Monday, 31 December 2012

ഉണ്ടയ് ഉണ്ടയ് ഏഴ് - ഫിഫ്റ്റി - സ്റ്റിൽ നോട്ട് ഔട്ട് ... ! 007 - Fifty - Still Not Out ... !

 ലണ്ടനിൽ താമസിച്ചുകൊണ്ടിരിക്കുന്ന ഒരു ബൂലോഗനെന്ന നിലക്ക് , ഭൂലോകം മുഴുവൻ പെരുമയുള്ള ഈ ചേട്ടായിയുടെ അമ്പതാം പിറന്നാളോഘാഷവേളയെ കുറിച്ച് പറഞ്ഞില്ലെങ്കിൽ എനിക്ക് തന്നെ വല്ലാത്ത ഒരു നാണക്കേടുള്ളതുകൊണ്ടാണ് കൊല്ലാവസാനത്തിന് മുമ്പ് ഇതിനെ കുറിച്ചും രണ്ട് വാക്കുകൾ ഈ ബിലാത്തിപട്ടണത്തിൽ ;  കോറിയിടാമെന്ന് കരുതിയാണ്  ഇവിടെ വന്നിപ്പോൾ ഇരിക്കുന്നത് ...

ബ്രിട്ടനിലെ രാജ്ഞിയുടെ - ഭരണത്തിന്റെ രജതജൂബിലിയാഘോഷങ്ങൾക്കും , 
കായിക മാ‍മാങ്കങ്ങളായ ‘ലണ്ടൻ 2012  ഒളിമ്പിക്സ് / പാരാളിമ്പിക്സ് സെർമണി‘യാഘോഷങ്ങൾക്കും ഒപ്പം തന്നെ ലണ്ടനിൽ ഇക്കൊല്ലം കൊണ്ടാടിയ ഒരു വമ്പിച്ച ആഘോഷം തന്നെയായിരുന്നു ഈ പ്രദർശനോത്സവത്തിലും അരങ്ങേറിയിരുന്നത് ...!

ഈ ഗെഡിയുടെ കഴിഞ്ഞ 50 കൊല്ലമായി നടമാടിയിരുന്ന 
ലീലാവിലാസങ്ങളേയും , അതിനോടനുബന്ധിച്ച സംഗതികളെയുമൊക്കെ 
ചേർത്തുള്ള  സുവർണ്ണ ജൂബിലി ആഘോഷങ്ങളും , രണ്ടുമാസത്തോളം  നീണ്ടുനിന്ന 
ഒരു ‘ഇന്റെർ-നാഷ്ണൽ എക്സിബിഷ‘നും കൊട്ടിഘോഷിച്ചാണ്  അന്നീ ലണ്ടനിൽ കൊണ്ടാടിയത്..!

ഒളിമ്പിക് തിരക്കിന്റെ ഇടവേളകളിൽ 
കിട്ടിയ ഒരു ഓഫ് ദിനത്തിന് , വൊളണ്ടിയറായി 
എത്തിയ ഒരു സ്കോട്ടിഷ് കൂട്ടുകാരിയോടൊപ്പമാണ് 
കെട്ടുകാഴ്ച്ചകളെല്ലാം കാണാൻ പോയത്..

ഒരു കമ്പനിയിൽ ഇപ്പോൾ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്നവരും , കഴിഞ്ഞ 50 കൊല്ലമായി  പ്രവർത്തിച്ചിരുന്നവരും, റിട്ടയർ ചെയ്തവരുമൊക്കെ ഒത്ത് കൂടിയിട്ട് ... അവരെല്ലാവരും കൂടി പടച്ചുവിട്ട പ്രൊഡക്റ്റ്സിനെ കുറിച്ച് വിലയിരുത്തുകയും , അവയുടെയൊക്കെ ഉന്നത വിജയങ്ങളെ വാഴ്ത്തുകയും, ഓരൊ പ്രൊഡക്ഷൻ കാലഘട്ടങ്ങളിലുണ്ടായ അനുഭവങ്ങളും , പാളിച്ചകളുമൊക്കെ പങ്കുവെച്ച അമ്പത്  ദിനരാത്രങ്ങളിൽ ... 
ഏതൊരുവനും മുങ്കൂട്ടി ടിക്കറ്റെടുത്തിട്ടുണ്ടെങ്കിൽ കാണികളായി   
ആ വേദികളിലൊക്കെ കേട്ടും , കണ്ടും , ഉണ്ടും, ഉറങ്ങിയും പങ്കെടുക്കാവുന്ന 
പരിപാടികളായിരുന്നു അന്നവിടെയൊക്കെ അരങ്ങേറികൊണ്ടിരുന്നത് ..

നിങ്ങളൊക്കെ കരുതുന്നുണ്ടാകും 
എന്തിനാണ് വെറുമൊരു  ഗോൾഡൻ 
ജൂബിലി കൊണ്ടാടുന്ന ഒരുവനെ കുറിച്ച് 
ഇത്രയേറെ വാഴ്ത്തിപ്പറയുവാനുള്ള വകകളാണ് ,  
അഥവാ എന്ത് ബന്ധമാണ് ; ഇതിനൊക്കെ ഞാനുമായിട്ടുള്ളതെന്ന്..?

ഞങ്ങൾ തമ്മിൽ ഉള്ള ഒരേയൊരു കണക് ഷൻ ...
ഞങ്ങളുടെ രണ്ട് പേരുടേയും ജോലികകൾ ഒന്നാണെന്നുള്ളതാണ്..

വെറും ചാരപ്പണി ...!

മൂപ്പരാണെങ്കിൽ MI- 6 ലെ സാക്ഷാലൊരു ബ്രിട്ടീഷ് ചാരനും ,

ഇമ്മളാണെങ്കിൽ ഇവിടത്തെ ഒരു ലോക്കൽ ചാരനുമെന്ന വത്യാസം മാത്രം.. !

ഇദ്ദേഹം പിറന്ന 1962 മുതൽ  
ഇക്കൊല്ലം 2012 വരെ ലോകം മുഴുവൻ 
സഞ്ചാരം നടത്തി , കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി 
ഇഹലോക  ജനതയെ മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുകയായിരുന്നൂ...!

അതെ ചാരന്മാരുടെ തലതൊട്ടപ്പനായ 
ബിലാത്തിക്കാർ,  ‘നോട്ട് നോട്ട്  സെവനെ‘ന്ന് 
അഥവാ ‘ ഡബ്ലോസെവൻ‘ എന്ന് , ഓമനപ്പേരിട്ട് വിളിക്കുന്ന 
ബ്രിട്ടീഷ് ചാര സംഘടനയായ മിലിട്ടറി ഇന്റലിജൻസ് സിക്സിലെ ഏജന്റ് , 
നമ്പർ : 007 (സീറോ സീറോ സെവൻ) ആയ സാക്ഷാൽ ‘ജെയിംസ് ബോണ്ട്‘ ...!

ജെയിംസ് ബോണ്ട് പ്രൊഡക് ഷൻ കമ്പനിയായ  Eon -നും , ബാർബിക്കനും 
കൈകോർത്ത് സംഘടിപ്പിച്ച  2012 ജൂലായ് 6 മുതൽ സെപ്തംബർ 5 വരെ നീണ്ടുനിന്ന 
ഈ  എക്സിബിഷനിലൂടെ ... 
ഈ കമ്പനിയിൽ നിന്നും പലപ്പോഴായി പുറത്ത് വന്ന് , ലോകം 
മുഴുവൻ വെട്ടിപ്പിടിച്ചിരുന്ന,  അതാത് കാലഘട്ടങ്ങളിലെ ഉന്നത നിലവാരം 
പുലർത്തി പോന്നിരുന്ന ആ പ്രൊഡക്സിന്റെ പ്രദർശനങ്ങളും , അവയൊക്കെ 
ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്ന സ്പെഷലായ സാധന സാമാഗ്രികളുടെ കാഴ്ച്ചവട്ടങ്ങളുമൊക്കെയായി നമ്മുടെയൊക്കെ കണ്ണ് ബൾബാക്കി തീർത്ത മനോഹരമായ കാഴ്ച്ചകൾ ...!

രണ്ടാം വട്ടം...
ഞാനീയെക്സിബിഷൻ സന്ദർശിക്കുവാൻ പോയത് ഒളിമ്പിക് ഡൂട്ടിക്കിടയിലായിരുന്നൂ...                  കൂടെ നാട്ടിൽ നിന്നും സന്നദ്ധ-സേവനം അനുഷ്ട്ടിക്കുവാൻ വന്ന ഒരു കണ്മണിയോടൊപ്പവും..                                 പക്ഷേ അന്നവിടെയുണ്ടായിരുന്ന ‘റോജർ മൂറിനൊപ്പവും‘ , ‘ഡാനിയെൽ ക്രെയിഗി‘നൊപ്പവും ഫോട്ടോയെടുക്കുന്നതിന് 20 പൌണ്ട് അടച്ച് രശീത് എടുത്ത് , എന്റെ കൂടെ വന്ന അതിഥി , നാട്ടിൽ നിന്നും എയർ ഹോസ്റ്റസ്സായി വിരമിച്ചവൾ , അവളുടെ ക്യാമറയിൽ എടുത്ത ഫോട്ടൊകളൊന്നും , ഇതുവരെയും മെയിലിൽ കൂടി ആ സുന്ദരിക്കോത  അയച്ച് തരാതെ എന്നെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.ഇപ്പോഴും...!

ഹും...

എന്തൊക്കെ സ്വപ്നങ്ങളായിരുന്നൂ..
സാക്ഷാൽ ഒറിജിനൽ ചാരന്മാരോടൊപ്പം നിന്ന് 
ഒരു ഡ്യൂപ്ലിക്കേറ്റ് ചാരൻ , അവന്റെ  ഫോട്ടൊകൾ അപ്ലോഡ് 
ചെയ്ത് ബ്ലോഗിലും , ഫേയ്സ് ബുക്കിലുമൊക്കെ പത്രാസ്സിൽ നിൽക്കാമെന്നുള്ള
മോഹങ്ങളാണ് ആ മുൻ ആകാശ തരുണി തകർത്ത് തരിപ്പണമാക്കി  കളഞ്ഞത് ..!


എന്തായാലും ഈ കഥാപാത്രത്തെ കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിലേയും , ഈ നൂറ്റാണ്ടിലേയുമടക്കം ലോകത്തിലെ ഒട്ടുമിക്ക മൂന്ന് തലമുറയിൽ പെട്ട ജനതക്കും അറിവുള്ള കാര്യങ്ങളാണെങ്കിലും , കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളോളമായി , ഈ കഥാപാത്രത്തെ തൂലികയാൽ സൃഷ്ട്ടിച്ച എഴുത്തുകാരെനേക്കാൾ പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ കഥകളിലെ ഇന്ന് ജീവിച്ചിരിക്കുന്ന നായക കഥാപാത്രങ്ങളെയടക്കം, വില്ലന്മാരായവരേയും , നായികമാരേയും, മറ്റ് അഭിനേതാക്കളേയും കൂടാതെ പിന്നണിയിൽ അണിനിരന്ന സവിധായകരടക്കം സകലമാന ക്രൂ-കളേയും  ആദരിക്കുകയും , ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ചടങ്ങിൽ സന്നിഹിതനാകുവാൻ എനിക്കൊക്കെ കഴിയുക എന്നത് തീർച്ചയായും അഭിമാനിക്കാവുന്ന ഒരു സംഗതി തന്നെയായിരുന്നു....

 പ്രത്യേകിച്ച് ആയതിന് കാരണം ..
എന്റെയൊക്കെ ഒരു ഇഷ്ട്ട കഥാപാത്രവും , 
നായക സങ്കൽ‌പ്പവുമൊക്കെയായി ആ കഥകളിലെ  
നായകന് മനസ്സിൽ നല്ലൊരു  ഇടം കൊടുത്തതിനാലാകാം ..അല്ലേ.


1950 കളിലെ ബെസ്റ്റ് സെല്ലറായിരുന്ന , ‘ബ്രിട്ടീഷ് നേവൽ ഇന്റലിജൻസ് ഓഫീസ‘റായിരുന്ന ‘ഇയാൻ ഫ്ലെമിങ്ങിന്റെ (Ian Fleming)‘ ക്രൈം നോവലിലെ നായക കഥാപാത്രം , 1962 -ൽ സിനിമയിലൂടെ രംഗത്ത് വന്നപ്പോൾ , അന്ന് വരെ ഏതൊരു സിനിമക്കും കിട്ടാത്ത വരവേൽ‌പ്പായിരുന്നു യൂറോപ്പിലും , പിന്നീട് അമേരിക്കയിലും ആ ബോണ്ട് ചലചിത്രത്തിന് കൈവന്നത്...!  
പിന്നീട് പലതരം സാങ്കേതിക പ്രതിഭാസങ്ങളും അണിനിരത്തി 
‘റഷ്യാ വിത് ലൌവ്‘ (1963) , ‘ഗോൾഡ് ഫിൻഗർ‘ (1964) , ‘തണ്ടർ 
ബോൾ‘ (1965) തുടങ്ങിയ പടങ്ങൾ ഇറങ്ങിയപ്പോഴേക്കും ജെയിംസ് ബോണ്ട് 
ഫിലീമുകൾക്ക് ഉലകം മുഴുവൻ ആരാധകരായി കഴിഞ്ഞിരുന്നൂ...!

ഇതിനിടയിൽ ഇയാൻ ഫ്ലെമിങ്ങിന്റെ കഥകൾ മിക്കതും 
ലോകത്തിലെ പല ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു. 
1964 -ലെ അദ്ദേഹത്തിന്റെ മരണശേഷം , ‘ഫ്ലെമിങ്ങ് പബ്ലിക്കേഷൻസ് ‘
ആയിടെ തന്നെ ‘ജോൺ ഗാർഡനെറെ (John Gardner )‘ ഫ്ലെമിങ്ങിന്റെ പിൻ 
എഴുത്തുകാരനാക്കി മാറ്റി , പിന്നീട് ‘ക്രിസ്റ്റോഫർ വുഡ് (Christopher Wood )‘ , ‘റെയ്മണ്ട് 
ബെൻസൺ (Raymod Benson )‘ , ‘ജെഫെറി ഡേയ്‌വർ  (Jeffery Deaver )‘ എന്നീ പ്രശസ്തരായ എഴുത്തുകാർ കാലം തോറും ജെയിംസ്ബോണ്ട് കഥകളുടെ ഉപജ്ഞാതക്കളായി മാറികൊണ്ടിരുന്നൂ 

ബോണ്ട് സിനിമകളുടെ അന്നുമുതൽ ഇന്നുവരെയുള്ള നിർമ്മാണവും , 
സഹ സവിധാനവും , മറ്റു സാങ്കേതിക സവിധാനങ്ങളുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന ‘ആൽബെർട്ട്-ആർ.ബ്രോക്കോളിയും ( Albert-R.Broccoli )‘ , ‘ഹാരി സാൾറ്റ്സ്വേയ് (Harry Saltzway )‘ യുടെയുമൊക്കെ  ഫേമിലികൾ തന്നെയാണ് , ഈ നിർമ്മാണ കമ്പനിയായ Eon - Productions-ന്റെ  അധിപന്മാർ .അവരിൽ കൂടെ വീണ്ടും  ബോണ്ട് കഥകൾ ആധുനിക പരിവേഷവുമായി പുന:ർജനിച്ചുകൊണ്ടിരിക്കുകയാണ്.

എന്തൊക്കെയായാലും ഞങ്ങളുടെ ചാരക്കമ്പനി ഒളിമ്പിക്സിന് ശേഷം , ഞങ്ങൾ ചാരന്മാർക്കും , ചാരത്തികൾക്കും ,  ‘50 കൊല്ലമെത്തിയ ജെയിംസ് ബോണ്ട് പ്രദർശനങ്ങൾ‘ കാണുവാൻ അനുവദിച്ചു തന്ന ഫ്രീ പാസുകളും, അവിടെയുണ്ടായിരുന്ന ‘ബോണ്ട്  മാർട്ടിനി ബാറിലെ‘ ഫ്രീ വൌച്ചറുകളും കിട്ടിയത് ഞങ്ങളൊക്കെ ശരിക്കും ആർമാദിക്കുവാൻ വേണ്ടി ഉപയോഗിച്ചുതീർത്തു എന്ന് പറഞ്ഞാൽ മതിയല്ലോ...

 ഇതുവരെയുണ്ടാക്കിയ ബോണ്ട് ചിത്രങ്ങളിലെ 
സ്പെഷ്ലലൈസിഡ് കാറുകളും, വാച്ചുകളും , തോക്കുകളും 
എന്ന് വേണ്ടാ സകലമാന കുണ്ടാമണ്ടികളുടേയും പ്രവർത്തനങ്ങളും,
മറ്റും വിശദമായി പരിചയപ്പെടുത്തുന്ന ഒരു ജയിംസ് ബോണ്ട് ത്രില്ലർ കണക്കെയുള്ള എക്സിബിഷൻ.,കണ്ടവരൊന്നും കഴിഞ്ഞ 50 കൊല്ലമായുണ്ടായിരുന്ന ബോണ്ട് സ്റ്റൈലുകളും , 
ഓരോ സിനിമാ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന സാങ്കേതിക പാടവങ്ങളുമൊക്കെ കണ്ട് കോരിത്തരിച്ചിട്ടായിരിക്കും സ്ഥലം വിട്ടിട്ടുണ്ടായിരിക്കുക .

ഒപ്പം തന്നെ അവരൊക്കെ ബോണ്ട് സിനിമകളിൽ കണ്ട് മറന്ന പല മുഖങ്ങളേയും
നേരിട്ട് കണ്ട് പരിചയപ്പെട്ട് , ഒന്നിച്ച് ഭക്ഷണം കഴിച്ചും , കുടിച്ചും , ഫോട്ടൊകളെടുത്തുമൊക്കെയുള്ള അനുഭൂതികളെല്ലാം അയവിറക്കിക്കൊണ്ടുമായിരിക്കുമെന്നത് തീർച്ചയായ ഒരു കാര്യം തന്നെയാണ്..!

പിന്നെ ഇതുവരെയുണ്ടായ എല്ലാ‍ ജെയിംസ് ബോണ്ട്
വിവരങ്ങളും ഉൾക്കൊള്ളിച്ച  ബ്ലൂ-റേയ് സീഡികളും അന്നുണ്ടായ
എക്സിബിഷനനിൽ  വെച്ച് പ്രകാശനം ചെയ്ത് , ജെയിംസ് ബോണ്ട്
പോസ്റ്ററുകൾക്കൊപ്പമോ, ബോണ്ടിനെ ആദരിക്കുവാൻ റോയൽ മെയിൽ
പുറത്തിറക്കിയ സ്റ്റാമ്പുകൾക്കൊപ്പമോ കാണികളായി എത്തിയവർക്ക് വിലകൊടുത്തും വാങ്ങിപ്പോകാമായിരുന്നു



കഴിഞ്ഞ 50 വർഷങ്ങളിൽ യൂ.കെയിലുണ്ടായിരുന്ന 
സെലിബിറിറ്റികളായ  ഫുഡ് ബോൾ / ക്രിക്കറ്റ് / ടെന്നീസ് 
താരങ്ങളാവട്ടെ അല്ലെങ്കിൽ സാക്ഷാൽ രാജാവോ, രാജ്ഞിയോ,
രാജകുമാരനോ ആകട്ടെ , ഇവരിൽ നിന്നെല്ലാം വിഭിന്നമായി ഭൂലോകത്തിന്റെ 
ഏത് കോണിൽ ചെന്നാലും അവിടെയുള്ള ജനങ്ങൾ , ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന 
‘സീൻ കോണറി‘ മുതൽ ‘ഡാനിയേൽ ക്രേയ്ഗ്‘ വരെയുള്ള വിശ്വവിഖ്യാത നടന്മാരായ  ആറ് അഭിനേതാക്കളാൽ പിറവിയെടുത്ത  23 സിനിമകളിൽ കൂടിയും , വിവിധ ഭാഷകളിൽ സീരീസായി പ്രസിദ്ധീകരിച്ച  പുസ്തകങ്ങൾ  വഴിയും, ലോകജനതയുടെ നടുവിലേക്ക് ഇറങ്ങിവന്ന ...
ഒരു ചാര രാജാവ് തന്നെയാണ് ജെയിംസ് ബോണ്ട് എന്ന , 
ഇതിഹസ പുരുഷൻ എന്നാണ് നിശ്ചയമായും ഇവിടങ്ങളിലൊക്കെ പറയപ്പെടുന്നത് ...!

‘ഹാരി പോട്ടർ‘ പോലെ തന്നെ ലോക സിനിമാ 
ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ സീരീസായുള്ള ജെയിംസ് 
ബോണ്ട്  സിനിമകളാൽ  , ചരിത്രം കുറിച്ച ബ്രിട്ടന്റെ , ഈ 
സ്വന്തം ചാരൻ  , ഇന്ന് ഒരു അന്തർദ്ദേശീയ  ചാരനായി മാറിയെന്ന് 
പറഞ്ഞാൽ  അതിൽ ഒട്ടും അതിശയോക്തിയില്ല ..കേട്ടൊ.

ആദ്യമായി ഈസ്റ്റ്മേൻ കളറിലൂടേ 1962 ലെ പ്രഥമ ചിത്രമായ ‘ഡോ: നോ‘-  
മുതൽ , ഒന്നിനോടൊന്ന് മികച്ച വിധത്തിൽ , പ്രേഷകരെ മുഴുവൻ അതിശയിപ്പിക്കുന്ന,
ഹർഷ പുളകിതരാക്കുന്ന , ഭയാനകമായ രംഗ സജ്ജീകരണങ്ങളും , സാങ്കേതികമികവുകളും കോർത്തിണക്കി , അതാത് കാലഘട്ടങ്ങളിലെ ഏറ്റവും മേന്മയവകാശപ്പെടാവുന്ന  23 സൂപ്പർ ഹിറ്റ് സിനിമകളാണ് 2012 -ലെ ‘സ്കൈഫോൾ’ വരെ ഇതിന്റെ നിർമ്മാണ നിർവ്വഹകർ പൂർത്തീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്.

ഇപ്പോളിതാ രണ്ട് പുതിയ ബോണ്ട് മൂവികൾക്കുകൂടിയുള്ള 
കരാർ പണികൾ ഈ കമ്പനി ഏർപ്പാടാക്കി കഴിഞ്ഞിരിക്കുകയാണ്..

അതാണ് പറയുന്നത് ...
നമ്മളൊക്കെ മണ്ണടിഞ്ഞ് പോയാലും,
ഈ ബോണ്ടേട്ടൻ  എന്നും ഒരു അന്തർ 
ദേശീയ നിത്യഹരിത നായകനായി ജീവിച്ചുകൊണ്ടിക്കും..
ഒരു ചിരജ്ഞീവിയായി...  , സിനിമയും ഫിക് ഷനുമുള്ള കാലത്തോളം ...!



( വിക്കിപീഡിയയിൽ നിന്നും കടമെടുത്തവ ) 

Friday, 30 November 2012

ബ്ലോഗ്ഗിങ്ങ് അഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും ...! / Blogging Addictionum Internet Atimathwavum ... !


സ്വർണ്ണ വർണ്ണങ്ങളാൽ അണിനിരന്നു
കിടക്കുന്ന നെൽ‌പ്പാടങ്ങളുടെ ഭംഗികൾ നുകർന്ന് , തെങ്ങിന്തോപ്പുകളിൽ നിന്നും പാറിപ്പറന്നുവരുന്ന മന്ദ മാരുതന്റെ ഇളം തലോടലേറ്റ് ‘കോടന്നൂർ കള്ള് ഷാപ്പി‘നരികിലുള്ള മാന്തോപ്പിലെ, വള്ളിക്കുടിലിലിരുന്ന് , ഇത്തവണ നാട്ടിൽ പോയപ്പോൾ  ഒരു പഴയ മിത്ര കൂട്ടായ്മയുമായി സുര പാനത്തോടൊപ്പം പഴമ്പുരാണങ്ങൾ പങ്കിട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ...

അപ്പോളൊന്നിച്ചുണ്ടായിരുന്ന ആദ്യകാല
ബൂലോക പുലിയായിരുന്ന...ഒരു സകലകലാ
വല്ലഭനായ  ആത്മമിത്രത്തിന്റെ തിരുമൊഴികൾ ഉണ്ടായത്...

“ ഡാ..മുർളിയേ.നിന്നോടോക്കെ എനിക്കിപ്പോൾ
വെല്ല്യേ ..അസ്സൂയൻഡാ..ഒരു കുഞ്ഞിക്കുശുമ്പ്..!“

കള്ളുഷാപ്പ് കറികളുടെ നാട്ടുരുചികളുടെയും , കൊതിപ്പിക്കുന്ന
മണത്തിന്റേയും സ്വാദിന്റേയുമൊക്കെ ആസ്വാദനത്തിനിടയിൽ ഞാൻ ചോദിച്ചു

“അതിനിപ്പ്യോ...ന്ത്ട്ടാണ്ടായെന്റെ.. ഗെഡീ..പറ്യ യ്”

സംഗതിയിതാണ്...
2006 -ൽ ബ്ലോഗ്ഗിങ്ങിന് തുടക്കം കുറിച്ച് , പിന്നീട് ബൂലോഗത്തിൽ പെരുമയുണ്ടായിരുന്ന  എഴുത്തിലും, മറ്റു കലകളിലുമൊക്കെ നിപുണനായ മൂപ്പരേക്കാൾ കൂടുതൽ ഹിറ്റുകളും മറ്റും, അതിന് ശേഷം രണ്ടരകൊല്ലം  കഴിഞ്ഞ് ,  2008 അവസാനം ബ്ലോഗ്ഗിങ്ങ് ആരംഭിച്ച എനിക്കൊക്കെ കിട്ടുന്നത് കണ്ടിട്ടാണ് പോലും...

ഞാനിതിനുത്തരം കൊടുത്തത് പണ്ടത്തെ ആമയും മുയലിന്റേയും കഥ ഉദാഹരിച്ചാണ്
ഓട്ടക്കാരനായ (എഴുത്തിലും, മറ്റു കലകളിലും മുമ്പന്മാരായവർ ) മുയലുകളൊക്കെ ഓടിത്തുടങ്ങിയ ബൂലോക വഴികളിൽ കൂടി , ഒട്ടും മത്സര ബുദ്ധിയില്ലാതെ മന്ദഗതിക്കാരനായ ഒരു ആമയെ പോൽ ഞാൻ മെല്ലെയടിവെച്ചടിവെച്ച് നീങ്ങുന്നു എന്നുമാത്രം ..!

പക്ഷേ ഞാനിതെല്ലാം പറയുമ്പോഴും..ഇവിടെ
സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന ബ്രിട്ടനിലെ,
ദിനം തോറും ആയിരക്കണക്കിന് വിസിറ്റേഴ്സ് ഉള്ള,
ലക്ഷക്കണക്കിന് ഫോളോവേഴ്സൊക്കെയുള്ള ( 30 ലക്ഷത്തിൽ മേൽ
 ഫോളോവേഴ്സ് ഉള്ളവർ വരെയുണ്ട് ..!)  യു.കെ .ബ്ലോഗ്ഗേഴ്സിനെയൊക്കെ
കാണാറുള്ള എന്റെ കുശുമ്പും, കുന്നായ്മയുമൊക്കെ ഞാനെവിടെ കൊണ്ട് പൂഴ്ത്തി
വെക്കും ...അല്ലേ കൂട്ടരെ.!

നല്ല ഓട്ടക്കാരായ പല മുയലുകളും ലക്ഷ്യമെത്താതെ വെറുതെ
കിടന്നുറങ്ങുന്നതും, വിശ്രമ വേളകൾ മതിയാക്കാത്തതും , ഓട്ടം മതിയാക്കിയതുമൊക്കെ കണ്ട് ...  വളരെ സങ്കടപ്പെട്ടാണെങ്കിലും ...
എന്നുടെ ലക്ഷ്യം നിശ്ചയമില്ലെങ്കിലും ആവാവുന്നത്ര നടന്ന് തീർക്കാനുള്ള ചെറിയൊരു ആമ ശ്രമം എന്നുവേണമെങ്കിലും എന്റെ ഈ ബൂലോഗ യാത്രയെ വിശേഷിപ്പിക്കാം കേട്ടൊ

കുറെ കൊല്ലങ്ങൾക്ക് മുമ്പ് മഴയുടെ നിറമാർന്ന നിറവുകളും വെയിലിന്റെ  ചൂടും ചൂരും വിട്ട് പച്ചപ്പാടങ്ങളുടേയും , തെങ്ങിന്തോപ്പുകളുടെയുമൊക്കെ  തൊട്ടുതലോടലുകളുടെയെല്ലാം സുഖമുപേഷിച്ച് ; മലനിരകളുടേയും , കാനന ഭംഗികളുടേയും മനോഹാരിതകൾ വിസ്മരിച്ച് ; കായലുകളുടേയും, പുഴകളുടേയും, പൂരങ്ങളുടെയുമൊക്കെ ഓളങ്ങളും , താള മേളങ്ങളും മറവിയിലേക്കാനയിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക നഗരത്തിൽ നിന്നും ഈ ബിലാത്തിപട്ടണമെന്ന ലോകത്തിന്റെ സംസ്കാരിക നഗരമായ ലണ്ടനിലേക്ക് കാലെടുത്തുവെച്ചപ്പോഴുണ്ടായ നഷ്ട്ടബോധങ്ങളൊക്കെ ഒന്ന് വേറെ തന്നെയായിരുന്നൂ...!
നാനാതരത്തിലുള്ള നമ്മുടെ നാവിലും ,
മനസ്സിലും, ശരീരത്തിലും രസമുളവാക്കുന്ന
ഭക്ഷണ ശീലങ്ങളുടെ രുചിഭേദങ്ങൾ തൊട്ട് ,
വസ്ത്രം, യാത്ര, പാർപ്പിടം, വാഹനം മുതലായവയൊന്നും കൂടാതെ കാലാവസ്ഥ വരെ , വളരെ വിഭിന്ന മായ  രീതികളുള്ള ഒരു ലോകപ്പെരുമയുള്ള ഈ ബല്ലാത്ത ബിലാത്തിപട്ടണത്തിലെ ശീലങ്ങളുമൊക്കെയായി പിന്നീട് ഇണങ്ങിച്ചേർന്നെങ്കിലും ഒരു വല്ലാത്ത ‘ഇത് ‘ മനസ്സിൽ എപ്പോഴും മുഴച്ചുനിൽക്കുന്നുണ്ടായിരുന്നൂ...!

പക്ഷേ ബൂലോഗ പ്രവേശം നടത്തി
മാസങ്ങൾക്ക്  ശേഷം , സ്ഥിരമായുള്ള ബൂലോക സഞ്ചാരങ്ങൾ ഒരു ശീല ഗുണമായതോടെ ഒന്നെനിക്ക് മനസ്സിലായി  ...

അന്നത്തെ ആ നഷ്ട്ടബോധങ്ങളൊക്കെ
അലിഞ്ഞലിഞ്ഞ് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന്...!

അതെ നമ്മളൊക്കെ ഏകാന്തതയിൽ അകപ്പെടുമ്പോൾ , ദു:ഖങ്ങളിലും ,
സങ്കടങ്ങളിലുമൊക്കെ പെട്ടുഴലുമ്പോൾ ഈ ‘സൈബർ ലോക‘ത്തേക്കിറങ്ങി
വരുമ്പോഴുള്ള ആശ്വാസവും, സന്തോഷവുമൊക്കെ ഈ ഭൂലോകത്തിൽ വേറെ എവിടെനിന്നും കിട്ടില്ലാ എന്നും നമുക്കെല്ലാം വളരെയധികം നിശ്ചയമുള്ള കാര്യങ്ങളാണല്ലോ ... അല്ലേ കൂട്ടരേ

അതുമാത്രമല്ല ഈ ബൂലോക വായനയിലൂടെ പരസ്പരം തിരിച്ചറിഞ്ഞ് കെട്ടിപ്പടുത്ത ഒരു  സൗഹൃദ  സമ്പാദ്യമാണെന്ന് തോന്നുന്നു എന്റെ ഇതുവരെയുള്ള അസെറ്റുകളിൽ ഏറ്റവും ഉയർന്നതും മേന്മയുള്ളതുമായ ഒരു സമ്പാദ്യം...!


അതുകൊണ്ട് തന്നെയാവാം ഇവിടെയിരുന്നായാലും , നാട്ടിൽ ചെന്നായാലും ഈ നല്ലൊരു  സൌഹൃദ സമ്പാദ്യത്തിന്റെ ഗുണഗണങ്ങൾ തൊട്ടറിയാനും , എന്നുമവ പരിരക്ഷിച്ച് നില നിർത്തുവാനും  വേണ്ടി ഞാൻ എന്നും പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നത് ...!

പക്ഷേ ... വേറൊരു ദു:ഖകരമായ സത്യം ഞാനടക്കം, ബൂലോകവാസികളായ 68.9 ശതമാനം ആളുകളും ഒരു പുത്തൻ മനോരോഗമായ ടെക് അഡിക്റ്റ്  എന്ന പ്രതിഭാസത്തിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന  വസ്തുത...!

ബൂലോഗ വാസികൾ മാത്രമല്ല ഇന്നത്തെ പുത്തൻ
തലമുറയായ പല  ‘സോഫാ-ഗ്ലൂ’  പിള്ളേഴ്സ് അടക്കം ,
സ്ഥിരമായി ഫേസ് ബുക്ക് , ജി-പ്ലസ് , ട്വിറ്റർ മുതലായ സൈബർ
ലോകത്തിൽ എന്നും വന്നും പോയികൊണ്ടും ഇരിക്കുന്ന ഭൂരിഭാഗം പേരും
ഇതിൽ നിന്നും ഒട്ടും വിമുക്തരല്ലാ കേട്ടൊ ..

നമ്മുടെയെല്ലാം സൈബർ
ലോകത്തിലുള്ള സ്വന്തം തട്ടകങ്ങൾ
വരികൾ കൊണ്ടോ , വരകൾ കൊണ്ടോ , ഫോട്ടോഗ്രാഫുകൾ കൊണ്ടോ , വെറും കോപ്പി-പേയ്സ്റ്റുകൾ കൊണ്ടോ മോടി പിടിപ്പിച്ച് അണിയിച്ചൊരുക്കി , അവയൊക്കെ ആലേഖനം ചെയ്ത് പുറത്ത് വിട്ട  ശേഷം ആയവക്കൊക്കെ, പ്രതീക്ഷിച്ചയത്ര ഹിറ്റുകൾ കിട്ടിയില്ലെങ്കിൽ ...

സ്ഥിരമായി അഭിപ്രായമിടുന്നയാൾ ഒന്ന്
അഭിപ്രായിച്ചില്ലെങ്കിൽ , ഒരു ഫോളോവർ
ഏതെങ്കിലും കാരണങ്ങളാൽ ഒഴിഞ്ഞ് പോയിട്ടുണ്ടെങ്കിൽ ,
ഒന്ന് ലൈക്കടിച്ചില്ലെങ്കിൽ , മറുപടി ട്വീറ്റ് ചെയ്തില്ലെങ്കിൽ , സ്വന്തം തട്ടകത്തേയോ /കൂട്ടായ്മയേയോ ചെറിയ രീതിയിൽ വിമർശിച്ചെങ്കിൽ അവരോടൊക്കെ ഒരു തരം വെറുപ്പും, പുഛച്ചുമൊക്കെ തോന്നുക എന്നതൊക്കെ ഈ
ഇന്റെർ നെറ്റ് ആഡിക്ഷന്റെ  രോഗ ലക്ഷണങ്ങളാണെത്രേ.. !

പിന്നെ നാം മറ്റുള്ള മിത്രങ്ങളുടേയും മറ്റും
സൈറ്റുകളിൾ പോയി സന്ദർശിച്ചില്ലെങ്കിലും ,
അവരെല്ലാം നമ്മുടെ സൈറ്റിൽ വന്ന് സന്ദർശിക്കണമെന്ന നിർബ്ബന്ധ ബുദ്ധി ...
ആയതിന് വേണ്ടിയുള്ള എല്ലാതരത്തിലുള്ള പരസ്യതന്ത്രങ്ങൾ തുടരെ തുടരെ ഉപയോഗിക്കലുകൾ , ചൊറിച്ചലുകൾ , തിരിച്ചു മാന്തലുകൾ , പഴി ചൊല്ലലുകൾ..,..,..മുതലായവയൊക്കെ ഇതിന്റെ ആരംഭ ദശയിൽ ഉണ്ടാകുമെങ്കിലും ,
തല , കണ്ണ് , കഴുത്ത് , നടു/തണ്ടൽ , കൈ-കാൽ മുതലായ വേദനകൾ  ഏതെങ്കിലും ശരീര ഭാഗങ്ങൾക്ക്  തുടക്കം കുറിച്ചാൽ ഈ ‘ബാഡ സുഖത്തിന്റെ ‘ ലക്ഷണങ്ങളാണെത്രേ..പോലും ..!

എന്നാലോ ഈ  BAD എന്ന
ബ്ലോഗ്ഗ് അഡിക് ഷൻ ഡിസോർഡർ മൂത്താൽ
പഠിപ്പ്‌  , ഭക്ഷണം ,ജോലി , സെക്സ് ,..എന്നിവയോടൊക്കെ വിരക്തി വരുമെത്രെ..!

ഇതിൽ പറഞ്ഞ ഏതെങ്കിലും  ‘ സിംടെംസ് ’
സ്ഥിരമായി ആർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ , അവരൊക്കെ തീർച്ചയായും മിനിമം 28 ദിവസത്തെയെങ്കിലും ഒരു ‘ഡിജിറ്റൽ ഡൈറ്റ് ‘ തീർച്ചയായും എടുക്കേണ്ടതാണ് ..!

സൂക്ഷിക്കണം..
ഒപ്പം നമ്മളൊക്കെ
ഇതിനെക്കെയെതിരെ കരുതലായും ഇരിക്കണം കേട്ടോ ...


ഇനി പറയാനുള്ളത് ഇക്കൊല്ലത്തെ കേരളപ്പിറവിദിനാഘോഷങ്ങൾക്ക് ശേഷം നമ്മുടെ ബൂലോഗത്തിലെ വിഷ്ണുമാഷ്
വിശ്വമലയാള മഹോത്സവം 2012 - നെ പറ്റി , ഈ മാസത്തിലെ ‘ജനപഥ’ത്തിൽ എഴുതിയിട്ടിരുന്ന മലയാള സാഹിത്യന്റെ പുതിയ ഭൂമിക എന്നുള്ളലേഖനം എല്ലാ ബൂലോഗരും  വായിച്ചിരിക്കേണ്ടുന്ന സംഗതിയാണ്.

പ്രത്യേകിച്ച് നമ്മൾ ബൂലോഗരെല്ലാം
കൂടി മലയാളം ബ്ലോഗുലകം തുടക്കം കുറിച്ചതിന്റെ ‘പത്താം വാർഷികം ‘ കൊണ്ടാടുവാൻ പോകുന്ന ഈ വേളകളിൽ .
ഇതിനൊക്കെ ആരംഭം കുറിച്ച
പ്രതിഭകളായ നമ്മുടെ പ്രിയപ്പെട്ട പിന്മുറക്കാരെയൊക്കെ തീർച്ചയായും
തിരിച്ചറിയുകയും , സ്മരണ പുതുക്കേണ്ടതുമൊക്കെയാണ്..അല്ലേ

ഒപ്പം ഇതിന്റെ പിന്നോടിയായിട്ട്
പഴയ കുറച്ച് ബൂലോഗ വിജ്ഞാനങ്ങൾ വിളമ്പിയ
മലയാളം ബ്ലോഗ്ഗ് അഥവാ ബൂലോകവും പിന്നെ കുറച്ച് പിന്നാമ്പുറങ്ങളും
കൂടി കൂട്ടി വായിക്കുമല്ലോ..അല്ലേ

ശേഷമിതാ അവസാനമായി നമ്മുടെ
ബൂലോഗത്തിലെ ഫിലിപ് ഏരിയൽ സാറെഴുതിയ
അഭിപ്രായപ്പെട്ടികളുടെ കിലുകിലുക്കം  കൂടി ഇവിടെ കേൾക്കുക 

പ്രിയപ്പെട്ടവരെ ഞാനൊരു
വിശേഷം പറയാൻ വിട്ടുപോയല്ലോ ...
അതായത്   ഈ നവമ്പർ 30 -ന് എന്റെ
ഈ ബൂലോക ജൈത്ര യാത്ര തുടക്കം കുറിച്ചിട്ട്
നാല് വർഷം പൂർത്തിയാകുകയാണ് .. ദി ഫോർത്ത് ആനിവേഴ്സറി ...!

ഇതുവരെ വളരെയധികം
സ്നേഹത്തോടെ , നല്ല നല്ല
ഉപദേശങ്ങളിലൂടെ , പ്രോത്സാഹനമായിട്ടുള്ള
നിരവധി അഭിപ്രായങ്ങളിലൂടെ , എല്ലാത്തിലുമുപരി
എന്നുമെന്നുമുള്ള വായനകളിലൂടെ എനിക്ക് സർവ്വ വിധ പിന്തുണകൾ അർപ്പിച്ചവർക്കൊക്കെ ഒരു നല്ല നമസ്കാരം ...!

ഒരു പാട് നന്ദി കേട്ടൊ കൂട്ടരെ.

ലോട്ട് ഓഫ് താങ്ക്സ്.....ചിയേഴ്സ്..!
   വെറും കക്കൂസ് സാഹിത്യം..!

Monday, 24 September 2012

ഓർക്കാൻ ഇനി ഒളിമ്പിക് ഓർമ്മകൾ മാത്രം ...! Orkkaan Ini Olympic Ormakal Maathram ...!

ഒളിമ്പിക് പാർക്കിലും , CDM സ്റ്റേഡിയത്തിലും ആകാംഷയോടെ അണിനിരന്ന അനേകായിരം കാണികളെയും , ഇതെല്ലാം നേരിട്ട് ലൈവായി വീക്ഷിച്ചുകൊണ്ടിരുന്ന ലോകം മുഴവനുമുള്ള ലക്ഷ കണക്കിന് പ്രേഷകരേയും ഹർഷ പുളകിതരാക്കി കൊണ്ടുള്ള ‘ഒളിമ്പിക് ക്ലോസ്സിങ്ങ് സെർമണിക്ക് ശേഷം ‘ പാരാളിമ്പിക് ഓപ്പനിങ്ങ് സെർമണിക്ക് ‘ മുമ്പ് വീണുകിട്ടിയ രണ്ടാഴ്ച്ചയുള്ള , ഒരു ഇടവേള ഞങ്ങൾ ഒളിമ്പിക് ജോലിക്കാർക്കും, വൊളന്റീയേഴ്സിനും ശരിക്കും ആർമാദിക്കുവാൻ പറ്റിയ സുവർണ്ണാവസരങ്ങളായിരുന്നൂ...!
 ഡോക്ട്ടർമാരും, നേഴ്സുമാരും ,  എഞ്ചിനീയേഴ്സും, ഐ.ടിക്കാരും,
ഡ്രൈവേഴ്സും മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും പെട്ട പല ദേശങ്ങളിലെ
വിവിധ ഭാഷകൾ സംസാരിക്കുന്ന നാനാതരം ആളുകളുടെ ഒരു കൂട്ടായ്മ
തന്നെയായിരുന്നു ഈ ലണ്ടൻ 2012 സംഘാടന സമിതിയംഗങ്ങളും,
വൊളന്റിയേഴ്സായി വന്ന സന്നദ്ധ പ്രവർത്തകരുമൊക്കെ...

എന്തിന് പറയാൻ ‘ഗേയ്സ്’അടക്കം അനേകം
 ‘കോൾ ഗേൾസ്’വരെ ഈ സന്നദ്ധപ്രവർത്തന രംഗത്തുണ്ടായിരുന്നു...!
ആർക്കും ഒന്നിനും ഒരു ക്ഷാമവും നേരിട്ടുകൂടല്ലോ ..അല്ലേ

ഈ ഒളിമ്പിക് വൊൾന്റിയേഴ്സ് ആയി വന്ന പലരാജ്യക്കാരും എന്റെ മിത്രങ്ങളായി മാറി, അതിൽ മൂനാലുലക്ഷം രൂപ മുടക്കി നമ്മുടെ നാട്ടിലെ കണ്ണൂരിൽനിന്നും വന്ന ഒരു കേന്ദ്ര ഗവ:ഉദ്യോഗസ്ഥനേയും , പിന്നെ എയർ ഹോസ്റ്റസ് പണി വിരമിച്ച ഒരു മലയാളി കണ്മണിയേയും എനിക്ക് കൂട്ടുകാരാക്കുവാൻ കഴിഞ്ഞു....! ?


ലോകത്തിന്റെ വിവിധഭാഗങ്ങളിൽ
നിന്നും ഇവിടെയെത്തിച്ചേർന്ന പല വൊളന്റീയേഴ്സിനും ഞങ്ങൾ നാട്ടുകാർ ആതിഥേയരായി മാറി.
ചിലരൊക്കെ ഈ അതിഥികളെയൊക്കെ കൊണ്ട് ലണ്ടൻ ഊരു കാണിക്കൽ,
ഒത്തൊരുമിച്ചുള്ള പാർട്ടികൾ, പരസ്പരം വിരോധമില്ലാത്ത ചില’ചുറ്റി’കളികൾ,... അങ്ങിനെയങ്ങിനെ സമ്മോഹനഭരിതമായ അതിസുന്ദര രാപ്പകലുകൾക്ക് ശേഷം വീണ്ടും വത്യസ്ഥമായ ആവർത്തനങ്ങളോടെ പാരാളിമ്പിക് ഓപ്പണിങ്ങ് ഓപ്പനിങ്ങ് സെർമണിയും, കായിക ലീലകളും, ആയതിന്റെയൊക്കെ പരിസമാപ്തിയും വളരെ വിപുലമായി കൊണ്ടാടി...

മലയാളിയുടെ സ്വന്തം പര്യായമായ
‘പാര ‘പോലെയൊന്നുമല്ല കേട്ടൊ ഈ പാരാളിമ്പിക്സ് പരിപാടികളും, അതിനോട് അനുബന്ധിച്ചുള്ള മറ്റു ലീലാ വിലാസങ്ങളും കേട്ടൊ കൂട്ടരേ..


യുദ്ധാനന്തരം അണുസ്പുരണത്തിൻ ആഘാതത്താൽ കൈ-കാൽ പാദങ്ങളില്ലതെ പിറന്നുവീണതിനാൽ ബാഗ്ദാദിന്റെ തെരുവുകളിൽ ഉപേഷിക്കപ്പെട്ട കുട്ടികളിൽ രണ്ടുപേർ, പിന്നീട്  ദത്തെടുത്ത ആസ്ത്രേലിയൻ ദമ്പതികളുടെ പരിചരണത്തോടേയും , പരിശീലനത്തോടേയും ഇപ്പോളീ ലണ്ടൻ പാരളിമ്പിക്സിൽ കായികകിരീടങ്ങൾ കരസ്ഥമാക്കുന്നത് കണ്ട് ലോക ജനത ഞെട്ടിത്തെറിക്കുന്നത് നമ്മൾ കണ്ടുവല്ലോ..

സ്വന്തം രാജ്യത്തിനുവേണ്ടി പോലുമല്ലാതെ വെറും കൂലിപട്ടാളമായി പോയിട്ടും മറ്റും, നിരപരാധികളായിട്ടുപോലും പല ഭീകരാക്രമണ താണ്ഡവത്തിൽ അകപ്പെട്ടും , പിന്നെ  രാഷ്ട്രീയ പകപോക്കലുകളാലും , റോഡപകടങ്ങളാലുമൊക്കെ വികലാംഗരായവർതൊട്ട് , കീടനാശിനികളുടെ അതിപ്രസരണത്താൽ, മാതാപിതാക്കളുടെ വശപിശകുകളാൽ , മറ്റു മലിനീകര പ്രശ്നങ്ങളാൽ വരെ ....ജന്മംകൊണ്ട് വികലാംഗരാകുന്നവർ വരെയുള്ളവരുടെ , സ്വന്തം പോരായ്മകൾ മറന്ന് ,കഠിന പ്രയത്നം  ചെയ്ത് ഈ വേദികളിൽ നേടിയെടുത്ത ഓരോ മെഡലുകൾക്കും ഒരു സാധാ കായിക താരം നേടിയതിനേക്കാൾ നൂറിരട്ടി  മാറ്റു കൂടും..!

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പാരളിമ്പിക്സിൽ
പങ്കെടുക്കാനെത്തിയ ഓരൊ കായികതാരങ്ങൾക്കുമുണ്ട് സ്വന്തമായ
കദനത്തിൽ മുക്കിയെടുത്ത ,സങ്കടത്തിൽ നനഞ്ഞൊലിച്ച അനേകം ദയനീയ കഥകൾ...!

എല്ലാം തികഞ്ഞുവെന്ന് നെകളിച്ച് നിൽക്കുന്ന നാം
ഓരോരുത്തരും ഇവരുടെയൊക്കെ മുമ്പിൽ എത്രയെത്ര ചെറുതാണ് ..അല്ലേ.
യഥാർത്ഥത്തിൽ ഇവരാണ് വീരന്മാർ ..വീരഥിവീരചരിതങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടവർ... !

ഇവിടെ ലണ്ടനിൽ
വന്നനാൾ മുതൽ കാണാത്തതും കേൾക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ നേരിട്ടനുഭവിച്ച നിര്‍വൃതികൾക്ക് ശേഷമിതാ നാലഞ്ച് കൊല്ലമായി ഞങ്ങളൊക്കെ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന ഒളിമ്പിക്സിന്റെ എല്ലാ വർണ്ണക്കാഴ്ച്ചകളും സമാഗതമായിട്ട് ഇവിടെ  സമാപിക്കുവാൻ പോകുകയാണ്...
അവസാനമിതാ പാരളിമ്പിക്സും അതിൽ പങ്കെടുക്കുന്ന ലോകത്തിലെ വീര വീര നായകന്മാരായ കായികതാരങ്ങളും മാറ്റുരക്കുന്ന കായികമാമാങ്കത്തിന്റെ കലാശ കളികളും, ഇതിന്റെ ക്ലോസ്സിങ്ങ് സെർമണികളും കഴിഞ്ഞാൽ എല്ലാത്തിലും തിരശ്ശീല വീഴുകയാണ്...

പിന്നെ ഈ ചാരപണികളുടേയും  , ചുറ്റികളികളുടേയും ഇടക്കെല്ലാം  മൂന്നാലുതവണ ഞാൻ എന്റെ സ്വന്തം കുടുംബവുമായി ചില ഇവന്റുകൾ കാണാനും, മറ്റു പല ഒളിമ്പിക് രസങ്ങൾ ആസ്വദിക്കാനും പോയി കേട്ടൊ .
അപ്പോൾ എനിക്കും സന്തോഷം ഒപ്പം അവർക്കും അതിയായ ആഹ്ലാദം ..!
                     
അനേകായിരം പേർ ആഹോരാത്രം അഞ്ചെട്ടുമാസമായി മഞ്ഞും മഴയും വെയിലും വകവെക്കാതെ രാപ്പകൽ പിന്നണിയിലും മുന്നണിയിലും അണിനിരന്ന് വമ്പിച്ച വിജയമാക്കിയ ഒരു ലോകോത്തര ഉത്സവമേളം തന്നെയായിരുന്നു ഇക്കഴിഞ്ഞുപോയ ലണ്ടൻ ഒളിമ്പിക്സും , പാരാളിമ്പിക്സും,അതിനോടൊക്കെയനുബന്ധിച്ചുണ്ടായ സകലമാന സംഗതികളും മറ്റും ...!

ഇപ്പോളിതാ ഈ പാരളിമ്പിക്സിന്റെ ‘ക്ലോസ്സിങ്ങ് സെർമണി‘യോടുകൂടി
അരങ്ങും ആളും ഒഴിഞ്ഞ വേദികളിൽ നിൽക്കുമ്പോൾ ഇതിന്റെയൊക്കെ
ഒട്ടുമിക്ക ഘട്ടങ്ങളിലും ആരംഭം മുതൽ അവസാനം വരെ എല്ലാം കണ്ടും കേട്ടും
അതിയായ അത്ഭുതത്തോടെ അതിലും വലിയ ആമോദത്തോടെ ഇതിരൊരാളായി
പങ്കെടുത്ത ആളെന്ന നിലയിൽ എന്തോ വല്ലാത്ത നഷ്ട്ടബോധം തോന്നുകയാണെനിക്ക് ...!
 എന്നാലും,  ദി ബെസ്റ്റ് (ഈ ഒളിമ്പിക്സിലെ 
ചില ബെസ്റ്റ് വീഡിയോ ക്ലിപ്പുകൾ ) എന്ന് വിശേഷിപ്പിക്കപ്പെട്ട ‘2012 ലണ്ടൻ ഒളിമ്പിക്സിന് ശേഷം , ഞങ്ങൾ ലണ്ടൻ നിവാസികൾക്ക് ഇനി ഈ ഒളിമ്പിക് പാർക്കും ,സ്റ്റേഡിയവും നിലനിൽകുന്നകാലത്തോളം കാലം ,  ഇവിടെ ഇനി അരങ്ങേറാൻ പോകുന്ന പരിപാടികളുടെ ഒരു ഘോഷയാത്ര തന്നെ വരിവരിയായി കാത്തിരിക്കുകയാണ്.
അതുകൊണ്ട് ഇനിയും എഴുതുവാനുള്ളവയാകും ധാരാളം വരാൻ പോകുന്നത് അല്ലേ...
‘പിടിച്ചേനേക്കാൾ വലുത്  അളേലെന്ന് പറയില്ലേ ‘...        അതെന്നെയിത്..!

തുടക്കം മുതൽ ഈ കായികമാമാങ്കങ്ങളുടെ അകത്തട്ടിൽ നിന്നും,
മറ്റുവേദികളിൽ നിന്നുമൊക്കെ എനിക്ക് അനുഭപ്പെട്ട ആഹ്ലാദങ്ങളും,
 കൌതുകങ്ങളും, വിഷമങ്ങളുമൊക്കെ ആവിഷ്കരിക്കണമെങ്കിൽ ഒരു
പാടൊരുപാട് എഴുതി കൂട്ടേണ്ടിവരും... ആയതൊക്കെ സുഖമമായ ഒരു വായനക്ക് ബുദ്ധിമുട്ടുളവാക്കുമെന്ന് മാത്രമല്ല കേട്ടൊ കാരണം...
എന്റെ  സമയവും സന്ദർഭവും ഒട്ടും അനുവദനീയമല്ലാത്തതിനാൽ
തൽക്കാലം ഈ ഒളിമ്പിക് ഓർമ്മകുറിപ്പുകൾ ഈ നാലം അദ്ധ്യാത്തോടുകൂടി
ഞാൻ തൽക്കാലം അവസാനിപ്പിക്കുകയാണ് കേട്ടൊ കൂട്ടരേ.

ഇതുവരെ
കൂടെവന്നവർക്കും ഇനി
വരാൻ പോകുന്നവർക്കും
ഒരു നല്ല നമസ്കാരം ...!
ഏവർക്കും ഒരുപാടൊരുപാട് നന്ദി ...! !








മറ്റു ഭാഗങ്ങൾ :-

ഭാഗം - 1
  
 ഒളിമ്പ്യ‘നായ’ ഒരു ബൂലോഗൻ ...!


 ഭാഗം - 2

  വെറും ഒളിമ്പിക്സ് ഓളങ്ങൾ ...!


ഭാഗം - 3  

 ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണി ...!





 

 
 

Monday, 20 August 2012

ഒരിക്കലും ഒളിമങ്ങാത്ത ഒരു ‘ഒളിമ്പിക് ഓപ്പനിങ്ങ് സെർമണി ...! / Orikkalum Olimangaattha Oru 'Olimpic Opening Ceremony' ... !

കണ്ണഞ്ചിപ്പിക്കുന്ന വിവിധതരം
വിസ്മയക്കാഴ്ച്ചകൾ ...!
കാതിനും മനസ്സിനും വിരുന്നേകിയ
സംഗീത-നൃത്ത  ദൃശ്യ വിരുന്നുകൾ ...!
കാലങ്ങളോളം മനസ്സിന്റെ ഓർമ്മച്ചെപ്പിൽ നിന്നും
ഒരിക്കലും ഒളിമങ്ങാത്ത ലണ്ടൻ ഒളിമ്പിക്സിന്റെ ഉൽഘാടനചടങ്ങുകളെ കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്...

ഒന്നിനോടൊന്ന് മികച്ച വിധം ഓരൊ നാലുകൊല്ലം കൂടുമ്പോഴും അത്രക്കു പ്രൌഡഘംഭീരമായിട്ടാണല്ലോ ഓരോരൊ ആതിഥേയ രാജ്യങ്ങളും ഇതുവരെയുള്ള
എല്ലാ സമ്മർ ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണികളും അവതരിപ്പിച്ച്  ലോകത്തിന്റെ കൈയ്യടി നേടാറുള്ളത് ..അല്ലേ.

തൊണ്ണൂറുകളിലെ  ഒരു വമ്പൻ  മായക്കാഴ്ച്ചയായി  മാറിയ
‘ബാർസലോണ‘യിലേയും, ‘അന്റ്ലാന്റയിലേ’യും ഒളിമ്പിക്സ് ഓപ്പണിങ്ങ്
സെർമണികളും ...
2000 - ത്തിലെ‘സിഡ്നി‘യിലെ സാങ്കേതികമികവിനാലും , അവതരണത്താലും  മികച്ചുനിന്ന  ആസ്ത്രേലിയൻ വീര്യവും ...
ഇതിന്റെയത്രയൊന്നുമത്ര പകിട്ടില്ലാതിരിന്ന ഗ്രീസുകാരുടെ 2004-‘ഏതൻസി’ലേയും മറ്റും ഒളിമ്പിക് ഉൽഘാടന  ചടങ്ങുകൾ നമ്മൾ വീക്ഷിച്ചു കഴിഞ്ഞതാണല്ലോ...

പിന്നീട് അച്ചടക്കാത്താലും , ആളെണ്ണത്താലും ,
വർണ്ണ ഭംഗികളാലും മെയ്‌വഴക്കത്താൽ പങ്കെടുത്ത ഓരൊ
കലാകാരന്മാരും ... പ്രേക്ഷകരെയെല്ലാം വിസ്മയത്താൽ ലയിപ്പിച്ച
2008 ലെ ‘ബെയിജിങ്ങ് ‘ഒളിമ്പിക്സിലൂടെ ചീനക്കാർക്കും , ശേഷമിതാ ബ്രിട്ടീഷുകാർ ...

‘ദി ബെസ്റ്റ്’ എന്ന് ലോകം മുഴുവൻ വാഴ്ത്തിയ ഒരു ഏറ്റവും നല്ല ഒളിമ്പിക്
ഓപ്പണിങ്ങ് സെർമണി നടത്തി ഒളിമ്പ്ക് ചരിത്രത്തിൽ ഒരു ഉന്നത സ്ഥാനം
ഈ 2012 ലണ്ടൻ ഒളിമ്പിക്സിലൂടെ  കരസ്ഥമാക്കി ...!
തീർച്ചയായിട്ടും ശരിയായ ഒരു കാര്യമാണത് ...
ഓസ്കാർ അവാർഡ് ജേതാവ് ഡാനി ബോയലും
(Danny Boyle ) കൂട്ടരും കൂടി ഒരിക്കലും ഒളിമങ്ങാത്ത ഒരു
ഒളിമ്പിക് ഓപ്പണിങ്ങ് സെർമണിയാണ് ഇത്തവണ ഈ ബിലാത്തിപട്ടണത്തിൽ അവതരിപ്പിച്ചത്...!

ഒരു ഹോളിവുഡ് മൂവി കാണുന്ന കണക്കേ അത്യതികം
അത്ഭുതത്തോടെ , അധിലധികം ആവേശത്തോടെയാണല്ലോ
ഭൂലോകാത്തിലെ വിവിധഭാഗങ്ങളിലിരുന്ന് നൂറുകോടിയിലധികം ജനങ്ങൾ
ഈ കായികമാമാങ്കോൽഘാടനം തത്സമയം വീക്ഷിച്ചുകൊണ്ടിരുന്നത്...

ഭൂലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങങ്ങളിലേയും ഒട്ടുമിക്ക
രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള , ഭൂമിയിലിതുവരെയുണ്ടായിട്ടുള്ള
എല്ലാതരം ആഡംബര വാഹനങ്ങളിലും സഞ്ചരിച്ചിട്ടുള്ള , അറുപത്
കൊല്ലത്തിലേറെയായി സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ കിരീടമണിഞ്ഞു
കൊണ്ടിരിക്കുന്ന മഹാറാണി , ലോകത്തിലെ നമ്പർ വൺ ചാരനായ ജെയിംസ്
ബോണ്ടിന്റെ , ഒരു പുതിയ ‘ബോണ്ട് ഗേളായി’ / ( ഈ വീഡിയോ കാണുക ) പ്രത്യക്ഷപ്പെട്ട്, ഹെലികോപ്പ്റ്ററിൽനിന്നും പാര്യച്ചൂട്ടിൽ ഒളിമ്പിക് പാർക്കിൽ ചാടിയിറങ്ങിവന്ന് ...
‘ലണ്ടൻ ടൊന്റി ട്വിവൽവ്’ എന്ന് അറിയപ്പെടുന്ന ഇത്തവണത്തെ
ലോകകായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ഉൽഘാടനം നിർവ്വഹിച്ചത്...!

ഇനി ലോകത്തിലെ ഏത് രാജ്ഞിക്കും , രാജാവിനും ഭേദിക്കാൻ
പറ്റാത്തൊരു  ‘വേൾഡ് റെക്കോർഡ് ‘ തന്നെയാണിത് കേട്ടൊ കൂട്ടരെ.
കലാ-കായിക രംഗത്തുള്ള അഖില-ലോക ‘സെലിബിറിറ്റികളായ
ജെയിംസ് ബോണ്ട് (Daniel Craig ) , മിസ്റ്റർ.ബീൻ / Rowan Atkinson (ഒന്ന്
നന്നായി ചിരിക്കുവാൻ ഈ വീഡിയോയും കാണാം കേട്ടൊ ) ...
പിന്നെ  ബ്രൂണെൽ (Kenneth Branagh ) , മുഹമ്മദാലി, ഡേവിഡ് ബെക്കാം ,...,..., ...
അങ്ങിനെ നിരവധി പ്രതിഭകളെ കൂടാതെ , ലോക സംഗീത ലോകത്തെ പല
പല ഉസ്താദുകളും നേരിട്ട് വന്ന് ഈ ഒളിമ്പിക് ഓപ്പണിങ്ങ്  സെർമണിയുടെ വേദികൾ കയ്യടക്കിയപ്പോൾ കാണികളും , പ്രേക്ഷകരുമായ  ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകളാണ് കോരിത്തരിച്ചത് ...!
പഴയ കാല ഇംഗ്ലണ്ടിന്റെ കാർഷിക-ഗ്രാമീണ സൌന്ദര്യം
മുഴുവൻ ഒപ്പിയെടുത്ത്  ആടുകളും , പശുക്കളും , പന്നികളും , കുതിരകളുമൊക്കെ അണിനിരന്ന തുടക്കം മുതൽ , നിമിഷങ്ങൾക്കുള്ളിൽ മാറി മാറി വരുന്ന
ബിലാത്തിയുടെ വ്യവസായിക വിപ്ലവ യുഗം തൊട്ട്  ....
ഷേക്സ്പീറിയൻ യുഗമടക്കം , ആധുനിക ബ്രിട്ടന്റെ ഈ ‘ഇന്റെർ-നെറ്റ്‘ യുഗം വരെയുള്ള കാര്യങ്ങളൊക്കെ അതാതുകലത്തെ കലാ-കായിക-സംഗീത-കോമഡി പാശ്ചാത്തല സംഗതികളിലൂടെ പ്രണയവും, ജീവിതവും കൂട്ടിക്കലർത്തി അനേകം കലാകാരന്മാർ ഒത്തൊരുമിച്ച് ചുവടുവെക്കുമ്പോൾ ....
അതിനനുസരിച്ച് ചടുലമായി മാറിക്കൊണ്ടിരിക്കുന്ന രംഗസജ്ജീകരണങ്ങളാൽ കണ്ടുകൊണ്ടിരിക്കുന്നവരെ മുഴുവൻ വിസ്മയത്തിൽ ആറാടിച്ചുകൊണ്ടാണ് മൂന്നരമണിക്കൂർ നീണ്ടുനിന്ന ഈ പരിപാടിയുടെ ഓരോ എപ്പിസോഡുകളും മിന്നിമറഞ്ഞുകൊണ്ടിരുന്നത്...!

ഇതിനിടയിൽ 80,000 -ത്തോളം പേർ തിങ്ങി നിറഞ്ഞ ഒളിമ്പിക്
സ്റ്റേഡിയത്തിനുള്ളിൽ ഓരൊ തരം പരിപാടികൾക്കിടയിലും അതതിനനുസരിച്ച്
ഗ്രാമങ്ങളും , വ്യവസായ ശാലകളും / ചിമ്മിണികളും , കുട്ടികളുടെ ആശുപത്രിയും , ആധുനിക
ലണ്ടന്റെ റോഡ്/കെട്ടിട ചമുച്ചയങ്ങളും , ആകാശത്തുനിന്നിറങ്ങിവരുന്ന അനേകമനേകം ‘മേരി പോപ്പിൻസ‘ടക്കം അനേകം കലാകാരന്മാരുമൊക്കെ അവിടമാകെ അതിശയക്കാഴ്ച്ചകളുടെ വർണ്ണപകിട്ടിട്ട ഒരു കവിത രചിക്കുക തന്നെയായിരുന്നൂ ... !

 അവസാനം... ലോകത്തിലെ 204 രാജ്യങ്ങളിലെ ഈ മാമാങ്കത്തിന് പങ്കെടുക്കാനെത്തിയവരുടെ ഘോഷ യാത്രയും , 200 മൈൽ വേഗതയിൽ സ്പീഡ് ബോട്ടിൽ സിനിമാ സ്റ്റൈയിലിൽ / (ഈ വീഡിയോയും ഇവിടെ കാണാംട്ടാ‍ാ ) ഡേവിഡ് ബെക്കാം സ്റ്റേഡിയത്തിലെത്തിച്ച ഒളിമ്പിക് ദീപം , യുവതലമുറക്ക് കൈമാറി , അവർ ആയത് സ്റ്റേഡിയം വലം വെച്ച് ...
204 ദളങ്ങളുള്ള താമരപ്പൂപോലെയുണ്ടായിരിന്ന
ഒളിമ്പിക് വിളക്ക് കത്തിച്ചപ്പോൾ , ആയത് കൂമ്പിപ്പോയി ഒറ്റ ദീപമായി തീരുന്ന വർണ്ണക്കാഴ്ച്ച !

അങ്ങിനെ പറഞ്ഞാലും, പറഞ്ഞാലും തീരാത്ത അനേകമനേകം
മാന്ത്രിക കാഴ്ച്ചകളുടെ മനോഹാരിതകൾ നിറഞ്ഞ , മനതാരിൽ നിന്നും ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക് ഓപ്പണിങ്ങ് സെർമണി  അവതരിപ്പിച്ച് ബ്രിട്ടൻ ആയതിലും കിരീടം നേടി ...!

ശരിക്ക് പറയുകയാണെങ്കിൽ ഇതെല്ലാം നേരിട്ടുകണ്ടുകൊണ്ടിരുന്ന
മുൻ നിരയിൽ അതിഥികളായി എത്തി ഇരുപ്പുറപ്പിച്ചിരുന്ന  2016 - ‘റിയോ’
ഒളിമ്പിക് സംഘാടക സമിതിയംഗങ്ങളായ ബ്രസീലുകാർക്കും , വരും കാല
ഒളിമ്പിക് ബിഡ് കാരായി തെരെഞ്ഞെടുത്ത ഈജിപ്തുകാരായ ‘ഇസ്റ്റാൻബുൾ’, ഫ്രെഞ്ചുകാരായ ‘മാഡ്രിഡ്, ജപ്പാങ്കാരായ ടോക്കിയോ’ മുതൽകമ്മറ്റിക്കാരുടെയെല്ലാം
വയറ്റിൽ നിന്നും കിളി പറന്നുപോയിട്ടുണ്ടാകണം... !
 “ഇതിലും നന്നായിട്ട് ഇനി ഉന്തുട്ടന്റെമ്മാ‍ാ...
നമ്മട്യൊക്കെ ഒളിമ്പിക്കോപ്പണിങ്ങിന് കാണിക്ക്യാ‍ാന്നോർത്തിട്ടാണിത് ...കേട്ടോ “

ഇത്തവണത്തെ ഓരൊ ഒളിമ്പിക് കായിക കേളികളും നടന്നത്
ഉന്നത സാങ്കേതിക-സൂഷ്മ -നിരീക്ഷണ പാടവങ്ങളോടെയുള്ള വേദികളിലായതിനാൽ ,വിധികളെല്ലം അത്രക്കും കണിശമായ കണക്കുകളിലായിരുന്നു...

ആദ്യമായിട്ടൊരൊളിമ്പിക്സിൽ ഏർപ്പെടുത്തിയ 3-ഡി സമ്പ്രേഷണ
സവിധാനങ്ങളുടെ പകിട്ടുകൊണ്ട് കളികളുടെയെല്ലാം കാഴ്ച്ചകൾ
പ്രേക്ഷകർക്കൊക്കെ മൂന്നുതരത്തിൽ ആസ്വദിക്കാമായിരുന്നൂ...!

സാധാരണ ഗതിയിൽ 95 ശതമാനവും ആതിഥേയ രാജ്യങ്ങളിലെ
ആളുകൾ മാത്രം കാണികളാകുന്ന ഇത്തരം ലോക കായിക മാമാങ്കങ്ങളെ ,
അപേക്ഷിച്ച് ഈ ഒളിമ്പിക്സിൽ 40 ശതമാനത്തോളം വിദേശിയരായ കാണികളാണ്
ഇവിടെ ലണ്ടനിൽ  ഈ പരിപാടികളെല്ലാം നേരിട്ട് കണ്ടാസ്വദിച്ചത്...!

എന്തുകൊണ്ടെന്നാൽ ലണ്ടനെന്നത് , ലോകത്തിലെ എല്ലാ
സ്ഥലങ്ങളിലേയും ജനവാസ സ്ഥലമായതിനാലും, ടൌൺ ബസ്സു പോലെ സകലമാനരാജ്യങ്ങളിലെ ഫ്ലൈറ്റുകളും വന്നും പോയിരിക്കുന്നയിടമായതുകൊണ്ടും  നാനാരാജ്യങ്ങളിലെ ഏറ്റവും കൂടുതൽ ആളുകൾ നേരിട്ട് വന്ന് , കണ്ട് , അവരവരുടെ രാജ്യത്തെ  കായികതാരങ്ങൾക്കൊക്കെ വേണ്ടത്ര  പ്രോത്സാഹനം നൽകിയ ഒരു ഒളിമ്പിക്സും മുമ്പുട്ടായിട്ടില്ല പോലും..!

അതുപോലെ സുരക്ഷയുടെ കാര്യത്തിലും
ഇത്ര ചിലവ് വന്ന ഒരു ഒളിമ്പിക്സ് ഉണ്ടായിട്ടില്ലത്രേ...!

ബ്രിട്ടൻ നാവികപ്പടയുടെ യുദ്ധ-വീമാനവാഹിനി കപ്പലുകൾ
ഈ വേദികളുടെ സമീപ കടലുകളിലും, തേംസ് നദിയിലും നങ്കൂരമിട്ട്
ഇതിനെതിരെ ഏത് ഭീകരാക്രമണം വന്നാലും ചെറുത്തുതോൽ‌പ്പിക്കുവാൻ
വേണ്ടി , പീരങ്കികളുമായി വേദികളുടെ ചുറ്റും ഒളിച്ചിരുന്ന പട്ടാളത്തോടൊപ്പം ,
ജാഗ്രതയിൽ മാനത്തുവട്ടമിട്ട് റോന്ത് ചുറ്റിക്കൊണ്ടിരുന്ന എയർ ഫോഴ്സും , തോക്കേന്തി
ഏത് സമയവും വേദികളിൽ ചുറ്റിക്കൊണ്ടിരുന്ന പോലീസ്സും കൂടാതെ അനേകം സെക്യൂരിറ്റി കമ്പനികളിലെ ഗാർഡുകളും , മുട്ടിനുമുട്ടിനേയുള്ള ചാരന്മാരാലുമുള്ള ബൃഹത്തായ  ഒരു സെക്യൂരിറ്റി സവിധാനമാണ് ഇവിടെയുണ്ടായിരിന്നത് ...!

ഈ സെക്യൂരിറ്റി സവിധാനത്തിന്റെയൊക്കെ ഒരു
ലൂപ്പ് ഹോളായി എല്ലാവരേയും പിന്നീറ്റ് ‘ഫൂളാക്കിയ’,
കായികതാര ഘോഷയാത്രയിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം നുഴഞ്ഞുകയറിയ ബാഗ്ലൂർക്കാരി മധുരാമണി മാത്രം..
ആ സുന്ദരിപ്പെണ്ണിന്റെ അരവണ്ണവും , തലവണ്ണവും കണ്ട് ആദ്യമവളൊരു മനുഷ്യ ബോമ്പാണെന്ന്’തെറ്റി ധാരണ സെക്യൂരിറ്റി വിഭാഗത്തിനൊക്കെയുണ്ടായെന്നത് വാസ്തവമാണ് കേട്ടൊ...!

സത്യം പറഞ്ഞാൽ മൂന്നാലുമാസമയി പലപ്പോഴാ‍യി ഓരൊ ഒളിമ്പിക്
വേദികളുടെ മുക്കിലും , മൂലയിലും  ചാരനും , ചാരത്തിയും കളിച്ച് കയറിയിറങ്ങിയിരുന്ന ഞങ്ങൾക്കാർക്കും തന്നെ , ഒളിമ്പിക്സ് തുടങ്ങിയതുമുതൽ , തുടർ ഡ്യൂട്ടികൾ ഉണ്ടായിട്ടും ഒരു
കായിക ലീലകളും മുഴുവനായും കാണുവാനുള്ള യോഗമുണ്ടായിട്ടില്ല ...!

അതിനൊക്കെ ഈ സമയങ്ങളിലൊക്കെ
ഒന്നിരിക്കാൻ നേരം കിട്ടിയിട്ട് വേണ്ടേ...!

എന്തൊക്കെ പറഞ്ഞാലും ..
ഈ  കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളുടെയൊക്കെ മുന്നണിയിലും,പിന്നണിയിലും അണിനിരന്നിരുന്ന അനേകം
സാങ്കേതിക വിദഗ്ദ്ധരും , സിനിമാക്കാരും, സ്റ്റേജ് മാജിഷ്യൻസുമൊക്കൊ
ഉൾപ്പെട്ട ധാരാളമാളുകളുടെ തീവ്രപ്രയത്നത്തിന്റെ കൂട്ടായ്മയുടെ ഫലമാണ് ഈ
സെർമണി ഇത്ര വിജയത്തിലെത്തിയത്...!

രാവും, പകലും , വെയിലും, മഴയും, മഞ്ഞും വകവെക്കാത ഈ
പരിപാടികളുടെയൊക്കെ പല റിഹേഴ്സലുകൾ പല കുറിയുണ്ടായിട്ടും , ആയതൊന്നും ഒരു പാപ്പരാസികൾക്കും , മാധ്യമങ്ങൾക്കുമൊന്നും ചോർന്നു പോകാതെയും, ശേഷം ഒളിമ്പിക് കായിക കേളികൾ നടന്നുകൊണ്ടിരിക്കുമ്പോൾ
സകലമാന സംഗതികൾക്കും സുരക്ഷയേകി കൊണ്ട് , ഇതിലൊക്കെ പങ്കെടുത്ത ഏവർക്കും സഹായ-സഹകരണങ്ങൾ നൽകിയ  700000 വൊളന്റീയേഴ്സിനെ കൂടാതെ , ഞങ്ങളെപ്പോലെയുള്ള പതിനായിരത്തോളം സുരക്ഷാ-കാവൽ ഭടന്മാരുമൊക്കെയാണ് ...
ഈ ലണ്ടനൊളിമ്പിക് ഉൽഘാടന മഹോത്സവവും , മറ്റു കായിക
കേളികളും ഇത്രക്ക് ഉന്നതിയിലെത്താൻ മുഖ്യകാരണം...!

ഇവർക്കെല്ലം സ്വയം ഒരു നന്ദി ചൊല്ലിയാടികൊണ്ട്...
ലണ്ടൻ ടൊന്റി ട്വിവൽവിന്’ ഒരു ‘ബിഗ് ഹാറ്റ്സ് ഓഫ് ...!!‘




മറ്റു ഭാഗങ്ങൾ :-




ഭാഗം - 1
  
 ഒളിമ്പ്യ‘നായ’ ഒരു ബൂലോഗൻ ...!


 ഭാഗം - 2

  വെറും ഒളിമ്പിക്സ് ഓളങ്ങൾ ..!


ഭാഗം  - 4

ഓർക്കാൻ ഇനി ഒളിമ്പിക്സ് ഓർമ്മകൾ മാത്രം ... ! 



Tuesday, 31 July 2012

വെറും ഒളിമ്പിക്സ് ഓളങ്ങൾ ... ! / Verum Olimpics Olangal ... !


ഇതുവരെയുള്ള ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ
മലയാളികൾ നേരിട്ടും അല്ലാതേയും പങ്കെടുത്ത ഒരു കായിക
മാമങ്കമെന്ന് ‘2012 ലണ്ടൻ ഒളിമ്പിക്സിനെ‘  വിശേഷിപ്പിക്കാം..

ബാഡ്മിന്റ്ണിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന രാജീവ് ഔസേപ്പ് തൊട്ട് ഇന്ത്യൻ താരനിരയിലെ ടിന്റു ലൂക്കാ , രജ്ഞിത്ത് , ഡിജു , മയൂഖാ ജോണിഇർഫാൻ കൊളുത്തുംതുടി വരെയുള്ളവർ കായികതാരങ്ങളായും ...
( അക്രിഡിയേഷൻ പാസ് ഇതുപോലെ കൊടുത്തവർക്ക് മാത്രമേ ഒളിമ്പിക്സ് പാർക്കിലേക്ക് പ്രവേശനം അനുവദിക്കൂ  / ഏത് രാജക്കാർ , എത്രപേർ , എന്തിന് വന്നു,.., ...അങ്ങിനെ സകല കുണ്ടാമണ്ടി വരെ , ഒരാൾ അതിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ‘സെക്യൂരിട്ടി‘ വിഭാഗകാർക്കറിയാം കേട്ടൊ )
പിന്നീടവരുടെ കോച്ചുമാരും , നമ്മുടെ കായിക മന്ത്രിയും പരിവാരങ്ങളും  ; ഇമ്മിണി കാശ് മുടക്കി ടിക്കറ്റെടുത്ത് ലണ്ടനിലെത്തുന്ന മലയാള സിനിമയിലെ മെഗാസ്റ്റാറുകളും , പണ്ടത്തെ കേരളത്തിന്റെ ഒളിമ്പിക് സൂപ്പർ കായിക താരങ്ങളുമടക്കം  ഏതാണ്ട് അഞ്ഞൂറോളം വി.ഐ.പി / ഗ്ലോബൽ മലയാളികളേയും കൂടാതെ ...
ലണ്ടനിലെ പല ഒളിമ്പിക് വേദികളിലും മറ്റും വൊളന്റിയേർസായും ,
കലാകാരന്മാരായും ( ഒളിമ്പിക്സ് /പാര ഓളിമ്പിക്സ് ഓപ്പണിങ്ങ് / ക്ലോസിങ്ങ് സെർമണികളിലെ ), ക്ലീനിങ്ങ് / കാറ്ററിങ്ങ് / സെക്യൂരിറ്റി / മാനേജ്മെന്റ് തുടങ്ങിയവയിലെ ജോലിക്കാരായും ഏതാണ്ട് രണ്ടായിരത്തിലധികം മല്ലൂസ്സാണ് ഇത്തവണത്തെ ഈ കളിക്കളത്തിനകത്തും പുറത്തുമായി അവരുടെയൊക്കെ സാനിദ്ധ്യം അറിയിച്ച് അണിനിരന്നുകൊണ്ടിരിക്കുന്നത് ..!

ഏഴുകൊല്ലം മുമ്പ് ഒളിമ്പിക്
ബിഡ് ലണ്ടനിൽ കിട്ടിയതിനുശേഷം ...
ഈസ്റ്റ് ലണ്ടനിലെ കേരളം എന്നറിയപ്പെടുന്ന
‘ന്യൂ ഹാം ബോറോ’ (Newham )വിലെ സ്റ്റാറ്റ്ഫോർഡിൽ
ഒളിമ്പിക്സ് വേദികൾ പണിതുയർത്താമെന്ന് ലണ്ടൻ ഒളിമ്പിക്സ് ഓർഗനൈസിങ്ങ് കമ്മറ്റി തീരുമാനിച്ചതോടെ ഈസ്റ്റ് ലണ്ടനിൽ വീടും, കുടിയുമായി താമസിച്ചുകൊണ്ടിരിക്കുന്ന ‘ അര ലക്ഷത്തോളം‘  പ്രവാസി മലയാളികൾക്ക് അവരുടെ ജാതകങ്ങളിൽ ഒളിമ്പിക്സ് നേരിട്ട് ആസ്വദിക്കാമെന്നുള്ള നേട്ടമാണ് കൈ വന്നത് ...!

ഇവിടെ ‘ബോൺ & ബോട്ട് അപ്പ്’ആയ യൂ.കെ.മലായാളികളായ , മല്ലൂസ്സിന്റെ മൂന്നാം തലമുറയടക്കം , വിദ്യാഭ്യാസത്തിനും , മറ്റു ജോലിസംബന്ധമായും ലണ്ടനിലെത്തുന്ന കേരളീയ ബന്ധമുള്ളവരൊക്കെ, ആദ്യമായി ഈ ബിലാത്തി പട്ടണത്തിൽ ചേക്കേറുന്ന സ്ഥലമാണ് നമ്മുടെ നാട്ടിലെയൊക്കെ ...
ചക്കക്കുരു മുതൽ മുസ്ലി പവ്വർ വരെ എന്ത് ലൊട്ട് ലൊടുക്ക് പല "ചരക്കു’ സാധനങ്ങളടക്കം ,  ഏറ്റവും ചീപ്പായി കിട്ടിക്കൊണ്ടിരിക്കുന്ന ഈ  ഈസ്റ്റ് ലണ്ടനിലെ ഓരൊ ചെറിയ ടൌണുകളും ...!

ജാതി മത ഭേദങ്ങളോടെ എല്ലാ തരത്തിലുമുള്ള മലയാളി സമാജങ്ങളും , മലായാളീസ്  നടത്തിക്കൊണ്ടിരിക്കുന്ന തട്ടുകടകൾ മുതൽ പബ്ബ് റെസ്റ്റോറന്റുകളടക്കം , സിനമാതീയ്യറ്റർ കോമ്പ്ലക്സ് വരെ അനേകം ബിസിനസ്സ് സ്ഥാപനങ്ങളാൽ തിങ്ങിനിറഞ്ഞ ഒരു കൊച്ചു  ‘യൂ.കെ.കേരളം‘...!
അതാണ് ഈസ്റ്റ് ലണ്ടനിലെ
ഒരു ബോറോയായ (കോർപ്പറേഷൻ) ന്യൂ ഹാം..!

മലയാള ഭാഷ പോലും ഇവിടത്തെ
ഒഫീഷ്യൽ ഭാഷാഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...
എന്തിന് പറയാൻ ഈസ്റ്റ് ഹാം പബ്ലിക് ലൈബ്രയിൽ
മലയാളം പുസ്തകങ്ങൾക്കുപോലും പ്രത്യേക ഒരു വിഭാഗമുണ്ട് ..!

മുൻ അംബാസിഡറായിരുന്ന ഡോ: ഓമന ഗംഗാധരൻ , ജോസ് അലക്സാണ്ടർ മുതൽ പേർ ഇവിടത്തെ ഭരണം കയ്യാളുന്ന കൌൺസിലർമാരായതിനാൽ അവരൊക്കെ ഓട്ടൊമാറ്റിക്കായി ഒളിമ്പിക്കിന്റെ ആഥിതേയ കമ്മറ്റിയിൽ വരും...

അതുകൊണ്ടെല്ലാം മലയാള സമൂഹത്തിന്റെ തട്ടകത്തുള്ള , ഈസ്റ്റ് ലണ്ടനിലെ സ്റ്റാറ്റ് ഫോർഡിലെ ഒളിമ്പിക് പാർക്കിൽ , അന്നുമുതൽ ഇപ്പോൾ ഇന്ന് വരെ മല്ലൂസ്സിന്റെ നിറസാനിദ്ധ്യങ്ങൾ എല്ലാ രംഗത്തും എപ്പോഴും കാണാം...!

ഈസ്റ്റ് ലണ്ടനിൽ ഉണ്ടാക്കിയത് വെറും ഒളിമ്പിക് കളിസ്ഥലങ്ങളല്ല ..കേട്ടൊ
 250 ഏക്കറിൽ ഒരു ഒളിമ്പിക് പാർക്ക് തന്നെയാണ് ഇവർ പുതുതായി ഉണ്ടാക്കിവെച്ചത്...

 ഫല മരച്ചെടികളും , പൂങ്കാവനങ്ങളും ,
പൂന്തോട്ടങ്ങളുമൊക്കെ ഇടവിട്ടുള്ള സ്ഥലങ്ങളിൽ
കുന്നും, മലയും, പുഴയുമൊക്കെ തൊട്ട് തലോടി എല്ലാതരം
ആത്യാധുനിക കളിക്കളങ്ങളുമുള്ള ഒരു ഹരിത കോമളമായ കായിക ഗ്രാമമാണ് ബിലാത്തിപട്ടണത്തിനുള്ളിൽ , ലണ്ടനിലെ പുതിയൊരു അടുത്ത ‘ടൂറിസ്റ്റ് അട്രാക് ഷനായി‘
ഇവർ നിർമ്മിച്ചു വെച്ചിട്ടുള്ളത്..!

ഈ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള സിനിമാ സ്ക്രീനിനേക്കാളുമൊക്കെ വിസ്തീർണമുള്ള
‘ബിഗ് സ്ക്രീൻ’ വഴി  ആയിരക്കണക്കിനാളുകൾക്ക് അവിടെയിരുന്നും കിടന്നുമൊക്കെ ലൈവായി എന്തുപരിപാടിയും ‘ത്രീഡി-ഡിജിറ്റൽ ‘സവിശേഷതകളോടെ വീക്ഷിക്കാമെന്നതും ഇവിടത്തെ ഒരു പ്രത്യേകത തന്നെയാണ്...

ലണ്ടനിലെ ലോകപ്പെരുമയുള്ള ‘ഹൈഡ് പാർക്ക് ‘ , ‘ഗ്രീൻ പാർക്ക്’,
ബാറ്റർസ്സീ പാർക്ക്’,..,.., എന്നീ പാർക്കുകൾക്ക് ശേഷം ഇതാ ഒരു ‘ഒളിമ്പിക് പാർക്ക് കൂടി...!

ഞങ്ങളുടെയൊക്കെ വാസസ്ഥലമായ ന്യൂഹാമിലെ ഒരു ടൌണായ
ഈസ്റ്റ് ഹാമിൽൽ പോലും ‘സെന്റർ പാർക്ക്’ , ‘പ്ലാഷറ്റ് പാർക്ക്’ , ‘ബാർക്കിങ്ങ് പാർക്ക്’
എന്നീ അസ്സൽ പാർക്കുകളുള്ളതു പൊലെ ...
ബിലാത്തിയിൽ പാ‍ർക്കുകളില്ലാത്ത പാർപ്പിട സ്ഥലങ്ങളില്ലാ എന്ന് വേണമെങ്കിൽ പറയാം...

ഈ പാർക്കുകളിൽ സായിപ്പിനൊക്കെ
ആരെങ്കിലും  കൈവിഷം കൊടുത്തിട്ടുണ്ടോ ആവോ അല്ലേ...

ഒരു കാര്യം ഉറപ്പാണ് പാർക്കുകളിലെത്തിയാൽ ഇവിടത്തുകാർക്കൊക്കെ
അവിടങ്ങളിലൊക്കെ അവരുടെയൊക്കെ ബെഡ് റൂമുകളാണെന്ന്  തോന്നിപ്പോകും..!

അതുകൊണ്ടാണല്ലോ എന്നെപ്പോലെയുള്ളവർക്കൊക്കെ
ഈ പാർക്കുകളിലെത്തിയാൽ പീസുപടം കളിച്ചിരുന്ന പണ്ടത്തെ
‘ഗിരിജ’യിലും മറ്റും എത്തിയപോലെയാണ് തോന്നുക..

അന്നൊക്കെ അതെല്ലാം വെറും തുണ്ട് പീസുകളായിരുന്നുവെങ്കിൽ
ഇവിടെയിന്നതൊക്കെ തനി ഒറിജിനൽ ലൈവാണെന്ന് മാത്രം ...!

ഈ ഒളിമ്പിക് പാർക്കുണ്ടാക്കുന്നതിന് മുന്നോടിയായി ...
ഭാവിയിൽ രാജ്യത്തിന്റെ മിനിമം , ഒരു നൂറുകൊല്ലത്തിന്റെ ‘ഡെവലപ്മെന്റ്’ വിഭാവന ചെയ്താണിവർ ഇതിന്റെ പ്ലാനുകൾ തയ്യാറക്കിയിരുന്നത്...

അതായത്  ഒളിമ്പിക്സിന് ശേഷം
ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമായിട്ടല്ല ...
അടുത്ത കൊല്ലം മുതൽ ക്യൂൻ വിക്റ്റോറിയ പാർക്കെന്നറിയപ്പെടുന്ന
ഈ കായിക-പൂങ്കാവന വേദിയിൽ ഭാവിയിൽ  ഒരു അന്തർദ്ദേശീയ കായിക-പരിശീലന
അക്കാദമി ഉണ്ടാക്കിയിട്ട് ...

ലോകത്തുള്ള സകലമാന കായിക കേളികളിലും ...
 ഇവിടെ പരിശീലിപ്പിക്കപ്പെടുന്ന കായിക പ്രതിഭകൾക്കെല്ലാം
ഒളിമ്പിക് മുതൽ വേദികളിലെല്ലാം പങ്കെടുത്ത് മെഡലുകൾ പ്രാപ്തമാക്കാവുന്ന
നിലയിലേക്ക് അവരെയെല്ലാം ‘ടാലെന്റടാ’ക്കുക എന്ന ലക്ഷ്യത്തൊടെയുള്ള ഒരു
‘ഇന്റർനാഷനൽ സ്പോർസ് സ്കൂൾ’ സ്ഥാപിക്കുക എന്നതാണത് ഇവരുടെ മുഖ്യമായ ലക്ഷ്യം ...!

ഇന്നും ഇവർ കാത്ത് സൂക്ഷിക്കുന്ന വിദ്യാഭ്യാസ രംഗത്തെ
City & Guild , F.R.C.S , M.B.A , M.R.C.P , NOCN , കേംബ്രിഡ്ജ് ,
ഓക്സ്ഫോർഡ്,..,...,...  ഡിഗ്രികൾ പോലെ , ഇനിയൊരു  യൂ.കെ. സ്പോർട്ട്സ് ഡിഗ്രിയും കൂടി..!

കേരളത്തിന്റെ ഒരു ജില്ലയിലെയത്ര ജനസംഖ്യയുള്ള
രാജ്യങ്ങൾ പോലും ഒളിമ്പിക് സ്വർണ്ണമെഡലുകളും മറ്റും വരിക്കൂട്ടുമ്പോൾ ...
ആയതിന്റെയൊക്കെ ഇരട്ടിക്കിരട്ടിക്കിരട്ടി ജനസാന്ദ്രതയുള്ള
ഇന്ത്യയിലെ  വെറും ചക്കമെഡലുമായി കഴിയുന്ന കായിക താരങ്ങളുടെ ...
അടുത്ത ഭാവിയുലുള്ളവർക്കെങ്കിലും , ഒപ്പം  കാശും പ്രതിഭയുമുണ്ടെങ്കിൽ ഇനി
ലണ്ടനിൽ വന്ന് പഠിച്ചും , പരിശീലിച്ചും ,  ഒളിമ്പിക്സടക്കം പല അന്തർദ്ദേശീയ കായിക മാമാങ്കങ്ങലിലും  മെഡലുകൾ വാരിക്കൂട്ടാമല്ലോ... അല്ലേ.

അപ്പോൾ ആഗോളരാജ്യങ്ങളിലെ
പലകായിക താരങ്ങൾക്കുമാത്രമല്ല ഗുണം ...കേട്ടൊ
അവരെ ഇവിടെ സ്പോൺസർ ചെയ്തയക്കുന്ന രാജ്യത്തിനും കിട്ടുമല്ലോ അല്ലേ ബഹുമതി ...!

എങ്ങിനെയുണ്ട് സായിപ്പിന്റെ ബുദ്ധി...!

അത് മുങ്കൂട്ടി കണ്ട് നടപ്പാക്കാനുള്ള വൈഭവം ...!!


എഴുപത് ദിവസം മുമ്പ് ഒളിമ്പിക് ദീപശിഖ യൂ.കെയിൽ പ്രവേശിച്ചതോട് കൂടി തുടങ്ങിയതാണ് ഇവിടെ നാടൊട്ടുക്കുമുള്ള ഒളിമ്പിക്സ് ആഘോഷത്തിന്റെ ഉത്സവാരവങ്ങൾ...!

ബ്രിട്ടനിലെ ഓരൊ തെരുവുകളിൽ കൂടിയും
ഈ ദീപശിഖാ പ്രയാണവേളയിൽ അതാതിടങ്ങളിലെ വെറ്റേറിയൻസിനേയും, മാരകരോഗത്താൽ മരണം മുന്നിലകപ്പെട്ടവരേയും, വികലാംഗരേയുമൊക്കെ ഒളിമ്പിക് ടോർച്ചേന്താൻ സഹകരിപ്പിച്ച് ...
കരയിലൂടേയും, ജലത്തിലൂടേയും, ആകാശത്തുകൂടേയും മറ്റും എല്ലാ സാങ്കേതികവിദ്യകളും, ആധുനിക ടെക്നോളജിയും അണിനിരത്തിയുള്ള ഒരു സ്പെഷ്യൽ കാഴ്ച്ചവട്ടങ്ങളുമായുള്ള ഒരു ഒളിമ്പിക് ദീപശിഖാപ്രയാണമാണ് ബ്രിട്ടനിൽ ഇത്തവണ അരങ്ങേറിയത് കേട്ടൊ.


ഒപ്പം പല സിറ്റികളിലും ലോകത്തിലെ
പല സെലിബ്രിറ്റികളേയും ക്ഷണിച്ചുവരുത്തി
ദീപം കൊടുത്ത് ഓടിപ്പിച്ചതും,  പല വിഭാഗങ്ങളുടേയും
പ്രശംസക്ക് പാത്രമാകുവാൻ ബ്രിട്ടനിടം നൽകി ...!

ലണ്ടനിലേക്ക് ഈ ദീപശിഖാപ്രയാണം എത്തിയതോടെ ഇവിടെയുള്ള ലോകത്തിലെ ഓരോ പ്രവാസീസമൂഹവും, അവരവരുടെ ഇടങ്ങളിൽ , തങ്ങളുടെ സാംസ്കാരിക തനിമകളോട് കൂടി ആയതിനെ വരവേറ്റാണ് ഒളിമ്പിക് ദീപ പ്രയാണത്തെ അനുധാവനം ചെയ്തുകൊണ്ടിരുന്നത് ...!

 
ലോകത്തെ മുഴുവനും ബിലാത്തിപട്ടണത്തിൽ കൂടി ദർശിക്കമെന്നുള്ള ഒരു സുവർണ്ണാവസരമാണ് ആ സമയങ്ങളിൽ ഇവിടത്തുകാർക്ക് കൈ വന്നത് ...!

നമ്മൾ മലയാളികൾ നമ്മുടെ ട്രെഡീഷണൽ വേഷസവിധാനങ്ങളിൽ അണിനിരന്ന്...
മുത്തുക്കുടയും , ചെണ്ടമേളവുമൊക്കെയായാണ് ഈ പ്രയാണത്തെ വരവേറ്റതും പിന്നീട് ആയതിനെ പിന്തുടർന്നതും...!

കൂടാതെ ഇവിടത്തെ എല്ലാ മലയാളി സമാജങ്ങളും
ഒത്തൊരുമിച്ച് കഴിഞ്ഞ ജൂലായ് 15-ന് വർണ്ണശബളമായ
ഒരു ‘ഒളിമ്പിക് മേളയും, ‘ അതിന് മുമ്പ് ‘കേരളീയം’ എന്നൊരു പരിപാടിയും നടത്തി ലണ്ടനീയരുടെ കൈയ്യടിയും ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നൂ...!

ഇനി ഒളിമ്പിക്സ് സമയത്ത് മലയാളി കച്ചവട സമൂഹം , തെയിംസ് നദീതീരത്ത് ലണ്ടനിൽ , രണ്ടുദിവസത്തെ ഒരു മലയാളത്തനിമയുള്ള ‘സംസ്കാരിക ഒളിമ്പിക് മേള’ കൂടി സംഘടിപ്പിക്കുന്നുണ്ട്..!

ബൂലോഗത്തുനിന്നുമാത്രമല്ലാ.. സ്വന്തം വീട്ടിൽ നിന്നുപോലും ലീവെടുത്ത്
ഒളിമ്പിക് പാർക്കിലും , ഒളിമ്പിക് വില്ലേജിലുമൊക്കെയായി വണ്ടറടിച്ച്, വാൻഡറായി
നടക്കുകയാണ് ഞാനിപ്പോൾ...!

 പോരാത്തതിന് ഒളിമ്പിക് വളണ്ടിയറാകുവാൻ വേണ്ടി ലീവെടുത്ത് എഡിംബറോവിൽ നിന്നെത്തിയ ഒരു സ്കോട്ടിഷുകാരിയായ 'കാതറിൻ' എന്നൊരു വീട്ടമ്മയെ എനിക്ക് നല്ലൊരു കൂട്ടുകാരിയായും കിട്ടിയിട്ടുണ്ട്...

 ഡ്യൂട്ടിയെല്ലാം കഴിഞ്ഞാൽ  ഒളിമ്പിക് ദീപം വലം വെച്ച് രാത്രിയുടെ അന്ത്യയാമങ്ങളിലും മറ്റും നിലാവത്തഴിച്ചുവിട്ട കോഴികളെ പോലെ , അവളോടൊന്നിച്ച് ഒളിമ്പിക്സ് ഉത്സവതിമർപ്പുകൾ കണ്ട് ഈ പാർക്കിൽ അലഞ്ഞുനടക്കുന്നതും ഒരു ആഹ്ലാദം തന്നെയാണ്  ...കേട്ടൊ

“കാതറിൻ പെണ്ണിന്റെ കൈയ്യുപിടിച്ചു ഞാൻ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിതോർത്തവൾ പിന്നെ വിളിച്ചെന്നെ കള്ളാ ... ! ‘


കവി വചനങ്ങൾ എല്ലാ രാജ്യത്തും സത്യം തന്നെ... !

അതെ കക്കാതേ കവരാതെ എന്നെപ്പോലെയുള്ള
കൊച്ചുകള്ളമാരും ഇതുപോലെ ജീവിച്ചുപോകുന്നൂ ...!



സംഭവം ഒളിമ്പിക്സ് ഓർഗനൈസിങ്ങ് ടീമിലൊക്കെ പെട്ട ഒരാളായെങ്കിലും...
പണ്ടത്തെ ബോബനും മോളിയിലേയുമൊക്കെ നായ
കുട്ടിയെപ്പോലെ  അത് ഒരു ഈച്ച റോളാണെങ്കിലും  ...
ലോകത്തിന്റെ എല്ലാരാജ്യങ്ങളിൽ നിന്നുമൊക്കെ ഈ മാമങ്കത്തിനെത്തുന്നവരുടെ മുമ്പിൽ നല്ലയൊരു ആഥിതേയനായി സുസ്മേരവദനനായി നിൽക്കുമ്പോഴുള്ള  ആ സുഖവും , സന്തോഷവും  ഒന്ന് വേറെ തന്നെയാണ് കേട്ടൊ കൂട്ടരെ...!

എന്റെ കെട്ട്യോളോടും
കുട്ട്യോളൊടുമൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് ..
“ഈ ഒളിമ്പ്ക്സീന്ന് കിട്ടുന്നതൊക്കെ ഈ
ഒളിമ്പിക്സിലന്നെ ഒഴുക്കി കളയുമെന്ന്..!‘

ഇതുപോലൊരു ‘ഇന്റർനാഷ്നൽ ഇവന്റി‘ൽ
ഇനി എനിക്കൊന്നും പങ്കെടുക്കുവാൻ പറ്റില്ലല്ലോ...
തീർച്ചയായും ഇല്ല ...
ആയതുകൊണ്ട് ഇപ്പൊൾ കിട്ടുന്നതൊക്കെ മെച്ചം..
ഇനി കിട്ടാനുള്ളത് അതിലും  വലിയ മെച്ചം....അല്ലേ കൂട്ടരേ.

മറ്റു ഭാഗങ്ങൾ :-

ഭാഗം - 1
  
 ഒളിമ്പ്യ‘നായ’ ഒരു ബൂലോഗൻ ...


ഭാഗം - 3  

 ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണി ...!


ഭാഗം  - 4

ഓർക്കാൻ ഇനി ഒളിമ്പിക്സ് ഓർമ്മകൾ മാത്രം ... ! 




ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...