Showing posts with label ക്ഷണ പത്രിക. Show all posts
Showing posts with label ക്ഷണ പത്രിക. Show all posts

Thursday, 31 July 2014

അങ്ങിനെ വീണ്ടും ഒരു അവധിക്കാലം ... ! / Angine Veendum Oru Avadhikkaalam ... !

പ്രിയപ്പെട്ടവരെ ,
പണ്ട് ‘ബാലയുഗം’ എന്ന കുട്ടികളുടെ മാസികയിൽ
നിന്നും  തുടക്കം കുറിച്ചതാണ് എന്റെ തൂലികാ  സൗഹൃദങ്ങൾ...
ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വരെ നീണ്ടുനിന്ന  ആണും പെണ്ണുമായ
കുറച്ച് തൂലികാ മിത്രങ്ങളെ വരെ , അന്ന് തൊട്ട് ,  ഞാൻ താലോലിച്ച് കൊണ്ട് നടന്നിരുന്നു...

പിന്നീടൊരിക്കൽ അന്നതിൽ , ടിപ്പ് ചുള്ളത്തിയാണെന്ന് നിനച്ചിരുന്ന ഒരുവളെ ,
അവളുടെ നാടായ , കൊല്ലം ജില്ലയിലുള്ള കൊട്ടിയത്ത് പോയിട്ട് , ഏതാണ്ട് പത്ത് കൊല്ലത്തിന് ശേഷം കണ്ടപ്പോഴാണ്  , മൂപ്പത്തിയാര്  , ഒരു തള്ളപ്പിടിയാണെന്ന് എനിക്ക് പിടികിട്ടിയപ്പോഴുണ്ടായ ആ ചമ്മലൊന്നും ഞാൻ ഇപ്പോഴും മറന്നിട്ടില്ല.., ഹും... അതൊക്കെ അന്ത:കാലം ..!
അതിനൊക്കെ ശേഷം  ആ  സൗഹൃദ വേദിയിലെ , പല മിത്രങ്ങളും
ഫോണിലേക്കും , ഓർക്കൂട്ടിലേക്കുമൊക്കെ ചേക്കേറിയിട്ട് ,  അപ്പോഴുണ്ടായിരുന്ന 
തൂലികാ സൗഹൃദം നിറഞ്ഞ എഴുത്തു കുത്തുകൾ ചുരുക്കിയപ്പോൾ , അന്നത്തെ സ്ഥിര മായുണ്ടായിരിന്ന കത്തിടപാടുകൾക്കൊക്കെ ചരമഗീതം അർപ്പിക്കേണ്ടി വന്നു..എന്ന് മാത്രം ..!

വീണ്ടും,  കാൽനൂറ്റാണ്ടിന് ശേഷമാണ് , അതേ തൂലികാ മിത്രങ്ങൾ
കണക്കെ , ഒരു സൗഹൃദം വലയം , എനിക്ക് വീണ്ടും ഉണ്ടാക്കുവാൻ കഴിഞ്ഞത്
ബ്ലോഗുകളുടേയും , ഓൺ -ലൈൻ എഴുത്തുകളുടേയും ഉയർത്തെഴുന്നേൽപ്പുകൾക്ക്
ശേഷമാണ് ഈ മിത്രകൊട്ടാരം എനിക്ക് പണിതുയർത്തുവാൻ കഴിഞ്ഞത്...! ഒരിക്കൽ
പോലും പരസ്പരം തമ്മിൽ തമ്മിൽ കാണാതെ , ഒന്നും മിണ്ടിപ്പറയാതെ , കേൾക്കാതെ യൊക്കെയുള്ള  സ്നേഹ വായ്പ്പകൾ കോരിത്തരുന്ന ഒരു പ്രത്യേക തരം സൗഹൃദ കൂട്ട് കെട്ടുകൾ..!

പണ്ട് തൂലികയാൽ  പടുത്തുയർത്തിയ മിത്ര കൂട്ടായ്മയേക്കാൾ ,
ഇമ്മിണിയിമ്മിണി വലിയ , നല്ല ആത്മാർത്ഥതയുള്ള ,  ഭൂലോകത്തിന്റെ
പല കോണുകളിൽ വസിച്ചുകൊണ്ടിരിക്കുന്ന അനേകം ആണും പെണ്ണുമായ
ഓൺ-ലൈൻ കൂട്ടുകാരെ അണിനിരത്തി കൊണ്ടാണതിന്  സാധ്യമായത്..

ഒരേ ബഞ്ചിൽ , അഞ്ച് പത്ത് കൊല്ലം ഒന്നിച്ചിരുന്ന് കെട്ടിപ്പടുത്ത
കൂട്ടുകെട്ടിനേക്കാളൊക്കൊ ഉപരി , ഒരു സ്നേഹോഷ്മളമായ  ബന്ധങ്ങളാണ്
നമുക്കെല്ല്ലാം ഇതിലൂടെ കൈ വന്നിരിക്കുന്നത് എന്നത് നിങ്ങൾക്കെല്ലാം അറിയാവുന്ന ഒരു വാസ്തവം തന്നെയാണല്ലോ ..അല്ല്ലേ ?

ഇത്തരം ഒരു മിത്രക്കൂട്ടയ്മയിൽ അധിവസിക്കുന്ന , ആഗോളതലത്തിൽ
രണ്ടുകോടിയോളമുള്ള പ്രവാസി ഭാരതീയനനിൽ ഒരുവനായ ഞാൻ , ഇതാ ഒരു
അവധിക്കാലം കാലം കൂടി ചിലവഴിക്കുവാൻ എന്റെ ജന്മനാട്ടിലേക്ക് തിരിക്കുകയാണിപ്പോൾ...
  ..
ഒരു വിനോദ സഞ്ചാരിയെ പോലെയാണ് ഏതാണ്ട് കുറെ കൊല്ലങ്ങളായി
ഞാനെന്റെ  മാതൃ രാജ്യത്ത് തനി ഒരു വിരുന്നുകാരനായി കാലെടുത്ത് കുത്താറ്...!

അതും രണ്ടോ മൂന്നോ ആഴ്ച്ചകൾക്ക് മീതെയുള്ള
ഒരു അവധിക്കാലം  അപ്പോളൊന്നും നാട്ടിൽ ചിലവഴിച്ചിട്ടില്ല താനും.

പലപ്പോഴും .മൂന്നാഴ്ച്ചയൊക്കെ അവിടെ ചിലവഴിക്കുവാൻ എത്തുമ്പോൾ
ഒരു മുന്നൂറ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടായിരിക്കും വരുന്നത് ..
നാട്ടിൽ വന്നാലുള്ള അടിച്ചു പൊളികൾ കാരണം അതിൽ ഒട്ടുമുക്കാലും കാര്യങ്ങൾ
നടക്കാറുമില്ല , എന്നിട്ട് അടുത്ത ഹോളിഡേയ്ക്കാവാമെന്ന് നിനച്ച് , പെട്ടീം പൂട്ടി തിരിച്ച് പോരും , പിന്നീടും  തഥൈവ തന്നെയായിരിക്കും  എല്ലാ വരവുപോക്കുകളുടെ ചരിത്രങ്ങളും ചികഞ്ഞ് നോക്കിയാൽ കാണാനാവുന്നത്.
ഏതാണ്ടൊരുവിധം എല്ലാ പ്രവാസികളുടെ കോപ്രായങ്ങൾ
ഇതുപോലെയൊക്കെ തന്നെയായിരിക്കാം .... അല്ലേ കൂട്ടരെ..!

പക്ഷേ , ഇത്തവണ രണ്ടും കല്പിച്ചാണ് എന്റെ നാട്ടിലേക്കുള്ള പടപ്പുറപ്പാട് ,
അതായത് ഇപ്രാവശ്യം  ഞാൻ ആറാഴ്ച്ചയാണ് നാട്ടിൽ ആറാടാൻ പോകുന്നത്...!

എവിടെയെല്ലാമോ  കെട്ടിക്കിടക്കുന്ന ആ ഗൃഹാതുരത്വം
മുഴുവൻ അടിച്ച് പൊടിച്ച്  കലക്കി കുടിച്ച് ആ മടുപ്പ് മാറ്റണം ...!

നാട്ടിലെ ഓണാഘോഷത്തിലെ മാവേലി മന്നനാവാൻ , പുലിക്കളിക്ക്
വേഷം കെട്ടാൻ ,  ആലപ്പുഴയിൽ വെച്ച് യു.കെ മലയാളികൾ ഒത്തുകൂടുന്ന
ഒരു ‘വെള്ളം‘ കളിയിൽ പങ്കെടുക്കുവാൻ തുടങ്ങി ,ഒത്തിരിയൊത്തിരി  തട്ട് പൊളിപ്പൻ  പരിപാടികളിലേക്ക് , ഈ ബഹു മണ്ടനെ നേരത്തെ കൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു...!
.
പിന്നെ പഴേ ക്ലാസ്സ് മേറ്റ് മിത്രങ്ങളെല്ലാം കൂടി നടത്തുന്ന ഒരു “ഗ്ലാസ്സ് മീറ്റ്‘
ഉൽഘാടനത്തിനും വരെ , ഈ മണങ്ങോടനെ സാദരം ക്ഷണിച്ച് കാത്തിരിക്കുകയാണ് നാട്ടിലുള്ളൊരു പഴയൊരു സൗഹൃദ കൂട്ടായ്മ ..!

ഇതൊന്നും കൂടാതെ ...
പോരാത്തതിന് ഇതിനിടയിൽ  ,
ഞാനൊരു അമ്മാനച്ഛൻ  സ്ഥാനം
കരസ്ഥമാക്കുവാനും പരിപാടിയിട്ടുട്ടുണ്ട്.
ഈ അമ്മാനപ്പൻ പട്ടം പണ്ടത്തെയൊക്കെ പോലെ
 അത്ര ചുളുവിൽ കിട്ടുന്ന സ്ഥാനമല്ല ഇപ്പോഴൊക്കെ കേട്ടൊ ,
ഇമ്മിണി കാശ്
ചെലവുള്ള ഒരു ഏർപ്പാടാട്ടാ‍ാ...ഇത്
ഏതായാലു തലവെച്ച് പോയി ,
ഇനി ഒന്തോരം ബാക്കി കിട്ടുമെന്ന് കണ്ടറിയാം.
ഇതിനെ കുറിച്ചൊക്കെ എഴുതുവാനാണെങ്കിൽ ഒത്തിരി കാര്യങ്ങളുണ്ട് , പക്ഷേ ഇപ്പോഴുള്ള ധാരാളം  തിക്ക് മുക്കുകൾക്കിടയിൽ ആയതിനൊന്നും ഒട്ടും സമയമില്ല താനും .

പിന്നെ ഇതെഴുതിയിടാനുള്ള
കാര്യത്തിലേക്ക് നേരെ ചൊവ്വെ വരാം ..അല്ലേ

നീണ്ട ലീവ് കിട്ടാൻ വേണ്ടിയുള്ള മാരത്തോൺ ജോലി, പായ്ക്കിങ്ങ് തുടങ്ങി സകലമാന കുണ്ടാമണ്ടി തിരക്കുകൾക്കിടയിലും ഞാനിവിടെ വന്നത് എന്റെ എല്ലാ മിത്രങ്ങളേയും ഒരു കല്ല്യാണത്തിന് ക്ഷണിക്കുവാനാണ് കേട്ടൊ.
നേരിട്ടോ ,താപാലിലോ ,  വ്യക്തിപരമായോ ഏവരേയും വന്ന് ക്ഷണിക്കുവാൻ സമയവും ,സന്ദർഭവും അനുവദിക്കാത്തതുകൊണ്ടാണ്  ഈ സൈബർ ലോകത്തുള്ള  എളുപ്പവഴി ഞാൻ തെരെഞ്ഞെടുത്തത്.
ഇതിന് സദയം ക്ഷമിക്കുമല്ലോ അല്ലേ

അതായത് ഈ വരുന്ന ചിങ്ങമാസം  നാലാം തീയ്യതി (2014 ആഗസ്റ്റ് 20 ബുധനാഴ്ച്ച ) ഞങ്ങളുടെ മകൾ മയൂഖലക്ഷ്മിയുടെ വിവാഹമാണ്.
തൃശ്ശൂർ പട്ടണത്തിലെ , കൂർക്കഞ്ചേരി ശ്രീനാരയണ ഹാളിൽ വെച്ചാണ് പ്രസ്തുത ചടങ്ങ് നടത്തുന്നത്...

ആയതിൽ പങ്കെടുത്ത് ആ വധൂവരന്മാർക്ക് മംഗളം
നേരുവാനും , ഞങ്ങളുടെ സന്തോഷത്തിൽ ഒത്തുകൂടുവാനും നിങ്ങളേവരേയും സകുടുംബം സാദരം ക്ഷണിച്ചുകൊള്ളുന്നൂ..
എന്ന്
സസ്നേഹം,
മുരളീമുകുന്ദൻ

PS : -

അന്നേ ദിവസം അവിടെ തന്നെയുള്ള മറ്റൊരു വേദിയിൽ
മലയാളത്തിലെ പഴയവരും പുതിയവരുമായ ,നവ മാധ്യമ എഴുത്തുകാരിലെ
പലരും കൂടി, ഒത്ത് ചേർന്ന് സറപറ വർത്തമാനം പറയലും , പരസ്പരം പരിചയം
പുതുക്കലും /പെടലും ,  അരങ്ങേറുന്ന തൃശ്ശൂർ ബ്ലോഗർ സംഗമം    എന്ന പരിപാടിയിലും പങ്കെടുക്കാം കേട്ടോ കൂട്ടരെ...നെയ്യപ്പം നിന്നാൽ രണ്ടുണ്ട് കാര്യം .!


പിന്മൊഴി  :‌- 

ഒരു നാടൻ സായിപ്പിന്റെ കുപ്പായം ഊരിവെച്ച്
തനി ഒരു പച്ച മലയാളിയായ നാട്ടുമ്പുറത്തുകാരന്റെ കുപ്പായം
അണിയുവാൻ പോകുന്നത് കൊണ്ട് , ഈ സൈബർ ലോകത്ത്
നിന്നും  ഞാൻ , ഒന്നര മാസത്തേക്ക് ഒരു അവധിയെടുക്കുകയാണ്.
ഈ സമയങ്ങളിൽ നാട്ടിലുള്ളവരുമൊക്കെയായി
അവിടെ  വെച്ച് ഇനി മുഖാമുഖം കാണാമെന്ന് പ്രതീക്ഷിക്കുന്നു.
കാണണം കേട്ടൊ
അപ്പോൾ വീണ്ടും സന്ധിപ്പും വരേക്കും വണക്കം ....നന്ദി..

നാട്ടിലെത്തിയാൽ എന്നെ 
ബന്ധപ്പെടാവുന്ന നമ്പറുകൾ : 0487 2449027  & 09946602201







ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...