Saturday, 15 May 2010

ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema Kathha !

ലണ്ടനിലെ ആശ ദോശയും,ബോളിയൻ സിനിമാ കോമ്പ്ലെക്സും .

ഈ കന്നിമാസമെന്ന് പറഞ്ഞാൽ
പട്ടികൾക്കുള്ള മാസമാണല്ലോ...;
എന്നാൽ കേട്ടോളൂ  നമ്മുടെ മേടമാസമില്ലേ
പുലികൾക്കുള്ളതാണ് - ബൂലോഗ പുലികൾക്ക് !
കൊടകര നിന്നൊരു പുപ്പുലി , ബ്രിജ് വിഹാരത്തിൽ
നിന്ന് കരിമ്പുലി ,നന്ദപർവ്വതത്തിൽ നിന്നിതാ പുള്ളിപ്പുലി ,
ഒരു കുമാരന്റെ സംഭവം കടിച്ച്പിടിച്ചൊരു ചീറ്റപ്പുലി  ,വളരെ
ശാന്തമായി ചില യാത്രകൾ നടത്തി കൊണ്ടിരിക്കുന്ന സാക്ഷാൽ കടുവ ,
കായംകുളമെക്സ്പ്രസ്സിൽ ചാടിക്കയറിയ ഒരു വരയൻപുലി,.., ..., ...,അങ്ങിനെ
ധാരാളം പുലികൾക്കൊപ്പം, ഇമ്മിണി പുലിച്ചികളും ഈ ബൂലോഗം മുഴുവൻ മദിച്ചുനടന്ന ഈ മേടമാസത്തിൽ, ബിലാത്തിപട്ടണത്തിലെ കഴുതപ്പുലികളായ ഞങ്ങൾ ,പുലിതിന്നതിന്റെ ബാക്കി പരതി കിടുകിടാവിറച്ച് കഴിയുകയായിരുന്നു ....

ഇനിയിപ്പോൾ എടവം പിറന്നതുകൊണ്ട് ഈ പുലികൾ
എടവാടുകൾ എല്ലാം തീർത്തിരിക്കും എന്ന നിഗമനത്തിൽ
വീണ്ടും എത്തിനോക്കുകയാണ്  ബൂലൊഗത്തിൽ ...കേട്ടൊ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ
കൂട്ടുഭരണവും,കുതിര കച്ചവടവും ആകാമെങ്കിൽ ,നമുക്കും എന്തുകൊണ്ട് 
ആയിക്കൂടാ എന്ന്പറഞ്ഞ് ,ഇത്തവണത്തെ യുകെ തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കക്ഷികളിൽ നേരെ എതിർ പോളിസികളുള്ള ടോറി പാർട്ടിയും, ലിബെറൽ പാർട്ടിയും ചേർന്ന് പതിമൂന്നുകൊല്ലത്തെ ലേബർ ആധിപത്യം അവസാനിപ്പിച്ച് ഭരണത്തിൽ കേറിയതാണ് ഇവിടത്തെ വമ്പൻ വിശേഷം.
ഡേവിഡ് കാമറൂൺ പ്രധാനമന്ത്രിയും(ടോറി), നിക്ക് ക്ലെഗ്ഗ് ഉപപ്രധാനമന്ത്രിയും(ലിബെറൽ) ആയി ചുമതലയേറ്റ് അങ്ങിനെ ലോകരാഷ്ട്ര തലവന്മാരിൽ തലതൊട്ടപ്പന്മാരാകുകയും ചെയ്തു. 

 ജോസ് അലക്സാണ്ടറും,ഡോ: ഓമന ഗംഗാധരനും,ശ്രീകുമാറും (ഏഷ്യാനെറ്റ് ) .

പിന്നെ നമ്മുടെ മലയാളി സ്ഥാനാർത്ഥികളിൽ നാലുപെർ
ജയിച്ചു .അതിൽ സാഹിത്യകാരിയായ ഡോ: ഓമന ഗംഗാധരനും,
ജോസ് അലക്സാണ്ടർക്കും , അങ്ങിനെ  2012 ലെ ഒളിമ്പിക്സിന്റെ കടിഞ്ഞാൺ
വള്ളികൾ പിടിക്കാനും സാധിക്കും കേട്ടൊ

കാലെത്തെന്നെ കുടുംബകലഹം വേണ്ടാന്നുകരുതി,
പെണ്ണൊരുത്തിയുടെ കണ്ണുവെട്ടിച്ച് , അര ലിറ്ററിന്റെ ഓറഞ്ച്ജ്യൂസിന്റെ
പൌച്പാക്കറ്റ് തുറന്ന് കുറെ സിങ്കിലൊഴിച്ചുകളഞ്ഞ്, 'ജാക്ക്ഡാനിയൽ'
കൊണ്ട് റീഫിൽ ചെയ്ത് കമ്പ്യൂട്ടർ ടേബിളിൽ വന്നിരുന്ന് ഇതെഴുതാൻ തുടക്കം കുറിച്ചതാണ്.
അപ്പോഴാണ് മീനെല്ലാം ഫ്രീസറിൽ നിന്നും പുറത്തെടുത്തിട്ട്,
അടുക്കളയൊതുക്കി ഭാര്യയുടെ എഴുന്നുള്ളത്തും ,തിരുമൊഴികളും..

“ തൊടങ്ങ്യാ..ദിന്റെ..മുമ്പില് ‘

മയപ്പെടുത്തുവാൻ ഞാൻ പറഞ്ഞു

“ഡ്യേ..ഒര് കപ്പെട്ത്ത്ഏ...ഈ ജ്യൂസ്സുടിക്ക്യാൻ “ ( ഡി ഫോർ ഡാർലിങ്ങ്  കേട്ടൊ)

കപ്പ് കൊണ്ട് വന്ന്  ഒരു ഗ്ലാസ് പകർത്തി, നിന്ന നിൽ‌പ്പിൽ ഒറ്റ വലിക്ക് അവളത് മോന്തിയകത്താക്കി !

പിന്നീട് ആ കപ്പിൽ , ഒരുകപ്പ് എനിക്ക് പകർത്തിവെച്ചിട്ട്


“അയ്യേ....പൊട്ടജൂസാട്ടാ.. ഇത് “

എന്ന് പറഞ്ഞ് അടുക്കളയിലേക്ക് വലിഞ്ഞു...

എനിക്കെന്തെങ്കിലും മിണ്ടാൻ പറ്റ്വോ ?

 ഒന്നുമറിയാത്തപോലെ ഞാനത് സിപ്പെയ്ത് ,പത്ത് മിനിട്ട് കഴിഞ്ഞ്
ചെന്ന് സ്ഥിതിവിശേഷം എന്തായി  എന്ന് നോക്കിയപ്പോൾ ,
കുറ്റിയിൽ കെട്ടിയ വയറുനിറഞ്ഞ പശുവിനെ പോലെ വെറുതെ അതും ഇതും തൊട്ട് വട്ടം കറങ്ങിനിൽക്കുകയാണവൾ....

അവൾക്കപ്പോഴെന്റെ മീശമേലുള്ള നരച്ചരോമം വെട്ടികളയണമെത്രേ....

എന്നെ ചുള്ളനാക്കാനുള്ള പുറപ്പാടാണെന്ന് തോന്നുന്നൂ...

എന്തിന് പറയുന്നു പിള്ളേര് ക്ലാസ്സിൽ പോയതുകൊണ്ടോ,
ജാക്ഡാനിയലേട്ടൻ ഉള്ളിൽകിടന്ന് വിലസിയത് കൊണ്ടോ അവൾ വല്ലാതെ പ്രണയപരവശയായിരുന്നൂ !

പിന്നീട് മോൻ വന്ന് വാതിലിൽ മുട്ടിയപ്പോഴായിരുന്നു ഞങ്ങളുണർന്നത്..! !

അയ്യോ..എന്റെ മീൻ എന്ന് പറഞ്ഞ് അവൾ അടുക്കളയിലേക്കും,
ഇന്നത്തെ ബ്ലോഗ്ഗെഴുത്ത് കട്ടപ്പുക എന്ന്പറഞ്ഞ് ,കാലത്ത് ഓൺ ചെയ്തുവെച്ചിരുന്ന ഇന്റെർനെറ്റും,കമ്പ്യൂട്ടറും ഓഫ് ചെയ്യാൻ ഞാൻ താഴേക്കും ഇറങ്ങിവന്നു...

എന്റെ പെണ്ണൊരുത്തി ഇതുപോലെ ഓറഞ്ച് ജ്യൂസ്
കുടിച്ചുതുടങ്ങിയാൽ ബൂലോഗർ രക്ഷപ്പെട്ടു !

എന്തെന്നാൽ എന്റെ ബ്ലോഗ്ഗെഴുത്ത് ഇതേപോൽ സ്വാഹ : ആയിത്തീരുമല്ലോ .....

ഇനിയിപ്പോൾ എന്തെഴുതണം,
ഇന്നലെ തലയിലുണ്ടായിരുന്നതൊക്കെ
പോയി കിട്ടി . ബോളിയൻ സിനിമാ കോമ്പ്ലെക്സിനെ കുറിച്ച് പറഞ്ഞാലൊ....

 മോഹൻ ചേട്ടനും, പിന്നെ ലണ്ടനിലെ ഒരു മണ്ടനും ! 

ഇന്ത്യൻ സിനിമകൾ മാത്രം കളിച്ചുകൊണ്ടിരിക്കുന്ന
മൂന്നുതീയ്യറ്ററുകൾ ഒന്നിച്ചുള്ള ,ലണ്ടനിലെ ബോളിയൻ
സിനിമ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് കച്ചവടപ്രമുഖനായ
തെറാ ട്രാവൽസ്സുടമ, മലയാളിയായ കൊല്ലത്തുക്കാരൻ മോഹൻ ചേട്ടനാണ്.
മൂപ്പരായിരുന്നു അമൃത ,കൈരളി ചാനലുകളുടെ യുകെയിലെ ഡിസ്ട്രിബ്യൂട്ടർ.

ബോളിയനെകൂടാതെ ലണ്ടനിലെ ഇതരഭാഗങ്ങളിലടക്കം,
ബ്രിട്ടനിൽ ഏതാണ്ട് ന്നൂറ്റമ്പതോളം തീയ്യറ്ററുകളിൽ ഇന്ത്യൻ
സിനിമകൾ സ്ഥിരമായി കളിക്കാറുണ്ട് കേട്ടൊ. പ്രധാന ബോളിവുഡ്
മൂവികളെല്ലാം ഭാരതത്തോടൊപ്പം ഇവിടേയും റിലീസ് ചെയ്യും!

സൂപ്പർ സ്റ്റാറുകളുടേതടക്കം,ഒരാഴ്ച്ചയിൽ കൂടുതൽ
ഓടിക്കുന്ന സിനിമകൾ ചിലപ്പോൾ പത്ത്കാണികളെ വെച്ചെല്ലാമായിരിക്കും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുക.
ഈ പടങ്ങൾ പിടിക്കുവാൻ നിർമ്മാതാക്കൾക്ക് പണം വാരിക്കോരി
കൊടുക്കുന്ന വമ്പന്മാരുടെ കള്ളപ്പണം, വെള്ളപ്പണമാക്കുന്ന വിദ്യകൂടിയാണിത് കേട്ടൊ.

ഉദാഹരണത്തിന് ,ഒരുപുത്തൻ ബോളിവുഡ് മൂവി
ഇവിടെ ന്നൂറ് തീയ്യറ്ററുകളിൽ, ആ സിനിമ മൂന്ന് ഷോ വെച്ച്
അഞ്ഞൂറ് പേർ ഒരാഴ്ച്ച കണ്ടുവെന്ന്  കാണിക്കുന്നു .
അഞ്ച് പൌണ്ട് ടിക്കറ്റ് വെച്ച് കളക്ക്ഷൻ കാണിക്കുമ്പോൾ
100 x 500 x 3 x 5 = 75000 പൌണ്ട് !(ഒരു ദിവസത്തെ)
അപ്പോൾ ഏതാണ്ട് അമ്പത് ലക്ഷം രൂപ വൈറ്റായില്ലെ..!

പിന്നെ പടം ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ ചൈനക്കാരുടെ
കാരുണ്യത്താല്‍  വ്യാജ സി.ഡിയും റെഡി !

പക്ഷേ മലയാളപടങ്ങളെല്ലാം ഒരു പ്രിന്റ് മൂന്നാലുലക്ഷം
രൂപയ്ക്ക് വാങ്ങി, ഓരൊ തീയ്യറ്ററിലും മാറിമാറി പലസ്ഥലങ്ങളിൽ
പ്രദർശിപ്പിച്ച് മാക്സിമം വേണമെങ്കിൽ ഒരു ഇരുപത് ഷോ നട്ത്തുമായിരിക്കും
ആകെ ബ്രിട്ടനിൽ.

പിന്നെ മിക്കമലയാളികളും മറ്റിതര ഇന്ത്യൻ ഭാഷക്കാരെ
പോലെ അഞ്ചും,പത്തും പൌണ്ട് മുടക്കി സിനിമകാണില്ല ,
അവനും, കുടുംബവും വെയിറ്റുചെയ്യും ...
അതിന്റെ സി.ഡി ഇറങ്ങുന്ന വരെയോ,
അല്ലെങ്കിൽ ടി.വിയിൽ വരുന്നത് വരേയോ ....

മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട  എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ  അല്ലേ !

അതുകൊണ്ടിവിടെ മലയാളസിനിമ കൊണ്ടുവരുന്നവർക്കെന്നും
കുമ്പിളിൽ തന്നെ കഞ്ഞി !

അതേസമയം തമിഴും,തെലുങ്കും സിനിമകൾ അവരെല്ലാവരും,
ഒന്നടങ്കം വന്നു  കാണുന്നത് കൊണ്ട് ഹൌസ് ഫുൾ ആയി ഓടുകയും ചെയ്യുന്നു...!


വെറുതെയല്ല മലയാളസിനിമാ വ്യവസായം ഗതി പിടിക്കാത്തത് അല്ലേ ?
പോരാത്തതിന് മലയാളസിനിമാ സംഘടനകളും,നടന്മാരും തമ്മിൽ തമ്മിലുള്ള
വിഴുപ്പലക്കലുകളും, മുഴുത്ത കുത്തിതിരുപ്പുകളും എന്നുമുണ്ടല്ലോ ....

വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ടും സെലെക്റ്റീവാവാതെ പ്രായം പോലും നോക്കാതെ,
പേക്കൊലം നടിക്കുന്ന സൂപ്പർതാരങ്ങളും , അവരുടെ ഫാൻസ്
അസോസ്സിയേഷനുകളുമെല്ലാം ചേർന്ന് നമ്മുടെ സിനിമയെ കുട്ടിച്ചോറാക്കിവെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ..അല്ലേ.

മിക്കവാറും ബോളിവുഡ് താരങ്ങൾക്കെല്ലാം ലണ്ടനിൽ
അവുധിക്കാല വസതികൾ ഉള്ളതുകൊണ്ടും, ഇല്ലാത്തവരെ
നിർമ്മാതാ‍ക്കൾ ബിലാത്തിപട്ടണം കാണിക്കുവാൻ കൊണ്ടുവരുന്നതുകൊണ്ടും , എന്നുമെന്നുപറഞ്ഞോണം ആരാധകരൊന്നുമില്ലാതെ ഇവർ തേരെപാരെ ലണ്ടനിൽ അലയുന്നതുകാണാം.
ഇത്തരം വരവുകളിൽ ഇവർ ആരാധകരെ കാണുവാനായി, ബോളിയൻ സിനിമയിലും സ്ഥിരം വരാറുണ്ട് കേട്ടൊ.

ഒരു ബ്ലോഗീറ്റ്  ബൈ കൊച്ചു ത്രേസ്യ,അരുൺ,ഷിബു......
ആ താരങ്ങളെല്ലാം വരുമ്പോൾ ഇരിക്കുന്ന ബോളിയൻ തീയ്യറ്ററിലെ
സ്വീകരണമുറിയിൽ വെച്ചാണ് ഞങ്ങൾ ബ്രിട്ടൻ ബൂലോഗതാരങ്ങൾ
ഇവിടത്തെ പ്രഥമ ബൂലോഗസംഗമം നടത്തിയത് !

ഈ ബ്ലോഗ്ഗ് മീറ്റിനെ കുറിച്ച് എഴുതുവാനുള്ള അവകാശം
തനിക്കുമാത്രം ആണെന്നുള്ള കരാർ എല്ലാവരെ കൊണ്ടും
ഒപ്പിട്ട് വാങ്ങിയാണ് പ്രദീപ്,  ഇവിടെനിന്നും സ്ഥലം കാലിയാക്കിയത്.
അതുകൊണ്ട് അതിനെ കുറിച്ചുള്ള  വായനകൾ....
ഇവിടെ ദേ..ലണ്ടൻ..ബ്ലോഗ്ഗ് മീറ്റ്,
ഒപ്പം പ്രദീപറിയാതെ സമദ് ഭായി എഴുതിയ  അഭിഭാഷകന്റെ ഡയറിയിലും.

മീറ്റ് കഴിഞ്ഞ് തീയ്യറ്ററിലെ സ്വീകരണമുറിയിൽ നിന്നും
താഴോട്ടിറങ്ങിവന്നപ്പോൾ ' ജനകൻ ' സിനിമകാണാൻ
വന്നിരിക്കുന്ന മലയാളികൾ ചോദിച്ചു...

“ഇവരെല്ലാം സിനിമാക്കാരാണോ ?“

ബ്ലോഗ്ഗർ ഷിഗിൻ അവരോട്  മീറ്റിന്റെ ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു...

“അതെ...ഇവരെല്ലാം ഇവിടെ ലണ്ടനിൽ സിനിമാ ഷൂട്ടിങ്ങിന് വന്ന പുതുമുഖതാരങ്ങളും , സിനിമാക്കാരും ആണ്.


ബ്ലോഗൂട്ട്  വിജയിപ്പിച്ചവർ !

കരൺ ജോഹറിനെ പോലെയുള്ള ,സമദിനെ ചൂണ്ടിപറഞ്ഞു  ഇതാണ് ഡയറക്ട്ടർ,

പ്രൊഡ്യൂസർ ഈ കോട്ടിട്ടുനിക്കുന്ന കാരൂർ സോമൻ .

ലണ്ടനിൽ പഠിക്കുവാന്‍  വന്ന നായകനെ പ്രണയിക്കുന്ന രണ്ടുനായികമാരുടെ കഥയാണിതിത്.

നായകൻ അക്ഷയ്കുമാറിനെ പോലെയുള്ള ഈ അരുൺ അശോക് ,

നായിക ഒന്ന് സുസ്മിതാ സെന്നിനെ പോലെയുള്ള സിയാഷമീൻ,

 കാരൂർ സോമൻ ,സമദ് ഇരുമ്പഴി,വിഷ്ണു & സിയാഷമീൻ .

രണ്ടാമത് ജൂനിയർ ശ്രീവിദ്യയെ പോലെയുള്ള ത്രേസ്യകൊച്ച്,
കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വില്ലനായി അഭിനയിക്കുന്നത് ഈ തടിയൻ, മുരളീമുകുന്ദൻ,
കണ്ടാൽ തന്നെ ഒരു വില്ലൻ ലുക്കില്ലേ !

കോമേഡിയനായി വരുന്നത് ഈ ഇന്ദ്രൻസിനേ
പോലെയുള്ള പ്രദീപ് ജംയിംസ്,


ബ്രേക്ക്ഫാസ്റ്റിനും,ലഞ്ചിനും ശേഷം ഡിന്നറും ,അപ്പോൾ തന്നെ 
വെട്ടിമിഴുങ്ങുന്ന ഒരു കോട്ടയം നസ്രാണി !
ഛായഗ്രാഹകൻ മെല്ലി ഇറാനിയെ പോലുള്ള,
ഈ കണ്ണടക്കാരൻ വിഷ്ണുവാണ് ക്യേമറാമാൻ,

സാബു സിറിൽ കണക്കെ ഈ നിൽക്കുന്ന
തടിയന്‍,  ബാലുവാണ് ആർട്ട് ഡയറക്ട്ടർ,

ആർ.ഡി. ബർമ്മനെ പോലെയുള്ള , മനോജ് ശിവ എന്ന
ഈ നിൽക്കുന്നയാളാണ് സംഗീത സവിധായകൻ ,

പടത്തിന്റെ പരസ്യകലയും,സ്റ്റിൽ ഫോട്ടോഗ്രാഫിയും
ചെയ്യുന്നത് ഈ ബുദ്ധിജീവി  ഷിബു.

പിന്നെ ഞാൻ ഷിഗിൻ ഈ സിനിമയുടെ
പ്രൊഡക്ഷൻ എക്സിക്യുട്ടീവ്  കം  തിരക്കഥാകൃത്ത് !

അല്ലാ പടത്തിന്റെ പേര് പറഞ്ഞില്ലല്ലൊ....
“ ബൂലോഗമയം” !


ഇനി ലണ്ടൻ മലയാളി പത്രങ്ങളിൽ വന്ന
ഒരു വാർത്തയും ഫോട്ടൊയും പകർത്തിവെക്കുന്നു.

പ്രഥമ ബ്രിട്ടൻ മല്ലു ബ്ലോഗ്ഗേഴ്സ് മീറ്റ് ലണ്ടനിൽ വെച്ച് വിപുലമായി ആഘോഷിച്ചു


 ബ്രിട്ടൻ മല്ലു ബ്ലോഗ്ഗേഴ്സ് മീറ്റ് /  9 മെയ് 2010 / ലണ്ടൻ .
L to R(sitting)  Siya,Samad,Soman & Kocchu Thresya.
 L to R(standing) Mannoj,Shibu,Arun,Shigin,Balu,Pradeep,Muralee &Vishnu .


ബ്രിട്ടനിൽ നിന്നും മലയാളത്തിൽ ബ്ലോഗ്ഗ് എഴുതികൊണ്ടിരിക്കുന്നവരുടെ ഒരു കൂട്ടായ്മ,  ഇന്നലെ മെയ് ഒമ്പത് ഞായറാഴ്ച്ച ലണ്ടനിൽ വെച്ച് നടന്നു . ആകെ യു.കെയിലുള്ള ഇരുപത് മല്ലുബ്ലോഗ്ഗേഴ്സിൽ നിന്നും പതിനൊന്നുപേർ ഈ പ്രഥമ യു.കെ ബുലോഗസംഗമത്തിൽ പങ്കെടുത്തു.
രാവിലെ പത്തരമുതൽ നാലുമണിവരെ ഈസ്റ്റ് ഹാം ബോളിയൻ സിനിമയിലും, ആശദോശ റെസ്റ്റോറന്റിലും വെച്ച് എല്ലാവരും കൂടി ഒത്തുകൂടി പരിചയം പങ്കുവെക്കലും, ചർച്ചയും മറ്റുമൊക്കെയായി , കേരളത്തനിമയുള്ള ഭക്ഷണങ്ങൾ കഴിച്ചും ഈ കൂട്ടായ്മ ഗംഭീരമാക്കി.

വിശിഷ്ട്ടാതിഥിയായി പ്രവാസി സാഹിത്യകാരനായ കാരൂർ സോമനും , ഈ പുതുയുഗ എഴുത്ത്കാർക്ക് ഉപദേശങ്ങൾ നൽകി ഈ സംഗമത്തിന് കൊഴുപ്പേകി.

കൊച്ചുത്രേസ്യ , സിയാ ഷമീൻ,  സമദ് ഇരുമ്പഴി, വിഷ്ണു, പ്രദീപ് ജെയിംസ്, മനോജ് ശിവ, മുരളീമുകുന്ദൻ, അരുൺ, ബാലമുരളി, ഷിബു, ഷിഗിൻ, ഷമീൻ എന്നിവരാണ് യുകെയുടെ പലഭാഗങ്ങളിൽ നിന്നുമായി ഈ ബിലാത്തി ബൂലോഗ സംഗമത്തിന് എത്തിച്ചേർന്ന മലയാളത്തിൽ എഴുതികൊണ്ടിരിക്കുന്ന ബ്ലോഗ്ഗർന്മാർ.

പിന്നെ  ഇപ്പോൾ ബ്രിട്ടണിൽ നിന്നും മലയളത്തിന്
ഹരം പകർന്ന് ബൂലോകത്തിൽ എഴുതികൊണ്ടിരിക്കുന്നവർ  ഇവരൊക്കെയാണ്...
 യുകെയിൽ  മാഞ്ചസ്റ്ററിലുള്ള ശ്രീ: അലക്സ് കണിയാമ്പറമ്പലിന്റെ ബിലാത്തിമലയാളി , ലങ്കാഷയറിലുള്ള  ഡോ:അജയ് കുറിച്ചിട്ടുള്ള റിനൈസ്സത്സ്,
ലണ്ടനിലുള്ള അരുൺ അശോകിന്റെ ഗുള്ളിബെൽ ട്രാവത്സ് ,
അശോക് സദന്റെ എന്റെ തിന്മകളും,നുണകളും പിന്നെ കുറച്ചുസത്യങ്ങളും ,
ജോഷി പുലിക്കോട്ടിലിന്റെ കവിതകൾ മാത്രമുള്ള മലയാളം കവിതകൾ ,
മാഞ്ചസ്റ്ററിലുള്ള കഥകളുടെ തട്ടകമായ ജോയിപ്പാന്റെ ജോയിപ്പാൻ കഥകൾ,
ക്നാനായി കൂട്ടായ്മയുടെ പേരിൽ കണിയാമ്പറമ്പിൽ അലക്സ്ഭായി ഇറക്കുന്ന സ്നേഹസന്ദേശം , സ്വന്തം ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ തുടിക്കുന്ന ഒരു കൂട്ടായ്മയുടെ പേരിൽ യുകെയിലെ ആ ഗ്രാമക്കാർ ഇറക്കുന്ന  നമ്മുടെ സ്വന്തം കൈപ്പുഴ,
ദുരിതങ്ങളുടെ കഥകളുടെ അവകാശിയായ ലണ്ടനിലെ മേരികുട്ടിയുടെ കല്ല്യാണപ്പെണ്ണിന്റെ മലർവാടി,
ബൂലോഗത്തെ ബ്ലോഗിണിമാരിലെ പുപ്പുലിയായ  ഇപ്പോൾ റെഡ്ഡിങ്ങിലുള്ള, കൊച്ചു ത്രേസ്യാകൊച്ചിന്റെ  കൊച്ചുത്രേസ്യയുടെ ലോകം ,
നടൻ,സംഗീതജ്ഞൻ,എഴുത്തുകാരൻ എന്നിവയിലെല്ലാം നൈപുണ്യം തെളിയിച്ച മനോജ്ശിവയുടെ സ്മൈൽ  ,
മനോജ് മാത്യു അവതരിപ്പികുന്ന  ആത്മാവിന്റെ പുസ്തകം ,
ലണ്ടനിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന മുരളീമുകുന്ദന്റെ ബിലാത്തിപട്ടണം ,
പ്രദീപ് ജെയിംസ് ; ബെർമ്മിംങ്ങാം എഴുതുന്ന ചിരിയുടെ നന്മപടർത്തുന്നഒരു ദേശം  ,  നർമ്മവിശേഷങ്ങളുമായി കോവെണ്ട്രിയിൽ നിന്നും പി.ദിലീപിന്റെ   ഡെയ് കെളെത്താതെ കെളെത്താതെ,
ചരിത്രസ്മരണകളും , മറ്റുകാര്യമായ കാര്യങ്ങളും നോർത്താംട്ടനിൽ ഇരുനെഴുതുന്ന അഡ്വ: സമദ് ഇരുമ്പഴിയുടെ ഒരു അഭിഭാഷകന്റെ ഡയറി ,
ലണ്ടനിൽ നിന്നും വർണ്ണങ്ങൾ
ചാർത്തി ഭംഗിവരുത്തുന്ന എഴുത്തുമായി എന്റെ കൊച്ചു കൊച്ചു വിശേഷങ്ങളുമായി സിയാഷമിൻ  ,
കൊച്ചു കാര്യങ്ങളിലൂടെ വലിയകാര്യങ്ങള്‍ എഴുതികൊണ്ടിരിക്കുന്ന  ന്യൂകാസിലുള്ള സീമാമേനോന്റെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി,
കലാകാരനായ സിജോ ജോർജ്ജിന്റെ  അരയന്നങ്ങളുടെ നാട്ടിൽ ,
ലിവർപൂളിലുള്ള ശ്രീരാഗിന്റെ എന്റെ കണ്ണിലൂടെ ,
കവിതകളുടെ വീണമീട്ടിടുന്ന വിജയലക്ഷ്മിയേടത്തിയുടെ എൻ മണിവീണ ,
യാത്രാ വിവരണത്തിന്റെ സുന്ദരമായ വർണ്ണനകളോടെ കോവെണ്ട്രിയിലുള്ള വിഷ്ണുവിന്റെ വിഷ്ണുലോകം
എന്നിവയൊക്കെയാണ് നിലവിൽ ഇപ്പോൾ ബ്രിട്ടനിലുള്ള മലയാളം ബ്ലോഗ്ഗേഴ്സും, അവരുടെ ബ്ലോഗ്ഗ് വിലാസങ്ങളും .



ലേബൽ    :-

.

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...