Friday, 28 December 2018

ബിലാത്തിയിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ...! / Bilatthiyile Kocchukocchu Santhoshangal ...!

ഓരോവർഷവും - നാഴിക കല്ലുകൾ കണക്കെ  നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും പിന്നിട്ടുപോകുമ്പോഴും ,  അനേകം ദു:ഖങ്ങൾക്കൊപ്പം ഓർത്തുവെക്കുവാൻ വളരെ കുറച്ച് സന്തോഷം നൽകുന്ന അനുഭവങ്ങളും അക്കൊല്ലം നമ്മൾക്ക് നല്കിയിട്ടുണ്ടാകും...അല്ലെ .

അത്തരത്തിലുള്ള ആനന്ദം നൽകിയ
ഒരു സംഗതിയെ കുറിച്ച് ചുമ്മാ എഴുതിയിടുകയാണ് ഞാനിവിടെയിപ്പോൾ ...

സ്വന്തം വീടും നാട്ടുമൊക്കെ വിട്ട് എത്ര ഉന്നതമായതൊ , അല്ലാത്തതൊ ആയ പ്രവാസജീവിതം അനുഷ്ഠിക്കുമ്പോഴും അവരവരുടേതായ പല ഗൃഹാതുരത്വ സ്മരണകളാൽ സമ്പുഷ്ടമായാണ് ഓരോ പ്രവാസികളും ജീവിതം മുന്നോട്ട് കൊണ്ടുപോകാറുള്ളത് ...!


അതുപോലെതന്നെയാണ് ഈ ആംഗലേയ നാട്ടിലുള്ള  ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ലണ്ടനിൽ  വന്നു ചേർന്നിട്ടും , നമ്മുടെ നാട്ടിലെ സാംസ്കാരിക തലസ്ഥാനത്തുനിന്നും വന്നു പെട്ട എനിക്കും അത്തരം കൊച്ചുകൊച്ചു സന്തോഷങ്ങൾ അയവിറക്കികൊണ്ടിരിക്കുമ്പോൾ   അനുഭവപ്പെടുന്ന ആമോദങ്ങൾ ...

മൂന്ന് പതിറ്റാണ്ടോളം വളർന്നു പഠിച്ചു ശീലമാക്കിയ സമയം , രുചി , ഭക്ഷണം , ഭാഷ , സംസ്കാരം , കാലാവസ്ഥ മുതൽ സകലമാന ജീവിതരീതികളും തനി വിപരീത അവസ്ഥകളിലേക്ക് മാറിമറിയുകയായിരുന്നു ഈ ബിലാത്തി പട്ടണത്തിലേക്ക് ഒരു പറിച്ചു നടീൽ സംഭവിച്ചപ്പോൾ  എനിക്കുണ്ടായത് ...!


മണിക്കൂറുകൾ അടിസ്ഥാനമാക്കി വളരെ ഉത്തരവാദിത്തത്തോടെ ചെയ്തു  തീർക്കേണ്ട ജോലികൾ , എന്നുമെന്നും സന്തോഷം നല്കികൊണ്ടിരുന്ന പുസ്തക വായനയെ അകറ്റിമാറ്റുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയുള്ള പാഴാക്കുന്ന സ്ഥിരം ഓടിപ്പാച്ചിലുകൾ .
ഇതിനിടയിൽ കിട്ടുന്ന യാന്ത്രികമായി കൊണ്ടാടപ്പെടുന്ന കുടുംബ ബന്ധങ്ങളും ,സൗഹൃദ കൂട്ടായ്മകളും ...
ഇതിൽ നിന്നെല്ലാം തികച്ചും വേറിട്ട , വീടിന്റെ പിന്നാമ്പുറത്തുള്ള ഇത്തിരിപ്പോന്ന  ഒരു അടുക്കളത്തോട്ടത്തിൽ നമ്മുടെ സ്വന്തം നാട്ടിലുള്ള പച്ചക്കറിച്ചെടികളും , അതിൽ വിളഞ്ഞുവരുന്ന കായ്കളും നാൾക്കുനാൾ കണ്ടിരിക്കുംപോഴുള്ള ഒരു ആനന്ദം , അവിടെ അവക്കെല്ലാം നനച്ചും ,
വളം നൽകിയും , പടർത്തി വലുതാക്കുമ്പോഴുള്ള ആമോദം.  
വേനൽ ചൂടിൽ  ആയതിന്റെയൊക്കെ തണലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും, കുടിക്കുമ്പോഴും ,  പ്രണയം പങ്കിടുമ്പോഴും അനുഭവപ്പെടുന്ന സൗഖ്യം ...

ആ സുഖമാണിത് .... ആസന്തോഷമാണിത് ....

മഞ്ഞുകാലം വരും മുമ്പേ ഇലപൊഴിച്ച്  പോയ ചെടികളും മരങ്ങളുമൊക്കെ വസന്ത കാലത്ത് മൊട്ടിട്ട് വിരിയുന്ന പൂക്കളെല്ലാം, കായ് കനികളായ ഫലങ്ങകളായി വിളഞ്ഞ് നിൽക്കുന്ന അതി മനോഹര കാഴ്ച്ചകളാണ് പാശ്ചാത്യ നാടുകളിൽ അതുകഴിഞ്ഞുവരുന്ന വസന്തകാലത്ത്  കാണുവാൻ പറ്റുക .

പിന്നീട് വരുന്ന ഗ്രീഷ്മ കാലം കഴിയുന്നതുവരെയാണ് പുഷ്പങ്ങളും ഫലങ്ങളുമായുള്ള കാർഷിക സമൃദ്ധിയുടെ വിളവെടുപ്പ് കാലം ഇവിടെ കൊണ്ടാടുക ...


ലോകത്തിലെ ഏതാണ്ടൊരു വിധം പഴവർഗ്ഗങ്ങളെല്ലം ഇവിടെ ലഭ്യമായതിനാൽ വസന്തവും വേനലും ഒരുവിധം ആളുകളൊക്കെ എന്തെങ്കിലും പഴവർഗ്ഗങ്ങളോ , പച്ചക്കറികളോ അവരവരുടെ തൊടികളിൽ വിളയിച്ച്ചെടുക്കാറുമുണ്ട് ...

വിവിധ തരം ആപ്പിളുകളും, പെയേഴ്സുകളും ,പ്ലമ്മുകളും, നാരങ്ങകളും മിനി ' ഡ്വാർഫ് 'ചെടികളായി കിട്ടുന്നത് കൊച്ചു തൊടികളിലൊ മറ്റൊ നട്ട് വളർത്തിയാൽ മതി...

കൂടാതെ സ്ട്രോബറി, റാസ്ബറി, ബ്ലാക്ക്ബെറി ,ബ്ലൂബെറി മുതലായ സകലമാന ബെറികളും , പിന്നെ പലതരം മുന്തിരി ചെടികളടക്കം 25 ൽ പരം പഴവർഗ്ഗ ചെടികളും വീട്ടിലൊ, പരിസരത്തൊ വളർത്തി പരിപാലിക്കാവുന്നതാണ്...


അങ്ങിനെ ചുറ്റുപാടും വസിക്കുന്നവർ ചെയ്യുന്നത് കണ്ടപ്പോൾ ഞങ്ങളും വീടിന്റെ പിന്നിലെ ചെറിയ തൊടിയിൽ ഒന്നര പതിറ്റാണ്ട്  മുമ്പ് ആപ്പിൾ , ചെറി , പ്ലം , പെയേഴ്‌സ് മുതൽ ചെടികൾ വെച്ചുപിടിപ്പിച്ചു .

ഒപ്പം കൃഷീവല്ലഭയായ ഭാര്യ ചീരയും , ഉരുളക്കിഴങ്ങും,  സ്ട്രോബെറിയുമൊക്കെ പരിപാലിച്ച് വളർത്തി വന്നിരുന്നു ...

ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞു ആപ്പിളും , പ്ലസും ,ചെറിപ്പഴങ്ങളും പറിച്ച് തിന്നുമ്പോൾ
തോന്നും ; നാട്ടിൽ പുരയിടത്തിൽ , ഇമ്മിണി സ്ഥലമുണ്ടായിട്ടും ഞാനടക്കം പലരും ഒരു പഴ് ച്ചെടിയൊ, ഒരു പുതുമരമൊ എന്താ അവിടെ വെച്ച് പിടിപ്പിക്കാത്തത് എന്ന് ...?

ഇതിനിടയിൽ എന്റെ പെണ്ണൊരുത്തി എല്ലാ വേനലിലും നാട്ടിൽ നിന്നും പോരുമ്പോൾ കൊണ്ടുപോന്നിരുന്ന നമ്മുടെ മലക്കറി വിത്തുകൾ പാകി അടുക്കള തോട്ടം വിപുലീകരിച്ചു വളർത്തിയെങ്കിലും അവയിൽ ഒട്ടുമിക്കതും ഫലങ്ങൾ തന്നിരുന്നില്ല...

ഒരു 'ഹോബി'യെന്ന നിലയിൽ നാട്ടിൽ നിന്നും കൊണ്ടുവന്ന കറിവേപ്പിൻ തൈ ,  ചൂന്യൻ മുളക് എന്നിവയെ മഞ്ഞുകാലത്ത് അകത്ത് എടുത്തുവെച്ചും, സൂര്യപ്രകാശം കാണിപ്പിച്ചും കുട്ടികളെ പോലെ താലോലിച്ച്  എന്റെ പെണ്ണൊരുത്തി വളർത്തി വന്നു ...

പക്ഷെ ഇക്കൊല്ലം  അടുക്കള തോട്ടത്തിൽ ആദ്യമായിട്ടാണ് നമ്മുടെ നാട്ടിലെ ചില മലക്കറികൾ, എന്റെ പെർമനന്റ് ഗെഡിച്ചി  ഈ ഗ്രീഷ്മകാലത്ത് നട്ടു നനച്ച് വളർത്തി വിളയിച്ചെടുത്തത്...



റോസിനും, ഗന്ധരാജനും, കറ്റാർ വാഴക്കുമൊപ്പം - നമ്മുടെ നാട്ടിലെ സ്വന്തം കറിവേപ്പിലയും , പച്ചമുളകും , തക്കാളിയും , വെള്ളരിയും , ഇളവനും , അമരയ്ക്കയും , പാവയ്ക്കയും , ബീൻസുമൊക്കെ വിളഞ്ഞു നിൽക്കുന്ന - എന്നും എപ്പോഴും സന്തോഷം നൽകുന്ന - ഒരു ഉറവിടമായി മാറിയിരിക്കുകയാണ് ഞങ്ങളുടെ ലണ്ടനിലുള്ള വീടിനു പിന്നിലെ തൊടിയിലെ ഈ കൊച്ചു പച്ചക്കറി തോട്ടം... !

അവൾ എല്ലാ വർഷവും ഇത്തിരി പോന്ന പിന്നാമ്പുറത്ത് കൃഷി ചെയ്യാറുള്ള 'പൊട്ടറ്റൊ, ബീറ്റ്റൂട്ട് , ചീര, സ്ട്രോബറി'  ചെടികൾക്കൊപ്പം - ഇക്കൊല്ലം അമരക്കായ,കുമ്പളങ്ങ , വെള്ളരിക്ക , ബീൻസ് എന്നിവയുടെ വള്ളികളാണ് ഇത്തവണ ഒരു പച്ച പന്തലായി തൊടിയിലെ ആപ്പിൾ, പെയേഴ്‌സ് , പ്ലം എന്നീ മരച്ചെടികളിൽ പടർന്നുകയറി പന്തലിച്ചത്...!


ആ സമയത്തൊക്കെ പെണ്ണൊരുത്തി ഒഴിവുദിനങ്ങളിലും, മറ്റും അടുക്കളക്കുള്ളിൽ ചിലവഴിക്കുന്ന സമയം പോലും - അടുക്കള തോട്ടത്തിൽ പണിയെടുക്കുന്നതുകൊണ്ട്, ചിലപ്പോൾ 'കിച്ചൺ ഡ്യൂട്ടി'വരെ എനിക്കും, മോനുമൊക്കെ ഏറ്റെടുത്ത് ആയതൊക്കെ കുളമാക്കേണ്ടി വന്നു എന്ന ഒരു ഗതികേടും അപ്പോഴൊക്കെ സംജാതമായി എന്ന് പറയുകയായിരിക്കും ഉത്തമം ...

നാട്ടിലുള്ള ഞങ്ങളുടെ കുടുംബമിത്രം സന്ധ്യ ടീച്ചറിൽ   നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുവൾ ഈ കലക്കൻ ജൈവ പച്ചക്കറി തോട്ടം ഇക്കൊല്ലം പടുത്തുയർത്തിയിട്ട് , അയലക്കകാരെ വരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുന്നത് ...!

അയലക്കകാരായ ഇംഗ്ളീഷ്  , ബംഗാളി , ശ്രീലങ്ക, റൊമാനിയൻ  , ബ്രസീലിയൻ  കുടുംബങ്ങൾക്കും , ധാരാളം മലയാളി കുടുംബ മിത്രങ്ങൾക്കും നമ്മുടെ സ്വന്തം ജൈവ പച്ചക്കറികൾ പങ്കുവെക്കുമ്പോഴുണ്ടാകുന്ന ആമോദവും ,    ആയവയൊക്കെ വിതരണം ചെയ്ത ആ അവസരത്തിൽ ഞങ്ങൾക്ക് കിട്ടുന്ന സന്തോഷവും ഒന്ന് വേറെ തന്നെയായിരുന്നു  ...!

എന്തിന് പറയുവാൻ  ദാനം നൽകിയ 'ഇളവൻ'  ഉപയോഗിച്ച്  'മോരുകറി' വെക്കേണ്ടത് എങ്ങിനെയാണെന്ന് വരെ വീടിന്റെ 'നെക്സ്റ്റ് ഡോറി'ൽ താമസിക്കുന്ന റൊമാനിയക്കാരിയുടെ അടുക്കളയിൽ കയറി എനിക്ക്  പഠിപ്പിക്കേണ്ടി വന്നു എന്ന് മാത്രം ...!


പോരാത്തതിന് ' ബ്രിട്ടീഷ് മലയാളി '   പത്രത്തിൽ പോലും ഞങ്ങളുടെ പച്ചക്കറി തോട്ടം ഒരു സചിത്ര ലേഖനമായി വന്ന സന്തോഷവും ആ സമയുത്തുണ്ടായി  ...!

ഈ ലണ്ടനിൽ വന്നിട്ടും നമ്മുടെ ഗൃഹാതുരത്വം ഉണർത്തുന്ന സ്വന്തം മലക്കറികൾ ഇവിടത്തെ കൊച്ചു തൊടികളിൽ വിളയിച്ച്ചെടുക്കുവാനും  മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനും സാധിച്ചതിലുള്ള സന്തോഷത്തിൽ പരം ആനന്ദം  മറ്റൊരു സംഗതിയും ഇക്കൊല്ലം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നതൊരു വാസ്തവമാണ് ...!

തല്ല് വാങ്ങുവാൻ ചെണ്ടയും കാശ് വാങ്ങുവാൻ മാരാരും എന്ന് പറഞ്ഞ പോലെ അവൾ നട്ടുവളർത്തി വിളയിച്ച്ചെടുത്ത ലാഭം മുഴുവൻ ഞാൻ വാങ്ങിയെടുത്തു എന്നൊരു കുറ്റപ്പെടുത്തലും എന്റെ പേർമനന്റ്  ഗെഡിച്ചി പ്രകടിപ്പിക്കുന്നുണ്ട്  കേട്ടോ ...

അല്ലാ ..
ഏത് കണവത്തിയാണ്  സ്വന്തം കണവനെ
കുറ്റം പറയാത്തതായി ഈ ലോകത്തിൽ ഉള്ളത് അല്ലെ ...!!

 







പിന്നാമ്പുറം :-

Monday, 3 December 2018

ഒരു അമ്പിളിക്കല . / Oru Ampilikkala .


ഇക്കൊല്ലത്തെ അന്തർദ്ദേശീയ 'എയ്‌ഡ്‌സ്‌  ദിന'ത്തോടനുബന്ധിച്ച്  BBC - യിൽ , എയ്‌ഡ്‌സ്‌ എന്ന മാരക അസുഖത്തിന്റെ ചരിത്രം മുതൽ ഇന്ന് വരെയുള്ള വിവിധ  ചരിതങ്ങളും , പ്രമുഖരായ പല അനുഭവസ്ഥരുടെ ആവിഷ്കാരങ്ങളും കൂടി ചേർത്തുള്ള അസ്സലൊരു പരിപാടിയായിരുന്നു ...
ആഗോളപരമായി എല്ലാ കൊല്ലവും ഡിസംബർ
മാസം ഒന്നിന് ഒരു അന്തർദ്ദേശീയ എയ്‌ഡ്‌സ്‌ ആരോഗ്യ ദിനമായി ( World_AIDS_Day ) ആചരിക്കുവാൻ  ലോക ആരോഗ്യ സംഘടന ആരംഭം കുറിച്ചത് മുപ്പത് കൊല്ലം മുമ്പ് - 1988 , ഡിസംബർ  1 മുതലാണ് .
ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുമ്പ്  ഒരു ജൂൺ മാസത്തിൽ അമേരിക്കയില്‍ വെച്ച് ഈ മാരക രോഗത്തിന്റെ വൈറസുകളെ കണ്ടെത്താനായെങ്കിലും  , മനുഷ്യന് ഇതുവരെ മുഴുവനായും ഈ HIV രോഗാണുക്കളെ
കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യം തന്നെയാണ് ...!
ഇന്ന് ലോകത്തില്‍   കുട്ടികളടക്കം ഏതാണ്ട് മൂന്നര  കോടിയിലധികം  ആളുകള്‍
ഈ വൈറസ് ബാധിതരാണെന്ന് പറയുന്നു .അതില്‍ അരകോടിയിലധികം
പേര്‍ നമ്മുടെ ഇന്ത്യയിലുമാണെന്നതും വാസ്തവമാണ് .
ആദ്യകാലങ്ങളിലൊക്കെ സമൂഹത്തിൽ നിന്നും വളരെ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വന്നിരുന്ന ഈ രോഗ ബാധിതരേക്കാൾ , ഇന്ന് അത്തരക്കാർക്കൊക്കെ എല്ലാ പൊതുയിടങ്ങളിലും പല കാര്യങ്ങളിലും ഇടപെടാനും സാധിക്കുന്നു എന്ന നിലയിലേക്ക് സ്ഥിതിവിശേഷങ്ങൾ മാറിയിട്ടുണ്ട് .

അറിഞ്ഞും അറിയാതെയും ദിനംപ്രതി ഈ രോഗത്തിന്റെ
മടിത്തട്ടിലേക്ക് ,  ഒന്നുമറിയാതെ ജനിച്ചു വീഴുന്ന പിഞ്ചോമനകളടക്കം ,
അനേകം പേര്‍ എത്തിപ്പെട്ടികൊണ്ടിരിക്കുകയാണല്ലോ ...
ശരിയായ ബോധവല്‍ക്കരണങ്ങൾ  തന്നെയാണ്
ഈ  രോഗത്തിനുള്ള ശരിയായ മരുന്ന്...! !

ഈ അസുഖത്തെ പറ്റിയുള്ള ബിബിസി യിലെ ഡോക്യുമെന്ററി കണ്ടപ്പോൾ എനിക്ക് എന്റെ ഒരു കൂട്ടുകാരിയുടെ അനുഭവ  കഥ അഞ്ചാറുകൊല്ലം മുമ്പ് ഇവിടെ കുറിച്ച വരികൾ വീണ്ടും ഞാൻ പങ്കുവെക്കുകയാണ് ...

ഏഴ് കൊല്ലം മുമ്പ് നാട്ടില്‍ എത്തിയ സമയത്ത് ഒരു ദിനം മഴമേഘങ്ങൾ മൂടിക്കെട്ടിയ
ഒരു സന്ധ്യാ നേരത്ത് ഞാനും ,എന്‍റെ ഏറ്റവും നല്ല കൂട്ടുകാരിയായ
സഹധര്‍മ്മിണിയും കൂടി എന്‍റെ ആ പഴയ കൂട്ടുകാരിയെ , അതും ഈ
മഹാരോഗത്തിന്റെ  പിടിയില്‍ അവശയായി കിടക്കുന്ന 'സുഹറ'യെ നേരിട്ട് കാണുവാൻ
പോയി . വെറും നാല്‍പ്പതുവയസ്സില്‍ എല്ലും തോലുമായി കിടക്കുന്ന  ഒരു ശരീരം !

വളരെ പതുക്കെ അന്നവൾ കുറെ സംസാരിച്ചു...മൊഞ്ചുള്ള അമ്പിളിമാമനെ
കുറിച്ച്, യാന്ത്രികമായി മലർന്നുകിടക്കുമ്പോൾ എണ്ണാറുള്ള നക്ഷത്രങ്ങളെ കുറിച്ച് ,
അവൾ പോറ്റുന്ന ,അവളുടെ മിത്രങ്ങളും പൊന്നുമക്കളെ കുറിച്ച് ,.....അങ്ങിനെ കുറെയേറെ കാര്യങ്ങൾ....

മനസ്സിനുള്ളില്‍ ഇപ്പോഴും അന്ന് കണ്ട
ആ രൂപം ഭീകരമായി മായാതെ ഇപ്പോഴും കിടക്കുന്നു ....

ഒരാളും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന സുഹറയെ സന്ദര്‍ശിച്ചപ്പോള്‍
കിട്ടിയ ആ അനുഗ്രഹം  മാത്രം മതി ......മറ്റേത് പുണ്യസ്ഥലങ്ങള്‍ പോയതിനേക്കാള്‍
കിട്ടിയ പുണ്യം എന്ന്  പിന്നീടൊരിക്കല്‍ എന്‍റെ ഭാര്യ എന്നോടു പറഞ്ഞിരുന്നൂ ...!

ഏതാണ്ട്  മൂന്ന്  പതിറ്റാണ്ട് മുമ്പ് നഗരത്തിലെ “പദനിസ” എന്ന
നക്ഷത്ര ദാസി ഗൃഹത്തില്‍ , സാഹചര്യങ്ങളാല്‍ വന്നുപെട്ട ഒരു പെണ്‍കുട്ടി
പിന്നീട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു !

അവള്‍ മുഖാന്തിരം പലരും പണം നേടി - - - സുഖം നേടി - - -

പ്രായം കൂടുന്തോറും അവളുടെ
തൊഴില്‍ മേഖലയില്‍ അവള്‍ പുറന്തള്ളപ്പെട്ടു ....
പിന്നീടവള്‍ 'ഉച്ചപ്പട'ങ്ങള്‍ക്ക് കൂട്ടുപോയും , പിതാവാരെണെന്ന്
അറിയാതെ ജനിച്ചുവീണ സഹ പ്രവര്‍ത്തകകളുടെ മക്കളെ സംരക്ഷിച്ചും
കാലം നീക്കി ...

തീരാ ദുരിതങ്ങളോടൊപ്പം
അവള്‍ നേടിയത് ഈ മഹാരോഗം മാത്രം !

ഒന്നര കൊല്ലം മുമ്പ് മുതൽ നാട്ടിലുള്ള
ഒരു എയ്‌ഡ്‌സ്‌ സെല്ലിൽ അന്തേവാസിയായിരുന്നു അവള്‍,
ആ വർഷം 'എയ്‌ഡ്‌സ് ദിന'ത്തിന് തന്നെ എന്തോ വിരോധാപാസം
പോലെ നല്ലവളിൽ നല്ലവളായ  സുഹറ മരണത്തിന്റെ കയത്തിലേക്ക്
ഊളിയിട്ടിറങ്ങിപ്പോയി .....
ഒരു വാർത്തപോലും ആകാതെ...
ഒരാളുടേയും ഓർമകളിൽ പോലും പെടാതെ...! !

ഇതാ ...
കവിതയും മറ്റും എനിക്കെഴുതുവാൻ  അറിയില്ലെങ്കിലും
അവളുടെ സ്മരണക്കായി  അന്ന് കുറിച്ചിട്ട കുറച്ചു വരികള്‍ ....




ഒരു അമ്പിളിക്കല


പതിവില്ലാതോ'രീമെയില്‍' നാട്ടില്‍ നിന്നിന്നു വന്നു ; പഴയ
പാതിരാ സഹജന്റെ സന്ദേശമിത് , " നമ്മുടെ മൊഞ്ചുള്ള
പാതിരാ തിടമ്പ് - സുഹറ -മാരകമായൊരു രോഗത്താല്‍
പതിച്ചു മരണത്തിന്‍ കയത്തിലെക്കിന്നലെ വെളുപ്പിന്. "  !

പതറി ഞാനാ മെയില്‍ കണ്ട് അവധിയെടുത്തപ്പോള്‍ തന്നെ ,
പാതി ദിനം അവളാല്ത്മശാന്തിക്കായി നമിച്ചീടുവാന്‍ വേണ്ടി ...
പതിനാലാംവയസില്‍ ബീവിയായയെന്‍ കണ്മണി സുഹറേ...
പാത്തുമ്മയുടെ നാലാംവേളിയിലെ പുന്നാര പൊന്മകളേ...

പത്തനംതിട്ടക്കാരി ചക്കരമുത്തേ നിന്നെയോര്‍ത്തിട്ടാണോ
പതറുന്നുവല്ലോയെന്‍ മനം ; ശാന്തമാകുന്നില്ലയിപ്പൊഴും .
പതിനാറില്‍ വിധവയാക്കിയ നിന്‍ പടുകിളവനായ
പതി തന്‍ വീട്ടുകാര്‍ ആട്ടിയോടിച്ചപ്പോള്‍ വന്നു പെട്ടയിടം ;

പാതാള മാണെന്നറിഞ്ഞില്ലല്ലോ സഖീ  നീ യിവിടെ യന്ന്  ?
പതിനാറുകാരി എത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ; ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ...!

പതിഞ്ഞുകിടപ്പുണ്ടീ മനസ്സിലിപ്പോഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ ..!
പാദം വിറച്ചു നിന്ന എന്നെ,ഒരു  പ്രണയ കാന്തനാക്കി ,
പതിയെ പറഞ്ഞു തന്നാരതി തന്‍ ആദ്യപാഠങ്ങള്‍ രുചി ..!

പുതുയാദ്യരാത്രി തന്‍ സഖിയാക്കി നിന്നെ എന്നുമെന്നുടെ ;
പുതു പാപം ചെയ്ത ആദാമിനു സഖി ഹൌവ്വയെന്നപോല്‍ ..!
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍ മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;

പതിനേഴഴകില്‍ തുളുമ്പും നിറ മാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബ ഭംഗിയും ;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പു പോലിഴയും ആ കാര്‍കൂന്തലും.....
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം ;പക്ഷേ ..?

പുതുതായവിടെവന്നൊരുത്തന്‍ നിന്നെ റാഞ്ചിയവിടെ നിന്നും ,
പുതുമാപ്പിളയവനു പെണ്ണായി വാണിരുന്ന നിന്നെയവന്‍
പൊതു വിപണിയില്‍ വാണിഭത്തിനായി വിട്ടു പോലും..
പുതു റാണിയായ് വിലസി നീ നഗര വീഥികൾ തോറും!

"പദനിസ"യെന്നാവീട്ടില്‍ പിന്നീടൊരിക്കലും വന്നില്ല ഞാന്‍ !
പാദങ്ങള്‍ ആദ്യം പറിച്ചുനട്ടു മരുഭൂമികളില്‍ .....പിന്നെ -
പടിഞ്ഞാറനീവന്‍‌കരയില്‍ നങ്കൂരമിട്ടു ; ജോലി ,പണം,
പുതുജീവിതം -തോളില്‍ ഒട്ടനവധി കുടുംബ ഭാരങ്ങള്‍ .....

പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം ..!
പതിയായിവാണു  പ്രണയമൊട്ടു മില്ലാത്ത ഒരു ഭാര്യയുടെ ,
പിതാവായി സ്നേഹം തിരിയെ കിട്ടാത്ത മക്കള്‍തന്‍ .... 
എന്‍ പ്രിയയെ
പതിച്ചുവോ നിന്‍ ശാപം , എൻ ജീവിതത്തിലുടനീളം -  ഈ പാപിയെ....?



പിന്നാമ്പുറം :-

 പിന്നീട് ഈ വരികൾ കണിക്കൊന്ന മാസികയിൽ എന്റെ ഒരു ആർട്ടിക്കിളായി അച്ചടിച്ചു വന്നിരുന്നു .കണിക്കൊന്നയുടെ പത്രാധിപ പാർവതിക്ക് എന്റെ ഹൃദയം നിറഞ്ഞ കൃതഞ്ജത ഈ അവസരത്തിൽ അർപ്പിച്ചുകൊള്ളുന്നു ...
കണിക്കൊന്നയിലെഈ അമ്പിളിക്കലയുടെ ലിങ്ക്


                                                                                                   



അറിഞ്ഞും അറിയാതെയും ഈ മാരകരോഗത്താൽ
വിലപിക്കുന്നവർക്കുവേണ്ടി സമർപ്പിക്കുന്നു ഈ രചന .

 

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...