Wednesday, 30 June 2021

ഗുണദോഷമിശ്രിതമായ ഒരു കൊറോണക്കാലം @ ലണ്ടൻ ...! / Gunadoshamishrithamaaya Oru Coronakkaalam @ London ...!

ഒരു ഗുണദോഷമിശ്രിത
മായിരുന്ന കൊറോണക്കാലമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ കഴിഞ്ഞു പോയത് . 
അടച്ചുപൂട്ടി വീട്ടിൽ ഇരുന്നും കോവിഡിനെതിരെയുള്ള സകലമാന പ്രതിരോധങ്ങങ്ങളും തീർത്ത് കൊറോണയിൽ നിന്നും തൽക്കാലം രക്ഷപ്പെട്ടിട്ടുള്ള നെട്ടോട്ടം ഇനി എന്ന് തീരുമെന്നറിയില്ല...! 

ഇപ്പോൾ  കോവിഡാനന്തര ലോകത്തെ പറ്റിയുള്ള അനേകം പഠനങ്ങൾ   ആഗോളതലത്തിൽ നടന്നു കൊണ്ടിരിക്കുകയാണ് .  
ഇക്കൊല്ലം തുടക്കം മുതൽ ഞാനും കുടുംബവും 'ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി  (https://www.research.ox.ac.uk/area/coronavirus-research)'യുടെ ഒരു പഠനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനാൽ ഇടക്കിടെ സർവേയർ വന്ന് ടെസ്റ്റ് ചെയ്യലും, ചോദ്യാവലികളുമൊക്കെയായി എല്ലാകാര്യങ്ങളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട് . 
എല്ലാ കമ്യൂണിറ്റിയിൽ നിന്നും റാൻഡം  രീതിയിൽ തെരഞ്ഞെടുക്കുന്ന കുടുംബത്തിലുള്ള ഓരൊ അംഗങ്ങൾക്കും മാസത്തിൽ 50 പൗണ്ട് വീതം ലഭിക്കും എന്നുള്ള ഒരു മെച്ചം കൂടിയുണ്ട് ഇത്തരം പഠനങ്ങളിൽ അണിചേരുമ്പോഴുള്ള ഗുണം . 

ഈ കൊറോണക്കാലം പൊട്ടിമുളക്കുന്നതിന് മുമ്പ് വരെ ഓരോരുത്തരും പരിപാലിച്ചു പോന്നിരുന്ന  പല ജീവിത ചിട്ടവട്ടങ്ങൾക്കും  വല്ലാത്ത മാറ്റങ്ങൾ  സംഭവിക്കുമെന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്...!

അവരവർ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് , പ്രകൃതിയെ ഒട്ടും മാനിക്കാതെ ‌ ഏറ്റവും ആധുനികമായ ആഡംബര ജീവിതം  നയിച്ചു വരുന്ന  മാനവ സമൂഹത്തിനിടയിലേക്ക്  അവിചാരിതമായി ഒന്നൊര വർഷം മുമ്പാണ്  ഒരു  മഹാമാരിയായി 'കൊറോണ വൈറസു'കൾ കയറി വന്നത് .

ആയതിന് ശേഷം  ആഗോളതലത്തിൽ കോവിഡ് മൂലം നടമാടിയിരുന്ന അടച്ചുപൂട്ടലുകൾക്കും ദുരിതങ്ങൾക്കും ശമനം വന്നുവെങ്കിലും , ലോകത്ത് അങ്ങോളമിങ്ങോളം ഇതിനാൽ  വരുത്തി വെച്ച നാശ നഷ്ടങ്ങളിൽ നിന്നും  സാമ്പത്തിക ബാധ്യതകളിൽ ഒരു രാജ്യവും ഇപ്പോഴും കരകയറിയിട്ടില്ല എന്നത് വാസ്തവമാണ് .


ഈ സമയത്ത് പല രാജ്യങ്ങളിലും ധാരാളം തൊഴിൽ മേഖലകൾ പ്രതിസന്ധിയിലായി . ഒപ്പം അനേകായിരം ആളുകൾക്ക് ജോലികൾ നഷ്ട്ടപ്പെടുകയൊ  താൽക്കാലികമായി ഇല്ലാതാവുകയൊ ചെയ്‌തു ...

ഇന്നത്തെ   തലമുറയിലെ മാത്രമല്ല, ലോകത്തിൽ ഇതുവരെ   ജീവിച്ച ഒരു ജനതയും  ഇങ്ങനെയുള്ളൊരു ആഗോള പരമായ  അടച്ചുപൂട്ടൽ പ്രതിഭാസത്തിൽ കൂടി കടന്നുപോയിട്ടില്ല.

ഇതുവരെ  ശീലിക്കാത്ത ഓരൊ അനുഭവങ്ങളും , അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന  പുതിയ പാഠങ്ങളായി പുതുപുത്തൻ ശീലങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികളായി തീർന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം മുഴുവൻ ഇപ്പോൾ ചലിച്ചുകൊണ്ടിരിക്കുന്നത് .

കൊറോണപ്പേടിയിൽ നിന്നും ഒട്ടും മുക്തമായിട്ടില്ലെങ്കിലും  ലോകം മുഴുവൻ ഭീതി പടർത്തി വല്ലാത്ത വ്യാപന വ്യാപ്തിയോടെ പ്രയാണം നടത്തിയിരുന്ന   ഇത്തിരിക്കുഞ്ഞനായ കൊറോണ വൈറസിന് കടിഞ്ഞാണിട്ടു കൊണ്ട് ആയതിന്റെ സഞ്ചാരം ഒരു വിധം നിയ്രന്തിച്ചു കഴിഞ്ഞിരിക്കുകയാണ്  ശാസ്ത്രലോകമിപ്പോൾ...! 


ഇതോടൊപ്പം  തന്നെ എങ്ങിനെയെന്നറിയാത്ത കോവിഡിന്റെ ഒരു മൂന്നാംഘട്ട വരവുകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ലോകം മുഴുവൻ ഇപ്പോൾ  മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. 

അതുകൊണ്ട്  ഭയവും ഭീതിയുമൊക്കെ ഇല്ലാതായി ഒരു തരം മരവിപ്പു മാത്രമായി തള്ളി നീക്കുന്ന അവസ്ഥയിലാണ് ലോകജനത പലതരം അന്തഃസംഘർഷങ്ങളോടുകൂടി ജീവിതത്തെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നത്.

ബ്രിട്ടണിൽ  കോവിഡ് തിമർത്താടിയ അടച്ചുപൂട്ടൽ കാലം മുതൽ തൊഴിൽ നഷ്ട്ടപ്പെട്ടവർക്കും , 'അണ്ടർ മെഡിക്കൽ കണ്ടീഷനി'ൽ ഇരിക്കുന്നവർക്കും മറ്റും,  യു.കെ ഗവർമെന്റ് ഫർലോ (furlough ) സ്‌കീമിൽ ജോലിക്ക് പോയില്ലെങ്കിലും , 80 ശതമാനം വേതനം ലഭിക്കും എന്നുള്ള ബെൻഫിറ്റും  നടപ്പിലാക്കിയപ്പോഴാണ്  അടച്ചുപൂട്ടി വീട്ടിലിരിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം .


കോവിഡ് പിടിപെട്ടില്ലെങ്കിലും ആരോടും ഇടപഴകാതെ ഒരു തടവുപുള്ളിയെ പോലെ വീട്ടിലിരിക്കേണ്ടി വന്ന സമയത്ത് മൂനാലുമാസ കാലത്തോളം ഞാൻ വിഷാദരോഗത്തിന് വിധേയമായതാണ് എനിക്കുണ്ടായ  ഏറ്റവും വൈഷ്യമമുണ്ടായ അവസ്ഥാവിശേഷം.

പിന്നെ കൊല്ലത്തിൽ ഒന്നൊ രണ്ടോ തവണകളായി ഗൃഹാതുരതകൾ കെട്ടിയിറക്കുവാൻ നാട് താണ്ടുവാൻ പോകാറുള്ള എനിക്ക് ഇതുവരേയും നാട്ടിലേക്ക് എത്തിപ്പെടുവാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖമാണ് വേറൊന്ന് .

ഒപ്പം നാട്ടിലും ഇവിടെയുമായി അടുത്ത മിത്രങ്ങളെയും മറ്റും കോവിഡ് വന്ന് അവരുടെ  ജീവിതത്തിന് അന്ത്യം കുറിച്ചത് അകലെയിരുന്നു കാണേണ്ടി വന്നതിലുള്ള തീരാഖേദങ്ങളും എന്നെ ഇപ്പോഴും വല്ലാതെ അലട്ടിക്കൊണ്ടിരുന്നു .

ഇത്തരം അനേകം ദുഃഖങ്ങൾക്കിടയിൽ വീണുകിട്ടിയ അല്പസൽപ്പ  സന്തോഷങ്ങളും ഉണ്ടായിട്ടുണ്ടായിരുന്നു .  കഴിഞ്ഞ വർഷം ഇതേ സമയത്ത് ഒരു പേരക്കുട്ടി ഞങ്ങളുടെ കുടുംബത്തിൽ  പിറന്നു വീണ് ഓമനത്തമൂറുന്ന പാൽപുഞ്ചിരിയും , കളിവിളയാട്ടങ്ങളുമായി  അവൾ വളർച്ചയോടൊപ്പം ഞങ്ങൾക്ക് നൽകികൊണ്ടിരുന്ന  ആനന്ദങ്ങൾ ഒന്ന് വേറെ തന്നെയായിരുന്നു ... !

പിന്നെ കുഞ്ഞിനെ  കൊഞ്ചിക്കുമ്പോഴും പരിചരിക്കുമ്പോഴും മറ്റും  മോളും മരുമോനുമൊക്കെ - ഞങ്ങൾ പിന്നിട്ട ആ പഴയ മതാപിതാക്കളെ പോലെ കൂടുമാറ്റം നടത്തി,  ആമോദത്തോടെ ജീവിത ചക്രത്തിലൂടെ കടന്നുപോകുന്നത് കാണുമ്പോഴുള്ള ആമോദങ്ങളൊക്കെ ഈ  കൊറോണക്കാലത്ത് കിട്ടിയ ഏറ്റവും നല്ല സുഖമുള്ള ഓർമ്മകളാണ്.

2020 ജനുവരിയിൽ തുടക്കം കുറിച്ച 'കട്ടൻ  'കട്ടൻ കാപ്പിയും കവിതയും' കൂട്ടായ്‌മയുടെ മുഖപുസ്തക തട്ടകത്തിൽ   കൂടി  തത്സമയ അവതരണങ്ങളിൽ നാന്ദികുറിച്ചത് മറ്റൊരു  സന്തോഷത്തിനും അനുമോദനങ്ങൾ കിട്ടുവാനും ഇട നൽകിയ സംഗതിയാണ് .

അടച്ചുപൂട്ടൽ കാലത്ത് സ്ഥിരമായി പല കൂട്ടുകാരുമൊത്തും ,സംഘടനകളിലൂടെയും   സൈബർ പ്ലാറ്റുഫോമുകളായ zoom , google meet , microsoft teams   എന്നിവയിലൂടെ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ ചർച്ചകളും തർക്കങ്ങളും  മറ്റും നടത്തി വിരസങ്ങളായ 'ലോക്ക് ഡൗൺ'  ദിനങ്ങളെല്ലാം   സന്തോഷപ്രദമാക്കി തീർത്തതും എടുത്തുപറയാവുന്ന വേറൊരു സുഖമുള്ള ഏർപ്പാടായിരുന്നു .

പിന്നെ അഞ്ചാറുമാസം മുമ്പ് വരെ ലണ്ടൻ മലയാളികളൊക്കെ പാടെ തള്ളിക്കളഞ്ഞിരുന്ന അന്നിവിടെ പ്രചാരത്തിലായിരുന്ന 'club house' കഴിഞ്ഞമാസം മുതൽ മല്ലൂസ് ചേക്കേറിയപ്പോൾ സോഷ്യൽ മീഡിയയിൽ സമയം കൊല്ലാൻ ഒരു ഉപാധി കൂടി കൈ വന്നു എന്ന സന്തോഷം കൂടിയായി  

പിന്നെ കൊറോണക്കാലത്ത്  ഇത്ര വയസ്സായിട്ടും  കോളേജിൽ പോയി പഠിക്കാനുമുള്ള ഒരു സൗഭാഗ്യവും എനിക്ക് കിട്ടി . 'ഫർലോ സ്‌കീമി'ൽ വീട്ടിൽ ഇരിക്കുന്നവർക്ക് ഗവർമെന്റ് വക അനേകം വേറിട്ട തരത്തിലുള്ള  6 മാസം മുതൽ ഒന്നര കൊല്ലം വരെയുള്ള 'ഫ്രീ കോഴ്‌സുകളിൽ ,അഭിരുചിയുള്ള ചില പാഠ്യങ്ങൾ പഠിക്കുവാൻ വേണ്ടി കോളേജിൽ ചേർന്നതിനാൽ  , 'ഓൺ -ലൈനാ'യി  നടത്തിയിരുന്ന പഠനങ്ങൾ ഇക്കൊല്ലം ജനുവരി മുതൽ ക്‌ളാസിൽ നേരിട്ട് പോയി പഠിക്കുന്ന രീതിയിലായി മാറി 


രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നായ ബഹുസന്തോഷമാണ്  അപ്പോൾ ഉളവായത്...  
ഒന്നിന്നും ഒരു കുറവ് വരേണ്ട എന്ന് കരുതി ഒരു കോളേജ് കുമാരന്റെ 'മേക്ക് ഓവർ' നടത്തിയിട്ടാണ് ഞാൻ വീണ്ടും  'ന്യൂ- ജെൻ' കലാലയ ജീവിതം തൊട്ടറിയുവാനും, ഒപ്പം  ഭൂതകാല 'ക്യാംപസ്' ജീവിതം  അയവിറക്കുവാനും  വേണ്ടിയാണ്  കിഴക്കൻ ലണ്ടനിലെ  ''ന്യൂഹാം കോളേജിൽ ''ൽ ഇപ്പോൾ പഠനം നടത്തികൊണ്ടിരിക്കുന്നത് ...

ആഴ്ച്ചയിൽ മൂനാലു  മണിക്കൂർ വീതം മൂന്ന് ദിനങ്ങൾ മാത്രമെ ക്ലാസിൽ ഇരിക്കേണ്ടതുള്ളു എന്നതിനാൽ , മറ്റു നേരംപോക്കുകൾക്ക് ധാരാളം സമയമുണ്ടുതാനും ...!
 
അതിരുകളില്ലാത്ത സന്തോഷങ്ങൾ പങ്കുവെക്കുവാൻ 
സാധിക്കുന്ന ഒരു പെരും പൂരം തന്നെയാണ് തനി കോളേജ് കുമാരനായി വിലസാൻ സാധിച്ച ഈ കാലയളവുകൾ എനിക്ക് സമ്മാനിച്ചത് ...

അതെ 
നല്ലതും ചീത്തയുമായ വല്ലാത്ത അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു ലണ്ടൻ കൊറോണക്കാലം ഓർമ്മയുള്ള കാലം വരെ മനസ്സിനുള്ളിൽ തങ്ങി നിൽക്കും എന്നത് തീർച്ചയാണ്. 
 


ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...