Showing posts with label ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6. Show all posts
Showing posts with label ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6. Show all posts

Sunday, 4 July 2021

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Part - 6 ...!

 



ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം ആറ്

ഇതിനിടയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ അനേകം മലയാളം ഭാഷാസ്നേഹികളും ഈ ആംഗലേയ ദേശങ്ങളിലേക്ക് ഉന്നത പഠനത്തിനായും , ജോലികൾക്കായും വന്ന ശേഷം നാട്ടിലേക്കും മറ്റു വിദേശ രാജ്യങ്ങിലേക്കും തിരിച്ച് പോയിട്ടുണ്ട് ...
അതിൽ ധാരാളം മലയാളം ബ്ലോഗെഴുത്തുകാർ 
ഈ നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പറ്റിയും ,  ജീവിത രീതികളെ കുറിച്ചും , ആധുനിക ഗതാഗത സംവിധാനങ്ങളെ  കുറിച്ചും , കായിക വിനോദങ്ങളെ  പറ്റിയും , പ്രകൃതിയുടെ രമണീയതകളും , മഞ്ഞു വീഴ്ച്ചയടക്കം  അങ്ങിനെയങ്ങിനെ പല സംഗതികളെ കുറിച്ചും വ്യക്തമാക്കുന്ന അനുഭവ കുറിപ്പുകൾ ഫോട്ടോകൾ സഹിതം  വിശദമായി തന്നെ അവരുടെ തട്ടകങ്ങളിൽ കൂടി വായനക്കാർക്ക് പരിചയപ്പെടുത്തിയിരുന്നു ...

2008 മുതൽ 2014  വരെയുള്ള കാലഘട്ടത്തിൽ മൂന്നാലു തവണ ഇവിടെയുള്ള മലയാളം ബ്ലോഗേഴ്സ്  ഒന്നിച്ച്  കൂടി ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി 'ബിലാത്തി ബ്ലോഗ് മീറ്റു'കളും നടത്തിയിരുന്നു ...

ആ സമയത്ത്  ബ്രിട്ടണിൽ നിന്നും മലയളത്തിന് ഹരം പകർന്ന് മലയാളം ബ്ലോഗുലകത്തിൽ  എഴുതികൊണ്ടിരിക്കുന്നവർ  താഴെ പറയുന്നവരാണ് -  ഒപ്പം അവരുടെ ബ്ലോഗ് സൈറ്റുകളും കൊടുക്കുന്നു ... 
മാഞ്ചസ്റ്ററിലുള്ള ശ്രീ: അലക്സ് കണിയാമ്പറമ്പലിന്റെ 
ബിലാത്തിമലയാളി , ലണ്ടനിലുണ്ടായിരുന്ന  അരുൺ അശോകിന്റെ ഗുള്ളിബെൽ ട്രാവത്സ് , അശോക് സദന്റെ 
എന്റെ തിന്മകളും,നുണകളും പിന്നെ കുറച്ചുസത്യങ്ങളും , ലങ്കാഷയറിലുള്ള ഡോ:അജയ് എഴുതിയിട്ട   റിനൈസ്സത്സ്,
ജോഷി പുലിക്കോട്ടിലിന്റെ കവിതകൾ മാത്രമുള്ള മലയാളം കവിതകൾ ,
മാഞ്ചസ്റ്ററിലുള്ള കഥകളുടെ തട്ടകമായ ജോയിപ്പാന്റെ ജോയിപ്പാൻ കഥകൾ,
ക്നാനായി കൂട്ടായ്മയുടെ പേരിൽ കണിയാമ്പറമ്പിൽ അലക്സ് ഇറക്കുന്ന സ്നേഹസന്ദേശം , സ്വന്തം ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ തുടിക്കുന്ന ഒരു കൂട്ടായ്മയുടെ പേരിൽ യു.കെയിലെ ആ ഗ്രാമക്കാർ ഇറക്കുന്ന  നമ്മുടെ സ്വന്തം കൈപ്പുഴ, ദുരിതങ്ങളുടെ കഥകളുടെ അവകാശിയായ ലണ്ടനിലെ മേരികുട്ടി എന്ന  കല്ല്യാണപ്പെണ്ണിന്റെ മലർവാടി,
ബൂലോഗത്തെ ബ്ലോഗിണിമാരിലെ പുപ്പുലിയായ  ഇപ്പോൾ അയർലണ്ടിലുള്ള   കൊച്ചു ത്രേസ്യാകൊച്ചിന്റെ  കൊച്ചുത്രേസ്യയുടെ ലോകം ,
നടൻ,സംഗീതജ്ഞൻ,എഴുത്തുകാരൻ എന്നിവയിലെല്ലാം നൈപുണ്യം തെളിയിച്ച മനോജ് ശിവയുടെ  സ്മൈൽ  ,
മനോജ് മാത്യു അവതരിപ്പികുന്ന  ആത്മാവിന്റെ പുസ്തകം ,
ലണ്ടനിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന മുരളീമുകുന്ദന്റെ ബിലാത്തിപട്ടണം ,
പ്രദീപ് ജെയിംസ് - ബെർമ്മിംങ്ങാം എഴുതുന്ന ചിരിയുടെ നന്മപടർത്തുന്ന ഒരു ദേശം  ,  നർമ്മവിശേഷങ്ങളുമായി കോവെണ്ട്രിയിൽ നിന്നും പി.ദിലീപിന്റെ   ഡെയ് കെളെത്താതെ കെളെത്താതെ, ചരിത്രസ്മരണകളും , മറ്റുകാര്യമായ കാര്യങ്ങളും നോർത്താംട്ടനിൽ ഇരുന്നെഴുതുന്ന അഡ്വ: സമദ് ഇരുമ്പഴിയുടെ ഒരു അഭിഭാഷകന്റെ ഡയറി , ലണ്ടനിൽ നിന്നും വർണ്ണങ്ങൾ
ചാർത്തി ഭംഗി വരുത്തുന്ന എഴുത്തുമായി എന്റെ കൊച്ചു കൊച്ചു വിശേഷങ്ങളുമായി സിയാ ഷമിൻ,  കൊച്ചു കാര്യങ്ങളിലൂടെ വലിയ കാര്യങ്ങള്‍ എഴുതികൊണ്ടിരിക്കുന്ന  ന്യൂകാസിലുള്ള സീമ മേനോന്റെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി,
കലാകാരനായ സിജോ ജോർജ്ജിന്റെ  അരയന്നങ്ങളുടെ നാട്ടിൽ ,
ലിവർപൂളിലുണ്ടായിരുന്ന  ശ്രീരാഗിന്റെ എന്റെ കണ്ണിലൂടെ ,
കവിതകളുടെ വീണമീട്ടിടുന്ന വിജയലക്ഷ്മിയുടെ  എൻ മണിവീണ ,
യാത്രാ വിവരണത്തിന്റെ സുന്ദരമായ വർണ്ണനകളോടെ കോവെണ്ട്രിയിലുണ്ടായിരുന്ന  വിഷ്ണുവിന്റെ വിഷ്ണുലോകം, ചേർക്കോണം സ്വാമിയെന്ന  പേരിൽ  മിസ്റ്റിക് ടോക്ക് 
എഴുതിയിരുന്ന രഞ്ജിത്ത് എന്നിവരൊക്കെയാണ്  ആ സമയത്ത് സ്ഥിരം യു.കെ .ബ്ലോഗ് മീറ്റിൽ  പങ്കെടുത്തിരുന്ന ബിലാത്തി ബൂലോഗർ ...

ഫിലിപ്പ് എബ്രഹാം 
പത്തനംത്തിട്ട വയലത്തലയിൽ നിന്നും 1972 -ൽ  എൻജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേർണലിസ്റ്റും , മലയാള ഭാഷാസ്‌നേഹിയും കൂടിയായ ഒരു എഴുത്തുകാരനാണ് ഫിലിപ്പ്എബ്രഹാം.


കാൽ നൂറ്റാണ്ടിലേറെയായി യു.കെയിൽ നിന്നും മുടക്കം കൂടാതെ  അച്ചടിച്ചു  പ്രസിദ്ധീകരിക്കുന്ന 'കേരള ലിങ്ക് ' എന്ന പത്ര മാസികയുടെ  മുഖ്യപത്രാധിപർ  കൂടിയാണ് പള്ളിക്കൽ ഫിലിപ്പ് എബ്രഹാം . 
കേരള ലിങ്ക് പത്രം ഇപ്പോൾ ഓൺ -ലൈൻ  വേർഷനും ലഭ്യമാണ് . 
ഇന്നുള്ള നവ മാധ്യമങ്ങളും ,ഓൺ-ലൈൻ പത്രങ്ങളും ഇറങ്ങുന്നതിനു മുമ്പ് യു.കെ മലയാളികളുടെ പല സാഹിത്യ രചനകളും വെളിച്ചം  കണ്ടത്  കേരള ലിങ്കിലൂടെയാണ് . 
കേരള ബിസിനെസ്സ് ഫോറ'ത്തിന്റ സ്ഥാപകനായ  ഫിലിപ്പ് എബ്രഹാം ധാരാളം സേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ വെള്ളക്കാർക്കിടയിൽ പോലും  പൊതു സമ്മതനായ ഒരു മനുഷ്യ സ്നേഹിയാണ്  .
  
ഇംഗ്ലണ്ടിലെ 'എസെക്സ് 'കൗണ്ടിയിലുള്ള 'എപ്പിങ്ങു് ഫോറെസ്റ്റി'ലുള്ള 'ലോഹ്ട്ടൻ (Loughton )' ടൗൺ ഷിപ്പിലെ കൗൺസിലർ കൂടിയായ ഇദ്ദേഹം ഈ ടൌൺ ഷിപ്പ് ഡെപ്യൂട്ടി മേയറും പിന്നീട് മേയറുമായി സ്ഥാനാരോഹണം നേടിയ  ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയർ കൂടിയാണ് .


മുജീബ് മൊഹമ്മദ്‌ ഇസ്മൈൽ 
  
സകലകലാവല്ലഭനായ ഒരു യുവ കലാ സാഹിത്യ പ്രവർത്തകനാണ് ലണ്ടനിൽ ഐ. ടി. കൺസൾട്ടന്റായി ജോലിയെടുക്കുന്ന വർക്കല സ്വദേശിയായ മുജീബ് വർക്കല എന്നറിയപ്പെടുന്ന മുജീബ് മൊഹമ്മദ്‌ ഇസ്മായിൽ. 
ഇദ്ദേഹത്തിന്റെ കലാലയ പഠനകാലം മുതൽ അഭിനയം, പാട്ട് , സംഗീതം,  സാഹിത്യ രചന എന്നിവയിലൊക്കെ സമ്മാനങ്ങൾ നേടിയ കലാലയ പ്രതിഭയായിരുന്ന മുജീബ്,  ലണ്ടനിൽ വന്നിട്ടും ആയവയൊക്കെ തുടർന്നു പോകുന്നു. 

യു. കെ യിൽ നിന്നും നിർമ്മിച്ച 'ഇംഗ്ലീഷ് ' 'ബിലാത്തി പ്രണയം' സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുജീബ്,  'ജേർണലിസ്റ്റ് എന്ന സിനിമയിൽ നായകൻ കൂടിയായിരുന്നു... 

ഒപ്പം തന്നെ ധാരാളം മ്യൂസിക് ആൽബങ്ങളിലും, ഷോർട്ട് ഫിലീമുകളിലും, നാടകങ്ങളിലും  അഭിനയിച്ചിട്ടുണ്ട്. 
യുകെയിൽ അവതരിപ്പിച്ച നാടകങ്ങളായ ഗുരു  ബ്രഹ്മയിൽ  ശ്രീനാരായണ ഗുരുവായും , പിന്നെ കാന്തി, സ്വാതി വേദം എന്നിവയിലും അഭനയിച്ച മുജീബ് സംവിധാനം ചെയ്ത കുതിര, ആ മനുഷ്യൻ,  നീ തന്നെ എന്ന  നാടകങ്ങളും എടുത്തുപറയാവുന്ന സൃഷ്ടികളായിരുന്നു .....

മുജീബ് ആദ്യമായി സംവിധാനം ചെയ്ത് 
അഭിനയിച്ച You & Me എന്ന സംഗീത ആൽബവും വളരെ പോപ്പുലറായിരുന്നു. 
അടുത്ത് പുറത്തിറങ്ങുവാൻ പോകുന്ന 'കുടിയേറിയവരുടെ കുമ്പസാരം ' എന്ന സിനിമയിലും ഈ യുവ നടൻ നല്ലൊരു കഥാപാത്രമായി വരുന്നുണ്ട്. 


കാവ്യ ഭാവനയുടെ നിറച്ചാർത്തുകളുമായി 
മുജീബ് വർക്കല എഴുതിയ കവിതകളുടെ സമാഹാരമാണ് ഈണമിട്ട് വിവിധ ഗായകർ  ആലപിച്ചിട്ടുള്ള ഈയിടെ പുറത്തിറങ്ങിയ 'കൂട്ടുകാരൻ' എന്ന  DVDയിലുള്ള ഇമ്പമേറിയ കവിതകൾ... 

ജാനെറ്റ് തോമസ് 
മാഞ്ചസ്റ്ററിലുള്ള ഇടുക്കിയിലെ കട്ടപ്പനക്കാരി ജാനെറ്റ് ചെറുപ്പം മുതൽ വായനയിൽ ആകൃഷ്ടയായി പിന്നീട് കൗമാര കാലം മുതൽ എഴുതി തുടങ്ങിയ എഴുത്തുകാരിയാണ്. 

കഥകളും കവിതകളുമാണ് ഏറെ ഒതുങ്ങി കഴിയുന്ന ഈ വനിതാരത്നത്തിന്റെ  തൂലികയിൽ നിന്നും പിറന്നിറങ്ങാറുള്ളത്. 

പഠിക്കുന്ന കാലത്ത് സാഹിത്യ രചകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കാറുള്ള  ജാനെറ്റ് തോമസ് - യു.കെ യിൽ വന്ന ശേഷവും പല മലയാളം പോർട്ടലുകളിലും, സാഹിത്യ പതിപ്പുകളിലും സ്ഥിരമായി എഴുതാറുണ്ട്. 
ഒപ്പം തന്നെ യു. കെ. മലയാളം റൈറ്റേഴ്‌സ് നെറ്റ് വർക്കിലെ ഒരു സജീവ അംഗം കൂടിയാണ് ജാനെറ്റ് തോമസ്...

സി.എ .ജോസഫ് 

യു.കെയിലെ കലാസാംസ്കാരിക രംഗത്ത് 
സജീവ സാന്നിദ്ധ്യം . നല്ലൊരു അഭിനേതാവും സംഘാടകനും ഉജ്ജ്വല വാഗ്മിയുമായ സി. എ. ജോസഫ് , യുക്മ സാംസ്കാരിക വേദിയുടെ രൂപീകരണം മുതൽ കലാവിഭാഗം കൺവീനർ, ജനറൽ കൺവീനർ, ഇപ്പോൾ വൈസ് ചെയർമാനും ആയി പ്രവർത്തിക്കുന്നു. 
യുക്മ സാംസ്കാരികവേദി എല്ലാ മാസവവും പ്രസിദ്ധീകരിക്കുന്ന 'ജ്വാല' ഇ - മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമാണ് . കേരള ഗവണ്മെന്റിന്റെ മലയാളം മിഷൻ യൂ കെ ചാപ്റ്ററിന്റെ അഡ്‌ഹോക് കമ്മറ്റി മെമ്പർ ആയും പ്രവർത്തിക്കുന്നു.

ബിരുദാനന്തരബിരുദം  കരസ്ഥമാക്കിയ ശേഷം മംഗളം പത്രത്തിൽ സബ് എഡിറ്ററായി ജോലിചെയ്തിരുന്ന കോട്ടയം അയർക്കുന്നം സ്വദേശിയായ ഇദ്ദേഹം കലാലയ കാലം മുതൽ എഴുതി തുടങ്ങിയ ഒരു ഭാഷ സ്നേഹിയാണ്.

പ്രവാസി മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'സമ്മർ ഇൻ ബ്രിട്ടൻ ' 'ഓർമകളിൽ സെലിൻ ' എന്നീ ഹൃസ്വ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച സി .എ. ജോസഫ്‌ അടുത്ത നാളിൽ യു.കെയിൽ നിന്നും പുറത്തിറങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട 'ഒരു ബിലാത്തി പ്രണയം' എന്ന സിനിമയിലും  ശ്രദ്ധേയമായ ഒരു കഥാപാത്രത്തിന് മിഴിവേകിയിരുന്നു.  
യു.കെ മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ  'ഓർമയിൽ ഒരു ഓണം' എന്ന ആൽബത്തിന് വേണ്ടി സി.എ .ജോസഫ്‌ രചിച്ച മനോഹരമായ ഒരോണപ്പാട്ടും അയർക്കുന്നം മറ്റക്കര സംഗമത്തിനു വേണ്ടി രചിച്ച തീം സോങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  
'ലണ്ടൻ മലയാള സാഹിത്യ വേദി'യുടെ കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്ന സി. എ ജോസഫ് യുകെയിൽ എത്തുന്നതിനു മുൻബ് 14  വർഷം സൗദി അറേബ്യയിലും പ്രവാസ ജീവിതം നയിച്ചിരുന്നു. സൗദിയിലെ കമ്മീസ് ഇന്റർനാഷണൽ സ്കൂളിന്റെ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന സി .എ .ജോസഫ് സൗദിയിലെ പ്രവാസ ജീവിതത്തിലും കലാസാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു...

വിഷ്ണു രാധാകൃഷ്ണൻ 
കോട്ടയത്തിന്റെ പുത്രനായിരുന്ന വിഷ്ണു കോളേജ് തലം  മുതൽ എഴുതിയിരുന്ന ഒരു യുവ സൈബർ എഴുത്തുകാരനാണ് .

നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ വിഷ്ണു യാത്രയുടെ ഒരു തോഴനും കൂടിയാണ്. 

അനേകം യാത്ര വിവരണങ്ങൾ അടക്കം ധാരാളം സ്പോർട്സിനെ സംബന്ധിച്ചുള്ള ആർട്ടിക്കിളും വിഷ്ണു തന്റെ ബ്ലോഗുകളിലൂടെ എഴുതിയിടാറുണ്ട്. 
ബ്രിട്ടനിലെ പല കാർണിവെല്ലുകളെക്കുറിച്ചും, കായിക വിനോദങ്ങളെ  കുറിച്ചും ചിത്രങ്ങൾ സഹിതം ഈ യുവ എഴുത്തുകാരൻ പല സൈബർ തട്ടകങ്ങളിലും വിവരിച്ചിട്ടുണ്ട് .

യു.കെ പ്രവാസിയായി കൊവെൻട്രിയിൽ വസിച്ചിരുന്ന ഐ.ടി .ഫീൽഡിൽ വർക്ക് ചെയ്യുന്ന വിഷ്ണു ബിലാത്തിയിലെ ബ്ലോഗർ കൂട്ടായ്മയിൽ  സജീവമായി പങ്കെടുത്തുകൊണ്ടിരിന്ന യുവ ബ്ലോഗറായിരുന്നു . ഇപ്പോൾ ആസ്‌ത്രേലിയയിൽ  ജോലി  ചെയ്‌ത്‌ വരുന്നു ...

 ബ്ലോഗുകൾ :-
വിഷ്ണുലോകം (http://vishnu-lokam.blogspot.com/)
ചിത്രലോകം (http://chithra-lokam.blogspot.com/)

ജൂലി ഡെൻസിൽ 

ഒരു വ്യാഴവട്ടക്കാലം ലണ്ടനിൽ ഉണ്ടായിരുന്ന എഴുത്തിന്റെ ഒരു തമ്പുരാട്ടിയാണ് ജൂലി ഡെൻസിൽ എന്ന തൃശൂക്കാരി.
എഴുത്തിന്റെ വരമുള്ളതിനാൽ സ്കൂൾ - കോളേജ് പഠനം മുതൽ ഒരു സാഹിത്യ പ്രതിഭയായി വളർന്നു വന്ന ഒരു വേറിട്ട എഴുത്തുകാരി തന്നെയാണ് ഈ വനിതാരത്നം. 
ലണ്ടനിലെ സാഹിത്യ സദസുകളിലൊന്നും സജീവമായി പങ്കെടുക്കാറിലെങ്കിലും നവമാധ്യമങ്ങളിൽ കൂടി പറയാനുള്ളത് അസ്സൽ ചെമ്പായി എഴുതിയിടുന്നതിൽ ഒരു അഗ്രഗണ്യയാണ് ജൂലി.  
ഇപ്പോൾ ആസ്തേലിയയിലെ മെൽബോണിലേക്ക് കുടിയേറ്റം നടത്തിയെങ്കിലും സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി ഈ എഴുത്തുകാരിയുടെ രചനകൾ ഒരുപാട് പേർ വായിച്ചു പോകുന്നു...  

ടി .എം .സുലൈമാൻ 
ലണ്ടനിൽ ട്രാവൽ മാനേജരായി ജോലി ചെയ്യുന്ന തണ്ടത്തിൽപറമ്പിൽ സുലൈമാൻ കോട്ടയം സ്വദേശിയായ ഒരു ഭാഷ സ്നേഹിയാണ് .

കവിതകളും ഗസലുകളും ഗാനങ്ങളും എഴുതുന്ന ഇദ്ദേഹം ലണ്ടനിലുള്ള പല സാഹിത്യ വേദികളിലും സജീവമായി പങ്കെടുക്കുന്ന ഒരു സാഹിത്യ സ്‌നേഹി കൂടിയാണ് .

നാട്ടിൽ നിന്നും ബിരുദാനന്തബിരുദം കരസ്ഥമാക്കിയ ശേഷം ലണ്ടൻ സ്‌കൂൾ ഓഫ് ജേർണലിസത്തിൽ നിന്നും ഡിപ്ലോമയും സുലൈമാൻ നേടിയിട്ടുണ്ട് .
ഒപ്പം ഇദ്ദേഹം ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ഭരണ സമിതി അംഗവുമാണ് ...

സുജിത്ത് കളരിക്കൽ 
തൃശ്ശൂർക്കാരനായ സുജിത്ത് കളരിക്കൽ  അനേകകാലം യൂറോപ്പിലും യു .കെ യിലും ഗവേഷണ വിദ്യാർത്ഥിയായും , ജോലിയുമായി ഉണ്ടായിരുന്ന യുവ ശാസ്ത്രജ്ഞനായ മലയാളം എഴുത്തുകാരനാണ്.

കോളേജ് കാലം മുതൽ കവിതകളും, ആർട്ടിക്കിളുകളും എഴുതിയിട്ടിരുന്ന സുജിത്തിന്റെ പ്രചോദനത്താലാണ് ഇവിടെയുണ്ടായിരുന്ന കഴിഞ്ഞകാല എഴുത്തുകാരുടെ ചരിതങ്ങൾ തേടിയുള്ള അന്വേഷണങ്ങൾക്ക് ആരംഭം കുറിച്ചത്. 
ഇവിടെയുണ്ടായിരുന്ന കാലത്ത് ലണ്ടനിലെ പല സാഹിത്യ സദസ്സുകളിലും സജീവമായി പങ്കെടുത്തിരുന്ന സുജിത്ത് ഇപ്പോൾ മാലി ദ്വീപിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ  വളരെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ്  'തൃശൂർക്കാരൻ ' എന്ന മലയാളം ബ്ലോഗിലൂടേയും സുജിത്തിന്റെ  യാത്രാവിവരണങ്ങളും കവിതകളും  കഥകളും അനേകം വായനക്കാർ വായിച്ചിട്ടുള്ളതാണ് ... 


ബ്ലോഗുകൾ :-

രഞ്ജിത്ത്  
മുമ്പേയിലും ഗൾഫിലും ലണ്ടനിലുമായി  പ്രവാസി ജീവിതം കൊണ്ടാടുന്ന തൃശൂരിലെ കാട്ടൂർ  സ്വദേശിയായ രഞ്ജിത്ത് - ചേർക്കോണം സ്വാമി എന്ന പേരിലും മറ്റും സ്വന്തം പേര് വെളിപ്പെടുത്താതെ എഴുതുന്ന ഈ ഗെഡി നല്ല ബൃഹത്തായ വായനയുള്ള ഒരു യുവ എഴുത്തുകാരനാണ്.

ലണ്ടനിൽ ഉള്ളപ്പോഴെല്ലാം പല  മലയാളി സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാറുള്ള വ്യക്തിയാണ് ഈ ചുള്ളൻ.

എന്നും വേറിട്ട ചിന്തകളുമായി സഞ്ചരിക്കുന്ന ഒരു പ്രത്യേക വ്യക്തിത്വത്തിനുടമയാണ് ചേർക്കോണംസ്വാമിയെന്ന ഒട്ടും സ്വാമിയല്ലാത്ത ഈ യുവ എഴുത്ത് വല്ലഭൻ  ...

ബ്ലോഗ് :- http://mystictalk-mystictalk.blogspot.com/

പ്രദീപ് ജെയിംസ് 

കോട്ടയം അരുമാനൂർ സ്വദേശിയായ പ്രദീപ് ജെയിംസിനെ പോലെ നർമ്മം ചാലിച്ച് എഴുതുന്നവർ ഈ ബിലാത്തിയിൽ ഉണ്ടായിട്ടല്ല തന്നു തന്നെ  പറയാം . 
യു.കെ യിലുള്ള സഹോദരന്റെ കുടുംബത്തിനെ വേർപിരിഞ്ഞു  ഇപ്പോൾ ബർമിങ്ങാം വിട്ട് നാട്ടിൽ വ്യവസായം തുടങ്ങുവാൻ വേണ്ടി പോയിരിക്കുന്ന പ്രദീപിനെ പോലെയുള്ള ഒരു ഊർജ്ജസ്വലമായ മലയാളം എഴുത്തുകാരൻ തൽക്കാലം പിരിഞ്ഞു പോയതിന്റെ പോരായ്മ ബിലാത്തിയിലെ സൈബർ ഇടങ്ങളിൽ കാണാവുന്നതാണ് .

കോളേജ് കാലം മുതൽ അസ്സൽ പ്രണയ കവിതകളും കഥകളും എഴുതിയിരുന്ന പ്രദീപ് അനേകം സാമൂഹ്യ പ്രതിബദ്ധതയുള്ള ലേഖനങ്ങളും എഴുതാറുണ്ട് ...

ബ്ലോഗ് :- എന്റെ ദേശം (http://arumanoor.blogspot.com/2010/12/blog-post.html)

അശോക്  സദൻ 
കൊച്ചിയിൽ നിന്നും വന്ന് കുറെ കാലം ബെർമിങ്ങാമിലും, ലണ്ടനിലുമുണ്ടായിരുന്ന 
അശോക് സദൻ , ശരിക്കും  ഒരു സകല കലാവല്ലഭനാണ് ...
നല്ലൊരു ശിൽ‌പ്പിയും,സിനിമാക്കാരനുമൊക്കെയാണ് 
അക്ഷരങ്ങളെ  കൂടി സ്നേഹിക്കുന്ന അശോക് സദൻ . ആ സമയത്ത് ലണ്ടനിലെ പല സാഹിത്യ രചനകളിലും  ഒന്നാം സ്ഥാനവും അശോക് കരസ്ഥമാക്കിയിട്ടുണ്ട് .
'ക്രിസ്ത്യൻ ബ്രദേഴ്സ്' സിനിമയുടെ ലണ്ടൻ ഷൂട്ടിങ്ങ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് അന്ന് അശോക് സദനായിരുന്നു .
അശോകിന്റെ വാക്കുകളിലൂടെ 
അദ്ദേഹത്തെ പരിചയപ്പെടുത്തിയാൽ 
'ഞാൻ ന്‍ ഒരു  നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍  അശോക് സദനാകുന്നു ....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം... 

ബ്ലോഗ് :-
 എന്‍റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും.('http ://undisclosedliesaboutme.blogspot.com/  )


ദിവ്യ അശ്വിൻ 

തൃശ്ശൂരിലെ കൊടുങ്ങലൂരിൽ നിന്നും വന്ന് ലണ്ടനിൽ റോയിട്ടറിൽ ജോലി ചെയ്യുന്ന ദിവ്യ ധാരാളം ആർട്ടിക്കിളുകൾ മലയാളത്തിലും ആംഗലേത്തിലുമായി തൂലികാനാമത്തിൽ എഴുതിയിടുന്ന ഒരു യുവ എഴുത്തുകാരിയാണ് .
ബിരുദാനന്തര ബിരുദധാരിയായ ദിവ്യ സ്‌കൂൾ -കോളേജ് തലം  മുതൽ എഴുത്തിൽ പ്രാവീണ്യം തെളിയിച്ച ഒരു വനിതാരത്നമാണ് .
ഇന്ത്യയിലെ പല മാദ്ധ്യമങ്ങളിലും അന്താരാഷ്ട്ര രാഷ്ട്രീയ ലേഖനകൾ എഴുതിയിടുന്ന ദിവ്യ അശ്വിൻ  വളരെ ഒതുങ്ങി കൂടി കഴിയുന്ന -  എഴുത്തിൽ വളരെ ചുറുചുറുക്ക് കാണിക്കുന്ന എഴുത്തുകാരി തന്നെയാണ്  ...

ഇനിയും പൂർണ്ണമായ 
പ്രൊഫൈലുകൾ മുഴുവൻ ലഭ്യമല്ലാത്തതിനാൽ ഈ ബിലാത്തിയിലും 
ചുറ്റുവട്ടങ്ങളിലുമുള്ള  പല എഴുത്തുകാരേയും ഇതോടൊപ്പം പരിചയപ്പെടുത്തുവാൻ സാധിച്ചിട്ടില്ല ...
കലയിലൂടേയും  സംഗീതത്തിലൂടെയും ,  
ലഘു നാടകങ്ങളിലൂടേയും , സംഗീത നാടകങ്ങളിലൂടേയും ദൃശ്യശ്രാവ്യ  അവതരണങ്ങൾ  പല രംഗമണ്ഡപങ്ങളിലും പ്രദർശിപ്പിച്ച്  മലയാള ഭാഷയുടെ ഔന്നിത്യം കാഴ്ച്ചവെക്കുന്ന നിരവധി കലാപ്രവർത്തകർ ഈ പാശ്ചാത്യ നാട്ടിൽ അങ്ങോളമിങ്ങോളമായി വസിക്കുന്നുണ്ട് ...


ഭാഷാസ്നേഹികളായ ലണ്ടനിലുള്ള ബാങ്കുദ്യോഗസ്ഥനായ ഫ്രഡിൻ സേവ്യർ  , വൈക്കം സ്വദേശിയായ അദ്ധ്യാപകനായ ജെയ്‌സൺ ജോർജ്ജ് , മയ്യനാട്‌നിന്നു വന്നിട്ടുള്ള കീർത്തി സോമരാജൻ  എന്നിവരെ  പോലുള്ള  ധാരാളം  കലാപ്രവർത്തകരായ ഭാഷാസ്നേഹികൾ മുതൽ നിമിഷ കവിയായ നടരാജൻ , കല്ലമ്പലം അൻസാരി , ഹാരീസ് ,
തകഴിയുടെ പേരക്കുട്ടി ജയശ്രീ മിശ്ര , പ്രിയ കവി ഒ .എൻ .വി യുടെ മകൾ ഡോ . മായ , ഏഷ്യൻ ലൈറ്റ് പത്രാധിപരായ അനസുദ്ദീൻ അസീസ്, പ്രശസ്ത പോപ് ഗായികയും എഴുത്തുകാരിയുമായ ഷീല ചന്ദ്ര , ബി .ബി .സിയിൽ ജോലി ചെയ്യുന്ന ഷഹീന അബ്ദുൽ ഖാദിർ, കലയുടെ 'പാം ലീഫി'ൽ എഴുതുന്ന ഡോ :പി .കെ .സുകുമാരൻ നായർ, മഹാകവി ഉള്ളൂരിന്റെ ചെറുമകൾ സീനിയർ എഴുത്തുകാരിയായ ശാന്ത കൃഷ്ണമൂർത്തി, തൃശൂർ സ്വദേശികളായ മാഞ്ചസ്റ്ററിലുള്ള ഷീബ ഷിബിൻ , യോർക്ക്‌ഷെയറിലുള്ള ഷംന ഫാസിൽ,
ക്രൊയ്ഡണിലുള്ള പ്രകാശ് രാമസ്വാമി , നജീബ്, അജയകുമാർ,  സന്തോഷ് പിള്ള , പാംലീഫിൽ എഴുതുന്ന പ്രിയ , ഗീത എന്നിങ്ങനെ ധാരളം പേരുകൾക്കൊപ്പം തന്നെ മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെയിലെ അനിൽ കുമാർ  ,ആൽബർട്ട് വിജയൻ , ശ്രീജിത്ത് ശ്രീധരൻ  , നിഹാസ് റാവുത്തർ , ലിസി , സാംബശിവൻ.ആർ  സുധീർ വാസുദേവൻ വിനോദ് നവധാര  എന്നിങ്ങനെ ഇമ്മിണിയിമ്മിണി മലയാളം ഭാഷാ സ്നേഹികൾ ഇനിയും ബാക്കിയുണ്ട് ... 

സുല്ല് ..സുല്ല് ...

ഒരാളെ കൂടി പരിചപ്പെടുത്തി 
ഈ കുറിപ്പുകൾ അവസാനിപ്പിക്കാം ...

ലണ്ടനിലെ ഒരു മണ്ടൻ 

തനി തൃശൂർക്കാരനായ ഒരുവൻ കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിലെ വായന ശാല കൈയെഴുത്ത് പതിപ്പുകളിലും , കോളേജ് മാഗസിനുകളിലും , പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ വരാന്ത പതിപ്പ് എന്നീ മാദ്ധ്യമങ്ങളിൽ വൃത്തവും , പ്രാസവും ചേർത്ത കവിതകളും , പ്രണയ കഥകളുമൊക്കെ എഴുതി , സാഹിത്യ അക്കാദമിയുടേയും  മറ്റും ഉമ്മറത്തുള്ള സകലമാന പരിപാടികളിലും പങ്കെടുത്തും , തെരുവ് നാടകങ്ങൾ കളിച്ച് - ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ  ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്നവൻ ധാരാളം വായിച്ചു  തുടങ്ങിയപ്പോൾ - തന്റെ കഥകളിലെ  കഥയില്ലായ്മയും , കവിതകളിലെ  കവിത ഇല്ലായ്മയുമൊക്കെ കണ്ട് , 
ആയ പരിപാടികളെല്ലാം   സ്വയം നിറുത്തി വെച്ച് , പിന്നീട് പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ ഒരു മണ്ടനായി തീർന്നു ...! 

പിന്നീട് പല    മണ്ടത്തരങ്ങളെല്ലാം 
കൂട്ടിപ്പറുക്കി  എഴുതിയിട്ട് ഒരു ബ്ലോഗ് തുടങ്ങി വെച്ചു ...
ആയതിന് 'ബിലാത്തി പട്ടണം' 
എന്ന പേരും ഇട്ടു .  
അന്ന് മുതൽ ഇന്ന് വരെ വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന പോലെ എഴുതി കൂട്ടുന്ന  ഈ 'ബിലാത്തി പട്ടണത്തിൽ' ലണ്ടനിലെ തനിയൊരു  മണ്ടനായി എഴുതുന്നവനാണ്  ഈ സാക്ഷാൽ മുരളീ മുകുന്ദൻ   ...

ബ്ലോഗ് :- 
ബിലാത്തിപട്ടണം (https://www.bilatthipattanam.com/)
---------------------------------------------------------------------------------

പിൻ കുറിപ്പ് 
പ്രിയരെ ,
ഇംഗ്ലണ്ടിലെ  മലയാളം എഴുത്തിന്റെ 
നൂറാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ആംഗലേയ ദേശത്തുള്ള മലയാളം ഭാഷാസ്നേഹികൾക്ക് സമർപ്പിക്കുകയാണ് 'ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന  മലയാളി എഴുത്തിന്റെ നാൾവഴികൾ' എന്ന ഈ നീണ്ട സചിത്ര പരമ്പരയായ   എഴുത്താളരെ പറ്റിയുള്ള  ചരിതങ്ങൾ ... 
ഇവിടെ ലഘുവായി പരിചയപ്പെടുത്തിയ 
ആർക്കെങ്കിലും ആയതിൽ എന്തെങ്കിലും 
മാറ്റങ്ങൾ വരുത്തണമെങ്കിൽ ദയവ് ചെയ്ത് 
എന്നെ അറിയിക്കുക ...
 ഭാഷ നൈപുണ്യവും ,സാഹിത്യ ഭംഗിയൊന്നുമില്ലെങ്കിലും ഈ ആംഗലേയ നാട്ടിലെ പഴയതും പുതിയതുമായ കുറെയേറെ മലയാളി പ്രവാസി  എഴുത്തുകാരെ തേടിപ്പിടിച്ച് പരിചയപ്പെടുത്തിയിട്ടതിൽ വളരെ യധികം സന്തോഷിക്കുന്നു ...
ഈ പരിചയപ്പെടുത്തൽ പരമ്പര സാക്ഷാത്കരിക്കരിക്കുവാൻ അകമഴിഞ്ഞ് സഹായിച്ച 'കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ'യിലെ ഏവർക്കും - പ്രത്യേകിച്ച് മണമ്പൂർ സുരേഷ് , ബാലകൃഷ്ണൻ ബാലഗോപാൽ , പ്രിയൻ പ്രിയവ്രതൻ ,ജോസ് ആൻറണി മുതൽ പേർക്കും , പിന്നെ ബ്ലോഗർ സുജിത്ത് കളരിക്കൽ , അരുൺ മാരാത്ത് , ബെർക്ഷയറിലെ താച്ചത്തുള്ള സുലു അമ്മായി എന്നിവർക്കും ഒരുപാടൊരുപാട് നന്ദി  ...
എന്ന്,  
സസ്നേഹം ,
മുരളീമുകുന്ദൻ .
muralythayyil@gmail.com.
ബിലാത്തിപട്ടണം .



ബാക്കിപത്രം 
ബ്രിട്ടണിൽ മലയാളം എഴുത്തിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന 2019 ൽ -  ആ വർഷം ജനുവരി 31 മുതൽ മാർച്ച് 1 വരെ എഴുതിയിട്ട ആംഗലേയ ദേശത്തുണ്ടായിരുന്ന മലയാളം ഭാഷ കുതുകികളെ പരിചയപ്പെടുത്തുന്ന  ഏഴ്  സചിത്ര ലേഖനങ്ങളുടെ ഒറിജിനൽ ലിങ്കുകളാണ് താഴെ കൊടുത്തിട്ടുള്ളത് .
ഇവിടെയുണ്ടായിരുന്ന നമ്മുടെ ഭാഷാസ്നേഹികളെ എന്നുമെന്നും ഓർമ്മിക്കുവാനുള്ള സൈബർ ഇടങ്ങളാണിവ ...! 
വിശദ വിവരങ്ങൾ ലഭിക്കാത്തതിനാൽ 
ഇനിയും കുറെയധികം ഭാഷാസ്നേഹികളെ 
ഇവിടെയിതുപോലെ പരിചയപ്പെടുത്തുവാനുണ്ട് ...
  1. ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം
  2. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1  
  3. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 
  4. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 
  5. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 
  6. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 
  7. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 








ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...