Sunday, 31 January 2016

വായന വിളയാട്ടങ്ങൾ ... ! / Vaayana Vilayaattangal ... !

അറിവും വിവരവും ഒപ്പം അല്പസൽ‌പ്പം വിവേകവും ഉണ്ടെങ്കിൽ ഒരാൾക്ക് ജീവിത വിജയങ്ങൾ ഏറെ വാരി പിടിക്കുവാൻ സധിക്കും എന്നാണല്ലോ പറയുക ...
കണ്ടറിഞ്ഞും , കേട്ടറിഞ്ഞും , തൊട്ടറിഞ്ഞും പഠിക്കുന്ന  അനുഭവ ജ്ഞാനങ്ങളേക്കാൾ വിലയുള്ള ഏറ്റവും വലിയ അറിവാണ് വായനയിലൂടെ ഒരാൾ നേടിയെടുക്കുന്ന വിജ്ഞാനം എന്നാണ് പറയപ്പെടുന്നത് ...
പണ്ടത്തെ താളിയോല ഗ്രന്ഥങ്ങൾ തൊട്ട് അച്ചടി മാധ്യമങ്ങൾ അടക്കം അത്യാധുനിക വെബ് - ലോഗുകളിൽ വരെ ഇന്ന് ആർക്കും യഥേഷ്ട്ടം എടുത്ത് ഉപയോ‍ഗിക്കാവുന്ന വിധം ഈ അറിവുകളുടെ വിശ്വ വിജ്ഞാന കലവറകൾ ലോകം മുഴുവൻ ഇന്ന് അങ്ങിനെ വിന്യസിച്ച് കിടക്കുകയാണല്ലൊ ഇപ്പോൾ ...
ലോകത്തുള്ള ചില പ്രധാനപ്പെട്ട  ‘ലൈബ്രറി കൌൺസിലുകളും ,  ‘പബ്ലിഷേഴ്സും‘ കൂടി നടത്തിയ ഒരു റിസർച്ചിന്റെ  ഫലം കഴിഞ്ഞ വർഷം ആഗോള വായന ദിനത്തിന്റെയന്ന് പുറത്ത് വിട്ടിരുന്നു...

അതെന്താണെന്ന് വെച്ചാൽ പണ്ട് മുതൽ ഇന്ന് വരെ വായനയുടെ കാര്യത്തിൽ മുൻപന്തിയിൽ  നിൽക്കുന്നത് ഏഷ്യക്കാരാണ് പോലും ...
അതിൽ ആ‍ഴ്ച്ചയിൽ 11 മണിക്കൂർ വരെ ആവെറേജ് വായിച്ച് കൂട്ടുന്ന ,
മറ്റെല്ലാവരേയും പിന്തള്ളി , ഏവരേക്കാളും  മികച്ച് നിൽക്കുന്നത് നമ്മൾ ഭാരതീയരാണെത്രെ ... !

മനുഷ്യൻ ഉണ്ടായ കാ‍ലം മുതൽ അവർക്കെല്ലാം കിട്ടി കൊണ്ടിരുന്ന പുത്തൻ അറിവുകളെല്ലാം തായ് വഴികളിലൂടെ തലമുറ തലമുറയായി അവർ കൈ മാറി വന്നുകൊണ്ടിരുന്നത് ശബ്ദങ്ങളിലൂടേയോ  , ആംഗ്യങ്ങളിലൂടേയോ , രേഖാ ചിത്രങ്ങളിലൂടേയോ മറ്റോ ആയിരുന്നു പുരാതന മനുഷ്യർ , അവരുടെ ഇത്തരം ആശയ വിനിമയങ്ങൾ മറ്റൊരുവന് പകർന്ന് കൊടുത്തിരിന്നത് എന്നാണ്  ചരിത്ര രേഖകൾ വ്യക്തമാക്കുന്നത് ...

പിന്നീടതൊക്കെ അവരുടെയിടയിൽ ഭാഷകൾ ഉരുത്തിരിഞ്ഞ് വന്നപ്പോഴേക്കും ,  അവർ ഈ അറിവുകളൊക്കെ വാമൊഴിയായി പദ്യങ്ങളായൊ, പാട്ടുകളായൊ , ശ്ലോകങ്ങളായൊ താള ലയങ്ങളോടെ പുതു തലമുറകൾക്ക് കൈമാറി കൊണ്ടിരുന്നു ...
ശേഷം അതൊക്കെ  താളിയോലകളായും , അച്ചടിയായും ഗ്രന്ഥങ്ങളിൽ
സ്ഥാനം പിടിച്ചപ്പോൾ വായനയും എഴുത്തുമൊക്കെ മനുഷ്യ കുലങ്ങളിൽ അടി
വെച്ചടിവെച്ച് വർദ്ധിച്ചു വന്നു ...
ഇപ്പോഴിതാ ലോകം മുഴുവൻ ഡിജിറ്റൽ വായനയിലേക്ക് കൂപ്പ് കുത്തികൊണ്ടിരിക്കുകയാണ് ...

അതായത് സിനിമകളൊക്കെ കാണുമ്പോലെ കണ്ടും കേട്ടുമൊക്കെ വായിച്ച് രസിക്കാവുന്ന വീഡിയോ ബക്സും  , വളരെ സുന്ദരമായ പാട്ടുകളൊക്കെ കേൾക്കുന്ന പോലെ കഥകളും ,കവിതകളും മറ്റും കേട്ട് മനസ്സിലാക്കാവുന്ന    ഓഡിയോ ബുക്ക്സും ...!  
പിന്നെ ഇതെല്ലാം അടങ്ങുന്ന വായിക്കാനും , എഴുതാനും , കാണാനും , കേൾക്കാനുമൊക്കെ സാധിക്കുന്ന തരത്തിലുള്ള  ഡിജിറ്റൽ ബുക്കുകളടക്കം ധാരാളം 'ഇലക്ട്രോണിക് ഡിവൈസു'കളും  പ്രചുര പ്രജാരം വന്നിരിക്കുന്ന കാലമാണിപ്പോൾ ...!
ഇന്ന് ഉലകത്തിൽ 'ഇ -വായന'കൾ ബഹുവിധം സുലഭം ആണെങ്കിലും , അച്ചടി വായനകൾക്ക് ഇപ്പോൾ ഇതുവരെ അന്ത്യക്കൂദാശകൾ അർപ്പിക്കാത്ത കാരണം നമ്മുടെയൊക്കെ തലമുറയിലുള്ളവർക്ക് പുസ്തക വായനകളോട് സുല്ല് പറയേണ്ടി വരില്ല എന്ന് മാത്രം .

ഒരു പക്ഷേ അടുത്ത ജെനറേഷനിൽ ഇക്കാര്യത്തിൽ ഒരു മാറ്റം സംഭവിക്കം .
വായന മാത്രമല്ല , കയ്യെഴുത്തിനും ഈ ഗതി തന്നെയാണ് വരാൻ പോകുന്നത്. 

എന്തും കൈ കൊണ്ട് എഴുതുന്നതിന് പകരം ‘ടൈപ്പ്’ ചെയ്യുകയാണ് , ഏവരും ചെയ്ത് കൊണ്ടിരിക്കുന്ന പ്രക്രിയ .
അന്തർദ്ദേശീയമായി പേരെടുത്ത യൂറൊപ്പിലെ മൂന്നാല്
പേനക്കമ്പനികളെല്ലാം  കഴിഞ്ഞ വർഷം കച്ചവടം നേർ പകുതിയിലേക്ക്
കൂപ്പ് കുത്തിയപ്പോൾ അടച്ച് പൂട്ടുകയുണ്ടായി .

ലോകത്തിലെ മിക്കവാറും താപാൽ വകുപ്പുകളിലേയും
തസ്തികകൾ ഇല്ലാതായി വരികയാണ്.

ദേ ഇപ്പോൾ ഇംഗ്ലണ്ടിലുള്ള നമ്മുടെ ‘മലയാള മനോരമ‘യൊക്കെ
പോലുള്ള , ഒരു  പുരാതനമായ 'ഇന്റിപെന്റണ്ട് - ദി ഡെയ്ലി മെയിൽ'  പത്രം
പൂർണ്ണമായും അച്ചടി പതിപ്പുകൾ നിറുത്തി , ഡിജിറ്റൽ പേപ്പറായി മാറിയിരിക്കുകയാണ്.

ഇത്തരം വായന / എഴുത്ത് വിപ്ലവ മുന്നേറ്റത്തിനിടയിൽ പല പല മേഖലകളിൽ അനേകം മനുഷ്യവിഭവ ശേഷികൾ ഇല്ലാതാക്കുന്നു എന്നൊരു
സത്യവും നാം മനസ്സിലാക്കിയിരിക്കണം.

ഇതുകൊണ്ടൊന്നും ലോകത്താകമാനം വായനയും എഴുത്തുമൊന്നും ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ആയതൊക്കെ പതിന്മടങ്ങ് വർദ്ധിച്ചു എന്നുള്ള ഒരു മെച്ചം കൂടി ഈ നവീന വായന വിപ്ലവങ്ങൾ കൊണ്ട് സാധ്യമാകുകയും ചെയ്തിരിക്കുകയാണിപ്പോൾ. ..!



ഏതാണ്ട് അര നൂറ്റാണ്ട് കഴിഞ്ഞാൽ കടലാസ്സുകൾ അപൂർവ്വമാകുന്ന ഒരു കാലം വന്ന് ചേരുമെന്നാണ് പറയുന്നത് . 
അന്ന് ‘സോളാർ എനെർജി‘യാൽ്
പ്രവർത്തിക്കുന്ന ഒരിക്കലും ‘ഡിസ്കണക്റ്റാകാത്ത‘, ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന
ഒരു ഭീമൻ ‘വൈ -ഫൈ / Wi-Fi‘യാൽ ബന്ധിക്കപ്പെടുന്ന ഭൂമിയി്ലുള്ള സകലമാന ലൊട്ട് ലൊടുക്ക് ദിക്കുകളിലും ‘സൈബർ മീഡിയ‘കളിൽ കൂടി മാത്രമേ ഭൂരിഭാഗം ഇടപാടുകളും നടക്കുകയുള്ളൂ ...

ഒരു ‘’മൈക്രോ ചിപ്പി‘ൽ വരെ ഒരു പുസ്തക ശാലയിലെ മുഴുവൻ ബുക്കുകളുടേയും ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിക്കുവാൻ പറ്റുന്ന കാലഘട്ടം.
അന്നൊക്കെ ഡിജിറ്റൽ വായനകൾ
മാത്രമേ ഉണ്ടാകുകയുള്ളൂ എന്നർത്ഥം ..
അപ്പോൾ അന്ന്  പുസ്തകങ്ങളൊക്കെ ‘പ്രഷ്യസ് ‘ ആയിരിക്കും ...!
എപ്പോഴും പഴയതൊക്കെ അന്യം നിന്നു പോ‍ാകുമ്പോഴും  വായനയിൽ കൂടി കിട്ടുന്ന  ഈ വിജ്ഞാന വിളംബരങ്ങളെല്ലാം അതാതുകാലത്തുള്ള മനുഷ്യർക്ക് കൈവന്നിരുന്ന, അവരവരുടെ കാലത്തെ അത്യാധുനിക ഉപാധികളിലൂടെ കണ്ടെടുത്ത് മനസ്സിലാക്കാനും , സംരംക്ഷിക്കാനും സാധിച്ച് പോന്നിരുന്നത് മനുഷ്യന് അവന്റെ അറിവിനോടുള്ള ആർത്തി തന്നെയായിരുന്നു കാരണം ... !

അതുകൊണ്ട് വായന എന്ന സംഗതി ലോകത്ത് മനുഷ്യനുള്ള കാലം വരെ വിവിധ തരം മാധ്യമങ്ങളിൽ കൂടി തുടർന്ന് കൊണ്ടിരിക്കും
അവ എന്നും പല പല ഉപാധികളിൽ കൂടി സംരംക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും ... !


ചെറുപ്പം മുതലെ ഒരു വായനയുടെ ദഹനക്കേടുണ്ടായിരിന്ന എനിക്ക് എഴുത്തിന്റെ ചില കൊച്ചു കൃമി ശല്ല്യവും ഒപ്പം ഉണ്ടായിരുത് കൊണ്ടായിരിക്കാം ഭൂമി മലയാളത്തിൽ ബൂലോകം പൊട്ടി മുളച്ചപ്പോൾ ആയതിന് ഇത്തിരി ചാണക വളമായി പല തവണ ഇവിടെയൊക്കെ വന്ന് പലതും വിസർജിച്ച് പോകുന്നത്...

പക്ഷേ തുടരെ തുടരെ പൊട്ടി മുളക്കുന്ന പല ‘സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റു‘കളിലൊക്കെ ഉന്തി തള്ളി കയറിയിട്ട് , അവിടെയൊന്നും സ്വസ്ഥമായ ഒരു ഒരു ഇരിപ്പിടം കിട്ടാതെ തേടി  അലയുമ്പോഴും  വായനയെന്ന ശയനത്തിൽ തന്നെ ഞാൻ ലയിച്ച് കിടക്കാറുണ്ടായിരുന്നു ...

ഏതാണ്ട് മൂനാലഞ്ചു കൊല്ലമായി ഇന്റെർ-നെറ്റിലൂടെയുള്ള
ഇ- വായനകളിൽ  മാത്രം അഭയം തേടിയപ്പോൾ എനിക്ക് നഷ്ട്ടപ്പെട്ടത്
നല്ലൊരു പുസ്തക വായനയായിരുന്നു .
വായിക്കണം വായിക്കണം എന്ന് കരുതി സ്വരൂപിച്ച പല നല്ല പുസ്തകങ്ങളും ,
വാർഷിക പതിപ്പുകളുമൊക്കെ വീട്ടിൽ ഇപ്പോൾ കുന്ന് കൂടിയിരിക്കുകയാണ്.

2016 ന്റെ തുടക്കം മുതൽ നല്ല പിള്ള ചമയാനുള്ള ‘റെസലൂഷൻ‘ എടുത്തതിനോടൊപ്പം തന്നെ അനേകം ഗ്രൂപ്പുകളിലായി അഭിരമിച്ചിരുന്ന് ചുമ്മാ സമയം അപഹരിക്കുന്ന  ‘വാട്ട്സാപ് , ലിങ്കിടിൻ , ഇൻസ്റ്റാഗ്രാം‘ മുതലായ പല സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും ‘സൈലന്റ് ‘ആയി നിന്ന് ,  എന്റെ മറ്റ് സോഷ്യൽ മീഡിയ തട്ടകളാ‍ായ‘  ഗൂഗ്ൾ പ്ലസ് , ഫേസ് ബുക്ക് , ട്വിറ്റർ ‘ എന്നീ തട്ടകങ്ങളിൽ ഒതുങ്ങി നിന്ന് മാത്രം , ചുമ്മാ ഒന്ന് എത്തി നോക്കിയിട്ട് ,   ബാക്കി വരുന്ന സമയം മുഴുവൻ എന്റെ ഇഷ്ട്ട വായന ഇടങ്ങളായിരുന്ന അച്ചടി മാധ്യമങ്ങളിലേക്ക് ഞ്‍ാൻ വീണ്ടും ഇറങ്ങി പോകുകയാണ് ...

ഏതൊരു വിദ്യയും സ്വയം കൈ വശമാക്കണമെങ്കിൽ അതിനെ കുറിച്ച്
ആദ്യം സിദ്ധാന്തപരമായൊ , പ്രായോഗികപരമായൊ മനസ്സിലാക്കി പഠിച്ചിരിക്കണം .
ആയതിന് അടിസ്ഥാനപരമായി വേണ്ട സംഗതിയാണ് വായന ...

അതെ എവിടെയും ഇടിച്ചിടിച്ച് പിടിച്ച് പിടിച്ച്
കയറണമെങ്കിൽ  ഒരാൾക്ക് അറിവുകൾ ഉണ്ടായിരിക്കണം.

വിദ്യാ ധനം സർവ്വ ധനാൽ 
പ്രാധാന്യം എന്നാണല്ലൊ പറയുക..
അതെ
വായിച്ചാൽ വളർന്ന് വളർന്ന് വലുതാകാം ...
അല്ലെങ്കിൽ വളഞ്ഞ് വളഞ്ഞ് നിലം മുട്ടി ഇല്ലാതാകും ... !

ഒരു പുസ്തക ദിനത്തിനൊ ,
വായന ദിനത്തിനൊ മാത്രം
പോര വായനകൾ .., 
എന്നുമെന്നും
വേണം ബൃഹത്തായ വായനകൾ...!


PS 
ഈ ലേഖനം പിന്നീട് ബ്രിട്ടീഷ് കൈരളിയിൽ 
എന്ന രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് 



പിന്മൊഴി :-
ബൂലോഗത്ത് ഞാൻ തിമർത്താടിയിരുന്ന 
2011  കാലഘട്ടത്തിൽ  എഴുതിയിട്ടിരുന്ന  
വെറും വായന വിവരങ്ങൾ എന്ന ആലേഖനവും 
ഇതോടൊപ്പം വേണമെങ്കിൽ കൂട്ടി വായിക്കാം കേട്ടൊ കൂട്ടരെ

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...