Sunday, 12 September 2021

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Aamukham ...!

 


ഈ  ഡിജിറ്റൽ പുസ്തകത്തിന്റെ 
ഉള്ളടക്കമാണ്  ഇവിടെ  ഇവിടെ പകർത്തിവെച്ചിട്ടുള്ളത്  
ആംഗലേയ  നാട്ടിലെ നൂറ് വർഷം 
പിന്നിടുന്ന മലയാളി എഴുത്തിന് ഒരു ആമുഖം.

അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും, 
കലകളേയുമൊക്കെ സ്നേഹിച്ച കുറച്ച് ആളുകൾ 
എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ഭാഷയും സംസ്കാരവും അവർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയാലും അവിടങ്ങളിലും കോട്ടം കൂടാതെ നിലനിൽക്കുന്നത് .
അതുപോലെ തന്നെയാണ് 
നമ്മുടെ ഭാഷയുടെ സ്ഥിതിയും .
അനേകം മലയാളി വംശജർ ഇന്നീ ആംഗലേയ ദേശങ്ങളിൽ വസിക്കുന്നുണ്ടെങ്കിലും , ഇതിൽ ഒട്ടുമിക്കവർക്കും  നമ്മുടെ പഴയകാല കുടിയേറ്റ ചരിത്രങ്ങൾ  അത്ര വ്യക്തമായി അറിയില്ല എന്നതാണ്  വാസ്തവം...!
ഇത്തരം മലയാളി കുടിയേറ്റത്തിന്റെ 
ചരിത്രങ്ങളിലേക്ക് 
ഒരു എത്തി നോട്ടം നടത്തി  
അന്നും , ഇന്നും -  ഈ ചരിതങ്ങളിൽ സ്വന്തം ഭാഷയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച്  ഇടം നേടിയ ചില മഹത് വ്യക്തികളെ ഇവിടെ ജസ്റ്റ്  ഒന്ന് പരിചയപ്പെടുത്തുകയാണ് ...
ചരിത്രത്തിൽ മറഞ്ഞിരിക്കുന്നവരെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ, ഇപ്പോൾ ഇവിടെ ആംഗലേയ ദേശങ്ങളിൽ അങ്ങിങ്ങായി വേറിട്ടു  കിടക്കുന്ന കുറച്ച് കലാ സാഹിത്യ പ്രതിഭകളെ പരസ്പരം കൂട്ടിയിണക്കുക എന്ന ഒരു സദുദ്ദേശത്തോടു കൂടി ലണ്ടനിലുള്ള  'കട്ടൻ കാപ്പിയും കവിതയും' എന്ന കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ പ്രവർത്തകർ അനേകം നാളുകളിലായി നടത്തിയ അന്വേഷണങ്ങളാണ് , ഈ സചിത്ര ലേഖനങ്ങൾ ഫലപ്രാപ്തി കൈവന്നതിനുള്ള  കാരണം !

നമ്മുടെ  ഭാരതത്തിലെ ഒരു കൊച്ചുരാജ്യമായ മലയാള നാട്ടിലെ   ആളുകൾ ഇന്ന് ആഗോളതലത്തിലുള്ള  ഒട്ടുമിക്ക രാജ്യങ്ങളിലും 
ചേക്കേറി കുടിപ്പാർപ്പ് നടത്തി പ്രവാസ ജീവിതം നയിച്ചു പോരുന്നുണ്ട്  .

'അഫ്‌ഗാനിസ്ഥാൻ' , 'ബ്രസീൽ ' മുതൽ 'ഉഗാണ്ട ', 'യെമൻ', ' വെസ്റ്റ് ഇന്റീസ്',  'സിംബ്വാവേ ' വരെയുള്ള A to Z രാജ്യങ്ങളിൽ നമ്മൾ  മലയാളികൾ ഇന്ന് വാസമുറപ്പിച്ചിട്ടുണ്ട്  ...

അതായത് ആഗോള വ്യാപകമായി ഇത്ര വ്യാപ്തിയിൽ ലോകം മുഴുവൻ ചേക്കേറിയ ഒരു ജനത  ജൂത വംശജരായിരുന്നു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് . 
പണ്ട്  ജൂത വംശജരുടെ പേരിലുണ്ടായിരുന്ന ആ 'റെക്കോർഡ്'  , ഇപ്പോൾ നമ്മൾ മലയാളികൾ  തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് !

ആയതിൽ ഇടം നേടിയ ഇന്നത്തെ പ്രവാസികളായ   യു. കെ മലയാളികളുടെ  ചരിത്രത്തിലത്തിലേക്കും കൂടി ഒന്ന്  എത്തി നോക്കാം...
അത്ര വ്യപകമായൊന്നുമില്ലെങ്കിലും , ഏതാണ്ട് മൂന്നര നൂറ്റാണ്ട് മുതൽ ഭാരതീയ കുടിയേറ്റങ്ങൾ യൂറോപ്പിൽ ഉണ്ടായി തുടങ്ങിയെന്നാണ് ചരിത്രങ്ങൾ പറയുന്നത്.
അന്നൊക്കെ ചില യൂറോപ്പ്യൻ രാജ്യങ്ങൾ തെക്കനേഷ്യൻ രാജ്യങ്ങളിൽ കോളണികൾ സ്ഥാപിച്ച ശേഷം പോർച്ച്ഗീസിലേക്കും, ഇംഗ്ലണ്ടിലേക്കും, ഫ്രാൻസിലേക്കുമൊക്കെയാണ് അന്നീ പ്രഥമ കുടിയേറ്റങ്ങൾ നടത്തപ്പെട്ടത്...
അന്ന് കാലത്ത്  കോളണി രാജ്യങ്ങളിൽ നിന്നും കച്ചവടം ചെയ്തും , കൊള്ള ചെയ്തും കൊണ്ടു വരുന്ന ഭക്ഷ്യ വിഭവങ്ങളൊക്കെ ശരിയായി സംസ്കരിച്ച് സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടിയാണ് , ആയതിൽ നിപുണരായ തൊഴിലാളികളെ യൂറോപ്പിലേക്ക് കപ്പലേറ്റിയത് - ഒപ്പം അല്പസൽപ്പം അടിമപ്പണിക്കും കൂടിയായിരുന്നു ഇത്തരം മനുഷ്യ കടത്തലുകൾ ഉണ്ടായത് .
അതിനുശേഷവും യജമാന സേവകാരായും, തോട്ടപ്പണിക്കാരായും, റെയിൽവെ പണിക്കാരായും കുടുംബ സമേധവും, അല്ലാതെയും എത്തിപ്പെട്ടവരിൽ ഒട്ടുമിക്കവർക്കും അന്നൊന്നും തിരിച്ച് പോകാനായില്ല. 
പിന്നീടവർ ഒരു തരം 'മിക്സ്ഡ് കൾച്ചറൽ  ജനറേഷ'നായി - 'ജിപ്സി'കളായി ഇവിടെ യൂറോപ്പ്യൻ രാജ്യങ്ങളിൽ  ജീവിതം നയിച്ചു. തുടർന്നും  രണ്ട് നൂറ്റാണ്ടോളം ഈ യജമാനൻ - സേവക മനുഷ്യ കടത്തലുകൾ സുഖമമായി നടന്ന് കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത് !

എന്നാൽ ഏതാണ്ട്  ഒന്നേകാൽ നൂറ്റാണ്ട്  മുമ്പ് 
മുതൽ കാശ് മുടക്കി അതിസമ്പന്നരുടേയും, നാടുവാഴികളുടേയും തലമുറയിൽ 
പെട്ടവർ പഠിക്കുവാനും മറ്റുമായി ബിലാത്തിയിലേക്ക് കപ്പലേറി 
വന്നു തുടങ്ങി... 
ഈ കാലഘട്ടങ്ങളിൽ  ഡോക്ട്ടർ, ബാരിസ്റ്റർ മുതൽ  ഉന്നത ബിരുദങ്ങൾ  കരസ്ഥമാക്കുവാൻ തിരുവിതാംകൂർ ,കൊച്ചി ,മലബാർ പ്രവിശ്യകളിൽ നിന്നും സമ്പന്നർ ഇവിടെ എത്തിപ്പെട്ടു . ആ സമയത്ത്  ലണ്ടനിലെത്തിയ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് ചെറിയ രീതിയിൽ സ്ഥിര താമസം തുടങ്ങിയെങ്കിലും അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും മറ്റും  അതിനുശേഷം  അര നൂറ്റാണ്ട്  പിന്നിട്ടാണ് . 
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടന്റെ സൈനിക സേവന മേഖലയിൽ ജോലിചെയ്തിരുന്ന നല്ല പ്രാവീണ്യമുള്ളവർക്കും ആ അവസരത്തിൽ ഇവിടേക്ക് കുടിയേറാനും അവസരം ലഭിച്ചിരുന്നു .

പിന്നീട് 1950 കൾക്ക്  ശേഷം സിലോൺ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ബ്രിട്ടീഷ് കമ്പനികളിലെ ജോലിക്കാർക്ക്, ബ്രിട്ടനിൽ ജോലി ചെയ്യുവാൻ അവകാശം കിട്ടിയപ്പോൾ ധാരാളം മലയാളികൾ കുടുംബമായി ഇവിടേക്ക് വ്യാപകമായി  കുടിയേറുകയും  ഉണ്ടായി...
1950 മുതൽ 1980 വരെ ബ്രിട്ടന്റെ മൂന്നാലു ഭാഗങ്ങളിൽ പല പ്രതിസന്ധികളും നേരിട്ട് അതിജീവനം നടത്തിയാണ് പുത്തൻ കുടിയേറ്റക്കാരായ ഭൂരിഭാഗം മലയാളികളും ജീവിതം കുറേശ്ശെയായി പച്ച പിടിപ്പിച്ച്  കൊണ്ടിരുന്നത് ...
ഇവരുടെയൊക്കെ രണ്ടാമത്തെ  തലമുറ ബിലാത്തിയിലെ വിദ്യാഭ്യാസം നേടുകയും , അതോടൊപ്പം മലയാളനാടിന്റെ പല സാംസ്കാരിക ചിട്ടവട്ടങ്ങളും ഇത്തിരിയിത്തിരിയായി അവരുടെയൊക്കെ കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ , ഈ നാട്ടിലും പ്രചരിപ്പിച്ച് തുടങ്ങുകയും ചെയ്തിരുന്നു.
പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക 
രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി. അതിൽ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ...
എന്നാൽ ഈ പുതിയ നൂറ്റാണ്ടായ 2000 മുതലും, ആയതിനുതൊട്ട് മുമ്പും 'പ്രൊഫഷണലായും , സെമി - പ്രൊഫഷണലായും , വർക്ക് പെർമിറ്റ്' അടിസ്ഥാനത്തിലും  ഇവിടെ വ്യാപകമായി സ്വകുടുംബമായി എത്തിച്ചേർന്ന അനേകം മലയാളികൾ , പിന്നീട് അനേകം സംഘടനകൾ ഉണ്ടാക്കുകയും , സ്വന്തം സ്ഥാപനങ്ങൾ അടക്കം പലതരം  കച്ചവടങ്ങൾ ആരംഭിക്കുകയും ചെയ്തു തുടങ്ങിയതോട് കൂടി  -  മലയാളി സാനിദ്ധ്യം ഇല്ലാത്ത സ്ഥലങ്ങൾ ആംഗലേയ നാട്ടിൽ വളരെ വിരളമായി  തീർന്നു എന്ന് പറയാം ...
ഇത്തരം മലയാളി കുടിയേറ്റങ്ങൾക്കൊപ്പം നമ്മുടെ 
ഭാഷയും ഈ ബിലാത്തിയിൽ കുറേശ്ശെയായി വേരോടി കൊണ്ടിരുന്നു . 

കഴിഞ്ഞ നൂറ്റാണ്ടിലെ   പ്രവാസ കാലഘട്ടങ്ങൾക്കിടയിൽ  പാശ്ചാത്യ നാട്ടിൽ നിന്നും  മലയാള ഭാഷയിൽ,  നൂറ് വർഷങ്ങൾക്ക് മുമ്പ്  അന്നുണ്ടായിരുന്ന മലയാളികൾ  ഒരു  മലയാളം  കൈയെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തിറക്കിയിരുന്നു ...
ബ്രിട്ടനിൽ നിന്നും  അല്ലെങ്കിൽ ഒരു വിദേശരാജ്യത്ത് നിന്നും പുറത്തിറങ്ങിയ ആദ്യത്തെ മലയാള പുസ്തകം  ...!
അതായത്  ബിലാത്തിയിൽ ശത വാർഷികം കൊണ്ടാടുന്ന ഭാരതത്തിലെ ഒരു ശ്രേഷ്‌ഠ ഭാഷയുടെ നൂറാം പിറന്നാൾ കൊണ്ടാടുന്ന ഒരു വർഷം  കൂടിയാണ് 2019 .
1912 -ൽ  ലണ്ടനിൽ  പഠിക്കാനെത്തിയ എഴുത്തുകാരനും 
വാഗ്മിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന കെ.പി .കേശവ മേനോന്റെ നേതൃത്വത്തിൽ 1914 - ൽ തുടങ്ങിവെച്ച ഒരു വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു 'മലയാളി മൂവ്മെന്റ്' എന്ന പാശ്ചാത്യ ലോകത്തെ പ്രഥമമായ  
മലയാളി കൂട്ടായ്മ  ! 
ഈ മലയാളി മൂവ്മെന്റിലെ ആളുകൾ നാലഞ്ചുകൊല്ലങ്ങൾക്ക് ശേഷം , അന്നിവിടെ നിയമം  പഠിക്കുവാൻ വന്നിരുന്ന അഡ്വേക്കേറ്റ് .കെ.ടി. പോളിന്റെ മേൽനോട്ടത്തിൽ - അന്ന്  ലണ്ടനിലുണ്ടായിരുന്ന ഭാഷാസ്നേഹികളായവർ  ഒത്ത് ചേർന്ന്  ,1919 ൽ കൈപ്പടയാൽ എഴുതി, ചിത്രങ്ങൾ വരച്ച്  പ്രസിദ്ധീകരിച്ച കൈയെഴുത്ത് പതിപ്പായിരുന്നു പാശ്ചാത്യ ലോകത്തു നിന്നും  ഇറങ്ങിയ ആദ്യത്തെ മലയാള പുസ്തകം !
1920 -ൽ  ഒരു ഇന്ത്യൻ സ്റ്റുഡൻസ് ഹോസ്റ്റൽ ലണ്ടനിലെ 'വൈ .എം.സി .എ' യിൽ (YMCA -ISH ) ആരംഭം കുറിച്ചതും  
അഡ്വേക്കേറ്റ് .കെ.ടി. പോളായിരുന്നു .
1919 മുതൽ തുടർച്ചയയായി കൊല്ലം തോറും പ്രസിദ്ധീകരിച്ചില്ലെങ്കിലും പലപേരുകളിലായി ഈ വിദ്യാർത്ഥി പ്രസ്ഥാനവും ,പിന്നീട് വന്ന മലയാളി 
സമാജവും ഓബ്രി മേനോൻ , കോന്നി മേശ്രി , ഡോ .കുഞ്ഞൻ, മേനോൻ മാരാത്ത് , വി.കെ .കൃഷ്ണമേനോൻ , കരുവത്തിൽ ഗോപാലൻ, ഡോ .കോശി ഇട്ടൂപ്പ് , പി.കെ .സുകുമാരൻ , ഡോ .ആർ .കെ .മേനോൻ ,
എം.എ .ഷക്കൂർ എന്നീ ഭാഷാ  സ്നേഹികളായ പഴയ കാല യു.കെ.മലയാളികളുടെ  പ്രയത്‌നത്താൽ മലയാളം കൈയെഴുത്ത് പതിപ്പുകൾ ശേഷമുള്ള  കാലഘട്ടങ്ങളിലൊക്കെ ഇറക്കി കൊണ്ടിരുന്നതായി പറയപ്പെടുന്നു ...

പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപത് കാലഘട്ടം മുതൽ ഇവിടെ എത്തപ്പെട്ട ദേവദാസ പണിക്കർ (കൈരളി കലാസമിതി ),വില്ലൻ ഗോപി , രവിപിള്ള (ജെ.ആർ ), വി.കെ .നാരായണൻ , നടരാജൻ , മണമ്പൂർ സുരേഷ് , മിനി രാഘവൻ , ഹാരീസ് ,വെട്ടൂർ .ജി .കൃഷ്ണൻ കുട്ടി ,ജി.പി.രാജൻ  , ബാഡ്‌വിൻ സൈമൺ ബാബു , ഓമന ഗംഗാധരൻ , അൻസാരി കല്ലമ്പലം , ശശി കുളമട , ശിവാനന്ദൻ , ഫ്രാൻസിസ് ആഞ്ചലോസ്   മുതൽ ധാരാളം പേരുടെ പരിശ്രമത്താലും , സംഘടനകളിൽ കൂടിയും  കൈയെഴുത്തു മാസികകളായും, വാർഷിക പതിപ്പുകളായും അനേകം മലയാളം പുസ്തകങ്ങൾ ബ്രിട്ടനിൽ നിന്നും മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ഒപ്പം തന്നെ ഇതുവരെയായി ആംഗലേയ മലയാളികളുടേതായി അമ്പതിൽ പരം - പല വിഭാഗത്തിൽ പെട്ട  അച്ചടിച്ച മലയാള പുസ്തകങ്ങളും വിപണിയിൽ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട് .

ഇന്നിപ്പോൾ വായനയേയും  എഴുത്തിനേയും  പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം എല്ലാ  പ്രവാസികൾക്കിടയിലും  രൂപപ്പെട്ടു വരുന്നുണ്ട് .
അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺ - ലൈൻ പ്രസിദ്ധീകരണങ്ങൾക്കും, ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയ തട്ടകങ്ങൾക്കുമൊക്കെ നിർണ്ണായകമായ പങ്കുണ്ട്.

അതുപോലെ തന്നെ കാൽ നൂറ്റാണ്ടുമുമ്പ് മുതൽ പ്രൊഫഷണലായും , സെമി-പ്രൊഫഷണലായും ധാരാളം മലയാളികൾ 'വർക്ക് -പെർമിറ്റ് വിസ'യിൽ കുടുംബമായി ബ്രിട്ടന്റെ നാനാഭാഗങ്ങളിക്ക് കുടിയേറ്റം നടത്തി ഈ നാട്ടിലെ പല രംഗങ്ങളിലും അവരുടെ സാനിദ്ധ്യം പ്രകടമാക്കി നല്ല രീതികളിൽ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്‌തുവന്നപ്പോൾ മലയാളം വായനയും , എഴുത്തും ആയത് പോലെ നല്ല രീതിയിൽ വളർന്നു വന്നു ...
ഇന്ന് അനേകം  മലയാളി വംശജർ അങ്ങോളമിങ്ങോളം 
പലരാജ്യങ്ങളിലുമായി യൂറോപ്പിൽ  അധിവസിച്ചു വരുന്നുണ്ട്. 
അതിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം മലയാളി വംശജരുമായി ആയതിൽ ഏറ്റവും കൂടുതൽ മലയാളികളായ  പ്രവാസികളുള്ളത് 'ആംഗലേയ നാട്' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ്,  സ്കോട്ട് ലാൻഡ്  , അയർലണ്ടുകൾ' എന്നീ നാടുകളിലാണ് .
അതുകൊണ്ടിപ്പോൾ  മലയാളത്തേയും, ആയതിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങളേയും 
സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്.

അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും  കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌ !

ജീവിത വണ്ടിയിൽ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും അവർ ജനിച്ച നാടിന്റെ നന്മകളും, സംസ്കാരങ്ങളും, മറ്റും മറക്കാതെ 
മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച്  - ആ വിഹ്വലതകൾ മുഴുവൻ കലാ സാഹിത്യ രൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
ഓരൊ പ്രവാസ സമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , കലാപരമായിട്ടും മറ്റു സാംസ്കാരികമായ എല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ തന്നാലായവിധം കാഴ്ച്ച വെച്ച്  ഗൃഹാതുരത്വ സ്മരണകൾ എന്നും അന്യനാടുകളിലും  നിലനിർത്തി കൊണ്ടിരിക്കുന്നത് . 
അതെ അതുകൊണ്ടൊക്കെത്തന്നെയാണ് നമ്മുടെ മലയാളവും  നൂറു കൊല്ലങ്ങൾക്ക് ശേഷവും  ഈ ആംഗലേയ നാട്ടിൽ ഒരു കോട്ടവും  കൂടാതെ പച്ച പിടിച്ചു നിൽക്കുന്നത് .

ഇപ്പോൾ ഈ പാശ്ചാത്യ നാടുകളിൽ 
'ഓൺ -ലൈനായും , ഓഫ് -ലൈനാ'യും  ആയിരക്കണക്കിന് മലയാളം വായനക്കാർ വിവിധയിടങ്ങളിൽ  ജോലിയും മറ്റുമായി ഉപജീവനം നടത്തി വരുന്നുണ്ട്  . 
അവരവരുടെ മേഖലകളിലുള്ള വിഷയങ്ങളെ പറ്റി പലതും വിനോദോപാധി തട്ടകങ്ങളിൽ കൂടി എന്നുമെന്നോണം വിവിധ രീതിയിൽ കുറിച്ചിടുന്നവരേയും വേണ്ടുവോളം നമുക്ക് കാണുവാൻ സാധിക്കും .

ഒപ്പം തന്നെ മലയാള പുസ്തകങ്ങൾ രചിച്ച് 'ഡെസ്ക് ടോപ്പി'ൽ നിന്നും 'ബുക്ക് ഷെൽഫു' കളിൽ ഇടം പിടിച്ച്  മലയാള സാഹിത്യത്തിന്റെ വിപണിയിൽ  അവരവരുടേതായ സ്ഥാനം അലങ്കരിക്കുന്ന ധാരാളം  ആംഗലേയ  മലയാളികളേയും നമുക്ക് ദർശിക്കാവുന്നതാണ് .

ആംഗ്ലേയ നാടുകളിലെ മലയാളം ഭാഷ 
ചരിത്രത്തിൽ നിന്നും ഒരിക്കലും മാഞ്ഞു 
പോകാതിരിക്കുവാൻ വേണ്ടി, ഇത്തരം ഭാഷ സ്നേഹികളായ സാഹിത്യ കുതുകികളായ ആംഗലേയ ദേശത്ത് പഴയ കാലത്ത് ഉണ്ടായിരുന്നവരേയും  , ഇപ്പോൾ ഇവിടെ വസിക്കുന്നവരേയും , ഇവിടെ കുറെ നാൾ ജീവിച്ച് മറ്റുരാജ്യങ്ങളിലേക്ക് മടങ്ങിപ്പോയവരെയും  ഇതോടൊപ്പം പരിചയപ്പെടുത്തുക എന്ന ഒരു വിലപ്പെട്ട ഉദ്യമം  ലക്ഷ്യമാക്കിയാണ്  ഈ തുടർ എഴുത്തുകൾ ആരംഭം കുറിക്കുന്നത് ....

ബാക്കിപത്രം 
ബ്രിട്ടണിൽ മലയാളം എഴുത്തിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന 2019 ൽ -  ആ വർഷം ജനുവരി 31 മുതൽ മാർച്ച് 1 വരെ എഴുതിയിട്ട ആംഗലേയ ദേശത്തുണ്ടായിരുന്ന മലയാളം ഭാഷ കുതുകികളെ പരിചയപ്പെടുത്തുന്ന  ഏഴ്  സചിത്ര ലേഖനങ്ങളുടെ ഒറിജിനൽ ലിങ്കുകളാണ് താഴെ കൊടുത്തിട്ടുള്ളത് .
ഇവിടെയുണ്ടായിരുന്ന നമ്മുടെ ഭാഷാസ്നേഹികളെ എന്നുമെന്നും ഓർമ്മിക്കുവാനുള്ള സൈബർ ഇടങ്ങളാണിവ ...! 
വിശദ വിവരങ്ങൾ ലഭിക്കാത്തതിനാൽ 
ഇനിയും കുറെയധികം ഭാഷാസ്നേഹികളെ 
ഇവിടെയിതുപോലെ പരിചയപ്പെടുത്തുവാനുണ്ട് ...
  1. ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം
  2. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1  
  3. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 
  4. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 
  5. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 
  6. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 
  7. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 

(അടുത്ത ഭാഗത്തിൽ തുടരുന്നു )

Wednesday, 1 September 2021

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1 ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Part - 1 ...!


ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 

മലയാളി എഴുത്തിന്റെ നാൾവഴികൾ - ഭാഗം ഒന്ന് .

അനേകം പ്രഗത്ഭരും അല്ലാത്തവരുമായ 
മലയാളം ഭാഷ സ്നേഹികൾ കഴിഞ്ഞ ഒരു 
നൂറ്റാണ്ടിലായി ഈ ആംഗലേയ നാട്ടിൽ പ്രവാസികളായി എത്തി ചേർന്നപ്പോഴെല്ലാം   അവരുടേതായ രീതിയിൽ ഓരോ 
കാലഘട്ടത്തിലും കലാ സാഹിത്യ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിരുന്നതായി പാശ്ചാത്യ മലയാളി ചരിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട് ... 
ആദ്യ കാലങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലും മദ്ധ്യത്തിലുമൊക്കെ ബിലാത്തിയിലേക്ക് കപ്പലേറി വന്നിരുന്നത്
നാട്ടിലുള്ള പ്രമാണികളുടെ കുടുംബത്തിൽ ജനിച്ചവർ - ബാരിസ്റ്റർ , ഡോക്ട്ടർ മുതൽ ബിരുദങ്ങളും , മറ്റു ഉന്നത വിദ്യാഭ്യാസവും  കരസ്ഥമാക്കുവാൻ വേണ്ടിയായിരുന്നു ...
അവരിൽ ഭാഷ തല്പരരും , കലാസാഹിത്യ സ്നേഹികളുമൊക്കെ കൂടിയാണ് 'മലയാളി മൂവ്മെന്റ് 'പ്രസ്ഥാനവും , പിന്നീട് മലയാളി സമാജവുമൊക്കെ  ലണ്ടനിൽ തുടങ്ങി വെച്ചത്...

യു.കെയിൽ  ഇപ്പോൾ മലയാളി എഴുത്തിന്റെ 
ശത വാർഷികം കൊണ്ടാടുന്ന അവസരത്തിൽ ഇത്തരം ചരിതങ്ങളിൽ മറഞ്ഞിരിക്കുന്ന 
മഹാരഥന്മാരായ ആംഗലേയ 
നാട്ടിലുണ്ടായിരുന്ന മലയാളി വല്ലഭരടക്കം , ഇപ്പോൾ ഇവിടെയുള്ള മലയാളം എഴുത്താളരേയും പരിചയപ്പെടുത്തുന്ന ഒരു പരമ്പരയാണിത് ...

പഴയകാല പ്രതിഭകൾ 

കെ.പി.കേശവ മേനോൻ 
പാലാക്കാട്ടുള്ള തരൂരിൽ ജനിച്ച് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ ബിരുദമെടുത്ത ശേഷം 1912 ൽ ലണ്ടനിൽ വന്ന് (Middle Temple ) ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കിയ വ്യക്തിത്വത്തിനുടമയാണ് ശ്രീ . കെ.പി. കേശവ മേനോൻ  
അന്ന് ലണ്ടനിൽ പഠിക്കാനെത്തിയ എഴുത്തുകാരനും വാഗ്മിയും , പിന്നീട് മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന കെ.പി കേശവ മേനോന്റെ നേതൃത്വത്തിൽ 1914 - ൽ തുടങ്ങി വെച്ച 'മലയാളി മൂവ്മെന്റ് 'എന്ന വിദ്യാർത്ഥി പ്രസ്ഥാനം അന്ന് ലണ്ടനിൽ
മലയാള ഭാഷ സാഹിത്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ശേഷം രണ്ട്  ദശകം കഴിഞ്ഞപ്പോൾ  കേരള സമാജമായി പരിണമിച്ചതും ഈ വിദ്യാർത്ഥി പ്രസ്ഥാനമാണ്.
പിന്നീടുള്ള ഇദ്ദേഹത്തിന്റെ ലണ്ടൻ സഹവാസത്തിന്റെ  രണ്ടാമൂഴം കൂടി കഴിഞ്ഞ ശേഷം  ; ക്രാന്തദർശിയും , പത്രപ്രവർത്തന രംഗത്തെ അതിപ്രഗൽഭനുമായിരുന്ന  'മാതൃഭൂമി ' പ്രസിദ്ധീകരണങ്ങളുടെ തലതൊട്ടപ്പനായിരുന്ന ശ്രീ . കെ.പി. കേശവമേനോനാണ്   മലയാളികൾക്കാദ്യമായി ലണ്ടനിലെ പല അത്ഭുതകാഴ്ച്ചകളും മറ്റും പരിചയപ്പെടുത്തി തന്നത്.
നമ്മളിൽ നിന്നുമൊക്കെ ഏറെ വിഭിന്നമായ   ബ്രിട്ടീഷ് ജനതയുടെ ഒരു നൂറ്റാണ്ടുമുമ്പുണ്ടായിരുന്ന സാംസ്കാരിക ജീവിത തനിമകളും , എടുത്തുപറയാവുന്ന പല ബിലാത്തി വിശേഷങ്ങളും , വളരെ നൈർമ്മല്ല്യമായ ഭാഷയിലൂടെ നമ്മുടെ പഴയ തലമുറയിൽ പെട്ടവർക്കും , പിന്നീടുള്ളവർക്കും അറിയാൻ കഴിഞ്ഞത് . 'ബിലാത്തി വിശേഷം ' , 'നാം മുന്നോട്ട് ' ആത്മകഥയായ 'കഴിഞ്ഞ കാലം' മുതലുള്ള ഈ സാഹിത്യ വല്ലഭന്റെ പുസ്തകങ്ങളിലൂടേയും, എഴുത്തുകളിലൂടെയുമാണ് ...

കെ.ടി .പോൾ 
തിരുവിതാംകൂറിൽ നിന്നും നിയമ പഠനത്തിനായി 1914 -ൽ ലണ്ടനിൽ എത്തിയ ഭാഷാ സ്നേഹിയായ നല്ല ചുറുചുറുക്കുള്ള വിദ്യാർത്ഥിയായിരുന്നു ശ്രീ .കെ.ടി .പോൾ .
ഏതാണ്ട് പന്ത്രണ്ടു കൊല്ലക്കാലം അഡ്വേക്കേറ്റ് കെ.ടി .പോൾ ധാരാളം സാമൂഹ്യ സാഹിത്യ പ്രവർത്തങ്ങളുമായി ലണ്ടനിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു . 
ഇദ്ദേഹത്തിന്റെ  നേതൃത്വത്തിൽ ഒരു പറ്റം ഭാഷാ സ്നേഹികളാണ് കൈപ്പടയാൽ എഴുതി ചിത്രങ്ങൾ വരച്ച് ലണ്ടനിൽ നിന്നുള്ള ആദ്യത്തെ മലയാള പുസ്തകമായ ഒരു കൈയെഴുത്ത് പതിപ്പ് 1919 -ൽ പുറത്തിറക്കിയത് . 
ഒരു വിദേശ രാജ്യത്തുനിന്നും പുറത്തിറങ്ങിയ ആദ്യത്തെ മലയാള പുസ്തകം ...!
1919 മുതൽ തുടർച്ചയയായി കൊല്ലം തോറും 
പ്രസിദ്ധീകരിച്ചില്ലെങ്കിലും പല പേരുകളിലായി 
ഈ വിദ്യാർത്ഥി പ്രസ്ഥാനവും , പിന്നീട് വന്ന മലയാളി സമാജത്തിലെ പ്രവർത്തകരും കൂടി പല തവണകളിലായി ധാരാളം മലയാളം കൈയെഴുത്ത് പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും പറയുന്നു .1920 - ൽ ഒരു ഇന്ത്യൻ സ്റ്റുഡൻസ് ഹോസ്റ്റൽ ലണ്ടനിലെ വൈ.എം .സി .എ യിൽ (YMCA -ISH ) ആരംഭം കുറിച്ചതും അഡ്വേക്കേറ്റ് കെ.ടി .പോൾ മുന്നിട്ടിറങ്ങിയാണ് .
പിന്നീട് ആ സ്റ്റുഡൻസ് ഹോസ്റ്റലിൽ ഗാന്ധിജിയും ,രബീന്ദ്രനാഥ ടാഗോറും വന്ന് പ്രഭാഷണം നടത്തിയ രേഖകളും ഇപ്പോൾ ലഭ്യമാണ് ...

ഓബ്രി  മേനോൻ
തിരുവനന്തപുരത്ത് 1912 - ൽ അന്ന് കാലത്ത് ബ്രിട്ടനിലുണ്ടായിരുന്ന ഐറിഷ്- മലയാളി മാതാപിതാക്കളുടെ മകനായി ജനിച്ച് , പിന്നീട് ലണ്ടനിൽ  വന്ന്  കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഓബ്രി മേനോൻ  എന്ന Salvator Aubrey Clarence Menon  മലയാളത്തിലും , ആംഗലേയത്തിലും എഴുതുന്ന ഒരു സമ്പൂർണ്ണ എഴുത്തുകാരനായിരുന്നു.
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ബിരുദമെടുത്തശേഷം നാടക നിരുപകനായും , നാടക സംവിധായകനായും പ്രവർത്തിക്കുന്നന്നതിനിടയിൽ നർമ്മ ലേഖനങ്ങൾ എഴുതുവാൻ ആരംഭിച്ചു. 
ആക്ഷേപ ഹാസ്യത്തിലൂടെ ഇദ്ദേഹം രചിച്ച പല നാടകങ്ങളും ഹിറ്റായതിനെ തുടർന്ന് ഓബ്രിമേനോൻ  പിന്നീട് പല യാത്രാ വിവരണങ്ങളും , നോവലുകളും എഴുതുവാൻ തുടങ്ങി.
ഐറിഷ് -ഇന്ത്യൻ പാരമ്പര്യത്തിന്റെ മികവിൽ , ഒട്ടും നാഗരികമല്ലാത്ത ഇന്ത്യൻ മിത്തുകൾ കോർത്തിണക്കി ഇദ്ദേഹം രചിച്ച് 1947 ൽ ആദ്യം പുറത്തിറങ്ങിയ നോവലാണ്  'The Prevalence of Witches ' .
പിന്നീട് 1989 ൽ വരെയുള്ള കാലഘട്ടങ്ങളിൽ ഇദ്ദേഹം10 നോവലുകളും , 6  യാത്രാവിവരണങ്ങളും , അത്രതന്നെ ലേഖന /നർമ്മ സമാഹാരങ്ങളും എഴുതിയിട്ടുണ്ടായിരുന്നു. 
വാത്മീകി രാമായണം , എഴുത്തച്ഛൻ കിളിപ്പാട്ട് രാമായണം , മാപ്പിള രാമായണം എന്നൊക്കെ പറയുന്ന പോലെ  ആംഗലേയത്തിൽ 'ഓബ്രിരാമായണം' ( The Ramayana, As Told by Aubrey Menen  ') എന്നൊരു മാസ്റ്റർ പീസ് ഗ്രൻഥവും  1954 - ൽ ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട് . 
ആ കാലഘട്ടങ്ങളിൽ  തുടക്കം കുറിച്ച ' മലയാളി സമാജത്തി'ന്റെ പല പ്രവർത്തന  രംഗത്തുംബ്രി മേനോൻ  എന്ന ഹാസ്യ സാമ്രാട്ടിന്റെ സാനിദ്ധ്യം കുറെ കൊല്ലം ഉണ്ടായിരുന്നു . 
തിരികെ കേരളത്തിൽ വന്ന്  താമസിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു 1989 ൽ - ജീവിതത്തിൽ എന്നും ഒറ്റയാനായി ജീവിച്ചിരുന്ന  ഓബ്രി മേനോന്റെ അന്ത്യവും ഉണ്ടായത് ...

വി.കെ .കൃഷ്ണ മേനോൻ
തലശ്ശേരിയിൽ ജനിച്ച് ബാല്യകാലം  കോഴിക്കോടും , ബിരുദ പഠനം മദ്രാസ്  കൃസ്ത്യൻ കോളേജിലും പൂർത്തിയാക്കി 1924 ൽ ലണ്ടനിൽ എത്തി ലണ്ടൻ യൂണി : കോളേജ് / ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിക്‌സ്  തുടങ്ങിയ സ്ഥാപനങ്ങളിൽ   നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ 
വി.കെ .കൃഷ്ണമേനോൻ  അനേകം വിജ്ഞാന ഗ്രൻഥങ്ങളുടെ രചയിതാവാണ് .
 സാഹിത്യത്തിലും , പ്രസംഗത്തിലും , രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ - വെള്ളക്കാർ പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവ ഭാരത ശില്പികളിൽ ഒരാളായിരുന്നു വി.കെ ... 
നല്ലൊരു വാഗ്മിയും, പത്രപ്രവർത്തകനും,  എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോൻ  - പെൻഗിൽ പബ്ലിക്കേഷന്റെ എഡിറ്ററായും , ലേബർ പാർട്ടിയുടെ നേതാവായും , ആദ്യത്തെ ഭാരതീയ വംശജനായ കൗൺസിലറായും, സ്വാതന്ത്ര്യാനന്തരം ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായും 1952 വരെ ലണ്ടനിൽ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനായിരുന്നു . 
അതോടൊപ്പം ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ,  ഇന്ത്യാ ലീഗ് മൂവ്മെന്റ് , മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോൻ എന്ന സാരഥിയായിരുന്നു ... 

മേനോൻ മാരാത്ത് 
തൃശൂരിൽ 1906 ജനിച്ച ശങ്കരൻ കുട്ടിമേനോൻ മാരാത്ത് , മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബിരുദം എടുത്ത ശേഷം 1934 ലണ്ടനിൽ  വന്ന് കിങ്‌സ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം എടുത്ത ശേഷം , പിന്നീട് 2002 - ൽ ഇദ്ദേഹത്തിന്റെ മരണം വരെ ജോലിയും ,  സാഹിത്യ രചനയുമായി  ലണ്ടനിലെ  'ടെഡിങ്റ്റനി'ൽ താമസിസിച്ചിരുന്ന ഒരു സാഹിത്യ പ്രതിഭയായിരുന്നു . 

ആ കാലഘട്ടത്തിൽ പിന്നീടിവരെല്ലാം കൂടി രൂപീകരിച്ച 'മലയാളി  സമാജത്തി'ന്റെ സജീവ പ്രവർത്തകനും കൂടിയായിരുന്നു മേനോൻ മാരാത്ത് ... 
ആദ്യമെല്ലാം മലയാളത്തിലും , ആംഗലേയത്തിലും പല ഈടുറ്റ ലേഖനങ്ങളും എഴുതി ഇവിടത്തേയും  , ഇന്ത്യയിലേയും പല പ്രമുഖ  പ്രസിദ്ധീകരണങ്ങളിലും എഴുതിയിരുന്ന ഇദ്ദേഹം പിന്നീട് കഥകളും , നോവലുകളും എഴുതി തുടങ്ങി  . 
ആ കാലഘട്ടത്തിൽ ബ്രിട്ടനെ വളർത്തിയ ഏഷ്യക്കാരിൽ  ഒരുവനായിരുന്ന ( Making Britain ) ഇദ്ദേഹം BBC  ക്ക് വേണ്ടി അനേകം സ്ക്രിപ്റ്റുകളും എഴുതിയിട്ടുണ്ടായിരുന്നു .
1960 ൽ സ്വാതന്ത്ര്യത്തിനുമുമ്പുള്ള കേരളീയ  ജീവിതരീതികൾ തുടിച്ചു നിൽക്കുന്ന The Wound of Spring എന്ന പ്രസിദ്ധമായ  നോവലാണ്  മേനോൻ മാരാത്തിന്റെ പുറത്തിറങ്ങിയ ആദ്യ ആംഗലേയ നോവൽ . 
വളരെയധികം ഇടവേളകളിട്ട്  എഴുതിയ The Sale of an Island, Janu എന്നിങ്ങനെ അഞ്ച് ആംഗലേയ നോവലുകളടക്കം , ഇതിന്റെ മലയാള പരിഭാഷകളും , വേറെ ചില മലയാളം നോവലുകളും ഇദ്ദേഹം  എഴുതിയിട്ടുണ്ടായിരുന്നു . 
ഒപ്പം തന്നെ മേനോൻ മാരാത്ത് നല്ലൊരു ഗസൽ ഗായകനും കൂടിയായിരുന്നു . 
നാട് വിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും മലയാളത്തിലും, ആംഗലേയത്തിലും ധാരാളം എഴുതിയിരുന്ന മേനോന്‍ മാരാത്ത് എന്ന ശങ്കരകുട്ടി മേനോൻ മാരാത്തിനെ ,  അന്തരിക്കുന്നതിനും ഒരു വർഷം മുന്‍പ് അദ്ദേഹത്തിന്റെ , തെംസ് നദീ കരയിലെ    മനോഹരവും , പ്രശാന്തവുമായ അന്തരീക്ഷത്തിലുള്ള  വീട്ടില്‍ പോയി കലാകൗമുദിക്കു വേണ്ടി ഇന്റര്‍വ്യൂ ചെയ്തിരുന്നത്  മണമ്പൂർ സുരേഷ്  ആണ് ...

അന്നാമ്മ വർക്കി 
ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ഒരു സായിപ്പ് കുടുംബത്തിന്റെ കൂടെ 'ബെർക്ക്ഷെയറിൽ' വന്നുപെട്ട 'അന്നാമ്മ വർക്കി' എന്ന ഒരു 'ആയ' -  തന്റെ വിരഹ വേളകളിൽ ഒരു നോട്ടുബുക്കിലെഴുതി , കുറിച്ചുവച്ചിരുന്ന എഴുത്തുകൾ  എല്ലാം കൂടി എഡിറ്റ് ചെയ്ത് , അന്ന് കാലത്ത് , ഏതാണ്ട് അര  നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഗ്ലേയ നാട്ടിലെ മലയാളിയായ ആദ്യത്തെ ബിലാത്തി  എഴുത്തുകാരിയായ  , അന്നാമ്മ വർക്കിയുടെ
'ശീമയിലെ ഒരു പെണ്ണിന്റെ കഥ' ...!
1958 - 68  കാലങ്ങളിൽ ബ്രിട്ടണിൽ  ഉപരി പഠനത്തിന് വന്ന് , കുറച്ചു കാലം ഇന്ഗ്ലണ്ടിൽ ജോലി ചെയ്തിരുന്ന ഡോ : ആർ .കെ .മേനോനും , എസ് . മാരാത്ത് മേനോനും കൂടിയാണ് ഇവരുടെ കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി ഇവിടെ അന്നുണ്ടായിരുന്ന 'കേരള  സമാജ'ത്തിലെ അംഗങ്ങൾക്ക് വിതരണം ചെയ്തതെന്ന് പറയുന്നു...

മാലതി മേനോൻ
ഒപ്പം  തൃശൂർ മംഗളോദയം പ്രസ്സിൽ തന്നെ അച്ചടിപ്പിച്ച , ഡോ : ആർ .കെ .മേനോന്റെ   ഭാര്യയായ മാലതി മേനോൻ എഴുതിയ 'ബ്രിട്ടൻ  
അനുഭവ കഥകൾ ' , 'ആപ്പിൾ അച്ചാറും ബ്രിട്ടീഷ് കറികളും' എന്ന പാചക പുസ്തകവും പ്രസിദ്ധീകരിച്ച് - ആ സമയത്തുള്ള മലയാളി കളുടെ കൂട്ടായ്‌മയായ കേരള സമാജം പ്രവർത്തകർക്കെല്ലാം കൊടുത്തിരുന്നു എന്നും പറയുന്നു ...
അന്ന് ലണ്ടനിലുണ്ടായിരുന്ന 'ബിലാത്തി വിശേഷം  ' എഴുതിയ കെ.പി.കേശവമേനോനും, ഓബ്രി മേനോനും , എം.എ . ഷുക്കൂർ സായ്‌വും , എസ് . മാരാത്ത് മേനോനുമൊക്കെ കൂടി , അതി പ്രഗത്ഭനായിരുന്ന വി.കെ.കൃഷ്ണമേനോൻറെ നേതൃത്വത്തിൽ   ആ കാലഘട്ടങ്ങൾക്ക്‌ മുന്നേ തുടങ്ങി വെച്ച കേരള(മലയാള )സമാജമാണ് - പിന്നീട്  പരിണമിച്ച് , എഴുപത് കാലഘട്ടങ്ങളിൽ 'മലയാളി അസോസിയേഷൻ ഓഫ് ദി യു .കെ'  ( MAUK  )യായി രൂപാന്തരം പ്രാപിച്ചത് ...

എം.എ .ഷക്കൂർ  
ഈ കാലഘട്ടത്തിൽ തന്നെ തിരുവന്തപുരത്തുള്ള വക്കത്തുനിന്നും നിന്നും ലണ്ടനിലെത്തി ഉപരി പഠനം നടത്തിയ പണ്ഡിതനും വാഗ്മിയുമായ എഴുത്തുകാരനായിരുന്നു മുഹമ്മദ് അബ്ദുൾ ഷക്കൂർ(എം.എ . ഷക്കൂർ) ... 
അന്ന്  കാലത്ത് ധാരാളം ലേഖന സമാഹാരങ്ങളും, യാത്രാവിവരണങ്ങളും , കഥകളും , കവിതകളുമൊക്കെ എഴുതിയിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമര സമര പോരാളിയും പത്രപ്രവർത്തകനുമായ വക്കം മൗലവിയുടെ സഹോദരീ പുത്രനായിരുന്നു (പൂന്ത്രാൻ കുടുബാംഗം). 
എം.എ . ഷക്കൂർ   തകഴി ശിവശങ്കരപ്പിള്ളയുടെ ക്ലാസ്സ് മേറ്റായി    മദ്രാസ്സിൽ ബിരുദ പഠനത്തിന് ശേഷം , അലിഗഡ് സർവ്വ കലാശാലയിൽ നിന്നും ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം എടുത്ത ആദ്യ മലയാളി കൂടിയായിരുന്നു  ...!
സ്വാതന്ത്ര്യത്തിനുമുമ്പ് അഖണ്ഡ ഭാരതത്തിലെ 
ഏറ്റവും വലിയ  ഇംഗ്ളീഷ് പത്രമായിരുന്ന 'ഡോൺ' - ന്റെ   കറസ്പോണ്ടണ്ടായി കറാച്ചിയിൽ നിന്നും ജോലി നോക്കുന്നതിനിടയിൽ അവിടെയുള്ള ഒരു പ്രമാണിയുടെ മകളുമായുള്ള  വിഹാഹ ശേഷം , ലണ്ടനിൽ വന്ന് , ആ പത്രത്തിന്റെ പാർലിമെന്ററി വിവരങ്ങളുടെ ലേഖഖകനായി ജോലി ചെയ്യുന്നതിനിടയിൽ  - ലണ്ടനിൽ നിന്നും നിയമത്തിൽ ബിരുദമെടുത്ത് , ഇവിടെ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു .  
1960 കാലഘട്ടങ്ങളിൽ മാസങ്ങളോളം ചൈനയിലും , 
ബർമ്മയിലും സഞ്ചരിച്ച് - ആയതിനെ കുറിച്ചുള്ള യാത്ര വിവരങ്ങളും ഇദ്ദേഹം എഴുതിയിരുന്നു .  
പിന്നീട് തകഴിയുടെ 'രണ്ടിടങ്ങഴി' ഇംഗ്ലീഷിലേക്ക് Two Measures of Rice  എന്ന പേരിൽ എം .എ .ഷക്കൂർ  ട്രാൻസിലേറ്റും ചെയ്തിട്ടുണ്ട്  . 
ഒപ്പം  പല വെസ്റ്റേൺ ക്ലാസ്സിക് കൃതികളുടേയും  അവലോകനങ്ങൾ മലയാളത്തിൽ പല  മാദ്ധ്യമങ്ങളിലും  എഴുതി പരിചയപ്പെടുത്തയതും ,  പഴയ കാല സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്ന എം.എ . ഷക്കൂറാണ് . 
ലണ്ടൻ മലയാളി സമാജത്തിലെ ഊർജ്ജസ്വലനായ  ഒരു പ്രവർത്തകൻ കൂടിയായിരുന്നു ഇദ്ദേഹം . 
യൗവ്വനകാലത്ത്  ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് കറാച്ചിയിലായിരുന്നപ്പോൾ  അവിടെ നിന്നും വിവാഹം നടത്തിയ കാരണം , സ്വാതന്ത്ര്യത്തിന്  ശേഷം പാക്കിസ്ഥാൻകാരിയുമായി ലണ്ടനിൽ നിന്നും സ്ഥിരതാമസത്തിന് ഇന്ത്യയിൽ എത്തുവാൻ ഭരണകൂടം അനുമതി നൽകാത്തതുകൊണ്ട് , അവസാനകാലം ലണ്ടനിൽ നിന്നും ഈ മലായാള സാഹിത്യ വല്ലഭന്  , ഒട്ടും ഇഷ്ടമില്ലാതെ  പാക്കിസ്ഥാനിൽ പോയി കഴിയേണ്ടി വന്നു എന്നതും ഒരു ഖേദകരമായ കാര്യമാണ് ...

അച്ചാമ്മ വർഗ്ഗീസ്
അതോടൊപ്പം തന്നെ രണ്ടാം  ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ആർമിയുടെ ഇറാക്കിലെ സൈനിക ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന കുറെ ഭാരതീയ നേഴ്സുമാരിൽ  ചിലർക്കെല്ലാം  ബ്രിട്ടനിൽ വന്ന്  ജോലി ചെയ്യുവാൻ അവസരം കിട്ടിയിരുന്നു... 
അതിൽ മൂന്ന് മലയാളി നേഴ്‌സുമാരും ഉണ്ടായിരുന്നു .അവർ  പിന്നീട് 1955 -63 കാലങ്ങളിലായി ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി . 
മലയാളികളായ സുന്ദരവല്ലി , റേച്ചൽ ജോൺ (അമ്മിണി) , അച്ചാമ്മ വർഗ്ഗീസ് എന്നിവരായിരുന്നു അവർ മൂന്ന് പേർ .  
അതിലുണ്ടായിരുന്ന നേഴ്‌സുമാരിൽ ഒരുവളായ   'അച്ചാമ്മ വർഗ്ഗീസ്' എഴുതിയ 'ഇംഗ്ലണ്ട്  വിശേഷങ്ങൾ  ' എന്നുപേരുള്ള  , കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകവും പിന്നീട് മലയാളി സമാജത്തിൽ വിതരണം നടത്തിയിരുന്നു എന്നും  പറയുന്നു ...

കരുവത്തിൽ സുകുമാരൻ  
1955 ൽ തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തു നിന്നും യു.കെ യിലെത്തി ബെർക്സ്‌ഷെയറിലെ 'താച്ചത്ത്'  സകുടുംബം താമസമാക്കിയ കരുവത്തിൽ സുകുമാരനാണ്,ശേഷം പുതിയതായി വന്ന കുടിയേറ്റ മലയാളികൾക്കിടയിൽ അന്നത്തെ  മലയാളി സമാജങ്ങളിൽ സാഹിത്യ പ്രവർത്തങ്ങളിൽ സജീവമായ ഒരു ഭാഷ കുതുകി എന്ന് പറയുന്നു ...
നാടകവും , കവിതയുമൊക്കെയായി കുറച്ച്  എഴുതുമായിരുന്ന ഇദ്ദേഹമാണ് പിന്നീട് എസ് .കെ .പൊറ്റക്കാട് ലണ്ടനിൽ എത്തിയപ്പോൾ അദ്ദേഹത്തെ യു.കെ മുഴുവൻ കൊണ്ട് കാണിച്ചതും , അതിന് ശേഷം നമ്മുടെ സഞ്ചാരസാഹിത്യത്തിന്റെ അധിപൻ ശ്രീ.എസ്.കെ.പൊറ്റേക്കാട്ട് ‘ലണ്ടൻ നോട്ട് ബുക്കി’ 'ൽ കൂടി അതിമനോഹരമായി നമ്മുടെ നാട്ടുകാരൊന്നും കാണാത്ത ലണ്ടനിലെ പല കാണാകാഴ്ച്ചകളും വരികളിൽ കൂടി ചിത്രീകരിച്ച് നമ്മെ വിസ്മയപ്പെടുത്തിയതും  ...
സ്വാതന്ത്രാനന്തരം സായിപ്പ് യജമാന്റെ കൂടെ 1947 -ൽ ഇവിടെ എത്തിയ നല്ലൊരു കുക്ക് കൂടിയായ ഈ സുകുമാരന്റെ , ചേട്ടൻ  'കരുവത്തിൽ  ഗോപാലനും', ആ സമയത്തൊക്കെ ഇവിടെ ബിരുദ പഠനത്തിനായി എത്തിയ  ചില  പ്രമുഖ മലയാളി ഡോക്ടർമാരടക്കം  പലരും അന്നത്തെ സാഹിത്യ സദസ്സുകളിലെ മുഖ്യ പങ്കാളിയായിരുന്നു... 
സായിപ്പിന്റെ കൂടെ ഗോപാലനും കൂടി പങ്കാളിയായി തുടങ്ങിയ റെസ്റ്റോറന്റാണ് , ഇവിടെ തുടങ്ങിയ ആദ്യത്തെ തെന്നിന്ത്യൻ ഭോജനാലയം എന്നും  പറയുന്നു . 
ഗോപാലൻ  പിന്നീട് ഒരു ജർമ്മൻ മദാമ്മയെ വിവാഹം ചെയ്ത്  മരണം വരെ ന്യൂബറിയിലായിരുന്നു താമസം ..

ശിവാനന്ദൻ കണ്വാശ്രമത്ത് 
1970 കാലഘട്ടം മുതൽ സിംഗപ്പൂരിൽ നിന്നും ലണ്ടനിലെത്തിയ ഒരു പ്രതിഭാ സമ്പന്നനായ ഒരു കലാ സാഹിത്യ വല്ലഭനായിരുന്നു ആർട്ടിസ്റ്റ്‌  ശിവാനന്ദൻ കണ്വാശ്രമത്ത് .  
കവി , നാടക കൃത്ത് , ചിത്രകാരൻ എന്നീ നിലകളിൽ സിങ്കപ്പൂരിൽ വെച്ചെ മലയാളിക്കൾക്കിടയിൽ   കലാ സാഹിത്യ പ്രവർത്തനം നടത്തിയിരുന്ന അദ്ദേഹം , യു . കെ . യിലെത്തിയതിന് ശേഷവും സാഹിത്യ കലാ രംഗത്ത്‌ സജീവമായിരുന്നു.
 
അന്നത്തെ മലയാളികളുടെ ആദ്യ കാല സംഘടനകളായ 'മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ'. , 'ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദി യു.കെ.' എന്നീ സംഘടനകളിലെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ  അദ്ദേഹം വളരെ സജീവമായിരുന്നു. ലണ്ടനിൽ അറിയപ്പെട്ടിരുന്ന ഒരതുല്യ കലാകാരനായിരുന്നു ആർട്ടിസ്റ് : ശിവാനന്ദൻ കണ്വാശ്രമത്.
എം . എ . യു . കെ യുടെ പ്രസിദ്ധീകരണമായ 
" ജനനി "," സംഗീത ട്രൂപ്പായ " നിസരി " എന്നിവയ്ക്ക് ഈ പേരുകൾ നൽകിയ അദ്ദേഹം ഈ സംഘടനകളവതരിപ്പിച്ച നാടകങ്ങൾക്ക് നിരവധി കർട്ടനുകളും ആർട്ടു വർക്കുകളും വരച്ചിട്ടുണ്ട്. 
പണത്തിന്റെ വികൃതി (ഓട്ടൻ തുള്ളൽ ) , ആദ്യത്തെ ഓട്ടോ (നാടകം) , പൂമേനിയാണവൾ കൈകൂപ്പി നിന്നേ (കവിത ) , ശംഖൊലി ( ഭക്തി ഗാന കാസറ്റ് ) ഇതൊക്കെ അദ്ദേഹം എഴുതി അവതരിപ്പിച്ച പ്രധാന സൃഷ്ടികളാണ്.
കലയേയും , സാഹിത്യത്തേയും മാത്രം പരിണയിച്ച അതുല്ല്യനായ ഒരു  കലാസാഹിത്യ വല്ലഭനായിരുന്ന  , ജീവിതത്തിന്റെ പകുതിയിൽ വെച്ച് കാല യവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ഒരു കലാ സാഹിത്യ പ്രതിഭയായിരുന്നു  ആർട്ടിസ്റ്റ്‌  ശിവാനന്ദൻ കണ്വാശ്രമത്ത്...

ഡോ :ഓമന ഗംഗാധരൻ 
പിന്നീട് ഒരു  പതിറ്റാണ്ടിന് ശേഷമാണ് ബിലാത്തിയിൽ നിന്നുള്ള  വേറൊരു  എഴുത്തുകാരിയുടെ പുസ്തകം ഇറങ്ങിയത് . 
നോവലിസ്റ്റ്,  കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ  ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരികാരിയായ ,  പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ  .
ഡോ .ഓമന ഗംഗാധരൻ  , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിന്‍റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .മൂന്നാം തവണയും ഈ ബോറോയിൽ കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ട നല്ലൊരു സാമൂഹ്യ പ്രവർത്തക കൂടിയാണ് ഈ പ്രമുഖയായ എഴുത്തുകാരി .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ 
ഇന്ത്യക്കാരി കൂടിയാണ് ഡോ .ഓമന ഗംഗാധരൻ ... 
ധാരാളം ലേഖനങ്ങളും , കവിതകളും ,പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി.
ഡോ : ഓമന ഗംഗാധരന്റെ  “ആയിരം ശിവരാത്രികള്‍” എന്ന നോവലാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയ്ക്ക് ആസ്പദമായ കഥ .
മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്നേഹത്തിന്‍റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്‍റെ പ്രമേയം. പിന്നീട്  ഇറങ്ങിയ 'ഇലപൊഴിയും കാലവും' 'തുലാവർഷവും ' 'അരയാലിന്റെ ഇലകളും ' മറ്റും ലണ്ടൻ ജീവിതവും , ഗൃഹാതുരത്തവും കോർത്തിണക്കിയ നോവലുകൾ തന്നെയാണ്. സ്നേഹമെന്ന ജീവിതകാന്തിയെ മരണത്തിന് തോല്പിക്കാനാവില്ലെന്ന സത്യം ഈ നോവലുകൾ  നമ്മെ ബോധ്യപ്പെടുത്തുന്നു..

ഡോ : പി.എം.അലി
എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദവും , 
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദവും  എടുത്തശേഷം 1967 ലണ്ടനിൽ വന്ന് ഇമ്മ്പീരിയൽ കോളേജ് ഓഫ് ലണ്ടനിൽ നിന്നും ഉന്നത മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ഒരു കവി കൂടിയാണ് ഡോ : പി.എംഅലി  ...
യു.കെ - യിലെ വിവിധ ഭാഗങ്ങളിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ : പി.എം. അലി ആ കാലഘട്ടങ്ങളിൽ ഇവിടെ കവിതകൾ എഴുതിയിരുന്ന ഒരു മലയാളം എഴുത്തുകാരനായിരുന്നു
ഡോ : പ്ളായിപറമ്പിൽ മൊഹമ്മദ് അലി .
അന്നു മുതൽ ഇപ്പോൾ ഔദ്യോഗിക  ജീവിതം വിരമിച്ചിട്ടും വരെ , നല്ലൊരു സാഹിത്യ കുതുകിയായി ലണ്ടനിലടുത്തുള്ള ബാസില്ഡനിൽ സ്ഥിര താമസമുള്ള  ഈ പഴയ കാല  ഭാഷ സ്‌നേഹി , കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആംഗലേയത്തിലടക്കം , ഇവിടെയുള്ള എല്ലാ മലയാളി മാദ്ധ്യമങ്ങളിലും കവിതകളും  , ലേഖനങ്ങളും എഴുതുന്ന ഒരു സീനിയർ എഴുത്തുകാരനാണ്  ...

മണമ്പൂർ സുരേഷ് 
ലണ്ടനിലും , പരിസര പ്രദേശങ്ങളിലും 1973 മുതൽ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന തിരുവനന്തപുരത്തെ മണമ്പൂരിൽ നിന്നും എത്തിയ മണമ്പൂർ സുരേഷ്  , 1976 മുതൽ  ദേശാഭിമാനിയിൽ എഴുതി തുടങ്ങിയതാണ് . 
പിന്നീട് കലാകൗമുദി വാരികയിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .
ലണ്ടൻ അണ്ടർ ഗ്രൗണ്ടിൽ ട്യൂബ് ട്രെയിൻ വിഭാഗത്തിൽ സീനിയർ ഉദ്യോഗം വഹിക്കുന്ന  ഇദ്ദേഹം, 'കേരള കൗമുദി'യുടെ ലണ്ടൻ ലേഖകൻ കൂടിയാണ് .
രാഷ്ട്രീയ , സാഹിത്യ , സിനിമാ , സാംസ്കാരിക ചുറ്റുവട്ടങ്ങളെ കുറിച്ച് അനേകം ലേഖനങ്ങൾ എഴുതിയിട്ടിട്ടുണ്ട് . ഒപ്പം ധാരാളം  യാത്ര വിവരണങ്ങളും .
ലണ്ടനിൽ  ആദ്യമുണ്ടായിരുന്ന 'ചേതന സ്റ്റഡി സർക്കിൾ' എന്ന മലയാളി സാഹിത്യ വേദിയിലും ഇന്നുള്ള 'കട്ടൻ കാപ്പിയും കവിതയും ' എന്ന  കലാ സാഹിത്യ കൂട്ടായ്മയിലും  സജീവാംഗം കൂടി(യായിരുന്നു)യാണ് മണമ്പൂർ സുരേഷ് .
ബ്രിട്ടനില്‍ നടന്ന വേള്‍ഡ് കപ് ക്രിക്കറ്റ്, ബ്രിട്ടനിലെ തെരഞ്ഞെടുപ്പുകള്‍, സ്ഫോടനങ്ങള്‍ തുടങ്ങിയവയെല്ലാം നാട്ടിലെ പ്രധാന ടെലിവിഷന്‍ ന്യൂസുകളില്‍ - ആദ്യം ഏഷ്യനെറ്റ്, പിന്നീട് കൈരളി tv, ജീവന്‍ tv ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ tv , ന്യൂസ് 18 എന്നീ ടെലിവിഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നു.
ബ്രസീല്‍, അര്‍ജന്റീന, വിയറ്റ്നാം , കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ രണ്ടു മാസം നീളുന്ന യാത്രാവിവരണം , അടുത്തുതന്നെ 'കൗമുദി" ടീ.വിയില്‍ പ്രക്ഷേപണം ചെയ്യാന്‍  തയാറായിക്കൊണ്ടിരിക്കുന്നു... 

മിനി രാഘവൻ 
ചിറയിൻകീഴിൽ നിന്നും  ചെറുപ്പകാലം മുതൽ മാതാപിതാക്കൾക്കൊപ്പം ലണ്ടനിലെത്തിയ മിനി രാഘവൻ കാൽ നൂറ്റാണ്ടു മുമ്പു മുതലെ  ലണ്ടനിലെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവ  പ്രവർത്തകയായിരുന്നു .
ഒപ്പം തന്നെ 1998 മുതൽ 2002 വരെ 'ജനനി' വാർഷിക പതിപ്പിന്റെയും , ബോധി  എജ്യൂക്കേഷനൽ ജേണലിന്റെയും എഡിറ്റർ കൂടിയായിരുന്നു .
ലണ്ടനിൽ വന്ന് ബേസിക് വിദ്യാഭ്യാസത്തിന് ശേഷം ഫിലോസഫിയിലും , സൈക്കോളജിയിലും , നിയമത്തിലും നോർത്ത് ലണ്ടൻ യൂണിയിൽ നിന്നും ബിരുദങ്ങൾ എടുത്ത മിനി പിന്നീട് ചരിത്ര ഗവേഷകയായി ജോലി ചെയ്യുന്ന അവസരത്തിൽ MSC പഠനവും , Art & Intercultural Theraphy  എന്നീ ഇരട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഗവേഷകയാണ് . 
പിന്നീട് റെഡ്‌ഡിങ്ങ്‌  കോളേജ് , ആക്സ്ബ്രിഡ്ജ് കോളേജ് , ബെർക്സ്ഷയർ കോളേജ്  എന്നീ സ്ഥാപനങ്ങളിൽ  അദ്ധ്യാപികയായി ജോലി നോക്കുമ്പോൾ Neuro Lingustic Programming (NLP) & Psychodynamic Counselling  - ൽ ബിരുദാന്തര ബിരുദം , യൂണി: കോളജ് ഓഫ് ലണ്ടനിൽ (UCL) നിന്നും നേടിയിട്ടിപ്പോൾ ,   സോഷ്യൽ ആന്ത്രോപോളജി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു  ആംഗലേയ/മലയാള എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും കൂടിയായ  ഒരു വിജ്ഞാനക്കലവറയായ വല്ലഭ തന്നെയാണ് ഈ വനിതാരത്‌നം .

മിനി രാഘവൻ ഇപ്പോൾ സാഹിത്യത്തിനൊപ്പം 
അനേകം സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലടക്കം,  പല ഗവർമെന്റ് ബോഡികളിലും - ഉപദേശകയായും , ട്രെയ്‌നറായും ,കോ-ഓർഡിനേറ്ററായും( River Indus Community Org) സേവനമനുഷ്ഠിച്ചു വരികയാണ് . 
പഠിച്ച വിഷയങ്ങളെയൊക്കെ ആസ്പദമാക്കിയുള്ള ഒന്ന് രണ്ട് പുസ്തകങ്ങൾ മലയാളത്തിലും, ആംഗലേയത്തിലുമായി പ്രസിദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഈ എഴുത്തുകാരി ...

മിനിയുടെ ഫേസ് ബുക്ക് തട്ടകത്തിലൂടെ ധാരാളം കാമ്പും , കഴമ്പുമുള്ള അസ്സൽ കവിതകളും ,കഥകളും വായിക്കാവുന്നതാണ് .
https://www.facebook.com/mini.raghavan

ഫ്രാൻസിസ് ആഞ്ചലോസ്
കൊല്ലം ജില്ലയിൽ നിന്നും ആ
കാലഘട്ടത്തിൽ ലണ്ടനിൽ എത്തിയ ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ  ഫ്രാൻസിസ് ആഞ്ചലോസ് എന്ന അദ്ധ്യാപകൻ ആഗോള  സാഹിത്യത്തെ കുറിച്ച് ധാരാളം അറിവുള്ള ഒരു വിജ്ഞാന പ്രതിഭയാണ് .
അന്നിവിടെ നാട്ടിൽ നിന്നും എത്തിച്ചേരുന്ന സാഹിത്യകാരന്മാരെയും , മറ്റു സാംസ്കാരിക നായകന്മാരെയുമൊക്കെ ആനയിച്ച് ഇവർ പല പരിപാടികളും നടത്തിയിട്ടുണ്ട് . 
കവിതകളും , ഓണപ്പാട്ടുകളും , ലേഖനങ്ങളുമൊക്കെയായി  പല മാദ്ധ്യങ്ങളിലും എഴുതുന്ന ഇദ്ദേഹം ന്യൂഹാം കോളേജിന്റെ സെന്റർ മാനേജരായി   ജോലി ചെയ്യുന്നു.
അനേകം കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് പുറമെ നല്ലൊരു വയലിനിസ്റ്റ്‌  കൂടിയായ ഇദ്ദേഹം കട്ടൻ കാപ്പി കൂട്ടായ്മയിൽ പല ചർച്ചകളും നയിക്കുന്ന വല്ലഭൻ  കൂടിയാണ് ...

ശശി എസ് കുളമട 
തിരുവനന്തപുരത്തിന്റേയും, കൊല്ലത്തിന്റേയും അതിർത്തി പ്രദേശമായ കുളമട എന്ന ഗ്രാമത്തിൽ 
നിന്നും യു.കെ യിലെത്തിയ കലാകാരനാണ് ശശി എസ് കുളമട. 
മലയാള നാടവേദിയിലെ അനുഗ്രഹീത നാടകകൃത്തും,സംവിധായകനുമായ ശ്രീ.രാജൻ കിഴക്കനേലയുടെ നേതൃത്വത്തിലുണ്ടായിരുന്ന  " പ്രതിഭ " തീയറ്റേഴ്സ് ആയിരുന്നു ആദ്യ തട്ടകം.
1986 മുതൽ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു. കെ യുടെ പ്രവർത്തകനായി. മലയാളി അസോസിയേഷന്റെ നാടക സമിതിയായ "ദൃശ്യകല " യുടെ സ്ഥാപകരിൽ ഒരാൾ. 
ആദ്യനാടകമായ 'പുരപ്പുറത്തൊരു രാത്രി' 1989 ൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിൽ സംവിധായകൻ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.തുടർന്ന് ചെറുതും,വലുതുമായി 18 ഓളം നാടകങ്ങളിൽ അഭിനയിയ്ക്കുകയും, 5 നാടകങ്ങൾ സംവിധാനവും ചെയ്തു.
1998 ൽ ദൃശ്യകല അവതരിപ്പിച്ച " പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ " യാണ് ശശി ആദ്യമായി സംവിധാനം ചെയ്ത നാടകം. തുടർന്ന് രാജൻ കിഴക്കനേല തന്നെ രചന നിർവ്വഹിച്ച വരികഗന്ധർവ ഗായക,ആര്യവൈദ്യൻ വയസ്കരമൂസ്സ്,കുഞ്ചൻ നന്പ്യാർ,നിറ നിറയോ നിറ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു.1993 ൽ ശ്രീ.ശിവാനന്ദൻ കണ്വാശ്രമത് രചിച്ച " പണത്തിന്റെ വികൃതി "എന്ന ഓട്ടൻ തുള്ളൽ, ശ്രീ.വെട്ടൂർ . ജി .കൃഷ്ണൻകുട്ടി രചിച്ച "വിൽപ്പാട്ട് " 2003 ൽ "അനീസ്യ" കഥാപ്രസംഗം എന്നിവയും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
2005 ൽ തനത് ഓണാഘോഷ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് "പൊന്നോണക്കാഴ്ച"യും , 2007 ൽ കഥയും , സംവിധാനവും നിർവഹിച്ച "തിരുവോണക്കാഴ്ച", 2009 ൽ അവതരിപ്പിച്ച "പൊന്നോണപ്പൂത്താലം" എന്നിവ ശശി യുടെ പ്രധാന ഓണപ്പരിപാടികളാണ്.
2009 ശ്രീനാരായണ ഗുരു മിഷന് വേണ്ടി കഥയും,സംവിധാനവും നിർവഹിച്ച "ശുക്രനക്ഷത്രം",
" ഗുരുവന്ദനം ", കാഥികരത്നം പ്രൊഫസർ: വി . സാംബശിവന്റെ വിഖ്യാതമായ മഹാകവി കുമാരനാശാൻ എന്ന കഥാപ്രസംഗത്തിന്റെ ദൃശ്യാവിഷ്‌കാരം "സ്നേഹഗായകൻ" എന്ന പേരിൽ അവതരിപ്പിയ്ക്കപ്പെട്ടു.
2008 ൽ "കേളി " എന്ന കലാസമിതി രൂപീകരിയ്ക്കുകയും,എല്ലാവർഷവും കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിയ്ക്കുകയും ചെയ്തു വരുന്നു. " കേളി " യുടെ പേരിൽ ചർച്ചകളും, " സ്മൃതി സന്ധ്യ " പോലുള്ള സംഗീത പരിപാടികളും സംഘടിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്
2004 - ൽ സുഹൃത്ത് ശ്രീ. എസ്.ജെ. ഹാരീസ് മായി ചേർന്ന് നൂറിലധികം നാടക കലാകാരന്മാരെ ആദരിയ്ക്കുകയും, നാടക പ്രവർത്തകരെ കുറിച്ചുള്ള " അരങ്ങ് " എന്ന പേരിൽ ഒരു മാഗസിനും ഇദ്ദേഹം ഇറക്കുകയുണ്ടായി...

കെ. നാരായണൻ 
സിംഗപ്പൂരിൽ ജനിച്ച് നവായിക്കുളത്തും, തൃശൂരും വിദ്യാഭാസം പൂർത്തിയാക്കി , 1985 മുതൽ ലണ്ടനിലുള്ള , ഇപ്പോൾ ക്രോയോഡോനിൽ താമസിക്കുന്ന കെ.നാരായണൻ , അന്നുമുതൽ ഇന്നുവരെ ഇവിടത്തെ മലയാളി കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളിലെല്ലാം നിറ സാനിദ്ധ്യം കാഴ്ച്ച വെക്കുന്ന വ്യക്തിത്വത്തിനുടമയാണ്.
നാടകം, കവിത , പാട്ട് മുതൽ അനേകം വിജ്ഞാനപ്രദമായ ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇദ്ദേഹം അണിയിച്ചൊരുക്കിയ '5 More Minits' എന്ന ഷോർട്ട് ഫിലിമിന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
 'സംഗീത ഓഫ് യു. കെ' , 'വേൾഡ് മലയാളി കൗൺസിൽ' മുതൽ സംഘടനകളുടെ രൂപീകരണ സമിതിയിൽ തൊട്ട് ഇപ്പോഴും ആയതിന്റെയൊക്കെ ഒരു സജീവ പ്രവർത്തകൻ കൂടിയാണ് ലണ്ടനിലുള്ള ഈ സാംസ്‌കാരിക പ്രവർത്തകൻ.
90 കളിൽ 'കേരള ടുഡേയ് ' എന്ന ത്രൈമാസികയും ഇവരുടെ ടീമ് പുറത്തിറക്കിയിരുന്നു...

ബാൾഡ്വിൻ സൈമൺ (ബാബു )
കൊല്ലം ജില്ലയിലെ മയ്യനാട് പുല്ലിച്ചിറയിലെ കലാസാഹിത്യ പ്രവർത്തങ്ങളിൽ കിട്ടിയ ഊർജ്ജവുമായി മാതാപിതാക്കൾക്കൊപ്പം ചേരുവാനായി  19 - വയസ്സിൽ 1979-  ൽ ലണ്ടനിൽ വന്ന നാടക പ്രേമിയായിരുന്നു  ബാൾഡ്വിൻ സൈമൺ (ബാബു ) 
സ്‌കൂൾ കാലഘട്ടം മുതലെ  നാടകാവതരണ കലകളിൽ നിപുണനായിരുന്ന ബാൾഡ്വിൻ സൈമൺ ഇവിടെ വന്നിട്ടും ആയത് തുടർന്ന് പോന്നു . ആ കാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന കേരള യൂത്ത് ക്ലബ്ബിലും , മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ യിലുമൊക്കെ   പ്രവർത്തകനായ ശേഷം ഭാഷാപരമായ പല നീക്കങ്ങൾക്കും തുടക്കം കുറിച്ചവരിൽ ഒരുവനായിട്ടും ,ശേഷം   ഈ സംഘടനയുടെ നാടക സമിതിയായ' ദൃശ്യകല'യുടെ രൂപീകരണ സമിതിയിലും മുന്നിട്ട് നിന്ന ഒരു ഭാഷാ സ്നേഹിയായിരുന്നു ബാബു.
പിന്നീട്  'പുരപ്പുറത്തൊരു രാത്രി , ജരായു , യമപുരി, അമലന്മാർ , പ്രഭാതത്തിന്റെ ആദ്യ രശ്മികൾ ,  ജ്വാലാമുഖികൾ , മതങ്ങളെ വഴി മാറു ,വാത്മീകം , പ്രതീക്ഷ , പുതുപ്പണം കോട്ട , പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ , വരിക വരിക ഗന്ധർവ്വ ഗായക , ആര്യ വൈദ്യൻ വയസ്കര മൂസ്സ് , രാജ്യസഭാ  , നിറ നിറയോ നിറ ' എന്നീ 15 നാടകങ്ങൾക്ക്  പിന്നിലും ,മുന്നിലും നിന്ന് അണിയിച്ചൊരുരുക്കി , വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ചതിൽ എല്ലാം കൊണ്ടും മുൻപന്തിയിൽ നിന്ന ഒരു സാക്ഷാൽ നാടക കലാകാരനും ,മലയാളി സംഘടന പ്രവർത്തകന മായിരുന്നു ഇദ്ദേഹം .
ഇതിൽ പറഞ്ഞ 11 നാടകങ്ങളുടെ സംവിധാനവും നിർവ്വഹിച്ചതും ബാൾഡ്വിൻ സൈമൺ തന്നെയായിരുന്നു .

'ശിവ സേനയ് , റോമിയൊ , നാൻ യാർ ' എന്നീ മൂന്ന് തമിഴ് സിനിമകളിലടക്കം , 'ഇംഗ്ലീഷ് , ലണ്ടൻ ബ്രിഡ്ജ് ' മുതലായ  മലയാള സിനിമകളിലും തരക്കേടില്ലാത്ത റോളുകളിൽ അഭിനയിച്ച ഒരു സിനിമാതാരം  കൂടിയാണ് ബാൾഡ്വിൻ സൈമൺ.
ഇദ്ദേഹം നയകനായി അഭിനയിച്ച വളരെ ഹിറ്റായ ഒരു ഷോർട്ട് ഫിലിമാണ് വിനോദ് പാലാഴിത്തിന്റെ SHADOW ( വീഡിയോ)...


സിസിലി ജോർജ്ജ് 
മാധവികുട്ടിയുടെ അയൽവാസിയും , കളിത്തോഴിയുമായിരുന്ന സകല കലാ വല്ലഭയായ , പണ്ടേ മുതൽ കോളേജ് മാഗസിനുകളിൽ നിന്നും തുടങ്ങി വെച്ച എഴുത്ത് , കാലങ്ങൾക്ക് ശേഷം പുനരാരംഭിച്ചപ്പോൾ യു.കെ- യിലെ  പല മലയാള മാദ്ധ്യമങ്ങളിലും കഥകളും , കവിതകളും പ്രസിദ്ധീകരിച്ച് , ആയതിനൊക്കെ സ്വന്തമായി പടങ്ങൾ വരച്ചും , മറ്റും  ലണ്ടനിലെ ഒരു കലാസാഹിത്യകാരിയായി പ്രസിദ്ധയായവളാണ് ഇവിടത്തെ സീനിയർ എഴുത്തുകാരിയായ സിസിലി ജോർജ്ജ് .

സപ്തതിയുടെ നിറവിലും  , ഒരു മധുര പതിനേഴുകാരിയുടെ നിറമാർന്ന പ്രണയ വർണ്ണങ്ങളോടെ   അക്ഷരങ്ങളാൽ  തുടിച്ചുനിൽക്കുന്ന ഒരു പുസ്തകം മലയാള വായന ലോകത്തിന് സമ്മാനിച്ച സിസിലി ആന്റിയുടെ ആദ്യ പുസ്തകമാണ് ‘പക്ഷിപാതാളം'  .

അതിന് ശേഷം സിസിലിയാന്റി  ഇറക്കിയ നല്ല ഒരു കഥാസമാഹാരമാണ് 'വേനൽ മഴ '... ഇപ്പോൾ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ് .
ലണ്ടനിലെ കട്ടൻ കാപ്പി കൂട്ടായ്മയിലടക്കം പല സാഹിത്യ സദസ്സുകളിലെയും സജീവ അംഗം കൂടിയാണ് , തനി തൃശൂർക്കാരിയായ ഈ വനിതാ രത്നം ...

പ്രേമചന്ദ്രൻ രാജൻ പണിക്കർ
ഒരു പക്ഷെ യു.കെ മലയാളികളിൽ ഏറ്റവും ബൃഹത്തായ മലയാള പുസ്തകങ്ങളുടെ ശേഖരമുള്ളത് പ്രേമചന്ദ്രൻ രാജൻ പണിക്കർ എന്ന പുസ്തക പ്രേമിയായ ഈ വായനക്കാരന്റെ അടുത്തായിരിക്കും.
ചങ്ങനാശ്ശേരിയിൽ ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് പഠിച്ച് ബിരുദമെടുത്ത ഇദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ലണ്ടനിൽ വസിക്കുന്നു .
പഠിക്കുന്ന കാലം തൊട്ട് കോളേജ് മാഗസിനുകളിലും മറ്റും ആർട്ടിക്കിളുകളും കഥകളും എഴുതിയിരുന്ന ഇദ്ദേഹം  ലണ്ടനിലെത്തിയ ശേഷവും അനേകം കലാസാഹിത്യ പ്രവർത്തങ്ങൾ നടത്തിയിരുന്നു. അതോടൊപ്പം നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വ്യക്തിത്തിന് ഉടമ കൂടിയാണ്  പ്രേമചന്ദ്രൻ .
ഇപ്പോൾ  അനന്തപുരി റെസ്റ്റോറന്റ് ഉടമയാണ് . ജോലിയും കച്ചവടവുമൊക്കെ കൊണ്ടുനടക്കുന്നതിനാൽ സോഷ്യൽ മീഡിയ തട്ടകങ്ങളിലൊഴികെ വേറെയൊന്നും  ഇപ്പോൾ എഴുതി കാണുന്നില്ല ...

മുരളി വെട്ടത്ത്
തൃശൂർ ജില്ലയിൽ നിന്നും എത്തിയ ഇപ്പോൾ ലണ്ടനിൽ ജപ്പാന്കാരിയായ ഭാര്യ മിച്ചിരുവും   മകൻ രാമുമായി വസിക്കുന്ന മുരളി വെട്ടത്ത്  ഇന്ന് യു.കെയിൽ മാത്രമല്ല , ആഗോളപരമായി മലയാളികളുടേതായ പല കലാ സാഹിത്യസാംസ്കാരിക കൂട്ടായ്മകളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഒരു  സജീവ അംഗമാണ് .
ഇരിഞ്ഞാലകുടയിൽ ജനിച്ച് ,നാട്ടിലെ വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിച്ച ശേഷം 1987 മുതൽ ലണ്ടനിൽ സ്ഥിരതാമസമുള്ള സാഹിത്യ സാംസ്കാരിക പ്രവർത്തകനാണ് .

സ്വയം ആരോരുമാകുവാൻ ആഗ്രഹിക്കാതെ എല്ലാതരം ആളുകളെയും തന്റെ സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തി കൊണ്ടുനടക്കുന്ന ഒരു മഹത് വ്യക്തിത്വത്തിനുടമയാണ് ഇദ്ദേഹം .
ഇപ്പോൾ 'നവ മലയാളി ഓൺ -ലൈൻ മാഗസിന്റെ ' മാനേജിങ്ങ് എഡിറ്റർ.
ആദ്യകാലത്ത്  സമകാലിക മലയാളം വാരികയുടെ ലണ്ടൻ എഡിറ്ററായിരുന്നു .
എന്നും  കലാ സംസ്ക്കാരിക സാമൂഹ്യ വിഷയങ്ങളിൽ തല്പരൻ.
ഒപ്പം തന്നെ   'മലയാളം മിഷൻ യു.കെ'യുടെ ചെയർമാൻ കൂടിയാണ് മുരളി വെട്ടത്ത് .
'കുട്ടപ്പൻ സാക്ഷി' എന്ന പവിത്രന്റെ സിനിമയുടെ പ്രൊഡ്യൂസർ , ചിന്താ രവീന്ദ്രന്റെ 'ശീതകാല യാത്രകൾ' എന്ന ട്രാവലോഗിന്റെ നിർമ്മാതാവ് എന്നിങ്ങനെയുള്ള സിനിമാപ്രവർത്തനങ്ങളുടെ പിന്നണിയിലും ഇദ്ദേഹത്തിന്റെ സാനിദ്ധ്യം ഉണ്ടായിരുന്നു ...

വെബ് സൈറ്റ് :- https://navamalayali.com/


ഡോ : കെ.മിർസ  
തിരുവനന്തപുരത്ത് നിന്നും വർഷങ്ങൾക്ക് മുമ്പ് യു.കെ യിൽ എത്തപ്പെട്ട ഒരു തികഞ്ഞ കലാസാഹിത്യ സ്നേഹിയാണ്  ഡോ .കെ .മിർസ / Kah Mirza . അവഗാഹമായ അറിവും, ഊഷ്മളമായ കലാ സാഹിത്യ ചിന്തയും ഉള്ള ഡോ : മിര്‍സ നല്ലൊരു എഴുത്തുകാരനും കൂടിയാണ്.
"സമീക്ഷ" എന്ന പേരില്‍ ഒരു മാസിക അദ്ദേഹം ബ്രിട്ടനിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ 'സാല്‍വഡോര്‍ ഡാലി'യുടേയും  മറ്റും സര്‍റിയലിസ്റ്റ് പെയ്ന്റിങ്ങുകള്‍ മന:ശാസ്ത്രത്ത്തിന്റെ പശ്ചാത്തലത്തില്‍  ഡോ :മിര്‍സ വിലയിരുത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു.
നല്ലൊരു പ്രഭാഷകൻ കൂടിയായ ഇദ്ദേഹം ശ്രീ നാരായണ ഗുരുവിനെ അടക്കം മറ്റു പല സംഗതികളും മന:ശാസ്ത്രത്ത്തിന്റെ വീക്ഷണത്തില്‍ അപഗ്രഥിക്കുന്നന്നത് കൗതുകമുണര്ത്തുന്നതും വിജ്ഞാനപ്രദവുമാണ്.
ഇദ്ദേഹത്തിന്റെ ഇളയ മകള്‍ ഒരു നോവല്‍ ഇംഗ്ലീഷില്‍ എഴുതി ലണ്ടനില്‍ പ്രകാശനം ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കുടുംബത്തിലുള്ളവരുടെ മാതൃക പിന്തുടര്‍ന്ന് മെഡിസിന്‍ പഠനത്തിലാണ്. 
ഒരു സമ്പൂര്‍ണ്ണ ഡോക്ടര്‍ കുടുംബം...

ശാന്തിമോൻ ജേക്കബ് 

എറണാകുളത്തു നിന്നും എത്തി നോട്ടിങ്ങാമിൽ  താമസിക്കുന്ന നാട്ടിലെ  ദീപിക  പത്രത്തിന്റെ മുൻ 'എഡിറ്റർ ഇൻ ചാർജാ'യിരുന്ന ശാന്തിമോൻ ജേക്കബ്ബ്.    
പത്രപ്രവർത്തകനായിരുന്ന ഇദ്ദേഹമാണ്  -  യു.കെ - യിൽ നിന്നും ആദ്യമായി 'ദീപിക യൂറോപ്പ് ' എന്ന പേരിൽ ലിവർപൂളിൽ നിന്നും ഒരു പ്രിന്റഡ് മലയാള പത്രം ഇറക്കിയത് ...!
യാത്രകൾ , തീവ്രമായ ആത്മീയത , വായന , വല്ലപ്പോഴുമുള്ള എഴുത്ത് എന്നിവയൊക്കെയായി കഴിയുന്ന ശാന്തിമോൻ ജേക്കബ് 
'ഹൃദയ വയൽ  എന്ന എഴുത്തിടം; കുറേ സ്വപ്നങ്ങളുടെ വയൽത്തടം' എന്നൊരു  'ഓൺ -ലൈൻ വെബ് സൈറ്റും ' കോട്ടം കൂടാതെ നടത്തുന്നുണ്ട് നടത്തുന്നുണ്ട് ,  ഈ തലമുറയിലെ പത്ര പ്രവർത്തനത്തിന്റെയും , എഴുത്തിന്റെയും ഒരു വല്ലഭനാണ്  വളരെ ശാന്തനായി പ്രവർത്തിക്കുന്ന ഇദ്ദേഹം  ...

ബാലകൃഷ്ണൻ ബാലഗോപാൽ 
മലയാളികളുടെ ആദ്യത്തെ ഓൺ -ലൈൻ  പത്രമായ U K  Malayalee യുടെ അധിപനും സ്ഥാപകനുമാണ് വർക്കലയിൽ നിന്നും എത്തിപ്പെട്ട് , കെന്റിലെ ചാത്താമിൽ താമസിക്കുന്ന ബാലഗോപാൽ .
ഇവിടെയുള്ള എഴുത്തുകാരുടെ രചനകളെല്ലാം ഉൾപ്പെടുത്തി 'യു.കെ മലായാളി ' എന്നൊരു വാർഷിക പതിപ്പും ബാലഗോപാൽ പുറത്തിറക്കാറുണ്ടായിരുന്നു .
യു.കെ മലയാളിയിലൂടെ അനേകം മലയാളികളുടേതായ പൂർവ്വകാല ചരിത്രങ്ങളും ഇന്നത്തെ മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തി തന്നതും ബാലഗോപാലിന്റെ സചിത്ര ലേഖനങ്ങളിലൂടെയാണ് .
 'ടൈംസ് ഓഫ് ഒമാൻ' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ മുൻ സബ് എഡിറ്ററായിരുന്ന ഇദ്ദേഹം ഒരു ഫ്രീലാൻസ് പത്ര പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനും,  എഴുത്തുകാരനുമാണ് .
നാട്ടിലും ,യു.കെയിലും നല്ലൊരു ക്രിക്കറ്റ് കളിക്കാരനായ , കൊല്ലം ജില്ലയിലെ ശബരിഗിരി റെസിഡന്റ് സ്‌കൂളിലെ മുൻ ഇന്ഗ്ലീഷ് അദ്ധ്യാപകൻ കൂടിയായിരുന്നു ബാലകൃഷ്ണൻ ബാലഗോപാൽ എന്ന സാമൂഹ്യ സാഹിത്യ പ്രവർത്തകൻ ...

വെബ് സൈറ്റ് :- 
യുകെ മലയാളി (http://ukmalayalee.com/)

ബാക്കിപത്രം 

ബ്രിട്ടണിൽ മലയാളം എഴുത്തിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന 2019 ൽ -  ആ വർഷം ജനുവരി 31 മുതൽ മാർച്ച് 1 വരെ എഴുതിയിട്ട ആംഗലേയ ദേശത്തുണ്ടായിരുന്ന മലയാളം ഭാഷ കുതുകികളെ പരിചയപ്പെടുത്തുന്ന  ഏഴ്  സചിത്ര ലേഖനങ്ങളുടെ ഒറിജിനൽ ലിങ്കുകളാണ് താഴെ കൊടുത്തിട്ടുള്ളത് .
ഇവിടെയുണ്ടായിരുന്ന നമ്മുടെ ഭാഷാസ്നേഹികളെ എന്നുമെന്നും ഓർമ്മിക്കുവാനുള്ള സൈബർ ഇടങ്ങളാണിവ ...! 
വിശദ വിവരങ്ങൾ ലഭിക്കാത്തതിനാൽ 
ഇനിയും കുറെയധികം ഭാഷാസ്നേഹികളെ 
ഇവിടെയിതുപോലെ പരിചയപ്പെടുത്തുവാനുണ്ട് ...
  1. ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം
  2. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1  
  3. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 
  4. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 
  5. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 
  6. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 
  7. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 

(അടുത്ത ഭാഗത്തിൽ തുടരുന്നു )

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...