Showing posts with label ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4. Show all posts
Showing posts with label ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4. Show all posts

Friday 30 July 2021

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Part - 4 ...!

ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 

മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം നാല്

ഇന്നീ ആംഗലേയ നാട്ടിൽ ഏതാണ്ട് അമ്പതോളം
ചെറുതും വലുതുമായ പ്രശസ്തരും , അല്ലാത്തവരുമായ
ഓൺ-ലൈനായും ,  ഓഫ്-ലൈനായും മലയാളത്തിൽ
എഴുതുന്ന വളരെ നല്ല എഴുത്തുകാരികൾ കൂടെ ഉണ്ട് ...

ഒപ്പംതന്നെ ഇന്ന് ധാരാളം സാഹിത്യ കൃതികൾ 'യു.കെ മലയാളി'കളുടെ
എഴുത്തുകളാൽ മലയാള ഭാഷയിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . ഈ ആംഗലേയ
നാടുകളിപ്പോൾ  മലയാളം എഴുത്തുകാരോടൊപ്പം തന്നെ കിടപിടിച്ചു നിൽക്കുന്ന അനേകം എഴുത്തുകാരികളും    ഉണ്ടെന്നതാണ് വാസ്തവം ...!

'ഡെസ്ക് ടോപ്പി'ൽ നിന്നും 'ബുക്ക് ഷെൽഫു'കൾ പിടിച്ചടക്കിയ
അതിരുകൾക്കപ്പുറത്തുള്ള   ഈ ആംഗ്ലേയ നാട്ടിലെ , വിവിധ ദേശങ്ങളിൽ
വസിക്കുന്ന കുറച്ചു വനിതാ രത്നങ്ങളായ എഴുത്തുകാരികളെ കൂടി ഈ പരിചയപ്പെടുത്തലുകളിൽ ദർശിക്കാവുന്നതാണ് ...


രശ്‌മി പ്രകാശ് 
കോട്ടയം ജില്ലയില്‍ കുമരകത്ത് ജനിച്ച് 10 വയസ്സു മുതല്‍ സ്കൂള്‍ മാഗസിനില്‍ കവിതകള്‍ എഴുതി തുടങ്ങിയ രശ്മി , സ്കൂള്‍ പഠന കാലത്ത് കലാമണ്ഡലം ദേവകി അന്തര്‍ജ്ജനത്തിന്റെ കീഴിലും അതിനു ശേഷം സീത  മണി അയ്യരുടെ കീഴിലും നൃത്തം  അഭ്യസിച്ചു. 
സ്കൂള്‍, കോളേജ് വേദികളില്‍ തുടര്‍ച്ചയായി കലാതിലകമായ  ഇന്ന് യു.കെയിലെ ചെമ്സ്ഫീൽഡിലുള്ള , ഇവിടത്തെ  ഫേസ്‌ബുക്ക് റാണിമാരിൽ ഒരുവളായ  രശ്‌മി പ്രകാശ്  യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും ,നല്ല ലേഖനങ്ങളും   എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും , നല്ലൊരു അവതാരകയും , റേഡിയൊ ജോക്കിയും  കൂടിയാണ് .
ഒപ്പം വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു സകല കാലാവല്ലഭയായ രശ്‌മിയുടെ കവിതകളും , ലേഖനങ്ങളുമൊക്കെ ഇപ്പോൾ ...
ബ്രിട്ടീഷ്‌ മലയാളിയിലും ഫേസ്ബുക്ക്‌ കൂട്ടായ്മയിലും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി കവിതയും മറ്റു ലേഖനങ്ങളും എഴുതാറുണ്ട്.2014 ല്‍ FOBMA യുടെ കവിതാരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.
ബ്രിട്ടീഷ്‌ മലയാളി അവാർഡ്‌ നൈറ്റിൽ തുടര്‍ച്ചയായി  മലയാളി  മങ്ക , മിസ്സ്‌ കേരള കോഓർഡിനേറ്റ്ർ ആയിരുന്നു .
രശ്മിയുടെ ആദ്യ മലയാള ആൽബം 'ഏകം '2014 - ൽ  പുറത്തിറങ്ങി. മലയാളി fm  എന്ന അമേരിക്കൻ റേഡിയോയിലും , ലണ്ടൻ മലയാളം റേഡിയോയിലും റേഡിയോ അവതാരകയായി സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന രശ്മി , യു.കെ - യിൽ ഉടനീളം സ്റ്റേജ് പ്രോഗ്രാമുകൾക്ക് അവതാരകയായി പ്രവർത്തിക്കുന്നു.
യു.കെ‌ - യിലുള്ള മദേഴ്‌സ് ചാരിറ്റിയുടെ സജീവ പ്രവര്‍ത്തക കൂടിയാണ്. 
ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും  ഓടിയെത്തുന്ന രശ്മി , 'കട്ടൻ കാപ്പി കൂട്ടായ്മ'യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ് സകലകാല വല്ലഭയായ ഈ വനിതാരത്നം ...
 രശ്മി പ്രകാശിന്റെ ഇതുവരെ  പുറത്തിറങ്ങിയ പുസ്തകങ്ങൾ 'ഏകം 'എന്ന കവിതാസമാഹാരവും ,'മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങൾ 'എന്ന നോവലെറ്റുമാണ് ...

സമദ് ഇരുമ്പഴി 
മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള നിയമത്തിലും , കൃമിനോളജിയിലും ബിരുദം നേടിയ സമദ് ഇരുമ്പഴി ഇപ്പോൾ യു.കെ- യിലെ കൊവെൻട്രിയിൽ നിന്നും  'എ.പി.പി ' സ്ഥാനം ഏറ്റെടുക്കുവാൻ നാട്ടിലേക്ക് സ്‌കൂട്ടായി പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയാണ് .
നിയമ വശങ്ങളെ കുറിച്ചും , ചരിത്ര സംഭവങ്ങളെക്കുറിച്ചുമെല്ലാം ധാരാളം സമദ് വക്കീൽ   എല്ലായിടത്തും അനീതികൾക്കെതിരെ തന്റെ എഴുത്തിലൂടെയും , നേരിട്ടും പോരാടി കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയും , ഒപ്പം തന്നെ അസ്സലൊരു മജീഷ്യനും , പ്രഭാഷകനും കൂടിയാണ് ഈ സകലകലാവല്ലഭൻ .
സാമൂഹ്യ പ്രവർത്തകനായ ഇദ്ദേഹം ധാരാളം ലേഖനങ്ങൾ മാദ്ധ്യമങ്ങളിൽ എന്നുമെന്നോണം എഴുതാറുണ്ട് ...

ബ്ലോഗ് :- http://samadirumbuzhi.blogspot.com/

ബീന റോയ് 
യു,എസ് മാധ്യമങ്ങളിൽ അടക്കം ആംഗലേയത്തിലും , മലായാളത്തിലുമായി  , യു.കെ യിലെ ഒരുവിധം എല്ലാ മലയാളി മാദ്ധ്യങ്ങളിലും സ്ഥിരമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ബീന റോയിയുടെ  അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്ന പുസ്തകമാണ്  'പെയ്ത് തോരാതെ  '. 


ബിലാത്തിയിലെ പ്രസിദ്ധ പാട്ടുകാരനായ റോയ് സെബാസ്ട്യൻറെ ഭാര്യയായ ബീന നല്ലൊരു പാട്ടുകാരികൂടിയാണ് . 
ഒരു പക്ഷെ ഇന്ന് ബിലാത്തിയിൽ ഏറ്റവും അധികം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്  ബീനയുടേതായിരിക്കണം. ഇന്ന് യു.കെയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നല്ല കാമ്പും , കഴമ്പുമുള്ള കവിതകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് ബീന റോയ് ...

ബീനാ റോയിയുടെ ഏറ്റവും  അടുത്തിറങ്ങിയ പുസ്തകമാണ് 'ക്രോകസിന്റെ നിയോഗങ്ങൾ എന്ന കവിതാസമാഹാരം ...

ഡോ .ജോഷി ജോസ്
അനേകം കാലങ്ങളായി ലണ്ടനിലുള്ള അപ്പ്മിൻസ്റ്ററിൽ താമസിക്കുന്ന ഡോ .ജോഷി ജോസ് പാലാ സ്വദേശിയാണ്  .സാമൂഹ്യ പ്രവർത്തകനും ,ചിന്തകനുമായ ഡോ .ജോഷി ജോസ് യു.കെ യിലെ സ്വതന്ത്ര മലയാളി ചിന്തകരിൽ പെട്ട ഒരു വ്യക്തിത്വത്തിനുടമയാണ് .
ഇന്ത്യയിലെ  പ്രശസ്ത യൂണിവേഴ്സിറ്റികളിൽ നിന്ന്  ബിസിനസ് മാനേജ്മെന്റിൽ  എം.ഫിലും , പി.എച്. ഡി യും കരസ്ഥമാക്കിയ ഇദ്ദേഹം
മഹാത്‌മാ ഗാന്ധി യൂണിവേഴ്സിറ്റി  അദ്ധ്യാപകൻ , WHO കൺസൾട്ടന്റ് , വിവിധ നഗരസഭകലുടെ പ്രോജക്ട്‌  WHO കോഡിനേറ്റർ ,കതൊലിക്‌ യൂനിവേഴ്സിറ്റി ഫെഡറെഷൻ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ , യുകെ യിലെ വിവിധ പ്രമുഖ   കോളേജുകളിൽ പ്രിൻസിപ്പാൾ  എന്നി നിലകളിൽ   പ്രവർത്തിച്ചിട്ടുണ്ട് .പല ആനുകാലികങ്ങളിലും ധാരാളം ആർട്ടിക്കിളുകൾ എഴുതുന്ന ഡോ .ജോഷി - ഇവിടെ ബ്രിട്ടനിൽ നിരൂപകൻ , ഫ്രീ തിങ്കർ , എഴുത്തുകരൻ എന്നീ നിലകളീൽ  വളരെയധികം   ശ്രദ്ധിക്കപെട്ടുന്ന ഒരാളാണ് . ഇപ്പോൾ  ലണ്ടനിൽ യൂണിവേഴ്സിറ്റി റിസേർച്ച് അസ്സൊസിയറ്റായി ജോലി ചെയ്യുകയാണ് ഡോ .ജോഷി ജോസ് ...

 
ശ്രീകല നായർ 
പത്തനംതിട്ടയിൽ ജനിച്ചുവളർന്ന്   , ഇന്ന് ലണ്ടനിൽ താമസിക്കുന്ന  
ശ്രീകല നായർ ഇവിടെയുള്ള പല മാധ്യങ്ങളിലും അതിമനോഹരമായി പല ചിന്തകളും ,സ്മരണകളുമൊക്കെ എഴുതി കൊതിപ്പിക്കുന്ന ഒരു എഴുത്തുകാരിയാണ് .
അടുത്തറിയാൻ വേണ്ടത്ര അവസരങ്ങൾ കിട്ടാത്തത് കൊണ്ട്, സാഹിത്യമെന്ന സാഗരത്തെ അകലേന്ന് നോക്കി കാണുന്ന ഒരു ആസ്വാദകയാണ് താനെന്ന്   ശ്രീകലാ  നായർ സ്വയം പറയുന്നത് . 
ഒരുപാട് യാത്രകൾ ചെയ്യണം ഒട്ടേറെ വായിക്കണം ഇവ  രണ്ടും ഇനിയും സഫലമാകാത്ത സ്വപ്നങ്ങൾ ആണെന്നും കലാ നായർ പറയുന്നു .
കഥ ലേഖനം അനുഭവം തുടങ്ങിയ വേർതിരുവുകളില്ലാതെ  ഇരുന്നൂറിൽ പരം ആർട്ടിക്കിൾസ്  കുത്തിക്കുറിച്ചു. യു .കെ - യിലെ കേരളലിങ്ക്, യു. എസ്സിലെ ആഴ്ചവട്ടം , എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു.  യു .കെ മലയാളി.കോം, തുടങ്ങി ഒട്ടേറെ ഓൺലൈൻ പേപ്പറുകളിലും , ജനനി , ക്നാനായ  ക്രോണിക്കിൾ , പാംലീഫ് തുടങ്ങിയ മാഗസിനുകളും എഴുതിയിട്ടുണ്ട്.  . ഒപ്പം അമേരിക്കയിൽ നിന്നും  ഇറങ്ങുന്ന 'ആഴ്ച്ചവട്ടം'  വാരികയിൽ 'മയിൽപ്പീലിയും വളപ്പൊട്ടും' എന്ന കോളവും എഴുതിയിരുന്നത്  ഈ എഴുത്തുകാരി തന്നെയാണ് . 
കൂടാതെ മനോമ ഓൺ-ലൈനിലും ഇടക്ക് എഴുതാറുണ്ട് .
ആയതൊക്കെ  ഗൃഹാതുരുത്വം തുടിക്കുന്ന വരികളാൽ  എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കുന്ന എഴുത്തുകാരികളിൽ ഈ  സ്‌ത്രീ രത്നം ബിലാത്തിയിൽ എന്നും മുന്നിട്ട് നിൽക്കുന്നു. തൻറെ എഴുത്തുകളെല്ലാം കൂടി  ,ഇപ്പോൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുകയാണ് ഈ എഴുത്തുകളുടെ തോഴി ... 

റെജി സ്റ്റീഫൻസൺ 
തിരുവനന്തപുരം സ്വദേശിയും , എൻജിനീയറിങ്ങ് ബിരുദധാരിയുമായ ഇപ്പോൾ ലണ്ടനിൽ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന റെജി സ്റ്റീഫൻസൺ ഇന്ന് ഇന്ത്യയിലും , പാശ്ചാത്യ ലോകത്തും അറിയപ്പെടുന്ന Indi Bloggers - ലുള്ള വമ്പന്മാരിൽ ഒരുവനാണ് . 

ഇന്ന് സൈബർ ഇടങ്ങളിലുള്ള ഒട്ടുമിക്ക സോഷ്യൽ മീഡിയ സൈറ്റുകളിലും നമ്മുടെ മലയാള ഭാഷയുടെ സാങ്കേതിക സംവിധാനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അനേകം ഭാഷ സ്നേഹികളായ ഡിജിറ്റൽ എന്ജിനീയർന്മാർ, പല  ഇന്റർനെറ്റ് തട്ടകങ്ങളുടെയും തലപ്പത്ത്  ജോലി ചെയ്ത് വരുന്നുണ്ട് . 
ഈ ഇന്റർനെറ്റ്  യുഗത്തിൽ നാമെല്ലാം  ഉറങ്ങിക്കിടക്കുമ്പോൾ, നമുക്ക് വേണ്ടി എല്ലാ  സൈബർ തട്ടകങ്ങളിലും ഏറ്റവും പുതിയ സാങ്കേതികത മേന്മകൾ വരുത്തി ഏവർക്കും സന്തോഷം പ്രധാനം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണിവർ.
'ഇന്റർനെറ്റി'നുള്ളിലെ ആധുനികമായ പല രംഗസംവിധാനങ്ങളെ കുറിച്ചും , മറ്റു ഡിജിറ്റൽ സംബന്ധമായ വിവിധ സംഗതികളെ  പറ്റിയും , ഡിജിറ്റൽ എഴുത്ത് , വായന, ബ്ളോഗ് എന്നിങ്ങനെ നിരവധി കാര്യങ്ങളെ കുറിച്ചെല്ലാം , അനവധി ലേഖനങ്ങൾ ധാരാളമായി എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു യുവ എഴുത്തുകാരനാണ്  റെജി സ്റ്റീഫൻസൺ . 
ഇപ്പോൾ മലയാളത്തെക്കാൾ കൂടുതൽ ആംഗലേയത്തിൽ  എഴുതി കൊണ്ടിരിക്കുന്ന റെജി യുടെ Digital Dimensions എന്ന ബ്ലോഗ് ധാരാളം പേർ വന്ന് വായിച്ച് , ഇത്തരം പല കാര്യങ്ങളെ കുറിച്ചുള്ള വിജ്ഞാനങ്ങൾ സമ്പാദിച്ച് പോകുന്നുണ്ട് ...

ബ്ലോഗ് :- https://digitaldimensions4u.com/

ദീപ പ്രവീൺ 
നിയമത്തിലും , ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യു.കെ - യിലെ വെയിൽസിൽ താമസിക്കുന്ന,  കോട്ടയത്തിന്റെ പുത്രി  ദീപ മധു  എന്നും അതി മധുരമായി എഴുത്തുകൾ എഴുതുന്ന ദീപ പ്രവീൺ  തന്നെയാണ്
പ്രണയത്തെയും , മഴയെയുമൊക്കെ കൂട്ടുപിടിച്ച് ദീപ വായനക്കാരെ ഏതറ്റം വരെ വേണമെങ്കിലും കൊണ്ടുപോകും . 
ബൃഹത്തായ വായനയിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ പ്രതിഫലനങ്ങൾ ദീപയുടെ ഓരോ ലേഖനങ്ങളിലും നമുക്ക് തിരിച്ചറിയുവാൻ സാധിക്കും .
ഒപ്പം സോഷ്യൽ മീഡിയയിൽ കൂടി പലതിനെ കുറിച്ചും  എന്നുമെന്നോണം പ്രതികരിച്ചുകൊണ്ടിരിക്കുന്ന ദീപ മുഖപുസ്തകത്തിലും , അതിലെ പല കൂട്ടായ്മകളിലും അറിയപ്പെടുന്ന ഒരു വ്യക്തി പ്രഭ തന്നെയാണ് ...
ഗാർഹിക പീഡന ഇരകൾക്കും , സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന L .W . Aid ട്രസ്റ്റി , ഡയറക്ടർ ബോർഡ്‌ മെമ്പർ എന്നീ  നിലകളിൽ സേവനമനുഷ്ഠിക്കുന്ന , മലയാളത്തിലും , ആംഗലേയത്തിലും എഴുതുന്ന ദീപ പ്രവീൺ 'അവിയൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവ് കൂടിയാണ് ...
അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' എന്റെ സങ്കല്പം, കാഴ്ച്ചപ്പാട് എന്ന പുസ്തകത്തിലേയും , ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ 'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലേയും  ഒരു രചയിതാവ് കൂടിയാണ് ദീപ പ്രവീൺ  എന്ന ഈ എഴുത്തുകളുടെ തോഴിയായ വനിതാരത്നം ...

ബ്ലോഗ്  :- http://sketches-itzme.blogspot.com/

മനോജ് മാത്യു 
ഇവിടെ മിഡിൽസ്‌ബ്രോവിലുള്ള കഥകളും ലേഖനങ്ങളും എഴുതുന്ന  മനോജ് മാത്യു എന്ന മുണ്ടക്കയംകാരൻ ആത്മാവിന്റെ പുസ്തകം എന്നൊരു ബ്ലോഗുടമയാണ് . മനോജ് മാത്യു അദ്ദേഹത്തെ കുറിച്ച് സ്വയം പറയുന്നത്  ആൾ ഒരു ഒരു പാവം അഭയാര്‍ഥിയാണെന്നാണ്.
പഠനം കഴിഞ്ഞനാൾ മുതൽ എന്നും ജോലി തേടി യാത്രയായിരുന്നു - ബാംഗ്ലൂര്‍, ചെന്നൈ, ബഹ്‌റൈന്‍ വഴി ഇപ്പോള്‍ യു.കെ യിലെത്തിനില്‍ക്കുന്ന ഒരു വല്ലാത്ത ജീവിത യാത്ര . 
ജീവിതമെന്ന മഹാ വിസ്മയത്തിനു മുന്‍പില്‍ ഇന്നും പകച്ചുനില്‍ക്കുന്ന ഒരു മുറിഞ്ഞപുഴക്കാരന്‍ തന്റെ വിഹ്വലതകൾ മുഴുവൻ കുറിച്ചിടുന്നതാണെത്രെ മനോജ് മാത്യവിന്റെ സകലമാന എഴുത്തുകളും .ഇപ്പോൾ പല ഓൺ-ലൈൻ മാദ്ധ്യമങ്ങളിലും മനോജിന്റെ എഴുത്തുകൾ കാണാവുന്നതാണ് ...

ബ്ലോഗ് :- http://manoj-mathew.blogspot.com/

നിഷ സുനിൽ 
യു.കെ യിലുള്ള ഡോർസെറ്റിൽ കോട്ടയത്തെ ചിന്നാറിൽ നിന്നും വന്ന് സെറ്റിൽ ചെയ്‌ത നിഷ സുനിൽ ഇവിടെ വളർന്നുവരുന്ന ഒരു യുവഎഴുത്തുകാരിയാണ് . 
നല്ല പ്രതികരണ ശേഷിയുള്ള കഥകളും , കവിതകളും നിഷ എഴുതിവരുന്നു . പലപ്പോഴായി നാട്ടിലേയും , യു.കെ - യിലേയും പല മാദ്ധ്യമങ്ങളിലും നിഷയുടെ സൃഷ്ട്ടികൾ ഇടക്ക് പ്രസിദ്ധീകരിച്ചു വരാറുണ്ട് .
'ഓൺ-ലൈൻ സൈറ്റി'നെക്കാളുമുപരി 'ഓഫ്-ലൈനാ'യി എഴുതുന്ന നിഷ ബിലാത്തിയിലെ മലയാളം എഴുത്തിന്റെ ഒരു വാഗ്ദാനം തന്നെയാണ് ...

ജോഷി പുലിക്കൂട്ടിൽ
കോട്ടയത്തുള്ള ഉഴവൂരിൽ നിന്നും യു കെ യിലെത്തിയ 
കവിതകളേയും, പാട്ടുകളേയും എന്നും
സ്നേഹിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടനിലെ പോർട്ട്സ്മൌത്തിലുള്ള ജോഷി പുലിക്കൂട്ടിൽ  കവിതകളുടെ ഒരു ആരാധകനും ,  മലയാളം കവിതകൾ എന്ന കവിതാ ബ്ലോഗിന്റെ ഉടമയും  കൂടിയാണ് . 
ബ്രിട്ടനിലെയും ,അമേരിക്കയിലെയും പല മലയാളം മാദ്ധ്യങ്ങളിലും  ജോഷിയുടെ എഴുത്തുകൾ  കാണാറുണ്ട് .

ഒപ്പം അനുഭവ കഥകളടക്കം ധാരാളം കഥകളും, ലേഖനങ്ങളും എഴുതാറുള്ള ജോഷി യു. കെ മലയാളം ബ്ലോഗ് കൂട്ടായ്മയായ 'ബിലാത്തി ബൂലോകർ സഖ്യ'ത്തിലും അംഗമാണ്...


ബ്ലോഗ് :- https://joshypulikootil.blogspot.com/

ദീപ സന്തോഷ്
തൃശൂരിലെ താലോർ സ്വദേശിനിയായ , യു.കെ - യിലെ ഗാന കോകിലമായ , പാട്ടുകാരിയും , എഴുത്തുകാരിയും കൂടിയായ ദീപ സന്തോഷ് . കൂടുതലും സംഗീതത്തെ ആസ്പദമാക്കിയുള്ള  ആർട്ടിക്കിളുകളാണ്  എഴുതാറുള്ളത് . പല പാട്ടുകാരെയും , 
സംഗീതത്തെയും കുറിച്ചുള്ള നല്ല ഈടുറ്റ ലേഖനങ്ങൾ യു.കെയിലെ പല ഓൺ-ലൈൻ പോർട്ടലുകളിലും ദീപ എഴുതിയിട്ടിട്ടുണ്ട്  . ബ്രിട്ടനിലുള്ള ഫോട്ടോഗ്രാഫിയുടെയും , എഡിറ്റിങ്ങിന്റെയും  തലതൊട്ടപ്പന്മാരിൽ  ഒരുവനായ കൊടുങ്ങല്ലൂർക്കാരൻ  സന്തോഷ് മാത്യുവിന്റെ (വീഡിയോ)വാമഭാഗമാണ് ദീപ. സംഗീതത്തിലും , എഴുത്തിലും ശോഭിക്കുന്ന ഈ കലാകാരിയും , പതിയും കൂടി മലയാളത്തിൽ കുറച്ച് പാട്ടുകൾ എഴുതി , ആയവ നല്ല സംഗീത ആൽബങ്ങളുമായി  ഇവർ ഇറക്കിയിട്ടുണ്ട്...

ഡോ : ജോജി കുരിയാക്കോസ് 
മൂവാറ്റുപുഴക്കാരനായ ഒരു കലാസാഹിത്യ സ്നേഹിയാണ് മനോരോഗ വിദഗ്ദനായ യു.കെ യിലുള്ള ഹള്ളിൽ കൺസൾട്ടന്റായി ജോലി ചെയ്യുന്ന ഡോ :ജോജി കുരിയാക്കോസ്.
 പഠിക്കുന്ന കാലം മുതൽസ്കൂൾ - കോളേജ് തലത്തിൽകവിതാ-സാഹിത്യമത്സരങ്ങളിൽസമ്മാനങ്ങൾവാങ്ങിയിരുന്ന ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ മാഗസിൻ എഡിറ്റോറിയൽ മെമ്പറായിരുന്നു .
2003 -ൽ യു.കെയിൽ എത്തിയ ശേഷവും അനേകം കലാസാഹിത്യ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട് .
2015 -ൽ ഫോബ്മ എന്ന കലാസാഹിത്യ സംഘടന നടത്തിയ കവിതാ രചന മത്സരത്തിൽ 'പിരിയുവാനാകാതെ ഞാൻ 'എന്ന കവിതക്ക്‌   ഒന്നാം സ്ഥാനവും ,  പിന്നീട് യു കെ യിലെ സാഹിത്യ കൂട്ടായ്മയായഅഥെനീയം അക്ഷര ഗ്രന്ഥാലയം DC Books നോട് സഹകരിച്ചുനടത്തിയ സാഹിത്യ മത്സരത്തിൽ " അച്ഛനോട്‌ " എന്ന കവിതയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചിട്ടുള്ളതും സൈക്കാർട്ടി മെഡിസിനിൽ MRCPകരസ്ഥമാക്കിയിട്ടുള്ള ഡോ :ജോജി കുരിയാക്കോസിനായിരുന്നു.
 2015-   വിജയ് യേശുദാസ് ആലപിച്ച 
 'മനമുണർന്നു ' എന്ന മ്യൂസിക് ആൽബം സോങ്ങും , 
2017 -ൽ പി.ജയചന്ദ്രൻ ആലപിച്ച 'ഒരു പുഞ്ചിരി ' (വീഡിയോ ), അതുപോലെ തന്നെ വിജയ് യേശുദാസ് ആലപിച്ച് വളരെ ഹിറ്റായി തീർന്നിട്ടുള്ള 'എന്റെ വിദ്യാലയം 'എന്നീ ലളിത ഗാനങ്ങളും ഡോ :ജോജി രചിച്ചിട്ടുള്ളതാണ് .
ഒപ്പം കെസ്റ്റർ പാടിയ' ആത്മീയ ഗാനങ്ങളുടെ 'ആൽബത്തിലെ പാട്ടുകൾക്കും വരികൾ എഴുതിയതും ഇദ്ദേഹമാണ് . 
ഈ മനോരോഗ കൺസൾട്ടന്റായ ഭാഷ സ്‌നേഹി 2015 -ൽ ഹള്ളിലെ മലയാളം സപ്ളിമെന്ററി സ്‌കൂളിന്റെ ആദ്യത്തെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട് .
സ്വിറ്റ്‌സർലണ്ടിൽ നടന്ന കേളി ഇന്റർനാഷ്ണൽ കലാമേളയിൽ രചനയും, സംവിധാനവും, ചിത്രീകരണവും സ്വയം നിർവ്വഹിച്ച ഷോർട്ട് ഫിലീമിനും ,ഫോട്ടോഗ്രാഫി മത്സരത്തിലും മൂന്നാം സ്ഥാന സമ്മാനങ്ങളും ഡോ :ജോജിക്ക്‌ കിട്ടിയിട്ടുണ്ട്.
UUKMA വൈസ് പ്രസിഡന്റായ ഹള്ളിൽ    ഹിസ്റ്റോപാത്തോളജി കൺസൾട്ടന്റായി ജോലി ചെയ്യുന്ന സഹധർമ്മണി ഡോ : ദീപ ജേക്കബ്ബ് ഇദ്ദേഹത്തിന്റെയൊപ്പം കോട്ടയം മെഡിക്കൽ കോളേജിൽ സഹപാഠിയായിരുന്നു.
ഏക മകൾ ഈവ 2015 ലെ നാഷ്ണൽ ഫോബ്മ കലോത്സവത്തിൽ കലാതിലകമായിരുന്നു.
ഇന്ഗ്ലീഷിൽ കഥയും ,കവിതയും എഴുതുന്ന ഈവ ,2017 ലെ യുക്മ യോർക്ക്‌ഷെയർ ആന്റ് ഹംബർ റീജിയൻ കലാതിലകവും ,യുക്മ കലാമേളയിൽ മോഹിനിയാട്ടത്തിന് ഒന്നാം സമ്മാനവും,നാടോടി നൃത്തത്തിന്‌ മൂന്നാം സമ്മാനവും കരസ്ഥമാക്കിയിരുന്നു.

കവിയും ,കഥകൃത്തുമായ ഡോ : ജെ.കെ.എസ് .വീട്ടൂരിന്റെ (Dr.J.K.S.Veettoor / വീഡിയോ) സഹോദരനാണ് എഴുത്തുകാരൻ കൂടിയായ ഈ ഡോ : ജോജി കുരിയാക്കോസ് ...

സന്ധ്യ.എൽ .ശശിധരൻ 
കൊല്ലം കാരിയായ , ഇപ്പോൾ ലണ്ടനിൽ 'ബി.ബി.സി' യിൽ ജോലിചെയ്യുന്ന സന്ധ്യ എൽ ശശിധരൻ  ഇവിടെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും , മാദ്ധ്യമ പ്രവർത്തകയും കൂടിയാണ് . 
തികച്ചും  വേറിട്ട കാഴ്ച്ചപ്പാടുകളോടയുള്ള സന്ധ്യയുടെ എഴുത്തുകളെല്ല്ലാം വായനക്കാർക്ക് ഏറെ ഇഷ്ടമുള്ളതാണ് . 
സന്ധ്യയുടെ മാനവികത ഉയർത്തുന്ന , സാമൂഹ്യ ചിന്തകൾ വളർത്തുന്ന അനേകം ലേഖനങ്ങൾ എന്നുമെന്നോണം നാട്ടിലേയും യു.കെ - യിലേയും പല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് . 
ഒപ്പം വളരെയധികം സാഹിത്യ കുതുകിയായ ഈ എഴുത്തുകാരി ഇവിടെയുള്ള പല സാഹിത്യ കൂട്ടായ്മകളിലും സജീവമായി പങ്കെടുത്തു വരുന്ന ഒരു വനിതാരത്നം കൂടിയാണ് ...

കുഞ്ഞാലി 
നാട്ടിൽ പഠിക്കുന്ന കാലം മുതൽ എഴുത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലണ്ടലിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ നിന്നും , ഇപ്പോൾ മാഞ്ചസ്റ്ററിൽ ന്യൂറോളജി കൺസൾട്ടന്റായി ജോലി നോക്കുന്ന ഈ ഡോക്ട്ടർ . 
കുഞ്ഞാലികുട്ടി  /  കുഞ്ഞാലി .കെ.കെ. എന്നീ    അപരനാമങ്ങളിൽ  എഴുതിക്കൊണ്ടിരിക്കുന്ന നല്ലൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരണ് ഈ വല്ലഭൻ . 
കുഞ്ഞാലി  എന്ന് പരക്കെ അറിയപ്പെടുന്ന ഇദ്ദേഹം . ആദ്യം ഗൂഗിളിന്റെ 'ബസ്സി 'ലും , പിന്നീട്  കുഞ്ഞാലി .കെ.കെ എന്ന പേരിൽ ഇപ്പോൾ ഗൂഗ്ൾ പ്ലസ്സിലും , മറ്റു സോഷ്യൽ മീഡിയ തട്ടകങ്ങളിലും എഴുത്തിന്റെ ഒരു താരമായി തിളങ്ങി നിൽക്കുന്ന ഒരു ഡോക്ട്ടറാണ്  .

Info Clinic   എന്ന Health & Wellness Website -ൽ കൂടി , വിജ്ഞാനപ്രദമായ കാര്യങ്ങൾ പങ്കുവെക്കുന്ന സൈബർ കൂട്ടായ്മായിലെ എഴുത്തുകാരനും കൂടിയാണ് കുഞ്ഞാലികുട്ടി . 
സാമൂഹ്യ നന്മക്ക് വേണ്ടി എന്നുമെന്നോണം എഴുത്തുകളിലൂടെ  തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാലി /കുട്ടിയെ അനേകം ആളുകൾ എന്നും വായിച്ചു വരുന്നു ...

ബ്ലോഗ് :-https://plus.google.com/105334359693520428694

സിന്ധു എൽദൊ
ഇടുക്കിയിൽ നിന്നും വന്ന് ഇവിടെ പോർട്സ്‌മൗത്തിൽ താമസിക്കുന്ന യാത്രകളുടെ തോഴികൂടിയായ ബ്രിട്ടണിലെ ഫേസ്‌ ബുക്ക് താരങ്ങളിൽ  ഒരുവളായ  സിനിമാനടിയും , സംവിധായകയും (youtube.Shatter The Silence ) , നല്ലൊരു സാമൂഹ്യ പ്രവർത്തയുമായ സിന്ധു എൽദോയും യു.കെ എഴുത്തുകാരികളിൽ പ്രാവീണ്യം തെളിയിച്ച ഒരുവൾ തന്നെയാണ് ...

തൊട്ടതെല്ലാം പൊന്നാക്കുവാൻ കഴിവുള്ള സിന്ധു നല്ല നേതൃത്വപാടവമുള്ള ഒരു സംഘാടക കൂടിയാണ് ,ഇപ്പോൾ ഒരു ബിസിനെസ്സ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്ന സിന്ധു.
യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്ന സിന്ധു പോകുന്ന സ്ഥലങ്ങളിലെ സഞ്ചാര വിവരണങ്ങൾ അപ്പപ്പോൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കുന്നതിൽ ബഹുമിടുക്കിയാണ് ..
തന്റെ ചുറ്റുപാടുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത കാരണം , സിന്ധുവിനോളം പ്രതികരണശേഷി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രകടിപ്പിക്കുന്ന വേറൊരു മലയാളം എഴുത്തുകാരി  ആംഗ്ലേയ നാട്ടിൽ  ഇല്ലെന്ന് തന്നെ പറയാം ...

അലക്സ് ജോൺ
തൃശൂരിലെ കൊടുങ്ങല്ലൂരിൽ നിന്നും വന്ന് ലണ്ടനിൽ താമസിക്കുന്ന അലക്സ് ജോൺ ധാരാളം 
കഥകളും ,കവിതകളും എഴുതിയിട്ടുള്ള നല്ലൊരു വായനക്കാരൻ കൂടിയായ സാഹിത്യ സ്നേഹിയാണ് .നാട്ടിലെ എല്ലാവിധ കലാ സാഹിത്യക്കൂട്ടായ്മകളിലും  പങ്കാളിയായിരുന്നു അലക്സ് . അന്നൊക്കെ വീക്ഷണം വാരാന്ത്യപതിപ്പിലും ,കേരള ടൈമ്സ്സിലും സ്ഥിരമായി കഥകളും,കവിതകളും എഴുതിയിടാറുണ്ടായിരുന്ന ഇദ്ദേഹം നാട്ടിലെ ഒട്ടുമിക്ക കവിയരങ്ങുകളിലും തന്റെ കവിതകൾ ചൊല്ലിയാടാറുണ്ടായിരുന്നു .
ചൊൽക്കവിതയുടെ ഒരാശാൻ  കൂടിയാണ് അലക്സ് ജോൺ .ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു ബൃഹത്തായ പുസ്തക ശേഖരവും അലക്സ് കാത്ത് സൂക്ഷിക്കുന്നുണ്ട് ...

ദിവ്യ ജോസ് 
അങ്കമാലിക്കാരിയായ ദിവ്യ ജോൺ ജോസ്   ഇപ്പോൾ അയർലന്റിലെ   ഡബ്ലിൻ നിവാസി ധാരാളം സാഹിത്യ സാമൂഹ്യ ഇടപെടലുകളും , പുസ്തകാവലോകനങ്ങളും നടത്തി ഇന്ന്  സൈബർ ഇടങ്ങളിലും , പല പല മാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്ന ഒരു യുവ എഴുത്തുകാരിയാണ് . 

ദൈനം ദിനം തന്റെ ചുറ്റുപാടും നടക്കുന്ന എന്ത് ലൊട്ടുലൊടുക്കുകാര്യങ്ങളും വരെ , നല്ല കിണ്ണങ്കാച്ചിയായി , നർമ്മ ഭാവനയോടെ , തനി നാട്ടു ഭാഷാ ശൈലികളിൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കാനുള്ള ദിവ്യയുടെ കഴിവ് അപാരം തന്നെയാണ് ...!
മലയാള സാഹിത്യത്തിലേയും,  ലോക സാഹിത്യത്തിലേയും നല്ല പുസ്തങ്ങൾ തെരെഞ്ഞു പിടിച്ച് വായിച്ച് അവയുടെ നിരൂപണമടക്കം നല്ല വിശകലനങ്ങൾ നടത്തുവാനുള്ള ദിവ്യ അതീവ  പ്രാവീണ്യവതിയായ ഒരു വനിതാരത്നം തന്നെയാണ് ... 

ജോയ് ജോസഫ് ( ജോയിപ്പാൻ )

യു.കെയിലെ വേളൂർ കൃഷ്ണന്‍കുട്ടി എന്നറിയപ്പെടുന്ന, മാഞ്ചസ്റ്ററിലുള്ള നർമ്മകഥാകാരനാണ് ജോയിപ്പൻ എന്നറിയപ്പെടുന്ന ജോയ് ജോസഫ്   ഒരു നർമ്മ കഥകാരനാണ് .

ഇദ്ദേഹത്തിന് ജോയിപ്പാൻ കഥകൾ എന്നൊരു ബ്ലോഗ്ഗും ഉണ്ട് ). ഇദ്ദേഹം മൂന്നാല് നർമ്മ നോവലുകളും എഴുതിയിട്ടുണ്ട് സായിപ്പിന്റെ മൊബൈയിൽ തമാശകളിൽ പോലും ജോയിപ്പന്റെ വിറ്റുകൾ കയറി കൂടിയിട്ടുണ്ട്...

ബ്ലോഗ് :- http://joyppan.blogspot.com/
സ്വാതി ശശിധരൻ 
അതുപോലെ അയർലണ്ടിൽ തന്നെയുള്ള കമ്പ്യൂട്ടർ എൻജിനീയറായ   സ്വാതി ശശിധരൻ തിരുവനന്തപുരം സ്വദേശിനിയാണ് . 
നല്ലൊരു വായനക്കാരി കൂടിയായ സ്വാതി ഒട്ടുമിക്ക കൊച്ചു  വിശേഷങ്ങളും വരെ പങ്കുവെച്ച് സൈബർ ഉലകത്തിൽ ഇപ്പോൾ എന്നും വിളങ്ങി നിൽക്കുന്ന ഒരു യുവതാരം തന്നെയാണ് .
ജീവിതത്തിൽ , കുടുംബത്തിൽ ,സമൂഹത്തിൽ അങ്ങിനെ തന്റെ ചുറ്റുപാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധികളും , ഭീതികളുമൊക്കെ സരസമായി എഴുത്തിലൂടെ വരച്ചു കാണിച്ചുള്ള സ്വാതിയുടെ അന്നന്നുള്ള ഗാർഹിക /ജോലി വിശേഷങ്ങൾ വരെ വായിക്കുവാൻ എന്നുമെന്നോണം ധാരാളം വായനക്കാർ എത്തി നോക്കി പോകാറുണ്ട് . നല്ലൊരു വായനക്കാരി കൂടിയായ സ്വാതി നല്ല രീതിയിൽ പുസ്തകാവലോകങ്ങളും നടത്തുന്ന സ്ത്രീ രത്നമാണ് ...
മുകളിൽ കൊടുത്തിരിക്കുന്ന 'അവിയൽ ' എന്ന പുസ്‌തകം  കാണാപാഠം പഠിച്ച് സ്വാതി , ഇതിൽ പരിചയ പെടുത്തിയ നാല് കൂട്ടുകാരികളെയടക്കം , അതിലെഴുതിയ എല്ലാ എഴുത്തുകാരെയും പ്രൊമോട്ട് ചെയ്തിരിക്കുന്ന ഒരു കിണ്ണങ്കാച്ചി കാഴ്ച്ച ഇവിടെ കാണാം ... 
 'റെയിൻ ഡ്രോപ്പ് ഓൺ മൈ മെമ്മറി യാച്റ്റ് ' എന്നൊരു ആംഗലേയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് സ്വാതി ശശിധരൻ .
ഒരു പക്ഷെ അയർലണ്ടുകാരികളായ  ഈ മലയാളി ചുള്ളത്തികളുടെ പുസ്തകങ്ങൾ വീണ്ടും അടുത്തു തന്നെ വായനക്കാരുടെ കൈകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു ...

ബ്ലോഗുകൾ :-
സ്വാതിയുടെ കുറിപ്പുകൾ (https://swathi-sasidharan.blogspot.com/)

ഇബ്രാഹിം വാക്കുളങ്ങര 
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുനിന്നും 
ലണ്ടനിലെ ബാർക്കിങ്ങിൽ താമസിക്കുന്ന ഇബ്രാഹിം വാക്കുളങ്ങര ഇവിടെ മലയാളികൾക്കിടയിലെ നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ്.
സംഘടനാ പ്രവർത്തങ്ങൾക്കൊപ്പം തന്നെ
മലയാളം ഭാഷയെ വല്ലാതെ സ്നേഹിക്കുന്ന ഇദ്ദേഹം ധാരാളം കവിതകൾ പല മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട്.

ഒപ്പം തന്നെ സാമൂഹ്യ ചിന്തകൾ ഉണർത്തുന്ന ധാരാളം ലേഖനങ്ങളും.
റോയൽ മെയിലിൽ ജോലിചെയ്യുന്ന ഇബ്രാഹിം കവിതകളും,നടൻ പാട്ടുകളുമെല്ലാം നന്നായി ആലാപനം ചെയ്യുവാനും നിപുണനാണ് ...

ബീന പുഷ്കാസ് 
തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ ലണ്ടനിൽ എത്തിച്ചേർന്ന കാലാകാരിയും , എഴുത്തുകാരിയുമായ  ബീന പുഷ്‌കാസ്  തൊണ്ണൂറു കാലഘട്ടം മുതലെ ലണ്ടനിലെ മാദ്ധ്യമങ്ങളിൽ കവിതകൾ എഴുതി വരുന്നു . 
ഒപ്പം നൃത്തത്തിലും , മറ്റു കലാപരിപാടികളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു വനിതാരത്നം തന്നെയാണ്  ബീന . 
ഭർത്താവിനൊപ്പം ബിസ്സിനെസ്സ് നടത്തുന്ന ബീന ലണ്ടനിലുള്ള എല്ലാ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു താരം തന്നെയാണ് ...

അജിമോൻ എടക്കര 

ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും വന്നിട്ട് ഗ്ളോസ്റ്ററിൽ താമസിക്കുന്ന അജിമോൻ എടക്കര സ്കൂൾ കോളേജ് തലങ്ങൾ മുതൽ നർമ്മ ഭാവനകൾ, സമകാലീന സംഭവങ്ങളെ അധികരിച്ച്  ലേഖനങ്ങളും മറ്റും എഴുതിവരുന്ന ആളാണ് .
'ബ്രിട്ടീഷ് മലയാളി' ഓൺ ലൈൻ പത്രത്തിലെ ലേഖകൻ  കം അസിസ്റ്റന്റ് എഡിറ്റർ പട്ടവും അലങ്കരിച്ചിട്ടുണ്ട് .'ഫോബ്മ' എന്ന മലയാളി യു.കെയിലെ ദേശീയ സംഘടനയുടെ സ്ഥാപക സെക്രട്ടറിയും ഇദ്ദേഹമായിരുന്നു .
ഇപ്പോൾ  ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ കീഴിലുള്ള ഒരു Community Interest Company (CIC) യിൽ ഫിനാൻസ്‌ മാനേജർ ആയി ജോലി ചെയ്യുന്ന അജിമോൻ  മലയാളി കുട്ടികളെ മലയാളഭാഷ പഠിപ്പിക്കുക എന്നൊരു കർമ്മവും ചെയ്ത് വരുന്നു .
പോർട്ട്സ്മൗത്തിലെ വസതിയിൽ ഒറ്റയ്ക്ക്‌ നടത്തിയിരുന്ന മലയാളം ക്ലാസ്സുകളിൽ അറുപതിലധികം കുട്ടികൾ മലയാളം പഠിച്ചിറങ്ങിയിട്ടുണ്ട്‌.  യൂക്കെയിൽ അങ്ങോളമിങ്ങോളം ഫോബ്മയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സപ്ലിമെന്ററി സ്കൂളുകൾ പിന്തുടരുന്നത്‌ നാട്ടിലെ ഒന്നു മുതൽ നാലു വരെയുള്ള മലയാള പാഠപുസ്തകങ്ങൾ സംഗ്രഹിച്ച്‌ അജിമോൻ  നിർമ്മിച്ച സിലബസ്‌
ആണ് . ഇതനുസരിച്ചു ആഴ്ചയിൽ രണ്ട്‌ മണിക്കൂർ മാത്രം ചിലവിട്ട്‌ ആറു മാസം കൊണ്ട് മലയാളം നന്നായി യി എഴുതാനും വായിക്കുവാനും കുട്ടികൾക്ക്‌ കഴിയും.
ചെറുപ്പം മുതൽ ഇന്നും കൂടെയുള്ള  വായനാ ശീലവും , മലയാള ഭാഷയോടുള്ള സ്നേഹവും , സാമൂഹ്യ പ്രവർത്തനവുമൊക്കെയായി യു.കെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അജിമോൻ നല്ലൊരു എഴുത്തുകാരൻ കൂടിയാണ് ...

 സിന്ധു സതീഷ്‌കുമാർ
കാഞ്ഞങ്ങാടുനിന്നും ലണ്ടനിലെത്തിയ സിന്ധു സതീഷ്‌കുമാർ  കവിതകളും , ആർട്ടിക്കിളുകളും ധാരാളം എഴുതുന്ന കൂട്ടത്തിലാണ് .  
വാർത്താവതാരക  , പാട്ടുകാരി എന്നീ മേഖലകളിലും തിളങ്ങി നിൽക്കുന്ന സിന്ധു 'കട്ടൻ കാപ്പി കൂട്ടായ്'മയിലും , ചർച്ചകളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നം കൂടിയാണ് .
സിന്ധുവിന്റെ പല അനുഭാവിഷ്കാരങ്ങളും വായിക്കുമ്പോഴാണ്  പലർക്കും സമാനാമായ പല സംഗതികളും, അവർക്കൊക്കെ  ഇവിടെ വെച്ച് അനുഭപ്പെട്ടിട്ടുള്ളതാണെന്ന്  സ്വയം അറിയുക ...!
ധാരാളം കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും ,അവ വിപണനം ചെയ്യുന്നതിലും മിടുക്കിയായ നല്ലൊരു പാട്ടുകാരിയും , അവതാരകയുമായ സിന്ധു അതിമനോഹരമായി  അവതരിപ്പിക്കാറുള്ള കവിതാ പാരായണം ഒന്ന് കേൾക്കേണ്ടത് തന്നെയാണ് ...

ഷിബു പിള്ള
ആറ്റിങ്ങലിൽ നിന്നും യു.കെയിലുള്ള കെന്റിലെ ചാത്തമ്മിൽ താമസിക്കുന്ന ഷിബു പിള്ള നാട്ടിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ബ്രിട്ടനിൽ വന്ന് കോളേജ് പഠനം പൂർത്തിയാക്കിയ ഒരു കലാസാഹിത്യ പ്രവർത്തകനാണ് .പഠന കാലത്ത് തന്നെ ധാരാളം വായനയുണ്ടായിരുന്ന ഷിബു എഴുതിത്തുടങ്ങിയത് ഇംഗ്ലണ്ടിൽ വന്ന ശേഷമാണ് . കഥകളും ആർട്ടിക്കിളുകളും ഇവിടെയുള്ള മലയാളം മാദ്ധ്യമങ്ങളിൽ എഴുതി വരാറുള്ള ഷിബു ലണ്ടനിൽ നിന്നും ഇറങ്ങുന്ന ഛായ കൈയെഴുത്ത് മാസികയുടെ പത്രാധിപസമിതിയിൽ സ്ഥിരമായുള്ള ഒരു യുവ എഴുത്തുകാരൻ കൂടിയാണ് .റോയൽ മെയിലിൽ ജോലി ചെയ്യുന്ന ഷിബു യു,കെ മലയാളികളുടെ സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഒരു യുവതുർക്കി ആയതിനാൽ ഭാവിയിലെ ഈ രാജ്യത്തുള്ള മലയാള ഭാഷ പരിപോഷണങ്ങൾക്ക് എന്നും മുന്നിട്ടുണ്ടാകും എന്നത് ഒരു വസ്തുതയാണ് .

മേരി കുട്ടി 
മദ്ധ്യതിരുവിതാംകൂറിൽ നിന്നും തൃശൂർ ജില്ലയിലേക്ക് കുടിയേറിപ്പാർത്ത് , 
ദാരിദ്ര്യത്തിന്റെ നൂലാമാലകളിൽ നിന്നും വിധിയോടും , പീഡനങ്ങളോടും 
പൊരുതി ജയിച്ച് പുസ്തക വായനയിലും , ഭക്തിയിലും മാത്രം അഭയം കണ്ടിരുന്ന , ബുദ്ധിമുട്ടി പഠിച്ച് ലണ്ടനിൽ നേഴ്‌സായി എത്തപ്പെട്ട
മേരി കുട്ടി , താൻ എഴുതിവെച്ചിരുന്ന കുറിപ്പുകൾ എല്ലാം കൂട്ടി , ഒരു അനുഭവ കഥപോൽ  , 2010 -ൽ പ്രസിദ്ധീകരിച്ച  പുസ്‌തമാണ് 'കല്യാണപ്പെണ്ണ് ' എന്ന അനുഭവകഥ പോലുള്ള നോവൽ .
(സിസ്റ്റർ ജെസ്മിയുടെ ആമേൻ പോലുള്ള ഇതിന്റെ കൈയ്യെഴുത്ത് പ്രതി ഞങ്ങൾ കുറച്ച് മിത്രങ്ങൾ ഇതിന് മുമ്പ് വായിച്ചിരുന്നു ..!)   എന്തൊ പിന്നാമ്പുറ  ഇടപെടലുകൾ കാരണം , ഈ പുസ്തകത്തിന്റെ കോപ്പികളൊന്നും പിന്നീട് വെളിച്ചവും കണ്ടില്ല ...! ? 
അതോടെ പിന്നെ മേരികുട്ടി എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും , പബ്ലിക് എഴുത്തുകളിൽ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ് . 
മേരികുട്ടിയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി ഞങ്ങൾ മിത്രങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ് ...

ബ്ലോഗ് :- മലർവാടി  (http://malarvati.blogspot.com/)
ബാക്കിപത്രം 
ബ്രിട്ടണിൽ മലയാളം എഴുത്തിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന 2019 ൽ -  ആ വർഷം ജനുവരി 31 മുതൽ മാർച്ച് 1 വരെ എഴുതിയിട്ട ആംഗലേയ ദേശത്തുണ്ടായിരുന്ന മലയാളം ഭാഷ കുതുകികളെ പരിചയപ്പെടുത്തുന്ന  ഏഴ്  സചിത്ര ലേഖനങ്ങളുടെ ഒറിജിനൽ ലിങ്കുകളാണ് താഴെ കൊടുത്തിട്ടുള്ളത് .
ഇവിടെയുണ്ടായിരുന്ന നമ്മുടെ ഭാഷാസ്നേഹികളെ എന്നുമെന്നും ഓർമ്മിക്കുവാനുള്ള സൈബർ ഇടങ്ങളാണിവ ...! 
വിശദ വിവരങ്ങൾ ലഭിക്കാത്തതിനാൽ 
ഇനിയും കുറെയധികം ഭാഷാസ്നേഹികളെ 
ഇവിടെയിതുപോലെ പരിചയപ്പെടുത്തുവാനുണ്ട് ...
  1. ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം
  2. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1  
  3. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 
  4. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 
  5. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 
  6. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 
  7. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 

(അടുത്ത ഭാഗത്തിൽ തുടരുന്നു )

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...