിത്രങ്ങൾ ഊഴം കാത്ത് നിൽക്കാതെ ഞങ്ങളെയൊക്കെ വിട്ട് എന്നന്നേക്കുമായി പിരിഞ്ഞുപോയി , ഒപ്പം ഒരു മിത്രത്തിന്റെ ഭാര്യയും ...!
അവരുടെയൊക്കെ ആത്മാക്കൾക്ക് എന്നുമെന്നും നിത്യ ശാന്തി അർപ്പിക്കുകയല്ലാതെ നമുക്കൊക്കെ എന്ത് ചെയ്യുവാൻ കഴിയും ..അല്ലെ  ?

ബാക്കിയുള്ള ഈ ഗെഡാ ഗെഡിയന്മാരിൽ
ഇപ്പോൾ എനിക്ക് മാത്രമല്ല ക്രിട്ടിക്കലായി അസുഖങ്ങളുള്ളത് കേട്ടോ , മിക്കവർക്കും ഉടുക്കുവാനും പുതക്കുവാനും അവരവരുടേതായ ഇത്തിരിയൊത്തിരി രോഗപീഡകൾ ഉണ്ട് താനും ... !

ഇനി ആരുടെ ഊഴം
എന്നത് ആർക്കറിയാം ...?
എന്തായാലും ഞങ്ങൾ എല്ലാ ഗെഡികളും
കൂടി ഒരു തീരുമാനം എടുത്തിരിക്കുകയാണ് ...

ആയുസ്സും ആരോഗ്യമുള്ള കാലത്തോളം ഇതുപോലെ ഇടക്കൊക്കെ കുടുംബമായി ഒത്ത്  കൂടലുകൾ നടത്തി വിനോദ യാത്രയും , പഴമ്പുരാണവുമൊക്കെയായി ഉള്ളവരെല്ലാം കൂടി സ്ഥിരമായി സല്ലപിച്ചുകൊണ്ട് തന്നെ വരുവാൻ പോകുന്ന വാർദ്ധ്യകത്തെ വരവേൽക്കണം എന്നത് ...!

നാളെ ആർക്കൊക്കെ
എന്തൊക്കെ സംഭവിക്കുമെന്ന്
ആരാലും പ്രവചിക്കപ്പെടാത്ത സംഗതികളാണല്ലൊ ..അല്ലെ ..!

Sunday, 4 February 2018

ഗൃഹാതുരത്വത്തിൽ മറഞ്ഞിരിക്കും പ്രണയ ഗ്രഹണങ്ങൾ ... ! / Gruhathurathwatthil Maranchirikkum Pranaya Grahanagal ... !

അമ്പിളിമാമനെ പറ്റി പാട്ടുകളിലും , 
കഥകളിലും , പടങ്ങളിലും, സിനിമകളിലു മൊക്കെ ധാരാളം കേട്ടും , കണ്ടും അറിഞ്ഞിട്ടുണ്ടെങ്കിലും പരസ്പരം നേരിട്ടൊരു സമ്പർക്കം വളരെ വിരളമായി നടത്തിയ ഒരാളാണ് എന്റെ അമ്മ .
ഈ മാതാജി ജനിച്ചിട്ട് ആയിരത്തോളം  പൂർണ്ണചന്ദ്രന്മാർ ഉദിച്ചുയർന്ന് പോയെങ്കിലും ഒരു ഫുൾ മൂണിനെ പോലും പത്ത് മിനുട്ടിൽ കൂടുതൽ നോക്കിനിന്നിട്ടില്ല എന്നാണ് അമ്മ പറയുന്നത്. 
ആയതിന് ബാല്യം തൊട്ട് ഇന്നത്തെ മുതുമുത്തശ്ശിപ്പട്ടം ചാർത്തി കിട്ടുന്ന വരെ മന:സമാധാനത്തോടെ അരനാഴിക നേരം പോലും ഒന്ന് കുത്തിയിരിക്കുവാൻ സാധിച്ചിട്ടില്ല എന്നാണ് അമ്മ പറയാറുള്ളത് .
അമ്മയുടെ ചെറുപ്പകാലങ്ങളിൽ പൂർണ്ണ നിലാവുള്ളപ്പോൾ ഓലകൊണ്ട് മറച്ചുണ്ടാക്കിയ മറപ്പുരയിലേക്ക് പോകുവാനൊ , തൊടിയിലെ കുളത്തിൽ പോയി കുളിക്കുവാനോ വരെ അമ്മയ്ക്കും സോദരിമാർക്കുമൊക്കെ ഒരു വല്ലാത്ത പേടിയായിരുന്നു എന്നാണ് പറയാറ് . 
കൂടാതെ അമ്മയുടെ ജാതകത്തിൽ ചന്ദ്രൻ എന്ന ഗ്രഹം നീച സ്ഥാനത്തിരിക്കുന്നതിനാൽ പല ദോഷങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞ് അന്ന് കാലത്തൊക്കെ ഏവരും അമ്മയെ പേടിപ്പിച്ചിരുന്നതും  ഒരു കാരണമാകാം .

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജനുവരി  31- ന് , 
ആദ്യമായി ജീവിതത്തിൽ ഒരു സമ്പൂർണ്ണ ചന്ദ്ര ഗ്രഹണം പൂർണ്ണമായി  
ദർശിച്ച നിർവൃതിയിലാണ് ഇന്നെൻറെ അമ്മ . 

പിന്നിട്ടുപോയ അഞ്ചാറു തലമുറകൾക്കും , ഭാവിയിലുള്ള ഇത്രത്തോളം വരുന്ന തലമുറകൾക്കും നേരിട്ട് ഒരിക്കലും കാണുവാൻ സാധിക്കാത്ത ഒരു  മഹാ ചന്ദ്രഗ്രഹണം   തന്നെയായിരുന്നു നമുക്കൊക്കെ ഈ ജന്മത്തിൽ കണ്ട് സായൂജ്യമടയുവാൻ പ്രാപ്തമായ ഈ ബ്ലൂമൂൺ കളിവിളയാട്ടം എന്നാണ് പറയപ്പെടുന്നത് ...! 
 
സാധാരണ ഗ്രഹണ സമയത്തൊക്കെ കുളിക്കാതെ ഉണ്ണാവ്രതമിരുന്ന് നാമം ജപിച്ചിരിയ്ക്കാറുള്ള എന്റെ അമ്മയുടെ ചാരത്ത് , അന്നവിടെ കൊണ്ടാടിയിരുന്ന  നാട്ടിലെ കൂർക്കഞ്ചേരി തൈപ്പൂയം പ്രമാണിച്ച് വീട്ടിൽ  എത്തി ചേർന്ന എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ പ്രിയ ടീച്ചറാണ്  നിർബന്ധിച്ച് ഈ വളരെ 'റെയറാ'യ ഈ കാഴ്ച്ച എന്റമ്മക്ക്  കാണിപ്പിച്ചുകൊടുത്തത് ...!

എന്റെ അമ്മക്ക് പൂർണ്ണ ചന്ദ്രനും , വെണ്ണിലാവുമൊക്കെ ദുശ്ശകുനമായിരുന്നുവെങ്കിൽ  ഇതിന്റെയൊക്കെ നേരെ വിപരീതമായിരുന്നു എന്റെ പ്രഥമ പ്രണയിനിയായ പ്രിയക്ക് ഓരൊ ഗ്രഹണങ്ങളുടെയും ദർശനങ്ങൾ ...

ഒരിക്കൽ ബാല്യകാലത്ത് പ്രിയയുടെ 
തറവാട്ടുമുറ്റത്ത്  അവളുടെ കല്ല്യാണി മുത്തശ്ശി 
ഒരുക്കി തന്ന ഓട്ടുകിണ്ണത്തിൽ ചാണകം വെള്ളം 
നിറച്ചതിൽ നോക്കി കെട്ടിപ്പിടിച്ചിരുന്നാണ് ഞങ്ങൾ 
ആദ്യമായി ഒരു സൂര്യ ഗ്രഹണം ദർശിച്ചത് ...! 

പിന്നീടുള്ള പല സൂര്യ ചന്ദ്ര ഗ്രഹണങ്ങളും പ്രിയ 
അവളുടെ ക്യാമറയിൽ നന്നായി തന്നെ ഛായാഗ്രഹണം 
നിർവഹിച്ച ചിത്രങ്ങളെല്ലാം , അവൾ ഇന്നും നിധി പോലെ
 സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ...!

പണ്ടത്തെ നിലാവുള്ള രാത്രികളിൽ  ഞങ്ങളുടെ 
പ്രണയം മൊട്ടിട്ടു തളിർത്തതും പിന്നീട് പൂത്തുലഞ്ഞതുമൊക്കെ 
 എങ്ങിനെ മറക്കുവാനാണ് സാധിക്കുക ..? 
അതെല്ലാം വിസ്മരിക്കാത്ത 
സാക്ഷാൽ പ്രണയ ഗ്രഹണങ്ങളായി 
ഇന്നും ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് ...!

ഒരിക്കലും ഒരുമിക്കുവാനാകാതെ ജീവിതകാലം മുഴുവൻ താലോലിച്ച് കൊണ്ടുനടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു ...

ഇതിഹാസ ചരിതങ്ങൾ മുതൽ ഇന്നത്തെ ആധുനിക സാഹിത്യം വരെ ചികഞ്ഞു നോക്കിയാൽ ഒന്ന് മനസ്സിലാക്കുവാൻ സാധിക്കും - അതായത് പ്രണയാഭിലാഷങ്ങൾ സാക്ഷാത്കാരം നേടാനാകാതെ പോയ അനേകമനേകം പ്രേമഭാജനങ്ങൾ തിങ്ങിനിറഞ്ഞ കാവ്യങ്ങളും, കഥകളും തന്നെയാണ് അന്നും, ഇന്നും ,എന്നും ലോകത്താകമാനം വായിക്കപ്പെട്ടിട്ടുള്ള കൃതികൾ എന്നുള്ളത് ...


ആദ്യ നോട്ടത്തിൽ തന്നെ തന്റെ 
പ്രേമഭാജനത്തിന്റെ    ആകാര വടിവുകളിൽ 
ആകൃഷ്ടനായൊ , പ്രത്യേകതയുള്ള അവയവ ഭംഗികളിൽ മോഹിച്ചൊ , കലാ - സാഹിത്യ- കായിക വൈഭങ്ങളിലുള്ള നിപുണതകൾ കണ്ടിട്ടൊ , പെരുമാറ്റ ഗുണങ്ങളിൽ തൽപ്പരരായൊ മറെറാ ആണല്ലൊ സാധാരണ ഗതിയിൽ രണ്ട് പേർ തമ്മിലുള്ള അനുരാഗം പൊട്ടി മുളക്കാറുള്ളത് ...അല്ലെ ?
 
പുറംമോടിയിലെ സൗന്ദര്യത്തേക്കാൾ അകം മോടി കണ്ട്പരസ്പരം ഇഷ്ട്ടപ്പെടുന്ന വരും ഇല്ലാതില്ല എന്നല്ല പറഞ്ഞു വരുന്നത് ...



പ്രണയത്തിനും , വീഞ്ഞിനും പഴകും തോറും വീര്യം കൂടുമെന്നാണ് പറയുക ...

മറ്റുള്ളവരുടെ അനുരാഗ കഥകളൊക്കെ ചടുപിടുന്നനെ  വളരെ ഈസിയായി എഴുതിയിടാവുന്ന  സംഗതികളാണ് . 
എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
 പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലൊ
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...
അത്തരം ഒരു പ്രഥമാനുരാഗം അഥവാ കടിഞ്ഞൂൽ പ്രണയം നാമൊക്കെ ജീവിതാവസാനം വരെ വിസ്മരിക്കാതെ കൊണ്ട് നടക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് എന്റെ ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതു പുത്തൻ പഴങ്കഥ ...!
ഹും ... 
അതൊക്കെ അവിടെ തന്നെ മറക്കാതെ കിടക്കട്ടെ ...

എന്തോ എന്റെ അമ്മക്ക് ആറ്റുനോറ്റുണ്ടായ 
കടിഞ്ഞൂൽ പുത്രനെ നേരിട്ട് കാണുവാനുള്ള മോഹം 
അതി രൂക്ഷമായി ഉടലെടുത്തത് കൊണ്ടൊ , അതൊ 
സീമന്ത പുത്രന് സ്വന്തം മാതാവിനൊത്ത് കുറച്ച് ദിനരാത്രങ്ങൾ കഴിയണമെന്നുള്ള ആഗ്രഹം കാരണമാണൊ എന്നറിയില്ല , എന്തായാലും ഇനി  കുറച്ചുദിവസം നാട്ടിൽ വന്ന് ഈ ഉത്സവകാലം ആടിത്തിമിർക്കുവാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ് ...

മൂന്നാഴ്ച്ചയും മുന്നൂറ് പരിപാടികളുമായിട്ടാണ് വരവ് ...

തനി കുശുമ്പത്തി പാറുവായ എന്റെ പെർമനന്റ് 
ഗെഡിച്ചിയായ ഭാര്യ പറയുന്നത് ഞാൻ എന്റെ കടിഞ്ഞൂൽ പ്രണയിനിയായ പ്രിയ ടീച്ചറെ കാണുവാൻ പോകുകയാണെന്നാണ് ...

അതൊക്കെ എന്ത് തന്നെയായായാലും എനിക്കിപ്പോൾ ഒരു 'ഡിജിറ്റൽ ഡൈറ്റ് 'അനിവാര്യമായി വന്നിരിക്കുകയാണ് . ആയത് എത്രത്തോളം നടപ്പാകുമെന്ന് കണ്ട് തന്നെ അറിയണം ...
അത് കൊണ്ട് ഓൺ -ലൈൻ കം സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും തൽക്കാലം കുറച്ച് കാലം ലീവ് എടുത്ത് ഞാൻ ഓഫ് -ലൈനിൽ ആകുകയാണ് ...
നാട്ടിൽ റോന്ത് ചുറ്റുന്നതിനിടയിൽ  എന്റെ പ്രിയപ്പെട്ട സൈബർ മിത്രങ്ങളെ ആ പരിസരങ്ങളിൽ ഉണ്ടെങ്കിൽ കാണുകയൊ , ബന്ധപ്പെടുകയൊ ചെയ്യുന്നതാണ് ...

ഇതുവരെ ആധാറിൽ ചേർക്കാത്ത
എന്റെ നാട്ടിലെ നമ്പർ  :-  099466 02201
അപ്പോൾ പറ്റുമെങ്കിൽ നമുക്ക്  നേരിട്ട് കാണാം
കാണണം ... അല്ലെങ്കിൽ വിളിക്കണം  ... കേട്ടോ കൂട്ടരേ .



പ്രണയ മാസമല്ലേ  ഈ ഫെബ്രുവരികാലം  
ദാ ..ന്റ്റെ മൂന്ന് മുൻ സൂപ്പർ ഡ്യൂപ്പർ  പ്രണയ കഥകൾ



  1. എന്റെ  പ്രഥമ പ്രണയ കഥ
    ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതു പുത്തൻ പഴങ്കഥ 
  2.  എന്റെ ഒരു ഉത്തമ മിത്രത്തിന്റെ പ്രേമ കഥ ഒപ്പം എന്റെയും
    ബെർക്ക് ഷെയറിൽ വീണ്ടും ഒരു പ്രണയ കാലം 
  3. എന്റെ ഒരു മുതുമുതു മുത്തശ്ശന്റെ പ്രണയകഥ ഒപ്പം ഞങ്ങളുടെ നാടിന്റെയും വേലാണ്ടിദിനം അഥവാ വലന്റിയേഴ്‌സ്  ഡേയ്




ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...