Showing posts with label അഞ്ചാം വാർഷിക കുറിപ്പുകളും അല്പം ബൂലോഗ വിജ്ഞാനങ്ങളും --- മൂന്നാം ഭാഗം. Show all posts
Showing posts with label അഞ്ചാം വാർഷിക കുറിപ്പുകളും അല്പം ബൂലോഗ വിജ്ഞാനങ്ങളും --- മൂന്നാം ഭാഗം. Show all posts

Saturday, 30 November 2013

ഭൂമി മലയാളത്തിലെ ബൂലോകവും പിന്നെ ഞാനും ... ! Bhoomi Malayaalatthile Boolokavum Pinne Njaanum ... !

ആംഗലേയത്തിലും , ഫ്രെഞ്ചിലും പിന്നെ തപ്പി പിടിച്ച് മലയാളത്തിലും  ഒമ്പതാം ക്ലാസ്സുകാരനായ എന്റ മകൻ എപ്പോഴും വായിച്ച് കൊണ്ടിരിക്കുന്നത് കാണുമ്പോൾ ഒരു സമാധാനമുണ്ട് ...
അവന്റെ തന്തയുടെ ; ചില നല്ല ഗുണങ്ങളൊക്കെ അവനും കിട്ടിയിട്ടുണ്ടല്ലോ എന്നോർത്താണത് ... !

എന്റെ ചെക്കന്  കൈയ്യെഴുത്ത് അറിയുമോ
എന്ന് ചോദിച്ചാൽ എനിക്കിന്നും സംശയമാണ് .
ഹോം വർക്ക് മുതൽ എന്ത് കുണ്ടാമണ്ടിയും ഡെസ്ക്
ടോപ്പിലോ, ലാപ്പിലോ , ടാബലറ്റിലോ ആണ് നടത്തിവരുന്നത് .
പ്രിന്റ് മീഡിയയിലുള്ള പാഠപുസ്തകങ്ങളോ, നോട്ട് ബുക്ക്കളോ ഒന്നുമില്ല..
കണക്കിനും , സയൻസിനും , ആർട്ടിനുമെല്ലാം വ്യത്യസ്ഥമായ വെബ് ഫോൾഡറുകൾ മാത്രം .

അവന്റെ ടീച്ചർമാരുടെ ബ്ലോഗിലും ,
ഓൺ-ലൈൻ  സെർച്ചും സിലബസ്സിൽ
ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകളിലുമൊക്കെ പോയിട്ടുള്ള ഒരു ജഗ പൊക വിദ്യാഭ്യാസം തന്നെ  ഇതൊക്കെ ..അല്ലേ

ഇന്ന് വിദ്യാഭ്യാസം മാത്രമല്ല , സാഹിത്യവും ,
ഫേഷനും , മോട്ടോറിങ്ങും , പൊളിറ്റിക്സും , കലയും , കായികവുമടക്കം സകലമാന കാര്യങ്ങളുമൊക്കെ ആയവയുടെ  ഉസ്താദുകളുടേയോ , കമ്പനികളുടേയോ ബ്ലോഗുകളിൽ പോയാൽ വിസ്തരിച്ച് എന്ത് സംഭവ വികാസങ്ങളും അപ്പപ്പോൾ അറിയുവാൻ സാധിക്കുന്ന വിധത്തിലേക്ക് ലോകത്തിലെ  കസ്റ്റോം , വേൾഡ്പ്രസ് ,ടൈപ് പാഡ് ..മുതൽ ഗൂഗിളടക്കമുള്ള അനേകം ബ്ലോഗ് പോർട്ടലുകളിൽ കൂടി സാധ്യമാണ് .
എന്തുകൊണ്ടോ  മലയാള ബൂലോകരിലധികവും
ഈ ഗൂഗിൾ ചുള്ളത്തിയേയാണ് ലെപ്പടിച്ച് കൂടെ കൂട്ടിയിട്ടുള്ളത് ...

എല്ലാ കൊല്ലവും ലണ്ടനിൽ വെച്ച് അരങ്ങേറികൊണ്ടിരിക്കുന്ന ഇന്റർ നാഷ്ണൽ മാജിക് കൺവെൻഷനിൽ ഇത്തവണ ഞാൻ പങ്കെടുത്തപ്പോൾ , പല അന്തർദ്ദേശീയ മായാജാലക്കാരുടേയും ബ്ലോഗുകൾ പരിചയപ്പെടുവാൻ സാധിച്ചു.
അവരുടെയൊക്കെ മാന്ത്രിക രഹസ്യങ്ങൾ 
വെളിപ്പെടുത്തുന്ന ആ ബ്ലോഗിലേക്കൊക്കെ പ്രവേശിക്കണമെങ്കിൽ , നാം കാശ് അങ്ങോട്ട് കൊടുത്ത് സബ്സ്ക്രൈബറായാൽ മാത്രമേ സാധിക്കുകയുള്ളൂ.

കഴിഞ്ഞ മാസം , .ഇംഗ്ലണ്ടിലെ ഉത്തമ പത്രമായ ‘ഗാർഡിയൻ‘ ലോകത്തിലെ പല സാഹിത്യ വല്ലഭരുടേയും , മറ്റ് സെലിബിറിറ്റികളുടേയുമൊക്കെ അഭിപ്രായ സമന്വയങ്ങളടക്കം ഈ പുതുനൂറ്റാണ്ടിൽ തുടക്കം കുറിച്ച ബ്ലോഗ്ഗിങ്ങിനെ കുറിച്ച് വിശദമായി പഠിച്ച്  കഴിഞ്ഞമാസം ഒരു സർവ്വേ ഫീച്ചർ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നൂ ...

ഗുണത്തേക്കാൽ ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം  , കഴിഞ്ഞ അഞ്ച് കൊല്ലമായി സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അതിൽ കണ്ടെത്തിയ ഒരു വസ്തുത...!

പക്ഷേ ബ്ലോഗുകൾ കാലങ്ങളോളം നിലനിൽക്കുമെന്നും ,
അവയൊക്കെ പാരമ്പര്യമായി വ്യക്തികൾക്കൊ , സ്ഥാപനങ്ങൾക്കോ നിലനിറുത്തി കൊണ്ടുപോകാനാവും എന്നതാണെത്രെ ഈ പോർട്ടലുകളുടെ പ്രത്യേകത ...!

അതായത് എനിക്ക് ശേഷം ഈ  ‘ബിലാത്തി പട്ടണത്തെ‘ എന്റെ മക്കൾക്കോ , മിത്രങ്ങൾക്കോ കാലങ്ങളോളം നിലനിറുത്തികൊണ്ടു പോകുവാൻ പറ്റുമെന്നർത്ഥം ... , എന്റെ ജി-പ്ലസ് , ട്വിറ്റർ , ഫേസ് ബുക്ക് മുതലായ എക്കൌണ്ട്കൾക്ക് പറ്റാത്ത ഒരു കാര്യം ...!

എഴുത്തുകാരന്റെ  യഥാർത്ഥ കൈയ്യെഴുത്ത് കോപ്പിയാണ്
അവന്റെ സ്വന്തം ബ്ലോഗെന്നാണ് ആ പഠനങ്ങൾ  വ്യക്തമാക്കിയ വേറൊരു കാര്യം.

ഭാവിയിൽ മാധ്യമ രംഗത്തൊക്കെ ബ്ലോഗേഴ്സിനും ,
വോൾഗേഴ്സിനും (വീഡിയോ ബ്ലോഗേഴ്സ് ‌ ഈ ലിങ്കിൽ പോയി നോക്കൂ )
സ്വയം തൊഴിലായി വരുമാനമാർഗ്ഗം ഉണ്ടാകുന്ന അനേകം തൊഴിലവസരങ്ങൾ ..! 

പിന്നെ എന്നും ചറപറാ അതുമിതും എഴുതിയിടുന്നവരൊക്കെ മറ്റ് വായനക്കാരുടെ ശ്രദ്ധ കാംക്ഷിക്കുന്നവരും , മറ്റുള്ളവരെ ഒട്ടും ശ്രദ്ധിക്കാതേയും പരിഗണിക്കാതേയും ഇരിക്കുന്നവരുമാണത്രേ ... !

ദിനം പ്രതി ആഗോള തലത്തിൽ ഏതാണ്ട് ഇരുപതിനായിരം പേരോളം ബ്ലോഗിങ്ങ് രംഗത്തേക്ക്  വന്ന് കൊണ്ടിരിക്കുന്നുണ്ട് പോലും ...!

ഇനി ഭാവിയിൽ ബ്ലോഗ് സ്പേയ്സ്  സ്വന്തമാക്കണമെങ്കിൽ ,  ഒരു
നിശ്ചിത വാർഷിക വരിസംഖ്യ ആയതിന്റെ ദാതാവായ പോർട്ടലുകൾക്ക് കൊടുക്കേണ്ടി വരുമെത്രേ ..!

ഇങ്ങിനെയൊക്കെ ഒരുപാട് കാര്യങ്ങൾ
വ്യക്തമാക്കിയ സർവ്വേ റിപ്പോർട്ടുകളായിരുന്നു അതൊക്കെ.

അല്ലാ ഏതാണ്ടിതുപോലെയൊക്കെ
തന്നെയല്ലേ എന്റെയും സ്ഥിതി വിശേഷങ്ങൾ...

നോക്കൂ ... ഓണ പതിപ്പുകൾ തൊട്ട് , പുത്തൻ പുസ്തകളുടെയൊക്കെ
ഒരു  ഭാണ്ഡം മുറുക്കിയായിരുന്നു ... എതാണ്ടഞ്ച് കൊല്ലം മുമ്പ് വരെ  , വായനയുടെ
ദഹനക്കേടും , എഴുത്തിന്റെ കൃമി  ശല്ല്യവുമുള്ള ഓരൊ പ്രവാസിയും ,  കെട്ടും കെട്ടി നാട്ടിൽ നിന്നും അന്യ നാട്ടിലേക്ക് തിരിച്ച് പോന്നിരുന്നത് ...
പക്ഷേ ഇപ്പോഴൊന്നും അവരാരും പ്രിന്റ് മീഡിയകളൊന്നും അങ്ങിനെ ചുമന്ന് കൊണ്ട് വരാറില്ല , അഥവാ അവയൊക്കെ കൊണ്ടു വന്നാലും അതൊന്നും തുറന്നു നോക്കാനുള്ള സമയവും കിട്ടാറില്ല ...!

ഇതൊന്നും വായനയുടേയും , എഴുത്തിന്റേയും കുറവു കാരണമല്ല കേട്ടൊ ,
വായനയും എഴുത്തുമൊക്കെ പഴയതിന്റെയൊക്കെ പതിന്മടങ്ങ് വർദ്ധിച്ചതിനാലാണ് ...

എല്ലാം സൈബർ ഇടങ്ങളിൽ
കൂടിയാണെന്ന് മാത്രം ...

എഴുത്തോലകൾക്കു ശേഷം സമീപ ഭാവിയിൽ കടലാസ് കൃതികൾക്കും  ചരമ ഗീതം ആലപിക്കാറായി എന്നർത്ഥം ...!

ഇപ്പോൾ വമ്പൻ പാശ്ചാത്യ മാധ്യമങ്ങളെല്ലാം തന്നെ ഓൺ - ലൈൻ എഡിഷനുകളിലേക്ക് ചുവട് മാറ്റം നടത്തി തുടങ്ങി , വലിയ വലിയ പുസ്തക പ്രസാധകരൊക്കെ , ഇപ്പോൾ പ്രിന്റഡ് പതിപ്പുകൾക്ക് പകരം ഡിജിറ്റൽ പതിപ്പുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് .

അതായത് ഇപ്പോൾ ബെസ്റ്റ് സെല്ലറായ 20 പൌണ്ടിന്
കിട്ടുന്ന ഒരു പേപ്പർ ബാക്ക് ബുക്ക് , വെറും 8 പൌണ്ടിന് ഡിജിറ്റൽ
പതിപ്പായി ഏത് ഇ-റീഡറിലേക്കും ഡൌൺ ലോഡ് ചെയ്ത് വായിക്കാം ..
പുസ്തകത്തിലേക്കാൾ കൂടുതൽ പടങ്ങളിലും , ലിങ്കുകളിലും മുങ്ങി തപ്പിയുള്ള
ഒരു കളർ ഫുൾ വായന എന്നും ഇതിനെ വിശേഷിപ്പിക്കാം ...


നമ്മൾക്കിഷ്ട്ടപ്പെട്ട 100 മുതൽ 3000 ബുക്കുകൾ വരെ ഒരു യു.എസ്.ബി സ്റ്റിക്കിലാക്കിയും ,  നമുക്ക് പബ്ലിഷറുടെ കൈയ്യിൽ നിന്നോ , ബുക്ക് ഷോപ്പിൽ നിന്നോ വാങ്ങി , വേണമെങ്കിൽ എന്ത് കുന്ത്രാണ്ടത്തിൽ കുത്തിയോ ഇഷ്ട്ട ത്തിനനുസരിച്ച് വായിക്കുകയും ചെയ്യാം

വല്ലാതെ ബോറഡിച്ചു അല്ലേ...
എന്നാൽ ഇത്തിരി ജോലിക്കാര്യം ആയാലോ

ഒരാളുടെ പണി തെറിപ്പിക്കുക , അല്ലെങ്കിൽ അവർക്കൊരു പാര പണിയുക എന്നതിൽ പരം ആനന്ദം മലയാളിക്ക് കിട്ടുന്ന പോലെ
ലോകത്തിലെ മറ്റൊരു ജനതയിലുള്ളവർക്കും  ഉണ്ടാകില്ലാ എന്നാണ് എനിക്ക് തോന്നുന്നത് ...

ഞങ്ങളുടെ കമ്പനിക്ക് ഈയിടെ കിട്ടിയ ഒരു ഇൻവെസ്റ്റിഗേഷന്റെ
ഭാഗമായി രണ്ടാഴ്ച്ചയോളം ,  ലണ്ടനിലെ ഒരു സ്ഥാപനത്തിന്റെ വിവിധ
ബ്രാഞ്ച്കളിലെ ഷിഫ്റ്റ് ജീവനക്കാരുടെ , ജോലി സമയത്തുള്ള സോഷ്യൽ-മീഡിയ
ആക്റ്റിവിറ്റീസ് വീക്ഷിച്ച് റിപ്പോർട്ട് നൽകുക എന്നതായിരുന്നു ഞങ്ങളുടെയൊക്കെ  ദൌത്യം .

സ്റ്റാഫിന്റെ ഫുൾ നേയിം അടക്കം പല ഡീറ്റെയിൽസും
വളരെ രഹസ്യമായി തന്നിട്ടുള്ളത് നോക്കി അതീവ രഹസ്യമായ്
അവരുടെയൊക്കെ ട്വിറ്റർ , പ്ലസ് , ബ്ലോഗ് , .., ..., ഫേയ്സ് ബുക്ക്
എന്നിവയിലെ ജോലിസമയത്ത് മാത്രം നടത്തുന്ന അപ്ഡേറ്റുകൾ
റെക്കോർഡ് ചെയ്യുക എന്നതാണ് ഞങ്ങളുടെ വളരെ ലിഷറായി ചെയ്യുന്ന ജോലികൾ.
നൈറ്റ് ഡ്യൂട്ടിയിലെ ഒരു മണിക്കൂറിൽ 35 ലൈക്കും ,
13 ഷെയറും നടത്തിയ ഒരു മല്ലു ചുള്ളന്റേതടക്കം , സമാനമായ
പല സ്റ്റാഫിന്റെയുമൊക്കെ ,  ഗതി പിന്നീടെന്തായെന്നോർത്ത് എനിക്ക്
സങ്കടമാണൊ അതോ സന്തോഷമാണോ ഉണ്ടായതെന്ന് പറയുവാൻ പറ്റുന്നില്ല.

ഇതൊന്നുമല്ല തമാശ...
ഈ രഹസ്യങ്ങളെല്ലാം ചോർത്തി കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ  പ്ലസ് ഷെയറിങ്ങും , ലൈക്ക് മെഷീനുമൊക്കെയായി  മൊബൈയിൽ ഫോണിലൂടെ നേരം കൊല്ലുകയായിരുന്നു...!

ഏവർക്കും പണികൊടുക്കേണ്ട ആ ജോലിയിൽ കോൺസെണ്ട്രേഷൻ
വേണ്ടതുകൊണ്ട് ബൂലോഗ പര്യടനങ്ങളൊന്നും എനിക്കപ്പോൾ  കാര്യമായി നടത്താനും
പറ്റുന്നുണ്ടായിരുന്നില്ല ...
ഇ - യുകത്തിലെ കലി കാലം ...
എന്നല്ലാതെന്ത് പറയുവാൻ  അല്ലേ

ഇപ്പോൾ നമ്മുടെ ഭൂമിമലയാളത്തിലും ബൂലോഗത്തിന്
പത്ത് വയസ് പൂർത്തിയായിരിക്കുകയാണല്ലോ അല്ലേ
ഒപ്പം തന്നെ നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള സൈബർ എഴുത്തിനെ കുറിച്ച്
ഈയിടെ മാതൃഭൂമി ന്യൂസിൽ വന്ന ഒരുചർച്ചയും ഈ വീഡിയോയിൽ വേണമെങ്കിൽ 
കാണാം . പിന്നെ ബൂലോഗർ പാലിക്കേണ്ട പത്ത് കൽ‌പ്പനകളെ കുറിച്ച് ഫിപിപ്സ് ഏരിയൽ
എഴുതിയ കുറിപ്പുകളും ഇതോടൊപ്പം കൂട്ടിവായിക്കാം കേട്ടൊ.

ഒരു പക്ഷേ  ഈ ബൂലോഗമൊന്നും ഈ ഭൂലോകത്തിൽ
പൊട്ടി മുളച്ചില്ലെങ്കിൽ  ഈ ബിലാത്തി പട്ടണമെന്ന ലണ്ടനിലെ
ഒരു കൊച്ചു  സർക്കിളിൽ ഒതുങ്ങി പോകേണ്ട ഒരുവനായിരുന്നു ഞാൻ ...!

അന്തർദ്ദേശീയമായി അടിവെച്ചടിവെച്ച് മാധ്യമരംഗം
കീഴടക്കി കൊണ്ടിരിക്കുന്ന ആഗോള ബൂലോഗ രംഗത്ത്
ഒരു കുഞ്ഞ് തട്ടകം എനിക്കുമുണ്ടല്ലോ എന്നത് ഒരു പത്രാസ് തന്നെ ...അല്ലേ

വളരെ അഭിമാനത്തോടു കൂടി ഇന്നെനിക്ക്
പറയുവാൻ സാധിക്കുന്ന വേറൊരു സംഗതികൂടിയുണ്ട്.

ഏതൊരു ബന്ധുജനങ്ങളേക്കാളും
സ്നേഹവും , വാത്സല്ല്യവുമുള്ള അനേകം സൈബർ മിത്രങ്ങൾ ഈ ഭൂലോകത്തിന്റെ  ഏത് മുക്കിലും മൂലയിലുമായി എനിക്കിന്ന് കൂട്ടിനുണ്ട് ...

ഒരില ചോറും , ഒരു പായ വിരിക്കാനുള്ള
ഇടവും വരെ , തരാൻ തയ്യാറുള്ള , മാനസികമായി വളരെ അടുപ്പമുള്ള , ഇതുവരെ കണ്ടിട്ടില്ലാത്ത  അനേകമനേകമായ ; എന്റെ പ്രിയപ്പെട്ട ബൂലോഗ മിത്രങ്ങളാണവർ ...!

എന്റെ തട്ടകമായ ‘ബിലാത്തിപട്ടണമായ ലണ്ടനിലെ മായക്കാഴ്ച്ച
കളിലൂടെ  2008 നവംബർ 30-ന്  ആരംഭം കുറിച്ചതാണ് ഈ സൌഹൃദ  കൂട്ടായ്മ...

അന്ന് കൂടെയുണ്ടായിരുന്നവരൊക്കെ , എന്റെ ഒന്നാം തിരുന്നാളിലും
വമ്പിച്ച പിന്തുണയേകിയെങ്കിലും , പിന്നീടതിൽ പലരും മൌനത്തിലായെങ്കിലും
രണ്ടാം ബൂലോഗ ജന്മദിനത്തിൽ അവരടക്കം , അനേകം പുതു മിത്രങ്ങളോടൊപ്പം
പ്രണയത്തിന്റെ വർണ്ണപകിട്ടുകളാൽ എന്നെ കോരി തരിപ്പിച്ച് , ശേഷം പല പുത്തൻ കൂട്ടുകാർക്കൊപ്പം മൂന്നാം വാർഷികത്തിന്റന്ന്     മാജിക്കിന്റെ ഒരു വിസ്മയ ലോകം  ഇവിടെ വന്നുണ്ടാക്കിയിട്ടും  , പിന്നീട്  നാലാം പിറന്നാളിന് എന്റെ  ബ്ലോഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും  കണ്ട് , വീണ്ടും അനേകം പുതിയ മിത്രങ്ങളടക്കം എന്റെ ഇതുവരെയുള്ള ... ഒട്ടും സാഹിത്യ ഭംഗിയൊന്നുമില്ലാത്ത , വായിൽ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ , ഞാൻ ഇവിടെ ലണ്ടനിൽ ചുറ്റുപാടും കണ്ടതും കേട്ടതുമായ കുറിപ്പുകൾ എഴുതിയിട്ടതെല്ലാം വായനയിൽ ഉൾപ്പെടുത്തി ...
നിങ്ങളെല്ലാ  കൂട്ടുകാരുടേയും പ്രോത്സാഹനങ്ങളാലും
മറ്റും കാരണം ഇപ്പോഴും , തൻ കാര്യം കൂട്ടികുഴച്ചുള്ള എന്റെ സ്ഥിരമായുള്ള ചടപ്പരത്തി ലിഖിതങ്ങൾ ഒരു കോട്ടവും കൂടാതെ ഇന്നും നിലനിറുത്തി തുടർന്നുകൊണ്ടിരിക്കുവാൻ  കഴിയുന്നൂ ...!


ഇന്നത്തെ ഈ നവംബർ 30 ലെ അഞ്ചാം ജന്മദിനം
വരെ പല ബാലാരിഷ്ട്ടതകൾ ഉണ്ടായിട്ടും , ഈ ‘ബിലാത്തിപട്ടണ‘ത്തെ
താലോലിച്ചും , ശ്വാസിച്ചും , കളിപ്പിച്ചും വളർത്തി വലുതാക്കിയ നിങ്ങൾക്കൊക്കെ എങ്ങിനെയാണ് ഞാൻ നന്ദി ചൊല്ലേണ്ടത്  ... എന്റെ കൂ‍ൂട്ടരെ ...?




 ഒരു പിന്നാമ്പുറ അറിയിപ്പ്

മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ ( mauk ) യുടെ കീഴിൽ പ്രവർത്തിക്കുന്ന
സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ കട്ടൻ കാപ്പിയും കവിതയും അവതരിപ്പിക്കുന്ന മലയാളത്തിലെ  ഒരു പുതിയ സംരംഭത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്...

എഴുതുവാൻ താല്പ്യര്യമുള്ള ഏവർക്കും
പങ്കെടുക്കാം.വിശദവിവരങ്ങൾക്ക് :- http://www.kattankaappi.org/

ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇരുന്നും പലരാലും എഴുതി
പൂർത്തികരിക്കാവുന്ന ഒരു ഗ്രന്ഥം ഭാവനയുടെ അതിരുകളിലേക്കൊരു യാത്ര


ഇന്നലെ ഭൂമി കഥാവശേഷയാകുമെന്നു  ആരൊക്കെയോ പ്രവചിച്ചിരുന്നു. 
ഇന്ന് എനിക്കിത് എഴുതാന്‍ കഴിയുന്നു. നന്ദിയുണ്ട്, ഭൂമിയെ മരിപ്പിക്കാതിരുന്നതില്‍ . 
മിച്ചം വന്ന ഈ ലോകത്തിരുന്നുകൊണ്ട്, എഴുത്തിന്‍റെ ലോകത്ത് ഒരു സാധ്യത ആരായുകയാണ്.

ചിരിക്കാം, ആക്ഷേപിക്കാം, വിമര്‍ശിക്കാം, എന്തുമാകാം ; 
പക്ഷെ ഈ സംരംഭം മുന്നോട്ട് പോകും. ഇതിന്‍റെ ഉദ്ദേശം എഴുത്തുകാരന്റെ 
- എഴുത്തിലുള്ള - സമ്പൂര്‍ണ സ്വാതന്ത്ര്യവും അതിരുകള്‍ ഭേദിക്കുന്ന സർഗാത്മകതയുമാണ്..!

അതിനായി പുതിയ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ്. 
കണ്ടു പരിചയിച്ച നിയമങ്ങളും നിയന്ത്രണങ്ങളുമല്ല ഇവിടെയുള്ളത്. 
'മറുപുറം' അഥവാ 'The Other Side' , ജീവിതം എന്നാ മഹാ രചനയുടെ മറ്റൊരു താളാണ്‌.

ഈ രചനയില്‍ ആര്‍ക്കും പങ്കെടുക്കാം. 
ഒരു മുന്‍വിധിയും ഇല്ലാതെ കഥ മുന്നോട്ട് പോകും. 
സന്ധികളും, തന്തുക്കളുമായി കഥ വികസിക്കും. ഒരു സന്ധിയില്‍ 
നിന്നുള്ള വികാസത്തിനായി, കഥാ തന്തുക്കള്‍ ആര്‍ക്കും നല്‍കാം. 
ഇവിടെ ലഭിക്കുന്ന കഥാ തന്തുക്കളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന തന്തു, 
സന്ധിയുമായി ചേര്‍ക്കും. അപ്പോള്‍ രൂപപ്പെടുന്ന സന്ധിക്കുവേണ്ടി പുതിയ 
കഥാ തന്തുക്കള്‍ വീണ്ടും ഉരുത്തിരിയണം.

ലഭിക്കുന്ന കഥാ തന്തുക്കളില്‍ നിന്നും അനുയോജ്യമായത് 
തെരഞ്ഞെടുക്കുന്നത്  ചര്‍ച്ചകളിലൂടെ ആയിരിക്കും. ഒരുപക്ഷെ 
ഒരു voting സമ്പ്രദായവും ഉണ്ടായിരിക്കും.  ഈ സംരംഭത്തിന്റെ സമ്പൂര്‍ണ്ണ 
ഉത്തരവാദിത്വവും നിയന്ത്രണവും 'കട്ടൻ കാപ്പിയിൽ' നിക്ഷിപ്തമായിരിക്കും.

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...