Thursday 26 November 2015

സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോഗന : ... ! Saptha Varsha Shree Sampoorna Boologana : ... !


അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് , ഇന്നുള്ള സോഷ്യൽ മീഡിയ നെറ്റ് വർക്ക് രംഗത്തുള്ള മാധ്യമങ്ങൾക്ക് മെച്ചങ്ങൾ അനവധിയാണ് ...

വാചകങ്ങളായൊ , പേജുകളായൊ നിർവചിക്കേണ്ട ചില സംഗതികളൊ , മറ്റോ - ‘മാറ്ററി‘നൊപ്പം തന്നെ ആലേഖനം നടത്തിയോ , ദൃശ്യ - ശ്രാവ്യ പ്രധാന്യമടങ്ങിയ ശൃംഗലകളായൊ ,  വീഡിയോകളായൊ  കുറിപ്പുകളോടൊപ്പം , കൂടി ചേർത്തിട്ടോ അഥവാ ആയതിനെ കുറിച്ചുള്ള ‘ലിങ്കു‘കൾ നൽകിയോ അനുവാചകനെ തൃപ്തനാക്കുവാൻ സാധ്യമാക്കുന്നു എന്നതാണ് വിവര സാങ്കേതികത തട്ടകങ്ങളിലുള്ള മാധ്യമങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണം ...
പിന്നെ നിമിഷങ്ങൾക്കകം ടി സംഗതികളെ ലോകത്തിന്റെ
ഏത് കോണിലുമുള്ള മാലോകർക്ക് മുമ്പിലെത്തിക്കുവാനും സധിക്കുന്നു
എന്നിങ്ങനെയുള്ള നിരവധി 'അഡ്വന്റേജു'കൾ 'ഇന്റെർനെറ്റി'ൽ കൂടിയുള്ള
സോഷ്യൽ മീഡിയകളിലുള്ള ബ്ലോഗ്ഗിങ്ങിന് സാധ്യമാകുന്നുണ്ട് ...

എന്നാലും പല ബ്ലോഗ്ഗിങ്ങ് ഉപഭോക്താക്കളും ഇത്തരം
മെച്ചപ്പെട്ട കാര്യങ്ങളൊന്നും ഉപയോഗിക്കുന്നില്ലാ എന്നതാണ് വാസ്തവം ....

ബ്ലോഗ്ഗിങ്ങ്  എന്നാൽ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽ കുത്തി കുറിച്ചിടുന്ന സംഗതികളാണ് എന്ന് ഏവർക്കും അറിവുള്ള കാര്യങ്ങളാണല്ലോ .
 പക്ഷേ ഇന്ന് സോഷ്യൽ മീഡിയകളിൽ രാവും പകലുമെന്നോ‍ണം കേളി വിളയാട്ടങ്ങൾ  നടത്തി കൊണ്ടിരിക്കുന്ന ഒട്ടുമിക്കവർക്കും ഇത്തരം ഫേസ് ബുക്ക് , ട്വിറ്റർ , ബ്ലോഗ് പോർട്ടലുകൾ മുതൽ സകലമാന ബ്ലോഗ്ഗിങ്ങ് സൈറ്റുകളിലെ ഇടപെടലുകളൊക്കെ ,  എങ്ങിനെയാണ് മാനേജ് ചെയ്യേണ്ടത് എന്നറിയാത്തതാണ് - ഈ രംഗങ്ങളിലും ,  പിന്നീടുള്ള  ജീവിത വഴികളിലും , പല പരാജയങ്ങളും അവർക്കൊക്കെ ബാക്കിയുള്ള ജീവിതത്തിൽ ഏറ്റ് വാങ്ങേണ്ടി വരുന്നത് ...

ആംഗലേയ ബ്ലോഗറും ലോക പ്രശസ്തയുമായ
ഹർലീന സിങ്ങിന്റെ  ‘ആഹാ  !  നൌ  ലൈഫ്  ബ്ലോഗിങ്ങ് ‘  തട്ടകത്തിലെ ,
പുതിയ പോസ്റ്റായ   How to Manage Blogging & Life എന്ന രചനയിൽ പോയി
 സന്ദർശിച്ച് നോക്കിയാൽ താല്പര്യമുള്ളവർക്ക് ആയതെല്ലാം വായിച്ച് മനസ്സിലാക്കാവുന്നതാണ് ...

ആഗോളതലത്തിൽ എടുത്ത് നോക്കുകയാണെങ്കിൽ ഇന്ന് ലോക
ജനസംഖ്യയുടെ 40 % ആളുകൾ ഇന്റെർനെറ്റ് ഉപയോഗ്ഗിക്കുന്നവരാണെത്രെ ,
ഇവരിൽ മുക്കാൽ ഭാഗം പേരും സോഷ്യൽ നെറ്റ് വർക്ക് ഉപഭോക്താക്കളും ആണെത്രെ ...

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഏതാണ്ട് 170 ൽ പരം ആക്റ്റീവായ സോഷ്യൽ
മീഡിയ നെറ്റ് വർക്ക് സൈറ്റുകൾ ഉണ്ട് . അവയിൽ ചിലവയെല്ലാം അന്തർദ്ദേശീയമായി വളരെ പേരും പെരുമയും  ഉള്ളവയും , മറ്റ് ചിലത് അതാതിടങ്ങളിലെ ദേശീയ പെരുമയിൽ , അവരവരുടെ ഭാഷാ തലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയും ആ‍ണെന്ന്  മാത്രം ...

ഇതോടൊപ്പം എന്നുമെന്നോണം സൈബർ ലോകത്തേക്ക് കൂടുതൽ കൂടുതൽ ആളുകൾ തിക്കി തിരക്കി വന്നു കൊണ്ടിരിക്കുന്നു എന്നുമാത്രമല്ല , അവരെല്ലാവരും തന്നെ വിവിധ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽ അവരവരുടെ സാനിദ്ധ്യങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു അവസ്ഥാവിശേഷം കൂടിയാണ്  ഇപ്പോൾ നടമാടികൊണ്ടിരിക്കുന്നത് ...


ഇന്ന് സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകളിൽ
അഭിരമിക്കുന്ന ഏറെ പേർക്കും ഇമ്മിണിയിമ്മിണി മിത്രങ്ങളുണ്ടായിരിക്കാം ...

ചാറ്റിങ്ങും , ചീറ്റിങ്ങും , സല്ലാപവും , ഒത്തുചേരലുകളുമൊക്കെയായി ഇത്തരം
‘ഫ്രെൻണ്ട് സർക്കിളുകൾ‘ എന്നുമെന്നോണം  വർദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു ...
 
അമേരിക്കൻ സൈക്കോളജി അസോസ്സിയേഷൻ ഈയിടെ കണ്ടെത്തി ,
വ്യക്തമാക്കിയ ഒരു സംഗതിയുണ്ട് - 'ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ്  ...

അതായത് അത്തരത്തിലുള്ളവരൊക്കെ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിക്കുമെന്ന് .. !

അന്തർദ്ദേശീയ ആരോഗ്യ സംഘടനയുടെ പുതിയ പ്രബന്ധത്തിലും
പറയുന്നതിതാണ് 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ' മനുഷ്യനെ ‘സോഷ്യൽ ലെസ്സ്’ ആക്കികൊണ്ടിരിക്കുന്നു എന്ന സത്യമാണ് ...


വിവര വിജ്ഞാന മേഖലയിലെ മേന്മകൾക്കൊപ്പം മനുഷ്യനുണ്ടാകുന്ന
 ഇത്തരം ഏകാന്തതയെ കുറിച്ചൊക്കെ വ്യക്തമാക്കിത്തരികയും , പോംവഴികൾ
പറഞ്ഞുതരികയും ചെയ്യുന്ന , M I T യിലെ ‘പ്രൊഫ: ഷെറി ടർക്ലി‘ന്റെ ഈയിടെയായി പ്രസിദ്ധീകരിച്ച വളരെ പ്രസിദ്ധമായ  Alone Together  എന്ന പുസ്തകകമോ , ‘ടോക് ഷോ‘യൊ താല്പര്യമുള്ളവർക്ക് പോയി എത്തി നോക്കാവുന്നതാണ്...

ഇന്ന് നാം ഓരോ‍രുത്തർക്കും തമ്മിൽ തമ്മിൽ ഇതുവരെ കാണാത്ത ,
ഒന്ന് പരസ്പരം  മിണ്ടാത്ത നൂറുകണക്കിന് മിത്രങ്ങൾ , ഇത്തരം പല നെറ്റ് വർക്ക്
തട്ടകങ്ങളിലും , അതിനകത്തുള്ള കൂട്ടായ്മകളിലുമായി  അണികളായി എപ്പോഴും കൂടെ ഉണ്ട് ...

ഏതെങ്കിലും അവസരത്തിൽ നേരിട്ട് കണ്ടാൽ പോലും
അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയുവാൻ പോലും പറ്റാത്തവരായ കൂട്ടുകാർ ...

അതായത് ഒരു കാര്യമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതുണ്ട് -

ശരാശരി ഒരു മനുഷ്യന് ഒരേ സമയം മാക്സിമം  200 ൽ പരം ആളുകളുമായി
ആശയവിനിമയങ്ങൾ ; പരസ്പരം , സ്ഥിരമായി നടത്തികൊണ്ടു പോകുവാൻ
സാധിക്കില്ല എന്ന വസ്തുത നാം ഒരോരുത്തരും മനസ്സിലാ‍ാക്കിയിരിക്കണമെന്ന് മാത്രം ...

ഇനി അല്പസൽ‌പ്പം സ്വന്തം കാര്യങ്ങളിലേക്ക്
ഞാൻ എത്തി നോക്കുവാൻ പോകുകയാണ് കേട്ടോ കൂ‍ട്ടരെ ...

ബാല്യകാലങ്ങളിൽ എന്നെ എന്നും പുരാണാതിഹാസ കഥകളാൽ
കോരി തരിപ്പിച്ചിരുന്ന ഒരു സുന്ദരിക്കോതയായ മുത്തശ്ശിയുണ്ടായിരുന്നു .
കാതിൽ ഊഞ്ഞാലുപോലെ ആലോലമായി ആടുന്ന തോടയും സപ്തതി കഴിഞ്ഞിട്ടും പല്ലുകൾക്കൊന്നും ഒരു കേടും കൂടാതെ പാക്ക് കടിച്ച് മുറിച്ച് എപ്പോഴും നാലും കൂട്ടി മുറുക്കി ചുവപ്പിച്ച് തറവാട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്ന എന്റെ അമ്മൂമ്മയായിരുന്നു ആ ദേഹം .

അന്നത്തെ ആ അമ്മൂമ്മ കഥകളിലെ ചില കഥാപാത്രങ്ങളായ കരിംഭൂതവും , ചെംഭൂതവും , കുട്ടിച്ചാത്തനും , രുദിര ഭദ്രകാളിയും , കോമ്പല്ലുകാട്ടി പൊട്ടി പൊട്ടി ചിരിച്ച് വെള്ളയണിഞ്ഞ് വരുന്ന അതി സുന്ദരികളായ യക്ഷികളും മറ്റും എന്നെ ഭയചികിതനാക്കി ഉറങ്ങാൻ അനുവാദിക്കാതെ ശല്ല്യപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ താരാട്ടിയും , തലോലിച്ചും ചാരത്ത് കിടക്കുന്ന എന്റെ അമ്മൂമ്മയെ  കെട്ടിപ്പിടിച്ച് കിടന്ന് ഞാൻ ഉറങ്ങാറുണ്ടായിരുന്നു ...

ചെറുപ്പകാലങ്ങളിലുള്ള ശീലം അവരുടെ ചുടലവരെ തുടരുമെന്ന
പോലെ അന്ന് മുതൽ തുടങ്ങിയതാണ് എന്റെ ഈ ‘കെട്ടിപ്പിടിച്ചുറക്കം‘... !

പക്ഷേ ഇപ്പോൾ പണ്ടത്തെ ആ ചെംഭൂതവും , കുട്ടിച്ചാത്തനും ,
ചുടല ഭദ്രകാളിയുമൊക്കെ വീണ്ടും എന്റെ ഉറക്കം കെടുത്തുവാൻ സ്ഥിരം വന്നുകൊണ്ടിരിക്കുകയാണ് ...

എത്രയെത്ര പേരെ മാറി മാറി കെട്ടിപ്പിടിച്ച് കിടന്നിട്ടും ഈ ആധുനിക
ഭൂതഗണാതികളെ പേടിച്ചിട്ട് ഇന്നെന്റെ ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ് ... !

ഇന്നത്തെ സോഷ്യൽ മീഡിയ നെറ്റ് വർ്ക്ക് സൈറ്റുകളായ ബ്ലോഗർ , വേൾഡ് പ്രസ് , ഫേസ്ബുക്ക് , ലിങ്ക്ടിൻ , ട്വിറ്റെർ , ഗൂഗ്ല് പ്ലസ്സ് ,
വാട്ട്സാപ് മുതലായ സപ്ത സ്വരൂപങ്ങളാണ്  ഈ പുത്തൻ ഭൂതപ്രേത പിശാച്ചുകളായി എന്നെ എന്നുമെന്നോണം വാരിപ്പുണർന്നിരിക്കുന്നത് ...

നീരാളിയുടെ എട്ട് കരങ്ങൾ പോലെ ,
ഏഴ് നീണ്ട കരങ്ങളുള്ളൊരു  ‘സപ്താളി ‘  ... !

ഈ ഏഴ് കരങ്ങൾ കൊണ്ടെന്നെ കെട്ടി
വരിഞ്ഞിരിക്കുന്ന ‘ബിലാത്തി പട്ടണ‘മെന്ന സപ്താളി ...

ഇതിനെല്ലാം തുടക്കം കുറിച്ച  ആ ബൂലോഗ  ഭൂതം
എന്റെ ഉറക്കം കെടുത്തിയിട്ട് ഇതാ ഇപ്പോ‍ൾ സപ്ത വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് ...

ബൂലോകത്ത് ഇത്രയധികം തിക്കും തിരക്കും വരുന്നതിനുമുമ്പൊക്കെ ആദ്യകാലങ്ങളിലൊക്കെ വാർഷിക പോസ്റ്റുകളും , ബ്ലോഗ്ഗ്മീറ്റ് പോസ്റ്റ്കളുമൊക്കെ എഴുതി പിടിപ്പിക്കുവാൻ മിക്ക ബൂലോഗ വാസികൾക്കും ഒരു പ്രത്യേക ഹരം തന്നെയായിരുന്നു ...

ഇത്തരം രചനകളിൽ ബൂലോക മിത്ര കൂ‍ട്ടായ്മയിലുള്ള ഏവരും വന്ന്
സ്ഥിരം പൊങ്കാലയിട്ട് പോകുന്ന കാഴ്ച്ചകളും മൂനാലുകൊല്ല്ലം മുമ്പ് വരെ പതിവായിരുന്നു...

ഹും..
അതെല്ലാം അന്തകാലം ... !

ഇപ്പോൾ ഇവിടെ കൊടും തണുപ്പ് വിതച്ച് നടമാടികൊണ്ടിരിക്കുന്ന
മഞ്ഞുകാലങ്ങളിലെ  പ്രഭാതങ്ങൾക്കിടയിൽ പൊഴിഞ്ഞിറങ്ങുന്ന ഹിമകണങ്ങൾക്കിടയിലൂടെ ഉദയ സൂര്യനോടൊപ്പം , സപ്ത വർണ്ണങ്ങളാൽ അണിഞ്ഞൊരുങ്ങി വരുന്ന മഴവിൽ സുന്ദരിയുടെ , 
ആ അതിമനോഹരമായ ദൃശ്യങ്ങൾ ഒട്ടും വിട്ടു കളയാതെ , മിഴിയടക്കാതെ നോക്കി നിൽക്കുമ്പോഴുള്ള ആനന്ദം പോലെയാണ് എനിക്കിന്ന് ബൂലോഗ പ്രവേശം നടത്തുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതി ...

ആ സപ്തവർണ്ണങ്ങളുടെ മനോഹാരിതകൾ പോലെ ,
വേറിട്ട നിറ വത്യാസങ്ങളുടെ ഭംഗികൾ പോലെയാണെനിക്ക്
പിന്നിട്ട് പോയ  എന്റെ ബൂലോഗത്തിലെ ആ സപ്ത വർഷങ്ങൾ ... !

ആ മാരിവില്ലിലെ വർണ്ണ  പകിട്ടും , പകിട്ടില്ലായ്മയും ഒത്ത് ചേർന്ന് വിവിധ
വർണ്ണ രാജികളുടെ വിസ്മയത്തിൻ മനോഹാരിതകൾ പോലെയുള്ള ഏഴുവർഷങ്ങൾ ...

അതെ ഈ നവംബർ അവസാനം
സപ്തവർണ്ണാലങ്കാരങ്ങളാൽ  എന്റെ ഏഴാം
ബൂലോഗ തിരുനാൾ ചുമ്മാ കൊണ്ടാടുകയാണ് ...

ചിയേഴ്സ് ... !

പിന്നിട്ട ആ ഏഴ് വർഷങ്ങൾ തൊട്ട് , ഇതുവരെ ഈ
‘ബിലാത്തി  പട്ടണ‘ വീഥികളിൽ കൂടി സഞ്ചാരം നടത്തിയ ഏവർക്കും ,
ഈ അവസരത്തിൽ -
എനിക്ക് നൽകിയ ഉപദേശങ്ങൾക്കും , വിമർശനങ്ങൾക്കും ,
പ്രോത്സാഹനങ്ങൾക്കും കടപ്പാടുകൾ രേഖപ്പെടുത്തികൊള്ളുകയാണിപ്പോൾ ...

ഡൂക്ലി സായിപ്പല്ല ... ഇന്നും തനി നാടൻ ... !
ഏവർക്കും നന്ദി..
ഒരുപാടൊരുപാട് നന്ദി .
എന്ന്
സസ്നേഹം ,
ഒരു  സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോകന:

പിന്നിട്ട വാർഷിക കുറിപ്പുകൾ : -
  1. ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30-11-2009
  2. ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010
  3. മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
  4. ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012
  5. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013
  6. ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014
  7. സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015
(  Courtesy of some images & graphics in this 
article from  www.aha-now.com,  www.wearesocial.net  &   google  )

35 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതച്ഛൻ വന്നാലും അമ്മക്കെന്നെ
ഗതികേടെന്ന പോലെയാണ് എവിടേയും
സുരക്ഷാദ്യോ‍ഗസ്ഥന്മാരുടെ ഗതികേടുകളും പെടാപാടുകളും ...


മോദിയുടെ മോഡി പ്രഭാവം , പാരീസിലെ കൂട്ടക്കുരുതി എന്നിവയുടെ
അലയടികൾ കാരണം ഒട്ടും ഒഴിവില്ലാത്ത ഷിഫ്റ്റ് ജോലികളടക്കം പെരുത്ത് ഡ്യൂട്ടികൾ ...


ഇതിനൊക്കെ മുമ്പ് ഔദ്യോഗികമായും ,
അനൌദ്യോഗികമായും ഒരു ഭാരത പര്യടനം....


11 കൊല്ലത്തിന് ശേഷം വീണ്ടും നാട്ടിൽ വോട്ട്
രേഖപ്പെടുത്തുവാൻ പറ്റിയ സന്തോഷം ..., അതിനിടയിൽ
കഴിഞ്ഞ മാസം ‘ബിലാത്തി പട്ടണ‘ത്തിൽ നാട്ടിൽ വെച്ച് ഒരു പോസ്റ്റ്
ഇട്ടിരുന്നുവെങ്കിലും ആയത് പ്രസിദ്ധീകരണവുമായില്ല .... ! ?


എന്തായാലും മൂന്നാലാഴ്ച്ചയായുള്ള അസ്സലൊരു
‘ഡിജിറ്റൽ ഡൈറ്റി’നു ശേഷം ഇതാ ഒരു വാർഷിക കുറിപ്പ് ..
.

കഴിഞ്ഞ ഏഴ് വർഷങ്ങളായി
ഈ ‘ബിലാത്തിപട്ടണ’മെന്ന
‘ബൂലോഗ ഭൂത-പ്രേത-പിശാച്ചി‘നെ
സഹിച്ചവരെയൊക്കെ സമ്മതിക്കണം അല്ലേ


ഏവരേയും നമിച്ചു കൊള്ളുന്നു

നന്ദി..നമസ്കാരം ...

ബൈജു മണിയങ്കാല said...

ആദ്യമായി ഏഴു സ്നേഹവന്ദനങ്ങൾ
ബ്ലോഗ്ഗെഴുത്തിൽ ഏഴു വര്ഷം ചില്ലറ കാര്യമല്ല
അതും വിവാദ വിഷയങ്ങളോ വെറും ന്യൂസ്‌ ബ്ലോഗ്ഗോ ആയി
സമയം കൊല്ലി അല്ലാതെ കാമ്പുള്ള വിഷയങ്ങൾ
തിരഞ്ഞെടുത്തു അതിനു വളരെ വിശദമായി ഗൃഹപാഠം ചെയ്തു
ഉപയോഗപ്രദമായി ഈ സാമൂഹ്യ ജീവിതം നിലനിർത്തി കൊണ്ട് പോകുന്നത്
എടുത്തു പറയാൻ കാരണം എത്രയോ പഴയ ബ്ലോഗ്ഗ് സൌഹൃദങ്ങൾ അവരുടെ വ്യക്തി പരമായ വിശേഷങ്ങൾ പോലും ഓർത്ത് വെയ്ക്കുകയും
ആ സൌഹൃദങ്ങൾ പുതു സൌഹൃദങ്ങൾ പോലെ തന്നെ ചേർത്ത് നിർത്തി കൊണ്ട് കൊണ്ട് പോകുകയും ചെയ്യുന്നതിലാണ്
അടുത്ത ജന്മം എനിക്കൊരു പെണ്ണ് ആവണം എന്ന് പറഞ്ഞ ഹൃദയ വിശാലത ആത്മാർത്ഥത ഓർത്ത് തന്നെ പറയട്ടെ
മാന്ത്രികനാണ് നിങ്ങൾ മുരളി ഭായ് ശരിക്കും മാന്ത്രികൻ
എല്ലാ ആശംസകളും സ്നേഹം

സുധി അറയ്ക്കൽ said...

ഞാന്‍ എന്റെ രണ്ടാമത്തെ പോസ്റ്റ്‌ ചെയ്തപ്പോള്‍ എന്നെ ഞെട്ടിച്ച് കൊണ്ട് ഒരു കമന്റ് വന്നു.
ഭായ്:താങ്കള്‍ക്ക് എഴുത്തിന്റെ വരമുണ്ട്.എഴുത്ത് തുടരുക എന്ന്.വായിക്കാനല്ലാതെ എഴുതാനറിയില്ലാത്ത എന്നെ പ്രോത്സാഹിപ്പിക്കാന്‍ അങ്ങനെ പറഞ്ഞതാണെങ്കിലും ആ ഒരു കമന്റ് എന്നെ പിന്നെ എഴുത്തില്‍ പിടിച്ച് നിര്‍ത്തി.

ഒന്നുമല്ലാത്ത എന്നെ അങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ ഇക്കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് ബൂലോഗത്ത് എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ട് വരാന്‍ മുരളിയെട്ടന് കഴിഞ്ഞ കാണണം.

ഗൂഗിള്‍ ബ്ലോഗ്‌ നിര്‍ത്തുന്നത് വരെ ബ്ലോഗില്‍ ആക്ടിവ് ആയിരിക്കാന്‍ കഴിയട്ടെ.

vettam said...

"ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ് ..." പലപ്പോഴും ഇത് ശരിയാവും.പലരും വെര്‍ച്വല്‍ ലോകത്താണ് ജീവിതം.ഇത് സാധാരണ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നു.
ബ്ലോഗുലകത്തില്‍ ഏഴു വര്‍ഷം തികച്ചെങ്കിലും മുകുന്ദന്‍ ജി വെര്‍ച്വല്‍ ലോകത്തല്ല.അഭിനന്ദനങ്ങള്‍

ജീവി കരിവെള്ളൂർ said...

ബൂലോക ഭൂതങ്ങൾക്കിടയിൽ തുടരൂ... :)

കുഞ്ഞുറുമ്പ് said...

ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ് ... വളരെ സത്യമായി തോന്നുന്നു മുരളി ചേട്ടാ..

അമ്പോ 7 വർഷം.. പഴയ കാല ബ്ലോഗ്ഗർമാർ പലരും ബ്ലോഗിന്റെ സുവർണകാലം കഴിഞ്ഞു എന്ന് ആശങ്കപ്പെടുന്നതായാണ് കാണുന്നത്.. ഇപ്പോളും അതിനൊരു അപവാദമായി നില്ക്കുന്ന മുരളിച്ചേട്ടൻ എപ്പോഴും ബ്ലോഗുകൾ വായിക്കാനും പ്രോത്സാഹിപ്പിക്കാനും കാണിക്കുന്ന ഉത്സാഹത്തിനു ആദ്യം തന്നെ നന്ദി പറയട്ടെ.. ഇനിയും ബ്ലോഗിൽ ഒരുപാട് കാലം പിന്നിടാൻ എല്ലാ ആശംസകളും :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അവനവന്റെ അഭിരുചിക്കും ഇഷ്ടത്തിനും പ്രാധാന്യം കൊടുത്ത് എഴുതാനും വായിക്കാനും ബ്ലോഗും ഈലോകത്തെ മറ്റ് സോഷ്യല്‍സൈറ്റുകളും സഹായിക്കുന്നു എന്നതാണ് ഇതിന്‍റെ ആകര്‍ഷണം എന്നു തോന്നുന്നു...

Cv Thankappan said...

'ബിലാത്തിപട്ടണ'ത്തില്‍ വരുന്ന ഓരോ പുതിയ പോസ്റ്റ് വായിച്ചുകഴിയുമ്പോഴും മനസ്സില്‍ നിറയുന്നത് തികഞ്ഞ സംതൃപ്തിയാണ്.പുതിയ അറിവുകള്‍ നേടാന്‍ കഴിയുന്നതിന്‍റെ സന്തോഷം!ഒരുപോസ്റ്റിലെത്തന്നെ ലിങ്കുകള്‍ വഴി എവിടെയെല്ലാം സഞ്ചരിക്കാന്‍ കഴിയുന്നു!!
എനിക്കൊന്നും എത്തിപ്പെടാന്‍ കഴിയാത്ത അറിവിന്‍റെ അനന്തമായ ചക്രവാളങ്ങള്‍ക്കപ്പുറത്തിലൂടെ......
മര്‍മ്മപ്രധാനമായ വിഷയങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് ആസ്വാദ്യകരമാക്കിത്തരുന്ന കരവിരുത് അഭിനന്ദനാര്‍ഹമാണ്.ആ മാന്ത്രികസ്പര്‍ശം എല്ലാരംഗത്തും ശോഭിച്ചുകൊണ്ടിരിക്കട്ടെയെന്ന്
ഹൃദയപൂര്‍വം ആശംസിക്കുന്നു

© Mubi said...

കുറച്ചുകാലമായി ഞാനീ വഴി വന്നിട്ട്. വന്നപ്പോള്‍ ആദ്യം കണ്ടത് മുരളിയേട്ടന്റെ പോസ്റ്റാണ്. ഇവിടെ കമന്റ്റ് ഇട്ട് കൊണ്ടുതന്നെ തിരിച്ചു കയറട്ടെ... ഹർലീന സിങ്ങിന്റെ പോസ്റ്റുകള്‍ വായിക്കാറുണ്ട്. പുതിയ അറിവുകള്‍ പകര്‍ന്ന് ബിലാത്തിപട്ടണം ഒരുപാട് ദൂരം പോട്ടെ.. ആശംസകള്‍

അൻവർ തഴവാ said...

ഏഴു വർഷം
എത്രയോ പോസ്റ്റുകൾ
കമന്റുകൾ
വായനകൾ
സൌഹൃദങ്ങൾ ..


ഭാഗ്യവാൻ



ഇനിയും പോരട്ടെ

SIVANANDG said...

വെര്‍ച്വല്‍ ലോകത്തിൽ ഏകാന്ത പഥിക ജീവിത്തിൽ ഒരു സാന്ദ്വന സാന്നിധ്യമായ 'ബിലാത്തിപട്ടണ'ത്തിനു ആശംസകൾ. സമന്വയത്തിന്റെ പാതയിലൂടെ എല്ലാ ഭാഗത്തേക്കും എത്തിച്ചേരാൻ കഴിഞ്ഞ സപ്തവർഷങ്ങൾ സംവത്സരങ്ങായി മാറട്ടെ!

വിനുവേട്ടന്‍ said...

ഈ ബിലാത്തിപ്പട്ടണം ഉള്ളതു കൊണ്ടല്ലേ നമ്മൾ പരിചയപ്പെട്ടത്‌ തന്നെ... ഇങ്ങനെ എത്രയെത്ര സൗഹൃദങ്ങൾ...

സപ്തശ്രീ ബിലാത്തി സ്വാമിക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു...

ഒടിയന്‍/Odiyan said...

7 വര്‍ഷങ്ങള്‍ അതൊരു വലിയ കാര്യമാണ് ..തനി നാടന്‍ സായിപ്പിന്റെ ബിലാത്തി പട്ടണം ഭൂത-പ്രേത-പിശാചൊന്നുമല്ല ബോറടിപ്പിക്കാന്‍ ...ആസ്വദിച്ചു വായിക്കാവുന്ന ഒന്നാണ് ...വീണ്ടും എഴുതുക ആശംസകള്‍ .

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ബൈജു ഭായ് , നന്ദി.എന്നും തികച്ചും വ്യത്യസ്ഥമായ കവിതാ ബിംബങ്ങളുടെ ആവനാഴിയുള്ള ഒരുവനിൽ നിന്നും ഇത്രയും നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞാനെങ്ങിനെ സന്തോഷിക്കാതിരിക്കും അല്ലേ.എത്രയോ പഴയതും പുതിയതുമായ ബ്ലോഗ്ഗ് സൌഹൃദങ്ങൾ തരുന്ന ആ ഊർജ്ജമുണ്ടല്ലോ -അത് തന്നെയാണ് എന്നെ ഇത്രടം എത്തിച്ചത് കേട്ടോ ഭായ്.

പ്രിയമുള്ള സുധി ഭായ് ,നന്ദി.ഏവർക്കും അവനവണ്ടേതായ കഴിവുകൾ ഉണ്ട് - ആയത് വളർത്തിയെടുക്കണമെന്ന് മാത്രം .പിന്നെ , ഏതാണ്ട് ഏഴ് കൊല്ലം മുമ്പ് ഞാൻ നമ്മുടെ ബൂലോഗത്ത് എങ്ങിനെയായിരുന്നുവോ അതേ സ്വഭാവ വിശേഷങ്ങളുമായി പ്രയാ‍ണം നടത്തുന്ന ഒരുവനായിട്ടാണ് ഞാൻ സുധി ഭായിയെ ഇപ്പോൾ കണ്ടുകൊണ്ടിരീക്കുനത് കേട്ടോ ഭായ്.

പ്രിയപ്പെട്ട വെട്ടം , നന്ദി.വെര്‍ച്വല്‍ ലോകത്ത് മാത്രം എന്നും അടയിരിക്കുമ്പോഴാണ് ,ഒരാൾ സാധാരണ ജീവിതത്തിന്‍റെ താളത്തിൽ നിന്നും തരം തെറ്റി ഏകനായി മാറുന്ന അവസ്ഥാ വിശേഷം ഉണ്ടാകുന്നത് ,പിന്നെ എന്നും സപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്ന കുറെ പേർ കൂടെയുണ്ടെന്നുള്ള ആത്മ വിശ്വാസവും വേണം എന്ന് മാത്രം.

പ്രിയമുള്ള ഗോവിന്ദരാജ് ഭായ്, നന്ദി.എന്നും നമ്മളെയൊക്കെ ഹോണ്ട് ചെയ്തുകൊണ്ടിരീക്കുന്ന ഭൂതപ്രേത പിശാച്ചുകൾ ഉണ്ടെങ്കിൽ ,രക്ഷാമാർഗ്ഗം അന്വേഷിച്ച് നാം എപ്പോഴും തളരാതെ ഓടി കൊണ്ടിരിക്കും...അതെന്നെ..ദ് !

പ്രിയപ്പെട്ട കുഞ്ഞുറുമ്പേ , നന്ദി.ശരിക്കും തനി ഏകാന്ത പഥികരായി മാറികൊണ്ടിരിക്കുമ്പോൾ തന്നെയാണ് സർശേഷി വളർന്ന് പതലിക്കുന്നതും ..! പിന്നെ ബ്ലോഗ്ഗിങ്ങിന്റെ സുവർണ്ണകാള്ളങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ , ഇപ്പോൾ കാണുനതൊക്കെ വെറും ബാലാരിഷ്ട്ടതകൾ മാത്രമാണ് കേട്ടോ

പ്രിയമുള്ള മുഹമ്മദ് ഭായ്, നന്ദി.അവനവന്റെ അഭിരുചിക്കും ഇഷ്ടത്തിനും പ്രാധാന്യം കൊടുത്ത് എഴുതാനും വായിക്കാനും സാധിക്കുന്ന ഒരേ ഒരു മാധ്മ്യം തന്നെയാണ് ഇന്ന് നമുക്ക് ചുറ്റുമുള്ള സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകൾ.ഈ ആകർഷണം തന്നെയാണ് ഇത്തരം സൈറ്റുകളിൽ ഏവരേയും കയറില്ലാതെ കെട്ടിയിട്ടിരിക്കുന്നതും എന്ന്തും ഒരു വാസ്തവമാണ് കേട്ടൊ ഭായ്.

Unknown said...

ഈ ഏഴു വര്‍ഷങ്ങള്‍കൊണ്ട് എത്രമാത്രം ചിരിക്കാനുള്ള അവസരമൊരുക്കി, എന്തെല്ലാം പുതിയ കാര്യങ്ങള്‍ ചൂടോടെ പറഞ്ഞുതന്നു... എത്ര വിശിഷ്ടവ്യക്തികളുമായി പരിചയപ്പെടുത്തിതന്നു... ബിലാത്തിപ്പട്ടണത്തിലൂടെയുള്ള ജൈത്രയാത്ര വര്‍ഷങ്ങളോളം അഭംഗുരം തുടരട്ടെയെന്ന് നന്ദിയോടെ ആശംസിക്കുന്നു...

പട്ടേപ്പാടം റാംജി said...

കാലങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള (അത് യക്ഷി ആയാലും നെറ്റ് വര്‍ക്ക് ആയാലും)ആവാഹനത്തിലൂടെയല്ലേ നമുക്ക് മുന്നോട്ട് ജീവിക്കാന്‍ കഴിയൂ.
അതുകൊണ്ട് നമുക്ക് തുടരാം.

ajith said...

അനന്തമജ്ഞാതമവർണ്ണനീയം!!
അത്രയേ പറയാനുള്ളു

അതിങ്കലെങ്ങാണ്ടൊരിടത്തൊരു കീബോർഡുമായിരിക്കുന്ന പാവം ഈ മർത്ത്യൻ കഥയെന്തറിഞ്ഞു!!

റോസാപ്പൂക്കള്‍ said...

ഏഴ്‌ വര്ഷം അല്ലെ.ഞാനും ഏഴ്‌ തികക്കാൻ പോകുന്നു ഈ പുതു വർഷത്തിൽ. ബ്ലോഗ്‌ മാന്ദ്യം എന്നൊക്കെയുള്ള 'കിംവദന്തി'കൾക്കിടെ തല ഉയര്ത്തിപ്പിടിച്ച് നില്ക്കുന്ന ബിലാത്തിപട്ടണത്തിനു സല്യൂട്ട്. (y) തുടരുക.
സസ്നേഹം
റോസാപ്പൂക്കൾ

Geetha said...

" ബിലാത്തിപ്പട്ടണം " ഈ പേരിനും ഒരു പ്രത്യേകത ഉണ്ട്. ഏഴു വർഷം പിന്നിട്ടുവെന്നു കേൾക്കുമ്പോൾ അതിശയം. ഇവിടെ വരുംപോളെല്ലാം കുറെ പുതിയ കാര്യങ്ങൾ മനസ്സിലാക്കിയാണ് തിരികെപ്പോവുന്നത്. ഈ തിരക്കിനിടയിലും എന്നെപ്പോലെയുള്ള പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കയും, കഴിവതും ബ്ലോഗുകൾ സന്ദർശിച്ച് രണ്ടുവാക്ക്‌ കുറിക്കാൻ കാണിക്കുന്ന ഈ മനസ്സിന് അഭിനന്ദനങ്ങൾ. " ബിലാത്തിപ്പട്ടണം ഇനിയും ജൈത്രയാത്ര തുടരട്ടെ. എല്ലാ ആശംസകളും.

Pradeep Kumar said...

സ്വന്തം ബ്ലോഗെഴുത്തുപോലെതന്നെ മറ്റുള്ളവരുടേയും ബ്ലോഗിനെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ബൂലോകത്ത് നിറഞ്ഞാടിയ ഏഴു വർഷങ്ങൾ. മലയാളം ബ്ലോഗെഴുത്തിന്റെ ചരിത്രത്തിൽ ബിലാത്തിപ്പട്ടണം പരിഗണിക്കപ്പെടാതിരുന്നാൽ അത് ആ ചരിത്രമെഴുത്തിന്റെ അജ്ഞതകൊണ്ട് മാത്രമായിരിക്കും......

എല്ലാ നന്മകളും നേരുന്നു

aswathi said...

ബ്ലോഗെഴുത്തിന്റെ ഏഴു വർഷങ്ങൾ പൂർത്തിയാക്കിയ മുരളി എട്ടന് ആശംസകൾ ...ഇനിയും ഒരുപാട് എഴുതുവാനും, എഴുതുന്നവരെ പ്രോത്സാഹിപ്പിക്കാനും കഴിയട്ടെ ...

Sabu Hariharan said...

നല്ലോണം മനസ്സിരുത്തി വായിച്ചു.
പ്രയാണം തുടരട്ടെ!.
അഭിനന്ദനങ്ങളും ആശംസകളും!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട തങ്കപ്പൻ സർ ,ഹൃദയം നിറഞ്ഞ നന്ദി. ഞാൻ കണ്ടതും കേട്ടതുമായമായ കാര്യങ്ങൾ അല്പം ഹോം വർക്ക് നടത്തിയാണ് മിക്കപ്പോഴും ഈ ബിലാത്തിപട്ടണത്തിൽ എഴുതിയിടാറ് . പിന്നെ സാറിനെ പോലെയുള്ളവരൊക്കെ ഇതുപോലെയൊക്കെ പ്രശംസകൾ തന്നുകൊണ്ടിരിക്കുമ്പോൾ കിട്ടുന്ന ആ ഒരു ഊർജ്ജമുണ്ടല്ലോ - അതാണെന്നെ ഈ ഏഴുവർഷവും എന്നെ ഇത്രയും എനെർജെറ്റിക്കായി നമ്മുടെ ബൂലോകത്ത് പിടിച്ച് നിറുത്തിയതിന്റെ രഹസ്യം കേട്ടൊ.

പ്രിയമുള്ള മുബി, നന്ദി. വായനക്കാർക്കെല്ലാം സമ്പൂ‍ർണ്ണ സംതൃപ്തി നൽകി കൊണ്ടിരിക്കുന്ന പോസ്റ്റുകളാണല്ല്ലോ മുബിയുടേയും ,ആയത് കൊണ്ട് ഒരിക്കലും ബൂലോകത്ത് നിന്ന് അധികകാലം വിട്ട് നിൽക്കരുത് കേട്ടൊ . പിന്നെ ഹർലീന സിങ്ങ് ആംഗലേയ ബൂലോകത്തിലെ ഒരു പുപ്പുലിച്ചിയാണ്..!

പ്രിയപ്പെട്ട അൻ വർ ഭായ് ,നന്ദി.സപ്തവർഷങ്ങളായി ഞാൻ കെട്ടിപ്പടുത്ത ബൂലോക സൌഹൃദങ്ങൾ തന്നെയാണ് ഇക്കഴിഞ്ഞ ഏഴു വർഷവും ബിലാത്തിപട്ടണം വക ഇത്ര പോസ്റ്റുകളും ,കമന്റുകളും ,വായനകളും ഉണ്ടാകുവാൻ കാരണം കേട്ടോ ഭായ്.
.
പ്രിയമുള്ള ശിവാനന്ദ് ഭായ് , നന്ദി.സാഹിത്യ ഭാഷയാൽ അലയടിച്ച് വരുന്ന ഇത്തരം അനുമോദനങ്ങൾ കിട്ടികൊണ്ടിരുന്നാൽ ഈ വെര്‍ച്വല്‍ ലോകത്തിൽ ഒരിക്കലും ഏകാന്ത പഥിക ജീവിതം നയിക്കേണ്ടി വരില്ല കേട്ടൊ ഭായ്

പ്രിയപ്പെട്ട വിനുവേട്ടന് ,നന്ദി. ഒരേ കോളേജിൽ വെച്ചോ , സ്വന്തം നാട്ടിൽ വെച്ചോ , എന്തിന് പറയുവാൻ ഒരേ വീട്ടുകാരായിട്ടുപോലും നമുക്ക് തമ്മിൽ തമ്മിൽ പരിചയപ്പെടുവാൻ നാലര പതിറ്റാണ്ടും , ഈ ബൂലോഗവും വേണ്ടിവന്നു. നേരിട്ട് ഇതുവരെ കണ്ടിട്ടില്ല്ലെങ്കിലും ഇന്ന് നാം തമ്മിലുള്ള സ്നേഹബന്ധങ്ങൾക്ക് എത്ര കെട്ടുറപ്പായിരിക്കുന്നു..!
അതാണ് ബൂ‍ലോകം ! !

പ്രിയപ്പെട്ട ഒടിയൻ ഭായ് , നന്ദി.ഒരു അഭിനവ സായിപ്പായി വാഴുമ്പോൾ കുട്ടിച്ചാത്തൻ രൂപമെടുത്ത് വന്ന ബിലാത്തി പട്ടണം ഭൂത-പ്രേത-പിശാച്ചുകൾ എന്ന ആവാഹിച്ച് നാട്ടിലെത്തിച്ചു ....തനി നാടനായി .ഈ സപ്തവർഷങ്ങൾക്കും ഒപ്പമുള്ള അനുമോദനങ്ങൾക്കും ഒരിക്കൽ കൂടി നന്ദി കേട്ടോ ഒടിയൻ ഭായ്.

പ്രിയമുള്ള അലക്സ് ഭായ് , നന്ദി..ഒരുപാറ്റൊരുപാട് നന്ദി.
ഒരു പക്ഷേ ബൂലോകത്ത് എന്നെ പിടിച്ച് നിറുത്തിയത് അലക്സ് ഭായ്
എന്ന ഈ സാഹിത്യ തലതൊട്ടപ്പൻ തന്നെയാണ്.
അന്നുകാലത്ത് ബിലാത്തിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ബിലാത്തി മലയാളി’ ക്ക് വേണ്ടി - ആ കാലഘട്ടങ്ങളിൽ ലണ്ടനിൽ തനി തലതിരിഞ്ഞ് , തെണ്ടി നടന്നിരുന്ന എന്നെ കൊണ്ട് അതിനെക്കുറിച്ചെഴുത് ,ഇതിനെ കുറിച്ചെഴുത് എന്ന് എപ്പോഴും ശല്ല്യപ്പെടുത്തി മാറ്ററുകൾ എഴുതി വാങ്ങുന്ന വീരപ്പൻ.
പിന്നീടത് ഞാൻ എന്റെ ബ്ലോഗ്ഗിലിടും . പഴയകാല പല ബൂ‍ലോകരുടെയെല്ലാം രചനകളാൽ സമ്പുഷ്ട്ടമായിരുന്ന ‘ബിലാത്തി മലയാളി’
ശരിക്ക് ഞാനെല്ലെ അലക്സ് ഭായ് , താങ്കളോട് നന്ദി പറയേണ്ടത്...
എന്നെ ഇത്രയധികം പ്രമോട്ട് ചെയ്ത് ഇവിടെ വരെ എത്തിച്ചതിന്

ഷിറാസ് വാടാനപ്പള്ളി said...

വസ്തുതാപരമായ വിശകലനം

Shaheem Ayikar said...

ഏഴു വർഷങ്ങൾ കൊണ്ട് ഈ ബ്ലോഗിലൂടെ ഞങ്ങൾക്ക് പകർന്നു നൽകിയ വിലപ്പെട്ട അറിവുകൾക്ക് , പുതിയ വായനാ സുഖത്തിനു , നല്ല സൌഹൃതത്തിനു എല്ലാം ഒരു പാട് നന്ദി പറഞ്ഞു കൊണ്ട് ... ഈ ബ്ലോഗിന് ഏഴാം ജന്മ ദിനാശംസകൾ... :)

pradeep nandanam said...

ചിയേഴ്സ്..
പട്ടണം വളർന്നുകൊണ്ടേയിരിക്കട്ടെ
ആശംസകൾ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട റാംജി ഭായ് , നന്ദി.കാലങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പുത്തൻ നെറ്റ് വര്‍ക്ക് ഭൂതപ്രേതയക്ഷികളെ ദിനം തോ‍ാറും വന്ന് ആവാഹനങ്ങൾ നടത്തുന്നതുകൊണ്ട് തന്നെയാണ് നമുടെയൊക്കെ ജീവിതം ഇന്ന് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നതെന്റെ ഭായ്.

പ്രിയമുള്ള അജിത്ത് ഭായ്, നന്ദി.ബൂലോ‍കത്തിലെ കഴിഞ്ഞ സപ്ത വർഷങ്ങളെ കുറിച്ച് അനന്തമജ്ഞാതമവർണ്ണനീയം എന്നു തന്നെയാണ് എനിക്കും പറയാനുള്ളു കേട്ടോ ഭായ്

പ്രിയപ്പെട്ട റോസീലിൻ മേം , നന്ദി . ബ്ലോഗ്‌ മാന്ദ്യം എന്ന് പറയപ്പെടുന്നത് ബൂലോഗത്തിലെ ‘ബ്ലോഗർ’ എന്ന തട്ടകത്തിൽ പഴയ കലത്തേക്കാൾ മൂന്നിരട്ടി പോസ്റ്റുകൾ ഉണ്ടായപ്പോഴും , അവക്ക് പ്രതികരണങ്ങൾ കുറഞ്ഞപ്പോ‍ാൾ ഉണ്ടായ വെറുമൊരു'കിംവദന്തി' മാത്രമാണ് .പിന്നെ സപ്ത വർഷ ക്ലബ്ബിലേക്ക് സ്വാഗത കേട്ടൊ റോസ് മേം.

പ്രിയമുള്ള ഗീത മേം , നന്ദി. അങ്ങിനെ Be-ലാത്തി പട്ടണം ,ബിലാത്തിപട്ടണമായി പേരെടുത്തതിൽ സന്തോഷം , ഒപ്പം ഇത്ര നല്ല ഈ അനുമോദനങ്ങൾക്കും.ഒരു പക്ഷേ ബൂലോക പ്രവേശ നടത്തിയതു മുതൽ ബൂലോഗർക്ക് ഒരു വഴീകാട്ടിയാവാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്ന കാരണമാവാം ഞാനിവിടെ വലിയ കോ‍ട്ടം കൂടാതെ പിടിച്ചു നിന്നത് കേട്ടോ ഗീതാ മേം.

പ്രിയപ്പെട്ട പ്രദീപ് മാഷെ, നന്ദി.ഇതിൽമേലെയുള്ള ഒരു അഭിനന്ദനം എനിക്ക് നമ്മുടെ ബൂലോഗത്തിലല്ലാതെ എവിടെയാണ് അല്ലേ കിട്ടുക .ഈ അനുമോദനങ്ങൾക്ക് ഒത്തിരിയൊത്തിരി സന്തോഷം കേട്ടോ മാഷെ.

പ്രിയമുള്ള അശ്വതി , നന്ദി. ഈ അഭിന്ദനങ്ങൾക്കും ,പ്രോത്സാഹനത്തിനും വളരെയധികം സന്തോഷം കേട്ടൊ അശ്വതി.

പ്രിയപ്പെട്ട സാബു ഭായ്, നന്ദി.ഈ നല്ല വായനക്കും , അഭിനന്ദനങ്ങൾക്കും , ആശംസകൾക്കും ഒത്തിരിയധികം സന്തോഷമുണ്ട് കേട്ടൊ സാബു ഭായ്

പ്രിയമുള്ള ഷിറാസ് ഭായ്, നന്ദി. ഏതൊരു സംഗതിയെ കുറിച്ചും വിശദീകരിക്കുമ്പോൾ വസ്തുതാപരമായ വിശകലനം നടത്തിയാൽ എവിടേയും അനുവാചകന് ആയത് പെട്ടെന്ന് തന്നെ മനസ്സിലാക്കാവുന്നതാണ് .സന്തോഷം കേട്ടൊ ഭായ്.

Sudheer Das said...

വീടുപണിയുടെ ഭാഗമായി നെറ്റ് കണകഷനൊക്കെ സറണ്ടർ ചെയ്ത ഇരിക്കുക യാണ്. അതാണ് വൈകിയത്. സൗഹൃദങ്ങളും എഴുത്തും വായനയും സജീവമായി തുടരുവാൻ കഴിയട്ടെ. ആശംസകൾ

Sukanya said...

ഏകദേശം ഒരേ സമയത്ത് പിറന്ന ബ്ലോഗേഴ്സ് ആണ് നമ്മള്‍.
അതുകൊണ്ടുതന്നെ ഏറെ പ്രോത്സാഹനം അവിടെ നിന്ന് കിട്ടിയിട്ടുണ്ട്.
ബിലാത്തിയില്‍ നിന്നും കിട്ടിയ കമന്റുകള്‍, suggestions എല്ലാം
ഓര്‍മയില്‍ നില്‍ക്കുന്നവയാണ്.

കൊച്ചു ഗോവിന്ദൻ said...

പുതിയ പുതിയ ലോകവിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവെച്ച്, ബിലാത്തിപ്പട്ടണം, ഇനിയുമേറെ വർഷങ്ങൾ ബൂലോഗത്തെ മനോഹരമാക്കട്ടെ എന്ന് ആശംസിക്കുന്നു. (ഒരു പാരഗ്രാഫിന്റെ വലിപ്പത്തിൽ ബ്ലോഗെഴുത്തിന്റെ അനുഭൂതിയെ കുറിച്ചെഴുതിയ ആ ഒരൊറ്റ വരി, കലക്കി കേട്ടോ, മുരളി ചേട്ടാ!)

Aarsha Abhilash said...

ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ് ... വളരെ സത്യമായി തോന്നുന്നു മുരളിയേട്ടാ :)

ഏഴു വര്‍ഷത്തിന്‍റെ ഏഴായിരമാശംസകള്‍ ...
ഇനിയുമിനിയും ബിലാത്തിയുടെ തീരങ്ങളില്‍ നിന്ന് മാന്ത്രിക കഥകള്‍ പിറക്കട്ടെ

Bipin said...

എഴു സംവത്സരങ്ങൾ ബ്ലോഗിൽ എഴുതിയ മുരളിയുടെ അടുത്തെത്താൻ ഒരു മാസം താമസിച്ചു. പോട്ടെ. അൽപ്പം താമസിച്ചായാലും അഭിനന്ദനങ്ങൾ. തുടരാൻ ആശംസകളും.

ബ്ലോഗിൽ ഉണ്ടായത് കൊണ്ട് എത്ര കൂട്ടുകാരെ കിട്ടി? ലോകത്തിന്റെ വിവിധ കോണുകളിൽ ഇരിക്കുന്ന അവരുമായി സംവദിക്കാൻ അവസരം കിട്ടി. മനസ്സിലുള്ളത് തുറന്നെഴുതാൻ ഒരു വേദി കിട്ടി.അങ്ങിനെ പലതും. അതൊക്കെ ഒരു നേട്ടം തന്നെയാണ്. ഇനിയും തുടരുക.

K@nn(())raan*خلي ولي said...

എന്‍റെ ബൂലോക വഴിയില്‍ ആവശ്യത്തിലേറെ പ്രോത്സാഹനം നല്‍കിയ അനേകരില്‍ ഒരാള്‍ മാത്രമല്ല മുരളിയേട്ടന്‍. സ്നേഹംകൊണ്ട് കീഴ്പ്പെടുത്താനും രോഷം കൊള്ളേണ്ട നേരത്ത് പോലും മനോഹരമായി ഇടപെടാനും കഴിയുന്ന ഒരപൂര്‍വ്വ വ്യക്തിത്വം! അതിലേറെ എന്നെ അമ്പരപ്പിച്ചത് ലണ്ടനിലെ വിശേഷങ്ങള്‍ കൂടെയിരുത്തി കാതിലോതുന്ന ആ ശൈലിയാണ്. സത്യം പറഞ്ഞാല്‍ ബ്ലോഗിന്റെ ആ സുവര്‍ണ കാലത്ത് നിങ്ങളില്‍ ചിലരുടെ പോസ്റ്റുകള്‍ വരുമ്പോള്‍ പേടിയായിരുന്നു; 'കല്ലിവല്ലി'യിലേക്ക് വരേണ്ട കമന്‍റുകള്‍ വഴിമാറിപ്പോകുമോ എന്ന്. പക്ഷെ സ്വന്തം ബ്ലോഗിനെപ്പോലെ കൂട്ടത്തിലൊരാളുടെ ബ്ലോഗിനേയും എക്സ്പോര്‍ട്ട് ചെയ്യാനുള്ള (Boost എന്ന് മലയാളം) നിങ്ങളുടെയൊക്കെ ആ വലിയ മനസ് എന്നെപ്പോലുള്ള തുടക്കക്കാരേയും ശ്രദ്ധേയമാക്കി.

ഇനിയും ബിലാത്തി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ അയക്കൂ. ഈ വാര്‍ഷിക സമ്മേളനത്തിന് സര്‍വ്വവിധ ആശംസകളും നേര്‍ന്നുകൊണ്ട് - യാച്ചു!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഷഹീം ഭായ് ,നന്ദി.ഞാനിവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നാലാവുന്നവിധം കുറിച്ചിടുന്നത് വയിച്ചും മറ്റും എന്റെ മിത്രക്കൂട്ടായ്മയിലേക്ക് കയറി വന്ന നിങ്ങളോടല്ലേ ഞാൻ ശരിക്കും നന്ദി ചൊല്ലേണ്ടത് ..അല്ലേ ഭായ് . ഈ പരിഗണനകളൊന്നും എനിക്ക് കിട്ടിയില്ലെങ്കിൽ ഏഴ് മാസം കൊണ്ട് ബിലാത്തി പട്ടണം അടച്ചുപൂട്ടിയേനെ...!

പ്രിയമുള്ള പ്രദീപ് നന്ദനം ഭായ്, നന്ദി.ഏഴാം വാർഷികത്തിനുള്ള ഈ ചിയേഴ്സിന് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട വൈശാഖ് ഭായ് ം നന്ദി. ഈ ആശംസകള്‍ക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള സുധീർ ഭായ്, നന്ദി.വീടുപണിയുടെ തിരക്കാണെന്നറിയാം , ഇടക്ക് ഇതുപോലെ ഒരു ഡിജിറ്റൽ ഡൈറ്റ് ഭാവിയിലെ എഴുത്തിന് നല്ല വളം ചെയ്യും കേട്ടോ ഭ്‍ായ് .

പ്രിയപ്പെട്ട സുകന്യാ മേം , നന്ദി. ഒരേ തൂവൽ പക്ഷികളാണല്ലോ നാം , അതുകൊണ്ട് തന്നെ ഒരു ബന്ധുവിനെ പോൽ അടുപ്പം നാം ഇന്നും ബൂലോകത്തും അതിന്റെ പുറത്തും കാത്ത് സൂക്ഷിക്കുന്നു...!

പ്രിയമുള്ള കൊച്ചുഗോവിന്ദൻ , നന്ദി.ഒരു പക്ഷേ ഈ ബൂലോകം ഭൂലോകത്ത് പൊട്ടിമുളച്ചില്ലെങ്കിൽ നാം തമ്മിൽ തമ്മിൽ അറിയുകയേ ഇല്ലായിരുന്നു ...അതാണ് ബൂലോഗ മഹിമ കേട്ടൊ കൊച്ചു.

പ്രിയപ്പെട്ട ആർഷ , നന്ദി. നമുക്കൊന്നും ഒരിക്കലും ഇനി ഈ ഓൺ-ലൈൻ ലോകത്ത് നിന്നും ഓഫ്-ലൈൻ ലോകത്തേക്ക് ഒഴിഞ്ഞ് പോകാനാകില്ല കേട്ടൊ



Anonymous said...

ആ സപ്തവർണ്ണങ്ങളുടെ മനോഹാരിതകൾ പോലെ ,
വേറിട്ട നിറ വത്യാസങ്ങളുടെ ഭംഗികൾ പോലെയാണെനിക്ക്
പിന്നിട്ട് പോയ എന്റെ ബൂലോഗത്തിലെ ആ സപ്ത വർഷങ്ങൾ ... !

ആ മാരിവില്ലിലെ വർണ്ണ പകിട്ടും , പകിട്ടില്ലായ്മയും ഒത്ത് ചേർന്ന് വിവിധ
വർണ്ണ രാജികളുടെ വിസ്മയത്തിൻ മനോഹാരിതകൾ പോലെയുള്ള ഏഴുവർഷങ്ങൾ

we too ...
By
K P Raghulal

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...