Showing posts with label ഓൺ - ലൈൻ' വിദ്യാഭ്യാസം. Show all posts
Showing posts with label ഓൺ - ലൈൻ' വിദ്യാഭ്യാസം. Show all posts

Friday, 5 June 2020

'ഓൺ - ലൈൻ' വിദ്യാഭ്യാസം - മാറുന്ന ചട്ടങ്ങൾ പുതിയ പാഠങ്ങൾ...! / 'On-Line' Vidyabhyaasam - Marunna Chattangal Puthiya Patangal ...!


ഇതുവരെ  ശീലിക്കാത്ത ഓരൊ അനുഭവങ്ങളും നമുക്ക് പുതിയ പാഠങ്ങളായി പുതുപുത്തൻ ശീലങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികളായി തീർന്നിരിക്കുന്ന   ഒരു കാലഘട്ടത്തിലൂടെയാണ് ലോകം മുഴുവൻ ഇപ്പോൾ ചലിച്ചു കൊണ്ടിരിക്കുന്നത് .

കോവിഡ് -19 ന് മുമ്പും ഭൂമിയിൽ അനേകം മഹാമാരികളും ,  വംശീയവും വർഗ്ഗീയവുമായ ലഹളകളും , ലോകമഹായുദ്ധങ്ങളടക്കം മറ്റനേകം ദുരന്തങ്ങളും വന്നുപോയിട്ടുണ്ടെങ്കിലും ആയതെല്ലാം ഒരു നിശ്ചിത പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നവയായിരുന്നു . 

അതുമൂലം ഉണ്ടായിരുന്ന പട്ടിണിയും  , പാലായനവും , സാമ്പത്തിക മാന്ദ്യങ്ങളുമൊക്കെ അതിജീവിച്ച് അതാതു ജനതകൾ എന്നുമെന്നോണം ശാസ്ത്രീയമായും സാങ്കേതികമായും പുരോഗതികൾ കൈവരിച്ച് എന്നുമെന്നോണം  ജീവിത നിലവാരം മെച്ചപ്പെടുത്തി വന്നിരുന്നു .  
അവരവർ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് , പ്രകൃതിയെ ഒട്ടും മാനിക്കാതെ ‌ ഏറ്റവും ആധുനികമായ ആഡംബര ജീവിതം  നയിച്ചുവരുന്ന  മാനവ സമൂഹത്തിനിടയിലേക്കാണ് അവിചാരിതമായി ഇപ്പോൾ ഒരു  മഹാമാരിയായി കൊറോണ വൈറസുകൾ കയറി വന്നത് .
കരയിലും , കടലിലും ,ആകാശത്തുമുള്ള ഒട്ടുമിക്ക ഗതാഗത സംവിധാനങ്ങളും പലപല രാജ്യങ്ങളിലും തൽക്കാലത്തേക്ക് നിറുത്തി വെച്ചു.


കോവിഡ് പടർന്ന രാജ്യങ്ങളിൽ സ്ഥിരമായി ചലിച്ചുകൊണ്ടിരുന്ന മനുഷ്യസമൂഹം മുഴുവൻ ഏറ്റവും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുവാൻ പറ്റാത്ത  അവസ്ഥയിലായി മാറി . . 
ഇന്നത്തെ   തലമുറയിലെ മാത്രമല്ല , ലോകത്തിൽ ഇതുവരെ   ജീവിച്ച ഒരു ജനതയും  ഇങ്ങനെയുള്ളൊരു ആഗോളപരമായ  അടച്ചുപൂട്ടൽ പ്രതിഭാസത്തിൽ കൂടി കടന്നുപോയിട്ടില്ല  എന്നത് ഒരു വാസ്തവമാണ് 

ഈ കൊറോണക്കാലം വരെ ഓരോരുത്തരും പരിപാലിച്ചിരിക്കുന്ന പല ചിട്ടവട്ടങ്ങൾക്കും  മാറ്റങ്ങൾ  സംഭവിച്ചുകൊണ്ടിരിക്കുകയാണ് .

അതെ ഇപ്പോൾ നമ്മുടെ നാട്ടിലും വിദ്യാഭ്യാസ രംഗം മുതൽ പല സംഗതികൾക്കും ഇത്തരം വിപ്ലവകരമായ ഒരു മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് 
ഒരു പക്ഷെ വല്ലാത്ത വ്യാപന വ്യാപ്‌തിയുള്ള കാണാമറയത്തുള്ള കൊറോണ വൈറസുകൾ പരത്തുന്ന ഈ മഹാമാരി   വന്നില്ലായിരുന്നുവെങ്കിൽ നമ്മുടെ നാട്ടിൽ ഇപ്പോഴും 'ഓൺ - ലൈൻ' പഠനവും  , 'വീഡിയോ ക്‌ളാസു'കളുമൊന്നും ഇത്ര വേഗം  പ്രാബല്യത്തിൽ വരികയില്ലായിരുന്നു .

ഏതാണ്ട് ഒന്നൊര പതിറ്റാണ്ട് മുമ്പ് തന്നെ നാം മലയാളികൾ സൈബർ ലോകത്തേക്ക് മുന്നിട്ടിറങ്ങി വന്നെങ്കിലും ഏറ്റവും അടിസ്ഥാനപരമായ പല കാര്യങ്ങളിലും സൈബർ ഇടപെടലുകൾ നടത്തുവാൻ വിമുഖത പ്രകടിപ്പിക്കുന്ന കൂട്ടത്തിലായിരുന്നു നാം ഭൂരിഭാഗം കേരളീയരും .


ഏറ്റവും കൂടുതൽ പേരും ആധുനികമായ വിവര വിജ്ഞാന  സാങ്കേതിക വിദ്യാ തട്ടകങ്ങളെയും മറ്റും വെറും വിനോദോപാധി സൈറ്റുകൾ മാത്രമായി നോക്കി കണ്ടത് കൊണ്ടാണ് നമ്മൾ പല ഇന്റർനെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന മിക്ക ഘടകങ്ങളിലും , മറ്റു പാശ്ചാത്യ രാജ്യങ്ങളെപോലെയൊന്നും മുന്നിട്ട് നിൽക്കാതെ പല മേഖലകളിലും പിന്നിലേക്ക് പോയത് .

ഒരു പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന  മലയാളം ബ്ലോഗുകളുടെ സുവർണ്ണ കാലഘട്ടത്തിൽ പോലും കേരളത്തിലെ ഒരു  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവിടങ്ങളിലുള്ള അദ്ധ്യാപകർക്കുമൊന്നും  യാതൊരുവിധ വിദ്യാഭ്യാസപരമായ ബ്ലോഗുകളും , ഓൺ-ലൈൻ സൈറ്റുകളും ഇല്ലാത്ത ഒരു കാലമായിരുന്നു .

അതേസമയം അന്നിവിടെ  ലണ്ടനിൽ ഓരൊ വിദ്യാർത്ഥികൾക്കും   
പ്രൈമറി ക്ലാസ്സ്‌ മുതൽ  അവരുടെ ടീച്ചേഴ്സിന്റേയും ,  സ്‌കൂളിന്റെയും ബ്ലോഗുകളിലൊ ,വെബ് സൈറ്റുകളിലൊ പോയുള്ള പഠനം സാധ്യമായിരുന്നു . 
വീട്ടിലിരുന്ന് പോലും ലോഗിൻ ചെയ്‌ത്‌ അവരുടെ സ്‌കൂളും, ടീച്ചേഴ്‌സുമായി എന്ത് ഡൗട്ട്കളും മറ്റും തീർപ്പ് കൽപ്പിക്കുവാനും , അനേകം സിനാറിയോകൾ ഉദാഹരണ സഹിതം കാണുവാനും കേൾക്കുവാനുമടക്കം സാധിക്കുന്ന ലിങ്കുകൾ സഹിതമുള്ള പഠനങ്ങൾ .

ഇപ്പോൾ ഇവിടെയുള്ള പുതു തലമുറയിലെ കൊച്ചു പിള്ളേർ വരെ എന്തെങ്കിലും കാര്യങ്ങളിൽ സംശയ നിവാരണം വരുത്തണമെങ്കിൽ പോലും , അപ്പപ്പോൾ ഗൂഗിളിനോടൊ  (wiki/Google_Assistant ) അത്തരം സമാനമായ ലേണിങ് സൈറ്റുകളോടൊ  (siri/apple , alexa.com ) അവരവരുടെ ഡിവൈസുകൾ മുഖേന ചോദിച്ച് മനസ്സിലാക്കിയാണ് അറിവുകൾ നേടുന്നത് .

അതെ , ലോകത്താകമാനം എല്ലാ അറിവുകളും വിവര സാങ്കേതിക വിദ്യയിൽ കൂടി വിരൽത്തുമ്പൊന്നമർത്തിയാൽ   കണ്ടും കേട്ടും  അറിയാവുന്ന വിധത്തിൽ  നമ്മുടെ വിവര വിജ്ഞാന സാങ്കേതിക മേഖല വളർന്നു വലുതായി പന്തലിച്ചു കഴിഞ്ഞു .

ആയതിനെല്ലാം കഴിഞ്ഞത് വിവിധ വിഷയങ്ങളിൽ  പ്രാവീണ്യമുള്ള നിപുണരായ ബ്ലോഗേഴ്‌സും , വ്ലോഗേഴ്സുമൊക്കെ എന്നുമെന്നോണം അവരുടെ അറിവുകൾ 'ഇന്റർനെറ്റ്' ലോകത്തെ സൈബർ ഇടങ്ങളിൽ പങ്കുവെക്കുന്നത് കൊണ്ടാണ് .


ഇനിയുള്ള കാലം സൈബർ ഇടങ്ങളിൽ കൂടിയുള്ള  എഴുത്തുകളും , സ്ക്രോൾ വായനകളും , വീഡിയോകളും മറ്റും   മുഖാന്തിരമുള്ള കണ്ടറിവുകളും കേട്ടറിവുകളുമായിരിക്കും ഏറ്റവും കൂടുതൽ ആളുകൾ  വിനോദത്തിനും,  വിജ്ഞാനത്തിനും വേണ്ടി ഉപയോഗിക്കുക എന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്ന വസ്‌തുതകൾ . 

ആയതിനാൽ എഴുതാനും പറയാനും കഴിവുള്ളവർ മുഴുവൻ സൈബർ ഇടങ്ങളിൽ കൂടി അവരവരുടെ അറിവുകൾ പങ്കുവെക്കുകയാണെങ്കിൽ , ഇത്തരം അറിവുകളെ കുറിച്ച്  മറ്റാരെങ്കിലും തെരഞ്ഞു നോക്കുമ്പോൾ അവർക്കൊക്കെ ആ അറിവുകൾ സൈബർ ഇടങ്ങളിൽ മനസ്സിലാക്കുവാനും കഴിയും .

ഇത്തരം ടീച്ചിങ് ബ്ലോഗുകളും , വ്ലോഗുകളും , വീഡിയൊ ചാനലുകളും ,ലേണിങ് ആപ്പുകളും തിങ്ങിനിറഞ്ഞ  സൈബർ ഇടങ്ങൾ നമ്മുടെയെല്ലാം കൈയെത്തും ദൂരത്തുള്ള കാലമാണിത് ...!
നോക്കൂ... 
താഴെയുള്ളത് യു.കെയിലുള്ള twinkl.co.uk സൈറ്റിൽ മാത്രം ഫ്രീയായി കാണാനും ഡൌൺ ലോഡ് ചെയ്യുവാനും പറ്റുന്ന ചില ടീച്ചിങ് ബ്ലോഗുകളാണ് . 


ഇതുപോലെ നമ്മുടെ നാട്ടിലെ ഓരൊ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അദ്ധ്യാപകർക്കും അവരുടേതായ ബ്ലോഗുകളൊ, യൂട്യൂബ് ചാനലുകളൊ പഠനത്തിന് വേണ്ടി തുടക്കം കുറിക്കാവുന്നതാണ് .

ഓരൊ വിദ്യാലയങ്ങളും , അവിടെയുള്ള 'പേരന്റ് ടീച്ചേഴ്‌സ് അസോസ്സിയേഷനുകളും (PTA )' , ആ  നാട്ടിലെ സേവനസന്നദ്ധ സംഘടനകളും കൂടി ഇന്റർനെറ്റ് സംവിധാനങ്ങളും ,ആയത് പ്രാപ്‌തമാക്കുവാനുമുള്ള ഉപകരണങ്ങളും സാമ്പത്തികമായി പിന്നിട്ടുനിൽക്കുന്ന വിദ്യാർത്ഥികളിലും സാധ്യമാക്കുന്ന രീതിയിൽ സംഗതികൾ നടപ്പാക്കേണ്ടതാണ് .

വിദ്യാലയങ്ങൾ വീണ്ടും പഴയപടി തുറന്നു പ്രവർത്തിക്കുമ്പോഴും ഓരോ വിദ്യാർത്ഥികൾക്കും അവരുടെ അദ്ധ്യാപകരും വിദ്യാലയങ്ങളുമായി  ഇതുപോലുള്ള ഓൺ-ലൈൻ പഠന സൗകര്യങ്ങൾ തുടർന്നും നടപ്പാക്കുകയാണെങ്കിൽ പല സംശയനിവാരണങ്ങളും അപ്പപ്പോൾ തന്നെ വിശകലനം നടത്തി പഠനം സുഖമമാക്കുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുവാൻ വളരെ എളുപ്പത്തിൽ സാധിക്കാവുന്നതാണ് .
  
ഏതൊരു പുതിയ തലമുറക്കും വിവേകവും വിജ്ഞാനവും വിളമ്പിക്കൊടുത്ത് അറിവിന്റെ ലോകത്തിലേക്ക് ഇക്കൂട്ടരെ മുന്നോട്ട് നയിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് നേഴ്‌സറി ക്ലാസ്സു മുതൽ ബിരുദ പഠനം  വരെ  അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് .

നമ്മുടെ നാട്ടിൽ പ്രൈമറി ക്‌ളാസുമുതൽ കോളേജ് വിദ്യാഭ്യാസം  വരെയുള്ള പഠന രംഗത്ത് വളരെ കുറച്ച് അദ്ധ്യാപകരെ ഇപ്പോൾ സൈബർ ഇടങ്ങളിൽ കൂടി അവരുടെ വിദ്യാഭ്യാസ ചിന്തകൾ പങ്കുവെക്കുന്നൂള്ളൂ . 

നല്ല ചിന്തകളുമായി പ്രാവീണ്യമുള്ള അനേകം അദ്ധ്യാപകർ ഇനിയും 'ബ്ളോഗു'കളും , 'വ്ലോഗു'കളുമായി പഠന രംഗത്തേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണിപ്പോൾ. 

ഇത്തരം നല്ല ടീച്ചർമാരിൽ കൂടിയായിരിക്കണം എന്തിലും ഏതിലും പ്രാപ്‌തരായ ഏറ്റവും പുതിയ സാങ്കേതിക നിലവാരമുള്ള ഒരു നല്ല നവ തലമുറയെ രാജ്യത്തിന്റെ അഭിമാനങ്ങളായി വാർത്തെടുക്കേണ്ടത് .


ഇനി ഇപ്പോൾ മലയാളത്തിലുള്ള  മൂന്നാല് ടീച്ചിങ് ബ്ലോഗുകളെ പരിചയപ്പെടുത്താം 


2009 ൽ തുടക്കം കുറിച്ച തീർത്തും പഠന പദ്ധതികൾക്കായി സമർപ്പിച്ച മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ  ബ്ലോഗാണ് ബയോവിഷൻ  (biovisions.in / ബയോവിഷൻ ).
എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള പാഠ്യ പദ്ധതികൾ ഉൾക്കൊള്ളിച്ച ഈ തട്ടകമാണ്  പുതിയ അധ്യായന വർഷം മുതൽ   നമ്മുടെ സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതികമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ട് 'KITE VICTERS'  എന്ന ചാനലിലൂടെ 'ഫസ്റ്റ് ബെൽ'  എന്ന പേരിൽ തയ്യാറാക്കിയ 'വീട്ടിലൊരു ക്‌ളാസ് മുറി' എന്ന പാഠ്യപദ്ധതി  'ഓൺ ലൈൻ വീഡിയൊ'കളിലൂടെ കേരള വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ഇപ്പോൾ നടപ്പാക്കികൊണ്ടിരിക്കുന്നത് .

ഈ ബയോവിഷന്റെ തട്ടകത്തിൽ പോയാൽ എല്ലാ ക്‌ളാസുകളിലെയും ,എല്ലാ ദിവസത്തേയും അദ്ധ്യാപനങ്ങൾ  വീഡിയൊ ക്ലിപ്പുകൾ സഹിതം കാണാവുന്നതാണ് .

ഉദാഹരണമായി ഒന്നാം സ്റ്റാൻഡേർട് കാർക്കുള്ള   ആദ്യ ദിനത്തിലെ 
'ഓൺ -ലൈൻ വീഡിയൊ'യാണ് താഴെയുള്ളത്.


മലയാള ബ്ലോഗുകളിൽ 2009 -ൽ ആദ്യമായി തുടക്കം 
കുറിച്ച ബ്ലോഗാണ്  മാത്ത്സ് ബ്ലോഗ് mathematicsschool.blogspot.com/ എന്ന പ്രഥമ വിദ്യാഭ്യാസ ബ്ലോഗ് തട്ടകം. 

2010 മുതൽ തുടർച്ചയായി മലയാളത്തിൽ  വിദ്യാഭാസ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു ബ്ലോഗാണ് 'ചൂണ്ടുവിരൽ' (learningpointnew.blogspot.com/ചൂണ്ടുവിരൽ ).

ചൂണ്ട് വിരലിന് ശേഷം  വിദ്യാഭ്യാസ രംഗത്തുള്ള പലവിഷയങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന 2016 -ൽ  ആരംഭിച്ച പാഠ്യ വിഷയങ്ങളെ കുറിച്ചുള്ള നല്ലൊരു ബ്ലോഗാണ്  'മെന്റെർസ് കേരള ' (mentorskerala.blogspot.com / മെന്റെർസ് കേരള) 

അതുപോലെ തന്നെ ഇക്കൊല്ലം കോവിഡ് കാലത്ത് തുടക്കം കുറിച്ച ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ വരെ രേഖപ്പെടുത്തുന്ന , കുറെയധികം അധ്യാപകരുടെ  പാഠ്യ പദ്ധതികളും ,
നവീനമായ വീഡിയോ ക്‌ളാസുകളും ഉൾപ്പെടുത്തിയ  'അധ്യാപകക്കൂട്ടം' (https://adhyapakakkoottam.blogspot.com/അധ്യാപകക്കൂട്ടം) എന്ന മലയാളം ടീച്ചിങ് ബ്ലോഗും ഇതിൽ സുപ്രധാനപ്പെട്ട ഒരു തട്ടകമാണ് .

കൂടാതെ ഫ്രീയായി തന്നെ കാണാവുന്ന നേഴ്‌സറി കുട്ടികൾക്ക് വേണ്ടിയുള്ള ക്രിയേറ്റിവ് കിഡ്‌സ്  , കളിക്കാം പഠിക്കാം  എന്നീ യൂട്യൂബ്  ചാനലുകളും,  പിന്നെ സ്പോക്കൺ ഇംഗ്ലീഷ് കലക്കനായി പഠിക്കാവുന്ന രമേഷ് വോയ്‌സ്  , ജാഫേഴ്‌സ്‌  ഇംഗ്ലീഷ്  എന്നീ 
ആയിരകണക്കിന്  ഫോളോവേഴ്‌സുള്ള ലേണിങ് ചാനലുകളും മറ്റനേകം അറിവുകൾ പകരുന്ന ടെക് ചാനലുകളും ഇപ്പോൾ മലയാള സൈബർ ഉലകങ്ങളിൽ ഉണ്ട് .


ഒപ്പം പ്രൈവറ്റായി ലേണിങ് നടത്താവുന്ന  ബൈജൂസ്‌ ആപ്പ് 
മുതലായ കുറച്ച് വമ്പൻ ലേണിങ് ചാനലുകളും നമുക്കുണ്ട് .

എന്തും  എവിടെയിരുന്നും കണ്ടും കേട്ടും പഠിക്കാവുന്ന  പാഠങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം അനേകം  വെബ് തട്ടകങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റ് ഇടങ്ങളിൽ ഉള്ളത് ...! 


ആഗോളതലത്തിലുണ്ടായ ഈ ലോക്ക് ഡൗൺ 
കാലത്തെ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ , ഇന്റർനെറ്റ് ഇടങ്ങളിലെ  അനേകം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ലോകത്തിലുള്ള വിവിധ ഭാഗങ്ങളിൽ നിന്നും അനേകായിരം പേർ സ്വന്തം പ്രൊഫൈലുകളുമായി രംഗപ്രവേശം നടത്തിയെന്നാണ്  സൈബർ ലോകത്തിലെ ഏറ്റവും പുതിയ കണ്ടെത്തലുകൾ ...

ആയതിനാൽ മലയാളത്തിലെ സൈബർ 
ഇടങ്ങളിലും ഇനി ധാരാളം പുതുമുഖങ്ങളെ കണ്ടെത്താം .

മലയാളം നവമാധ്യമ ലോകത്ത് 
'ബ്ലോഗു'കളുടെയും ,'വ്ലോഗു'കളുടെയും 
ഒരു വസന്തകാലം വീണ്ടും മൊട്ടിട്ടു നിൽക്കുകയാണ് .

അവയെല്ലാം വിടർന്നു വലുതായി അതിമനോഹരമായ 
സൗര്യഭ്യവും സൗന്ദര്യവും പരത്തുന്ന  അറിവിന്റെ വായനയുടെ എഴുത്തിന്റെ ഒരു  പൂക്കാലം ...😍 


വാലറ്റം :-

ഈ കുറിപ്പുകൾ 'ബ്രിട്ടീഷ് കൈരളി'യിൽ പ്രസിദ്ധീകരിച്ചതിന്റെ ലിങ്ക് 
ക്‌ളാസ് റൂമുകൾ ഓൺ -ലൈൻ ആകുമ്പോൾ; മാറുന്ന ചട്ടങ്ങളും പുതിയ പാഠങ്ങളും
 നന്ദി ബ്രിട്ടീഷ് കൈരളി ടീം 🙏

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...