Sunday, 27 December 2009

അവതാരം ! / AVATAR !

മഞ്ഞുകൊണ്ടുള്ള  ഒരു വെള്ള പട്ടുടുപ്പിട്ട് ആരെയും മോഹിപ്പിക്കുന്ന
സുന്ദരിയായിട്ടാണ്  ലണ്ടന്‍ ഇത്തവണ  കൃസ്തുമസ്സിനെയും ,പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍  അണിഞ്ഞൊരുങ്ങി വന്നു നിൽക്കുന്നത് .
എന്തുണ്ട്  ഇപ്പോള്‍ ലണ്ടനില്‍ വിശേഷം എന്ന് ചോദിച്ചാല്‍ ;
ഇവിടത്തുകാര്‍ പറയും  ഈ കൃസ്തുമസ് വെക്കേഷൻ അടിച്ചുപൊളിക്കണം ,
മഞ്ഞുകേളികളില്‍ പങ്കെടുക്കണം ,ലോകത്തിലെ  അതിസുന്ദരമായ
കരിമരുന്നിനാല്‍ വർണ്ണപ്രപഞ്ചം ഒരുക്കി ആഘോഷിക്കുന്ന ലണ്ടനിലുള്ള  തേംസ് നദിയിലും,തീരത്തുമുള്ള ആ നവ വത്സരപ്പുലരിയാഘോഷം നേരിട്ടുപോയി കാണണം ,
പിന്നെ  “ത്രീ -ഡി imax  സിനിമയിൽ” പോയി “അവാതര്‍ “(wiki/Avatar) എന്ന ഫിലിം കാണണം !

ഈ ഡിസംബര്‍ പത്തിന് ബിലാത്തിപട്ടണത്തില്‍ 
ഒരു സിനിമ വിപ്ലവം തന്നെയായിരുന്നു നടന്നിരുന്നത് ...! ലോകസിനിമയിലെ വമ്പന്മാരെല്ലാം  ലണ്ടന്‍ തെരുവുകളില്‍ നിറഞ്ഞാടിയ രാപ്പകലുകൾ .
നാലര കൊല്ലമായി നിര്‍മ്മാണത്തിലായിരുന്ന അവാതര്‍ എന്ന സിനിമയുടെ Leicester Square ലെ  “വേള്‍ഡ് പ്രീമിയര്‍ ഷോ” ആയിരുന്നു കാരണം ..!
James Cameron & his Avatar Team.

വളരെയധികം  കൊട്ടിഘോഷിക്കപ്പെട്ട, ലോകത്തിലെ വമ്പൻ വിശിഷ്ടാതിഥികളെ മുഴുവൻ നീലപ്പരവാതാനി വിരിച്ച് വരവേറ്റ , പ്രഥമ പ്രദര്‍ശനം മുതല്‍ ,എല്ലാ മാധ്യമങ്ങളാലും വാഴ്ത്തപ്പെട്ട ,ഇവിടെ  എല്ലാവരുടേയും സംസാര വിഷയമായി തീര്‍ന്ന പുതിയ ഈ  അവതാരം  അഥവാ 'അവതാര്‍' എന്ന മൂവി... !

ലോകത്തില്‍ ഇതുവരെ പിടിച്ച സിനിമകളില്‍  
ഏറ്റവും ചെലവ് കൂടിയത് ! രണ്ടായിരത്തി മുന്നൂറു 
കോടി രൂപ (306 million pounds ). ഒരൊറ്റ  സെക്കന്റിന്റെ
ഇഫക്റ്റ്സ് പ്രേഷകന് കിട്ടുവാന്‍ വേണ്ടി  എണ്ണൂറോളം പേര്‍ ആയിരത്തിയിരുപത്തി നാല് മണിക്കൂര്‍ നിരന്തരം പ്രയത്നിച്ചു പിടിച്ച സിനിമാരംഗത്തെ  റെക്കോര്‍ഡ്‌ ആയ ഷോട്ട്കൾ വരെയുണ്ട് കേട്ടോ ഈ സിനിമയില്‍. പരിഭാഷകളടക്കം  ലോകം മുഴുവൻ റിലീസ് ചെയ്ത ഈ അവതാരം പത്തുദിനം കൊണ്ട് മുടക്കു മുതലിനേക്കാൾ കൂടുതൽ കളക് ഷൻ നേടിയും റെക്കോർഡിട്ടു കേട്ടൊ...

നിര്‍മ്മാണ പങ്കാളിയും ,സംവിധായകനുമായ  ജയിംസ് കാമറൂണ്‍ ,
പതിനഞ്ചുകൊല്ലം മുമ്പ് തന്റെ പ്രിയങ്കര കഥയായ ഈ അവതാരം സിനിമയായി അവതരിപ്പിക്കുവാന്‍ നോക്കിയപ്പോള്‍ അന്നത്തെ കംപ്യുട്ടര്‍ സാങ്കേതിക വിദ്യകള്‍ ഇത്രയും വികസിക്കാത്ത കാരണം , ഒരു സംഭവ കഥ പറഞ്ഞു ഒരു സിനിമയുണ്ടാക്കി ...
-ടൈറ്റാനിക് -
ശരിക്കും ഒരു ക്ലാസ്സിക് സിനിമയായിരുന്നു 
ഇദ്ദേഹത്തിന്റെ ലോകവിസ്മയമായ ആ സിനിമ !

പിന്നീട് ഭാവനയും  സംഭവങ്ങളുമായി
ട്രൂ ലയ്സ് ,ഏലിയന്‍സ് ,ടെർമിനേറ്റർ ,...
മുതലായ ഏവരെയും കോരിത്തരിപ്പിച്ച കുറെയെണ്ണം 
അവസാനം അങ്ങിനെയിതാ അവസനം  സ്വപ്നസാക്ഷാത്കാരമായ അവതാറും ...!

തലക്കെട്ട് മുതൽ (അവാതർ/അവതാരം തന്നെ) ,കഥാപാത്രങ്ങളുടെ പേരുകൾ (നേയ്ത്രി,സുട്ടേയി,നാവി/പുതിയ) ,നിറം (ദൈവ നിറം നീല), പത്തടി ഉയരവും, നാലാളുടെ ശക്തിയും,വാലുമുള്ള രൂപഭാവങ്ങൾ(ഹനുമാൻ,ബാലി,...) , പക്ഷിപ്പുറമേറിയുള്ള
ആകാശ ഗമനം (ഗരുഡവാഹനം/ വിഷ്ണു) ,...,.....അങ്ങിനെ ഭാരതീയ ഇതിഹാസങ്ങളിൽ നിന്നും ഇറങ്ങിവന്നവരാണൊ ഈ സിനിമയിലെ അന്യ ഗ്രഹജീവികൾ എന്നുതോന്നി പോകും.. 

പണ്ടോറയിലെ യുദ്ധരംഗങ്ങൾ

സിനിമയുടെ കഥ നടക്കുന്നത് 2154  ലാണ് കേട്ടൊ.  അന്നാണെങ്കില്‍
ഭൂമിയില്‍  ജീവിതം വളരെ ദുസ്സഹം . വനവും ,വന്യജീവികളുമൊക്കെ നശിച്ചു, ഒപ്പം ധാതു ലവണങ്ങളും തീര്‍ന്നു തുടങ്ങി . പക്ഷെ മനുഷ്യന്റെ ആശ നശിച്ചില്ല .
2129 ല് കണ്ടുപിടിച്ച പോളിഹിമിസ്(Polyphemis)  എന്ന ആകാശ ഗംഗ (സൌരയൂഥം പോൽ വേറൊന്ന്)  ഗ്രഹവും അതിന്റെ പതിനാല് ഉപഗ്രഹങ്ങളും (ഭാരത പുരാണത്തിലെ പതിനാലുലോകം പോലെ) .

ഈ ഉപഗ്രഹങ്ങളില്‍ ഒന്നായ ഭൂമിയോളം  പോന്ന പണ്ടോറ “(Planet Pandora ) യിൽ ധാരാളം ധാതുലവണങ്ങളും ,ജീവജാലങ്ങളും ഉണ്ടെത്രെ ..!
കൂടാതെ മഗ്നെനി ലെവി: ഷിപ്പ്( Magnetic Levitating Super-Conducter  )മുഖാന്തിരം
ഈ പണ്ടോറയിൽ  വളരെയധികം  മൃതസഞ്ജീവനി  (ഹല്ലേല്ലുയാ/Hallalujah) മലകളും , പൊങ്ങി കിടക്കുന്ന ദ്വീപുകളും ,അവിടത്തെ നാട്ടു വാസികളായ  പത്തടി ഉയരവും നാലാളുടെ ശക്തിയും,  വാലും ഉള്ള   നാവി( Na Vi) എന്ന് വിളിക്കപ്പെടുന്ന ഗിരിവര്‍ഗ്ഗ ഗോത്ര  മനുഷ്യരും, മറ്റുയനേകം വിചിത്രജീവികളും ,പ്രത്യേകതരം വൃക്ഷ ലതാതികളും ഈ പുതുതായി കണ്ടുപിടിച്ച പണ്ടോറ ഗ്രഹത്തില്‍ ഉണ്ടെന്നു മനുഷ്യന്‍ പഠിച്ചെടുത്തു ...

അങ്ങിനെ സെക് ഫോര്‍ (SecFor) എന്ന ഖനന കമ്പനി പണ്ടോറ  യിലെ
ഇഷ്ട്ട വിഭവങ്ങള്‍  ആഗ്രഹിച്ചു സ്പേസ് ഷിപ്പില്‍  അങ്ങോട്ട്‌ പോയി അവിടത്തെ ഈ നാവികളെ കുറിച്ചും , മറ്റു സ്ഥിതിഗതികളും മനസ്സിലാക്കി അവരെ അവിടെനിന്നകറ്റാനും , ധാതു ലവണങ്ങളും മറ്റുകാനന ലതാതികളും ഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍  ആരംഭിക്കുന്നു .. .

പണ്ടോറ യിൽ ഓക്സിജൻ ഇല്ലാത്തതുകൊണ്ട് അതിനു മുന്നോടിയായി
സ്പേസ് ഷിപ്പ് മുഖാന്തിരം ലാബുകള്‍ ഉണ്ടാക്കി , ക്ലോണിങ്ങ് സയന്റിസ്റ്റ്/Botanist ഗ്രേസ് അഗസ്റ്റിന്റെ(Grace Augustine acted by hollywood star Sigourney Weaver) ലീഡർഷിപ്പിൽ   പണ്ടോറ ഗോത്ര  മോഡലുകള്‍  ഉണ്ടാക്കി (അവതാരം) അവയിലേക്ക് ശരിക്കുക്കള്ള മനുഷ്യന്റെ തലച്ചോറിന്റെ സ്കാനിങ്ങ് കടത്തിവിട്ട് , ആ ക്ലോണിങ്ങ് മുഖാന്തിരം (പരകായ പ്രവേശം ) അവിടത്തെ മനുഷ്യരെപ്പോലെ ,ആ ലോകത്ത് അധിനി വേശം നടത്തി ,നാവികളുടെ രീതികൾ പഠിച്ചും,ഇടപഴകിയും
ആ പ്ലാനറ്റിൽ കുടിയേറി.....
അവിടത്തെ ധാതു സമ്പത്തുകള്‍ കൈക്കലാക്കാനുള്ള ശ്രമമാണ് പിന്നെ .
 ഇത്തരം നാവിയാവാനുള്ള താല്‍പ്പര്യം മൂലം മുൻ നാവികനായിരുന്ന ,
ഇപ്പോള്‍ വികലാംഗനായ ജാക്ക് സള്ളി,
(Jake Sully acted by the Austalian actor Sam Worthington )
പണ്ടോറ യിലെ ഈ കമ്പനിയുടെ താവളത്തിലേക്ക് എത്തുന്നതോടെയാണ്
സിനിമയുടെ തുടക്കം ....
ഇനി മുതല്‍ പണ്ടോറ യിലെ വർണ്ണപകിട്ടുള്ള  കാഴ്ച്ചകളാണ്....
ഇതിനിടയില്‍ ഇടവിട്ട് ജാക്ക് നാവിയായി പരകായ പ്രവേശം നടത്തി
ആദ്യ നടത്തത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും ,ട്രെയിനിങ്ങുകളും,
അതിനോടൊപ്പമുള്ള 3-ഡി കാഴ്ച്ചകളും അതിഗംഭീര മായി പ്രേക്ഷകർക്ക് കാണിച്ചുതരുന്നു ...!

ഒരിക്കൽ പരകായപ്രവേശം നടത്തിയ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് ജാക്ക്
വിചിത്ര വനത്തില്‍ അകപ്പെട്ട് വളരെ വിചിത്രമായ പണ്ടോറയിലെ  ആറുകാലുള്ള കരിമ്പുലികളിൽ(thanator ) നിന്നും അവിടത്തെ  ഗോത്ര തലവന്റെ മകള്‍ നേയ്ത്രി (Princess Neytiri acted by Zoe Saldana ) അവനെ രക്ഷിച്ചു അവരുടെ താവളത്തിലെത്തിക്കുന്നു.

അതിനു മുമ്പ്  അവർ തമ്മിൽ കാമദേവന്റെ മലരമ്പുകള്‍ 
കൊണ്ടപോലെ പോലെ  പ്രണയം മൊട്ടിടുന്ന ഒരു സുന്ദര കാഴ്ച്ചയുമുണ്ട് ...
അങ്ങിനെ അമ്മ റാണി പറഞ്ഞതനുസരിച്ചു നേയ്ത്രി,
ജാക്കിനെ  അവരുടെ ചിട്ടവട്ടങ്ങള്‍ പഠിപ്പിക്കുന്നത്  ,ശേഷം
അവനെ അവരുടെ ഗോത്രത്തിൽ ചേർക്കുന്നൂ . നാവികളുടെ പടത്തലവൻ
സുട്ടെയുമായി (Sutey acted by Las Alonsso ) ഉറപ്പിച്ചിട്ടുള്ള കല്യാണം പോലും
വകവെക്കതെ നേയ്ത്രിക്ക്, പ്രണയ മലരമ്പുകളുടെ പ്രേരണയാല്‍  ജാക്കിനോടു അനുരാഗം വളർന്നൂ. ഇതേസ്ഥിതിവിശേഷം തന്നെയായിരുന്നു വികലാംഗനായ ജാക്കിനും, നാവിയായി  പൂര്‍ണ്ണശരീരം വന്ന് 
പണ്ടോറ യുടെ  പ്രപഞ്ചഭംഗിയിൽ ഉല്ലസിച്ചു നടന്നപ്പോൾ ഉണ്ടായതും ...
അവതാറിന്റെ പേരിൽ തുടങ്ങിയ മൈക്രൊ ബ്ലോഗുകളിൽ ഒന്ന്


കമ്പനിക്കു വേണ്ടി ചാരപ്പണിയുടെ തന്ത്രങ്ങള്‍ മെനഞ്ഞു വന്നിരുന്ന
ജാക്കിനും കൂട്ടര്‍ക്കും ഈ നാവികളെ കൂട്ടക്കുരുതി നടത്തി തുരത്തികളയുന്നതിൽ എതിർപ്പുവന്നപ്പോൾ പ്രശ്നങ്ങൾ തല പൊക്കുകയായി. 
ഉടനെ കമ്പനിയുടെ കേണൽ  മിൽസ് ക്യാർട്ടിക് (Miles Quaritch the chief Security acted by Stephen Lang ) നാവികളെ തുരത്താൻ യുദ്ധം ആരംഭിച്ചു .

കമ്പനിയുമായി യുദ്ധം ചെയ്യുന്ന അതിഭയങ്കര രംഗങ്ങളാണ്
ഓരൊ പ്രേഷകരും വീർപ്പടക്കിയിരുന്ന് കാണുന്ന അവസാന
ഇരുപതു മിനിട്ടിലെ ത്രീ-ഡയമൺഷൻ-മാക്സി-ഡിജിറ്റൽ ഇഫക്റ്റോടു കൂടിയ
ഇമ്പമേറിയ,അത്ഭുതം നിറഞ്ഞ  ഭാഗങ്ങള്‍...!

ഒരു ഭാഗത്ത് മനുഷ്യന്റെ കൈയിൽ ആധുനിക  വെടിക്കോപ്പ്ഉപകരണങ്ങള്‍ ,മറുപക്ഷത്തിന്റെ കൈവശം 
എൺപതടി ചിറകുവിസ്താരമുള്ള  ഭീകര ശബ്ദം പുറപ്പെടുവിച്ച്  ഡ്രാഗൻ പക്ഷികളെ
(വിസ്താരമ സ്ക്രീൻ മുഴുവനായി ഇവ നമ്മുടെ മുന്നിലേക്കു പറന്നുവരുന്നതായി തോന്നും/Great Leonoptery )  പറപ്പിച്ചു വരുന്ന ജാക്കും,നേയ്ത്രിയും, വിചിത്ര കുതിര പട്ടാളമായെത്തുന്ന നാവി പടക്കൂട്ടം ...

കമ്പനിയുടെ പട്ടാള തലവനുമായുള്ള  ജാക്കിന്റെ 
അവസാന വരെയുള്ള ഏറ്റുമുട്ടല്‍ ഒരിക്കലും ഗ്രാഫിക്സ് ഇഫക്റ്റ് കളാണെന്നറിയാതെ നമ്മള്‍ ശരിക്കും ത്രസിച്ചു പോകുന്ന രംഗചിത്രീകരണങ്ങള്‍ ...
ഏതാണ്ട് മൂന്നുമണിക്കൂര്‍(161 mints) നമ്മള്‍ പണ്ടോറ യിലായിരുന്നു ...

അവിടത്തെ വളരെ വിചിത്രമായ ദിനോസറുകളും , ഉരകങ്ങളും(banshee ) ,
പക്ഷികളും ( Leonopteryx )  മരങ്ങളും,ചെടികളും മറ്റും നമ്മുടെ തൊട്ടടുത്തും,
കാലിനിടയിലാണെന്നും മറ്റും തോന്നി നമ്മള്‍ ചിലപ്പോര്‍ പെട്ടൊന്നൊഴിഞ്ഞുമാറും.
അത്രയും പെര്‍ഫെക്റ്റ്  ആയി ആണ് പടം ചിത്രീകരിച്ചിരിക്കുന്നത് ,
പണ്ടോറ യിലെ നാവികൾക്കുവേണ്ടി   ഒരു പുതിയ ഭാഷ തന്നെയുണ്ടാക്കി കാമറൂണ്‍.

    നേയ്ത്രിയോടൊപ്പം ജാക്ക് പ്ലാനറ്റ് പണ്ടോറയിൽ 

ടൈറ്റാനിക്കിനെ പോലെയോ മറ്റോ ഒരു ക്ലാസ്സിക് സിനിമയല്ലെങ്കിലും
ഈ സിനിമ തീര്‍ക്കുന്ന അതി ഭാവുക മായാജാലങ്ങള്‍ കാണാന്‍ എല്ല്ലാ
സിനിമാപ്രേമികളും ഒരിക്കെലെങ്കിലും  സിനിമക്കുള്ളിലെ ഈ അവതാരം
കണ്ടിരിക്കണം കേട്ടൊ .....
അതും  ത്രീ -ഡയമൻഷൻ -മാക്സി -ഡിജിറ്റല്‍ സിനിമതീയറ്ററുകളില്‍  
3-D/ 1Max പ്രിന്റ്‌ വെച്ച് കളിക്കുന്നയിടങ്ങളില്‍ പോയി തന്നെ... !

ഐ മാക്‌സ് അത്ഭുതക്കാഴ്ച്ചകള്‍ 

2-D /സാധാ പ്രിന്റുകളില്‍ കാണുകയാണെങ്കില്‍ വെറും
ഒരു സയന്റിഫിക് -ഏലിയന്‍ തരത്തിലുള്ള സിനിമ കണ്ട
പ്രതീതി മാത്രമേ കിട്ടു ...കേട്ടോ

ഈ  സിനിമയിലൂടെ  സവിധായകൻ 
കാണിച്ചു തന്ന അധിനിവേശങ്ങളെ പറ്റി ,
ഈ അവതാരം കണ്ടാലും/കണ്ടിലെങ്കിലും
നമ്മള്‍ക്ക്  ഒന്ന് ഇരുത്തി ചിന്തിക്കാം അല്ലേ.....

കുടിയേറ്റത്തിന്റെ പേരില്‍ നമ്മള്‍ നശിപ്പിച്ച 
വനങ്ങളെകുറിച്ച്അ , അവിടെ നിന്നു ഓടിച്ചു വിട്ട 
ഗിരി വര്‍ഗ്ഗക്കാരെ കുറിച്ച്  , പഴയ അമേരിക്കന്‍ റെഡ് ഇന്ത്യൻ 
വർഗ്ഗത്തെപറ്റി , വിയറ്റ്-നാം/ഇറാക്ക് അധിനിവേശങ്ങളെ കുറിച്ച്.., ..., ..,...

മനുഷ്യ അധിനിവേശങ്ങള്‍ മാത്രമല്ല ....
അധിനിവേശ ജീവജാതികളായ പുതു വിത്തുകളാ‍യിവന്ന്
പ്രതികരണ ശേഷിയുള്ള നമ്മുടെ നാടന്‍ വിത്ത്കളെ  നാട്ടിൽ 
നിന്നും ഇല്ലാതാക്കിയതിനെ പറ്റി ....
അത്തിക്കും, മാവിനും, പ്ലാവിനും, പുളിക്കും, നെല്ലിക്കും പകരം
വന വല്‍ക്കരണത്തിന്റെ പേരില്‍ വന്ന് നാം  പുതുതായി  വെച്ചു
പിടിപ്പിച്ച അക്കേഷ്യ,യൂക്കാലിപ്റ്റ്സ്, സുബാബുൾ വൃഷങ്ങളെ കുറിച്ച് ...

വളർത്തുമത്സ്യകൃഷിയുടെ പേരില്‍ വിരുന്നുവന്ന നമ്മുടെ 
നാടന്‍ മീനുകളെ മുഴുവന്‍ തിന്നു തീര്‍ത്ത ഫിലോപ്പി,ആഫ്രിക്കന്‍ 
മുശു എന്നീ വരത്തൻ മീനുകളെകുറിച്ച്....
അധിനിവേശ രോഗങ്ങളായ എയിഡ്സ്, ചിക്കൻ ഗുനിയ, പന്നിപ്പനി,....
അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....

ഓഫ് പീക്ക്:-



ഒരു പുതുവത്സര ഭൂമിഗീതം


രണ്ടായിരൊത്തൊമ്പതു വര്‍ഷങ്ങള്‍;നാനാതരത്തിലായി ,നാം
വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;
വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും  !

കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു  നവഭൂമിഗീതം പാടാം ....


ഒരു ലണ്ടൻ പുതുവത്സര രാവ്

 



 ഒരു ബാക്കിപത്രം.
ഈ നവത്സരത്തില്‍ എനിക്ക് 
കിട്ടിയ ഏറ്റവും നല്ല സമ്മാനമായിരുന്നു ,
ഇത്തവണ മാതൃഭൂമി വീക്കിലിയിലെ  (Jan 17-23 /ലക്കം 87/45) 
ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച എന്‍റെ ഈ  "അവതാരം " എന്ന സിനിമാ വിശകലനം .
ആയതിന്  മാതൃഭൂമിയിലെ  ബ്ലോഗന ടീമിന്
എന്‍റെ എല്ലാവിധ കൃതജ്ഞതയും ഹൃദയപൂര്‍വം സമര്‍പ്പിക്കുന്നൂ.

ബ്ലോഗനയില്‍  പ്രസിദ്ധീകരിച്ചത്തിന്റെ  സ്കാനിങ്ങ് പേജുകള്‍ ഇതാ .....


 

Monday, 30 November 2009

പ്രഥമ പിറന്നാൾ മധുരം... / Prathama Pirannaal Madhuram ...


കഴിഞ്ഞ വര്‍ഷം നവമ്പര്‍ ഒന്ന് കേരള പിറവിയുടെ അമ്പത്തിയഞ്ചാം  ജന്മദിനം...ഒപ്പം എന്റെ ബ്ലോഗ് തട്ടകമായ  "ബിലാത്തിപട്ടണത്തിന്റെയും " ആദ്യ ജന്മദിനം ...!
മലയാള ബൂലോകത്തിൽ ഒരു കൊല്ലമെങ്കിലും തുടർച്ചയയായി എന്തെങ്കിലും എഴുതിയിടണം എന്ന ഒരു വാശിയിലാണ് കഴിഞ്ഞ വർഷം ഈ ബൂലോഗ തട്ടകമായ ബിലാത്തി പട്ടണം ആരംഭിച്ചത് . ജോലിയും ,ജീവിതവുമായുള്ള ഇപ്പോഴുള്ള ലണ്ടൻ ജീവിതം തുടർന്ന് പോകുകയാണെങ്കിൽ ഇനി എത്ര കാലം ഇവിടെ ഇതുപോലെ എഴുത്തുകളും വായനകളുമായി തുടരുമെന്നും ഒരു നിശ്ചയവയുമില്ല ...

എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബുലോഗം  ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല ...!
പക്ഷെ എല്ലാം വിധി വിപരീതമെന്നുപറയാം .
2008 നവമ്പര്‍ ഒന്നിന് കേരള പിറവി ദിനത്തിനുതന്നെ
എന്‍റെ ബുലോഗപ്രവേശത്തിന്  ഹരിശ്രീ കുറിച്ചെങ്കിലും ,ആ മാസം
ഒമ്പതിനാണ് പ്രഥമ പോസ്റ്റ് എഴുതി പൂര്‍ത്തിയാക്കിയത് .
ചടുപിടുന്നനെ നാലഞ്ച് രചനകള്‍ ചമയിച്ചൊരിക്കിയെങ്കിലും
ജനിച്ചു വീണപ്പോള്‍ ഉണ്ടായിരുന്ന അക്ഷര തെറ്റ് മുതലായ ബാലാരിഷ്ടതകള്‍
വേണ്ടുവോളം ഉണ്ടായിരുന്നത് കൊണ്ടുതന്നെ എല്ലാം തന്നെ സംരംക്ഷിച്ചു വെച്ചു ...
പിന്നീട് നവമ്പര്‍ മുപ്പതിനാണ്  
ബിലത്തിപട്ടണത്തിൽ ആദ്യ പോസ്റ്റ്  പ്രകാശനമായത്...!

അങ്ങിനെ
ഞാനും ഇന്ന് ഈ ബൂലോഗത്തില്‍
ഒരുവയസ് പൂര്‍ത്തിയാക്കി കേട്ടോ !

എന്തുകൊണ്ടെന്നാല്‍ അന്നുമുതല്‍
നിങ്ങളുടെയെല്ലാം സ്നേഹ വാത്സ്യല്യങ്ങളും ,
പരിചരണങ്ങളും, പിന്തുണകളും.... ഒപ്പം ഉള്ളതു കൊണ്ട് മാത്രം !

എനിക്ക്  ചെറുപ്പം മുതലേ വായനയുടെ
കുറച്ച് ദഹനക്കേടുണ്ടായിരുന്നത് കൊണ്ട് ,
ഒപ്പംതന്നെ എഴുത്തിന്റെ കുറച്ച് കൃമി ശല്ല്യവും എന്നും  കൂടെയുണ്ടായിരുന്നൂ .

സ്കൂള്‍ ഫൈനല്‍ തൊട്ടേ കഥ /പദ്യ രചനകളില്‍ സമ്മാനങ്ങള്‍
ഒപ്പിക്കുന്നതിനോടൊപ്പം തന്നെ പ്രണയ ലേഖനങ്ങള്‍ എഴുതിയും /എഴുതിക്കൊടുത്തും ഉണ്ടായ ഒരു കുപ്രസിദ്ധിയും ആ കാലഘട്ടങ്ങളില്‍ എന്‍റെ പേരിനൊപ്പം നിലനിന്നിരുന്നൂട്ടാ ..

കാലങ്ങള്‍ക്കുശേഷം അത്തരം ഒരു പ്രേമലേഖനം 
എഡിറ്റു ചെയത് എഡിറ്റ് ചെയ്തൊരുവള്‍  , പിന്നീടെന്റെ 
ഭാര്യ പദവി അലങ്കരിച്ചപ്പോള്‍ എഴുത്തിന്റെ ഗതി അധോഗതിയായി... 
പ്രിയ പെണ്ണൊരുത്തിയവള്‍
എന്‍റെ ജീവിതം  മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞു !

പിന്നെ കുറെ കൊല്ലങ്ങളായിട്ടുണ്ടായത്  
എന്‍റെ രണ്ടുമക്കളുടെ സൃഷ്ടികള്‍ മാത്രം ...

എല്ലാത്തിനും ഒരു നിമിത്തം എന്ന് പറയാറില്ലേ...
വളരെയധികം വിളയാടി നടന്നതിന് എനിക്ക്  ഒരു ശിക്ഷകിട്ടി  !
അതും തണ്ടലിനു തന്നെ ;
ഒരു “എമെര്‍ജെന്‍സി സ്പൈനല്‍ സര്‍ജറി“ !

അങ്ങിനെ“ ഡിസെക്ക്ട്ടമി“ കഴിഞ്ഞ്, കഴിഞ്ഞ കൊല്ലം 
മാര്‍ച്ചില്‍ “റോയല്‍ ലണ്ടന്‍ “ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ,
എന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ,നല്ലൊരു വായനക്കാരികൂടിയായ  
മലയാളി നേഴ്സ് മേരികുട്ടി , അവളുടെ വെബ് പേജിലൂടെ ,രോഗിയുടെ കിടക്കയിലെ കമ്പ്യൂട്ടറിലൂടെ ബുലോഗത്തെ പരിചയപ്പെടുത്തി തരുന്നു ...

വീണ്ടും മലയാളത്തിന്റെ മണം ,
ഹ ഹാ ..വായനയുടെ സുഖം , സന്തോഷം ...

വീട്ടിലെത്തി പിന്നീട് മെഡിക്കല്‍ ലീവ് മുഴുവന്‍ ,
കുടുംബ സുഹൃത്ത് എന്‍ജിനീയര്‍ ആയ അജയ് മാത്യു എന്‍റെ
പേരില്‍ ഉണ്ടാക്കി തന്ന , ഉപയോഗിക്കാതെ , നിര്‍ജീവമായി കിടന്നിരുന്ന
ഓര്‍ക്കുട്ട് സൈറ്റിലൂടെ ബുലോഗത്തെയും , ബുലോകരേയും , സൈബര്‍ ലോകത്തേയും ദിനം തോറും കൂടുതല്‍ കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു .....

അങ്ങിനെയിരിക്കുന്ന കാലത്താണ്‌ ,വീണ്ടും ഓര്‍ക്കുട്ടില്‍ കൂടി
ജയേട്ടനെ കണ്ടുമുട്ടുന്നത് . കലാകാരനും /സിനിമാനടനുമായ ശ്രീരാമന്റെ
ജേഷ്ടനായ ജെ .പി.വെട്ടിയാട്ടില്‍ എന്ന ജയേട്ടന്‍ !
എന്റെ സേവനങ്ങൾ, സ്വപ്നങ്ങൾ,സ്മൃതി,... മുതലായ ബ്ലോഗുകളിലൂടെയും ,

ഓര്‍ക്കൂട്ടിലൂടെയും  വീണ്ടും കണ്ടുമുട്ടിയ ചങ്ങാതിയും ,വഴികാട്ടിയുമായിരുന്ന ജയേട്ടനാണ് എന്നെ നിര്‍ബന്ധിച്ചു ബൂലോഗത്തേക്ക് കൊണ്ടുവന്നതും , ബ്ലോഗിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്നയാളും ...!

കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ
വായനയില്‍ക്കൂടി വീണ്ടും എഴുത്തിന്റെ ജ്വരം....

കള്ളും , കഞ്ചാവും നേദിച്ചപ്പോള്‍ ബുലോഗത്തെ കുറിച്ച്
കൂടുതല്‍ അറിവുപകര്‍ന്നു തന്നത് , ലണ്ടനില്‍ ജനിച്ചുവളര്‍ന്ന
മലയാളിയായ  ആംഗലേയ ബ്ലോഗറായ ഗോവിന്ദരാജ് എന്ന ഗൊവീൺ ആണ്.

ഇവിടെ ‘എം .ആര്‍ .സി .പി.‘പഠിക്കുവാന്‍ വേണ്ടി വന്നു ചേര്‍ന്ന
ഞങ്ങളുടെ ,നാട്ടിലെ ഫാമിലി  ഡോക്ട്ടറുടെ മകന്‍ , നല്ലൊരു ആര്‍ട്ടിസ്റ്റ്
കൂടിയായ ഡോ:അജയ് ആണ് , ഈ ബ്ലോഗ് ബിലാത്തിപ്പട്ടണം ;എല്ലാതരത്തിലും
രൂപകല്‍പ്പന ചെയ്തുതന്നത് ...
പിന്നെ എന്നെ സഹായിച്ചത്  എന്റെ മകള്‍ ലക്ഷ്മി,
ലിപികള്‍ ടൈപ്പുചെയ്തു മലയാളികരിച്ചുതന്നതും ,ടൈപ്പിംഗ്
പരിശീലിപ്പിച്ചുതന്നതും. പിന്നെ ഇവിടെ ‘എം.ബി.എ. ‘എടുക്കുവാൻ വന്ന ബ്ലോഗ്ഗർമാരായ  ശ്രീരാഗും, അരുണും ബ്ലോഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പകർന്നുതന്നു.


അതെ ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് 
നമ്മള്‍ പണ്ടേ വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ട് ....
അതിലുള്ള ഏറ്റവും വലിയ പട്ടണം ആകുന്നു ലണ്ടന്‍ .
ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം ...
ബിലാത്തി പട്ടണം ! 

അതെ ഇവിടെയിരുന്നു ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി ,
വെറും മണ്ടനയിട്ടാണ് കേട്ടോ  ...
പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് പറയുന്നത് സത്യം !
മണ്ടന്മാര്‍ ലണ്ടനില്‍ എന്നത് എന്നെക്കുറിച്ച് പരമാര്‍ത്ഥം !!

ദേ ..എന്റൊരു പഴയ കവിത  പോലുള്ള വരികൾ വീണ്ടും  ഇവിടെ പകർത്തിവെക്കുന്നു 
മണ്ടനും ലണ്ടനും

മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന ...
പണ്ടം പോല്‍  മണ്ടത്തം കണ്ഠത്തിൽ ചാർത്തി ഞാനന്ന്
ലണ്ടനിലൊരു മണ്ടശിരോമണിയായി എത്തിയ നേരം,
കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം,
കണ്ടപ്പോളതിശയത്താല്‍ വാപോളിച്ചമ്പരന്നു  നിന്നതും...
മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം
മണ്ടയുണ്ടെങ്കിലല്ലേയത്   മമ ചുണ്ടിലെത്തുകയുള്ളൂ 
കണ്ടറിയുന്ന ബഹു  കൗശലത്താൽ കാകനാകാൻ കൊതിച്ചു. 

കൊണ്ടറിയുന്നു  കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു എന്തുമേതുമെപ്പോഴും  ബഹുകൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുനീ ....

ലണ്ടനിലന്നു മുതൽ  നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും 
വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും ,
കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി  കേട്ടും
കണ്ടതുപറഞ്ഞവനു കഞ്ഞിയില്ലെന്നുള്ളറിവും നേടി
കൊണ്ടറിയുന്ന  ഒരു കൊറ്റിപോൽ ജീവിതം  നയിച്ചു   
മണ്ടനായി തുടരുന്നിതാ ലണ്ടനില്‍ ഇക്കാലമത്രയും ...!


പിന്നെ 
ഇപ്പോള്‍ ഞാന്‍ മാത്രമല്ല ഇംഗ്ലണ്ട്
എന്ന ബിലാത്തിയില്‍ നിന്നെഴുതുന്ന ബുലോഗര്‍ കേട്ടോ...

 എൻ മണിവീണയുമായി വീണമീട്ടുന്ന വിജയലക്ഷ്മിഏടത്തി ,സുന്ദരമായ ചിത്രങ്ങളോടും ,വളരെ നല്ല എഴുത്തോടും കൂടിയുള്ളവിഷ്ണുവിന്റെ ചിത്രലോകവും ,വിഷ്ണുലോകവും 
കൊച്ചുത്രേസ്യയുടെ ലോകം കൊണ്ടു ബുലോകത്തെ പുപ്പുല്ലിയായ കൊച്ചുത്രേസ്യ , ചരിത്രസ്മരണകളും ,കാര്യമായ കാര്യങ്ങളും ഒരു അഭിഭാഷകന്റെ ഡയറിയിൽ നിന്ന് എഴുതുന്ന വക്കീലായ സമദ് ഇരുമ്പഴി , തമാശയുടെ മാലപ്പടക്കം ഒരു  ദേശത്തിന്റെ കഥ യിലൂടെ പൊട്ടിക്കുന്ന പ്രദീപ്‌ ജെയിംസ് ,

പിന്നെ മലര്‍വാടി യിലൂടെ നേഴ്സ്മാരുടെ ദുരിത കഥകൾ
വിളിച്ചോതാന്‍ പോകുന്ന മേരികുട്ടി എന്ന കല്യാണപ്പെണ്ണ്
The Mistress  of Small Things ലൂടെകുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടിയായ  
കൊച്ചു കാര്യങ്ങളിലൂടെ വലിയകാര്യങ്ങള്‍ പറയുന്ന സീമ മേനോന്‍ , 

എന്റെ കണ്ണിലൂടെ എഴുതുന്ന ശ്രീരാഗ് , 
അരയന്നങ്ങളുടെ വീട്എഴുതുന്ന സിജോ ജോർജ്ജ്, 
ആത്മാവിന്റെ പുസ്തകത്തിന്റെ രചയിതവായ മനോജ് മാത്യു , 
ജെ.പി .മഞ്ഞപ്ര മുതലായവരെല്ലാം തന്നെ ബിലത്തിയില്‍ ഉള്ളവരും ,ഇവിടത്തെ വിശേഷങ്ങൾ മാളോകരെ  ബുലോഗത്തിൽ കൂടി അറിയിക്കുന്നവരും ആണ്   ...

എഴുതാന്‍ കുഴിമടിയനായ എന്നെ എപ്പോഴും വിളിച്ച് 
ഓരോ വിഷയം തന്ന് , ശേഷം ആയത് പ്രസിദ്ധീകരിക്കുകയും 
ചെയ്യുന്ന ബിലത്തിമാലയാളി പത്രവും , അതിന്റെ എഡിറ്റര്‍ ശ്രീമാന്‍ 
അലക്സ് കണിയാമ്പറമ്പില്‍ ...

യു.കെ.മലയാളി എഡിറ്റര്‍ ശ്രീ:ബാലഗോപാല്‍ ...
ബ്ലോഗുമുഖാന്തിരം പരിചയപ്പെട്ട് ആകാശവാണിയിൽ
കൂടി ലണ്ടൻ അനുഭവങ്ങളെ കുറിച്ച് ഞാനുമായി അഭിമുഖം
നടത്തി ആയത് പ്രക്ഷേപണം ചെയ്ത ശ്രീ :D പ്രദീപ്കുമാർ  ...

ഈയിടെ ബ്ലോഗ്‌ ഓഫ് ദി വീക്കായി ബിലത്തിപട്ടണത്തെ
തിരെഞ്ഞെടുത്ത പ്രിയമുള്ള കണിക്കൊന്ന  എഡിറ്റര്‍ ...

ബ്ലോഗ്‌ തുടങ്ങിയതിനു ശേഷം അഗ്രഗേറ്ററുകളെ കുറിച്ച് 
എന്റെ ബ്ലോഗിൽ വന്നുയഭിപ്രായം മുഖാന്തിരം പറഞ്ഞുതന്ന 
നിരക്ഷരൻ ബ്ലോഗുടമയും  ; മുൻ ബിലാത്തി ബ്ലോഗറും , എന്നെ ചെറായി മീറ്റിന് ക്ഷണിച്ച ദേഹവുമായ മനോജ്‌ രവീന്ദ്രന്‍ , 

തിരുത്തലുകള്‍ ചൂണ്ടികാണിച്ചു തന്ന നാട്ടുകാരിയായ എഴുത്തോലയുടെ
എഴുത്തുകാരി .ശേഷം നാട്ടില്‍ വന്നപ്പോള്‍ ചെറായി മീറ്റില്‍ വെച്ച്
പരിചയപ്പെട്ട വളരെ സ്നേഹമുള്ള ബുലോഗവാസികളും അവരുടെ
കലക്കന്‍ ഉപദേശങ്ങളും , 

പച്ച കുതിര  എഴുതുന്ന സജി എന്ന  കുട്ടൻ മേനോൻ
നല്‍കിയ ബ്ലോഗിനെക്കുറിച്ച് നല്‍കിയ ട്യൂഷ്യന്‍ ക്ലാസ്സുകളും
ഒപ്പം നടത്തിതന്ന എന്‍റെ ബിലത്തിപട്ടണത്തിന്റെ രൂപ മാറ്റങ്ങളും ...

പിന്നെ എല്ലാത്തിലുമുപരി ഞാൻ പടച്ചുവിടുന്ന 
ഓരോ രചനകളും വായിച്ച ശേഷം നല്ല നല്ലയഭിപ്രായങ്ങള്‍ 
സ്ഥിരമായി എഴുതി എനിക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന ബുലോഗത്തെ എന്‍റെ പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അനേകമനേകം കൂട്ടുകാരും , കൂട്ടുകാരികളും ,..,..

നന്ദി ഞാന്‍ ആരോടു ..ചൊല്ലേണ്ടൂ ....

ഈ എല്ലാവരോടും എങ്ങിനെയാണ് 
എന്‍റെ അകമഴിഞ്ഞ കൃതഞ്ജതയും , 
തീര്‍ത്താല്‍ തീരാത്ത നന്ദിയും  രേഖപ്പെടുത്തുക ...?



Wednesday, 4 November 2009

മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാമ്പുറവും / Malayalam Blog athhava Boologavum kuracchu Pinnampuravum .

ഈയിടെ ലോക സാഹിത്യ വേദിയില്‍
നടത്തിയ ഒരു പഠനം വിശദീകരിക്കുന്നതിങ്ങനെയാണ് ...
മുപ്പതുവര്‍ഷത്തില്‍ ഏറെയായി ലോകത്തിലെ എല്ലാഭാഷകളിലും
സംഭവിച്ച് കൊണ്ടിരുന്ന വായനയുടെ വല്ലാത്ത കുറവുകള്‍ , ഇപ്പോള്‍ മൂന്നാല് കൊല്ലമായി ക്രമാധീതമായി ഉയര്‍ത്ത് എഴുന്നേറ്റു പോലും.,  ഒപ്പം എഴുത്തും !

 കാരണം ബ്ലോഗ്‌  എന്ന പുതിയ മാധ്യമം ആണത്രേ...

ഇപ്പോള്‍ ദിനം പ്രതി ധാരാളം പേര്‍ എല്ലാഭാഷകളിലും ആയി ബ്ലോഗിങ്ങ്‌
രംഗത്തേക്ക് , സ്വന്തമായി ഒരു വേദിയുണ്ടാക്കി ആത്മാവിഷ്ക്കാരം നടത്തി കല ,
കായികം, സംഗീതം , പാചകം , വര , യാത്ര , ഫോട്ടോഗ്രഫി ,....എന്നിവയിലൂടൊക്കെ  മാറ്റുരച്ചു നോക്കുവാനും , ആസ്വദിക്കുവാനും , അഭിപ്രായം രേഖപ്പെടുത്താനും  ഒക്കെയായി  എത്തിക്കൊണ്ടിരിക്കുകയാണ് ദിനമ്പ്രതിയെന്നോണം ഈ ബൂലോകത്തിൽ എന്നുമെന്നും...

കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാ
ഭാഷകളിലും , വായന ഇരട്ടിയിൽ അധികമായെന്നാണ്
മുന്‍പറഞ്ഞ , ആ  പഠനങ്ങള്‍  വ്യക്തമാക്കുന്നത്.. സംഭവം
ഈ ബ്ലോഗ് എഴുത്ത്  തന്നെ !

എന്തുകൊണ്ടെന്നാൽ പോസ്റ്റിടുന്നവരും ,
വായനക്കാരും ഇപ്പോൾ ധാരാളം വായിച്ചുകൊണ്ടിരിക്കുന്നു..
 
ഇതിന്റെയെല്ലാം മാറ്റൊലികള്‍
നമ്മുടെ  മലയാളത്തിലും അലയടിച്ചു കേട്ടോ....
അടുത്ത കാലത്ത് മലയാളത്തിൽ തന്നെ , ബ്ലോഗുലകത്തില്‍ നിന്നും
സജീവ്  എടത്താടൻ,  രാജ് നീട്ടിയത്ത് , രാഗേഷ് കുറുമാൻ, ബാബുരാജ്.പി.എം,
ടി.പി.വിനോദ്, ദേവദാസ്.വി.എം, ശശി ചിറയിൽ,കെ.എം.പ്രമോദ്,...,. ...എന്നീ ബൂലോഗ വാസികൾ , ബൂലോഗത്തുനിന്നും പുസ്തക ശാലകളിലേക്കും,സാഹിത്യ സദസ്സുകളിലേക്കും ഇറങ്ങിവന്നവരാണ് !
അതേ പോലെ ഇന്ന് നമ്മുടെ  ബൂലോഗത്തില്‍
മാധ്യമ -കലാ-സാംസ്കാരിക രംഗങ്ങളിലൊക്കെയുള്ള
ബാലചന്ദ്രന്‍ ചുള്ളിക്കാട് , ശിഹാബുദീന്‍ പൊയ്ത്തുംകടവ് , 
മൈന ഉമൈബാല്‍ ,മണിലാല്‍  , ഡി. പ്രദീപ്കുമാര്‍  , ജി.മനു , 
കുഴൂര്‍ വിത്സന്‍ ,മമ്മൂട്ടി ,മോഹൻ ലാൽ,  ജോസഫ്‌ ആ ന്റണി ,എന്‍ .പി.
രാജേന്ദ്രന്‍ ,ടി.സുരേഷ് ബാബു ,ബി.എസ്. ബിമിനിത് , ആര്‍ .ഗിരീഷ്‌ കുമാര്‍ , 
ബെര്‍ലി തോമസ്‌ , കമാല്‍ വരദൂര്‍ , നൌഷാദ് അകമ്പാടം, സഞ്ജീവ് ബാലകൃഷ്ണന്‍ , സുജിത് , പത്മനാഭന്‍ നമ്പൂതിരി .... മുതല്‍ പല പല പ്രമുഖരും , പിന്നെ മറ്റനേകം പേരും സ്വന്തമായ കാമ്പും ,ശൈലിയും കൊണ്ട്  ഈ സൈബര്‍ ലോകത്തില്‍ തിളങ്ങി നില്‍ക്കുന്നവരാണ് !

ഇനിയും അടുത്തുതന്നെ ബൂലോഗത്തില്‍ പല പ്രമുഖരുടെയും
കാലൊച്ചകള്‍ അരങ്ങേറ്റം കുറിക്കുന്നതിനായി  നമ്മള്‍ക്ക്  കാതോര്‍ത്തിരിക്കാം അല്ലേ.

അതെ എഴുതാനും മറ്റും കഴിവുള്ള എല്ലാവരും , എല്ലാ തരത്തിലും ,
എല്ലാതും അവരവരുടെ രീതിയിൽ ബൂലോഗത്ത് വിളമ്പി വെക്കട്ടേ അല്ലേ ?...

ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി ,
ഒന്നും സ്വകാര്യമല്ലാത്ത സൈബര്‍ ലോകത്തിലെ ഈ പുതുപുത്തന്‍
മാധ്യമ രംഗത്തില്‍ കൂടി പുതിയ പ്രതിഭകള്‍ ഇനിയുമിനിയും മലയാളത്തില്‍ ഉണ്ടാകുമാറാകട്ടെ..!

ഈ വിവര സാങ്കേതിക രംഗത്തെ ചരിത്രം ചികഞ്ഞു നോക്കുകയാണെങ്കില്‍ , പണ്ടുകാലത്തുണ്ടായിരുന്ന കൂറ്റന്‍ കമ്പ്യൂട്ടറുകള് കണ്ടുപിടിച്ച ശേഷം ,കുറെ കഴിഞ്ഞ്
1965 ലെ  ഇന്നത്തെ മെയിൽ സന്ദേശ പോലുള്ള രണ്ടുവാക്കുകള്‍ ഒരു കംപ്യുട്ടർ മെഷീനില്‍ നിന്നും മറ്റൊന്നിലേക്ക്‌ ദൂരസഞ്ചാരം നടത്തിയ വിപ്ലവമാണ് ഇന്നീകാണുന്ന സൈബര്‍ ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും തുടക്കം കുറിച്ച സംഗതി.

ഇവിടെ നിന്നാണ് ഇന്റർ-നെറ്റിന്റെ ഉത്പത്തിയും ,വികാസവും
തുടങ്ങുന്നത് . ഇന്റര്‍ -നെറ്റ് ഉപയോക്താക്കളില്‍ പിന്നീട് അതിവേഗം
പടര്‍ന്നുപിടിച്ച മാധ്യമ തരംഗങ്ങളാണ് ഇ - മെയിൽ എന്ന തലതൊട്ടപ്പനും
അതോടൊപ്പം വളർന്ന സൈബർ ലോകത്തിലെ പല പല സേവനദാതാക്കളും .

പിന്നീട് അവർ ധാരാളം സൈറ്റുകൾ ഓരൊ
ഉപയോക്താക്കൾക്കും സ്വന്തമയി /സൌജന്യമായി ,
സൈബർ ലോകത്തിൽ ഇടം നൽകുന്ന ഓര്‍ക്കൂട്ട് ,ഫേയിസ് ബുക്ക്
മുതല്‍ ബ്ലോഗ്‌ വരെയുള്ള നവ മാധ്യമ ആവിഷ്ക്കാരവേദികള്‍ സ്ഥാപിച്ചു .

ഗൂഗിള്‍ ,യാഹൂ ,അല്ട്ടാവിസ്ട ,റീഡിഫ് ,..
മുതലായ കംപ്യുട്ടര്‍ ലോകത്തിലെ എല്ലാ സേവന
ദാതാക്കളും ഇപ്പോള്‍ സൌജന്യമായി തന്നെ ബ്ലോഗും
മറ്റും ഫ്രീയായിട്ട് തന്നെ തുടങ്ങാനുള്ള ഇടം നല്‍കുന്നുണ്ട് .

1991 കളില്‍ പ്രമുഖ കംപ്യുട്ടര്‍ /സോഫ്റ്റ്‌ വെയര്‍ കമ്പനികള്‍
ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍ നെറ്റില്‍ കൂടി അനായാസമായി
കൈകാര്യം ചെയ്യുന്നതിനു വേണ്ടി  യൂണിക്കോഡ് ഫോണ്ട് വിപ്ലവം സൃഷ്ടിച്ചതോട്
കൂടി വിവരസാങ്കേതിക രംഗത്ത് പല പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു.

അന്നുകാലത്ത് ഡയറികുറിപ്പുകൾ എഴുതിയിടാന്‍ ഉപയോഗിച്ച 
വെബ്‌ ലോഗുകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പരിണമിച്ചു
വീ ബ്ലോഗ്‌ ആയി മാറി ആദ്യകാല ബ്ലോഗുകള്‍ ഉണ്ടായി എന്നാണ് പറയുന്നത് .

കാലിഫോര്‍ണിയയിലെ പൈര്ര ലാബ് എന്നകമ്പനിയാണ് www.blogger.com
നിര്‍മ്മിച്ച് ആദ്യമായി പോതു സേവനത്തിനുവേണ്ടി ഏവര്‍ക്കും തുറന്നു കൊടുത്തത് , പിന്നീടത്‌ സാമ്പത്തിക നഷ്ട്ടം മൂലം അവര്‍ 2002 ഇല്‍ ഗൂഗിളിനുകൈമാറി.
മുഴുവന്‍ കാര്യങ്ങളും സൌജന്യമല്ലാത്ത 2001   ഇല്‍ ആരംഭിച്ച വേൾഡ് പ്രസ്സ്
എന്ന പോര്‍ട്ടലും വളരെ പേരുകേട്ട ഒരു ബ്ലോഗിങ്ങ്‌ പ്രസ്ഥാനം തന്നെയാണിപ്പോള്‍ .

കൂടാതെ ഇപ്പോള്‍ ബ്ലോഗ്ഗർ കോം ,ലൈവ് ജേർനൽ  തുടങ്ങി നാല്പതിൽ  കൂടുതൽ  ലോകപ്പെരുമയുള്ള ബ്ലോഗര്‍ ജാലകങ്ങളുണ്ട്
ഏവര്‍ക്കും എന്നും ഫ്രീയായിട്ട് ഇഷ്ടം
പോലെ മേഞ്ഞു നടക്കുവാന്‍ ..കേട്ടോ .

ഇംഗ്ലീഷ് ബ്ലോഗ്‌ തുടങ്ങിയ കാലംതൊട്ടുതന്നെ ഇന്റര്‍-നെറ്റ്
ഉപയോഗിച്ച് കൊണ്ടിരുന്ന  കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും ,
മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ മറു പേരുകളില്‍
പടച്ചുവിട്ടിരുന്നൂ .
പത്തുകൊല്ലം മുമ്പ് ഫോട്ടോ സ്റ്റാറ്റ്  കോപ്പികളാല്‍ കുപ്രസിദ്ധി
നേടിയ ഭരണി പാട്ടുകള്‍, മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ
പോസ്റ്റുകൾ അന്നത്തെ  മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി
അന്നത്തെയാളുകള്‍ ഇപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നൂ .

പിന്നീട് മലയാ‍ളത്തിൽ വന്ന രചനകൾ ,
കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽപോസ്റ്റുകൾ ആയിരുന്നു .
ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...
മുതൽ കുറെ ഹിറ്റ് ആയ പോസ്റ്റുകൾ..

19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് .
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന
ചെയ്ത അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും ,  സിബു .സി.ജെ 
അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍   മലയാളം
രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .

രണ്ടായിരത്തി ആറോടുകൂടി  ലോകത്തിന്റെ വിവിധ
കോണുകളില്‍ നിന്നും മലയാളം ബ്ലോഗുലകത്തിലേയ്ക്കു
പോസ്റ്റുകള്‍ വന്നുതുടങ്ങി.
ഗൃഹാതുരത്വത്തിന്‍ സ്മരണകളായും , കഥകളായും, കവിത ചൊല്ലിയും ,
യാത്ര വിവരണം എഴുതിയും, പാട്ട് പാടിയും , ചിത്രങ്ങള്‍ വരച്ചും ,ഫോട്ടോ
പ്രദര്‍ശിപ്പിച്ചും,  വീഡിയോ കാണിച്ചും, അഭിപ്രായങ്ങള്‍ പറഞ്ഞും , ചര്‍ച്ചകള്‍
ചെയ്തും  മലയാള ബ്ലോഗുകള്‍ അങ്ങിനെ ബഹുമുഖ പ്രതിഭകളാല്‍ നിറഞ്ഞുകവിഞ്ഞു!

ആയിടെ ഗള്‍ഫ് മാധ്യമം , മാതൃഭൂമി മുതലായ പത്രങ്ങളില്‍ബ്ലോഗുലകത്തെ
കുറിച്ചുസചിത്ര ലേഖനങ്ങള്‍ വന്നു . പിന്നീട് മറ്റുമാധ്യമങ്ങളാലും ബൂലോകം വാഴ്ത്തപ്പെട്ടു..
അതോടൊപ്പം നാട്ടില്‍ ജില്ലായടിസ്ഥാനത്തില്‍ ബ്ലോഗ്‌ കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെട്ടു ...

 രണ്ടായിരത്തിയാറിൽ  വെറും അഞ്ഞൂറു ബുലോഗർ മാത്രമുണ്ടായിരുന്ന
ബുലോകം പിന്നത്തെ വർഷമായപ്പോഴേക്കും ഇരട്ടിയായി മാറി.പിന്നീടത്
കഴിഞ്ഞവർഷം മൂവായിരവും ,ഇക്കൊല്ലം അവസാനമായപ്പോഴേക്കും ഏതാണ്ട്
അയ്യായിരത്തോളം ബൂലോഗരുമായി പടർന്നു പന്തലിച്ചു !
 മലയാളത്തിലെ പ്രഥമ ബ്ലോഗെഴ്സ് മീറ്റ്, യു.ഇ /07-07-2006 
വിശാലമനസ്കൻ, കുറുമാൻ,..മുതൽ
ഇതോടൊപ്പം തന്നെ ബ്ലോഗ് എഴുത്തുകാരുടെ കൂട്ടായ്മകളും വളർന്നു.....
പ്രഥമ ബ്ലോഗ് സംഗമം  അന്ന് ഏറ്റവും കൂടുതല്‍ ബൂലോഗരുണ്ടായിരുന്ന
യു.എ .ഇ യില്‍ , അതായത്  2006 ൽ ദുബായിൽ വെച്ച് നടന്നു.

അടുത്തവര്‍ഷം ഓരൊ ജില്ലകളിലും ബുലോഗ
അക്കാഥമികൾ ഉടലെടുക്കുകയും, ബ്ലോഗെഴുത്ത്
എങ്ങിനെ/എന്ത്/ഏത്...തുടങ്ങിയ ബോധവൽക്കരണ
ക്ലാസ്സുകളും,ജില്ലായടിസ്ഥാനത്തിലുള്ള ബുലോഗകൂട്ടായ്മകളും ഉണ്ടായി.
ആ‍ഗോളബൂലോഗ സംഗമം,ചെറായി/ ജൂലായി 2009 
2008 ൽ തൊടുപുഴയിൽ വെച്ച് കുറച്ചുപേര്‍
കൂടി ആദ്യ കേരള ബൂലോഗ സംഗമം നടന്നു .
പിന്നീട് 2009 ജൂലായിൽ ചെറായി കടൽ തീരത്തുവെച്ച്
ആഗോളതലത്തിലുള്ള എല്ലാമലയാളി ബ്ലോഗർമാർക്കും വേണ്ടി
സഘടിപ്പിച്ച സൌഹൃത  സമ്മേളനമാണ് “ ബുലോഗ ചെറായി മീറ്റ് 2009" .
കഴിഞ്ഞ മാസം  “ദോഹ”യിൽ വെച്ച് ഗൾഫ് ബുലോഗരും ഒന്നിച്ച് ഒരു കൂടിച്ചേരൽ നടത്തി കേട്ടോ
 ദോഹയിലുള്ള ബുലോഗരുടെ സംഗമം / 21-10-2009
പത്രപ്രസിദ്ധീകരണങ്ങള്‍ നേരിട്ട് ലഭിക്കാത്ത വിദേശമലയാളികള്‍
ബ്ലോഗുകള്‍ വായിച്ചുപുളകം കൊണ്ടു. നാട്ടിലും പുതുതലമുറയില്‍ പെട്ടവര്‍
ബ്ലോഗ്‌ നോക്കലുകളിലും , പോസ്റ്റുകൾ എഴുതുന്നതിലും താല്പര്യങ്ങള്‍ കണ്ടെത്തി.

അങ്ങിനെ നമ്മുടെ മലയാളം ബ്ലോഗിങ്ങ്‌ രംഗം
എല്ലാവരാലും ബൂലോഗം /ബുലോഗം എന്ന് വിളിക്കപ്പെട്ടു !
വായനയും, എഴുത്തും, വരയും , സംഗീതവും ,.. ഒക്കെയായി
ബൂലോഗത്തില്‍ വിഹരിക്കുന്നവരെ ബൂലോകര്‍ എന്നുവിളിച്ചു .

ബ്ലോഗന്‍ , ബ്ലോഗിണി , ബ്ലോഗന , ബ്ലോഗുലകം ,..ഇതുപോലെ
ഇമ്മിണി വാക്കുകള്‍ മലയാളം പദാവലിയിലേക്ക്  വന്നുചേര്‍ന്നു .

അതെ ഇന്ന് വിദേശത്തു താമസിക്കുന്ന മലയാളികളുടെ
പുതുതലമുറയടക്കം, നമ്മുടെ മാതൃഭാഷക്ക് ഈ സൈബര്‍
ലോകത്തില്‍ കൂടി ഒരു പുത്തന്‍ ഉണര്‍വും , പുതുജന്മവും, പുതു
പ്രസരിപ്പും നല്‍കിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല കേട്ടോ .

പ്രത്യക്ഷമായും , പരോക്ഷമായും ഏതാണ്ട് അയ്യായിരത്തോളം മലയാളികള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് സ്വന്തമായി ഒരു വേദിയുണ്ടാക്കി
ആത്മാവിഷ്ക്കാരം നടത്തുന്ന കാഴ്ചകളാണ് നമ്മള്‍ ഇപ്പോള്‍  ഈ ബൂലോഗത്ത് കണ്ടുകൊണ്ടിരിക്കുന്നത് .അവരുടെയെല്ലാം ഓരോ പുത്തൻ പോസ്റ്റുകളും അപ്പപ്പോൾ
തന്നെ പ്രത്യക്ഷമാകുന്ന മലയാളം അഗ്രിഗേറ്റരുകളും തോനെ പാനെ ഇപ്പോൾ നിലവിൽ വന്നിട്ടുമുണ്ടല്ലോ ..അല്ലെ

ബൂലോഗത്തെ പോലെ തന്നെ അതിവേഗം പടര്‍ന്നുപിടിച്ച സൈബര്‍ ഉലകത്തിലെ
ഓര്‍ക്കൂട്ട് ,ഫെയ്സ് ബുക്ക് ,ട്വിട്ടര്‍ ,യു -ട്യൂബ് ...മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും അനേകം മലയാളികളും അവരുടെ കൂട്ടായ്മകളും കൂടിച്ചേര്‍ന്നുള്ള നിറസാന്നിദ്ധ്യവും ഇപ്പോള്‍ കാണാവുന്നതാണ് .
കൂടാതെ സൈബര്‍ ലോകത്തിലെ എല്ലാ അറിവുകളും വെറുതെ വിപണനം
ചെയ്യുന്ന മലയാളം വിക്കിപീഡിയയിൽ ഇന്ന് വിക്കി പീടികകളില്‍  മലയാളിയുടെ കടക്ക്യാണ് ഇപ്പോള്‍ ലോകത്തിൽ  ഏഴാം സ്ഥാനം !

ഹൌ ....അമ്പട മലയാളിയെ !

അയ്യോ..ഒരു കാര്യം കൂടി..

ഈയിടെ ഇവിടെ കൂടിയ മന:ശാസ്ത്രജ്ന്മാർ സൈബർ
ലോകത്തുനിന്നും കുറെ പുതിയ  മനോരോഗങ്ങൾ കണ്ടെടുത്തുപോൽ
ബ്ലോഗോമാനിയ (ഏതു സമയവും ബ്ലോഗിനുമുന്നിൽ കഴിച്ചുകൂട്ടുന്നവർക്ക് വരുന്നത്), ബ്ലോഗോഫോബിയ (ബ്ലോഗേഴ്സിന്റെ പാർട്ട്നേസിനും,മറ്റു കുടുംബാംഗങ്ങൾക്കും വരുന്നത്), ...എന്നിങ്ങനെ.

അടുത്ത ജേർണനിൽ  അവർ ഇതിനെ പറ്റിയൊക്കപ്രസിദ്ധീകരിക്കുമായിരിക്കും.


ഉന്തുട്ടുകുന്തെങ്കിലും ആകട്ടേ....അപ്പ..കാണാം..ല്ലേ....







ഈ പോസ്റ്റ് രചനക്ക് സഹായമായത്
ഗൂഗിളും, ബൂലോഗമിത്രങ്ങളുടെ പഴയ
പോസ്റ്റുകളും ആണ് കേട്ടോ..നന്ദി .





                                                               

Monday, 26 October 2009

ഒരു ഇംഗ്ലീഷ് കറവപ്പശു ! / Oru English Karavappashu !

നോക്ക് ഇതാണ് ഒരു ഇംഗ്ലീഷ് കറവപ്പശു.....
ഏതുനേരം ചെന്നു കറന്നാലും ചുരത്തി കൊണ്ടിരിക്കുന്ന സാക്ഷാല്‍ കാമധേനു തന്നെ !
നമുക്കീപശുവിനെ യു.കെയിലെ ഇന്ത്യന്‍ വംശജരായി ഒന്നുസങ്കല്‍പ്പിച്ചു നോക്കാം ...
കറവക്കാരനെ ഇന്ത്യന്‍ എംബസിയായും ,
പാലിനെ പണമായും .
നല്ലൊരു ക്യാരികേച്ചര്‍ അല്ലേ ?
ഗൃഹാതുരത്തിന്റെ സ്മരണകളും പേറി പുറം രാജ്യങ്ങളില്‍ വസിക്കുന്ന ഏതൊരാളും
ഇതിനെയൊട്ടും എതിര്‍ത്തു പറയുകയില്ല അല്ലേ ?

ഏറ്റവും കൂടുതല്‍ വിദേശ ഇന്ത്യക്കാര്‍ യൂറോപ്പിലുള്ളത് എവിടെയാണ് ?
ഗ്രേറ്റ്‌ ബ്രിട്ടന്‍ എന്നറിയപ്പെടുന്ന യു.കെ യിലാണ് പോലും ..
എല്ലാവര്‍ഷവും ജനനം കുറയുകയും ,മരണം നീളുകയും ചെയ്തുകൊണ്ടിരുന്ന
യു.കെയില്‍ വെറും അഞ്ചേമുക്കാൽ കോടി ജനസംഖ്യയില്‍ നിന്നും , ഇരുപതു ശതമാനം
വിദേശ വംശരുടെ  സഹായത്താല്‍ ഇപ്പോള്‍ യു.കെ യിലെ  "ജനനങ്ങള്‍" ദിനം പ്രതി കൂടികൊണ്ടിരിക്കുയാണ്  !
ഇരുപതുകൊല്ലത്തിനു ശേഷം ഇവിടത്തെ ജനസംഖ്യ ഏഴുകോടി കവിയുമെന്ന്
പഠനങ്ങള്‍ വ്യക്തമാക്കുന്നു .
വിദേശിയര്‍ക്ക് സ്തുതി .....
വിദേശിയരില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ക്ക് പ്രതേകിച്ചും!

യു.കെയിലെ നാലു പ്രവിശ്യകളില്  ഇംഗ്ലണ്ടിൽ ആണ് ഏറ്റവുമധികം ഭാരതീയരുള്ളത് ,
പിന്നെ സ്കോട്ട്ലാന്റിലും , വെയില്‍സിലും ,നോർത്തേൺ അയർലണ്ടിലുമായി ആകെയുള്ള
പതിനാലുലക്ഷം  ഇന്ത്യക്കാര്‍ വിന്യസിച്ചു കിടക്കുന്നു .

പഞ്ചാബികള്‍ക്കും ,ഗുജറാത്തികള്‍ക്കും ശേഷം ഇപ്പോള്‍
മലയാളികള്‍ക്കാണ്  ഇവിടെ മൂന്നാം സ്ഥാനം കേട്ടോ ..!

ഇപ്പോള്‍ ഏതാണ്ട് നൂറോളം സംഘടനകളുമായി മലയാളി
കൂട്ടായ്മകള്‍ മറ്റേതൊരു വിദേശ വംശജരെക്കാളും സംഘടനാതലത്തില്‍  ഈ യു.കെയില്‍
മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചു .

ഒപ്പം ഇവിടത്തെ വിവര സാങ്കേതികരംഗത്തും ,
ആര്യോഗ്യ മേഖലയിലും ,
ഹോട്ടല്‍ വ്യവസായവിപണികളിലും
മലയാളികളുടെ നിറസാനിധ്യം എടുത്തുപറയാവുന്നതാണ്.
കൂടാതെ യു.കെയിലെ മറ്റെല്ലാതൊഴില്‍ മേഖലകളിലും  മലയാളികളുടെ
ഒരുകൊച്ചു സാനിദ്ധ്യം ഇപ്പോള്‍ കണ്ടുതുടങ്ങിയിരിക്കുന്നു .
ഏറ്റവും എടുത്തുപറയാവുന്ന കാര്യം മലയാളിയുടെ മക്കള്‍
മൂന്നാലുകൊല്ലമായി സെക്കന്ററി/ ഹൈയര്‍ സെക്കന്ററി ലെവലുകളില്‍
ഒന്നാം സ്ഥാനം വാരിക്കൂട്ടുന്നതും  പ്രത്യേകതയാണ്  !

ജാതിമതഭേദമന്യേ  ബംഗാളിസംസാരിക്കുന്ന
പശ്ചിമബംഗാളിലെയും , ബംഗ്ലാദേശിലെയും ബംഗാളികളെപോലെ ;
തമിഴ്നാട്ടിലെയും ,മലേഷ്യയിലെയും ,ബര്‍മ്മയിലെയും ,ശ്രീലങ്കയിലെയും
തമിഴ് സംസാരിക്കുന്നവരെല്ലാം കൂടി യു.കേയിലുള്ള തമിഴ് സംഘങ്ങളെ  പോലെ ;
പാകിസ്ഥാനിലെയും ,ഇന്ത്യയിലെയും പഞ്ചാബുകളിലെതടക്കം  ,ലോകത്തെവിടെ നിന്നും
വന്ന പഞ്ചാബിയില്‍ സംസാരിക്കുന്ന പഞ്ചാബികളെപോലെയോ .....

വിദേശങ്ങളില്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന ആ ഭാഷാപരമായ കൂട്ടായ്മ ,
സൗഹൃദം ,  ആ ഒരു ഒറ്റ കുടക്കീഴില്‍ അണിനിരക്കാനുള്ള ആ അഭിനിവേശം
മറ്റു ഭാഷക്കാരെ പോലെ നമുക്കില്ലെന്നുള്ള കാര്യം ഒരു വാസ്തവം തന്നെയാണ് കേട്ടോ ...

കുറെ ഗുണത്തിന് ഒരു ദോഷം അല്ലേ ....

അയ്യോ ..പറഞ്ഞുവന്നത് ഇതൊന്നുമല്ല ..

ലണ്ടന്‍ എംബസിയെ കുറിച്ചാണ് ......

ഇന്ത്യന്‍ ലണ്ടന്‍ എംബസിക്ക് മുന്നില്‍ എന്നും കാണുന്ന നീണ്ട വരികള്‍ .
 
ഇന്ത്യന്‍ വിദേശ എംബസി അഥവാ ഹൈക്കംമീഷൻ ഓഫീസുകള്‍
എന്നുപറഞ്ഞാല്‍ ഭാരതസര്‍ക്കാരിന്റെ കറവ പശുക്കള്‍ ആണ് .
ലണ്ടന്‍ എംബസി/ഭാരത്‌ ഭവന്‍  എന്നുപറഞ്ഞാല്‍ ശരിക്കും ഒരു ഇംഗ്ലീഷ്‌ കറവപ്പശു ...
ഏതുനേരവും പിഴിഞ്ഞെടുക്കുവാന്‍ പറ്റുന്ന ധാരാളം പാലുള്ളയൊന്ന്.
കറവയുടെ/പിഴിച്ചിലിന്റെ എല്ലാ പരീക്ഷണങ്ങളും ആരംഭം കുറിക്കുന്നയിടം !

ഇപ്പോള്‍ പിഴിഞ്ഞുകൊണ്ടിരിക്കുന്നത് ജോലിസാധ്യതകള്‍ക്ക് വേണ്ടി
"യു.കെ.സിറ്റിഷന്‍ഷിപ്പ് "എടുത്തു ഒ.സി.ഐ കാര്‍ഡ് എടുക്കുവാന്‍ വേണ്ടി
അപേക്ഷിച്ചവരെ  ആണെന്നുമാത്രം !
നമ്മുക്കിതിനെതിരെയൊന്നു പ്രതികരിച്ചു നോക്കിയാലോ ..
പ്രവാസകാര്യ /വിദേശകാര്യ മന്ത്രിമാരടക്കം നമുക്കിപ്പോള്‍ ഇമ്മിണി
കേന്ദ്രമന്ത്രിമാരുണ്ടല്ലോ ...
അവരെല്ലാം നമ്മളെ എന്തായാലുംസഹായിക്കാതിരിക്കില്ല അല്ലേ ?

എന്തായാലും" യുക്മ "  ഈ പൊതുപ്രശ്നത്തിനുവേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നു ....
വളരെ നല്ല കാര്യം !

യു.കെ മലയാളി സംഘടനകള്‍ക്കെല്ലാം കൂടി ഒരുപോതുവേദി എന്നയാശയം
കാലാകാലങ്ങളായി എല്ലാകൂട്ടായ്മകളും ചര്‍ച്ചകള്‍ വഴി മുന്നോട്ടുവച്ചിട്ടുനാളുകള്‍
ഏറെയായെങ്കിലും , പകുതിയിലേറെകൂടുതല്‍  സംഘടനകള്‍ കൂടിചേര്‍ന്ന് ,സംഘടനകള്‍
ഒന്നിച്ചുള്ള കൂട്ടായ്മയായ "യുക്മ " നിലവില്‍ വന്ന ശേഷം , ആദ്യമായി നേരിടാന്‍ പോകുന്ന
ഒരു പൊതുപ്രശ്നം .

ശരി ,എന്നാല്‍ എല്ലാവര്‍ക്കും ഇതിനുപിന്നില്‍ അണിനിരക്കാം ...അല്ലേ ...

നമുക്ക് യുക്മ യുടെ ഓണ്‍ ലൈന്‍ പെറ്റീഷന്‍ ഒന്ന് സൈന്‍ ചെയ്താലോ

ദേ ..ഈ ..ലിങ്കില്‍
http://www.ukmalayalee.net/news-ukma-passport.htm

സഹകരിച്ചവർക്ക് വളരെയധികം നന്ദി കേട്ടൊ...


ലേബല്‍ /
ഒരു യു.കെ പൊതുകാര്യം

Thursday, 8 October 2009

ആദരാഞ്ജലികള്‍ ! / Adaraanjalikal !

രണ്ടുമരണങ്ങള്‍ ഈയിടെ എന്നെ വല്ലാതെ അലട്ടി കൊണ്ടിരിക്കുകയായിരുന്നു .

ഒന്ന് ; അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞുപോയ ഒരിക്കലും കണ്ടിട്ടില്ലാത്ത ,അക്ഷരങ്ങള്‍ കൊണ്ട് മനസ്സിനുള്ളില്‍ വല്ലാത്ത കോറലുകള്‍ ഏല്‍പ്പിച്ചു തീരാത്ത മുറിവായി മാറിയ പ്രിയ ജ്യോനവന്‍ .....

രണ്ട് ; മരണം പ്രതീക്ഷിച്ചുകിടന്നിരുന്ന ,കണ്ടും ,കേട്ടും,ഇടപഴകിയും നടന്നിരുന്ന കാരണവര്‍ സ്ഥാനം കല്‍പ്പിച്ചു പോന്നിരുന്ന ,ജീവിതത്തില്‍ ഒന്നും ആകാതിരുന്ന ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട കണ്ടുണ്ണി ചേട്ടന്‍ ....



ഞാൻ നവീന്‍ ജോര്‍ജ് എന്ന  ജ്യോനവന്റെ പൊട്ടക്കലത്തില്‍ ഇടയ്ക്കുവന്നു
തപ്പി നോക്കി പോകുന്ന , അവനെ നേരിട്ട് പരിചയമില്ലാത്ത വെറും ഒരു ബുലോഗമിത്രം.

പക്ഷെ അവന്‌ കാറപകടത്തില്‍ അപായം പറ്റിയത് മുതലുള്ള ഓരോ  ബുലോഗ വാര്‍ത്തകളും ,
എല്ലാവരെയും പോലെ എന്നെയും വളരെ ദു:ഖത്തിലാക്കി .എന്തു ചെയ്യാം എല്ലാം വിധി .
ഇനി അവന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി നമ്മുക്കെല്ലാവര്‍ക്കും
ഒരുമിച്ചുപ്രാര്‍ത്ഥിക്കാം അല്ലേ .....

പൊട്ടക്കലത്തില്‍ കൂടി ജ്യോനവനും, ലാപുട യിൽ കൂടി ടി .പി.വിനോദും ബുലോഗത്തില്‍ കവിതയുടെ കടങ്കഥകള്‍ സൃഷ്ടിച്ചവരാണ് ,ഒപ്പം മലയാള സാഹിത്യത്തിലും .

കൂരിരുട്ടിലെ ദന്തഗോപുരങ്ങളും , ഇടത്തോട്ടു ചിന്തിക്കുന്ന ഘടികാരവും
ഇനിയാരാലാണ്  എഴുതപ്പെടുക ....എന്‍റെ കൂട്ടരേ.

സ്വന്തം  വരികളില്‍ കൂടി അറം പറ്റി ,
അരിയെത്താതെ അരിയെത്തിയ (മാന്‍ ഹോള് )
ഇതുവരെ കാണാത്ത , കേള്‍ക്കാത്ത  എത്രയെത്ര  സുഹൃത്തുക്കളാണ്
ജ്യോനവന്‍ നിനക്കുവേണ്ടി  പ്രാര്‍ത്ഥിച്ചത്‌ ;
പിന്നീട് നിനക്കുവേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് ....

ഇതാണ് മിത്രമേ ബുലോഗത്തിലെ കൂട്ടായ്മ ,കാരുണ്യം ....

നീ എന്നും വാഴ്ത്തപ്പെടും സുഹൃത്തെ ...

ഈ ബുലോഗത്തിലും മലയാളസാഹിത്യത്തിലും!


എന്തുകൊണ്ടെന്നാല്‍ നിന്റെ വാക്കുകളില്‍ തന്നെ പറയുകയാണെങ്കില്‍ ..
".ഉരച്ചുകളഞ്ഞ ജീവിതത്തിന്‍റെ മുന" നിന്റെ വരികളില്‍ എപ്പോഴും മുഴങ്ങിനില്‍ക്കുകയാണല്ലോ


 ജ്യോനവൻ പേരെടുത്ത ഒരു  കവി മാത്രമായിരുന്നില്ല,നല്ലൊരു  കഥാകൃത്തും,
എല്ലാതരത്തിലും ഒരു നല്ലൊരു മനുഷ്യസ്നേഹിയും ,  കലാകാരനും കൂടിയായിരുന്നൂ
എന്നാണ് ഇതുവരെയുള്ള കുറിപ്പുകളും , അഭിപ്രായങ്ങളും കൂട്ടിവായിച്ചുനോക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകുന്നത്‌ .

ജ്യോനവൻ എന്ന നവീൻ ജോർജിന്റെ വീട്ടുകാരോടൊപ്പം ,
ഞങ്ങള്‍ ഈ ബുലോഗ  സുഹൃത്തുകളും തീര്‍ത്താല്‍ തീരാത്ത ആ വേര്‍പ്പാടില്‍ ,
ഈ ദുഃഖത്തിൽ പങ്കുചേര്‍ന്നു കൊള്ളുന്നു .


 പൊട്ടിപ്പോയ ഒരു കലം



ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്‌.
വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ... 

ഒരു കടമോ രണ്ടുകടമോയുള്ള നിന്‍ കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ  ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു   വീര   വീര     സഹജനായി     മമ   ഹൃദയങ്ങളില്‍ ........!




പ്രിയപ്പെട്ട ജ്യോനവ നിനക്ക്
ഞങ്ങളുടെയെല്ലാം പേരില്‍ ഹൃദയം
നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊള്ളുന്നൂ ....



പ്രിയ കണ്ടുണ്ണി ചേട്ടന്‍



An Old Photo
നാട്ടില്‍ പോയപ്പോള്‍ രോഗശയ്യയില്‍ കിടക്കുന്ന തൊണ്ണൂറു വയസ്സുകാരനായ ,
കീടായി കണ്ടുണ്ണി കൃഷ്ണന്‍ ചേട്ടനെ കാണുവാന്‍ ചെങ്ങാലൂരുള്ള മൂപ്പരുടെ വീട്ടില്‍
പോയപ്പോള്‍ ,നിറ മിഴികളോടെ ഇനിയൊരു കൂടിക്കാഴ്ച്ചാവേള ഉണ്ടാകില്ലായെന്ന്
പറഞ്ഞുയെന്നേ അനുഗ്രഹിച്ചു വിട്ടപ്പോള്‍ ; ഇത്രവേഗം മരണം അദ്ദേഹത്തെ തട്ടിയെടുക്കുമെന്ന്
ഞാനും കരുതിയിരുന്നില്ല ....

മുത്തശ്ശനുള്ളകാലം തൊട്ടേ ഈ കണ്ടുന്ന്യേട്ടന്‍ ചെറുപ്രായത്തിലെ തറവാട്ടില്‍
വന്നുകൂടിയതാണ് , ഭാഗത്തിന് ശേഷം മൂപ്പര്‍ അച്ഛന്റെ കൂടെ കൂടി , ഞങ്ങളുടെ വീട്ടിലെ
കന്നുകാലി പരിപാലകനായി  വീട്ടിലെ ഒരു മൂപ്പനായി , ഒപ്പം മറ്റു പണിക്കാരുടെയും .

അതേപോലെ നാട്ടില്‍ എന്താവശ്യത്തിനും ഈ കണ്ടുണ്ണിയേട്ടന്‍ മുന്‍പന്തിയില്‍ ഉണ്ട് കേട്ടോ..
നാട്ടില്‍ ഒരു മരണമോ,കല്യാണമോ ,മറ്റെന്തെങ്കിലും വിശേഷങ്ങളോ ഉണ്ടെങ്കില്‍ ആയതിന്റെ യൊക്കെ ആലസ്യങ്ങള്‍ക്ക് ശേഷമേ കണ്ടുന്ന്യേട്ടന്‍ തെക്കേ പുറത്തുള്ള പത്തായ പുറത്ത്‌ വന്നുകിടക്കുകയുള്ളൂ.

ഒരു ഒറ്റമുണ്ടും ,തോര്‍ത്തുമാണ്‌  ടിയാന്റെ വേഷം !

കല്ല്യാണ വീട്ടിലും , മരണദൂതിനുപോകുമ്പോഴും (അന്നുകാലത്ത്  നാട്ടിലാരെന്കിലും
മരിച്ചാല്‍ അകലങ്ങളിലെ ബന്ധുജനങ്ങളെ വിവരം അറിയിക്കുന്ന ചടങ്ങ് /കണ്ടുണ്ണി ചേട്ടന്‍ ഈരംഗത്തിന്റെ ഉസ്താതായിരുന്നു ),ടൌണില്‍ പോകുന്നതിനും ,പൂരത്തിനും ,വേലയ്ക്കും , തിരുവോണത്തിനും,....,...,
ഇതെന്നെ വേഷം !

തോര്‍ത്തിനെ മുണ്ടിനുമുകളില്‍ വേഷ്ടിയാക്കിയും, ചുരുട്ടിയരയില്‍ ചുറ്റിയും,
തോളില്‍ ഇട്ടും ,കഴുത്തില്‍ ചുറ്റിയും ,തലയില്‍ കെട്ടിയും , തോളില്‍ പുതച്ചും ,
തലയില്‍ തട്ടമിട്ടും,ചുരുട്ടി കക്ഷത്ത്‌ വെച്ചും  ......
ധാരാളം വേഷ പകര്‍ച്ചകള്‍ ഇദ്ദേഹം കാഴ്ച്ച വെച്ചിരുന്നതില്‍ നിന്നുമാണ് ,
ഞങ്ങള്‍ ബഹുമാനം ,ഭക്തി , വിനയം ,ധീരത ,കൂസായ്മ ,....തുടങ്ങി
പല പെരുമാറ്റചട്ടങ്ങളും സ്വായത്തമാക്കിയത് ..

ഇദ്ദേഹം സ്കൂളിന്റെ പടി ചവിട്ടിയത് ,ഞങ്ങളെ ചെറുപ്പത്തില്‍
സ്കൂളിൽ കൊണ്ടുവിടാനും/വരാനും വന്നപ്പോഴാണ് !

അമ്പലത്തില്‍  പോയിരുന്നത് അവിടെ
പുല്ലുചെത്തി വെടുപ്പാക്കാനാണ് !

എങ്കിലും കണ്ടുണ്ണിയേട്ടന്റെ  അറിവിനെയും ,ഭക്തിയെയുമൊക്കെ ഞങ്ങള്‍ എന്നും വിലമതിച്ചിരുന്നു.എന്തൊക്കെയായാലും കൃത്യമായ മൂപ്പരുടെ  ഒരിക്കലും തെറ്റാത്ത
കാലാവസ്ഥ പ്രവചനം ! ,
ഓരോ ഞാറ്റുവേല ആരംഭങ്ങളെ കുറിച്ചുള്ള അറിവും പ്രത്യേകതകളും , സൂര്യനെ നോക്കി കൃത്യസമയം പറയല്‍ ! , 
ഓരോ ഔഷധ സസ്യങ്ങളെ കുറിച്ചുള്ളയറിവും അവകൊണ്ട് മനുഷ്യനും ,മാടുകള്‍ക്കുമുള്ള ഫലപ്രദമാകുന്ന ഒറ്റമൂലി ചികിത്സാരീതികളും ...

നമ്മള്‍ കണക്കുകൂട്ടുന്നതിനു മുമ്പ് മന:കണക്കാള്‍  കൂട്ടിപറയുന്ന രീതികള്‍ ,....
അങ്ങിനെ എത്രയെത്ര കഴിവുകള്‍ ഉണ്ടായിട്ടും അന്നത്തെ സാഹചര്യങ്ങള്‍ കൊണ്ട് ;

നട്ടപ്പോഴും ,പറിച്ചപ്പോഴും ഒരു കുട്ട എന്ന കണക്കെ
ജീവിച്ചു മരിച്ച ഒരു മനുഷ്യന്‍ !

പലകാര്യത്തിലും എന്‍റെ ആദ്യഗുരുവായിരുന്നു ഇദ്ദേഹം .
മാവിലകൊണ്ട് പടക്കം , കുരുത്തോലകൊന്ടു പൈങ്കിളി , കടലാസുകൊണ്ട് വഞ്ചി /പട്ടം ..അങ്ങിനെയെത്ര കളികളും ,പഠിപ്പിക്കലുകളും .......!

വാമൊഴികളായി കേട്ട് മന:പാഠം ആക്കിയ വടക്കന്‍ പാട്ടുകളുടെയും , രമണന്റെയും ,
നാടന്‍ പാട്ടുകളുടെയും ചൊല്ലിയാടലുകള്‍,പുരാണ കഥകള്‍ ......!

വലുതാവും തോറും പുതിയ പാഠങ്ങള്‍ പ്രസവം ,പ്രണയം ,പെണ്ണ് ...!
എന്നിവയെ  കുറിച്ചുള്ള പുത്തനറിവുകള്‍ ,
കള്ളുകുടി,ഭരണി പാട്ട് , ......മുതലായവയിലുള്ള അരങ്ങേറ്റങ്ങള്‍!

ഒരുപാടുനന്ദിയെന്റെ ഗുരുപുണ്ണ്യവാ ....

ഒരിക്കല്‍ വിഷു വേലയുടെ അന്ന് നാട്ടില്‍ "സിന്ദൂര ചെപ്പ്‌"എന്ന
സിനിമയുടെ ഷൂട്ടിംഗ് കണ്ടുണ്ണിയേട്ടന്റെ തോളില്‍ കയറി  ഇരുന്നുകണ്ടത്
ഇപ്പോഴും സ്മരിക്കുന്നൂ . ജീവിതത്തില്‍ ആദ്യമായി കണ്ട കാണാ കാഴ്ചകള്‍
ആയിരുന്നു അന്നത്തെ ആ സിനിമാപിടുത്തം !

ഒരുകാര്യം കൂടി പറയാതെ കണ്ടുണ്ണി ചേട്ടന്റെ ചരിത്രം പൂര്‍ത്തിയാകില്ല കേട്ടോ .
മുഖ്യമന്ത്രി ശ്രീ: നയനാരോടോപ്പം പത്രങ്ങളില്‍ സ്ഥാനം പിടിച്ചത് !
ജില്ലയുടെ സമ്പൂര്‍ണ്ണ സാക്ഷരത ദിനം ഉല്‍ഘാടന വേള.
വയോജന വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുത്ത
ത്രേസ്യ ചേടത്തി ,കണ്ടുണ്ണി ചേട്ടന്‍ ,മൊയ്തീന്‍ സായിവ്‌ എന്നിവര്‍
വേദിയില്‍ ഉന്നതരോടൊപ്പം ഇരിപ്പുറപ്പിച്ചു . നീണ്ട പ്രസംഗങ്ങള്‍ക്ക്‌ ശേഷം
സ്റ്റേജില്‍ വെച്ചിരുന്ന ബ്ലാക്ക്‌ ബോര്‍ഡില്‍ ഇവരോട്
അമ്മ ,അരി,മണ്ണെണ്ണ  എന്നീ വാക്കുകള്‍ വന്നെഴുതാന്‍ പറഞ്ഞു .
ആദ്യത്തെ ഊഴം കണ്ടുണ്ണി ചേട്ടന്റെ .....
ആള്‍ വന്നു അമ്മ ,അരി എന്നവാക്കുകള്‍ തെറ്റില്ലാതെ എഴുതി ,
പിന്നെ "മ" എന്നെഴുതി നിര്‍ത്തി .....
."കണ്ഫൂഷ്യ്ന്‍ "....! !

കണ്ടുന്ന്യേട്ടന്‍ ആരാ മോന്‍ ...... ഉടനെ മൈക്കിനടുത്തുവന്നു ഉറക്കെ വിളിച്ചു ചോദിച്ചു

"മായ്ഷേ ..മണ്ണെണ്ണന്നു എഴ്ത്ത്ന്ന... ണ ... കു (- )ന്നേഴുതന്ന ..( ണ്ണ).. യല്ലേ  ? "


അതിനുശേഷം  കണ്ടുണ്ണിയേട്ടന്‍ നാട്ടിലെ സ്റ്റാര്‍ ആയി കേട്ടോ ..

മുഖ്യമന്ത്രിയോടൊപ്പം പത്രത്തിലൊക്കെ പേര് വരികയും ചെയ്തു!

അതെ ഈ കണ്ടുണ്ണിയേട്ടനെ കുറിച്ച് എഴുതിയ ഒരു കവിതയ്ക്ക്  ആണ് എനിക്ക്
ഫൈനല്‍ സ്കൂളില്‍ വെച്ച് പദ്യരചനയില്‍ ഒന്നാം സമ്മാനം കിട്ടിയത് കേട്ടോ ... ,

പിന്നീടത്‌ കൈയ്യെഴുത്തുമാസികകളിലും ,പൂരം സോവനീറിലും  അച്ചടിച്ച് വന്നു ...
ഇതാ ഇപ്പോള്‍ ബുലോഗത്തിലും, ദാ...ഇവിടെ

Kantunni Chentante Naatu

കണ്ടന്‍ പൂച്ചയും ചുണ്ടനെലിയും

കണ്ടുവോ മക്കളെ ഒരു കാഴ്ചവട്ടം .....
കണ്ടം നിറയെ തേവി വന്ന പണിയാള്‍ ;
കണ്ടുണ്ണിചേട്ടന്‍ വിളിച്ചു ചൊല്ലി ;നോക്കൂ ,
ചൂണ്ടുവിരല്‍ ഉരലുപുരയില്‍ ചൂണ്ടി .

കണ്ടന്‍ പൂച്ച പന്തുപോലൊരു എലിയെ
ചുണ്ടുവിറപ്പിച്ചു തട്ടി കളിക്കുന്നു ,
കുണ്ടികുലുക്കിയും കരണം മറിഞ്ഞും ,
ചുണ്ടെനെലിയെ കൊല്ലാതൊരു താളത്തില്‍ .

കണ്ടുഞങ്ങളാ കാഴ്ച ബഹുരസത്താല്‍ ......
മണ്ട കുനിച്ചു സ്വരം താഴ്ത്തിയപ്പോള്‍
കണ്ടുണ്ണിചേട്ടന്‍ ചൊല്ലിയിങ്ങനെ ;"ഞാനാ -
ചുണ്ടെലി ;മാര്‍ജാരനീ വീടിന്‍ നാഥനും "!

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !




സ്നേഹം നിറഞ്ഞ കീടായി കൃഷ്ണന്‍ കണ്ടുണ്ണി ചേട്ടന് എന്‍റെ
ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ ......






  എന്തെങ്കിലും അഭിപ്രായം
എഴുതുമല്ലോ ?

സ്മരണകള്‍ /
ആദരാഞ്ജലികള്‍ .

Sunday, 20 September 2009

എന്റെ ഗ്രാമമായ കണിമംഗലത്തിന്റെ നഷ്ട്ടങ്ങൾ ... ? Ente Gramamaaya Kanimangalatthinte Nashttangal ...

കണിമംഗലം പാടശേഖരങ്ങള്‍ .
രണ്ടോ മൂന്നോ കൊല്ലങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ എത്തിച്ചേരുന്നവരാണ്
എന്നെ പോലെയുള്ള വിദേശ മലയാളികൾ...
നാടിന്റെ മാറ്റങ്ങളും ,സ്പന്ദനങ്ങളും  മാറികൊണ്ടിരിക്കുന്നത്, നാട്ടുകാരെക്കാള്‍ കൂടുതലായിട്ട് ഞങ്ങള്‍ വിദേശമലയാളികള്‍ ആണ് അറിഞ്ഞുകൊണ്ടിരിക്കുന്നത് .
അത്രയധികം പുതുമകളാണ് ഓരോതവണയും നാട്ടിൽ വന്ന് ചേരുമ്പോൾ , ഞങ്ങള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കാറുള്ളത് ....

രണ്ടായിരത്തഞ്ചിൽ  നാട്ടിലെത്തിയപ്പോള്‍ അഞ്ചുവയസുകാരന്‍ മോനെയും കൊണ്ട് ,അവനാശകൊടുത്തിരുന്ന ...നേരിട്ടുകാണിച്ചു കൊടുക്കാമെന്നു
പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ....
ചെലചാട്ടി,ചെമ്പോത്ത് , കൂമന്‍ ..മുതലുള്ള പറവകള്‍;
മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......
അങ്ങിനെ നിരവധി കാണാക്കാഴ്ച്ചകളുടെ കൂമ്പാരമായിരുന്നു അന്നത്തെ ആ യാത്രകളുടെ നഷ്ട്ടബോധങ്ങൾ... !

ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം  ഗ്രാമത്തിൽ നിന്നും....
ഞങ്ങളെ പോലെ തന്നെ  ഈ കാഴ്ചവട്ടങ്ങളും, ഈ ദൈവത്തിന്റെ  നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടുകടന്നുവോ ...?

മോന് , തുമ്പപൂക്കളും , തൊട്ടാവാടി ചെടികളും , മുക്കുറ്റി പുഷ്പ്പങ്ങളും , കോളാമ്പിപ്പൂക്കളും, കുമ്പള്ളവള്ളികളും ...
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലൊ  എന്ന കുറ്റബോധവും പേറി ....
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലൊ  എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ച് പോരലായിരുന്നു  അഞ്ചുകൊല്ലം മുമ്പ് നട്ടിലെത്തി മടങ്ങിവന്നപ്പോൾ , അറിവായ ശരിയായ കാര്യങ്ങളും പിന്നെ മറ്റെല്ലായോർമ്മകളും ...
പാമ്പും കാവിലെ പ്രണയ കേളികള്‍ !
ചില പഴയ ഓർമ്മകൾ 
പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു...
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു...
പുന്നെല്ലും
പച്ചത്തേങ്ങയും
പുത്തരിയല്ലായിരുന്നു...
പത്തിരിയും പച്ചരിച്ചോറും
പച്ചക്കറിയും പശുവും , പച്ചചാണകവും
പിച്ചിപൂക്കളും പച്ചപ്പുല്ലുകളും .. പുരയിടത്തിലാകെ
പരന്നു പരന്നു  കിടന്നിരുന്നു .

പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടും ,,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍ ,
പുകള്‍പ്പെട്ട തറവാട്ട്‌ കാരണവരും, തണ്ടാന്‍ സ്ഥാനവും,
പല്ല്ല്ല് മുറിയെ തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും ,
പൊങ്ങച്ചം പറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും ,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും ...

പണ്ടത്തെ കഥകള്‍ ആര്‍ക്കു വേണം ?
പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ ?   
ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ...
പണിയില്ലാത്ത പുരുഷന്മാരും,പെണ്ണുങ്ങളും
പണത്തിനു പിന്നാലെയോടി
പാമ്പും കാവും,തൊടിയും ,കളം പാട്ടും ..
പഴം കഥയില്‍ മാത്രം ...


പടം പൊഴിച്ചില്ലാതായി പുകള്‍പ്പെട്ട തറവാടും 
പറമ്പും , പുരയിടവും , പച്ച പാടങ്ങളും ....
പച്ച തേങ്ങയില്ലാതാക്കി" മണ്ഡരി" 
പച്ചരിക്കും , പുന്നെല്ലിനും വഴിമാറി കൊടുത്തു 

പാലക്കാടൻ ചുരം കടന്നെത്തിയ ചാക്കരികൾ ...
പത്തായം വിറ്റുപെറുക്കി ...
പുരയും പുരയിടവുമില്ലാതായി ...
പെണ്ണുങ്ങള്‍ പിഴച്ചൂ..... അവര്‍ ചോദിച്ചു ...എവിടെ പുരുഷത്വം ?
പിണം കണക്കെ - കുടിച്ചു പാമ്പയവര്‍ ... പരപുരുഷന്മാരായവർ
പെരുമയില്ലാതോതുന്നു "തേടുന്നു ഞങ്ങളും പുരുഷാര്‍ത്ഥം..."

പണിയാത്ത പാടങ്ങള്‍ !
പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കും  എന്ന മുന്നറിവ്  ഉള്ളതുകൊണ്ട് മകന് ഇത്തവണ നാട്ടിലേയ്ക്കു പോകുമ്പോൾ യാതൊരു തരത്തിലുള്ള വാക്ദാനങ്ങളും കൊടുത്തിരുന്നില്ല. 

ഒരു കാര്യം വ്യക്തമായി, എന്‍റെ ഗ്രാമം മരിച്ചു കൂട്ടരേ ,ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം , ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ  ഭാഗമായി കഴിഞ്ഞൂ ...

പാട ശേഖരങ്ങളും ,തെങ്ങുംത്തോപ്പുകളും ഫ്ലാറ്റ്‌  സമുച്ചയങ്ങള്‍ക്ക്  വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ്‌ ..
തോടുകളെല്ലാം റോഡുകളായി മാറി..
കുളങ്ങള്‍ കൊട്ടരങ്ങളായി മാറി..
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു ..

ഞങ്ങളേയെല്ലാം കോരിതരിപ്പിച്ച് നാടിനപ്പുറമുള്ള കാഴ്ച്ചകൾ കാണിച്ചു തന്ന ഡൊമിനി ചേട്ടന്റെ   ആ പേരുകേട്ട  'മേരിമാത ടാക്കീസ്‌' കാടുപിടിച്ച് സിനിമയില്ലത്ത കൊട്ടകയായി മാറി... !
അന്നൊക്കെ റീലുപൊട്ടുമ്പോഴും , കറന്റുപോകുമ്പോഴും  -  ഏത് സിനിമ തീയ്യറ്ററുകളിൽ ആണെങ്കിലും  ഒരു  കുപ്രസിദ്ധമായ “ഡൊമിനീ “ വിളികളുടെ ആരവം കേൾക്കാമായിരുന്നു.  
അത്തരം കൂവലുകളുടെയൊക്കെ 
തിരശ്ശീല വീഴലും കൂടിയാണിത് .. !


ഞങ്ങളുടെ ഗ്രാമത്തിന്റെ ചുറ്റുപാടുമുണ്ടായിരുന്ന വീണ ,സാരംഗി, സിത്താര ടാക്കീസുകള്‍ കൂടി കല്ല്യാണമണ്ഡപങ്ങളായി രൂപമാറ്റം സംഭവിച്ചതുകൊണ്ട് നാട്ടുകാരുടെ സിനിമാസ്വപ്നങ്ങൾ മുഴുവൻ ടൌണിലേയ്ക്ക് മാത്രമായി ചേക്കേറി...

ഈ ഒന്നര പതിറ്റാണ്ടിനിടയിൽ ഇപ്പോൾ നാട്ടിലാകെ സ്ഥലത്തിനെല്ലാം മുപ്പതിരട്ടിയോളം  വില വർദ്ധിച്ചുകഴിഞ്ഞു... 

തൃശ്ശൂര്‍ പട്ടണം വികസിക്കും തോറും ചുറ്റുപാടുമുള്ള ഗ്രാമങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് ...

ഈ ബിലാത്തിയിൽ പോലും 
ഇല്ലാത്ത കമനീയമായ കാര്‍ ഷോറൂമുകൾ !
ലണ്ടനില്‍ പോലും കാണാത്ത വിസ്താരമേറിയ വസ്ത്ര വിസ്മയ കമ്പോളങ്ങൾ !
ലോകത്തിലെ ഏറ്റവും വലിയതും കളക്ക്ഷനുമുള്ളതായ എണ്ണമേറിയ ജ്വല്ലറി കലവറകള്‍ !
നാട്ടിലെ പ്രധാന നിരത്തുകളില്‍ മുഴുവന്‍ തലയുയര്‍ത്തിനില്‍ക്കുന്ന നക്ഷത്ര ബാര്‍ ഹോട്ടലുകൾ ! !

ഭക്തിയും ,വിഭക്തിയും വിറ്റഴിക്കുന്ന പള്ളിയമ്പലധാന്യ കേന്ദ്രങ്ങള്‍....
അങ്ങിനെ എങ്ങും മാറ്റങ്ങളുടെ കേളികൊട്ടുകള്‍ മാത്രം .....
നാടന്‍ രുചികള്‍ എങ്ങോപോയി ഒളിച്ചു .. .
നാടന്‍ കറികള്‍  കിട്ടണമെന്കില്‍  കള്ളുഷാപ്പില്‍ തന്നെ പോകണം !
പിസയും ,ബര്‍ഗറും ,ചിപ്പ്സും ,...ഏവരുടെയും ഇഷ്ട വിഭവങ്ങളായി  മാറികൊണ്ടിരിക്കുന്നൂ..

എത്ര പരിതാപകരമായ വിപരീത ആശയങ്ങള്‍ !
യൂറോപ്പുകാര്‍ മുഴുവന്‍ “ ജങ്ക് (junk)“ ഫുഡ്‌ ഉപേഷിച്ച് , നല്ല ഭാരതീയ വിഭവങ്ങള്‍ക്ക് പിന്നാലെ
പായുമ്പോള്‍ നമ്മള്‍ നല്ലത് കളഞ്ഞു  അവരെ അനുകരിച്ചുകൊണ്ടിരിക്കുന്നൂ..
നല്ല വിരോധാപാസം അല്ലേ !

ഓണം പോലും റെഡിമെയിഡും, 
കച്ചവടവുമായി മാറി ....
‘പൂ ‘ കിറ്റുകള്‍ വീട്ടില്‍ എത്തുന്ന കാരണം കുട്ടികള്‍ക്കും മറ്റും പൂ പറിക്കാനും,
പൂ വിളിക്കാനും അറിയാതായിക്കുന്നൂ ...
പുലിക്കളിയും ,കുമ്മാട്ടിക്കളിയും.ഓണക്കളികളും
ട്രൂപ്പുകള്‍ വന്നു കളിച്ച്പോകുന്നൂ  .
എന്തിനു പറയുന്നു ഒന്ന് കിളിമാസ്‌ കളിയ്ക്കാനോ,അമ്പസ്ഥാനി കളിയ്ക്കണോ, ഗോലി കളിക്കാനൊ ഈ പുത്തൻ തലമുറയ്ക്ക് അറിയില്ല ...!
സിനിമ, സീരിയൽ,ക്രിക്കറ്റു താരങ്ങളെയല്ലാതെ  , നാട്ടിലെ ഒരു സാസ്കാരിക നായികാനായകന്മാരെ കുറിച്ചുള്ളയറിവും തഥൈവ ...!

അതെ എന്റെ നാട് എല്ലാതരത്തിലും വികസിച്ചുകൊണ്ടിരിക്കുകയാണ് ഒപ്പം നാട്ടുകാരും..
അതെ , ഇപ്പോൾ ഞാനും ഒരു നാട്ടുമ്പുറത്തുകാരനല്ല , ഒരു പട്ടണവാസി തന്നെയാണ് ...
അല്ലാ.. ഇതു ഞാൻ മാത്രം പറയുന്നതല്ലാ‍ട്ടോ....
ഇപ്പോൾ കേരളത്തിലെ ഒട്ടുമിക്ക നാട്ടുമ്പുറത്തുകാരനും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.....

എന്റെ പഴയ  ഗ്രാമത്തെ , ആ  കണിമംഗലത്തെ ഒരു പച്ചവർണ്ണപെൺ തുമ്പിയായി ഞാനൊന്നു കുറച്ചു നേരം സങ്കൽ‌പ്പിച്ചോട്ടെ.....
പച്ച വര്‍ണ്ണ പെണ്‍ തുമ്പി 

പച്ച വര്‍ണ്ണ പെണ്‍ തുമ്പി 
തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?

ചേമ്പിന്‍ ചോട്ടിലെ തെളിനീര്‍ വെള്ളത്തിലും ,
ചമ്പ തെങ്ങു വലിച്ചു കെട്ടിയിട്ടുള്ള -
കമ്പിയിലും നിന്നെ കാണാതെ;കേണു ഞാന്‍ .
കൊമ്പന്‍മുശു കുളത്തില്‍ വെച്ചോ ;പച്ചില -

പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ;-നിന്നെ പ്രാതലാക്കിയോ ?ഹാ ...കഷ്ടം !
                           

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...