Friday, 30 October 2020

വിഷാദ രോഗത്തിൻ വീഥിയിൽ ... ! / Vishada Rogatthin Veethiyil ... !

ഒരിക്കലും വിഷാദരോഗം
 (ഡിപ്രെഷൻ -വിക്കി  )  എന്നെ വന്ന് വശീകരിക്കുകയില്ലെന്ന് കരുതിയിരുന്ന സംഗതി ഇപ്പോൾ വ്യഥാവിലായിരിക്കുന്നു ... 

കടിഞ്ഞൂൽ പുത്രനായ എന്റെ പതിനെട്ടാം വയസ്സിൽ അച്ഛൻ അകാലത്തിൽ മൃത്യവിന് ഇരയായായതു മുതൽ വീട്ടിലെ ചുമതലകൾ മുഴുവൻ തോളിലേറ്റി,  അനേകം പ്രതിസന്ധികൾ തരണം ചെയ്‌ത്‌ സഹോദരങ്ങളേയും , കുടുംബത്തിനേയും ഒരുവിധം പ്രപ്തമാക്കിയ എന്റെ മുന്നിൽ യാതൊരുവിധ ഉൽക്കണ്ഠകൾക്കും മറ്റു മനഃക്ലേശങ്ങൾക്കുമൊന്നും ഒട്ടും സ്ഥാനമില്ലായിരുന്നു... 

അതുകൊണ്ട് ചെറുപ്പം മുതൽ   ഒഴിവുസമയങ്ങളിലെല്ലാം എന്നുമെപ്പോഴും എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുന്ന എന്നിലേക്ക് വിഷാദത്തിന് പരകായപ്രവേശനം നടത്തുവാൻ യാതൊരുവിധ അവസരങ്ങളും കൊടുക്കാത്ത  ഒരുവനായിരുന്നു ഞാൻ ...!

എന്തിനുപറയുവാൻ  കൊറോണക്കാലം തുടക്കം കുറിച്ച നാൾ മുതൽ ഈ വക പകർച്ചവ്യാധികളൊന്നും എന്നെ ഒട്ടും ബാധിക്കുകയില്ല എന്ന ആത്മവിശ്വാസവുമായി മുന്നേറുമ്പോഴാണ്‌ , അടച്ചുപൂട്ടലിൽ വിധേയനായി വീട്ടിലിരിക്കേണ്ടി വന്നത് .

സ്വയം വരുത്തിവെച്ച  അനേകം  അസുഖങ്ങൾക്ക് മരുന്ന് കഴിച്ചുകൊണ്ടിരുന്ന എന്നോട് ഞങ്ങളുടെ ജി.പി.സർജറിയിലെ ഡോക്റ്റർ ആ സമയത്ത് പറഞ്ഞു പുറത്തിറങ്ങി ജോലിക്കും മറ്റും പോകുകയാണേൽ  എനിക്ക് കോവിഡ് വരുവാൻ ചാൻസുകൾ ഏറെയാണെന്ന് ...


അതുകൊണ്ടാണ് മാർച്ച് പകുതി മുതൽ നാല് മാസത്തോളം ജോലിയിൽ നിന്നും ലോങ്ങ് ലീവെടുത്ത് വീട്ടിലിരിപ്പായത് ...!

ഈ കോവിഡ് കാലത്ത് 'അണ്ടർ മെഡിക്കൽ കണ്ടീഷനി'ൽ ഇരിക്കുന്നവർക്കും മറ്റും,  യു.കെ ഗവർമെന്റ് ഫർലോ (furlough ) സ്‌കീമിൽ ജോലിക്ക് പോയില്ലെങ്കിലും , 80 ശതമാനം വേതനം ലഭിക്കും എന്നുള്ള ബെൻഫിറ്റും  നടപ്പിലാക്കിയപ്പോൾ അടച്ചുപൂട്ടി വീട്ടിലിരിക്കാൻ പ്രേരിപ്പിച്ചു എന്നുള്ളതും ഒരു വസ്തുത തന്നെയായിരുന്നു ...!

എന്തായാലും ഈ മൂനാലു മാസത്തിനുള്ളിൽ നാട്ടിൽ നിന്നും പല തവണകളിലായി വാങ്ങികൊണ്ടുവന്ന വായിക്കാത്ത  പുസ്തകങ്ങളും, ഓണപ്പതിപ്പുകളുമൊക്കെ വായിച്ചു തീർക്കണമെന്ന തീരുമാനമാണ് ആദ്യം എടുത്തത്തത് . 

പിന്നെ കാണുവാൻ ബാക്കിവെച്ച പല ഡോക്യുമെന്ററികളടക്കം, ചില കാണാത്ത സിനിമകളും ഇതിനിടയിൽ കണ്ടുതീർക്കണമെന്നും നിശ്ചയിച്ചു .

പക്ഷെ മാർച്ച് മാസം അവസാനമാകുമ്പോഴേക്കും കൊറോണാവ്യാപനം ലണ്ടനിൽ അതിരൂക്ഷമായി പടർന്നു പന്തലിച്ചു . 


അയലക്കക്കാരടക്കം പല ദേശക്കാരെയും കോവിഡ് വന്ന് മരണത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നത്  നേരിട്ടും, വാർത്താമാധ്യമങ്ങളിൽ കൂടി എന്നുമെന്നോണം  കണ്ടു തുടങ്ങി .

പോരാത്തതിന് ഏപ്രിൽ മാസം മുതൽ യു.കെയിലെ കൊറോണ മൂലമുള്ള മരണ സംഖ്യ ദിനംപ്രതി വർദ്ധിച്ച് വർദ്ധിച്ചു വരുന്ന ഒരു സ്ഥിതിവിശേഷവും സംജാതമയാപ്പോൾ എന്നെയും മരണഭയം വല്ലാതെ അലട്ടിക്കൊണ്ടിരുന്നു ....!

വെറുതെ ഒരു ചുമയൊ തൊണ്ടവേദനയൊ  വന്നാലൊ ,  നീരുവീഴ്ച്ച വന്നാലൊ ആയത് കൊറോണയാണൊ എന്നുള്ള സംശയവും ഉടലെടുത്തു ...

ജോലിയില്ലാത്തപ്പോഴും , ഒഴിവുസമയങ്ങളിലും മറ്റും എപ്പോഴും വീട്ടിലിരിക്കാതെ കലാസാഹിത്യ പ്രവർത്തനങ്ങളിലും , മിത്രങ്ങളോടോത്ത് പബ്ബുകളിലും പാർക്കുകളിലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന എനിക്ക് ഒറ്റക്ക് വീട്ടിൽ ആരെയും നേരിൽ കാണാതെ ഇരിക്കുക എന്നത് വല്ലാത്ത ഒരു വെല്ലുവിളി തന്നെയായിരുന്നു ...!

അപ്പോഴാണ് കാലങ്ങളോളം ജയിൽ വാസം അനുഭവിക്കുന്നവരുടെയും, വീട്ടിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെയും മനസികാവസ്‌ഥ ശരിക്കും മനസ്സിലാക്കിയത് .


എന്നാലും വാട്ട്സാപ്പ് മുഖാന്തിരവും,  'സൂമി.ലൂടെയും ,'എഫ് .ബി' .ലൈവിലൂടെയുമൊക്കെ ഇടക്കിടെ  കൂട്ടുകാരുമായും, മറ്റു  കൂട്ടായ്മകളുമായും ഇടക്കിടെ 'വെർച്ചൽ സംഗമ'ങ്ങൾ നടത്താറുണ്ടായിരുന്നെങ്കിലും എന്തോ ഒരു വല്ലാത്ത മാനസികാവസ്ഥയിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയായിരുന്നു ഞാൻ ...

ഒരു പുസ്തകം പോലും മുഴുവനായി വായിച്ചു തീർക്കുവാൻ സാധിക്കുന്നില്ല ...

സിനിമകളൊ ,ഡോക്യുമെന്ററികളോ ,മറ്റു ടി.വി പരിപാടികളൊ മുഴുവനായി  കുത്തിയിരുന്ന് കാണുവാൻ സാധിക്കുന്നില്ല... 

ചെറിയ കാര്യങ്ങൾക്ക് പോലും വീട്ടിലുള്ളവരുമായി വഴക്കുണ്ടാക്കുക , വെറുതെ ഓരോന്ന് ചിന്തിച്ച് ചുമ്മാ ഇരിക്കുക എന്നിങ്ങനെ അനേക പ്രശ്നങ്ങൾ എന്നെ പലവിധത്തിൽ അലട്ടി തുടങ്ങി .

ഇപ്പോഴും എന്റെ വാലറ്റിൽ ഇരിക്കുന്ന നിരോധിച്ച , ഒരു പുത്തൻ ആയിരത്തിന്റെ എവിടെയും ചിലവഴിക്കുവാൻ സാധിക്കാത്ത ഇന്ത്യൻ നോട്ടിന്റെ പോലെയായി എന്റെ അവസ്ഥ...! 

ആ സമയത്താണ് ഓൺ-ലൈനായി ഡോക്റ്ററെ കണ്ട് സംസാരിച്ചതും, അദ്ദേഹം ഇത്തരം കാര്യങ്ങൾക്ക് ഉപദേശവും ചികിത്സയും നൽകുന്ന ഒരു കൺസൾട്ടൻസിയുമായി ബന്ധപ്പെടുവാൻ പറഞ്ഞതും. ( every-mind-matters/low-mood ).

അവരിൽ നിന്നാണ് ഇത് ഒരു വിഷാദ രോഗത്തിന്റെ ആരംഭ ദശയാണെന്ന് എനിക്ക് പിടികിട്ടിയത് . സൈക്കോളജിസ്റ്റായ പുതുതായി ബിരുദമെടുത്ത് പുറത്തിറങ്ങിയ ഒരു ഇറ്റലിക്കാരിയായിരുന്നു എന്റെ ഉപദേശക . .

നമ്മുടെ മാനസിക പിരിമുറുക്കങ്ങൾ മുഴുവനും വ്യക്തമാക്കി കൊടുക്കുന്ന ഒരു 'വെബ് ഫോം' പൂരിപ്പിച്ചയച്ച ശേഷം പിന്നീടവർ നമ്മെ വിളിച്ച് മനസികോർജ്ജം നൽകുന്ന പ്രകിയകളാണ് ഗവർമെന്റ് പൊതുജനാരോഗ്യം സംരക്ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങളിലൂടെ നടത്തത്തി കൊണ്ടിരിക്കുന്നത് .

എന്റെ പ്രശ്നങ്ങൾ മുഴുവൻ പറയുന്നത് ഫോണിലൂടെ, ഇടക്ക് വീഡിയോ കോളിലൂടെ കേട്ടിരിക്കുന്ന ആ സുന്ദരിയെ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു .

ഒപ്പം കളിച്ചു വളർന്ന എന്റെ ഉത്തമ മിത്രങ്ങളായിരുന്ന 2019 ലും , ഇക്കൊല്ലവും മരിച്ചുപോയ സുരേഷിന്റെയും , അശോകന്റെയും  അകാലത്തിലുള്ള വിയോഗങ്ങളും  , കഴിഞ്ഞ വർഷം ഞങ്ങളെ  വിട്ടുപോയ വാത്സല്യ നിധിയായ അമ്മയുടെ വേർപാടും , ഈ കൊറോണക്കാലവും , എന്റെ പ്രായവും , ഇപ്പോഴുള്ള അസുഖങ്ങളുമൊക്കെയാണ് ഈ ഡിപ്രഷൻ എന്നിൽ ഇപ്പോൾ ഉടലെടുക്കുവാൻ കാരണമെന്നാണ് അവൾ പറഞ്ഞു തന്നത് ...! 


ആദ്യമൊക്കെ ആഴ്ച്ചയിൽ ഒന്നോരണ്ടോ തവണയും , ഇപ്പോൾ  ഒരു വട്ടവും ഒരു മണിക്കൂറോളം എന്നെ അവൾ വിളിക്കും . 

അവൾ ചിലപ്പോൾ എന്നോട് ചില നല്ല സിനിമകൾ ചൂണ്ടിക്കാണിച്ച് ആയതൊക്കെ എന്നോട് കാണുവാൻ പറയും .
ഒപ്പം 'യൂട്യൂബി'ലുള്ള മാനസിക ഉല്ലാസം പകരുന്ന പല  ലിങ്കുകളും വീക്ഷിക്കുവാൻ പറഞ്ഞ് അയച്ചുതരും . 
 
ഇതിനിടയിൽ ഓൺ-ലൈനിൽ  കൂടി  'മൈൻഡ് ഫുൾനെസ് മെഡിറ്റേഷൻ' പരിശീലിപ്പിച്ചു . 

വീട്ടിൽ ചുമ്മാ ഇരിക്കുമോഴും , നടക്കുവാൻ പോകുമ്പോഴും  എന്നും കുറെ നേരം ഇഷ്ട്ടപ്പെട്ട പാട്ടുകൾ കേട്ട് നടക്കുവാൻ ഉപദേശിച്ചു . 

ഇടക്കിടെ എന്തെങ്കിലും കുക്ക്  ചെയ്യുവാനും ,മറ്റു വീട്ടുപണികൾ ചെയ്തുകൊണ്ടിരിക്കുവാനും ഉപദേശിച്ചു . 

പിന്നീട്   'ഫർലൊ സ്‌കീം' ഉപേക്ഷിച്ച വീണ്ടും എന്നോട് അവൾ ജോലിക്ക് പോകുവാൻ പറഞ്ഞു .അങ്ങനെ ഞാൻ ആഗസ്റ്റ് പകുതിയോടെ വീണ്ടും ജോലിയിൽ തിരികെ പ്രവേശിച്ചു .

ഇപ്പോൾ എന്റെ മാനസിക  പിരിമുറുക്കങ്ങൾക്ക് കുറച്ച് അയവുകൾ വന്നിട്ടുണ്ടെങ്കിലും അല്ലറചില്ലറ ആധികളും , അന്തഃസംഘർഷങ്ങളുമായി എന്റെ മെന്ററുടെ ഉപദേശങ്ങളുമായി ഞാൻ മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു ... 

ജീവിതത്തിൽ തിരക്കുകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ  ജനങ്ങളെ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. 

ലോകത്തിലെ  പ്രശസ്തരായ പല വ്യക്തികളും വിഷാദ രോഗത്തിന് അടിമപ്പെട്ടവരായിരുന്നു എന്ന് ചരിത്രങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്  .

കൃത്യസമയത്ത് ഡിപ്രഷന് ചികിത്സ നേടിയില്ലെങ്കിൽ ജീവപായം വരെ ഉണ്ടാക്കുന്ന ഒരു പ്രതിഭാസം കൂടിയാണ് ഈ രോഗാവസ്ഥ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാകുന്ന സംഗതി .


ക്ളീനിക്കൽ സൈക്കോളജിസ്റ്റായ എന്റെ ഇറ്റലിക്കാരിയായ ഈ പുതിയ ഗെഡിച്ചി പറയുന്നത് ആധുനിക ജീവിതരീതികൾ കാരണം ഭാവിയിൽ ഏറ്റവും വ്യാപകമായി മനുഷ്യനെ വേട്ടയാടുന്ന ഒരു രോഗാവസ്ഥയായിക്കും വിഷാദം എന്നതാണ് .

ആയതുകൊണ്ട് നമുക്കെല്ലാം ഇപ്പോൾ സന്തോഷവും ,ഇഷ്ടവും നൽകുന്ന കാര്യങ്ങളിലെല്ലാം രണ്ടാഴ്ച്ചയിൽ കൂടുതൽ താല്പര്യം നഷ്ട്ടപ്പെടുകയായാണെങ്കിൽ സൂക്ഷിക്കുക .

ചെറിയ ചെറിയ മാനസിക ക്ലേശങ്ങൾക്കൊപ്പം ഉറക്കക്കുറവ് / കൂടുതൽ ഉറക്കം , വിശപ്പില്ലായ്മ / ഓവർ ഈറ്റിങ്  ,ഒന്നിലും ശ്രദ്ധയില്ലായ്‌മ തുടങ്ങി മറ്റനേകം സംഗതികളും ഇതോടൊപ്പം അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഒരു ക്ളീനിക്കൽ ഉപദേശം തേടേണ്ടതാണ് ... 

ഒരുവിധം സുഖസൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടുപോലും എന്നെപ്പോലുള്ള  ഒരുവന് വിഷാദ രോഗം പിടിപെടാമെങ്കിൽ ഒട്ടനവധി ദുഃഖങ്ങളും, സങ്കടങ്ങളും , മറ്റു ബാധ്യതകളും ഉള്ളവർക്കും വിഷാദ രോഗവും  അതിനോടനുബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടാകുവാൻ സാധ്യതകളേറെയാണ് കേട്ടോ കൂട്ടരെ . 

അതുകൊണ്ട് പ്രശ്നങ്ങളെല്ലാം മാറ്റിവെച്ച് എപ്പോഴും അവരവർക്ക് സന്തോഷമുള്ള കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുക..  


(വിഷാദ രോഗം about-symptoms-of-depression)

8 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വാട്ട്സാപ്പ് മുഖാന്തിരവും 'സൂമി.ലൂടെയും ,
'എഫ് .ബി' .ലൈവിലൂടെയുമൊക്കെ ഇടക്കിടെ
കൂട്ടുകാരുമായും കൂട്ടായ്മയായും ഇടക്കിടെ 'വെർച്ചൽ സംഗമ'ങ്ങൾ നടത്താറുണ്ടായിരുന്നെങ്കിലും എന്തോ ഒരു വല്ലാത്ത മാനസികാവസ്ഥയിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയായിരുന്നു ഞാൻ .

ഒരു പുസ്തകം പോലും വായിച്ചു തീർക്കുവാൻ സാധിക്കുന്നില്ല ...
സിനിമകളൊ ,ഡോക്യുമെന്ററികളോ ,മറ്റു ടി.വി പരിപാടികളൊ
മുഴുവനായി കുത്തിയിരുന്ന് കാണുവാൻ സാധിക്കുന്നില്ല...
ചെറിയ കാര്യങ്ങൾക്ക് പോലും വീട്ടിലുള്ളവരുമായി വഴക്കുണ്ടാക്കുക ,
വെറുതെ ഓരോന്ന് ചിന്തിച്ച് ചുമ്മാ ഇരിക്കുക എന്നിങ്ങനെ അനേക പ്രശ്നങ്ങൾ
എന്നെ പലവിധത്തിൽ അലട്ടി തുടങ്ങി ...

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിതത്തിൽ തിരക്കുകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ
ജനങ്ങളെ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന
ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ.

ലോകത്തിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദ രോഗത്തിന് അടിമപ്പെട്ടവരായിരുന്നു എന്ന് ചരിത്രങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട് .

കൃത്യസമയത്ത് ഡിപ്രഷന് ചികിത്സ നേടിയില്ലെങ്കിൽ ജീവപായം
വരെ ഉണ്ടാക്കുന്ന ഒരു പ്രതിഭാസം കൂടിയാണ് ഈ രോഗാവസ്ഥ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാകുന്ന സംഗതി .

ക്ളീനിക്കൽ സൈക്കോളജിസ്റ്റായ എന്റെ ഇറ്റലിക്കാരിയായ
ഈ പുതിയ ഗെഡിച്ചി പറയുന്നത് ആധുനിക ജീവിതരീതികൾ
കാരണം ഭാവിയിൽ ഏറ്റവും വ്യാപകമായി മനുഷ്യനെ വേട്ടയാടുന്ന ഒരു രോഗാവസ്ഥയായിക്കും വിഷാദം എന്നതാണ് .

ആയതുകൊണ്ട് നമുക്കെല്ലാം ഇപ്പോൾ സന്തോഷവും ,ഇഷ്ടവും
നൽകുന്ന കാര്യങ്ങളിലെല്ലാം രണ്ടാഴ്ച്ചയിൽ കൂടുതൽ താല്പര്യം നഷ്ട്ടപ്പെടുകയായാണെങ്കിൽ സൂക്ഷിക്കുക .

അതോടൊപ്പം ഉറക്കക്കുറവ് ,വിശപ്പില്ലായ്മ ,ഒന്നിലും
ശ്രദ്ധയില്ലായ്‌മ തുടങ്ങി മറ്റനേകം സംഗതികളും ഇതോടൊപ്പം
അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഒരു ക്ളീനിക്കൽ ഉപദേശം
തേടേണ്ടതാണ്

© Mubi said...

മുരളിയേട്ടാ, ഡിപ്രഷൻ എന്ന രോഗത്തെ എത്ര നിസ്സാരമായിട്ടാണ് നമ്മൾ കാണുന്നത്. എന്തായാലും ജോലിയിൽ വീണ്ടും പ്രവേശിച്ചു ആക്റ്റീവായി തുടങ്ങിയെന്നറിഞ്ഞതിൽ സന്തോഷം. Stay safe & healthy...

വീകെ. said...

ഇത് വായിച്ചപ്പോഴാണ് ഞാൻ ആലോചിക്കുന്നത്.
ഈയിടെയായി വെറുതെയിരുന്ന് ചിന്തിക്കാൻ ഉത്സാഹമാണ്.( ഒരു കഥ മെനയുമോയെന്ന ആലോചനയാണ് ട്ടോ)
ഒരു സിനിമയും മുഴുവൻ കാണാറില്ല.(അപ്പഴേക്കും മക്കൾ ചാനൽ മാറ്റും) ആകെക്കൂടി ഒരു ഉൽസാഹമില്ലായ്മ.
ഇത് വിഷാദ രോഗമാണോ.. ബിലാത്തിച്ചേട്ടാ...?

Geetha said...

ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പിടിപെടാവുന്ന ഒരു സംഗതിയാണ് ഈ ഡിപ്രഷൻ . തക്കസമയത്തു അങ്ങനെയൊരു കൗൺസിലിംഗ് തേടിയത് നന്നായി . എന്തായലും ജോലിയിൽ ബിസി ആയി ആക്റ്റീവ് ആയല്ലോ . സന്തോഷമായും സമാധാനമായും ഇരിക്കൂ മുരളീ ഭായ് .

മഹേഷ് മേനോൻ said...

ഏതൊരു ചെറുപ്പക്കാരനെയും വെല്ലുന്ന ആവേശത്തോടെ ബ്ലോഗുകൾ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്ന മുരളിയേട്ടന് വിഷാദരോഗമോ ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല. വർധിത വീര്യത്തോടെ ബൂലോകത്ത് ആക്റ്റീവ് ആകൂ...

ആസാദ്‌ said...

എന്താ പറയുക അല്ലെ...
ഒറ്റപ്പെടലിൻറെ ഭീകരതയ്ക്ക് നമ്മൾ ശരിക്കും ഒറ്റപ്പെടണം എന്നില്ല. ഒറ്റപ്പെടുന്നു എന്ന് തോന്നിയാൽ മാത്രം മതി..
ബ്രിട്ടനിൽ നിന്നുള്ള വാർത്തകൾ കേൾക്കുമ്പോഴൊക്കെ ഞാൻ താങ്കളെ ഓർക്കാറുണ്ടായിരുന്നു..
ചില്ലറ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും ആരോഗ്യവാനായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..

Pyari said...

ആദ്യം വായിച്ചത് ലേറ്റസ്റ്റ് പോസ്റ്റ് ആയിരുന്നു. സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു എന്ന് പോസ്റ്റ് ചെയ്ത ഉടനെയാണ് ഇത് വായിച്ചത്.
മെഡിറ്റേഷൻ സഹായിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
ഒരു ട്വിറ്റെർ ഹാൻഡിൽ ഷെയർ ചെയ്യുന്നു

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...